Tuesday, November 5, 2013

ലിറ്റില്‍ മാസിക


ലിറ്റില്‍ മാസികയുടെ ഓക്ടോബര്‍ ലക്കത്തില്‍  വിക്കിപീഡിയയും ഡിജിറ്റല്‍ ആക്ടിവിസവും പ്രധാന വിഷയങ്ങളായിരിക്കുന്നു.കോപ്പി ലെഫ്റ്റ് നയം സ്വീകരിക്കുന്ന വ്യത്യസ്തമായ മാസികയാണിത്.പരസ്യങ്ങളില്ലാതെ വരിസംഖ്യ കൊണ്ട് മാത്രം നിലനിന്ന് പോരുന്നു.
മികച്ച ലേഖനങ്ങള്‍.
ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്കിക്കോളൂ......

കഴിയുന്നവര്‍ 150 രൂപ അടച്ച് മാസികയെ സഹായിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.ഇത്തരം മാസികകള്‍ കാലത്തിന്റെ ആവശ്യകതയാണ്.

ബാങ്ക് അക്കൗണ്ട് നമ്പര്.0857101067932
IFC Code CNRB0000857
കനറാ ബാങ്ക് , എടക്കര ബ്രാഞ്ച്.മലപ്പുറം


മാസികയുടെ ഇമെയില് വിലാസം
littlemasika@gmail.com
ഫോണ് 9946428284,8547300532

ഒക്ടോബര്‍ ലക്കത്തിലെ ആദ്യ ഏഴ് പേജുകള്‍ സ്‌കാന്‍ ചെയ്ത ഫയല്‍ താഴെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.റെസലൂഷന്‍ 150 കൊടുത്തതിനാല്‍ വായിക്കാന്‍ കഴിയുന്നുണ്ടോ എന്നറിയില്ല.

Monday, August 19, 2013

രാജന്‍ മാഷുടെ വിചിത്ര ശില്‍പ്പങ്ങള്‍


 ഒരു തെറ്റ് മാത്രമാണ് രാജന്‍ മാസ്റ്റര്‍ പറ്റിയത്.
കലാ പഠനം ക്ലാസില്‍ മാത്രം ഒതുക്കി നിര്‍ത്തേണ്ടതല്ലെന്നായിരുന്നു എന്നതായിരുന്നു ആ തെറ്റ്.

കടലാസുകളിലെ ചിത്രങ്ങളെ അദ്ദേഹം ശില്‍പ്പങ്ങളാക്കിമാറ്റാന്‍
തുടങ്ങി.ചിത്ര കലയോടൊപ്പം ശില്‍പ്പ കലയിലേക്ക് കൂടി തന്റെ സര്‍ഗാത്മക
കഴിവുകളെ വികസിപ്പിച്ചു.

മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് എളങ്കൂര്‍ ചാരങ്കാവ് പിഎംഎസ്എ
ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ചിത്രകലാ അധ്യാപകനാണ് രാജന്‍ മാഷ്.
സ്‌കൂളിനടുത്ത് താമസിച്ചിരുന്ന മുറിയോട് ചേര്‍ന്ന് ആദ്യമാദ്യം ഓരോ
മുയലുകളും ചെറിയ ജീവികളും വളര്‍ന്നുവന്നു.ചിത്രകലയില്‍ നല്ല അഭിരുചിയുള്ള
കുട്ടികളും ഇവിടെ വന്ന് ശില്‍പ്പ വിദ്യകളുടെ പരിശീലനങ്ങള്‍ക്ക് തുടക്കം
കുറിച്ചു.അവധി ദിവസങ്ങളെല്ലാം കുട്ടികള്‍ ചിത്രകലയും ശില്‍പ്പ കലയിലും
പരിശീലനം തേടാന്‍ മാഷുടെ സമീപമെത്തി.പതിയെ വരുന്നവരുടെ എണ്ണവും
വര്‍ദ്ദിച്ചു.ആരില്‍ നിന്നും ഒന്നും വാങ്ങിയില്ല.

വരുന്ന കുട്ടികള്‍ക്കെല്ലാം പരിശീലനം നടത്താന്‍ മാത്രം സ്ഥലസൗകര്യം ഇവിടെ
ഉണ്ടായിരുന്നില്ല.അങ്ങനെയിരിക്കെയാണ് താമസ സ്ഥലത്തോട് ചേര്‍ന്നുള്ള
സ്ഥലത്ത് ഒരു ചെറിയ പാര്‍ക്ക് മാഷ് തുടങ്ങുന്നത്.കാടുമൂടി
കിടക്കുകയായിരുന്ന പറമ്പില്‍ പാര്‍ക്ക് തുടങ്ങാന്‍ സൗജന്യ
പാട്ടത്തിനായിരുന്ന സമീപപ്രദേശമായ കുട്ടശ്ശേരിയിലെ ഒരു സ്വകാര്യവ്യക്തി
പാട്ടത്തിന് ഭൂമി രാജന്‍മാഷ്‌ക്ക് നല്‍കിയത്.

ക്ലാസ് മുറിയുടെ ചുമരുകളില്‍ മാത്രം ഒതുങ്ങേണ്ടതല്ല കലാപഠനം എന്ന
തോന്നലില്‍ നിന്നാണ് മാഷ് ചിത്രകലാ പഠനത്തിനും ശില്‍പ്പ
നിര്‍മ്മാണത്തിനുമായി പാര്‍ക്കൊരുക്കിയത്.സര്‍ഗ ചിത്ര എന്നായിരുന്നു
പേര്.

യാദൃശ്ചികമായിട്ടായിരുന്നു രാജന്‍ മാഷ് ശില്‍പ്പകലയിലേക്കെത്തിയത്.
തലശ്ശേരി ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയില്‍ നിന്ന് ചിത്ര കല പഠിച്ച്
ജോലിയില്‍ പ്രവേശിച്ചെങ്കിലും ശില്‍പ്പ കലയെ കുറിച്ച്
ചിന്തിച്ചിരുന്നില്ല.

ഒരിക്കല്‍ കുറ്റിയാടിയിലെ വീട്ടില്‍വെച്ച് സിമന്റും കമ്പിയും ഉപയോഗിച്ച്
പുലിയുടെ ശില്‍പ്പമുണ്ടാക്കാന്‍ ശ്രമിച്ചു.അത് വിജയിക്കുകയും
ചെയ്തു.അങ്ങിനെയാണ് 2003 ല്‍ ശില്‍പ്പങ്ങളുടെ
പാര്‍ക്കിലേക്കെത്തിച്ചത്.കൂടെ സഹായിക്കാ ജെമിനി എന്ന ശില്‍പ്പിയോടൊപ്പം
തന്റെ ശിഷ്യന്മാരായ വേണുദാസന്‍,ബാബുരാജന്‍,കൃഷ്ണന്‍ എ്ന്നിവരും മാഷെ
സഹായിച്ചു.

വര്‍ഷം 2003.

പാര്‍ക്കില്‍ പതിയെ ശില്‍പ്പങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
കാട്ടിലെ മാനുകളെ കണ്ട് വഴിയെ പോകുന്നവരെല്ലാം പാര്‍ക്കിലേക്ക് തിരിച്ചു.
പവേശന കവാടത്തില്‍ നിര്‍മ്മിച്ച നായയെ കണ്ട ചിലര്‍ പേടിച്ച്
പിന്തിരിഞ്ഞു.ദിനോസറിനെ കൂടി നിര്‍മ്മിച്ചതോടെ സമീപ പ്രദേശങ്ങളില്‍
നിന്നും വിദൂര സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ വന്നുപോയി.
പിന്നീട് തവളകളും താറാവുകളും തുടങ്ങി വലിയ കുളം വരെ കുഴിച്ചു. ജീവന്‍
തുടിക്കുന്ന ശില്‍പ്പങ്ങള്‍ കണ്ട് വന്നവരെല്ലാം സന്തോഷമറിയിച്ച്
തിരിച്ചുപോകുന്നത് രാജന്‍മാഷ് ആനന്ദത്തോടെ നോക്കിനിന്നു.
നിങ്ങളുടെ നാട്ടില്‍ പാര്‍ക്കുണ്ടോ..?എന്നാല്‍ ഞങ്ങളുടെ നാട്ടില്‍
പാര്‍ക്ക് വരെയുണ്ടെന്ന് നാട്ടുകാരും വീ്മ്പു പറഞ്ഞു.
എന്നാല്‍ ആ സന്തോഷത്തിന് ഒരു വര്‍ഷത്തെ ആയുസ് മാത്രമെ
ഉണ്ടായിരുന്നുള്ളൂ.സ്ഥലത്തിന്റെ ഉടമ ഒരുനാള്‍ മരമപ്പെട്ടു.മക്കള്‍ സ്ഥലം
ഓഹരിവെച്ചതോടെ മാഷ്‌ക്ക് പെട്ടെന്ന് പാര്‍ക്ക് അവസാനിപ്പിക്കേണ്ടിവന്നു.

ലക്ഷങ്ങള്‍ ചെലവഴിച്ച് താനുണ്ടാക്കിയ ശില്‍പ്പങ്ങള്‍ ഇനി എന്തു ചെയ്യും?
ജെസിബി കൊണ്ടുവന്ന് ശില്‍പ്പങ്ങള്‍
പിഴുതെടുക്കേണ്ടിവന്നു.ഹൃദയഭേദകമായിരുന്നൂ ആ കാഴ്ച.രാജന്‍ മാഷുടെ നെഞ്ച്
പിടയ്ക്കാതിരിക്കുമോ?

ലോറിയില്‍ കയറ്റി സ്വന്തം വീടായ കുറ്റിയാടിയിലേക്ക് കൊണ്ടുപോയി.ലോറിയില്‍
കൊണ്ടുപോകാന്‍ കഴിയാത്ത ദിനോസറും വാര്‍ദക്യമെത്തിയ സ്ത്രീയേയും
പുള്ളിമാനെയും മറ്റു ചില ശില്‍പ്പങ്ങളും സ്‌കൂളിലേക്ക് മാറ്റി.
കുട്ടികള്‍ക്ക് പരിശീലനം നല്‍കാനുള്ള ഇടം എന്നതിനോടൊപ്പം താനുണ്ടാക്കിയ
ശില്‍പ്പങ്ങള്‍ കണ്ട് താല്‍പ്പര്യമുള്ള ആര്‍ക്കെങ്കിലും നിര്‍മ്മിച്ചു
നല്‍കാനും രാജന്‍ മാഷ്് ആഗ്രഹിച്ചിരുന്നു.അപ്പോഴേക്കും പാര്‍ക്ക്
മാറ്റേണ്ടി വന്നതോടെ മാഷ് കടക്കെണിയിലായി.ലോണുകള്‍ തിരിച്ചടക്കാന്‍
സ്‌കൂള്‍ ശംബളം മതിയാകാതെ വന്നു.

കൂടെ ജോലി ചെയ്തിരുന്ന ശിഷ്യന്മാര്‍ മറ്റു ജോലികള്‍ അന്വേഷിച്ച്
പോയി.ഇതിനിടെ ചില ജോലികള്‍ മാഷെ തേടിയെത്തി.കണ്ണൂര്‍ വിസ്മയ പാര്‍ക്ക്
ആരംഭിച്ചപ്പോള്‍ അവിടത്തെ ശില്‍പ്പനിര്‍മ്മാണ ജോലികള്‍ മാഷ്‌ക്ക്
ലഭിച്ചു.വിസ്മയ പാര്‍ക്കിലെ പ്രവേശന കവാടം മുതല്‍ കാണികളെ ഏറെ
ആകര്‍ഷിക്കുന്ന ഭീമന്‍ ദിനോസര്‍ വരെ മാഷുടെയും ശിഷ്യരുടെയും കരവിരുതില്‍
വിരിഞ്ഞതാണ്.പിന്നീട് കോഴിക്കോട്ട് ടൂറിസം വകുപ്പിന്റെ ഒരു ജോലിയും
മാഷാണ് ചെയ്തത്.

പക്ഷെ സര്‍ക്കാര്‍ നടപടികളിലെ നൂലാമാലകള്‍ കഴിഞ്ഞ് ഫണ്ട് പാസ്സായി
വന്നതോടെ വര്‍ഷം രണ്ട് കഴിഞ്ഞിരുന്നു.തുക ലഭിച്ചപ്പോഴേക്കും
വായ്പയെടുത്തിരുന്ന പണത്തിന്റെ പലിശ അടച്ചു തീര്‍ത്തപ്പോഴേക്കും
സ്വന്തമായി എടുക്കാന്‍ ഒന്നുമുണ്ടാകാതെ വന്നു.

സാമ്പത്തിക ബാധ്യത ഒന്നുകൂടി ഇരട്ടിയാക്കും വിധത്തില്‍ ഇതിനിടെ
വീടുപണിയുടെ പലിശയും വര്‍ദിച്ച്് മാഷുടെ തലക്ക് മുകളില്‍ വാളുപോലെ
നില്‍ക്കുകയാണിപ്പോഴും.

വര്‍ഷം പത്ത് കഴിഞ്ഞു.
അറ്റകുറ്റപണി നടത്താത്തതിനാലും സംരക്ഷിക്കാനും ആരുമില്ലാതെ മഴയും വെയിലും
കൊണ്ട് നശിക്കുന്ന ശില്‍പ്പങ്ങളെയാണ് ഒരിറ്റു കണ്ണുനീരോടെ മാഷെ സ്‌കുള്‍
കാവാടത്തില്‍ സ്വാഗതം ചെയ്യുന്നത്.ആരോടും ഒന്നും പറയാതെയും ഉള്ളിലെ
നോവുകളെ മറച്ചുവെച്ചും കുട്ടികളുമായി സഹവസിച്ച് മാഷ് ദിനങ്ങള്‍
തള്ളിനീക്കുന്നു.

ഇപ്പോള്‍ മാഷ് അല്‍പ്പം ആശ്വാസത്തിലാണ്.
സ്‌കൂളിലെ ശില്‍പ്പങ്ങള്‍ സംരക്ഷിക്കാനുള്ള ഒരുക്കങ്ങളായിരിക്കുന്നു.
സ്‌കൂള്‍ മാനേജര്‍ പട്ട്‌ലകത്ത് മനയ്ക്കല്‍ നീലകണ്ഠന്‍ നമ്പൂതിരിയാണ്
ശില്‍പ്പങ്ങള്‍ സംരക്ഷിക്കാന്‍ സഹായിക്കാമെന്നേറ്റത്.പഴയ കാല ശിഷ്യനും
ശില്‍പ്പിയുമായ വേണുദാസനാണ് ഇപ്പോള്‍ ഈ ശില്‍പ്പങ്ങള്‍ക്ക് പുനര്‍ ജീവന്‍
നല്‍കുന്നത്. നശിച്ചുപോയെന്ന് കരുതിയ ശില്‍പ്പങ്ങള്‍ വീണ്ടും
ഉയിര്‍ത്തെഴ്‌നേല്‍ക്കുന്നു.ഉറങ്ങി കിടന്ന മാനിന്റെയും ദിനോസറിന്റെയും
ശില്‍പ്പം ഉയിര്‍്‌ത്തെഴുനേറ്റ് തുടങ്ങി. അപ്പോഴും ഒന്നു നിവരാകാത്ത ഈ
അധ്യാപകന്‍ തന്റെ കടങ്ങള്‍ തീര്‍ക്കാന്‍ വീടുവില്‍ക്കാനൊരുങ്ങുകയാണ്
രാജന്‍ മാഷ്.

Friday, August 9, 2013

വികേന്ദ്രീകൃതമാവട്ടെ

പലപ്പോഴും ഗൈഡ് കമ്പനികളും പാഠ്യ സംബന്ധമായ കുറിപ്പുകളും അധികവായനക്കുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്നവരും ആശ്രയിക്കുന്ന പ്രധാന സോഴ്‌സ് ആണ് അധ്യാപക സഹായികള്‍.ഇതിന് കുട്ടികള്‍ ചിലപ്പോള്‍ മാസംതോറും ചെറുതല്ലാത്ത സംഖ്യ ചെലവഴിക്കുന്നുമുണ്ട്.
കണ്ടെത്തൂ....അന്വേഷിച്ചറിയൂ തുടങ്ങിയ ചോദ്യ ശ്രേണിയിലെ ഉത്തരങ്ങള്‍ക്കായി ഗൈഡുകളെ ആശ്രയിക്കുന്നവര്‍ ഇപ്പോഴും കുറവല്ല.അല്ലാത്തവര്‍ ട്യൂട്ടോറിയല്‍ അധ്യാപകരോട് ചോദിച്ച് വമ്പന്‍മാരാകും.ഇവ രണ്ടുമില്ലാത്തവരുടെ കഥ ഏറെ കഷ്ടം.
പണം കൊടുത്ത് വാങ്ങാവുന്ന സൗകര്യം ഉണ്ടെന്നത് ശരിതന്നെ.ഐസിടി ഇത്രയേറെ വികസിച്ച ഇക്കാലത്ത് ചെലവ് ചുരുക്കലിന്റെ ഭാഗമായും ഏതൊരാള്‍ക്കും എപ്പോഴും എടുക്കാവുന്ന വിധത്തിലും അവയുടെ പിഡിഎഫ് ഫയലുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന ഒരു സംവിധാനമുണ്ടായിരുന്നെങ്കില്‍............

നേട്ടം ലഭിക്കുന്നത് :-

വിദ്യാര്‍ഥികള്‍ക്ക്്
രക്ഷിതാക്കള്‍ക്ക്
അധ്യാപകര്‍ക്ക്
പിഎസ് സി പരീക്ഷ എഴുതുന്നവര്‍ക്ക്
ട്യൂട്ടോറിയല്‍ അധ്യാപകര്‍ക്ക്
അധികവായനക്ക് താല്‍പ്പര്യപ്പെടുന്നവര്‍ക്ക്

നഷ്ടം

വിവരങ്ങള്‍ അധ്യാപകനില്‍ മാത്രം കേന്ദ്രീകരിക്കണമെന്ന് ശാഠ്യമുള്ളവര്‍ക്ക്
ഗൈഡ് കമ്പനിക്കാര്‍ക്ക് etc...

ചോദ്യപേപ്പറുകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണം

നിത്യജീവിതത്തില്‍ വിവിധ പരീക്ഷ എഴുതുന്നവരാണ് ഉദ്യോഗാര്‍ഥികളിലധികപേരും. സ്‌കൂള്‍ പരീക്ഷകള്‍ മുതല്‍ കോളേജ് തലങ്ങളില്‍ തുടങ്ങി സര്‍വ മേഖകളിലും പരീക്ഷകളാണ്. അതെസമയം പരീക്ഷ എഴുതി പരാജയപ്പെടുന്നവര്‍ പരീക്ഷകളെ സംബന്ധിച്ച് ഉയര്‍ത്തുന്ന പരാതികള്‍ ഏറെയാണ്.

കോഴിക്കോട് സര്‍വകലാശാലയിലെ പലപ്പോഴായി പരീക്ഷ എഴുതിയവരുടെ ഉത്തരകടലാസുകള്‍ കംപോസ്റ്റ് കുഴിയില്‍ നിന്നും കല്യാണ വീടുകളില്‍ കൈ തുടക്കാന്‍ ലഭിച്ചതായും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. കൂടാതെ ഉത്തരപേപ്പറുകള്‍ അപ്രതീക്ഷിതമാകുന്നതും പതിവ്

ജീവനക്കാരുടെ കെടുകാര്യസ്ഥതയിലാണ് ഇവയുടെ കാരണങ്ങള്‍ പലപ്പോഴും ചെന്നവസാനിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ യഥാവിധ ജോലികള്‍ കാര്യക്ഷമമായും കൃത്യമായും നടത്താന്‍വേണ്ടികൂടി കേന്ദ്രസര്‍ക്കാര്‍ 2005 ല്‍ കൊണ്ടുവന്ന സുപ്രധാനമായ നിയമമാണ് വിവരാവകാശ നിയമം.
ഈ നിയമപ്രകാരം രാജ്യസുരക്ഷയെ ബാധിക്കുന്നതല്ലാത്ത മറ്റു സര്‍ക്കാര്‍ അല്ലെങ്കില്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്ള രേഖകള്‍ ലഭിക്കാന്‍ പൗരന് അവകാശമുണ്ട്. ഈ നിയമത്തിന്റെ ചുവട് പിടിച്ച് താന്‍ എഴുതിയ പരീക്ഷയുടെ ഉത്തരകടലാസ് മൂല്യനിര്‍ണ്ണയം നടത്തിയ ശേഷം ഉദ്യോഗാര്‍ഥികള്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച് കൈവശം ലഭിക്കുകയാണെങ്കില്‍ മേല്‍പറഞ്ഞ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ശരിയായി മൂല്യനിര്‍ണ്ണയം നടത്തിയിട്ടില്ലെങ്കില്‍ ഉത്തരസൂചിക വെച്ച് പരീക്ഷാര്‍ഥിക്ക് പരിശോധിക്കാനും അവസരം ലഭിക്കും.ഇതുവഴി നമ്മുടെ യൂണിവേഴ്‌സിറ്റികളില്‍ കാര്യക്ഷമമായ മൂല്യനിര്‍ണ്ണയം നടപ്പില്‍വരുത്താന്‍ സാധിക്കും.ഇതിനായി വിദ്യാഭ്യാസ മന്ത്രിയുള്‍പ്പടെയുള്ളവരുടെ നടപടി കര്‍ക്കശമാക്കേണ്ടിയിരിക്കുന്നു.

കൂടാതെ കൂടുതല്‍ മാര്‍ക്ക് നേടി ഉന്നത വിജയം കൈവരിച്ചവരുടെ ഉത്തരപേപ്പറുകള്‍ ലഭ്യമാക്കുകയാണെങ്കില്‍ അതുവഴി പഠിതാവിന് എങ്ങിനെ നല്ല രീതിയില്‍ പഠിക്കാമെന്നതിനും ഉപയോഗപ്രദമാകും.

വിവിധ യൂണിവേഴ്‌സിറ്റികള്‍ നടത്തുന്ന ബിരുദാനന്തര കോഴ്‌സുകള്‍ പലപ്പോഴും സര്‍വകലാശാലക്ക് പണം സമ്പാദിക്കാനുള്ള മാര്‍ഗമാണോയെന്ന ആക്ഷേപം കുറെക്കാലമായുണ്ട്. നിരവധി തവണ പരീക്ഷ എഴുതുന്നതുവഴി കൂടുതല്‍ പണം സമ്പാദിക്കാന്‍ സാധിക്കുകയും ചെയ്യും. ഇപ്രകാരം ന്ല്ല രീതിയില്‍ പരീക്ഷ എഴുതിയവര്‍പോലും വിജയിക്കാനുള്ള മാര്‍ക്കില്‍ നിന്ന് ഒന്നോ രണ്ടോ മാര്‍ക്കോ കുറഞ്ഞ് തോല്‍ക്കുന്നത് കാണാം. ഇവ പരിശോധിക്കാന്‍ പുനര്‍മൂല്യനിര്‍ണ്ണയം എന്ന ഒരു ഉപാധിമാത്രമാണ് പരീക്ഷാര്‍ഥിക്ക് മുമ്പിലുള്ളത്. ഇപ്രകാരം പുനര്‍മൂല്യനിര്‍ണ്ണയം നടത്താന്‍ ഓരോ യൂണിവേഴ്‌സിറ്റികളിലും ഒരു പേപ്പറിന് 750 മുതലാണ് ഫീസ് ഈടാക്കുന്നത്. ഇത് ഉദ്യോഗാര്‍ഥികളെ സംബന്ധിച്ച് അധിക ചിലവുമാണ്.കൂടാതെ ഇപ്രകാരം പുനര്‍മൂല്യനിര്‍ണ്ണയം നടത്തിയവരുടെ ഫലത്തില്‍ മാറ്റം ഉണ്ടാവാറുമില്ലാത്തതിനാല്‍ ഇതിന് തുനിയുന്നവര്‍ കുറവാണ്. മാത്രമല്ല പുനര്‍ മൂല്യ നിര്‍ണ്ണയത്തില്‍ ഫലം വ്യത്യാസം വന്നാല്‍ നേരത്തെ നടന്ന മൂല്യനിര്‍ണ്ണയം കാര്യക്ഷമമായിരുന്നില്ല എന്ന പൊള്ളയായ യാഥാര്‍ഥ്യവും പുറത്തറിയപ്പെടും.
ഇതിനുള്ള ഒരു പരിഹാരമെന്ന നിലക്കാണ് വിവരാവകാശ നിയമം ഇവിടെ സമര്‍ഥമായി ഉപയോഗിക്കമെന്ന് ഈയുള്ളവന്‍ നിര്‍ദേശിക്കുന്നത്. ഇപ്രകാരം വിവരാവകാശ നിയമം വിഭാവനം ചെയ്യുന്ന ഫീസ് മാത്രമെ സര്‍വകലാശാലക്ക് വാങ്ങാന്‍ അധികാരമുള്ളു.ഇത് 750 രൂപയേക്കാള്‍ എത്രയോ താഴെയുമായിരിക്കും. അല്ലാത്ത പക്ഷെ ഉപഭോക്തൃനിയമത്തിന്റെ പരിധിയിലുള്‍പ്പെടുത്തി കോടതിമുഖാന്തിരം നേരിട്ടാല്‍ വന്‍ മാറ്റമുണ്ടാകാന്‍ സഹായിച്ചേക്കും . മുകളില്‍ നിര്‍ദേശിച്ചവ ഉദ്യോഗസ്ഥരെ പ്രയാസപ്പെടുത്താനുള്ളവയല്ല. പകരം ന്യായം യാഥാര്‍ഥ്യമാക്കാനുള്ള എളിയ നിര്‍ദേശങ്ങളാണ്. ഇത് അര്‍ഹിക്കുന്ന പ്രാധാന്യത്തിലെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.

Wednesday, June 26, 2013

വിവരാവകാശത്തെ ഭയക്കുന്നതിന്റെ പിന്നിലെന്ത്?

വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ പ്രമുഖ പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയ കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ ഉത്തരവിനെ വിപ്ലാവാത്മകം എന്നു വിശേഷിപ്പിച്ചാല്‍പോലും കുറഞ്ഞുപോകും.സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മാത്രമെ വിവരാവകാശ പരിധിയില്‍ വരാന്‍ പാടുള്ളൂവെന്ന ധാരണയായിരുന്നു ഇതെവരെയുണ്ടായിരുന്നത്.എന്നാല്‍ പ്രമുഖ രാഷ്ട്രീയ കക്ഷികളെ കൂടി ഉള്‍പ്പെടുത്തിയ നടപടി ജനാധിപത്യത്തില്‍ ശുഭപ്രതീക്ഷ പുലര്‍ത്തുന്നവരില്‍ എന്തുകൊണ്ടും സന്തോഷകരമുണ്ടാക്കുന്നതാണ്.

നിര്‍ഭാഗ്യകരമെന്ന് പറയട്ടേ....ഭരിക്കുന്ന സര്‍ക്കാറിന്റെ ഏത് നല്ലകാര്യങ്ങളില്‍പോലും ഇടങ്കോലിട്ട് അവതാളത്തിലാക്കുന്ന സ്വഭാവമുള്ള പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് അറിഞ്ഞതോടെ ഉത്തരവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
കേന്ദ്രസര്‍ക്കാര്‍ വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍്ക്കുകയാണെന്ന് ഇക്കാലംവരെ കുറ്റപ്പെടുത്തിയിരുന്ന സിപിഎം ആണ് ഇതിനെതിരെ ആദ്യം രംഗത്ത് വന്നതെന്ന് അറിയുമ്പോള്‍ ആ പാര്‍ട്ടിയുടെ പ്രത്യയ ശാസ്ത്രവും ആദര്‍ശങ്ങളുമെല്ലാം എവിടെയെത്തിയിരിക്കുന്നു എന്ന് ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്.സ്വാതന്ത്ര്യവും സോഷ്യലിസവും എല്ലാം വിഭാവനം ചെയ്യുന്ന ഒരു പാര്‍ട്ടി മനുഷ്യന്റെ അറിയാനുള്ള അവകാശത്തിനുമേല്‍പോലും കുതിര കയറുമ്പോള്‍ എന്താണ് പറയുക?.
എന്തിനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരാവകാശ നിമത്തെ ഭയക്കുന്നത്.കള്ളത്തരങ്ങള്‍ ചെയ്തവരാണ് ചോദ്യങ്ങളെ ഭയക്കുന്നത്.തങ്ങള്‍ ചെയ്തുകൂട്ടുന്ന ഓരോ കാര്യങ്ങളും പൊതു ജനങ്ങള്‍ അറിയാന്‍ പാടില്ലെന്ന് പറയുന്നതാണോ ജനാധിപത്യം?
ജനങ്ങളാണ് പാര്‍ട്ടിയും സര്‍ക്കാറുമെല്ലാം രൂപപ്പെടുത്തുന്നത്.ഒരു സര്‍ക്കാര്‍ എന്തൊക്കെ ചെയ്യുന്നുണ്ട് എന്ന് അറിയാന്‍ പൗരന് അവകാശമുണ്ടെങ്കില്‍ ആ പാര്‍ട്ടികളും എന്തൊക്കെ ചെയ്യുന്നുണ്ടെന്ന് അറിയുന്നതില്‍ എന്താണ് കുഴപ്പം.

സ്വതന്ത്ര ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായും അവകാശമായും ലഭിച്ച പ്രധാനഘടകമേതെന്ന് ചോദിച്ചാല്‍ നിസ്സംശയമായും വിവരാവകാശ നിയമത്തെ കുറിച്ച് പറയാം.ഭരണകാര്യങ്ങളില്‍, സുതാര്യതയും സര്‍ക്കാര്‍ ഉത്തരവാദിത്വവും പ്രോത്സാഹിപ്പിച്ച്, അഴിമതി നിയന്ത്രിക്കുകയെന്നതാണ് ഈ നിയമത്തിന്റെ പ്രധാന ഉദ്ദേശ്യം.ഇതുവഴി എത്രയെത്ര പ്രശ്‌നങ്ങള്‍ക്കാണ് ഈ നിയമം വഴി പരിഹരിക്കാന്‍ ആയത്.സാധാരണക്കാരന് ലഭിക്കേണ്ട അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്ന പ്രശ്‌നങ്ങളുടെ കാരണങ്ങള്‍ അറിഞ്ഞതുമുതല്‍ സുപ്രീംകോടതിക്ക് പോലും എണ്ണാന്‍ കഴിയാത്ത വിധംകോടികളുടെ അഴിമതി ഇടപാട് നടന്ന ടുജി സ്പ്കട്രം തുടങ്ങി ഈ നിയമത്തിന്റെ അന്തസത്ത വര്‍ദ്ദിച്ചുവരികയാണ്.ഒരു ഭാഗത്ത് ഈ നിയമത്തിന്റെ ചിറകരിഞ്ഞരിഞ്ഞ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന വസ്തുത നടമാടുമ്പോള്‍ മറുഭാഗത്ത് എത്രയൊക്കെ ഒളിച്ചുവെച്ചാലും ആ ഭൂതം പുറത്തുചാടുംപോലെ അഴിമതി കഥകള്‍ പുറത്തുവരിന്നു.2005ല്‍ നിലവില്‍ വന്ന വിവരവകാശ നിയമം അതിന്റെ താഴെത്തട്ടിലേക്ക് ഇപ്പോഴും പൂര്‍ണ്ണമായും എത്തിയിട്ടില്ല.ഇതിനിടെയാണ് പല തരത്തില്‍ ഇതിനെതിരെ വിവിധ ഭേദഗതികള്‍ സര്‍ക്കാര്‍ രൂപപ്പെടുത്തുന്നത്.

രാഷ്ട്രീയപാര്‍ട്ടികള്‍ സര്‍ക്കാര്‍ സംഘടനയോ സര്‍ക്കാര്‍ ഫണ്ട് പറ്റുന്ന സ്ഥാപനങ്ങളോ അല്ലെന്നും പൗരന്മാര്‍ സ്വമേധയാ ചേര്‍ന്ന് രൂപീകരിക്കുന്നതാണ് രാഷ്ട്രീയപാര്‍്ട്ടിയെന്നുമാണ് ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടാതിരിക്കാന്‍ കഴിഞ്ഞ ദിവസം ദേശാഭിമാനിയില്‍ പ്രകാശ് കാരാട്ട് എഴുതിയ ലേഖനത്തില്‍ പറയുന്ന പ്രധാന ന്യായം.
ജനങ്ങള്‍ രൂപീകരിക്കുന്നതാണ് സര്‍ക്കാര്‍.ജനങ്ങള്‍ തന്നെയാണ് അതിന് ഫണ്ട് നല്‍കു്ന്നതും.അല്ലാതെ മറ്റു വഴിലൂടെയല്ല ഫണ്ടുകള്‍ സര്‍ക്കാര്‍ സ്വരൂപിക്കുന്നത്.ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ജനങ്ങളോട് ഉത്തരം പറയണമെങ്കില്‍ ജനങ്ങള്‍ രൂപീകരിക്കുകയും,പിരിവ് നടത്തി പണം സ്വരൂപിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളും മറുപടി പറയണം.രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല ജനങ്ങളില്‍ നിന്ന് സഹയാം കിട്ടി പ്രവര്‍ത്തിക്കുന്ന മത സംഘടനങ്ങള്‍,സാസംകാരിക സംഘടനകള്‍ എല്ലാവരും മറുപടി പറയണം.അവരുടെ യോഗങ്ങള്‍,ചര്‍ച്ചകള്‍ എല്ലാം ജനങ്ങള്‍ അറിയട്ടേ.ഇനി ഇവ അറിയാന്‍ പാടില്ലെങ്കില്‍ മറ്റുള്ള എന്തെല്ലാം വിവരങ്ങള്‍ നല്‍കാം.അതൊന്നും ചിന്തിക്കും മുമ്പെ കയറെടുത്ത് ഇറങ്ങിത്തിരിച്ചതെന്തിന്?

എന്തായാലും വിവരാവകാശ കമ്മീഷന്റെ ഈ ഉത്തരവിനെതിരെ പ്രമുഖ പാര്‍ട്ടികളെല്ലാം ഒറ്റക്കെട്ടായി രംഗത്തിരിക്കുകയാണ്.അതിനിടെ  കമ്മീഷന്റെ ഈ ഉത്തരവ് വേഗം അട്ടിമറിക്കാനുള്ള സാധ്യതയേറെയാണ്.ഒറ്റക്കെട്ടാണെങ്കില്‍ ഉടനടി നിയമഭേദഗതി കൊണ്ടുവരാന്‍ സാധ്യതയുണ്ട്.അല്ലെങ്കില്‍ പൊതുവിവരാവകാശ ഓഫീസറെ നിയമിച്ച് ഇനി വിവരം നല്‍കാതെ കമ്മീഷന്റെ മുമ്പിലെത്തിയാല്‍ തത് സ്ഥാനത്ത് നിന്ന് പൊതുവിവരാവകാശ ഓഫീസര്‍ രാജിവെച്ചൊഴിഞ്ഞാല്‍ കമ്മീഷണര്‍ക്ക് ഒരു ശിക്ഷാ നടപടിയും എടുക്കാന്‍ കഴിയില്ലെന്ന പഴുതും ഇപ്പോള്‍ നിലനില്‍ക്കുയാണ്.ഇതൊന്നും മനസ്സിലാക്കാതെയാണ് എല്ലാ ചേരയും മൂര്ഖനും അണലിയും ഒന്നിച്ചു ഇളകിവശായിരിക്കുന്നത്.ഇവരെയെല്ലാം ഇത്രയധികം പേടിക്കുന്നുണ്ടെങ്കില്‍ അതിലെന്തോ വിഷബാധയുണ്ടെന്നൊരു തോന്നല്‍ ഇതുവഴി ജനങ്ങളിലുണ്ടായിട്ടുണ്ട്.ഇത്തരം അരക്ഷിത ബോധങ്ങളായിരിക്കാം മാവോയിസ്റ്റ് പോലുള്ള സംഘടനകള്‍ രൂപപ്പെടാന്‍ കാരണം.

Saturday, May 18, 2013

ബിസ്‌കറ്റ് ബാപ്പമാര്‍

വാക്കുകളെ ആറ്റികുറുക്കി പിശുക്കു ഉപയോഗിച്ചും നര്‍മത്തില്‍ ചാലിച്ചുമാണ് പലപ്പോഴും മിനികഥകളെന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന ചെറുകഥകളുടെ രചനാരീതി.കുറഞ്ഞ വാക്കുകളില്‍ വലിയ ബോംബുകള്‍ അനുവാചകഹൃദയങ്ങളില്‍ പൊട്ടിചീതറാന്‍ ഇവയ്ക്കു സാധിക്കാറുണ്ട്.

കഴിഞ്ഞ ലക്കം മാധ്യമം വാരികയില്‍ ഹമീദ് കുറുന്തൊടിയുടെ 'ബിസ്‌കറ്റ് ബാപ്പ',സുകേതുവിന്റെ 'കൂടം'തുടങ്ങിയ കഥകളെ ഇങ്ങിനെ വിശേഷിപ്പിക്കാനാണ് എനിക്ക് തോന്നുന്നത്.ശക്തമായ ഒരു രാഷ്ട്രീയ ഇടപെടലാണ് ബിസ്‌കറ്റ്ബാപ്പ എന്ന കഥ .മുസ്്‌ലിം നാമധാരിയാവുകയും ഒരു വയറും ബാറ്ററിയും അറബിഭാഷയിലെഴുതിയ എന്തെങ്കിലും കയ്യില്‍കൊണ്ടുനടക്കാന്‍പോലും പേടിക്കേണ്ട തുണ്ടെന്ന ചിലസൂചനകള്‍ ഈ കഥ നല്‍കുന്നുണ്ട്.കണ്ണൂരിന്റെ പ്രാന്തപ്രദേശമായ മാഹിയുടെ പശ്ചാത്തലത്തില്‍ ഈ കഥ അവതരിപ്പിക്കുമ്പോള്‍ തീര്‍ച്ചയായും അതിന് ഏറെ മാനങ്ങളുണ്ട്.
കേരളത്തില്‍ തീവ്രവാദത്തിന്റെ കേന്ദ്രമെന്ന തലത്തിലാണ് കണ്ണൂര്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.ഒരു പക്ഷെ തീവ്രവാദത്തിന്റെ പേരില്‍ മുദ്രകുത്തപ്പെടുകയും പിടിക്കപ്പെട്ടവരും ഏറെയുള്ളത് ഈ പ്രദേശത്തുള്ളവരായിരിക്കും.

താടിയുള്ളതിന്റെ പേരില്‍ തെരുവില്‍ അലഞ്ഞുനടക്കുകയായിരുന്ന വൃദ്ധനെ പിടിച്ച് തീവ്രവാദിയാക്കുകയും അതിനെ തുടര്‍ന്നുണ്ടായ പൊല്ലാപ്പുകളുമാണ് ശിഹാബുദ്ദീന്‍ പൊയ്തുംകടവിന്റെ മതഭ്രാന്തന്‍ എന്ന കഥയിലും പരാമര്‍ശിക്കുന്നത്.വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച മതഭ്രാന്തന്‍ എന്ന കഥയിലെ നായകന്‍ വാര്‍ദക്യമെത്തിയ തെരുവ് യാചകനായിരുന്നെങ്കില്‍ ഇന്നത് വിവാഹിതാനായ ബിസ്‌കറ്റ് ബാപ്പയിലേക്കെത്തിയതിന്റെ കഥയാണ് നമ്മോട് പറയുന്നത്.ബിസ്‌കറ്റ് വാങ്ങാന്‍ ഓര്‍മ്മിപ്പിച്ച് മകന്‍ അയച്ച എസ്എംഎസും മന്ത്ര തകിടുകളും ബാപ്പക്ക് പുലിവാലാകുകയാണ്.എന്നാല്‍ യുവാവായ ബാപ്പയാണെന്ന് കഥയില്‍ പറയുന്നുണ്ടെങ്കിലും കബിതയുടെ ചിത്രത്തിലെ ബാപ്പ അല്‍പം പ്രായംകൂടിയത് അനുചിതമായിപ്പോയി.

 അതെസമയം അവിവാഹിതരായ യുവ വിദ്യാര്‍ഥികളെ  പോലും തീവ്രവാദത്തിന്റെ പേരില്‍ പിടികൂടുന്ന അവസ്ഥവരെയെത്തി കാര്യങ്ങള്‍.മാസങ്ങള്‍ക്ക് മുമ്പ് ബാംഗളുരുവില്‍ നിരവധി വിദ്യാര്‍ഥികളെ ഇപ്രകാരം സംശയാസ്പദമായി പിടികൂടുകയും മാസങ്ങളോളം അജ്ഞാത കേന്ദ്രങ്ങളില്‍കൊണ്ടുപോയി ചോദ്യം ചെയ്യലും അരങ്ങേറിയിരുന്നു.വിദ്യാര്‍ഥികളില്‍ കണ്ടെത്തിയ ലാപ്‌ടോപ്പിലെ അറബിയിലുള്ള ഫയലുകളൊക്കെയാണ് പിടികൂടാനായി പോലീസ് കണ്ടെത്തിയ തെളിവുകള്‍.ഇങ്ങിനെപോയാല്‍ മദ്രസാപഠാപുസ്തകങ്ങള്‍ കയ്യിലേന്തിയ കുട്ടികളെകൂടി അന്തരാഷ്ട്ര ഭീകരവാദി പട്ടികയിലേക്ക് ഇടംനേടാന്‍ അധിക നാള്‍ വരേണ്ടിവരില്ല. ബിസ്‌കറ്റ് കുട്ടികള്‍ എന്ന പേരില്‍ അടുത്ത കഥകള്‍ വരാന്‍പോകുന്ന കാലത്തേക്ക് മുന്‍കൂറായി എഴുതിവെക്കാന്‍ കഥാകൃത്തുക്കള്‍ക്കും സ്‌കോപ്പുണ്ട്.

Tuesday, February 26, 2013

എന്നാല്‍ അധ്യാപകരെ നമുക്ക് കോച്ചിംഗ് സെന്ററുകളില്‍ വാര്‍ത്തെടുക്കാം.



അധ്യാപകരുടെ യോഗ്യത സംബന്ധിച്ച് അടുത്ത കാലത്തായി ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകളുടെ ഭാഗമായി അധ്യാപകരുടെ യോഗ്യത വിലയിരുത്താന്‍ യോഗ്യതാപരീക്ഷകള്‍ നടത്തിയതോടെയാണ് ഈ ചര്‍ച്ചകള്‍ സജീവമാകാനുള്ള പ്രധാന കാരണം.കേന്ദ്രസര്‍ക്കാര്‍ നടത്തിയ സിടെറ്റും, സംസ്ഥാനത്ത് ആദ്യമായി നടത്തിയ കെടെറ്റ് പരീക്ഷയിലും കൂട്ടതോല്‍വിയാണ് സംഭവിച്ചത്.
പരീക്ഷകളിലെ വിജയശതമാനം മുന്‍നിറുത്തി ഇപ്പോള്‍ അധ്യാപക കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവരെല്ലാം യോഗ്യത കുറഞ്ഞവരാണെന്ന പൊതുധാരണ ശക്തിപ്പെടുത്തുംവിധമുള്ള വിലയിരുത്തലുകളും ലേഖനങ്ങളും ഇതിനകം നിരവധി കഴിഞ്ഞു.

അധ്യാപകരുടെ യോഗ്യത ,പരീക്ഷകളിലൂടെ മാത്രം തെളിയിക്കപ്പെടേണ്ടതാണെന്ന ധാരണയുടെയും വ്യവസ്ഥകള്‍ അങ്ങിനെയായതിന്റെയും ഫലമായി ചില അശുഭകരമായ അവസ്ഥകളിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്.

പുതിയതായി ഏര്‍പ്പെടുത്തിയ യോഗ്യതാപരീക്ഷകള്‍ വിലയിരുത്തുംമുമ്പ് കുറെക്കാലമായി തുടര്‍ന്ന്‌പോകുന്ന പിഎസ്‌സി പരീക്ഷകളുടെ പോരായ്മ കാരണം പല വിഷയങ്ങളിലും വേണ്ടത്ര പഠനം നടത്താത്ത അധ്യാപകരാണ് ജോലിയില്‍ എത്തുന്നത്. ഇത് വിദ്യാര്‍ഥികളുടെ പഠനത്തെ ദോഷകരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.പത്താംതരത്തിന് ശേഷം ചില വിഷയങ്ങളുമായി യാതൊരുബന്ധംപോലും ഇല്ലാത്ത നിരവധിപേരാണ് നിലവിലെ സംവിധാനം വഴി അധ്യാപകരായിത്തീരുന്നത്.

ഉദാഹരണമായി ഹൈസ്‌കൂള്‍ വിഭാഗം സോഷ്യല്‍ സയന്‍സ് വിഷയം പഠിപ്പിക്കാന്‍ ആ വിഷയവുമായി വേണ്ടത്ര പഠനം നടത്താത്തവരും ബന്ധമില്ലാത്തവരും ജോലിയില്‍ കയറിക്കൂടുന്ന പ്രവണത വ്യാപകമാകുകയാണ്.എച്ച്എസ്എ സോഷ്യല്‍ സ്റ്റഡീസ് പരീക്ഷക്ക് വേണ്ടി അപേക്ഷിക്കുന്നവരുടെ യോഗ്യതപരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

ചരിത്രം,ഭൂമിശാസ്ത്രം എന്നീ വിഷയങ്ങളാണ് പ്രധാനമായും സ്‌കൂളുകളിലെ സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍ ഉള്‍പ്പെടുന്നത്.നാമമാത്രമായ തോതില്‍ സാമ്പത്തിക ശാസ്ത്രം,രാഷ്ട്രമീമാസം,സമൂഹശാ
സ്ത്രം എന്നവയും ഉണ്ട്.ഇംഗ്ലീഷ് അധ്യാപകര്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിഎഡും പൂര്‍ത്തിയാക്കിയാണ് അധ്യാപകരായി പുറത്തിറങ്ങുന്നതെങ്കില്‍ സാമൂഹ്യശാസ്ത്ര വിഷയത്തില്‍ സ്ഥിതി ഇതല്ല .

ചരിത്രം,സാമ്പത്തികശാസ്ത്രം,ഭൂമിശാസ്ത്രം,രാഷ്ട്രമീമാസം,സമൂഹശാസ്ത്രം,കൊമേഴ്‌സ്,ഫിലോസഫി,മ്യൂസിക്,സൈക്കോളജി എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളില്‍ ബിരുദം പൂര്‍ത്തിയാക്കിയവരും ബിഎഡ് കോഴ്‌സും പൂര്‍ത്തിയാക്കുന്നതോടെ തുല്യയോഗ്യത നേടിവയവരായി പരിഗണിക്കപ്പെടുന്നതിന്റെ യുക്തി ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

കൊമേഴ്‌സ്,ഫിലോസഫി,മ്യൂസിക്,സൈക്കോളജി,ഭൂമിശാസ്ത്രം എന്നീ വിഷയങ്ങളില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് സ്‌കൂളുകളില്‍ പഠിപ്പിക്കാനുള്ള പ്രധാന ഭാഗമായ ഹിസറ്ററിയുമായി ബന്ധം കുറവാണ്. ചുരുക്കത്തില്‍ പത്താം തരം പഠനത്തിന് ശേഷം ഇത്തരം വിഷയങ്ങളുമായി ഒരു ബന്ധവുമില്ലാതിരിക്കുകയും പിന്നീട് ബിഎഡ് പരീക്ഷ വിജയിക്കാന്‍മാത്രം താത്കാലികമായി നടത്തുന്ന പഠനം മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.ഇപ്രകാരം പുറത്തിറങ്ങുന്നവരാണ് സര്‍ക്കാര്‍/എയിഡഡ് സ്‌കൂളുകളിലും അണ്‍എയിഡഡ് സ്‌കൂളുകളിലും സാമൂഹ്യശാസ്ത്രം പഠിപ്പിക്കുന്നത്.ബിഎഡ് കോഴ്‌സില്‍ പെഡഗോഗി എന്ന നൂറ് മാര്‍ക്കിന്റെ ഒരു വിഷയത്തില്‍ മാത്രമാണ് ഇവര്‍ക്ക് പല വിഷയങ്ങളുടെയും പ്രാഥമിക പാഠങ്ങളുമായി പഠനവിഷയമാക്കേണ്ടിവരുന്നുള്ളൂ.

അപ്പോള്‍ പിന്നെ ഇവര്‍ എങ്ങിനെയാണ് പിഎസ് സി പരീക്ഷ ജയിക്കുന്നതെന്ന ചോദ്യം സ്വാഭാവികമായും ഉയരും.ഇത്തരം വൈവിധ്യമാര്‍്ന്ന വിഷയങ്ങള്‍ ഉള്‍കൊള്ളുന്നതുകൊണ്ടുതന്നെ എച്ച്എസ്എ സാമൂഹ്യപാഠം പരീക്ഷക്കാണ് സംസ്ഥാനത്ത് ഏറ്റവുമധികം ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കാറുള്ളത്.പരീക്ഷക്ക് അപേക്ഷിക്കേണ്ടുന്ന സമയമാരംഭിച്ചാല്‍ ഈ പഠിതാക്കളുടെ കുത്തൊഴുക്കാണ് കോച്ചിംഗ് സെന്ററുകളില്‍. മിക്ക കോച്ചിംഗ് സെന്ററുകളിലും ഏറ്റവുമധികം ഉദ്യോഗാര്‍ഥികള്‍ പരിശീലനം നേടുന്നതും എച്ച്എസ്എ സാമൂഹ്യപാഠം പരീക്ഷാപരിശീലനത്തിനാണ്.

പിഎസ്‌സി മത്സരപരീക്ഷക്കുള്ള പഠനത്തിനാണ് ഇവിടെ പ്രാധാന്യം.വിശകലന ചോദ്യങ്ങള്‍ക്കോ മറ്റു ചോദ്യരൂപങ്ങള്‍ക്കോ ആഴത്തിലുള്ള പഠനത്തിനോ
ഇവിടെ പ്രസക്തിയില്ല.ഒബ്ജക്ടീവ് വിഭാഗത്തിലുള്ള ചോദ്യങ്ങള്‍ക്കുള്ള പഠനപരിശീലനമാണ് വളരെ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ഇത്തരം പരിശീലന സ്ഥാപനങ്ങളില്‍ നിന്ന് നല്‍കുന്നത്.ഇക്കാരണംകൊണ്ടുതന്നെ സാമൂഹ്യപാഠ വിഷയത്തിലെ പ്രധാന ഭാഗങ്ങളായ ചരിത്രവും ഭൂമിശാസ്ത്രവും പഠനം നടത്തി അധ്യാപക പരിശീലന കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവരല്ലാത്ത പലരും പിഎസ്‌സി പരീക്ഷയില്‍ കടന്നുകൂടുന്ന പ്രവണത വ്യാപകമാകുകയാണ്.
.ഇവിടെ പ്രസക്തമാകുന്ന ചോദ്യം ഇതാണ് . പിഎസ്‌സി പരീക്ഷക്ക് മാത്രമുള്ള പഠനം മാത്രം മതി വിദ്യാര്‍ഥികളെ പഠിപ്പിക്കാനെങ്കില്‍ എന്തിനാണ് ഐഛിക വിഷയങ്ങളില്‍ ബിരുദവും ബിഎഡും പൂര്‍ത്തിയാക്കുന്നത് ?പകരം കോച്ചിംഗ് സെന്ററുകളില്‍ മാത്രം പോയി പഠിച്ചാല്‍ പോരെ ?

അധ്യാപക യോഗ്യതാ പരീക്ഷയായി അടുത്ത കാലത്ത് ആരംഭിച്ച സിടെറ്റ്, കെടെറ്റ് പരീക്ഷകളിലും ഈ ഇരട്ടത്താപ്പ് വ്യക്തമാകും.സംസ്ഥാനത്ത് ആദ്യമായി നടത്തിയ കെടെറ്റ് പരീക്ഷയില്‍ ആകെ 8000 പേര്‍ മാത്രമാണ് വിജയിച്ചത്.ഇവരില്‍ ഭൂരിഭാഗവും കോച്ചിംഗ് സെന്ററുകളിലെ പരിശീനത്തിലൂടെയാണ് യോഗ്യതനേടിയത്.ഏറ്റവുമധികം മാര്‍ക്ക് നേടിയവരെ കുറിച്ച്് പത്രങ്ങളില്‍ വന്ന ചില വാര്‍ത്തകളില്‍ ഇക്കാര്യം ഇവര്‍ വ്യക്തമാക്കിയിരുന്നു.ബിഎഡ്,ടിടിസി സിലബസുകളെ അടിസ്ഥാനമാക്കിയല്ല ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയത് എന്ന ആക്ഷേപത്തിനും സര്‍ക്കാര്‍ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.കേന്ദ്രതലത്തില്‍ സിബിഎസ്ഇ നടത്തിയ സിടെറ്റ് പരീക്ഷയില്‍ ആകെ വിജയം ഒരു ശതമാനമാണുണ്ടായതെന്നും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.സര്‍ക്കാറുകളെ സംബന്ധിച്ചിടത്തോളം ഇത്തരം യോഗ്യതാപരീക്ഷകളില്‍ അധികപേരും വിജയിക്കാതിരിക്കുന്നതാണ് ആവശ്യം. പരാജയപ്പെടുന്നവരുടെ എണ്ണം വര്‍ദിക്കുന്നതിനാനുപാതികമായി കൂടുതല്‍ തവണ പരീക്ഷ എഴുതമ്പോഴെല്ലാം 500 രൂപവീതമെന്ന തോതിലാണ് ലഭിക്കുന്നതെന്ന സാമ്പത്തിക നേട്ടമെന്ന തന്ത്രം  ജനം തിരിച്ചറിഞ്ഞില്ലെന്ന് വിചാരിക്കുന്നത് മൗഢ്യമാണ്.അധ്യാപകരുടെ നേട്ടങ്ങള്‍ക്കെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക സംഘടനകള്‍ നിസംഗമായ മൗനമാണ് ഇക്കാര്യത്തില്‍ തുടരുന്നത്.

Tuesday, February 5, 2013

രണ്ടു ചോദ്യങ്ങളും മറുപടികളും



2012 ഡിസംബര്‍  മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രസ് അക്കാദമിയും മലപ്പുറം പ്രസ് ക്ലബും സംയുക്തമായി വിവരാവകാശ ശില്‍പ്പശാല സംഘടിപ്പിച്ചത്.
സംസ്ഥാന മുഖ്യവിവരാവകാശ കമ്മീഷണര്‍ എം.എന്‍. ഗുണവര്‍ധനന്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കന്നതറിഞ്ഞാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയത്.

വിവരാവകാശ നിയമത്തിന്റെ ചരിത്രംപറഞ്ഞ് ഒരുമണിക്കൂറോളം അദ്ദേഹം ഉദ്ഘാടന ഭാഷണം നിര്‍വഹിച്ചു.അങ്ങിനെയിരിക്കെയാണ് ഒരു ഇടവേള കിട്ടിയപ്പോള്‍ ബഹു എന്‍പി രാജേന്ദ്രന്‍ സാറോട് ഈ ക്ലാസ് ഒരു ഇന്ററാക്ടീവ് രൂപത്തിലാക്കിയാല്‍ നന്നായിരുന്നുവെന്ന് പറഞ്ഞത്.അതിന് അവസാനം അവസരമുണ്ടായിരിക്കുമെന്ന് ഉറപ്പുലഭിച്ചതോടെ ഏറെ സന്തോഷമായി.
 പ്രസംഗത്തിന് ശേഷം എനിക്ക് രണ്ടു ചോദ്യങ്ങള്‍ക്കുള്ള അവസരം ലഭിച്ചു. വിവരാവകാശ കമ്മീഷണറോട് ആയതിനാല്‍ കുറെയധികം ചോദ്യങ്ങളുണ്ടായിരുന്നെങ്കിലും രണ്ടെണ്ണം ചോദിക്കാനാണ് ആ സമയം ലഭിച്ചത്.

ചോദ്യം ഒന്ന്.
വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 18 പ്രകാരമുള്ള പരാതികളില്‍
തീര്‍പ്പുകല്‍പ്പിക്കാന്‍ കമ്മീഷന് അധികാരമുണ്ടെന്നിരിക്കെ അത്തരം
പരാതികളെ തിരച്ചയക്കുകയും അപേക്ഷകനോട് ഒന്നാം അപ്പീല്‍ നല്‍കണമെന്ന്
പറയുകയും ചെയ്യുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് ?


കമ്മീഷണര്‍ ഗുണവര്‍ദ്ദനന്റെ റുപടി:

നേരത്തെ കേരളത്തിലെ കമ്മീഷന്‍ സെക്ഷന്‍ 18 അനുസരിച്ചുള്ള കൊടുക്കുന്ന
അപേക്ഷകളില്‍ വിവരങ്ങള്‍ കൊടുക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
അടുത്ത കാലത്ത് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധി വരികയുണ്ടായി.ആ
വിധിയില്‍ സെക്ഷന്‍ 18 ഉം 19 ഉം കോടതി വിശകലനം ചെയ്തു.സെക്ഷന്‍ 19
അനുസരിച്ച് വിവരങ്ങള്‍ കൊടുക്കാന്‍ പറയാന്‍ കമ്മീഷന് അധികാരം
നല്‍കിയിട്ടുണ്ട്. അതുകൊണ്ട് സെക്ഷന്‍ 18 അനുസരിച്ച് വിവരങ്ങള്‍ നല്‍കാന്‍ പറയാന്‍ കമ്മീഷന്
അധികാരമില്ല എന്ന് സുപ്രീം കോടതി ക്ലാരിഫൈ ചെയ്തിട്ടുണ്ട്.

സുപ്രീം കോടതിയുടെ ഒരു ഓര്‍ഡര്‍ എന്നു പറഞ്ഞാല്‍ എല്ലാ അധികാരികളും ഇത് പാലിക്കാന്‍ ബാധ്യസ്ഥരാണ്.അതുപോലെ സെക്ഷന്‍ 18 പ്രകാരമുള്ള അപേക്ഷകള്‍ക്ക് വിവരം കൊടുക്കാന്‍
ഞങ്ങള്‍ ഉത്തരവ് കൊടുത്തുകൊണ്ടിരുന്നതാണ്.ഈ വിധിയുടെ സാംഗത്യത്തെ
കുറിച്ച് ഉന്നത നീതി പീഠങ്ങള്‍ പ്രതികരിക്കേണ്ട സംഗതിയാണ്.അതുകൊണ്ടാണ്
അപേക്ഷ വരുമ്പോള്‍ 18 അനുസരിച്ച് ആ അപേക്ഷയില്‍ അയാള്‍ കൂടുതല്‍
വിവരങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ നമ്മളത് മടക്കി അയക്കുകയും ഒന്നാം
അപ്പീല്‍ നല്‍കിയ ശേഷം വരാന്‍ പറയുകയും ചെയ്തു.

ഈയിടെ ഒരു ഹൈകോടതി വിധിയുണ്ടായി.ഒരു സെക്ഷന്‍ 18 പെറ്റീഷനില്‍ വിവരം കൊടുക്കാന്‍ നമുക്ക്
നിര്‍ദേശം കൊടുക്കാന്‍ സാധിക്കാത്തത് കൊണ്ട് സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഹിയറിംഗിന് എന്റെ മുമ്പില്‍ ഹാജരായപ്പോള്‍ അയാള്‍ അത് കൊടുക്കുമെന്ന് പറഞ്ഞതായിട്ട് ഞാന്‍ രേഖപ്പെടുത്തി.അതു തന്നെ ഹൈകോടതി ആ വിധിക്കെതിരാണ് ,അത് പരിശോധിക്കണം എന്ന് പറഞ്ഞ് ഒരു ഫയല്‍ എന്റെയടുക്കല്‍ വന്നു.അതിനാല്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അത് പുനഃപരിശോധിക്കണം.നമ്മള്‍ പരോക്ഷമായി കൊടുക്കാന്‍ പറഞ്ഞപോലെ
പരോക്ഷമായിട്ട് ഒരു നിര്‍ദേശം നല്‍കിയരൂപത്തില്‍ വന്നു.അത് കൊണ്ടാണ് സെക്ഷന്‍ 18 നില്‍ ഒന്നാം അപ്പീല്‍ അധികാരിക്ക് നല്‍കാതെ കമ്മീഷന്റെ അടുത്ത് നേരിട്ട് വരുന്ന കേസുകളില്‍ കൂടുതല്‍ വിവരങ്ങള്‍
ആവശ്യപ്പെട്ടാല്‍ നമുക്കത് സുപ്രീംകോടതിയുടെ വിധിയുടെ വൈലേഷനാകുമെന്നതാകുന്നത് കൊണ്ട് നമ്മളത് ഒന്നാം അപ്പീല്‍ നല്‍കാന്‍ അപേക്ഷകനെ ഉപദേശിക്കുകയാണ് ചെയ്യുന്നത്

ചോദ്യം രണ്ട്

വിവരാവകാശ കമ്മീഷന്റെ വിധികളില്‍ പലതിലും ഉദ്യോഗസ്ഥരെ താക്കീത്
ചെയ്യുന്നു എന്നതായി കാണപ്പെടുന്നു. എന്താണ് ഈ താക്കീത്‌കൊണ്ട് കമ്മീഷന്‍
ഉദ്ദേശിക്കുന്നത് ? വിവരാവകാശ നിയമത്തിലെ ഏത് പ്രൊവിഷന്‍ പ്രകാരമാണ്
കമ്മീഷന്‍ താക്കീത് ചെയ്യുന്നത് ?


മറുപടി:

വ്യക്തമായി പറയുകയാണെങ്കില്‍ ...അങ്ങിനെ താക്കീത് നല്‍കാനുള്ള
പ്രൊവിഷനൊന്നും ഇല്ല.കമ്മീഷന്‍ ആദ്യം 2006 ല്‍ നിലവില്‍ വന്നപ്പോള്‍
അന്ന് മുതല്‍ പല കമ്മീഷണര്‍മാരും അത് ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍
അടക്കം ഉദ്യോഗസ്ഥന്മാരെല്ലാം കൂടെ പരിചയമായിട്ട് വരുന്ന ഒരു.. ഒരു
...ഒരു ഗ്യാപ്പ് കണക്കിലെടുത്തുകൊണ്ട് താക്കിത് ചെയ്യുകയൊക്കെയുണ്ടായിരുന്നു.അത് സ്ട്രിക്ട് ആയിട്ട് പറഞ്ഞാല്‍ അതിന് അങ്ങിനെയൊരു പ്രൊവിഷനില്ല.താക്കിതിന് പ്രൊവിഷനില്ല.

===================
ഇപക്രാരമാണെങ്കില്‍ പ്രൊവിഷനൊന്നും ഇല്ലാതെ തോന്നിയപോലെ തീരുമാനം എടുക്കാന്‍ നിന്നാല്‍ വര്‍ഷങ്ങളോളം നിയമപോരാട്ടം നടത്തുന്ന വിവരാവകാശ പ്രവര്‍ത്തകര്‍ നിരാശരാകാനേ വഴിവെക്കൂ.
കടപ്പാട്
The Hindu
For News : Click here

Tuesday, January 15, 2013

ജീവനില്ലാത്ത പ്രസ്ഥാനങ്ങള്‍ നമുക്കെന്തിന് ?

ജീവനില്ലാത്ത പ്രസ്ഥാനങ്ങള്‍ നമുക്കെന്തിന് ?


സ്വകാര്യ മേഖലയിലെ സിബിഎസ്ഇ,ഐസിഎസ്ഇ, അണ്‍ എയിഡഡ് സ്‌കൂളുകളിലെ
അധ്യാപകരുടെ സേവന വേതന വ്യവസ്ഥകളുടെ ദയനീയമായ സ്ഥിതി വിശേഷങ്ങളെ കുറിച്ച്
ചര്‍്ച്ചകള്‍ സജീവമായിരുന്നിട്ടും ഇതൊന്നുമറിയാത്തതായി നടിക്കുകയാണ്
ഇവിടത്തെ യുവജന പ്രസ്ഥാനങ്ങള്‍ .

കള്ളുചെത്തുകാരനും ബീഡി തുറുപ്പുകാരനുമൊക്കെ സംഘടനയും ക്ഷേമ ബോര്‍ഡുകളും
ഉള്ള നാടാണ് നമ്മുടെ സംസ്ഥാനം. നിര്‍ഭാഗ്യവശാല്‍ ഈ സംസ്ഥാനത്തെ സാക്ഷര
പ്രബുദ്ധരാക്കുന്നതില്‍ അതുല്യമായ ഒരു സ്ഥാനം സ്വകാര്യമേഖലയിലെ
അധ്യാപകര്‍ക്കും അവകാശപ്പെട്ടതായിട്ടും ഇവര്‍ ഇന്നും
ചൂഷണത്തിനടിനപ്പെടുന്ന സ്ഥിതിവിശേഷമാണെന്നത് ദൗര്‍ഭാഗ്യകരമാണ്.


 മത-സാമൂദായിക ശക്തികളാണ് ഈ മേഖല നിയന്ത്രിക്കുന്നത് എന്നതിനാലാകണം ഇവിടെ
ബഹുജന പ്രസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ മൗനമവലമ്പിക്കുകയാണ്
ചെയ്യുന്നത്.ഡിവൈഎഫ്‌ഐ,എവൈഎഫ്‌
ഐ, യൂത്ത്‌കോണ്‍ഗ്രസ്,സോളിഡാരിറ്റി തുടങ്ങി
നമ്മുടെ നാട്ടില്‍ ശബ്ദമുയര്‍ത്തുന്ന രാഷ്ട്രീയ സംഘടനകള്‍, തൊഴിലാളി
സംഘടനകള്‍,മത സഘടനകള്‍, എന്‍ജിഒകള്‍, അധ്യാപക സംഘടനകള്‍ തുടങ്ങിയ
സംഘടനകളാരും ഇതെ കുറിച്ച് നിശബ്ദത പാലിക്കുന്നത് ഒരു സമൂഹത്തോട്
ചെയ്യുന്ന കൊടുംവഞ്ചനയാണ്.

സമുദായ വോട്ട് എന്ന ഒറ്റക്കാരണം മുന്‍നിറുത്തി ഇവര്‍ നിശ്ബ്ദത
തുടരുമ്പോള്‍ എന്തിനാണ് നമുക്ക് ഇത്തരം സംഘടനകളും പ്രസ്ഥാനങ്ങളുമെന്ന്
സ്വാഭാവികമായും ചുരുങ്ങിയ പക്ഷം ഈ മേഖലയിലുള്ളവരെങ്കിലും തിരിച്ചു
ചോദിച്ചാല്‍ അതിനെ അരാഷ്ട്രീയ വാദമെന്നോ മതവിരുദ്ധമെന്നോ പറയാനാകില്ല.ഈ
മേഖലയിലെ അധ്യാപകര്‍ അസംഘടിതരാണ് എന്ന ഒറ്റക്കാരണമാണ് ഇവര്‍ ചൂഷണം
ചെയ്യപ്പെടാനുള്ള കാരണം. ഇവര്‍ സംഘടിക്കേണ്ട സമയം
അതിക്രമിച്ചിരിക്കുന്നു.നിര്‍ഭാഗ്യവശാല്‍ സംഘടിക്കുമ്പോഴേക്കും ഇവരുടെ
ജോലി നഷ്ടപ്പെടുമോ എന്ന ഭീതിയാകണം ഇവരെ പ്രതികരണമില്ലാതാക്കി
മാറ്റുന്നതിനുള്ള പ്രധാന ഹേതു.

തുല്യ ജോലിക്ക് ന്യായമായ കൂലിയെന്ന തത്വമാണ് ഈ മേഖലയില്‍
നിഷേധിക്കപ്പെടുന്നത്.എന്നാല്‍ യഥാര്‍ത്ഥ ശംബള പട്ടികയും സര്‍ക്കാറിനെ
പറ്റിക്കാനുള്ള ശംബളപ്പട്ടികയും സൂക്ഷിച്ച്  രക്ഷപ്പെടുകയാണ് സ്‌കൂള്‍
മാനേജ്‌മെന്റുകള്‍.

ശംബളം മാത്രമല്ല ഈ മേഖലയിലെ പ്രശ്‌നം.ഈ മേഖലയിലെ അധ്യാപകര്‍ നേരിടുന്ന
സാമൂഹ്യവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണേണ്ടതുണ്ട്. ചില
സ്‌കൂളുകളില്‍ അധ്യാപകര്‍ക്ക് രാവിലെ മുതല്‍ വൈകീട്ട് ക്ലാസ് കഴിയും വരെ
ഇരിക്കാന്‍പോലും പറ്റാത്ത നിയമങ്ങളാണ് പ്രിന്‍സിപ്പല്‍മാര്‍
ഉണ്ടാക്കിവെച്ചിട്ടുള്ളത്. ഇവരെ മോണിട്ടര്‍ ചെയ്യാന്‍ ചില അധ്യാപകരെയും
ചുമതലപ്പെടുത്തുകയും ഏതെങ്കിലും ടീച്ചര്‍ ഇരുന്നാല്‍ അക്കാര്യം
മൈക്കിലൂടെ വിളിച്ചുപറയുന്നത് ചില സ്‌കൂളുകളിലുണ്ടെന്നത് പരസ്യമായ
രഹസ്യമാണ്. വീടുകളിലെത്തിയാല്‍പോലും അല്‍പ്പം പോലും വിശ്രമിക്കാനാകാതെ
രക്ഷിതാക്കളുടെ ഫോണ്‍ വിളികള്‍ക്ക് മറുപടി പറയുക, നോട്ടു പുസ്തകങ്ങള്‍
പരിശോധിക്കുക, ബോധന സാമഗ്രികളുണ്ടാക്കുക തുടങ്ങി ഇവരുടെ ജോലിഭാരം
ഇരട്ടിയാണ്. ഇതൊക്കെ പറഞ്ഞാല്‍ തങ്ങളുടെ സ്ഥാപനത്തെ തകര്‍ക്കാനുള്ള
ആസൂത്രിത നീക്കമാണെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ അധികനാള്‍ ആര്‍ക്കും
സാധിക്കുമെന്ന് തോന്നുന്നില്ല.

ഇത്രയൊക്കെയായിട്ടും ആരുമെന്താണ് അധികം പരാതി പറയാത്തത് എന്നാണ് പലരും
ചോദിക്കാറുള്ളത്. ജോലി നഷ്ടപ്പെടുമോയെന്ന ഭീതി തന്നെയാണെന്നാണ് അതിന്
മറുപടി. മിക്ക സ്‌കൂളുകളിലും സ്ത്രീകളായ അധ്യാപികമാരെയാണ്
മാനേജ്‌മെന്റുകള്‍ കൂടുതല്‍ നിയമിക്കുന്നത്. കുറഞ്ഞ ശംബളം
കൊടുക്കാമെന്നതും ചുഷണം ചെയ്താലും പ്രതികരണം കുറവാണെന്നുമുള്ള ധാരണ
മാനേജ്‌മെന്റുകള്‍ക്ക് പിന്‍ബലം നല്‍കുന്നുണ്ടാകാം.

ഇവിടെ മറ്റൊരു കാര്യം കൂടി പ്രസക്തമാണ്. നഴ്‌സുമാരുടെ സമരം നടന്നപ്പോഴാണ്
ആ സ്ഥാപനങ്ങള്‍ നടത്തുന്ന മതപ്രസ്ഥാനങ്ങളുടെ വിചിത്രമായ പ്രസ്താവനകള്‍
കേട്ടത്. മത സംഘടനകളുടെ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കമാണെന്ന് വരെ
പ്രചരിപ്പിക്കപ്പെട്ടു.എന്നാല്‍ അതിനുമെത്രയോ
പ്രത്യാഘതമുണ്ടാക്കുന്നതാകും അണ്‍ എയിഡഡ് മേഖലയില്‍ 'മുല്ലപ്പൂ
വിപ്ലവം'വന്നാലുണ്ടാകുന്നത്.

കൂടാതെ സാമൂഹ്യവും ചൂഷണത്തിനുമെതിരെയും സ്‌നേഹം, സാഹോദര്യം, സമത്വമൊക്കെ
വിളംബരം ചെയ്യുന്ന മത ആശയങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയും അത്
പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണ് മത സംഘടനകള്‍ . എന്നാല്‍ സര്‍ക്കാര്‍
പ്രതിബാധിക്കുന്ന ശംബളം കൊടുക്കാതിരിക്കാന്‍ വ്യാജ
രേഖകളുണ്ടാക്കുന്നതിന്റെ മതപരമായ വിധിയെന്താണ് ? ഭരണകൂടത്തെ ചതിക്കുക
എന്നത് ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് യോജിച്ചതാണോ ? ഇതൊക്കെ
പരലോകത്ത് ചോദ്യം ചെയ്യപ്പെടാത്ത കാര്യങ്ങളാണോ ? ഇതിനൊക്കെ
പൊതുസമൂഹത്തോട് മറുപടി പറയാതെ ഈ ലോകത്ത് രക്ഷടാന്‍ കഴിഞ്ഞേക്കാം.എന്നാല്‍
അത്തരം അനീതികളോട് പൊറുക്കപ്പെടാത്ത തെറ്റുകളായിത്തന്നെ ചരിത്രത്തില്‍
അവശേഷിക്കുമെന്ന് ഇത്തരം ആളുകള്‍ ഓര്‍ത്താല്‍ നന്ന്.


Thursday, January 10, 2013

യോഗ്യത പരീക്ഷകള്‍ സര്‍ക്കാറിന് പണമുണ്ടാക്കാനുള്ള മാര്‍ഗമോ ?


അധ്യാപക യോഗ്യത നിര്‍ണ്ണയപരീക്ഷയെ പേരില്‍ ഓരോ വര്‍ഷവും വരുന്ന പരീക്ഷകള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ദുരിതമാണുണ്ടാക്കുന്നത്. ടിടിസിയും ബിഎഡും കഴിഞ്ഞ് പുറത്തിറങ്ങിയവര്‍ക്ക് വീണ്ടും അധ്യാപക യോഗ്യതയുണ്ടോ എ് പരിശോധിക്കാന്‍ പരീക്ഷ നടത്തുകയാണെങ്കില്‍. പിന്നെ എന്തിനാണ് ബിഎഡും , ടിടിസി കോഴ്‌സുകള്‍ ആളുകള്‍ പഠിക്കുന്നത് ?.

യോഗ്യതയുള്ള അധ്യാപകരെ സര്‍വീസിലേക്ക് തിരഞ്ഞെടുക്കലാണ് സര്‍ക്കാര്‍ ഈ പരീക്ഷകളിലൂടെ ഉദ്ദേശിക്കുതെങ്കില്‍ ഇത്തരം പരീക്ഷകള്‍ പഠനം പൂര്‍ത്തിയാക്കിയിറങ്ങിയ ശേഷമായിരുന്നില്ല സര്‍ക്കാര്‍ നടത്തേണ്ടിയിരുന്നത്. നിരവധി വര്‍ഷങ്ങള്‍ക്ക് മുമ്പ് അധ്യാപക പരിശീലന കോഴ്‌സ് പൂര്‍ത്തിയാക്കി സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളില്‍ പ്രവേശനം കിട്ടാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് ഇപ്പോള്‍ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് നടത്തിയാല്‍ ഈ ഉദ്യോഗാര്‍ഥികളെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിച്ച അധ്യാപക സിദ്ധാന്തങ്ങളും മറ്റും ഓര്‍മയുണ്ടാകണമെന്നതിന് എന്താണ് ഉറപ്പ്.

ഇവിടെയാണ് ഈ യോഗ്യത പരീക്ഷകള്‍ക്കായി പ്രത്യേക കോഴ്‌സുകള്‍ നടത്തു സ്ഥാപനങ്ങളുടെ സാമ്പത്തിക താല്‍പര്യത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണം ഉയരുന്നത്. അതെസമയം ഈ നിരവധി വര്‍ഷങ്ങള്‍ക്കിടയില്‍ പിഎസ് സി വഴി യോഗ്യത നേടി സര്‍വീസിലെത്തിയവരും എയിഡഡ് സ്‌കൂള്‍ മേഖലയില്‍ പണം നല്‍കി അധ്യാപക ജോലി നേടിയെടുത്തവരും ഏറെയുണ്ട് എന്നാല്‍ ഇവര്‍ക്ക് അധ്യാപക യോഗ്യത പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് തയ്യാറാകാത്തത്. അങ്ങിനെ പരീക്ഷ നടത്തിയാല്‍ ഇപ്പോള്‍ എയിഡഡ് മേഖലയില്‍ ജോലിചെയ്യുന്ന എത്രപേര്‍ പിന്നീട് സര്‍വീസിലുണ്ടാകുമെന്ന് കണ്ടറിയുകതന്നെ വേണം. ഇക്കാരണം കൊണ്ടുതന്നെ സാമൂഹ്യ അനീതിയാണ് ഈ യോഗ്യതാ പരീക്ഷകളില്‍ പ്രകടമാകുന്നത്.

അധ്യാപക പരിശീലന കോഴ്‌സുകളുടെ പ്രവേശനത്തിന് മുമ്പ് ഈ യോഗ്യത പരീക്ഷ നടത്തി യോഗ്യതയുള്ളവരെ മാത്രം പ്രവേശിപ്പിക്കുകയാണെങ്കില്‍ അതായിരിക്കും സര്‍ക്കാര്‍ ലക്ഷ്യസാക്ഷാത്കാരത്തിന് ഏറെ ഉപകാരപ്പെടുക. കൂടാതെ യോഗ്യതയില്ലാത്തവര്‍ വെറുതെ പണം ചിലവഴിച്ച് ഈ കോഴ്‌സുകള്‍ക്ക് ചേരുകയെന്ന അനാരോഗ്യകരമായ പ്രവണതയും ഇതുവഴി ഒഴിവാക്കാമല്ലോ..



രണ്ടാമതായി മറ്റൊരു മാര്‍ഗവും സര്‍ക്കാറിന് സ്വീകരിക്കാവുതാണ്.അധ്യാപക പരിശീലനങ്ങളുടെ  പഠനകാലയളവിന്റെ അവസാനത്തിലോ  വാര്‍ഷിക പരീക്ഷയിലോ ഈ വിഷയവും ഉള്‍പ്പെടുത്തി പരീക്ഷ നടത്താനും സര്‍ക്കാറിന് കഴിയുമല്ലോ.

ടെറ്റ് പരീക്ഷ എഴുതുന്നത്‌കൊണ്ട് ജോലി കിട്ടുന്നത് എയിഡഡ് മേഖലയില്‍ പണം നല്‍കി ഈ വര്‍ഷം ജോലിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് മാത്രമാണ്. പിഎസ് സി വഴിയുള്ള അധ്യാപക പ്രവേശനം അടുത്തൊും നടക്കാനും പോകുന്നില്ല. അതുകൊണ്ടുതന്നെ ഈ പ്രവേശന പരീക്ഷ ജയിക്കേണ്ടത് എയിഡഡ് സ്‌കൂളുകളില്‍ ഈ വര്‍ഷം ചേര്‍ന്നവരെ മാത്രമാണ് ആകുലതപ്പെടുത്തുന്നത്. മറ്റുള്ളവര്‍ക്ക് പിഎസ്‌സി പരീക്ഷകൂടി വിജയിക്കണമല്ലോ. എയിഡഡ് മേഖലയെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടമുള്ളപ്പോള്‍ ഈ മേഖലയിലെ അധ്യാപകരെ സംരക്ഷിക്കാന്‍ യോഗ്യതപരീക്ഷയില്‍ സര്‍ക്കാര്‍ മറിമായം കാണിക്കുമോയൊെക്കെ പരീക്ഷ കഴിഞ്ഞ ശേഷം അറിയാം.

അധ്യാപക നിയമനപ്രക്രിയയില്‍ ദേശീയമായി നിശ്ചിത നിലവാരം ഉറപ്പാക്കാനും ഗുണനിലവാരമുള്ള അധ്യാപനം ഉറപ്പാക്കുകയെ ലക്ഷ്യവുമായി നാഷനല്‍ കൗസില്‍ ഫോര്‍ ടീച്ചര്‍ എജ്യൂ ക്കേഷന്‍ (എന്‍സിടിഇ) പുറപ്പെടുവിച്ച മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ടെറ്റ് നടത്താന്‍പോകുന്നത്. വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകളുടെ ഭാഗമായി കേരള സാഹചര്യത്തി. ക്ലാസ് തരം തിരിക്കല്‍പോലുള്ള പ്രക്രിയയും മറ്റും ഇനിയും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ല.അഞ്ചാം ക്ലാസ് യുപിയിലും എട്ടാം ക്ലാസ് ഹൈസ്‌കുളിലുമാണ് ഇപ്പോഴുമുള്ളത്. എന്നാല്‍ യോഗ്യത പരീക്ഷയിലെ അധ്യാപകരെ തരം തിരിച്ചിട്ടുള്ളത് വിദ്യാഭ്യാസ അവകാശ നിയമത്തിലെ ഓരോ ക്ലാസിലെയും കുട്ടികളെ പഠിപ്പിക്കാനുള്ള അധ്യാപകയോഗ്യതപ്രകാരമാണ്. ഇരിക്കും മുമ്പ് കാല്‍നീട്ടുന്നത്‌പോലെ...


ഓരോ പുതിയ യോഗ്യത പരീക്ഷകള്‍ക്ക് പിിലും ചില സാമ്പത്തിക താല്‍പ്പര്യം സര്‍ക്കാറിനും ചില സ്ഥാപനങ്ങള്‍ക്കുമുണ്ട്. എന്നതൊഴിച്ചാല്‍ മേല്‍പറഞ്ഞ പരീക്ഷകള്‍ അശാസ്ത്രീയമാണ്.


വിവിധ യോഗ്യത പരീക്ഷകള്‍ക്കായി വിദ്യാര്‍ഥികളില്‍ നിന്നും ഉദ്യോഗാര്‍ഥികളില്‍ നിന്നും വന്‍ തോതില്‍ പണം ഈടാക്കുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. ഇതിനെതിരെ ശബ്ദിക്കേണ്ട വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളും മൗനം അവലമ്പിക്കുകയാണ്.

പരീക്ഷ നടത്താനും റിസള്‍ള്‍ട്ടും സര്‍ട്ടിഫിക്കറ്റും നടത്താനുള്ള ചിലവുകള്‍ക്കപ്പുറം സര്‍ക്കാറിനും വിവിധ കോഴ്‌സുകളുടെ പരീശീലനം സംഘടിപ്പിച്ച് സാമ്പത്തിക ലാഭമുണ്ടാക്കാനുള്ള നടപടികളായി മത്സരപരീക്ഷകള്‍ മാറുകയാണോ ?
ഈ വര്‍ഷം മുതല്‍. ആരംഭിക്കുന്ന ടെറ്റ് (കെടെറ്റ് ) പരീക്ഷക്ക് അപേക്ഷകനില്‍. നിന്ന് 500 രൂപയാണ് സര്‍ക്കാര്‍ ഈടാക്കുന്നത്.


ഇത്തവണ സെറ്റ് പരീക്ഷാഫീസ് കുത്തനെ കൂട്ടുകയുംചെയ്തു. ജനറല്‍. വിഭാഗത്തിന് 750 രൂപയും എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗത്തിന് 350 രൂപയുമാണ് ഫീസ്. കഴിഞ്ഞവര്‍ഷം ജനറല്‍ വിഭാഗത്തിന് 500 രൂപയും മറ്റുവിഭാഗങ്ങള്‍ക്ക് 250 രൂപയുമായിരുന്നു.
2011 സപ്തംബറില്‍. നടന്ന സെറ്റ് പരീക്ഷയില്‍. 1, 89, 58, 500 രൂപ എല്‍..ബി.എസ് സെന്ററിന് കിട്ടിയിരുന്നുവെന്നത് വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന കണക്കാണ്. ഈ വര്‍ഷം അത് രണ്ടുകോടിക്ക് മുകളിലാവും.എന്തിന്റെ അടിസ്ഥാനത്തിലാണെ് ഇത്തരത്തില്‍  സര്‍ക്കാര്‍ ഫീസ് വര്‍ദിപ്പിക്കുന്നതെ്്ന്ന്്് മനസ്സിലാകുന്നില്ല. 35276 പേര്‍ എഴുതിയ കഴിഞ്ഞ വര്‍ഷത്തെ സെറ്റ് പരീക്ഷയില്‍ കേവലം 2850  പേരാണ് വിജയികളായത്. ഇങ്ങിനെയൊക്കെ കഷ്ടപ്പെട്ട് പരീക്ഷ എഴുതിയവരില്‍ ഭൂരിപക്ഷം വിദ്യാര്‍ഥികളെയും തോല്‍പ്പിക്കുന്നത് വീണ്ടും ഫീസ് പിരിക്കാനാനല്ലാതെ മറ്റെന്തിനാണ് ? സര്‍ക്കാറിന് സാമ്പത്തികമായി പിഴിയാനുള്ള ആളുകളാണോ വിദ്യാര്‍ഥികള്‍ ?

രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ച സിടിഇടി പരീക്ഷയുടേതും ഫലം സമാനമായിരുന്നു. പരീക്ഷ നടത്താനെത്തിയവര്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദേശപോലും സര്‍ക്കാര്‍ നല്‍കുകയുണ്ടായില്ല.ആരൊക്കെ ഏതൊക്കെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതണം എതുപോലും അറിയാത്തതിനാലും മതിയായ സമയം കിട്ടാത്ത പ്രശ്‌നമെല്ലാം അന്നുതന്നെ മാധ്യമങ്ങളില്‍ വാര്‍ത്തയായതാണ്. നെഗറ്റീവ് മാര്‍ക്ക് കിട്ടില്ല എന്ന ഉറപ്പിന്മേല്‍  സമയം കിട്ടാത്തതിനാല്‍ ഒഎംആര്‍ ഷീറ്റിലെ എല്ലാ ബബഌകള്‍ക്ക് നിറംകൊടുത്താണ് പലരും പരീക്ഷാ ഹാളില്‍ നിന്നിറങ്ങിയത്. വലിയതോതില്‍ ഫീസ് വാങ്ങി നടത്തിയ പരീക്ഷയാണ് ഇതെന്നോര്‍ക്കണം. ഫലം വപ്പോള്‍ 25 ശതമാനംപോലും വിജയം കേരളത്തില്‍ നിന്നുണ്ടായില്ല.

എന്തിനാണ് ഈ പരീക്ഷകള്‍ക്കെല്ലാം ഇത്രവലിയ അപേക്ഷ ഫീസ് ഈടാക്കുന്നത് ?ബന്ധപ്പെട്ടവര്‍ ഇതിന് മറുപടിപറയാത്തിടത്തോളം കാലം ഈ ചോദ്യം അവശേഷിക്കുകതന്നെ ചെയ്യും.പിഎസ്‌സി പരീക്ഷയുടേത് പോലെ ചോദ്യപേപ്പറും ഉത്തരമെഴുതാനുള്ള ഒഎംആര്‍ ഷീറ്റുമാണ് മിക്ക പരീക്ഷകളിലും വിതരണം ചെയ്യാറുള്ളത്. കൂടാതെ പരീക്ഷ എഴുതി ജയിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കണം. ഇതിനും അനുബന്ധ നടപടികള്‍ക്കുമായി ഇത്രയും ഫീസ് വാങ്ങേണ്ടതുണ്ടോ ?അതോ പണം സമ്പാദിക്കാനുള്ള മാര്‍ഗമാണോ സര്‍ക്കാറിന് ഇത്തരം പരീക്ഷകള്‍.

Monday, January 7, 2013

അധ്യാപക യോഗ്യതാപരീക്ഷയിലെ കാണാപ്പുറങ്ങള്‍

അധ്യാപക യോഗ്യതാപരീക്ഷയിലെ കാണാപ്പുറങ്ങള്‍
അടുത്ത കാലത്തായി നടന്ന അധ്യാപക യോഗ്യതാ പരീക്ഷകളും അവയുടെ
വിജയശതമാനത്തിലുള്ള വലിയ പരാജയവും മുന്‍ നിറുത്തി അധ്യാപകരെ
വിലകുറച്ചുള്ള നിരീക്ഷണം നടത്തുന്ന വാര്‍ത്തകളും എഡിറ്റോറിയല്‍
ലേഖനങ്ങളും പത്രമാധ്യമങ്ങളില്‍ കണ്ടു.

തീര്‍ച്ചയായും ആശങ്കയുളവാക്കുന്നതാണ് അധ്യാപക യോഗ്യതാ പരീക്ഷകളിലെ
കൂട്ടത്തോല്‍വി എന്ന കാര്യത്തില്‍ സംശയമുള്ളവരുണ്ടാകില്ല. ഭാവി തലമുറയെ
കരുപിടിപ്പേക്കേണ്ട ഭാരിച്ച ഉത്തരവാദിത്തമുള്ള അധ്യാപകരില്‍ ഭൂരിഭാഗവും
അവരുടെ യോഗ്യതാപരീക്ഷകളില്‍ തോറ്റുപോകുന്നവരാണെന്ന പുറത്തറിയുമ്പോള്‍
ഇത്രയേയുള്ളൂ അധ്യാപകരുടെ യോഗ്യതയെന്ന് ഏതൊരാള്‍ക്കും തോന്നും. ഇത് ഈ
പ്രശ്‌നത്തിന്റെ ഒരു വശം. ഈ വശമാണ് മാധ്യമങ്ങളില്‍ എഡിറ്റോറിയല്‍
ലേഖനങ്ങളായി അധികപേരും ഉന്നയിച്ചതും.
എന്നാല്‍ ഇതിന്റെ കാരണങ്ങള്‍തേടി അന്വേഷിക്കുമ്പോളാണ് മറ്റു ചില
വസ്തുതകള്‍ ഈ തോല്‍വിക്ക് പിന്നിലുണ്ടെന്ന് ബോധ്യമാകൂ.
വിവിധ ക്ലാസുകളിലേക്ക് അധ്യാപകരാന്‍ നടത്തുന്ന പരീക്ഷകളാണ് നെറ്റ്
(നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്), സെറ്റഅ (സ്റ്റേറ്റ് എലിജിബിലിറ്റി
ടെസ്റ്റ്) അവസാനം വന്ന ടെറ്റ്( കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ്)
എന്നിങ്ങനെയുള്ളവ.

വിവിധ അധ്യാപക പരിശീലന കോഴ്‌സുകള്‍ കഴിഞ്ഞ് അധ്യാപക ജോലിക്ക്
പ്രവേശിക്കേണ്ടവര്‍ ഈ യോഗ്യത പരീക്ഷ കൂടി ജയിക്കണം എന്നതാണ് കടമ്പ.
വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ചുവട് പിടിച്ചാണ് ടെറ്റ് അവസാനം നിലവില്‍
വന്നത്. ഇവിടെ പ്രസക്തമായ ചോദ്യം ഒരു യോഗ്യതാപരീക്ഷയിലൂടെ
തെളിയിക്കാവുന്ന ഒന്നാണോ അധ്യാപനത്തിന്റെ കഴിവ് എന്നതാണ് ? ധാരാണം
മനശാസ്ത്രജ്ഞരുടെ പേരുകളും ചില ചോദ്യോത്തരങ്ങളും പരീക്ഷകനെ
ആശയകുഴപ്പത്തിലാക്കുന്ന മറ്റു ഒപ്ഷനുകളും നല്‍കിയാണല്ലോ പിഎസ്‌സി
പരീക്ഷയെപ്പോലെ അധ്യാപക യോഗ്യതാപരീക്ഷകളിലും ചോദ്യങ്ങള്‍
വരുന്നത്.ഏഴാംതരവും,പത്താംതരവും വിജയിച്ച ആളുകളുടെ നിലവാരത്തിലേക്കെന്ന്
പറഞ്ഞ് പിഎസ് സി നടത്തുന്ന പരീക്ഷകളില്‍ ലക്ഷകണക്കിനാളുകളാണ്
പങ്കെടുക്കാറുള്ളത്. ഏഴാം ക്ലാസ് യോഗ്യതയുള്ളവര്‍ മുതല്‍
ബിരുദാനന്തരബിരുദമുള്ളവര്‍ വരെ ഈ പരീക്ഷകള്‍ എഴുതാറുമുണ്ട്.ശേഷം ഫലം
പുറത്തുവരുമ്പോളുണ്ടാകുന്ന വിജയശതമാനക്കുറവ് ആരും പരിഗണിക്കാറില്ല. ഇവിടെ
കേരളത്തില്‍ അധ്യാപക യോഗ്യതാപരീക്ഷകളിലെ തോല്‍വിമാത്രം ഹൈലേറ്റ് ചെയ്ത്
അധ്യാപകരെല്ലാം യോഗ്യതയില്ലാത്തവരാണെന്ന് വരുത്തി തീര്‍ക്കാനുള്ള
ആസൂത്രിത നീക്കമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സര്‍ക്കാറിന്റെ വീഴ്ചകള്‍ പരാമവധി മറച്ചുവെക്കാനുള്ള നീക്കങ്ങളുടെ
ഭാഗമായിമാത്രമെ ഇതിനെ കാണാനാകൂ. അധ്യാപക യോഗ്യതാപരീക്ഷകളായ സിടിഇടി
രണ്ടുവര്‍ഷം മുമ്പാണ് ആരംഭിച്ചത്. എന്നാല്‍ സിടിഇടി പരീക്ഷക്ക് പോലും
പരീക്ഷ എഴുതിയ ഉദ്യോഗാര്‍ഥിക്ക് ചോദ്യപേപ്പറുകള്‍ നല്‍കാറുണ്ട്.
ഇപ്രകാരം പരീക്ഷ എഴുതിയ ആള്‍ക്ക് ചോദ്യങ്ങള്‍ പരിശോധിക്കാനും
തെറ്റുണ്ടെങ്കില്‍ കണ്ടുപിടിക്കാനും അവസരം ലഭിക്കുന്നു. എന്നാല്‍ കേരള
സര്‍ക്കാര്‍ നടത്തുന്ന ടെറ്റ് പരീക്ഷാചോദ്യപേപ്പര്‍ എന്തുകൊണ്ടാണ് പരീക്ഷ
എഴുതിയവര്‍ക്ക് തിരിച്ചുകൊടുക്കാത്തതെന്ന ചോദ്യത്തിന് അധികൃതര്‍ ഇതുവരെ
ഉത്തരം പറഞ്ഞിട്ടില്ല.
ഈ വിഷയത്തില്‍ പ്രധാനമായും വന്ന ആക്ഷേപം പുതുതായി വരുന്ന അധ്യാപകര്‍
വേറൊരു ജോലിയും കിട്ടാത്തതിനാല്‍ ഈ മേഖലയിലേക്ക് വരുകയാണെന്നാണ്. ഇതില്‍
കഴമ്പില്ലാതില്ല.പഴയതൊക്കെ നല്ലതാകുകയും ഇപ്പോഴത്തേത് മോശകരമാകുമെന്നൊരു
വാദം ഇതില്‍ ഒളിഞ്ഞുകിടപ്പുണ്ട്. കഴിവ് പുതിയവര്‍ക്കു മാത്രം
നിര്‍ബന്ധമാണെന്ന് വാശിപിടിക്കരുത്. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ ഇടക്കിടക്ക് അധ്യാപകരുടെ യോഗ്യത പരിശോധിക്കുന്ന സംവിധാനം നിലവിലുണ്ട്. അത്തരമൊരു സംവിധാനം ഇന്ത്യയിലും വരേണ്ടതുണ്ട്. നിലവില്‍ ജോലി ചെയ്യുന്നവരുടെ യോഗ്യതയും ഒന്ന്  പരിശോധിക്കുന്നതില്‍ എന്താണ് തെറ്റ് ?.

നിലവില്‍ 20 ഉം 30 വര്‍ഷത്തെ സര്‍വീസുള്ള അധ്യാപകര്‍ക്ക് നെറ്റ്, സെറ്റ്,
ടെറ്റ് പരീക്ഷ കള്‍ ആവശ്യമില്ല.സര്‍ക്കാര്‍ ജോലി കിട്ടുന്നതുവരെയാണ്
പ്രയാസം ,കിട്ടി കഴിഞ്ഞാല്‍ പഠനമൊക്കെ നിലച്ചുപോകുന്ന സ്ഥിതിവിശേഷമാണ്
നിലവിലുള്ളത്. ഈയൊരു സാഹചര്യത്തില്‍ മേല്‍ സൂചിപ്പിച്ച പരീക്ഷകള്‍
സര്‍വീസിലുള്ളവര്‍ക്ക് കൂടി നടത്തുകയും അവരൊക്കെ പുതിയ അധ്യാപകരേക്കാള്‍
എത്ര യോഗ്യതയുള്ളവരാണെന്ന് തെളിയിച്ചാല്‍മാത്രമെ പുതുതായി വരുന്നവര്‍ക്ക്
വിവരം അല്ലെങ്കില്‍ കഴിവുകള്‍ കുറവാണ് എന്ന ഇത്തരം ആക്ഷേപം ശരിയാണെന്ന്
ബോധ്യപ്പെടുത്താനാകൂ. അല്ലാത്ത പക്ഷം അധ്യാപക യോഗ്യതാപരീക്ഷകള്‍ അധ്യാപക
പരിശീലനത്തിന് മുമ്പ് നടത്താന്‍ അധികൃതര്‍ തയ്യാറാകണം. എങ്കില്‍ അധ്യാപക
അഭിരുചിയുള്ള ആളുകള്‍ മാത്രം അധ്യാപക പരിശീലനം നേടുകയും അതുവഴി നല്ല
അധ്യാപകരെ വാര്‍ത്തെടുക്കാനും കഴിയുമല്ലോ. ലക്ഷങ്ങളുടെ ബിസിനസ് ആക്കി
മാറ്റിയ അധ്യാപക പരീശീലന രംഗത്തെ സ്വാശ്രയ സ്ഥാപനങ്ങളെ വളര്‍ച്ചയെ
സ്വാധീനിക്കുന്ന നടപടികള്‍ക്ക് ഈ സര്‍ക്കാര്‍ തുനിയുമോ എന്ന കാര്യത്തില്‍
ഒട്ടും പ്രതീക്ഷക്ക് വകയില്ല.


അധ്യാപക പരിശീലനം നേടിയവരുടെ മൂല്യതകര്‍ച്ച കുറ്റപ്പെടുത്താന്‍ എളുപ്പമാണ്. എന്നാല്‍ വാസ്തവത്തില്‍ ഈ വിദ്യാര്‍ഥികളുടെനിലവാരമില്ലായ്മകൊണ്ടല്ല അധ്യാപക യോഗ്യതാപരീക്ഷകളില്‍ പരാജയം സംഭവിക്കുന്നത്. അധ്യാപക പരിശീലന കോഴ്‌സുകളുടെ വാര്‍ഷിക പരീക്ഷയില്‍ ഫസ്റ്റ് ക്ലാസ് മുതല്‍  ഉന്നത മാര്‍ക്ക് നേടിയാണ് പലരും കോഴ്‌സ്
പുര്‍ത്തിയാക്കുന്നത്. എന്നാല്‍ ഇവര്‍ക്കെല്ലാവര്‍ക്കും അധ്യാപക യോഗ്യതാപരീക്ഷയില്‍ വിജയിക്കാന്‍ സാധിച്ചിട്ടില്ല്‌ല്ലോ.അപ്പോള്‍ പഠനം നടത്തുന്ന സിലബസിനോ അല്ലെങ്കില്‍ പരീക്ഷയുടെ സിലബസിനോ കാര്യമായ കുഴപ്പമുണ്ട്. 

ഇവിടെ പരീക്ഷയില്‍ വിജയിച്ചവരില്‍ അധികപേരും പ്രത്യേക
പരിശീലന ക്ലാസുകളില്‍ മാസങ്ങളോളം പരിശീലനം നേടിയവരാണ്.ഈ പരീക്ഷ
എഴുതിയത്‌കൊണ്ട് ജോലിയൊന്നും കിട്ടില്ലെന്ന് അറിയാവുന്നതിനാല്‍ അധികപേരും
വന്‍ പണം ചിലവഴിച്ച് പരിശീലന കോഴ്‌സുകളില്‍ ചേര്‍ന്നിട്ടില്ല.
എല്ലാവരെകൊണ്ടും അതിന് സാധിക്കുകയുമില്ല. അങ്ങിനെയാണെങ്കില്‍ ഈ
യോഗ്യതാപരീക്ഷ എഴുതുന്നതിന് പകരം വിവിധ പിഎസ് സി പരീക്ഷക്കുള്ള
പരിശീലനത്തില്‍ ചേരുന്നപ്രവണതയുണ്ടാകുമായിരുന്
നു.സര്‍ക്കാറിന്റെ ഇത്തരം
യോഗ്യതാ പരീക്ഷള്‍ ഏറ്റവും ഉപകാരപ്രദമായത് ഇവിടത്തെ വിവിധ പരീക്ഷകളുടെ
പരിശീലന സ്ഥാപനങ്ങള്‍ക്കും ഗൈഡ് പുസ്തക കമ്പനികള്‍ക്കുമാണ്.
പൂരം കഴിഞ്ഞ് വെടിപൊട്ടിക്കുകയെന്ന പഴഞ്ചൊല്ല്‌പോലെയാണ്
ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍ സമീപനം. അധ്യാപന പരിശീലനം
കഴിഞ്ഞിറക്കിയവര്‍ക്ക് യോഗ്യതയുണ്ടോ എന്ന് പരിശോധിക്കുന്നതിനേക്കാള്‍
നല്ലത് അധ്യാപക പരിശീലന കോഴ്‌സുകളിലേക്കുള്ള പ്രവേശനം
അഭിരുചിയുള്ളവര്‍ക്ക് മാത്രമാകലല്ലേ. ഇങ്ങിനെയാകുമ്പോള്‍
അഭിരുചിയില്ലാത്തവര്‍ കോഴ്‌സിന് ചേരേണ്ടതില്ല. ഇപ്രകാരമല്ലാതെ കോഴ്‌സ്
പൂര്‍ത്തിയാക്കുകയും അവര്‍ക്ക് സര്‍ക്കാര്‍ മേഖലയിലല്ലെങ്കില്‍
അണ്‍എയിഡഡ് മേഖലയില്‍ പരീക്ഷ എഴുതി യോഗ്യത നേടാതെയും അധ്യാപകരാകാം.
അതിന്റെ ദോഷവും കുട്ടികള്‍ക്ക് തന്നെയാണ്.