Wednesday, October 24, 2018

മുല്ലപ്പു നിറമുള്ള പകലുകള്‍

നിങ്ങള്‍ എവിടെ ജനിക്കുന്നു ? എന്ത് ചെയ്യുന്നു ? ഏതില്‍ വിശ്വസിക്കുന്നു ? എന്നതൊക്കെ ഭിന്നിപ്പുണ്ടാവാനുള്ള കാരണമാകുന്ന കാലത്താണ് നാം ജീവിക്കുന്നത്.
മതമാവട്ടെ, രാഷ്ട്രീയമാവട്ടേ.. നാം നിലകൊള്ളുന്നത് മാത്രം ശരിയും മറ്റുള്ളവയെല്ലാം തെറ്റുമാകുന്ന അവസ്ഥ. നാം ഇതിന്‍റെ വക്താക്കളാകുന്നത് മാതാപിതാക്കളുടെ തുടര്‍ച്ചയുടെയും നമുക്ക് ലഭിച്ച മതപരവും രാഷ്ട്രീയപരവുമായ അറിവുകളുടെയൊക്കെ അടിസ്ഥാനത്തിലായിരിക്കും.

സിറിയയിലും ഇറാഖിലും പാക്കിസ്ഥാനിലും ഇടക്കിടെ പൊട്ടുന്ന ബോംബുകള്‍ക്ക് പിന്നിലെന്താണ് ? എന്താണതിന്‍റെ പിന്നിലെ രാഷ്ട്രീയം? മുല്ലപ്പു വിപ്ലവത്തിന് ശേഷം എന്താണ് മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളുടെ മുന്നേറ്റങ്ങളുടെ സ്ഥിതി എന്നിങ്ങനെയുള്ള ഉത്തരത്തിന് ചരിത്രപരമായി തന്നെ എന്നാല്‍ ഒട്ടും മടുപ്പിക്കാതെ വായനക്കാരനെ കൊണ്ടുപോകുകയാണ് ബെന്യാമിന്‍ തന്‍റെ "മുല്ലപ്പു നിറമുള്ള പകലുകള്‍" എന്ന കൃതി.

മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന കൃതിയില്‍ പറഞ്ഞതുപോലെ ഏത് എഴുത്തുകാരന്‍റെയും ആദ്യത്തെ 50 പേജില്‍ വായനക്കാരനെ പിടിച്ചു നിര്‍ത്താനാവണം.എന്നാല്‍ ഓരോ ലക്കം കഴിയുമ്പോഴും അടുത്തതിലേക്ക് ഒറ്റയിരുപ്പില്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്ന മാസ്കമരിക വിദ്യ ബെന്യാമിന്‍ ഈ കൃതിയിലും പതിപ്പിച്ചിട്ടുണ്ട്.

അല്‍ അറേബ്യന്‍ നോവല്‍ ഫാട്ക്ടറി, മുല്ലപ്പു നിറമുള്ള പകലുകള്‍ എന്നിങ്ങനെ രണ്ട് കൃതികളാണ് ബെന്യാമിന്‍ ഒരു തവണയായി പ്രസിദ്ധീകരിച്ചത്. അല്‍ അറേബ്യന്‍ നോവല്‍ ഫാട്ക്ടറിയുടെ തുടര്‍ച്ചയായിട്ട് വേണം ഈ കൃതി വായിക്കാന്‍.

പത്രപ്രവര്‍ത്തകനായ പ്രതാപ് മറ്റൊരാള്‍ക്ക് വേണ്ടി പുസ്തകമെഴുതാന്‍ വിവരം ശേഖരിക്കാന്‍ മിഡില്‍ ഈസ്റ്റിലെ രാജ്യത്ത് എത്തുന്നു. ആ രാജ്യത്ത് വരാന്‍ അയാളെ പ്രേരിപ്പിക്കുന്ന ഘടകം തന്‍റെ പഴയ കാല കാമുകി അവിടെ ഉണ്ടെന്ന് തന്നെയാണ്. അവളെ കണ്ടെത്താനുള്ള അന്വേഷണത്തിലൂടെയാണ് പാക്കിസ്ഥാനി റേഡിയോ ജോക്കിയായിരുന്ന സമീറ പര്‍വീണിന്‍റെ A spring with out smell എന്ന കൃതിയെ കുറിച്ച് പ്രതാപ് അറിയുന്നത്.ആ പുസ്തകം കണ്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും പ്രതാപിന് സാധിക്കാതെ പോകുന്നു. പിന്നീട് നടന്നത് ഇവിടെ വിവരിക്കുന്നില്ല.

പാക്കിസ്ഥാനില്‍ നിന്ന് വന്നെത്തിയ സമീറയുടെയും അവളുടെ ഓഫീസിലെ ഡ്രൈവര്‍ ആയിരുന്ന അലിയുടെയും സൗഹൃദത്തിന്‍റെയും എന്നാല്‍ പിന്നീടുണ്ടാകുന്ന കൊലപാതകങ്ങളുടെയും സംഘര്‍ഷങ്ങളുടെയുമെല്ലാം കഥപറയുകയാണ് മുല്ലപ്പു നിറമുള്ള പകലുകളിലൂടെ ബെന്യാമിന്‍ ചെയ്യുന്നത്.

ഈ കൃതി വായിച്ചു കഴിഞ്ഞപ്പോഴാണ് സമീറ പങ്കുവെക്കുന്ന ആ സംഭവ കഥ ഒന്നുകൂടെ വായിക്കണമെന്ന് തോന്നിയത്.
ഉഹ്‍ദ് യുദ്ദത്തില്‍ അടരാടി ശഹീദായ ഹംസത്തുല്‍ ()ന്‍റെയും അദ്ദേഹത്തിന്‍റെ വയറില്‍ കുത്തി പുറത്തെടുത്ത കരള്‍, കടിച്ചു ചവച്ച ഹിന്ദ് എന്ന വനിതയുടെ ക്രൂരതയുടെയും അതിന് പ്രവാചകന്‍ നല്‍കിയ മാപ്പിന്‍റെയും ചരിത്രം.

ഉഹ്‍ദ് യുദ്ധക്കളത്തില്‍ പാത്തും പതുങ്ങിയും ഹംസയെ അന്വേഷിച്ച് നടന്ന് വഹ്ശി തന്റെ ലക്ഷ്യം സ്ഥാനം പെട്ടെന്ന് കണ്ടെത്തി. പോരാട്ടത്തില്‍ ബദ്ധശ്രദ്ധനായിരുന്ന ഹംസയെ മറഞ്ഞ് നിന്ന വഹ്ശി കുന്തമെറിഞ്ഞ് വീഴ്ത്തി.പിടയുന്ന ഹംസയുടെ ശരീരത്തില്‍ നിന്നും കുന്തം വലിച്ചൂരിയെടുത്ത് വഹ്ശി ഹിന്ദിനെ തേടി നടന്നു.
ഹംസ()ന്‍റെ ഓരോ അംഗങ്ങളും ഛേദിച്ചെടുക്കുമ്പോള്‍ ഹിന്ദ് അട്ടഹസിച്ചു ചിരിച്ചു. അംഗഭംഗം വരുത്തിയ ശരീരത്തിന്റെ നെഞ്ച് ഹിന്ദ് വലിച്ച് പൊളിച്ചു.രാക്ഷസീയതയോടെ ഹംസ()യുടെ കരള്‍ വലിച്ച് പറിച്ചെടുത്തു. ആര്‍ത്തിയോടെ ചവച്ച് തുപ്പി‍...

പ്രവാചകന്‍ റസൂലിന്‍റെ പ്രിയപ്പെട്ട എല്ലാമെല്ലാമായിരുന്നു ഹംസ. എന്നിട്ടും അവര്‍ക്ക് മാപ്പ് കൊടുത്ത കാരുണ്യത്തിന്‍റെ വിശാലമായ ലോകമാണ് പ്രവാചകന്‍ പകര്‍ന്ന് നല്‍കിയിട്ടുള്ളത്.

സമീറക്ക് പ്രിയപ്പെട്ടവനായിരുന്നു അലി.അത്ര ഇഷ്ടവുമായിരുന്നു.അതുപോലെ തന്നെ ബാബയും.
പക്ഷെ അലി ശിയാ വിഭാഗത്തില്‍പ്പെട്ടയാളായിരുന്നു.സമീറയാവട്ടെ സുന്നിയും.
അഭ്യന്തര യുദ്ധത്തില്‍ സ്വന്തം പിതാവിനെ കൊന്നയാളായിട്ടും അലിക്ക് മാപ്പു നല്‍കണോ വേണ്ടയോ എന്ന ചിന്ത അവളെ അലട്ടുന്നുണ്ട്. കുടുംബവും സമൂഹവും രാഷ്ട്രവുമെല്ലാം സമീറക്കെതിരാകുമ്പോള്‍ അവള്‍ പ്രവാചകന്‍ മാപ്പ് നല്‍കിയ ഹിന്ദിനെ ഓര്‍ക്കുന്നു.

മതത്തിനകത്തെ വിഭാഗീയതകള്‍ പരിശോധിച്ചാലും കാര്യങ്ങള്‍ സങ്കീര്‍ണ്ണമാകും.ഇസ്‍ലാമികനത്തെ സുന്നി-ഷിയ ഭിന്നത ഉദാഹരണം.പേരിലെല്ലാവരും മുസ്ലിങ്ങളാണെങ്കിലും രണ്ടു കൂട്ടര്‍ക്കും കണ്ണെടുത്താല്‍ കണ്ടൂടാ.
മിഡില്‍ ഈസ്റ്റില്‍ നടക്കുന്ന കലാപങ്ങളുടെയും വിപ്ലവങ്ങളുടെയും അടിസ്ഥാന കാരണം അന്വേഷിക്കുമ്പോള്‍ ചെന്നെത്തുക സുന്നി-ഷിയാ സംഘട്ടനങ്ങളുടെ തുടര്‍ച്ചയാണെന്ന് മനസ്സിലാകും.ഇക്കാര്യം ചരിത്രപരമായി തന്നെ ബെന്യാമിന്‍ മുല്ലപ്പു നിറമുള്ള പകലുകള്‍ എന്ന നോവലില്‍ വിശദീകരിക്കുന്നു.

ശരാശരി മുസ്ലിങ്ങള്‍ക്കും ഇന്നും അവ്യക്തമായി നില്‍ക്കുന്ന വിഷയമാണ് സുന്നി-ഷിയ വിഭാഗങ്ങളും അവരുടെ രീതികളും.ഒരുപക്ഷെ അത്രമാത്രം ഹാര്‍ഡ്‍വര്‍ക്ക് ചെയ്തിട്ടാകും ബെന്യാമിന്‍ ,മതത്തിനുള്ളിലെ രാഷ്ട്രീയ വിഷയങ്ങളെ നോവലിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നത്.

ഓരോരുത്തരുടെയും ശരികള്‍ രൂപപ്പെടുന്നതിനു പിന്നില്‍ അവരുടെ ജീവിത സാഹചര്യങ്ങളും അനുഭവങ്ങളും പാഠങ്ങളും മനസ്സും ഒക്കെ ബന്ധപ്പെട്ടിരിക്കുന്നു അല്ലേ ജാവേദ്…

ഞാന്‍ കണ്ട ഇസ്ലാം നന്മയുടേതായിരുന്നു.
ക്ഷമയുടേതായിരുന്നു.
ഹിന്ദിനോടുപോലും ക്ഷമിച്ച പ്രവാചകനെയായിരുന്നു.
പിന്നെ എങ്ങിനെയാണ് അലിയുടെ ഇസ്ലാം വിദ്വേഷത്തിന്‍റെയും പകയുടേതുമാകുന്നത് ?
ഇസ്ലാമിനെ അങ്ങിനെ വ്യാഖ്യാനിക്കാന്‍ ആരാണ് അവരെ പഠിപ്പിച്ചത് ?
എന്തായാലും അത് പുറത്തു നിന്ന് വന്ന ആരും ആകില്ല.ഉള്ളില്‍ ഉള്ളവര്‍ തന്നെ ആയിരിക്കണം.

ഹിന്ദിനോട് ക്ഷമിച്ചതിന്‍റെ പേരില്‍ പ്രവാചകനെ കുറ്റം പറയാത്ത സമൂഹമായിരുന്നു അന്നുണ്ടായിരുന്നത്.