Thursday, December 30, 2010

ഇ-ഭാഷ ശില്‍പ്പശാലയില്‍ ഡോ. ബി ഇഖ്‌ബാല്‍ നടത്തിയ പ്രഭാഷണം


കഴിഞ്ഞ ഡിസംബര്‍ 14 ന്‌ തൃശൂര്‍ സാഹിത്യ അക്കാദമി സംഘടിപ്പിച്ച ഇ-ഭാഷ സംസ്ഥാനതല സാഹിത്യ സെമിനാര്‍ ഉദ്‌ഘാടംചെയ്‌ത്‌ ഡോ.ബി ഇഖ്‌ബാല്‍ നടത്തിയ പ്രഭാഷണം




മലയാല്‍ സാഹിത്യ രംഗത്ത്‌ സാഹിത്യ അക്കാദമി നടത്തുന്ന ചരിത്രപരമായി ഏറെ പ്രധാന്യമുള്ള ഒരു ശില്‍പ്പശാലയാണിത്‌. ഭാഷാ വിദഗ്‌ദരും, സാങ്കേതികവിദ്യാ വിദഗ്‌ദരും, ഭാഷാ സ്‌നേഹികളും ഒരുമിച്ചുള്ള ഈ മുന്നേറ്റം സാഹിത്യരംഗത്തിന്റെ പുതിയ മാനം കുറിക്കുകയാണ്‌. സാങ്കേതി വിദ്യയെ അങ്ങേയറ്റം ഉപയോഗിക്കുകയും വൈജ്ഞാനിക തലത്തില്‍ വിമര്‍ശിക്കുന്നവരാണ്‌ മലയാളി. നമ്മള്‍ സാങ്കേതിക വിദ്യയെ വിമര്‍ശിക്കുന്നതിനു പകരം സഹകരിക്കുകയാണ്‌ വേണ്ടത്‌.
സാങ്കേതിക വിദ്യയെ ഭാഷയുമായി സന്നിവേശിപ്പിച്ച്‌ ഭാഷാ വളര്‍ച്ചക്ക്‌ ശ്രമിക്കുകയാണ്‌ വേണ്ടത്‌.
ഭാഷാരംഗത്ത്‌ സാങ്കേതിക വിദ്യ ഉപയോഗിക്കമ്പോള്‍ നേരിടുന്ന വെല്ലുവിളികളെ പരിഹരിച്ച്‌ മുന്നോട്ട്‌ കൊണ്ടുപോകണം. അല്ലാതെ മാറ്റി നിര്‍ത്തലല്ല. ടൈപ്പ്‌റേറ്റിംഗ്‌ യന്ത്രം വന്നപ്പോള്‍ എഴുത്തിലെ ഭാഷയില്‍ നിരവധി വെല്ലുവിളികളുണ്ടായി. എന്നാല്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വരവോടെ ഈ വെല്ലുവിളികള്‍ മാറ്റിയെടുക്കാന്‍ സാധിച്ചു.
ഉദാഹരണമായി ടൈപ്പ്‌ റേറ്റിംഗ്‌ യന്ത്രത്തില്‍ കുട്‌ ടന്‍ പിള്ള എന്നെഴുതിയിരുന്ന കാലം കുട്ടന്‍പിള്ള എന്നരൂപത്തിലേക്കെഴെതാന്‍ കഴിയുന്ന മാറ്റം വന്നു.

മലയാള ഭാഷയുടെ പുരോഗതിക്കും, മലയാളത്തനിമയിലേക്ക്‌ തിരിച്ചുകൊണ്ടുവരാനും വിവര സാങ്കേതിക വിദ്യക്കു സാധിക്കും.വിവര സാങ്കേതിക വിദ്യയുടെ വരവോടെ ഭാഷ നശിക്കുന്നു എന്ന ഭാഷാ പണ്ഡിതരുടെ നിലപാട്‌ ശരിയല്ല. ഭാഷ ആശയ വിനിമയത്തിനുള്ള ഉപധിയാണെങ്കില്‍ അത്‌ കൂടുതല്‍ വിപുലപ്പെടുത്താന്‍ സാധിക്കുന്നത്‌ വിവര സാങ്കേതിക വിദ്യയിലൂടെയാണ്‌. ഇക്കാരണത്താല്‍ വിവരസാങ്കേതിക വിദ്യയേയും ഭാഷയേയും ഒഴിച്ചു നിര്‍ത്തനാവില്ല.
ഭാഷക്ക്‌ സാങ്കേതിക വിദ്യയേയും, സാങ്കേതികവിദ്യക്ക്‌ ഭാഷയേയും ഉപയോഗപ്പെടുത്താന്‍ സാധിക്കണം.

പ്രസിദ്ധ ഭാഷാ പണ്ഡിതന്‍ ഡേവിഡ്‌ ക്രിസ്റ്റല്‍ ഭാഷ നിലനില്‍ക്കണമെങ്കില്‍ മൂന്ന്‌ കാര്യങ്ങളാണ്‌ മുമ്പോട്ട്‌ വെച്ചത്‌. ഒരു ഭാഷ നിലനില്‍ക്കണമെങ്കില്‍ പ്രസ്‌തുത ഭാഷക്ക്‌ വിദ്യാഭ്യാസ രംഗത്ത്‌ ശക്തമായ സാനിധ്യം അനിവാര്യമാണ്‌. കൂടാതെ ഭാഷാ സാക്ഷരത ഉറപ്പുവരുത്തുന്നതോടൊപ്പം ഭാഷയെ സാങ്കേതിക വിദ്യയുമായി ബന്ധിപ്പിക്കണമെന്നാണ്‌ ഡേവിഡ്‌ ക്രിസ്റ്റല്‍ മുന്നോട്ട്‌ വെച്ച പ്രധാന നിര്‍ദ്ദേശങ്ങള്‍.

വിവരസാങ്കേതികവിദ്യ വിജ്ഞാന മഹാസരണി, ആശയവിനിമയം, ഭരണ നിര്‍വഹണം, വിദ്യാഭ്യാസം, ആരോഗ്യം, വിനോദം തുടങ്ങിയ മേഖലകളിലെല്ലാം ഒഴിവാക്കാന്‍പറ്റാത്ത സാങ്കേതികവിദ്യയായി മാറിയിട്ടുണ്ട്‌. വിവര സാങ്കേതിക രംഗത്തെ വളര്‍ച്ചയിലെ സുപ്രധാനമായ കണ്ടുപിടുത്തം നടത്തിയ ടീം ബേര്‍ണേഴ്‌സ്‌ ലിയുടെ വേള്‍ഡ്‌ വൈഡ്‌ വെബ്‌ എന്ന ആശയം പ്രാവര്‍ത്തികമായതോടെ വായനരംഗത്തും, എഴുത്തിന്റെ രംഗത്തും വലിയ മാറ്റങ്ങളുണ്ടായി. തിരമൊഴി വായനയില്‍ നിന്ന്‌ തിരവായനയിലേക്ക്‌ മാറ്റം സംഭവിച്ചു. അച്ചടിത്താളില്‍ നിന്ന്‌ തിരത്താളിലേക്കും , പിന്തുടര്‍ച്ചാ സംസ്‌കൃതിയില്‍ നിന്ന്‌ ശൃംഖല സംസ്‌കൃതിയിലേക്കും, അടഞ്ഞ വായനയില്‍ നിന്ന തുറന്ന വായനയിലേക്കും മാറ്റം വന്നതോടെ എവിടെയും ബഹുസ്വരത നിലനില്‍ക്കുന്നു.

വിവരശാങ്കേതിക വിദ്യയിലെ ഭാഷകളുടെ ഉപയോഗത്തില്‍ വിവരവിനിമയ രംഗത്തെ അസമത്വം ഇല്ലാതാക്കണം. ഇതിനായി പ്രാദേശിക ഉള്ളടക്കവും, എല്ലാവര്‍ക്കും പ്രാപിതമാക്കാനും, ലളിതമായ രീതി അവലംബിക്കാനും സാധിക്കണം. വിവര സാങ്കേതിക വിദ്യയുടെ വ്യാപനത്തോടെ സമൂഹത്തില്‍ രണ്ടു വിഭജനം നിലനില്‍ക്കുന്നുണ്ട്‌. മാര്‍ക്‌സ്‌ പ്രഖ്യയപിച്ചതുപോലെ ഐടി അറിയുന്നവനും, അറിയാത്തവനും എന്നിങ്ങനെയാണ്‌ ഈ വിഭജനം നില്‍നില്‍ക്കുന്നത്‌.സേവന ലഭ്യതയിലൂടെയും പൊതു സ്ഥലങ്ങളിലെ ലഭ്യതയിലൂടെയും ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും.

മലയാളം യൂണിക്കോഡിന്റെ വരവോടെ സാസംകാരികമായ ഏകീകരണത്തിന്‌ സാധിക്കുന്നുണ്ട്‌. കൂടാതെ അറിവിന്റെ കുത്തകവല്‍ക്കരണം ഇന്ന്‌ അവസാനിക്കുകയും സ്വതന്ത്ര സോഫ്‌ട്‌്‌വെയുറുകളുടെ വ്യാപനവും വന്നതോടെ പങ്കവെക്കലിന്റെയും, സ്വാതന്ത്ര്യത്തിന്റെയും ഫിലോസഫി യാഥാര്‍ഥ്യമായി തുടങ്ങിയിട്ടുണ്ട്‌.
വിവരസാങ്കിക വിദ്യയോടുള്ള മലയാളിയുടെ ചിന്തയെ ഡിജിറ്റല്‍ തിങ്കിംഗ്‌ എന്ന്‌ വിശേഷിപ്പിക്കാം. ഒന്നുകില്‍ പൂജ്യം അല്ലെങ്കില്‍ ഒന്ന്‌ എന്നിങ്ങനെയുള്ള രീതിയില്‍ ഒന്നുകില്‍ സാങ്കേതിക വിദ്യയെ പാടെ തിരസ്‌ക്കരിക്കുക അല്ലെങ്കില്‍ പൂജിക്കുന്ന രീതിയാണുള്ളത്‌.

വിവരസാങ്കേതിക വിദ്യയിലൂടെ ഭാഷ വികസനം നേടാനുള്ള വിഷയത്തില്‍ സാങ്കേതികവിദ്യ വികസനത്തിലെ പരിമിതികളായിരുന്നു മറ്റൊരു പ്രശ്‌നം. ഭാഷാ സമൂഹം ഇടപെടാത്തതിനാലും, വ്യക്തമായ ആസൂത്രണമില്ലായ്‌മയും, സാമൂഹ്യ ഇടപെടലിന്റെ അഭാവവുമായിരുന്നു ഈ പ്രശ്‌നത്തിന്‌ പ്രധാന കാരണം. സ്വത്വ ബോധത്തിന്റെ രാഷ്ട്രീയം ചര്‍ച്ചചെയ്യുന്ന മലയാളികള്‍ വിവരസാങ്കേതിക വിദ്യയെ കുറിച്ച്‌ ചര്‍ച്ചചെയ്യാത്തതാണ്‌ സാമഹ്യ ഇടപെടലില്‍ പ്രധാനമായിട്ടുള്ളത്‌.
ഇക്കാരണത്താല്‍ സാങ്കേതിക വിദ്യയിലൂടെ ഭാഷാപരമായ പുരോഗതി കൈവരിക്കാന്‍ ശക്തമായ ഇടപെടലുകള്‍ അനിവാര്യമാണ്‌. അക്ഷയ പദ്ധതിയിലൂടെയും, ഐടി@സ്‌കൂള്‍ മുഖേനയും ലക്ഷക്കണക്കിന്‌ ഐടി സാക്ഷരത നേടിയ സമൂഹം കേരളത്തെ സംബനധിച്ചിടത്തോളം വളരെ അനുകൂലമായ കാര്യമാണ്‌. ഭാഷാ സാങ്കേതിക വിദ്യ വ്യാപിപ്പിച്ചും, സാഹിത്യത്തിന്റെ ഉള്ളടക്ക വിശാലതയിലൂടെയും, സംവാദം സംഘടിപ്പിച്ചും സാഹിത്യ അക്കാദമിപോലെയുള്ള സ്ഥാപനങ്ങള്‍ക്ക്‌ ഇതില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ സാധിക്കും.

ഭാഷാ വികസനത്തിനും, ക്ലാസിക്കല്‍ പദവി ലഭിക്കുന്നതിനും വേണ്ടി ഡെല്‍ഹിയില്‍ പോകുന്നതിന്‌ പകരം സര്‍ക്കാര്‍ ഭാഷാ സാങ്കേതിക നയം രൂപീകരിച്ച്‌ മുന്നോട്ടുപോകുകയാണ്‌ വേണ്ടത.്‌ തമിഴ്‌ നാട്‌പോലും ഇക്കാര്യത്തില്‍ ശ്രദ്ധചെലുത്തുന്നുണ്ട്‌. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അഭിപ്രായ സമന്വയം രൂപവത്‌ക്കരിച്ച്‌ പ്രവര്‍ത്തിക്കുകയാണ്‌ വേണ്ടത്‌.

Friday, December 10, 2010

വിദ്യാഭ്യാസം പൊളിച്ചെഴുതണം



1991 ഈപ്രില്‍ 18. അന്നൊരു വെള്ളിയാഴ്‌ചയായിരുന്നു. കോഴിക്കോട്‌ മാനാഞ്ചിറ സ്‌ക്വയറിലെ പച്ചവിരിച്ച മൈതാനത്ത്‌ വന്‍ജനാവലി സംഗമിച്ചു. ഒരു ചരിത്ര മുഹൂര്‍ത്തത്തിന്റെ ചുവടുവെപ്പായിരുന്നു അത്‌. കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയെന്ന പ്രഖ്യാപനം. ആയിരങ്ങളെ സാക്ഷിയാക്കി ഏറനാട്ടിലെ ചേലക്കോടന്‍ ആയിഷ എന്ന എഴുപതുകാരിയായരുന്നു ആ മഹത്തായ പ്രഖ്യാപനം നടത്തിയത്‌.പഠനത്തിന്‌ പ്രായ ഭേദമില്ലെന്ന്‌ തെളിയിച്ച അവര്‍ സാക്ഷരതക്കുപുറമെ കമ്പ്യൂട്ടര്‍ സാക്ഷരതയും സ്വയത്തമാക്കിയത്‌ വലിയ മാതൃകയാണ്‌.

അറിവ്‌ സമ്പാദിക്കാത്തവരായി ആരും തന്നെയില്ല. ജീവിതത്തിലെ ഓരോ ദിനങ്ങളിലും വിവിധങ്ങളായ അറിവുകളാണ്‌ നാം ഓരോരുത്തരും കണ്ടെത്തുന്നത്‌. ഒരു വ്യക്തി അനുഭവത്തിലൂടെ സ്വാശീകരിക്കുന്ന വ്യവഹാര പരിവര്‍ത്തനത്തെയാണ്‌ പഠനമെന്നത്‌കൊണ്ട്‌ മനശാത്രത്തില്‍ പൊതുവെ നിര്‍വചിച്ചുവരുന്നത്‌. വിജ്ഞാനമാര്‍ജിക്കാനുള്ള ത്വര മലയാളിയുടെ കൂടെപിറപ്പാണ്‌. ജീവിക്കാന്‍ അനുഗുണമാണെങ്കില്‍ ഏത്‌ തരം വിജ്ഞാനം സമ്പാദിക്കാനും, തൊഴില്‍ ചെയ്യാനും മലയാളി തയ്യാറാണ്‌. കേരളത്തിലെ പത്ത്‌ ശതമാനത്തോളം ജനത ഗള്‍ഫ്‌നാടുകളില്‍ മാത്രം കഴിയുന്നു എന്നത്‌ ഇതിന്റെ ഉദാഹരണമാണ്‌.

മനുഷ്യനെ സംസ്‌ക്കരിക്കുന്ന പ്രകിയയാണ്‌ വിദ്യാഭ്യാസം. മനുഷ്യനിലെ സമ്പൂര്‍ണ്ണതയുടെ ആവിഷ്‌ക്കാരമാണ്‌ വിദ്യാഭ്യാസമെന്ന്‌ സ്വാമി വിവേകാനന്ദന്‍ വിദ്യഭ്യാസത്തെ നിര്‍വചിച്ചു. സ്‌കൂളില്‍പോയിമാത്രം പഠനം നടത്തുന്ന ഒരു പ്രക്രിയായി വിദ്യഭ്യാസത്തെ ചുരുക്കുന്നത്‌ ശരിയല്ല.തൊഴില്‍പരം, വിജ്ഞാന സമ്പാദനം, ആത്മസാക്ഷാത്‌ക്കാരം, സാമ്പത്തിക കാര്യക്ഷമത, വ്യക്തിത്വ വികസനം തുടങ്ങി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍ നിരവധിയാണ്‌. മനുഷ്യ ജീവിതത്തിന്റെ ഓരോ തത്വചിന്തക്കും വ്യത്യസ്‌തമായി വിദ്യഭ്യാസ ലക്ഷ്യങ്ങളിലും പ്രകടമായ മാറ്റങ്ങള്‍ ലോകത്ത്‌ സംഭവിച്ചിട്ടുണ്ട്‌. കേവലമായ അക്കാദമിക ജ്ഞാനത്തിനപ്പുറം മനുഷ്യനെ സംസ്‌കരിക്കുന്ന ഒരു പ്രക്രിയായി വിദ്യാഭ്യാസം എക്കാലത്തും നിലകൊണ്ടിട്ടുണ്ട്‌ .

ഒരു തലമുറയില്‍ നിന്ന്‌ അടുത്ത തലമുറയിലേക്ക്‌ സംസ്‌കാരം പകര്‍ന്നു നല്‍കപ്പെടുന്നത്‌ വിദ്യാഭ്യാസത്തിലൂടെയാണ്‌. ഈ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍ ഏതെങ്കിലും സമൂഹത്തില്‍ സാസ്‌കാരിക അപചയം സംഭവിച്ചിട്ടുണ്ടെങ്കില്‍ അവിടുത്തെ വിദ്യാഭ്യാസ പ്രകിയയിലെന്തോ കാര്യമായ കുഴപ്പങ്ങളുണ്ടെന്ന്‌ വേണം കരുതാന്‍. ഒരു സമൂഹത്തന്റെ സമഗ്രതയാണ്‌ സംസ്‌കാരം. വ്യക്തികളുടെ സ്വഭാവരീതികള്‍, വസ്‌ത്രധാരണം, ജീവിതരീതികള്‍, ഭാഷ, ആചാരങ്ങള്‍, വിനോദങ്ങള്‍, വിശ്വാസങ്ങള്‍ തുടങ്ങിയവയുടെയെല്ലാം ആകെതുകയാണ്‌ സംസ്‌കാരം. മനുഷ്യന്റെ ഉത്ഭവം മുതല്‍ മനുഷ്യന്റെ സംസ്‌കാരവും ആരംഭിച്ചിട്ടുണ്ട്‌.

എന്നാല്‍ വിദ്യാഭ്യാസ രംഗത്തും, ശാസ്‌ത്ര-സാമൂഹ്യ രംഗത്തും ഏറെ പുരോഗതി കൈവരിച്ച ഇന്നത്തെ മനുഷ്യ ജീവിതത്തിന്റെ സ്ഥിതിവിശേഷം എവിടെയാണ്‌ എത്തിനില്‍ക്കുന്നത്‌ ?.
സാംസ്‌കാരികമായ ജീര്‍ണ്ണതായാണ്‌ എങ്ങും. കളവ്‌, പിടിച്ചുപറി, മദ്യം, മയക്കുമരുന്ന്‌, ആത്മഹത്യ, പീഢനങ്ങള്‍, സൈബര്‍കുറ്റകൃത്യങ്ങള്‍ തുടങ്ങി ദിനം പ്രതി കുറ്റകൃത്യങ്ങളും പുതുതായി രൂപപ്പെട്ട്‌ വരുന്നു.ഓരോ പുതിയ സാങ്കേതിക വിദ്യ രൂപം പ്രാപിക്കുമ്പോഴും പുതിയ കുറ്റകൃത്യങ്ങള്‍ക്ക്‌ അത്‌ എങ്ങിനെ പ്രയോചനപ്പെടുത്താമെന്ന്‌ ചിന്തിക്കുന്ന ഒരു തലമുറയും വളര്‍ന്നുവരുന്നുണ്ടെന്നത്‌ ഗൗരവമായി ചിന്തിക്കണ്ടിയിരിക്കുന്നു. മനഷ്യന്റെ നന്മകള്‍ക്കുവണ്ടിയാകണം സാങ്കേതിക വിദ്യഉപയോഗപ്പെടുത്തണ്ടത്‌. എന്നാല്‍ ദിനം പ്രതിയുള്ള മാധ്യമ വാര്‍ത്തകളില്‍ പുതിയ സാങ്കേതിക വിദ്യകളുപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദിച്ചുവരുന്നതായി കാണാന്‍ സാധിക്കും. വിദ്യാഭ്യാസരംഗത്തെ പുരോഗനാത്മകമായ നേട്ടങ്ങള്‍ ശാസത്രരംഗത്തും, വ്യവസായ രംഗത്തും പുതു പ്രവണതകള്‍ക്ക്‌ വഴിവെക്കുന്നു.പക്ഷെ ഇത്തരത്തില്‍ പുരോഗതി കൈവരിക്കുന്നതിനനുസരിച്ച്‌ നമ്മുടെ സമൂഹത്തിന്‌ വിവേകം നഷ്ടപ്പെട്ടുതുടങ്ങിയിട്ടുണ്ടോ...?
ആധുനികതയുടെയും, പരിഷ്‌ക്കരണത്തിന്റെയും പിന്നാലെയുള്ള പ്രയാണത്തില്‍ വിവേകം നഷ്ടപ്പെട്ട്‌ തുടങ്ങിയതോടെ സാംസ്‌കാരിക ജീര്‍ണ്ണതയിലേക്കും, മനുഷ്യ നാശത്തിലേക്കുമാണ്‌ മനുഷ്യനെ നയിക്കുന്നത്‌. സദാചാരം എന്നൊന്നില്ല എന്ന തത്വം സ്ഥാപിക്കാനുള്ള നീക്കം വിവിധ കോണുകളില്‍ നിന്ന്‌ പരിഷ്‌ക്കരണത്തിന്റെപേരില്‍ ഉയരാന്‍ തുടങ്ങിയിരിക്കുന്നു.മൂല്യബോധത്തിന്റെ തിരസ്‌ക്കരണമാണ്‌ പേടിപ്പെടുത്തുന്നത്‌. സദാചാരബോധത്തെ കുറിച്ച്‌ സംസാരിക്കാന്‍പോലും പറ്റാത്ത സ്ഥിതിവിശേഷം ഉടലെടുത്ത്‌കൊണ്ടിരിക്കുന്നു. യാഥാസ്ഥികരെന്ന്‌ വിശേഷിപ്പിച്ച്‌ പരിഹാസപ്പെടുത്തി നിരുത്സാഹപ്പെടുത്തുന്ന പ്രവര്‍ത്തനമാണ്‌ പരിഷ്‌ക്കരണവാദികള്‍ എന്ന്‌ അവകാശപ്പെടുന്നവരില്‍ ചിലര്‍ തുടര്‍ന്നുവരുന്നത്‌. സാംസ്‌കാരിക രംഗത്തെ പ്രധാനികള്‍ എന്ന്‌ അവകാശപ്പെടുന്ന സാഹിത്യരംഗത്ത്‌ ഈ പ്രവണത അല്‍പംകൂടി കൂടുതലാണെന്ന്‌ പറഞ്ഞാല്‍ അത്‌ അതിശയോക്തിയാകില്ല. ആഘോഷദിവസങ്ങളിലും, അല്ലാതെയും മദ്യം ഉപയോഗിക്കുന്ന സംസ്‌ക്കാരം ഇന്ന്‌ നമുക്ക്‌ അന്യമല്ലാതെയായിതീരുന്നു. മദ്യവിരുദ്ധ പ്രസംഗമോ, പ്രതികരണമോ നടത്തിയാല്‍ അദ്ധേഹത്തെ യാഥാസ്ഥികനായും, പഴഞ്ചനായും ചിത്രീകരിക്കുന്നു.

ധാര്‍മ്മിക ബോധത്തിന്റെ തിരിനാളം അണയുന്നിടത്താണ്‌ തിന്മകളുടെയും, കുറ്റകൃത്യങ്ങളുടെയും എണ്ണം പെരുകിവരുന്നത്‌. അതിനാല്‍ ധാര്‍മികബോധപ്രവര്‍ത്തനങ്ങള്‍ പൂര്‍വാധികം ശക്തിപ്രാപിച്ചാല്‍ മാത്രമെ ഈ പ്രശ്‌നത്തിന്‌ പരിഹാരം കാണാന്‍ സാധിക്കൂ. അറിവില്ലാതെ ചെയ്യുന്ന തെറ്റുകളേക്കക്കാള്‍ ഭീകരമായതാണ്‌ അറിവുള്ളവന്റെ തെറ്റുകള്‍. കുറ്റം ചെയ്യുന്നവരെ ശിക്ഷിക്കാന്‍ ഭൗതിക ലോകത്ത്‌ ഔദ്യോഗിക നിയമ സംവിധാനങ്ങളാണ്‌ ഉപയോഗിച്ചുവരുന്നത്‌. എന്നാല്‍ ഇവ പലപ്പോഴും അപ്രായോഗിഗമാണ്‌. വിശന്നുവലഞ്ഞ ഒരുത്തന്‍ ഒരു നേരത്തെ അന്നത്തിനായി തൊട്ടടുത്തുള്ളവന്റെ തോട്ടത്തില്‍ നിന്ന്‌ എന്തെങ്കിലുമെടുത്ത്‌ ഭക്ഷിച്ചാല്‍ അവനെ ശിക്ഷിക്കാന്‍ നമ്മുടെ നിയമ സംവിധാനത്തിന്‌ കഴിയുമ്പോള്‍ ആയിരക്കണക്കിന്‌ കോടികള്‍ മോഷ്ടിച്ചവരെയേ, അഴിമതി നടത്തിയവരേയോ ശിക്ഷിക്കാന്‍ നമ്മുടെ നീതിന്യായ വ്യവസ്ഥക്കു പലപ്പോഴും കഴിയാറില്ല. ഈയൊരു പശ്ചാത്തലത്തില്‍ കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുന്നതിന്‌, മികച്ച സംസ്‌ക്കാരമുള്ള തലമുറ സൃഷ്‌ടിക്കുന്നതിന്‌ അല്‍പമെങ്കിലും ധാര്‍മിക ബോധം കാത്ത്‌ സൂക്ഷിക്കുന്ന സമൂഹത്തിന്റെ സൃഷ്ടിയാണ്‌ നമുക്കാവശ്യം. മനുഷ്യന്റെ അസ്ഥിത്വം തിരിച്ചുപിടിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം വിദ്യാഭ്യാസമാണ്‌. മനുഷ്യ മനസ്സാണ്‌ മാറേണ്ടത്‌. മാനസികമായ മാറ്റം പെരുമാറ്റത്തിലും, ശീലങ്ങളിലുമെല്ലാം മാറ്റം വരുത്തും. മനശാസ്‌ത്രജ്ഞന്മാര്‍ നിര്‍വചിച്ചപോലെ അനുഭവങ്ങളിലൂടെ സ്വഭാവത്തില്‍ മാറ്റം വരുത്താനുതകുന്ന പഠനാനുഭവങ്ങള്‍ വിദ്യാര്‍ഥി സമൂഹത്തിന്‌ ലഭിക്കണം. വ്യക്തികളിലെ മാറ്റമാണ്‌ സമൂഹത്തിലെ മാറ്റത്തിലേക്ക്‌ വഴിവെക്കുന്നത്‌.സമൂഹത്തിന്റെ മാറ്റം സംഭവിക്കുമ്പോള്‍ സമഗ്രമേഖലയിലും മാറ്റം സംഭവിക്കുന്നു. ഭൗതികമായ പഠനത്തോടൊപ്പം, ധാര്‍മിക-മത മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്ന വിദ്യാഭ്യാസം ഓരോ വിദ്യാര്‍ഥിക്കും ലഭിക്കണം. അപ്പോള്‍ മാത്രമെ വരും തലമുറയില്‍ ഉത്തമ പൗരന്മാരെ വാര്‍ത്തെടുക്കാന്‍ സാധിക്കൂ.

Thursday, December 2, 2010

പത്രസ്വാതന്ത്ര്യത്തിനായി അണിചേരുക.


പത്ര/മാധ്യമ പ്രവര്‍ത്തകയായ കെ കെ ഷാഹിനയുടെ തൊഴില്‍ പരമായ ഒരു പ്രതിസന്ധി അവരുടേത് മാത്രമല്ല, മൊത്തം പത്രസ്വാതന്ത്ര്യത്തിന് നേരെയുള്ള ഭരണകൂട കടന്നു കയറ്റമാണ്.
ഇതുമായി ചേര്‍ന്ന് ഒരു ചര്‍ച്ച ഒരു സംഘം മാധ്യമ സ്‌നേഹികള്‍ ഗൂഗിള്‍ ഗ്രൂപ്പില്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായി ഡോ.ആര്‍ വി ജി മേനോന്‍ തയാറാക്കിയ പത്രക്കുറിപ്പ് ഇവിടെ പകര്‍ത്തുന്നു.
താങ്കളുടെ പിന്തുണയും പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ബ്ലോഗിലും ഇത് പകര്‍ത്തിയിടുക.

*ഇത് പത്ര സ്വാതന്ത്ര്യത്തിന്‍മേലുള്ള പോലീസ് ടെററിസം*

ബാംഗ്ലൂര്‍ സ്ഫോടന കേസ് സംബന്ധിച്ച് അറസ്റ്റു ചെയ്യപ്പെട്ട മദനിയെ ആ
സംഭവവുമായിബന്ധിപ്പിക്കുന്നത് എന്ന്‌ കര്‍ണാടക പോലീസ് അവകാശപ്പെടുന്ന പ്രധാന കണ്ണി
മദനിയുടെ കുടക് യാത്രയാണ്.
മദനിയെ കുടകില്‍ കണ്ടു എന്ന്‌ ‌ കര്‍ണാടക പോലീസ്പറയുന്ന സാക്ഷികളോട് നേരിട്ട് അന്വേഷിച്ചു കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മുതിര്‍ന്ന ടെഹെല്കയുടെ റിപ്പോര്ടരായ ഷാഹിനയെ, സാക്ഷികളെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന്‌ ആരോപിച്ചു കേസില്‍ കുടുക്കാനുള്ള കര്‍ണാടക പോലീസിന്റെ ശ്രമം അത്യന്തം അപലപനീയമാണ്. ഇത് പത്ര സ്വാതന്ത്ര്യത്തിന്റെ മേലുള്ള ആക്രമണം ആണെന്ന് ഞങ്ങള്‍ കരുതുന്നു. പൊതു
താത്പര്യമുള്ള കേസുകളില്‍ പോലീസുകാര്‍ നല്‍കുന്ന വിവരങ്ങള്‍ അപ്പടി പകര്‍ത്തുകയല്ല ഉത്തരവാദിത്വമുള്ള റിപ്പോര്ട്ടരുടെ ധര്‍മം. അതിന്റെ സത്യാവസ്ഥസ്വയം അന്വേഷിച്ചു ബോധ്യപ്പെടുക എന്നത് പത്ര പ്രവര്‍ത്തകരുടെ ചുമതലയാണ്. അത് നിര്‍വഹിക്കാന്‍ ശ്രമിച്ച ഷാഹിനയെ ഭീഷണിപ്പെടുത്തുന്നതും കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതും സ്വതന്ത്രമായ പത്രപ്രവര്തനത്തെ ഭയപ്പെടുന്ന ഫാസിസ്റ്റു രീതികളാണ്. ഇത്തരം പ്രവണതകളെ മുളയിലെ നുള്ളി കളഞ്ഞില്ലെങ്കില്‍ അത് ജനാധിപത്യത്തിന് തന്നെ ഭീഷണിയാകും എന്ന്‌ ഞങ്ങള്‍ ഭയപ്പെടുന്നു. അതുകൊണ്ട് ഇതിനെ കേവലം ഷാഹിനയുടെയോ ടെഹെല്‍കയുടെയോ പ്രശ്നം എന്നതിലുപരി പത്ര സ്വാതന്ത്ര്യത്തിന്റെ പ്രശ്നം എന്ന നിലയില്‍ കണ്ട് ജനാധിപത്യത്തെ മാനിക്കുന്ന സര്‍വരും ഈ നീക്കത്തിനെതിരെ പ്രതിഷേധിക്കണം എന്ന്‌ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

(ഫോര്‍ത്ത് എസ്റ്റേറ്റ് ക്രിട്ടിക് എന്ന ഗൂഗിള്‍ സംഘ ചര്‍ച്ചാ വേദിയിലെ അംഗങ്ങള്‍ തയാറാകിയത്)