Thursday, August 2, 2018

സഖാവേ…. ഈ സമയത്താണോ ചരമ വാര്‍ത്ത അയക്കുന്നത് ?

രാത്രി പന്ത്രണ്ട് മണിയാകുമ്പോള്‍ അയച്ച ചരമ വാര്‍ത്തയുടെ ഫോട്ടോ കിട്ടിയോ എന്നറിയാന്‍ ജില്ലാ ആസ്ഥാനത്തെ ബ്യൂറോയിലേക്ക് വിളിച്ചതാണ്.അവിടെ പേജ് ചെയ്യുന്നതിന്‍റെ തിരക്കിലും പത്രം പ്രസിലേക്ക് പോകേണ്ടതിന്‍റെ ഡെഡ് ലൈന്‍ അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം അവശേഷിക്കുന്നതിന്‍റെ സമ്മര്‍ദ്ധത്തിലും തിരക്കിലുമായ സബ് എഡിറ്ററാണ് അല്‍പ്പം ഈര്‍ഷ്യയോടെ തന്നെ ഫോണില്‍ ചൂടാവുന്നത്.

അതിന് സഖാവേ.. ആള് മരിച്ച് കിട്ടൊന്നും വേണ്ടേ..?

എന്ന് തിരിച്ചടിച്ചത് എന്‍റെ പ്രിയ പത്രപ്രവര്‍ത്തക സുഹൃത്താണ്ആളിപ്പോഴും ഫീല്‍ഡില്‍ സജീവമായി രംഗത്തുള്ളതിനാല്‍ പേര് വെളിപ്പെടുത്തുന്നില്ല.
നമ്മുടെ പത്രത്തില്‍ മാത്രം ചരമ വാര്‍ത്തയും ഫോട്ടോയും വന്നില്ലെങ്കില്‍ നേരം പുലരുമ്പോഴേക്ക് മുകളില്‍ നിന്ന് വിളി വരും നമുക്കെന്താ ആ ചരമ വാര്‍ത്ത കിട്ടാതിരുന്നത്എന്താ ഫോട്ടോയില്ലാത്തത് എന്നൊക്കെ ചോദിച്ച് നമ്മുടെ ജോലിയുടെ കൊള്ളരുതായ്മകളെ കുറിച്ച് മുകളിലെ ഏമാമാര്‍ ദേഷ്യപ്പെട്ട് കൊണ്ടിരിക്കും.

ഈ പ്രശ്നം മറികടക്കാന്‍ വേണ്ടി മറ്റൊരു സുഹൃത്ത് താലൂക്കിലെ മുഴുവന്‍ വോട്ടര്‍മാരുടെയും ഫോട്ടോയുള്ള വോട്ടര്‍ പട്ടികയുടെ സിഡി ഉപയോഗിച്ച് അതിലെ ഫോട്ടോ എളുപ്പത്തില്‍ കണ്ടെത്തും.നമ്മള്‍ ആ നേരം മരണപ്പെട്ട വീട്ടിലേക്കോ ബന്ധുവീട്ടിലേക്കോ ഓടുംമൃതദേഹം കാണാനല്ല.മരിച്ചയാളുടെ ഫോട്ടോ കിട്ടാന്‍.അല്ലെങ്കില്‍ നാളെ രാവിലെ ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയാവും.
മരിച്ചയാളുടെ ബന്ധു അപ്പോള്‍ ബോധമുണ്ടോ ഇല്ലയോ എന്നതൊന്നും പരിഗണിക്കാതെ കഴുകനെപോലെ ആരെയെങ്കിലും ഒപ്പിച്ച് ഒരു ഫോട്ടോ സംഘടിപ്പിക്കും.

മറ്റവര്‍ക്കാര്‍ക്കും കിട്ടാത്ത ചരമ വാര്‍ത്തയും ഫോട്ടോയും തങ്ങളുടെ പത്രത്തില്‍ പ്രസിദ്ധീകരിച്ചുവന്നാല്‍ ബല്യ ക്രഡിറ്റായിരുന്നു അന്ന്ഇക്കാരണംകൊണ്ടു തന്നെ മറ്റു പത്രക്കാരന്‍ വന്ന് ഫോട്ടോ കിട്ടാതിരിക്കാന്‍ ആല്‍ബവും തിരിച്ചറിയല്‍ കാര്‍ഡുമൊക്കെ അവിടെ നിന്ന് അടിച്ചോണ്ട് പോവുകയും ചെയ്തവരുണ്ട്.

ഫോട്ടോ കിട്ടാന്‍ പോലീസില്‍ നിന്നാണെന്ന് വിളിച്ച് തന്ത്രം പയറ്റിയതു മുതല്‍ അവിടത്തെ സ്വാധീനമുള്ള കാരണവന്മാര്‍ ആരാണോ അവരെ സ്വാധീനിച്ച് മറ്റുള്ളവര്‍ക്ക് ഫോട്ടോ കിട്ടാതിരിക്കാനുമൊക്കെ ശ്രമിച്ചിരുന്നു.
ഇതൊക്കെ പഴയ കഥയല്ല.ഇന്നും നമ്മുടെ പത്രങ്ങളുടെ പ്രാദേശിക ലേഖകര്‍ ചെയ്തുവരുന്ന "ജോലികളാണ്.

ഇങ്ങിനെയൊക്കെ ശേഖരിച്ചു അയച്ചാലോ.. പിറ്റേ ദിവസം ഇതെ ഫോട്ടം മറ്റു പത്രങ്ങളിലും ചിലപ്പോള്‍ വരും.അതെങ്ങിനെ സംഭവിക്കുന്നു.
സംഭവം സിംപിള്‍.
രാവും പകലും നോക്കാതെ മരിച്ചവന്‍റെ വീട്ടില്‍ പോയി ഫോട്ടോ ശേഖരിച്ച് പിന്നീട് ടൗണിലെ ഇന്‍റര്‍നെറ്റ് കഫേക്കാരന്‍റെ കട വീണ്ടും തുറന്ന് അയച്ചത് ഡെസ്‍കില്‍ നിന്നതാ മറ്റു പത്രക്കാരന് ഷെയര്‍ ചെയ്തിരിക്കുന്നു.

പാവം പ്രാദേശിക ലേഖകന്‍അവനെന്നും സസി.
അവന്‍റെ പേര് പത്രത്തില്‍ അച്ചടിക്കില്ലഎല്ലാ പത്ര മാധ്യമങ്ങളും ഇങ്ങിനെയല്ലട്ടോ)
അവന് എഴുതിയ വാര്‍ത്ത വീശിക്കൊടുക്കില്ല.
അവന് കൃത്യമായി ശംബളമില്ല.
ഉള്ളതാണെങ്കില്‍ തുലോം തുച്ഛം.
യൂനിയനില്ല.
അവന് ജോലി സമയെന്നതുമില്ല.
അങ്ങിനെ ഇല്ലായ്മകളുടെ പെരുമഴയായിരിക്കും.

പ്രളയക്കെടുതി റിപ്പോര്‍ട്ട് ചെയ്ത് മടങ്ങിയതിനിടെ തിങ്കളാഴ്ച ഉച്ചയോടെയാണ് കല്ലറക്കടുത്ത് കരിയാറില്‍ തോണി മറിഞ്ഞ് മുങ്ങിമരിച്ച മാതൃഭൂമി പ്രാദേശിക ലേഖകന്‍ കടുത്തുരുത്തി പൂഴിക്കോല്‍ പട്ടശ്ശേരില്‍ സജി (46)യുടെയും കൂടെ യാത്ര ചെയ്ത ഡ്രൈവര്‍ ,ഇതുവരെ കണ്ടെത്താനാവാത്ത ബിപിന്‍ എന്നിവരുടെ മരണ വാര്‍ത്ത വായിക്കുമ്പോള്‍ പ്രാദേശിക പത്രപ്രവര്‍ത്തകനായി സേവനം ചെയ്ത കാലത്തെ സംഭവങ്ങളില്‍ ചിലത് ഓര്‍ക്കുകയാണ്.


എട്ട് വര്‍ഷം മുമ്പ് മലപ്പുറം ജില്ലയുടെ എടവണ്ണ ചാത്തല്ലൂരില്‍ ഉരുള്‍പ്പൊട്ടലുണ്ടായപ്പോള്‍ വാര്‍ത്ത തയ്യാറാക്കാന്‍ അയക്കപ്പെട്ട ലേഖനായിരുന്നു ഈയുള്ളവന്‍.റോഡുകള്‍ മരം വീണും ഇരുള്‍പൊട്ടിയ മണ്ണ് വന്നടിഞ്ഞും ബസ് പോലും കിട്ടാതിരുന്ന സ്വന്തമായി ബൈക്ക് പോലുമില്ലാതിരുന്ന കാലത്ത് വന്‍ തുക കൊടുത്ത ഓട്ടോ ടാക്സിപിടിച്ച് അവിടെയെത്തുമ്പോള്‍ ഒരു വീട് മുഴുന്‍ മണ്ണിനടിയിലായ കാഴ്ചയായിരുന്നു കണ്ടത്.വീടിലേക്ക് മണ്ണ് വന്നടിഞ്ഞ ഭാഗത്തിന്‍റെ ഫോട്ടോയെടുക്കാന്‍ കുന്ന് കയറിപോകുമ്പോള്‍ തൊട്ടടുത്തുള്ള മലയുടെ ഭാഗം നമ്മുടെ മുകളിലേക്കും വന്നടിഞ്ഞുപോകുമോയെന്ന സുരക്ഷാ മുന്‍കരുതലൊന്നും അന്നെടുത്തിരുന്നില്ലഅത്തരമൊരു ഫോട്ടോയെടുക്കാന്‍ പോയ സമയത്തായിരുന്നു മനോരമയുടെ വിക്ടര്‍ ജോര്‍ജ് ഉരുള്‍പൊട്ടലില്‍പ്പെട്ട് മരണപ്പെട്ടത്.

ആ മാസം ചിലവൊക്കെ എഴുതി പത്രമോഫീസിലേക്ക് അയച്ച് ശംബളം വാങ്ങാനെത്തിയപ്പോള്‍ കിട്ടിയ തുക 500 രൂപ.
ഇത് താങ്കളെടുത്തോളൂ എന്ന് പറഞ്ഞ് തന്നെയാണ് തിരികെ പോന്നത്.

വാര്‍ത്തകളുടെ സെന്‍റിമീറ്റര്‍ അകലം അളന്നാണല്ലോ അന്നുമിന്നും പ്രാദേശിക ലേഖകന്‍റെ ശംബളം.വാര്‍ത്ത ചെറുതായിപ്പോയാല്‍ അവന്‍റെ ശംബളം കുമ്പിളിലായിരിക്കും.


പത്രപ്രവര്‍ത്തകരെ കുറിച്ച് ട്രോളിറക്കുമ്പോള്‍ ഇക്കാര്യമൊക്കെ അത്തരമാളുകള്‍ എന്നെങ്കിലും നിങ്ങള്‍ ഓര്‍ത്തിടുമല്ലോ.

നിങ്ങളെല്ലാം ഉറങ്ങുമ്പോഴും ഉറങ്ങാതെ രാത്രിയുടെ യാമങ്ങളില്‍ വാര്‍ത്തകളുടെ ലോകത്ത് ഉണര്‍ന്നിരിക്കുന്നവരാണ് ഭൂരിഭാഗം പത്രപ്രവര്‍ത്തകരും.

യഥാര്‍ത്ഥത്തില്‍ പത്രപ്രവര്‍ത്തനം ഒരു ലഹരിയാണ്ആ ലഹരിക്കടിമപ്പെട്ടവര്‍ക്ക് അതുപേക്ഷിക്കുക അല്‍പ്പം പ്രയാസമായിരിക്കും.വ്യക്തിപരമായ പ്രശ്നങ്ങള്‍കുടുംബം,രാഷ്ട്രീയംമതം എല്ലാം മറന്ന് നിസ്വാര്‍ഥമായി സമൂഹത്തിന് വേണ്ടി ഇറങ്ങുന്നവരാണ് മാധ്യമപ്രവര്‍ത്തകരില്‍ നല്ലൊരു ഭാഗവും.

പ്രശ്നങ്ങള്‍ എവിടെയുണ്ടോ അത് അന്വേഷിക്കാനും അത് ലോകത്തെ അറിയിക്കാനും അതിലൊരു ഇംപാക്ട ഉണ്ടാക്കാനും അവര്‍ രാത്രിയെന്നോ പകലെന്നോ നോക്കാതെ ഓടും.

കിട്ടുന്ന ശംബളം അവര്‍ നോക്കിയല്ല ഇവരില്‍ ഭൂരിഭാഗവും ജോലി ചെയ്യുന്നത്.

പക്ഷെ മുങ്ങിമരിച്ചതുകൊണ്ടാവുംപ്രാദേശിക ലേഖകന്‍ ആയിട്ടും മാതൃഭൂമിയുടെ ആദ്യ പേജില്‍ ഇടം കിട്ടിയത്.ഇക്കാലത്തിനിടക്ക് മരണപ്പെട്ട എത്ര പ്രാദേശിക ലേഖകരുടെ വാര്‍ത്തകളാണ് ചരമ പേജില്‍ അല്ലാതെ ഇടം നേടിയത്.അവരെ ചരിത്രത്തിന്‍റെ വിസ്മൃതിയിലേക്ക് തള്ളുകയല്ലേ ചെയ്യാറുള്ളത് അതെസമയം ‍ഡെസ്കിലും മറ്റും ജോലി ചെയ്യുന്നവരെ അങ്ങിനെയാണോ പരിഗണിച്ചിട്ടുള്ളത്.
പ്രാദേശിക ലേഖകനെന്ന പേരില്‍ അവര്‍ക്കൊരു ഐഡന്‍റിറ്റിയെങ്കിലും നിങ്ങള്‍ നല്‍കാറുണ്ടോ?

അവര്‍ക്ക് ഒരു ഐഡി കാര്‍ഡെങ്കിലും നല്‍കാറുണ്ടോഇല്ലല്ലോ..
അവരെ പ്രാദേശിക ലേഖകന്‍ എന്ന പേരിലാണോ തൊഴില്‍ സ്ഥാപനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് അതോ കരാ‍ര്‍ ജീവനക്കാരനായിട്ടാണോ ?
എന്തുകൊണ്ടാണ് അവരെ സ്ഥിരം സ്റ്റാഫ് പരിഗണനയില്‍ കൊണ്ടുവരാത്തത് അവര്‍ക്ക് എന്തെങ്കിലും ആനുകൂല്യങ്ങള്‍ നിങ്ങള്‍ നല്‍കാറുണ്ടോ ?

ചോദ്യങ്ങളുടെ പട്ടിക ഇനിയും നീളും.
ഏത് തൊഴില്‍ ഇടങ്ങളിലെയും ചൂഷണത്തെ സംബന്ധിച്ച് പരംബര എഴുതുന്ന മ-പത്രങ്ങള്‍ പ്രാദേശിക ലേഖകരുടെ തൊഴില്‍ പ്രതിസന്ധികളെ കുറിച്ചും തൊഴില്‍ ചൂഷണത്തെ കുറിച്ചും പരമ്പര എഴുതാന്‍ തയ്യാറാകുമോ?

വാര്‍ത്താ റിപ്പോര്‍ട്ടിലെയോ പരസ്യത്തില്‍ അക്ഷരത്തെറ്റ് സംഭവിച്ചാലോ എല്ലാം കുറ്റം ചാരിയും അവന്‍റെ തുച്ഛമായ ശംബളത്തില്‍ നിന്ന് പിടിച്ച് പ്രാദേശിക ലേഖകനോട് നഷ്ടക്കണക്ക് മാത്രം പറഞ്ഞ് നിങ്ങള്‍ക്കുള്ള വരുമാനമെല്ലാം കൃത്യമായി കിട്ടുമ്പോഴും അവര്‍ക്ക് മാസങ്ങള്‍ കുടിശ്ശികയായിട്ടല്ലേ നല്‍കി വരാറുള്ളത്.

എന്തായാലും സജിയെന്ന പ്രാദേശിക ലേഖകന്‍റെ കുടുംബത്തോട് ആ സ്ഥാപനം എന്താണ് വരും ദിവസങ്ങളില്‍ ചെയ്യാന്‍ പോകുന്നതെന്ന് അറിയാന്‍ ആഗ്രഹമുണ്ട്.

കാത്തിരുന്ന് കാണാം.