Saturday, March 23, 2019

ശിരോവസ്ത്രവും ഒരു പ്രതിരോധമാണ്.



ജനതക്ക് വേണ്ടിയാണ് ഓരോ ഭരണാധികാരിയും പ്രവര്‍ത്തിക്കേണ്ടത്. അവരുടെ ക്ഷേമവും സന്തോഷവുമാകണം ഭരണാധികാരികളുടെയും സന്തോഷം.അവരുടെ ദുഃഖം ഒരു രാജ്യത്തിന്‍റെയും ദുഃഖമാണ്.പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍.ഒരു ഭരണാധികാരി ആ പദവിയിലെത്തുന്നതോടെ സ്വന്തം പാര്‍ട്ടിയേക്കാള്‍ മറ്റുള്ളവരെ കൂടി പരിഗണിക്കാന്‍ സന്നദ്ദമാവണം.

അതിന്‍റെ മികച്ച മാതൃകയായി ലോകമാകെ ചര്‍ച്ചചെയ്യപ്പെടുകയാണ് ന്യൂസിലന്‍റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. തന്‍റെ രാജ്യത്തെ മുസ്ലിം പള്ളിയില്‍ 50 മതവിശ്വാസികള്‍ വെള്ളക്കാരനായ തീവ്രവാദിയുടെ വെടിയേറ്റ് ദാരുണമായി കഴിഞ്ഞ വെള്ളിയാഴ്ച മരണപ്പെട്ടപ്പോള്‍ ആ ഇരകളോടും ന്യൂനപക്ഷത്തോടും എങ്ങിനെയാണവര്‍ സമീപിക്കുന്നത് എന്നത് നമ്മുടെ ഭരണാധികാരികള്‍ക്കെല്ലാം പാഠമാണ്.

ഈ വെള്ളിയാഴ്ച മുസ്ലിം സ്ത്രീകളെപ്പോലെ ഹിജാബ് ധരിച്ചാണ് ക്രിസ്തുമതക്കാരിയായ അവര്‍ പളളിക്ക് സമീപം എത്തിയത്.
വെറുതെ ആശ്വസിപ്പിക്കുകയല്ല ; അവരിലൊരാളായി അവർക്കൊപ്പം നിൽക്കുകയാണവര്‍.
മുസ്ലിങ്ങളുടെ അഭിസംബോധനം ചെയ്യുന്ന രീതിയായ സലാംചൊല്ലിയാണ് അവര്‍ പാര്‍ലമെന്‍ിനെ അഭിസംബോധനം ചെയ്തത്. കുര്‍ആന്‍ പാരായണത്തോടെയാണ് പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങിയത്.

പ്രധാനന്ത്രിമാത്രമല്ല, ഇന്നലെ വനിതാപോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പടെ ഹിജാബ് ധരിച്ചാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. കേരളംപോലുള്ള സംസ്ഥാനത്ത് പോലും ഹിജാബ് ധരിച്ചാല്‍ പരീക്ഷാ എഴുതാന്‍ സമ്മതിക്കാത്ത, സ്കൂളില്‍ കയറ്റാത്ത അവസ്ഥകളുണ്ടായി എന്നതും അതിനോട് നമ്മുടെ പൊതുസമൂഹം പാലിച്ച മൗനവും അപകടരമാണെന്നത് സാന്ദര്‍ഭികമായി പറയാതെ വയ്യ.

ലോകവ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഇസ്ലാമോഫോബിയ തങ്ങളുടെ രാജ്യത്ത് വളരാന്‍ അനുവദിക്കില്ലെന്ന് വെള്ളിയാഴ്ച പ്രാര്‍ഥന നടന്ന സ്ഥലത്തിന് ചുറ്റും ഐക്യദാര്‍ഢ്യവുമായി എത്തിയ ആ ജനത പ്രഖ്യാപിക്കുന്നു.

ബാബരി മസ്ജിദ് പൊളിച്ചടുക്കല്‍ തുടങ്ങി 2007 ല്‍ ഹൈദരാബാദിലെ മക്ക പള്ളിയില്‍ ബോംബ് വെച്ച് എട്ടുപേരെ ഹിന്ദുതീവ്രവാദ സംഘടന കൊന്നതു് തുടങ്ങി പശുവിന്‍റെയും ആടിന്‍െയും ഇറച്ചി കഴിച്ചതിന്‍റെ പേരില്‍ കൊലപാതകവും സംഘര്‍ഷങ്ങളും നടക്കുന്ന രാജ്യമായിട്ടും ഇവിടെ പീഢിതരായ ജനതയോടൊപ്പം നില്‍ക്കാന്‍ ഏതെങ്കിലും പ്രധാനമന്ത്രിയോ ഭരണാധികാരിയോ ഉണ്ടായോ എന്ന ചോദ്യത്തിലേക്കാണ് ജസീന്ത ആര്‍ഡന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.


ഇത് പാഠപുസ്തങ്ങളുടെ സവര്‍ണ്ണ കാലം



നമ്മള്‍ ധരിക്കുന്ന വസ്ത്രത്തിനു പോലും ഒരു ചരിത്രമുണ്ടെന്ന കാര്യ മറക്കാന്‍ എല്ലാം എളുപ്പമാണ്.എല്ലാ സമൂഹങ്ങളും ചില നിയമങ്ങള്‍ പാലിക്കുന്നുണ്ട്.ചിലത് വളരെ കര്‍ശനമായിരിക്കും.സ്ത്രീകളും കുട്ടികളും എങ്ങിനെ വസ്ത്രം ധരിക്കണം എന്നൊക്കെ നിഷ്കര്‍ഷയുണ്ട്.എന്‍സിഇആര്‍ടി സാമൂഹ്യ ശാസ്ത്ര പാഠപുസ്തത്തില്‍ നിന്നും അടുത്ത വര്‍ഷം നീക്കം ചെയ്യാന്‍ തീരുമാനിച്ച പാഠങ്ങളിലൊന്ന് ആരംഭിക്കുന്നത് ഇങ്ങിനെയാണ്.ഒമ്പാതാം തരം പാഠപുസ്തകത്തിലെ "വസ്ത്രധാരണം:ഒരു സാമൂഹ്യ ചരിത്രം" എന്നതും മറ്റു രണ്ടു പാഠങ്ങളുമാണ് നീക്കം ചെയ്യാന്‍ തീരുമാനമെടുത്തിട്ടുള്ളത്.

"വസ്ത്രധാരണം:ഒരു സാമൂഹ്യ ചരിത്രം" എന്ന പാഠഭാഗം ഒഴിവാക്കാനായി തിരഞ്ഞെടുത്ത എന്‍സിആര്‍ടിയുടെ നടപടി പതിവ് ഹിന്ദുത്വവത്ക്കരണത്തിന്‍റെ ഭാഗമാണെന്ന് ന്യായമായും സംശയിക്കാം. ഈ പാഠഭാഗത്തിലെ ജാതിസംഘര്‍ഷവും വസ്ത്രധാരണത്തിലെ മാറ്റവും എന്ന ഭാഗത്താണ് സവര്‍ണ ഹിന്ദുക്കള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാനില്ലാത്ത ചന്നാര്‍ ലഹളയെ കുറിച്ച് പരാമര്‍ശിക്കുന്നത്. അവര്‍ക്കിഷ്ടമില്ലാത്ത ചരിത്ര വസ്തുതകളാണവ.പ്രസ്തു ഭാഗം ആരംഭിക്കുന്നത് ഇങ്ങിനെയാണ്.

യൂറോപ്പില്‍ വസ്ത്രത്തിന്‍റെ ചെലവുചുരുക്കല്‍ കാര്യത്തില്‍ നിയന്ത്രണങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഇന്ത്യയില്‍ വസ്ത്രത്തിന്‍റെയും ഭക്ഷണത്തിന്‍റെയും കാര്യത്തില്‍‍ കര്‍ശനമായ സാമൂഹ്യ നിയമങ്ങളുണ്ടായിരുന്നു.ഇന്ത്യയിലെ ജാതിസബ്രദായം ഹിന്ദുമതത്തിലെ താഴ്ന്ന ജാതിയും ഉയര്‍ന്ന ജാതിയും എന്ത് ധരിക്കണം , എന്ത് ഭക്ഷിക്കണം തുടങ്ങിയ കാര്യത്തില്‍ കര്‍ശനമായ നിയമങ്ങളുണ്ടായിരുന്നു.ഈ നിയമങ്ങള്‍ക്കെതിരായുള്ള പ്രതികരണം സാമൂഹ്യ പ്രത്യാഘാതങ്ങളുണ്ടാക്കി.

1822 മെയ് മാസത്തില്‍ കേരളത്തിലെ തിരുവിതാംകൂറിലും പ്രവിശ്യാ ഭാഗങ്ങളിലും പൊതുസ്ഥലങ്ങളില്‍ വെച്ച് ചന്നാര്‍ വിഭാഗത്തിലെ സ്ത്രീകള്‍ക്കെതിരെ ഉയര്‍ന്ന ജാതിക്കാരുടെ ആക്രമണമുണ്ടായി.മാറിടം മറച്ച് മേല്‍മുണ്ട് വസ്ത്രം ധരിച്ചതിനെ തുടര്‍ന്നായിരുന്നു മേല്‍ജാതിക്കാരുടെ ആക്രമണമുണ്ടായത്.തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇത്തരം ആക്രമണങ്ങളുണ്ടായി.

നായര്‍ പ്രമാണിരുടെ കീഴില്‍ ജോലി ചെയ്യാന്‍ വേണ്ടി തെക്കെ തിരുവിതാംകൂറില്‍ നിന്ന് കുടിയേറിയ കള്ളുചെത്ത് തൊഴിലാളികളായിരുന്നു നാടാര്‍ എന്നറിയപ്പെട്ടിരുന്ന ശന്നാര്‍ വിഭാഗം. കീഴ്ജാതിയായി പരിഗണിക്കപ്പെട്ടിരുന്ന അവരെ കുട, ചെരുപ്പ്,സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയിരുന്നു. പുരുഷന്മാര്‍ക്ക് പുറമെ സ്ത്രീകളും മേല്‍മുണ്ട് ധരിക്കാന്‍ പാടില്ലായിരുന്നു. ഉയര്‍ന്ന ജാതിക്കാര്‍ നേരത്തെ അനുവര്‍ത്തിച്ചിരുന്ന രീതിയായതിനാല്‍ അത് പിന്തുടരാന്‍ വേണ്ടിയായിരുന്നത്രെ ഇപ്രകാരം ചെയ്തിരുന്നത്.


1820 ല്‍ ക്രൈസ്ത വ മിഷനറിമാരുടെ പ്രവര്‍ത്തന ഫലമായി മാറിടവും മേല്‍ ശരീര ഭാഗങ്ങളും മറക്കുന്നതിന്‍റെ ഭാഗമായി ബ്ലൗസുകളും വസ്ത്രങ്ങളും തയ്പ്പിച്ച് ധരിക്കാന്‍ തുടങ്ങിയതോടെയാണ് മേല്‍ജാതിക്കാരായ നായന്മാര്‍ പൊതുസ്ഥലത്ത് വെച്ച് സ്ത്രീകളുടെ മേല്‍വസ്ത്രം പറിച്ചെടുത്തും അക്രമം അഴിച്ചുവിടുകയും ചെയ്തത്.

ഇങ്ങിനെ തുടങ്ങി ചന്നാല്‍ ലഹളയെ കുറിച്ച് വിശദമായി തന്നെ ഈ പാഠഭാഗത്ത് ഉള്‍പ്പെടുത്തി പഠിപ്പിച്ചുവരികയായിരുന്നു ഇക്കാലംവരെ.