Monday, April 1, 2019

അവധിക്കാല പ്രവാസം

അവധിക്കാലത്തെ നാട്ടിലേക്കുള്ള യാത്രകള്‍ സന്തോഷകരമാകുന്നത് പ്രൊഡക്ടീവായ എന്തെങ്കിലും ചെയ്യാന്‍സാധിക്കുമ്പോള്‍ മാത്രമാണ്. അതിലേറ്റവും സന്തോഷം തരുന്ന പ്രവര്‍ത്തനങ്ങളിലൊന്നാണ് മലയാള വിക്കിപീഡിയയുടെ പ്രവര്‍ത്തനങ്ങള്‍. കഴിഞ്ഞ വര്‍ഷം പ‍ഞ്ചാബില്‍ നടന്ന വിക്കിനാഷണല്‍ സമ്മേളനം നിറമുള്ള ഓര്‍മ്മകളിലുണ്ട്

വിക്കിപീഡിയയിലെ സന്മനസ്കരായ കൂട്ടുകാര്‍, അറിവിന്‍റെ വ്യാപനത്തിനും ജനാധിപത്യവത്കരണത്തിനുമെല്ലാം അഹോരാത്രം പ്രവര്‍ത്തിക്കുന്ന കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍... അവരുടെ സഹായങ്ങള്‍, പ്രവര്‍ത്തനങ്ങളെല്ലാം ഏറെ സന്തോഷം .

മലയാള ഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്‍റെ നാട്ടില്‍ സ്ഥാപിക്കപ്പെട്ട മലയാളം സര്‍വകലാശാലയിലായിരുന്നു ഇന്നൊരു വിക്കിപഠന ശിബിരം സംഘടിപ്പിച്ചിരുന്നു.ഭാവിയില്‍ മലയാള ഭാഷയുടെ വളര്‍ച്ചക്കും സംരക്ഷണത്തിനും ഒട്ടനേകം സംഭാവനകള്‍ ചെയ്യാന്‍ സാധിക്കുന്ന സ്ഥാപനമാണ് മലയാളം സര്‍വകാലാശാല .മലയാളം സര്‍വകലാശാലയില്‍ ആദ്യമായാണ് ഇത്തരമൊരു നീക്കം നടത്തുന്നത് എന്നത് സ്വാഗതാര്‍ഹമാണ്. അതിന് ചുക്കാന്‍പിടിച്ച വൈസ് ചാന്‍സ് ലര്‍ കെ ജയകുമാര്‍ ഐഎഎസ്, ചരിത്രവിഭാഗം പഠന മേധാവി പ്രൊഫ. എം ആര്‍ രാഘവ വാര്യര്‍,ഡോ.എല്‍ജി. ശ്രീജ, മഞ്ജുഷ എന്നിവരോടുള്ള കൃതഞ്ജത അറിയിക്കട്ടേ.. ഏറെ സന്തോഷം തരുന്ന മറ്റൊന്ന് പ്രിയ വിദ്യാര്‍ഥിയും പത്രപ്രവര്‍ത്തകനുമായ സി. കമറുദ്ദീന്‍ എളങ്കൂര്‍ ആണ് സര്‍വകലാശാല അധികൃതരെ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കേണ്ടതിന്‍റെ ആവശ്യകത സര്‍വകലാശാല അധികൃതരെ അറിയിക്കുന്നതും സംഘടിപ്പിക്കുന്നതും.പ്രാരംഭ ചര്‍ച്ച മുതല്‍ വിക്കി എന്ന് കേള്‍ക്കുമ്പോഴേക്ക് രാപ്പകലില്ലാതെ ട്രെയിനില്‍ ബര്‍ത്തിലോ ഡോറിന്‍റെ വശത്തോ തൂങ്ങിനിന്ന് ആലപ്പുഴയില്‍ നിന്ന് എവിടേക്കും യാത്രചെയ്തും പരിപാടികള്‍ സംഘടിപ്പിച്ചും പരിശീലിപ്പിച്ചും ഓടിനടക്കുന്ന പ്രിയ സുഹൃത്ത് ഇര്‍ഫാന്‍.. സന്തോഷം..!

സര്‍വകലാശാലയിലെ എല്ലാവകുപ്പുകളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ ഐഎഎസ് ആണ് ഉദ്ഘാടനം ചെയ്തത്.മലയാള സാഹിത്യത്തില്‍ ഒട്ടേറെ സംഭാവനകള്‍ നല്‍കികൊണ്ടിരിക്കുന്ന കവിയും എഴുത്തുകാരനും ഗാനരചയിതാവുമൊക്കെയാണ് അദ്ധേഹം.

മലയാളം വിക്കിപീഡിയയില്‍ നിലവില്‍ 51500 ഓളം ലേഖനങ്ങളാണുള്ളതെന്നും ഒരു വര്‍ഷത്തിനകം അത് ഒരു ലക്ഷം ലേഖനമാക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അറിവിന്‍റെ കുത്തക വത്ക്കരണമില്ലാത്ത കാലത്തിലേക്കാണ് നമ്മള്‍ സഞ്ചരിക്കുന്നത്. ഒരു വശത്ത് പുതിയ ഐടി സാങ്കേതിക വിദ്യ അറിവിന്‍റെ ജനാധിപത്യവത്ക്കരണത്തിന് ശ്രമിക്കുമ്പോള്‍ മറുവശത്ത് അറിവിന്‍റെ മൊണോപ്പൊളിക്കായി ശ്രമങ്ങളും വ്യാപകമായി നടക്കുകയാണ് .ഓരോ കാലഘട്ടത്തിലും ആ തലമുറയെ നിര്‍വചിക്കുന്ന സാങ്കേതി വിദ്യയുണ്ടാകും.ഒരു കാലത്ത് അത് സ്റ്റീം എഞ്ചിനായിരുന്നെങ്കില്‍ പിന്നീടത് വൈദ്യുതിയായിരുന്നു.എന്നാല്‍ നമ്മുടെ കാലത്തെ നിര്‍വചിക്കുന്ന ടെക്നോളജിയാണ് ഐടി.അത്തരം സാങ്കേതി വിദ്യയോട് പുറം തിരിഞ്ഞുനില്‍ക്കുന്നവരെ ചരിത്രം തള്ളപ്പെടുകയും അത്തരക്കാര്‍ പുരാവസ്തുയായിമാറുമെന്ന കാര്യത്തില്‍ സംശയമില്ല.

വിക്കിപീഡിയ ഇല്ലാത്തൊരു ലോകം ഇന്ന് സങ്കല്‍പ്പിക്കാനാകില്ല.അടുത്ത 100 വര്‍ഷത്തേക്ക് വിക്കിപീഡിയയില്ലാതെ മുന്നോട്ട്പോകാനില്ല എന്നാണ് എനിക്ക് തോന്നുന്നത്.എല്ലാം ഉള്ള അറിവിന്‍റെ സമൃദ്ധമായ നിലയാണ് വിക്കിപീഡിയ.വിക്കിപീഡിയ ആശ്രയിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ദിക്കുകയാണ്.
മലയാള സര്‍വകലാശാലക്ക് ഈ ഭാഷയോട് വളരെ വലിയ ഉത്തരവാദിത്തമുണ്ട്.സാങ്കേതിക വിദ്യയുടെ ചിറകിലേറി ഇംഗ്ലീഷ് ഭാഷയാണ് കൂടുതല്‍ പറക്കുന്നത്. എന്നാല്‍ നമ്മുടെ ഭാഷയുടെ അഭിമാനം സ്ഥാപിച്ചെടുക്കാനും നേടിയെടുക്കാനും നമുക്ക് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഈ ഭാഷയിലും അറിവ് ഉത്പാദിപ്പിക്കാനും പ്രസരണം ചെയ്യാനും നമുക്ക് സാധിക്കണം. ആധുനിക സാങ്കേതിക വിദ്യയോടുള്ള നമുക്ക് പൊരുത്തമില്ലായെന്ന അബദ്ധ ധാരണകളെ തകിടം മറിക്കാന്‍ നമുക്ക് സാധിക്കണം.മലയാള ഭാഷയില്‍ ഇപ്പോള്‍ 51500 ഓളം ലേഖനങ്ങളാണുള്ളത്.മറ്റു ഭാഷകളെല്ലാം മത്സരിച്ച് മുന്നേറികൊണ്ടിരിക്കുകയാണ്. വിക്കിപീഡിയയില്‍ നമ്മുടെ സാനിധ്യം വര്‍ദ്ദിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളില്ല. ഈ പ്രശ്നം നമുക്ക് മറികടക്കണം.മലയാളം സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഗവേഷകരെല്ലാം ഇക്കാര്യത്തില്‍ സ്വത്വര ശ്രദ്ധപതിപ്പിക്കണം. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം ലേഖനങ്ങളെത്തിക്കാന്‍ നമുക്ക് സാധിക്കും.

കേരള ചരിത്ര പണ്ഡിതരില്‍ പ്രഗത്ഭനായ പ്രൊഫ.എംആര്‍ രാഘവ വാര്യര്‍ ആയിരുന്നു അധ്യക്ഷന്‍. അദ്ദേഹത്തിന്‍റെ പ്രഭാഷണത്തിലെ ചില ഭാഗങ്ങള്‍ താഴെ....

അറിവ് അധികാരമാണ്.
അധികാരം സ്ഥാപിക്കാനുള്ള ഏറ്റവും പ്രധാനമായ മുന്നൊരുക്കം അറിവ് നേടലാണ്.
അറിവ് എന്നാല്‍ പാശ്ചാത്യമായ അറിവു മാത്രമാണെന്ന തെറ്റായ ധാരണ കോളനിക്കാലം മുതല്‍ക്കെ നിലനിന്ന്പോരുന്നതാണ്. അധികാരം സ്ഥാപിക്കാന്‍ അറിവ് അത്യാവശ്യമാണ്. ഈ പരാശ്രിതത്തില്‍ നിന്നുള്ള മോചനം വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രസക്തമാണ്.


അറിവിന്‍റെ ശകലങ്ങളാക്കി , അറിവിന്‍റെ ഖണ്ഡനമാണ് വിദ്യാഭ്യാസവകുപ്പിലൂടെ നിരന്തരം നിര്‍വഹിച്ച് പോരുന്നത്.അറിവിനെ കള്ളിത്തിരിച്ച് ഇരുത്തുക, അറിവിനെ മുറിപ്പെടുത്തുക, മുറി വിജ്ഞാനം പ്രസരിപ്പിക്കുക എന്നിങ്ങനെയുള്ള അറിവിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ ഖേദകരമാണ്. ഈ പശ്ചാലത്തിലാണ് മലയാളത്തിലുള്ള അറിവിന്‍റെ മേഖലയിലേക്ക് കടക്കാനും രേഖപ്പെടുത്താനും അത് മറ്റുള്ളവരിലേക്ക് പങ്കുവെക്കാനും ശ്രമം തുടങ്ങുന്നത്.അത് മലയാളം സര്‍വകലാശാലയില്‍ വെച്ച് വെച്ച് തുടങ്ങുന്നു എന്നത് വളരെ അര്‍ത്ഥപൂര്‍ണ്ണമായ കാര്യമാണ്.നമ്മുടെ നാട്ടില്‍ നിന്നും നഷ്ടപ്പെട്ട ഗണിതത്തിലെയും വൈദ്യ വിജ്ഞാനത്തിന്‍റെയും നഷ്ടപ്പെട്ട അറിവുകളെ സംരക്ഷിക്കാനന്‍ നമുക്ക് സാധിക്കണം