Saturday, April 15, 2017

സ്നാപ്പില്‍ ഒതുങ്ങാത്ത ജീവിതംഭാവനാത്മകമായ ചിന്തകള്‍ ക്യാമറയിലേക്ക് തിരിക്കുമ്പോഴാണ് ഓര്‍മകള്‍ക്ക് മായ്ക്കാനാവാത്ത ചിത്രങ്ങളുണ്ടാകുന്നത്. കേരളത്തില്‍ ഇന്നിറങ്ങുന്ന മുപ്പതിലേറെ പ്രസിദ്ധീകരണങ്ങള്‍ക്ക് കവര്‍ ചിത്രമൊരുക്കുന്ന അജീബ് കൊമാച്ചി,
യുഎഇയിലെത്തിയപ്പോള്‍ നടത്തിയ സംഭാഷണം ഈ ലക്കം പ്രവാസി വായനയിലുണ്ട്.കഴിയുന്നവര്‍ വായിക്കുമല്ലോ....


പിഡിഎഫ് വായിക്കാന്‍

ഓര്‍ക്കുന്നുണ്ടോ ?
2003മെയ് 2.
മതേതര കേരളത്തിന്‍റെ ഹൃദയത്തില്‍ മുറിവേറ്റ മാറാട് കലാപം.ഹിന്ദുവും മുസല്‍മാനും തമ്മില്‍ മതത്തിന്‍റെ പേരില്‍ കൊലക്കത്തിയെടുത്ത കാലം.കാലങ്ങളായി സ്നേഹത്തിലും സൗഹാര്‍ദത്തോടെ കഴിഞ്ഞിരുന്ന അയല്‍വാസികള്‍ വര്‍ഗീയ കലാപത്തെ തുടര്‍ന്ന് പറിച്ചു നടപ്പെട്ട കാലം.കലാപം കഴിഞ്ഞ് തിരികെ വരുമ്പോള്‍ അവരെ സ്വീകരിക്കാന്‍ പഴയ അയല്‍വാസികളുണ്ടായിരുന്നില്ല.അവര്‍ എവിടെയും പോയിരുന്നില്ല.പക്ഷെ ഏറെ ദൂരം അകന്നിരുന്നു അവരുടെ മനസ്സ് .ആ ഒരവസ്ഥയെ ഒറ്റ ക്ലിക്കില്‍ കേരള ജനതയെ ചിന്തയുടെ പല ആംഗിളുകളിലേക്ക് വഴി തിരിച്ചുവിട്ടിട്ടുണ്ട് പ്രശസ്തനായ ഒരു ഫോട്ടോഗ്രാഫര്‍. അജീബ് കൊമാച്ചി.കേരളത്തില്‍ ഇറങ്ങുന്ന ഏതെങ്കിലും മാസിക വായിക്കുന്ന ഏതൊരാളും ഒരിക്കലെങ്കിലും വായിച്ചുപോയിട്ടുള്ള പേരായിരിക്കും അജീബ് കൊമാച്ചി . നിലവില്‍ പ്രസിദ്ധീകരിക്കുന്ന 30 ഓളം മാസികകള്‍ക്ക് കവര്‍ ചിത്രമൊരുക്കുന്ന തിരക്കേറിയ ഫ്രീലാന്‍സ് ഫോട്ടോജേണലിസ്റ്റാണ് അജീബ് കൊമാച്ചി.

Saturday, April 1, 2017

എന്തെല്ലാം പരീക്ഷകള്‍ ? പരീക്ഷകള്‍ ?


‘പഴയ വിദ്യാഭ്യാസ രീതി, കുട്ടിയെ കരയിച്ചുപഠിപ്പിച്ചിരുന്ന രീതിയായിരുന്നുവെന്നും മനഃപാഠം പഠിക്കലാണ് കുട്ടിയെ കണ്ണീരണയിപ്പിച്ചിരുന്ന അധ്യാപന സമ്പ്രദായമെന്നുമാണ് പരക്കെ വിശ്വസിക്കപ്പെട്ടു പോരുന്നത്. എന്നാല്‍, ഈ വിശ്വാസത്തിന്റെ പല അടിസ്ഥാനങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അധ്യയനം കേവലം സുഖകരമായ അനുഭവമാണോ? വിജ്ഞാനാര്‍ജനത്തില്‍ ക്ലേശസഹനം ഒരു ഘടകമല്ലേ? ഇന്ന് ക്ലേശ സഹനമെല്ലാം ഒഴിവാക്കി, പഠിക്കലും പഠിപ്പിക്കലും ആകാവുന്നത്ര വിദ്യാലയങ്ങളില്‍ നിന്ന് അകറ്റിനിറുത്തിക്കൊണ്ടുവരുന്നുണ്ട്.’ സാഹിത്യകാരനും സാമൂഹ്യ നിരീക്ഷകനുമായിരുന്ന ഡോ. സുകുമാര്‍ അഴീക്കോട് പുതിയ വിദ്യാഭ്യാസ രീതിയെ നിരീക്ഷിച്ച് എഴുതിയ ലേഖനത്തിലെ പരാമര്‍ശമാണിത്.
ഇത്തവണത്തെ എസ് എസ് എല്‍ സി ഗണിത ശാസ്ത്ര പരീക്ഷ വീണ്ടും നടത്തിയല്ലോ. ചോദ്യ പേപ്പര്‍ കുട്ടികളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ തയ്യാറാക്കി, സമാനമായ ചോദ്യങ്ങള്‍ മലപ്പുറം ജില്ലയിലെ ഒരു സ്ഥാപനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ചോദ്യപേപ്പറില്‍ വന്നു എന്നീ പരാതികളുടെ അടിസ്ഥാനത്തിലാണ് വീണ്ടും പരീക്ഷ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. പരീക്ഷ കഴിഞ്ഞ ആദ്യത്തെ രണ്ടു ദിവസങ്ങളില്‍ ചോദ്യപേപ്പറിലെ ബുദ്ധിമുട്ടിനെ കുറിച്ചായിരുന്നു പരാതി. പിന്നീടുള്ള ദിവസങ്ങളിലാണ് ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന ആക്ഷേപം ഉയരുന്നത്. ആദ്യത്തെ പരാതിയെ ന്യായീകരിക്കാനുള്ള ശ്രമമാണോ രണ്ടാമത്തെ ചോര്‍ച്ചയെന്ന പരാതി എന്നത് ഇനി അന്വേഷണത്തിന് ശേഷമേ തിരിച്ചറിയാനാകൂ. എന്തായാലും ഗണിത ശാസ്ത്ര പരീക്ഷ വീണ്ടും എഴുതേണ്ടിവന്നു ഇത്തവണത്തെ എസ് എസ് എല്‍ സി വിദ്യാര്‍ഥികള്‍ക്ക്.
ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു എന്നാണ് വാര്‍ത്ത. ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി എന്നാണ് കേസ്. ഇത്തരം സാഹചര്യത്തില്‍ ഉയര്‍ന്ന് വരുന്ന ചില അക്കാദമിക ചോദ്യങ്ങളുണ്ട്. എന്താണ് ഈ പരീക്ഷാ ബുദ്ധിമുട്ടിക്കല്‍?