Monday, April 1, 2019

അവധിക്കാല പ്രവാസം

അവധിക്കാലത്തെ നാട്ടിലേക്കുള്ള യാത്രകള്‍ സന്തോഷകരമാകുന്നത് പ്രൊഡക്ടീവായ എന്തെങ്കിലും ചെയ്യാന്‍സാധിക്കുമ്പോള്‍ മാത്രമാണ്. അതിലേറ്റവും സന്തോഷം തരുന്ന പ്രവര്‍ത്തനങ്ങളിലൊന്നാണ് മലയാള വിക്കിപീഡിയയുടെ പ്രവര്‍ത്തനങ്ങള്‍. കഴിഞ്ഞ വര്‍ഷം പ‍ഞ്ചാബില്‍ നടന്ന വിക്കിനാഷണല്‍ സമ്മേളനം നിറമുള്ള ഓര്‍മ്മകളിലുണ്ട്

വിക്കിപീഡിയയിലെ സന്മനസ്കരായ കൂട്ടുകാര്‍, അറിവിന്‍റെ വ്യാപനത്തിനും ജനാധിപത്യവത്കരണത്തിനുമെല്ലാം അഹോരാത്രം പ്രവര്‍ത്തിക്കുന്ന കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍... അവരുടെ സഹായങ്ങള്‍, പ്രവര്‍ത്തനങ്ങളെല്ലാം ഏറെ സന്തോഷം .

മലയാള ഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്‍റെ നാട്ടില്‍ സ്ഥാപിക്കപ്പെട്ട മലയാളം സര്‍വകലാശാലയിലായിരുന്നു ഇന്നൊരു വിക്കിപഠന ശിബിരം സംഘടിപ്പിച്ചിരുന്നു.ഭാവിയില്‍ മലയാള ഭാഷയുടെ വളര്‍ച്ചക്കും സംരക്ഷണത്തിനും ഒട്ടനേകം സംഭാവനകള്‍ ചെയ്യാന്‍ സാധിക്കുന്ന സ്ഥാപനമാണ് മലയാളം സര്‍വകാലാശാല .മലയാളം സര്‍വകലാശാലയില്‍ ആദ്യമായാണ് ഇത്തരമൊരു നീക്കം നടത്തുന്നത് എന്നത് സ്വാഗതാര്‍ഹമാണ്. അതിന് ചുക്കാന്‍പിടിച്ച വൈസ് ചാന്‍സ് ലര്‍ കെ ജയകുമാര്‍ ഐഎഎസ്, ചരിത്രവിഭാഗം പഠന മേധാവി പ്രൊഫ. എം ആര്‍ രാഘവ വാര്യര്‍,ഡോ.എല്‍ജി. ശ്രീജ, മഞ്ജുഷ എന്നിവരോടുള്ള കൃതഞ്ജത അറിയിക്കട്ടേ.. ഏറെ സന്തോഷം തരുന്ന മറ്റൊന്ന് പ്രിയ വിദ്യാര്‍ഥിയും പത്രപ്രവര്‍ത്തകനുമായ സി. കമറുദ്ദീന്‍ എളങ്കൂര്‍ ആണ് സര്‍വകലാശാല അധികൃതരെ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കേണ്ടതിന്‍റെ ആവശ്യകത സര്‍വകലാശാല അധികൃതരെ അറിയിക്കുന്നതും സംഘടിപ്പിക്കുന്നതും.പ്രാരംഭ ചര്‍ച്ച മുതല്‍ വിക്കി എന്ന് കേള്‍ക്കുമ്പോഴേക്ക് രാപ്പകലില്ലാതെ ട്രെയിനില്‍ ബര്‍ത്തിലോ ഡോറിന്‍റെ വശത്തോ തൂങ്ങിനിന്ന് ആലപ്പുഴയില്‍ നിന്ന് എവിടേക്കും യാത്രചെയ്തും പരിപാടികള്‍ സംഘടിപ്പിച്ചും പരിശീലിപ്പിച്ചും ഓടിനടക്കുന്ന പ്രിയ സുഹൃത്ത് ഇര്‍ഫാന്‍.. സന്തോഷം..!

സര്‍വകലാശാലയിലെ എല്ലാവകുപ്പുകളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ ഐഎഎസ് ആണ് ഉദ്ഘാടനം ചെയ്തത്.മലയാള സാഹിത്യത്തില്‍ ഒട്ടേറെ സംഭാവനകള്‍ നല്‍കികൊണ്ടിരിക്കുന്ന കവിയും എഴുത്തുകാരനും ഗാനരചയിതാവുമൊക്കെയാണ് അദ്ധേഹം.

മലയാളം വിക്കിപീഡിയയില്‍ നിലവില്‍ 51500 ഓളം ലേഖനങ്ങളാണുള്ളതെന്നും ഒരു വര്‍ഷത്തിനകം അത് ഒരു ലക്ഷം ലേഖനമാക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അറിവിന്‍റെ കുത്തക വത്ക്കരണമില്ലാത്ത കാലത്തിലേക്കാണ് നമ്മള്‍ സഞ്ചരിക്കുന്നത്. ഒരു വശത്ത് പുതിയ ഐടി സാങ്കേതിക വിദ്യ അറിവിന്‍റെ ജനാധിപത്യവത്ക്കരണത്തിന് ശ്രമിക്കുമ്പോള്‍ മറുവശത്ത് അറിവിന്‍റെ മൊണോപ്പൊളിക്കായി ശ്രമങ്ങളും വ്യാപകമായി നടക്കുകയാണ് .ഓരോ കാലഘട്ടത്തിലും ആ തലമുറയെ നിര്‍വചിക്കുന്ന സാങ്കേതി വിദ്യയുണ്ടാകും.ഒരു കാലത്ത് അത് സ്റ്റീം എഞ്ചിനായിരുന്നെങ്കില്‍ പിന്നീടത് വൈദ്യുതിയായിരുന്നു.എന്നാല്‍ നമ്മുടെ കാലത്തെ നിര്‍വചിക്കുന്ന ടെക്നോളജിയാണ് ഐടി.അത്തരം സാങ്കേതി വിദ്യയോട് പുറം തിരിഞ്ഞുനില്‍ക്കുന്നവരെ ചരിത്രം തള്ളപ്പെടുകയും അത്തരക്കാര്‍ പുരാവസ്തുയായിമാറുമെന്ന കാര്യത്തില്‍ സംശയമില്ല.

വിക്കിപീഡിയ ഇല്ലാത്തൊരു ലോകം ഇന്ന് സങ്കല്‍പ്പിക്കാനാകില്ല.അടുത്ത 100 വര്‍ഷത്തേക്ക് വിക്കിപീഡിയയില്ലാതെ മുന്നോട്ട്പോകാനില്ല എന്നാണ് എനിക്ക് തോന്നുന്നത്.എല്ലാം ഉള്ള അറിവിന്‍റെ സമൃദ്ധമായ നിലയാണ് വിക്കിപീഡിയ.വിക്കിപീഡിയ ആശ്രയിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ദിക്കുകയാണ്.
മലയാള സര്‍വകലാശാലക്ക് ഈ ഭാഷയോട് വളരെ വലിയ ഉത്തരവാദിത്തമുണ്ട്.സാങ്കേതിക വിദ്യയുടെ ചിറകിലേറി ഇംഗ്ലീഷ് ഭാഷയാണ് കൂടുതല്‍ പറക്കുന്നത്. എന്നാല്‍ നമ്മുടെ ഭാഷയുടെ അഭിമാനം സ്ഥാപിച്ചെടുക്കാനും നേടിയെടുക്കാനും നമുക്ക് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഈ ഭാഷയിലും അറിവ് ഉത്പാദിപ്പിക്കാനും പ്രസരണം ചെയ്യാനും നമുക്ക് സാധിക്കണം. ആധുനിക സാങ്കേതിക വിദ്യയോടുള്ള നമുക്ക് പൊരുത്തമില്ലായെന്ന അബദ്ധ ധാരണകളെ തകിടം മറിക്കാന്‍ നമുക്ക് സാധിക്കണം.മലയാള ഭാഷയില്‍ ഇപ്പോള്‍ 51500 ഓളം ലേഖനങ്ങളാണുള്ളത്.മറ്റു ഭാഷകളെല്ലാം മത്സരിച്ച് മുന്നേറികൊണ്ടിരിക്കുകയാണ്. വിക്കിപീഡിയയില്‍ നമ്മുടെ സാനിധ്യം വര്‍ദ്ദിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളില്ല. ഈ പ്രശ്നം നമുക്ക് മറികടക്കണം.മലയാളം സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഗവേഷകരെല്ലാം ഇക്കാര്യത്തില്‍ സ്വത്വര ശ്രദ്ധപതിപ്പിക്കണം. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം ലേഖനങ്ങളെത്തിക്കാന്‍ നമുക്ക് സാധിക്കും.

കേരള ചരിത്ര പണ്ഡിതരില്‍ പ്രഗത്ഭനായ പ്രൊഫ.എംആര്‍ രാഘവ വാര്യര്‍ ആയിരുന്നു അധ്യക്ഷന്‍. അദ്ദേഹത്തിന്‍റെ പ്രഭാഷണത്തിലെ ചില ഭാഗങ്ങള്‍ താഴെ....

അറിവ് അധികാരമാണ്.
അധികാരം സ്ഥാപിക്കാനുള്ള ഏറ്റവും പ്രധാനമായ മുന്നൊരുക്കം അറിവ് നേടലാണ്.
അറിവ് എന്നാല്‍ പാശ്ചാത്യമായ അറിവു മാത്രമാണെന്ന തെറ്റായ ധാരണ കോളനിക്കാലം മുതല്‍ക്കെ നിലനിന്ന്പോരുന്നതാണ്. അധികാരം സ്ഥാപിക്കാന്‍ അറിവ് അത്യാവശ്യമാണ്. ഈ പരാശ്രിതത്തില്‍ നിന്നുള്ള മോചനം വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രസക്തമാണ്.


അറിവിന്‍റെ ശകലങ്ങളാക്കി , അറിവിന്‍റെ ഖണ്ഡനമാണ് വിദ്യാഭ്യാസവകുപ്പിലൂടെ നിരന്തരം നിര്‍വഹിച്ച് പോരുന്നത്.അറിവിനെ കള്ളിത്തിരിച്ച് ഇരുത്തുക, അറിവിനെ മുറിപ്പെടുത്തുക, മുറി വിജ്ഞാനം പ്രസരിപ്പിക്കുക എന്നിങ്ങനെയുള്ള അറിവിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ ഖേദകരമാണ്. ഈ പശ്ചാലത്തിലാണ് മലയാളത്തിലുള്ള അറിവിന്‍റെ മേഖലയിലേക്ക് കടക്കാനും രേഖപ്പെടുത്താനും അത് മറ്റുള്ളവരിലേക്ക് പങ്കുവെക്കാനും ശ്രമം തുടങ്ങുന്നത്.അത് മലയാളം സര്‍വകലാശാലയില്‍ വെച്ച് വെച്ച് തുടങ്ങുന്നു എന്നത് വളരെ അര്‍ത്ഥപൂര്‍ണ്ണമായ കാര്യമാണ്.നമ്മുടെ നാട്ടില്‍ നിന്നും നഷ്ടപ്പെട്ട ഗണിതത്തിലെയും വൈദ്യ വിജ്ഞാനത്തിന്‍റെയും നഷ്ടപ്പെട്ട അറിവുകളെ സംരക്ഷിക്കാനന്‍ നമുക്ക് സാധിക്കണം

Saturday, March 23, 2019

ശിരോവസ്ത്രവും ഒരു പ്രതിരോധമാണ്.



ജനതക്ക് വേണ്ടിയാണ് ഓരോ ഭരണാധികാരിയും പ്രവര്‍ത്തിക്കേണ്ടത്. അവരുടെ ക്ഷേമവും സന്തോഷവുമാകണം ഭരണാധികാരികളുടെയും സന്തോഷം.അവരുടെ ദുഃഖം ഒരു രാജ്യത്തിന്‍റെയും ദുഃഖമാണ്.പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍.ഒരു ഭരണാധികാരി ആ പദവിയിലെത്തുന്നതോടെ സ്വന്തം പാര്‍ട്ടിയേക്കാള്‍ മറ്റുള്ളവരെ കൂടി പരിഗണിക്കാന്‍ സന്നദ്ദമാവണം.

അതിന്‍റെ മികച്ച മാതൃകയായി ലോകമാകെ ചര്‍ച്ചചെയ്യപ്പെടുകയാണ് ന്യൂസിലന്‍റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. തന്‍റെ രാജ്യത്തെ മുസ്ലിം പള്ളിയില്‍ 50 മതവിശ്വാസികള്‍ വെള്ളക്കാരനായ തീവ്രവാദിയുടെ വെടിയേറ്റ് ദാരുണമായി കഴിഞ്ഞ വെള്ളിയാഴ്ച മരണപ്പെട്ടപ്പോള്‍ ആ ഇരകളോടും ന്യൂനപക്ഷത്തോടും എങ്ങിനെയാണവര്‍ സമീപിക്കുന്നത് എന്നത് നമ്മുടെ ഭരണാധികാരികള്‍ക്കെല്ലാം പാഠമാണ്.

ഈ വെള്ളിയാഴ്ച മുസ്ലിം സ്ത്രീകളെപ്പോലെ ഹിജാബ് ധരിച്ചാണ് ക്രിസ്തുമതക്കാരിയായ അവര്‍ പളളിക്ക് സമീപം എത്തിയത്.
വെറുതെ ആശ്വസിപ്പിക്കുകയല്ല ; അവരിലൊരാളായി അവർക്കൊപ്പം നിൽക്കുകയാണവര്‍.
മുസ്ലിങ്ങളുടെ അഭിസംബോധനം ചെയ്യുന്ന രീതിയായ സലാംചൊല്ലിയാണ് അവര്‍ പാര്‍ലമെന്‍ിനെ അഭിസംബോധനം ചെയ്തത്. കുര്‍ആന്‍ പാരായണത്തോടെയാണ് പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങിയത്.

പ്രധാനന്ത്രിമാത്രമല്ല, ഇന്നലെ വനിതാപോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പടെ ഹിജാബ് ധരിച്ചാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. കേരളംപോലുള്ള സംസ്ഥാനത്ത് പോലും ഹിജാബ് ധരിച്ചാല്‍ പരീക്ഷാ എഴുതാന്‍ സമ്മതിക്കാത്ത, സ്കൂളില്‍ കയറ്റാത്ത അവസ്ഥകളുണ്ടായി എന്നതും അതിനോട് നമ്മുടെ പൊതുസമൂഹം പാലിച്ച മൗനവും അപകടരമാണെന്നത് സാന്ദര്‍ഭികമായി പറയാതെ വയ്യ.

ലോകവ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഇസ്ലാമോഫോബിയ തങ്ങളുടെ രാജ്യത്ത് വളരാന്‍ അനുവദിക്കില്ലെന്ന് വെള്ളിയാഴ്ച പ്രാര്‍ഥന നടന്ന സ്ഥലത്തിന് ചുറ്റും ഐക്യദാര്‍ഢ്യവുമായി എത്തിയ ആ ജനത പ്രഖ്യാപിക്കുന്നു.

ബാബരി മസ്ജിദ് പൊളിച്ചടുക്കല്‍ തുടങ്ങി 2007 ല്‍ ഹൈദരാബാദിലെ മക്ക പള്ളിയില്‍ ബോംബ് വെച്ച് എട്ടുപേരെ ഹിന്ദുതീവ്രവാദ സംഘടന കൊന്നതു് തുടങ്ങി പശുവിന്‍റെയും ആടിന്‍െയും ഇറച്ചി കഴിച്ചതിന്‍റെ പേരില്‍ കൊലപാതകവും സംഘര്‍ഷങ്ങളും നടക്കുന്ന രാജ്യമായിട്ടും ഇവിടെ പീഢിതരായ ജനതയോടൊപ്പം നില്‍ക്കാന്‍ ഏതെങ്കിലും പ്രധാനമന്ത്രിയോ ഭരണാധികാരിയോ ഉണ്ടായോ എന്ന ചോദ്യത്തിലേക്കാണ് ജസീന്ത ആര്‍ഡന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.


ഇത് പാഠപുസ്തങ്ങളുടെ സവര്‍ണ്ണ കാലം



നമ്മള്‍ ധരിക്കുന്ന വസ്ത്രത്തിനു പോലും ഒരു ചരിത്രമുണ്ടെന്ന കാര്യ മറക്കാന്‍ എല്ലാം എളുപ്പമാണ്.എല്ലാ സമൂഹങ്ങളും ചില നിയമങ്ങള്‍ പാലിക്കുന്നുണ്ട്.ചിലത് വളരെ കര്‍ശനമായിരിക്കും.സ്ത്രീകളും കുട്ടികളും എങ്ങിനെ വസ്ത്രം ധരിക്കണം എന്നൊക്കെ നിഷ്കര്‍ഷയുണ്ട്.എന്‍സിഇആര്‍ടി സാമൂഹ്യ ശാസ്ത്ര പാഠപുസ്തത്തില്‍ നിന്നും അടുത്ത വര്‍ഷം നീക്കം ചെയ്യാന്‍ തീരുമാനിച്ച പാഠങ്ങളിലൊന്ന് ആരംഭിക്കുന്നത് ഇങ്ങിനെയാണ്.ഒമ്പാതാം തരം പാഠപുസ്തകത്തിലെ "വസ്ത്രധാരണം:ഒരു സാമൂഹ്യ ചരിത്രം" എന്നതും മറ്റു രണ്ടു പാഠങ്ങളുമാണ് നീക്കം ചെയ്യാന്‍ തീരുമാനമെടുത്തിട്ടുള്ളത്.

"വസ്ത്രധാരണം:ഒരു സാമൂഹ്യ ചരിത്രം" എന്ന പാഠഭാഗം ഒഴിവാക്കാനായി തിരഞ്ഞെടുത്ത എന്‍സിആര്‍ടിയുടെ നടപടി പതിവ് ഹിന്ദുത്വവത്ക്കരണത്തിന്‍റെ ഭാഗമാണെന്ന് ന്യായമായും സംശയിക്കാം. ഈ പാഠഭാഗത്തിലെ ജാതിസംഘര്‍ഷവും വസ്ത്രധാരണത്തിലെ മാറ്റവും എന്ന ഭാഗത്താണ് സവര്‍ണ ഹിന്ദുക്കള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാനില്ലാത്ത ചന്നാര്‍ ലഹളയെ കുറിച്ച് പരാമര്‍ശിക്കുന്നത്. അവര്‍ക്കിഷ്ടമില്ലാത്ത ചരിത്ര വസ്തുതകളാണവ.പ്രസ്തു ഭാഗം ആരംഭിക്കുന്നത് ഇങ്ങിനെയാണ്.

യൂറോപ്പില്‍ വസ്ത്രത്തിന്‍റെ ചെലവുചുരുക്കല്‍ കാര്യത്തില്‍ നിയന്ത്രണങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഇന്ത്യയില്‍ വസ്ത്രത്തിന്‍റെയും ഭക്ഷണത്തിന്‍റെയും കാര്യത്തില്‍‍ കര്‍ശനമായ സാമൂഹ്യ നിയമങ്ങളുണ്ടായിരുന്നു.ഇന്ത്യയിലെ ജാതിസബ്രദായം ഹിന്ദുമതത്തിലെ താഴ്ന്ന ജാതിയും ഉയര്‍ന്ന ജാതിയും എന്ത് ധരിക്കണം , എന്ത് ഭക്ഷിക്കണം തുടങ്ങിയ കാര്യത്തില്‍ കര്‍ശനമായ നിയമങ്ങളുണ്ടായിരുന്നു.ഈ നിയമങ്ങള്‍ക്കെതിരായുള്ള പ്രതികരണം സാമൂഹ്യ പ്രത്യാഘാതങ്ങളുണ്ടാക്കി.

1822 മെയ് മാസത്തില്‍ കേരളത്തിലെ തിരുവിതാംകൂറിലും പ്രവിശ്യാ ഭാഗങ്ങളിലും പൊതുസ്ഥലങ്ങളില്‍ വെച്ച് ചന്നാര്‍ വിഭാഗത്തിലെ സ്ത്രീകള്‍ക്കെതിരെ ഉയര്‍ന്ന ജാതിക്കാരുടെ ആക്രമണമുണ്ടായി.മാറിടം മറച്ച് മേല്‍മുണ്ട് വസ്ത്രം ധരിച്ചതിനെ തുടര്‍ന്നായിരുന്നു മേല്‍ജാതിക്കാരുടെ ആക്രമണമുണ്ടായത്.തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇത്തരം ആക്രമണങ്ങളുണ്ടായി.

നായര്‍ പ്രമാണിരുടെ കീഴില്‍ ജോലി ചെയ്യാന്‍ വേണ്ടി തെക്കെ തിരുവിതാംകൂറില്‍ നിന്ന് കുടിയേറിയ കള്ളുചെത്ത് തൊഴിലാളികളായിരുന്നു നാടാര്‍ എന്നറിയപ്പെട്ടിരുന്ന ശന്നാര്‍ വിഭാഗം. കീഴ്ജാതിയായി പരിഗണിക്കപ്പെട്ടിരുന്ന അവരെ കുട, ചെരുപ്പ്,സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയിരുന്നു. പുരുഷന്മാര്‍ക്ക് പുറമെ സ്ത്രീകളും മേല്‍മുണ്ട് ധരിക്കാന്‍ പാടില്ലായിരുന്നു. ഉയര്‍ന്ന ജാതിക്കാര്‍ നേരത്തെ അനുവര്‍ത്തിച്ചിരുന്ന രീതിയായതിനാല്‍ അത് പിന്തുടരാന്‍ വേണ്ടിയായിരുന്നത്രെ ഇപ്രകാരം ചെയ്തിരുന്നത്.


1820 ല്‍ ക്രൈസ്ത വ മിഷനറിമാരുടെ പ്രവര്‍ത്തന ഫലമായി മാറിടവും മേല്‍ ശരീര ഭാഗങ്ങളും മറക്കുന്നതിന്‍റെ ഭാഗമായി ബ്ലൗസുകളും വസ്ത്രങ്ങളും തയ്പ്പിച്ച് ധരിക്കാന്‍ തുടങ്ങിയതോടെയാണ് മേല്‍ജാതിക്കാരായ നായന്മാര്‍ പൊതുസ്ഥലത്ത് വെച്ച് സ്ത്രീകളുടെ മേല്‍വസ്ത്രം പറിച്ചെടുത്തും അക്രമം അഴിച്ചുവിടുകയും ചെയ്തത്.

ഇങ്ങിനെ തുടങ്ങി ചന്നാല്‍ ലഹളയെ കുറിച്ച് വിശദമായി തന്നെ ഈ പാഠഭാഗത്ത് ഉള്‍പ്പെടുത്തി പഠിപ്പിച്ചുവരികയായിരുന്നു ഇക്കാലംവരെ.

Friday, February 15, 2019

Saturday, February 9, 2019

നിങ്ങളൊരു മികച്ച അധ്യാപകനാണോ ?


വല്ല കാര്യവുമുണ്ടായിരുന്നോ മാഷേ..
കുട്ടിയുടെ കയ്യില്‍ നിന്ന് അടി വാങ്ങി തോളെല്ല് പൊട്ടിക്കണണമായിരുന്നോ?
നിങ്ങളെന്തിനാണ് ഇത്ര ആത്മാര്‍ത്ഥത കാണിക്കുന്നത് ?
അവര്‍ കോപ്പിയടിക്കേ… പഠിക്കേ.. പഠിക്കാതിരിക്കേ… എന്തുവേണേലും ചെയ്തോട്ടെ എന്ന് കരുതി കണ്ണടച്ചാപോരായിരുന്നോ ?എങ്കില്‍ നിങ്ങള്‍ക്ക് ഈ ഗതി വരില്ലായിരുന്നല്ലോ…
എല്ലാം വിദ്യാര്‍ഥി കേന്ദ്രീകൃതമായ കാലത്തല്ലേ നമ്മളിപ്പോള്‍ പഠിപ്പിക്കുന്നത്.
Child centered education നും വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെയും കാലം.
ഇപ്പോള്‍ നിങ്ങള്‍ പഠിപ്പിക്കുകയല്ല…
ആ വാക്ക് ഇന്നത്തെ കാലത്ത് ഉപയോഗിക്കാന്‍ പാടില്ല.
അങ്ങിനെ ഉപയോഗിക്കുന്നവര്‍ പ്രാകൃത കാലത്തെ അധ്യാപഹയന്മാരാണ്.
വേറെ വാക്ക് നോക്കാം. മെന്‍റിംഗ് അല്ലെങ്കില്‍ ഫെസിലിറ്റേറ്റ് ചെയ്യുന്നവര്‍ എന്നാണ് പറയേണ്ടത്.
നിങ്ങളിപ്പോള്‍ റ്റീച്ചറല്ല. Facilitator മാത്രമാണ്.
അതാണ് ഇപ്പോഴത്തെ കാലത്ത് നിങ്ങളെപോലെയുള്ളവരെ വിശേഷിപ്പിക്കുന്നത്.
കുട്ടിയെ ഉപദേശിക്കരുത്, ചീത്തപറയരുത്, ശിക്ഷിക്കരുത്.
അമേരിക്കയിലൊക്കെ അതാണ് രീതി.
നമുക്ക് നമ്മുടെ രീതിപാടില്ല.
അവരുടെ സംസ്കാരം , അവരുടെ വിദ്യാഭ്യാസ രീതികള്‍ ആണ് ലോകത്ത് നല്ല രീതി.
തെറ്റും ശരിയും എല്ലാം അവന്‍ കാലക്രമേണ മനസ്സിലാക്കികോളും എന്നല്ലേ നമുക്ക് കിട്ടുന്ന പുതിയ വിദ്യാഭ്യാസ സബ്രദായ കാലത്തെ പരിശീലന ക്ലാസുകളില്‍ നിന്ന് കിട്ടുന്നത്.
ക്ലാസെടുക്കുന്നതിനിടയില്‍ റ്റീച്ചറുടെ മാറിടത്തിലേക്ക് കയറി പിടിച്ചാല്‍പോലും നിങ്ങളൊന്നും ഒന്നും പ്രതികരിക്കാതെ അവനെ കാര്യങ്ങള്‍ പറഞ്ഞ് ഉപദേശിക്കാന്‍ തയ്യാറാവണം. അവര്‍ക്ക് വേണ്ടി behavior management policy നോക്കി മുഴുവന്‍ വായിച്ചുനോക്കി അതില്‍ പറഞ്ഞിരിക്കുന്ന ഫ്സറ്റ് ഡിഗ്രിപ്രകാരം അവനോട് ഒരു ഫോറം പൂരിപ്പിച്ച് ഫയലില്‍ വെച്ച് അടുത്ത തവണ വരുമ്പോള്‍ അടുത്ത ഫയല്‍ പൂരിപ്പിച്ച് അങ്ങിനെ കുറെ ഫയലുകള്‍ നിറച്ച് ഇനി ഒരു ആഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്ത് തൊട്ടടുത്ത ആഴ്ച അവന്‍ വീണ്ടും വരുമ്പോള്‍ അവന്‍റെ മുന്നിലേക്ക് ഒരു ഉളുപ്പുമില്ലാതെ അറിയാത്തവനെ/വളെ പോലെ കടന്ന് ചെല്ല് മോറല്‍ സയന്‍സ് പഠിപ്പിക്കണം.
അതാണ് മോഡേണ്‍ രീതി. അപ്പോള്‍ നിങ്ങള്‍ നല്ലൊരു അധ്യാപകന്‍/അധ്യാപിക ആയിമാറുന്നു.
സോറി….
ഫെസിലിറ്റേറ്റര്‍ ആയി മാറുന്നു.
അല്ലാതെ അവരുടെ കോപ്പിയടിക്കുന്നത് പിടിക്കുക, അത് തടയുക, ശകാരിക്കുക തുടങ്ങിയ പ്രാകൃത രീതികളൊന്നും ചെയ്ത് പോകരുത്. ചെയ്താല്‍ ഇതുപോലുള്ള ഗതിയായിരിക്കും എന്നതിന്‍റെ ഒരു ഉദാഹരണം മാത്രമല്ലേ ഇത്

Sunday, February 3, 2019

ജോലിയിലെ ആത്മാര്‍ത്ഥ തെളിയിക്കാനുള്ള തന്ത്രങ്ങള്‍

വൈകീട്ട് 4 വരെയാണ് ജോലി സമയം.
എങ്കിലും അവര്‍ ഏറെ വൈകിയിട്ടേ വീട്ടിലേക്ക് പോകാറുള്ളൂ.
ഓഫീസില്‍ തന്നെ തങ്ങിയിരിക്കും.ചിലപ്പോള്‍ കംപ്യൂട്ടറിന് മുന്നില്‍.
കണ്ടാലെന്തോ കാര്യമായ ജോലിയാണെന്ന് തോന്നും.
ആ തോന്നിപ്പിക്കല്‍ തന്നെയാണ് വിജയം.
അല്ലെങ്കില്‍ ഏതെങ്കിലും ഫയലുകളില്‍ തലപൂഴ്ത്തിയിരിക്കും.ഇടക്ക് ചായയും പലഹാരങ്ങളുമൊക്കെ കൊണ്ടുവന്ന് ഓഫീസ് സമയം സജീവമാക്കും. നാല് മണിയോടെ എല്ലാവരും പോയി കഴിഞ്ഞാല്‍ ഇന്‍സൈഡ് ഒഴിവാക്കി, ഫുള്‍സ്ലീവ് ഷര്‍ട്ട് മടക്കിവെച്ച്, അതല്ലെങ്കില്‍ ഏതെങ്കിലും ടീഷര്‍ട്ടൊക്കെ ഇട്ടായിരിക്കും അവര്‍ അധിക സമയം അവിടെ ഇരിക്കുന്നത്.
ആ നേരത്താണ് മുതലാളി ആ വഴി വരിക.
ഓഹ്.. എന്തൊരു ആത്മാര്‍ത്ഥത. എന്‍റെ സ്ഥാപനത്തിലെ ജീവനക്കാരെല്ലാം ജോലി സമയം കഴിഞ്ഞിട്ടും വീട്ടില്‍ പോവാതെ ഇവിടെയിരുന്ന് ആത്മാര്‍ത്ഥമായി ജോലിചെയ്യുകയാണല്ലോ എന്ന് കണ്ട് സന്തോഷവാനാകും.
മറ്റുള്ളവരൊക്കെ ഇവരെ നോക്കി പഠിക്കണം.
മറ്റു ജീവനക്കാരാവട്ടെ, സമയമായാല്‍ അവരുടെ ജോലി തീര്‍ത്ത് പോവും. വീടെത്താനുള്ള ധൃതിയിലാകും അവര്‍. പക്ഷെ ബോസിന്‍റെ മുമ്പില്‍ അവര്‍ ആത്മാര്‍ത്ഥതയില്ലാത്തവരാണ്.അവര്‍ സമയം നോക്കി പണിയെടുക്കുന്നവരാണ് എന്നൊക്കെയുള്ള തെറ്റിദ്ധാരണയുണ്ടാക്കും. മറ്റുള്ളവരൊക്കെ ഇവിടെ കിടന്ന് പണിയെടുക്കുമ്പോള്‍ മറ്റവന്മാര്‍ വേഗം വീട്ടിലേക്ക് ഓടിയതാണെന്ന് തോന്നും. ആത്മാര്‍ത്ഥതയില്ലാത്തവര്‍.
സത്യത്തില്‍ ആരാണ് ആത്മാര്‍ത്ഥതയുള്ളവര്‍.
കൂടുതല്‍ നേരം സ്ഥാപനത്തിലിരുന്ന് ജോലി ചെയ്യുന്നവരോ അതോ ഏല്‍പ്പിച്ച ജോലി കൃത്യ സമയത്ത് പൂര്‍ത്തിയാക്കുന്നവരോ ?
ആദ്യത്തെ വിഭാഗം ഉണ്ടാക്കിവെക്കുന്ന ബുദ്ധിമുട്ടുകള്‍ സത്യത്തില്‍ ഏറെയാണ്.ഇതെ കുറിച്ച് ഇന്‍ഫോസിസിന്‍റെ ചെയര്‍മാന്‍റെ N.R നാരായണ മൂര്‍ത്തിയുടെ ചിന്തകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആകാശവാണി കോഴിക്കോട് നിലയം രാവിലെ 6.25ന് പ്രക്ഷേപണം ചെയ്ത ചിന്താ പ്രഭാതത്തില്‍ ഈ അവസരത്തില്‍ ഓര്‍മ്മവരുന്നു.
ഏറെ വൈകിയും ഓഫീസിലോ സ്ഥാപനത്തിലോ തങ്ങി ജോലിയെടുക്കുന്നവര്‍ ഒരു വിധത്തില്‍ സ്ഥാപനത്തിന് നഷ്ടമാണ് നല്‍കുന്നത്. എങ്ങിനെയെന്ന് നോക്കാം.
Jessie Paul and Narayana Murthy.jpg
1. അത്രയും നേരം വൈദ്യുതി പ്രവര്‍ത്തിക്കണം.
എസി, ഫാന്‍, കംപ്യൂട്ടറുകള്‍,മറ്റു ഇലക്ട്രിക് ഉപകരണങ്ങളുടെ ഉപയോഗം, മറ്റ് ഒരുപാട് ജീവനക്കാര്‍ അതിനായി അവിടെ കാത്തിരിക്കുന്ന അവസ്ഥ, തുടങ്ങിയ ചിലവുകള്‍ ഉണ്ടാകുന്നതിന് ഇത് കാരണമാകുന്നു.
2. ജോലിക്കാര്‍ക്കിടയില്‍ ആത്മാര്‍ത്ഥയുള്ളവരും ഇല്ലാത്തവരും എന്നിങ്ങനെ രണ്ട് വിഭാഗം ഉണ്ടാക്കുവാനും അത് ബോസിന്‍റെ മനസ്സില്‍ partiality സൃഷ്ടിക്കുവാനും കാരണമാകുന്നു.
3. നേരത്തെ ആത്മാര്‍ത്ഥ കാണിച്ചവര്‍ പിന്നീട് വിവാഹിതരാവുകയോ മറ്റ് കുടുംബ തിരക്കുകളില്‍ ഏര്‍പ്പെടുകയോ ചെയ്യേണ്ടി വന്നാല്‍ ആദ്യ കാലങ്ങളില്‍ നല്‍കിയിരുന്ന സമയം ഇപ്പോള്‍ ജോലിയില്‍ നല്‍കുന്നില്ലെന്ന തെറ്റിദ്ധാരണ രൂപപ്പെടാനും അതുവഴി അവര്‍ക്കിപ്പോള്‍ പഴയ ആത്മാര്‍ത്ഥതയില്ലാ എന്ന തോന്നലിലേക്ക് മേലാധികാരികള്‍ എത്തിപ്പെടുന്നു.അത് അവര്‍ക്ക് തന്നെ തിരിച്ചടിയാകാനുള്ള സാധ്യത.
4. എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിനോദം, വിശ്രമം എന്നിങ്ങനെ വിനിയോഗിക്കേണ്ട സമയം ക്രമം തെറ്റുകയും ജീവിതത്തിലെ മറ്റു രണ്ടു പ്രധാന കാര്യങ്ങള്‍ ഇല്ലാതെ പോകുന്ന അവസ്ഥയുണ്ടാക്കുന്നു.
5. ഇങ്ങിനെ ജോലിയെടുക്കുന്നവര്‍ കൃത്യസമയത്ത് ജോലി തീര്‍ക്കാന്‍ മടികാണിച്ച് അവസാനം മടിയന്‍ മലചുമക്കുന്നത് പോലെ ജോലിഭാരം വര്‍ദ്ദിപ്പിക്കാനും അതോടൊപ്പം തന്നെ ആളുകളുടെ ( human resources ) മാനവ വിഭവ ശേഷിയുടെ കാര്യക്ഷമമായ വിനിയോഗം ഇല്ലാതെ പോകാനും കാരണമാകുന്നു
6. Late hours working എന്നത് പിന്നീട് ഓഫീസിന്‍റെ പതിവ് രീതിയായി മാറുന്നു.
നാരായണ മൂര്‍ത്തിയുടെ ആ ഇമെയില്‍ ഇപ്പോള്‍ നെറ്റില്‍ തിരഞ്ഞെപ്പോള്‍ കിട്ടി.
അതിന്‍റെ അവസാന ഭാഗം ഇങ്ങിനെയാണ്.
So what’s the moral of the story??
* Very clear, LEAVE ON TIME!!!
* Never put in extra time ‘ “unless really needed “‘
* Don’t stay back unnecessarily and spoil your company work culture which will in turn cause inconvenience to you and your colleagues.
There are hundred other things to do in the evening..
Learn music…..
Learn a foreign language…
Try a sport… TT, cricket………..
Importantly,get a girl friend or boy friend, take him/her around town…
* And for heaven’s sake, net cafe rates have dropped to an all-time low (plus, no fire-walls) and try cooking for a change.
Take a tip from the Smirnoff ad: ’Life’s calling, where are you??’
Please pass on this message to all those colleagues and please do it before leaving time, don’t stay back till midnight to forward this!!!
IT’S A TYPICAL INDIAN MENTALITY THAT WORKING FOR LONG HOURS MEANS VERY HARD WORKING & 100% COMMITMENT ETC

Monday, January 14, 2019

ചില മൂസിയം ഇനങ്ങള്‍






ഉള്ളിലുള്ളവ അവിടെ കിടന്ന് ദഹിക്കാതെ വരുമ്പോഴാണല്ലോ മനുഷ്യരായാലും മൃഗങ്ങളായാലും ര്‍ദിയുണ്ടാവുക.ആമാശയത്തിലുള്ള വസ്തുക്കൾ വായിലൂടെയും ചിലപ്പോൾ മൂക്കിലൂടെയും പുറന്തള്ളുന്ന പ്രക്രിയയാണത്.ഛര്‍ദി ഒരു രോഗ ലക്ഷണമാണ്.തലയിലെയും വയറിലെയുമെല്ലാം പല രോഗങ്ങളുടെയും ലക്ഷണം.



മലപ്പുറം എന്ന് കേള്‍ക്കുമ്പോഴേക്കും ഛര്‍ദില്‍ ഉണ്ടാകുന്ന അല്ലെങ്കില്‍ ഓക്കാനം ഉണ്ടാകുന്ന ചിലരുണ്ട്.
ഉള്ളിലുള്ള മുസ്ലിം വിരുദ്ധതയുടെ/ വര്‍ഗീയ ചിന്തയുടെ വാര്‍പ്പു മാതൃകകള്‍ ( Stereotype) അവിടെ കിടന്ന ദഹിക്കാതെ വരുമ്പോള്‍ പുറത്തേക്ക് ചര്‍ദിക്കുന്ന ചില മ്യൂസിയം ഇനങ്ങള്‍. അവര്‍ ചില വെടി പൊട്ടിച്ചിട്ട് ബഹളം സൃഷ്ടിക്കും.

ലപ്പാട്ടെ സമരത്തിന് മലപ്പുറത്തെ ചിലര്‍ പിന്തുണ നല്‍കിയത് ദഹിക്കാനാനാവാതെ സഖാവ് ജയരാജന്‍ ഇന്ന് ഇത്തരമൊരു ഛര്‍ദില്‍ നടത്തിയിരിക്കുന്നു.
കുറ്റം പറഞ്ഞിട്ട് മാത്രം കാര്യമില്ല.
ത് ജരായാജനെ എല്ലാവര്‍ക്കും അറിയാലോ...

ബോക്സിംഗ് താരം മുഹമ്മദലി അന്തരിച്ചപ്പോള്‍ കായിക മന്ത്രിയായിരുന്നു പുള്ളി. കായിക ലോകത്ത് മെഡല്‍ നേടി കേരളത്തിന്‍റെ പ്രശസ്തി ലോകരാഷ്ട്രങ്ങളില്‍ ഉയര്‍ത്തി എന്നൊക്കെ വിഡ്ഢിത്തരം ചാനലില്‍ പോയി വിളിച്ചുപറഞ്ഞത് അധികമാരും മറന്നുകാണില്ല.

വിഢിത്തരം വിളിച്ചുവരുത്തുന്നതിന് ഒരു അതിരൊക്ക് ഉണ്ട് എന്ന് തിരുത്തിക്കൊടുക്കാന്‍ വിവരമുളള സഖാക്കളാരുമില്ലേ മൂപ്പരുടെ പ്രൈവറ്റ് സെക്രട്ടിമാരുടെ കൂട്ടത്തില്‍ ?

ഇത്തരത്തില്‍ ഇടക്കിടെ ചര്‍ദില്‍ ഉണ്ടാകുന്ന ചിലര്‍ ആ പാര്‍ട്ടിയില്‍ ഇന്നും അന്നും ഉണ്ട് എന്നത് ഈ സമയത്ത് ഓര്‍ക്കുകയാണ്. ബിജെപി നേതാവായ എന്‍ ഗോപാലകൃഷ്ണന്‍, സിപിഎം നേതാക്കളായ ഇഎംഎസ്,വിജയരാഘവന്‍,വിഎസ് അച്യുതാനന്ദന്‍ തുടങ്ങിയവരാണ് അവരില്‍ ചിലര്‍.

മലപ്പുറം ജില്ലയുടെ രൂപീകരണം മുതല്‍ അതുണ്ട്.

സംസ്ഥാന രാഷ്ട്രീയത്തിൽ ഇസ്ലാമിക വർഗീയത വളരാൻ ഇടയാക്കിയ തീരുമാനമാണെന്നാണ് മണ്‍മറഞ്ഞുപോയ സഖാവ് ഇഎംഎസ് എന്ന ആചാര്യന്‍ ആദ്യ വെടി പൊട്ടിച്ചിട്ടുള്ളത്.അവിടെ മുസ്ലിം ഭൂരിപക്ഷമുള്ളതാകും അദ്ദേഹത്തെ പ്രോകോപിപ്പിച്ച ചേതോവികാരം അല്ലാതെ ഉള്ളിലെ വര്‍ഗീയതയാണെന്ന് നമുക്ക് ചിന്തിച്ചുകൂടാ… അങ്ങിനെ ചിന്തിച്ചാല്‍ നിങ്ങള്‍ തീവ്രവാദിയായി മാറും.

മലപ്പുറത്തെ കുട്ടികള്‍ പരീക്ഷയില്‍ കോപ്പിയടിച്ചാണ് ജയിക്കുന്നത് എന്ന് പറഞ്ഞത് ഏതെങ്കിലും വിവരംകെട്ടവനായിരുന്നില്ല, സാക്ഷാല്‍ വിഎസ് അച്യുതാനന്ദനായിരുന്നു. കേരള മുഖ്യമന്ത്രി വരെ എത്തിയ ആളായിരുന്നല്ലോ മാന്യദേഹം. ഇന്നിപ്പോള്‍ മലപ്പുറം ഓരോ വര്‍ഷവും എഞ്ചിനിയറിംഗിലും മെഡിക്കലിലുമെല്ലാം റാങ്കുകള്‍ കരസ്ഥമാക്കുമ്പോഴും ഇതുവരെ തിരുത്താത്ത വിഎസിന്‍റെ ആ പ്രസ്താവന മലപ്പുറത്തുകാര്‍ ഓര്‍ക്കും.

മലപ്പുറത്ത് ദേശീയപാത സര്‍വ്വേക്കെതിരെ സമരം നടത്തുന്നവര്‍ മുസ്ലിം തീവ്രവാദികളെന്ന് ഒരു ഉളപ്പുമില്ലാതെ ഉരിയാടിയത് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ എ. വിജയരാഘവൻ ആണല്ലോ..

നിയമുണ്ട് എത്രയോ സംഭവങ്ങള്‍.ലോകസഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി ജയിച്ചപ്പോള്‍ ദേവസ്വം മന്ത്രിയും സി.പി.എം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത് മലപ്പുറത്തിെൻറ ഉള്ളടക്കംതന്നെ വർഗീയമാണെന്നും ന്യൂനപക്ഷ വർഗീയതയുടെ കേന്ദ്രീകരണം നടക്കുന്ന മേഖലയാണത് എന്നാണല്ലോ.

മേല്‍പ്പറഞ്ഞ ഒട്ടനവധി വര്‍ഗീയവും ഇസ്ലാമോഫോമിയോ സ്റ്റീരിയോ ടൈപ്പ് വിശ്വാസങ്ങളും ഡയലോഗുകളും പുറത്തുവന്നിട്ടും ഇക്കാര്യത്തിലൊന്നും ഇതുവരെ ഒരു മാപ്പുപറയാനോ തെറ്റാണ് സംഭവിച്ചതെന്ന് പറയാനോ ഇവര്‍ തയ്യാറായിട്ടില്ല എന്നത് പ്രത്യേകം ഓര്‍ക്കണം.എല്ലാവര്‍ക്കും കയറി കൊട്ടാവുന്ന ,മേയാവുന്ന ജനതയായി വരേണ്യ ഇടതു -സെക്കുലർ മലപ്പുറത്തെ പരിഗണിച്ചുപോരുന്നു എന്നതാണതിന് കാരണം.


ബിജെപി നേതാക്കള്‍ മുസ്ലിംങ്ങളെയും മലപ്പുറത്തെയും കുറിച്ച് പറയുകയാണെങ്കില്‍ അത് വര്‍ഗീയതയും സഖാക്കള്‍ അത്തരം പരാമര്‍ശം നടത്തിയാല്‍ അത് മതേതരവും ആകുന്നതിന്‍റെ യുക്തി എന്താണ് ?സംഘ് ആക്കല്‍ എന്നാണ് ഇത്തരം ആളുകളെ വിളിക്കാന്‍ നല്ലത്.

Tuesday, January 8, 2019

ഇങ്ങിനെ പോയാല്‍ മുസ്ലിം പെണ്‍കുട്ടികള്ക്ക്‍ പഠിച്ചു മതിയാകും.

ഏത് വരെ പഠിച്ചു ?
പഠിത്തം കഴിഞ്ഞിട്ടില്ല.
ഞാന്‍ പ്ലസ് ടു കഴിഞ്ഞപ്പോള്‍ നിര്‍ത്തി.വീട്ടില്‍ ഞാന്‍ ഒറ്റ മോനാണേ..
അതോണ്ട്, പഠിത്തം നിര്‍ത്തണോ?
അതുകൊണ്ടല്ലാ…. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംമൂലം പഠിത്തം നിര്‍ത്തേണ്ടിവന്നതാണ്.
ങ്ങള് പ്ലസ് ടു ജയിച്ചിട്ടും നിര്‍ത്തിയതാ…?
ജയിച്ചിട്ടല്ല, തോറ്റോണ്ടാ നിര്‍ത്തിയത്.
മുജീബ് റഹ്മാന്‍...സോറി !.
അടുത്തിടെ മലയാളികണ്ട സുഡാനി ഫ്രം നൈജീരിയ ചിത്രത്തിലെ കോമഡി സീനായിട്ടാണ് നായകന്‍റെ ഈ പെണ്ണുകാണല്‍ ചടങ്ങ് കാണിക്കപ്പെടുന്നത്.
മലബാറിലെ മുസ്ലിം യുവാക്കളുടെ വിദ്യാഭ്യാസപരമായ പിന്നാക്ക അവസ്ഥ ഭാവിയില്‍ കോമഡിയായി മാറുന്നിടത്തേക്ക് തന്നെയാണ് പോകുന്നത്.പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് നിരന്തര പ്രധാന്യം നല്‍കിയപ്പോള്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസപരമായി മുന്നേറുകയും ആണ്‍കുട്ടികള്‍ വഴിയിലെപ്പോഴോ പിറകോട്ട് സഞ്ചരിക്കുന്നതുമായ സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.
കഴിഞ്ഞ വര്‍ഷം മലപ്പുറം ജില്ലയില്‍ 5700 പേര്‍ക്കാണ് പ്ലസ് ടുവില്‍ എപ്ലസ് ലഭിച്ചത്.അതില്‍ നാലായിരം പേരും പെണ്‍കുട്ടികളാണ്. ഡിഗ്രിക്ക് സര്‍ക്കാര്‍ സീറ്റ് കുറവുള്ള മലപ്പുറം പോലുള്ള സ്ഥലങ്ങളില്‍ അവിടത്തെ സര്‍ക്കാര്‍ കോളേജുകളില്‍ സ്വാഭാവികമായും പഠിക്കാന്‍ അവസരം കിട്ടുന്നത് പെണ്‍കുട്ടികള്‍ക്ക് മാത്രമാണ്.അതുകൊണ്ടാണ് ഫറൂഖ് പോലുള്ള കോഴിക്കോട്ടേ കോളേജില്‍ 80 ശതമാനവും പെണ്‍കുട്ടികളാവുന്നത്.ഇതെ സംബന്ധിച്ച് 2014 ല്‍ ദ ഹിന്ദുവില്‍ അബ്ദുലത്വീഫ് നഹ റിപ്പോര്‍ട്ട് ചെയ്തതോര്‍ക്കുന്നു.
ഇതിന്‍റെ ഫലമായി നേരിടുന്ന സാമൂഹികമായ പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നുണ്ട് പിഎസ് റംഷാദ് എഴുതിയ ലേഖനം.
പെണ്ണിന് ഉയര്‍ന്ന വിദ്യാഭ്യാസം, ആണിന് വിദ്യാഭ്യാസമില്ലായ്മ.
യോഗ്യതയുള്ള വരനെ കിട്ടാത്ത അവസ്ഥ.
വിദ്യാഭ്യാസമുള്ള പെണ്ണിനെ കെട്ടാന്‍ പേടി.
ജോലിയുള്ള പെണ്ണുമായി ഒരുമിച്ചുകൊണ്ടുപോകാന്‍ കഴിയാതെ പിരിയുന്ന ബന്ധങ്ങള്‍.
ഇതിന്‍റെ ഫലമായി പെണ്‍കുട്ടികളെ ഇനിയെന്തിന് കൂടുതല്‍ പഠിപ്പിക്കുന്നു എന്ന മാതാപിതാക്കളുടെ ആശങ്കകള്‍.
ഉന്നത പഠനം നടത്തിയിട്ടും ആ അറിവിനെ ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥ.
അങ്ങിനെ തുടങ്ങി നിരവധി പ്രശ്നങ്ങളെ സംബന്ധിച്ച് റംഷാദിന്‍റെ ലേഖനം പരാമര്‍ശിക്കുന്നത്.
https://www.samakalikamalayalam.com/…/മുസ്ലിം-ആണ്കുട്ടികള്ക…
പരിഹാര മാര്‍ഗങ്ങളെ കുറിച്ച് വിവിധ സംഘടനകള്‍ പലതും മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും ഇനിമുതലെങ്കിലും സര്‍ക്കാര്‍ കോളേജുകളില്‍ ആണ്‍കുട്ടികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നുതന്നെയാണ് എനിക്കും തോന്നുന്നത്.അല്ലാതെ പാരലല്‍ കോളേജിലോ ഡിസ്റ്റന്‍സ് എഡ്യുക്കേഷനോ പറഞ്ഞയച്ചതുകൊണ്ട് കാര്യമില്ല.അങ്ങിനെ കോഴ്സുകള്‍ ചെയ്തവരെല്ലാം വലിയ പ്രതിസന്ധി അനുഭവിക്കുന്നതാണ് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.