Thursday, April 1, 2021

പ്രവാസികള്‍ക്ക് പഠിക്കണം, അവരുടെ കുട്ടികള്‍ക്കും.

പഠിക്കാന്‍ കഴിവും സമയവും താല്‍പ്പര്യവുമുണ്ടായിട്ടും പ്രവാസി ആയതിന്‍റെ പേരില്‍ അവസരമില്ലാതെ പോകുന്ന നിരവധിപേര്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ട്.എസ് എസ്എല്‍സി, പ്ലസ്ടു പഠനത്തിന് ശേഷം തുടര്‍ പഠനത്തിന് സാധിക്കാതെ പ്രവാസ ലോകത്തേക്ക് പറന്ന ആയിരക്കണക്കിനാളുകളാണ് അറബി നാടുകളിലുള്ളത്. പല രാജ്യാന്തര കമ്പനികളിലും അവര്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാല്‍ ചെറിയ ജോലികളാണ് ഇത്തരം കമ്പനികളില്‍ അവര്‍ക്ക് ലഭിക്കുന്നത്. സാങ്കേതിക, ഭരണ, ബിസിനസ് മേഖലയില്‍ രാജ്യാന്തര കമ്പനികളില്‍ ജോലി ചെയ്ത് പരിചയം നേടുന്ന ഈ ആയിരങ്ങള്‍ക്ക് മതിയായ അക്കാദമിക് യോഗ്യതയും സര്‍ട്ടിഫിക്കറ്റും ലഭിക്കുകയാണെങ്കില്‍ ജോലിയില്‍ സ്ഥാനക്കയറ്റവും  മികച്ച അവസരങ്ങളും ലഭിക്കുകയും ചെയ്യും. 

ജോലി ചെയ്യുന്ന കാലത്തു തന്നെ അവര്‍ക്ക്ഗള്‍ഫ് രാജ്യങ്ങളില്‍ വെച്ച് തുടര്‍ പഠനത്തിന് അവസരം ലഭിക്കുകയാണെങ്കില്‍ അതവരുടെ വിദ്യാഭ്യാസ യോഗ്യത ഉയര്‍ത്തുന്നതിനും സാധിക്കുമായിരുന്നു.ജോലി സമയം കഴിഞ്ഞുള്ള ഈവനിംഗ് ബാച്ചുകളായി കോഴ്സുകള്‍ തുടങ്ങുകയാണെങ്കില്‍ നിരവധിപേര്‍ക്ക് അത് സഹായകരമാകും.


നിലവില്‍ ചില സ്വകാര്യ സ്ഥാപനങ്ങളില്‍ ചുരുക്കം കോഴ്സുകള്‍ പഠിപ്പിക്കുന്നുണ്ടെങ്കിലും ഇവിടങ്ങളിലെ ഫീസ് ഘടന സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതിനുമപ്പുറമാണ്. കൂടാതെ ഇതില്‍ ഭൂരിപക്ഷവും നാട്ടിലെ സര്‍വകലാശാലകള്‍ക്ക് കീഴില്‍ വിദൂര വിദ്യാഭ്യാസ വിഭാഗത്തിലൂടെ രജിസ്റ്റര്‍ ചെയ്ത് പഠിക്കുന്നവയായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അംഗീകാരമോ തുല്യതാ സര്‍ട്ടിഫിക്കറ്റോ ലഭിക്കുകയില്ല. 

പ്രവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിന്‍റെ കാര്യവും മറിച്ചല്ല.പ്രവാസി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പ്ലസ്ടു വരെ പഠിക്കാന്‍ നിരവധി സ്കൂളുകള്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ട്.എന്നാല്‍ പ്ലസ് ടുവിന് ശേഷമുള്ള തുടര്‍ പഠനത്തിന് പ്രതിസന്ധികളേറെയാണ്.നാട്ടിലേതുപോലെ ഉപരിപഠനത്തിനുള്ള ധാരാളം കോളേജുകള്‍ ഗള്‍ഫ് രാജ്യങ്ങളിലില്ല.ഉള്ളവയില്‍ത്തന്നെ ഭൂരിപക്ഷവവും സ്വകാര്യ യൂനിവേഴ്സിറ്റികളോ കോളേജുകളോ ആണ്.ഇത്തരം കോളേജുകളിലാവട്ടെ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് നാട്ടിലെ കോളേജുകളെപ്പോലെ വിവിധങ്ങളായ വിഷയങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവസരവുമില്ല. ഉദാഹരണമായി പ്ലസ് ടു സയന്‍സ് പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് ഉപരിപഠനത്തിന് അവസരമില്ലാത്തതിനാല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ബികോം,ബിബിഎ പോലുള്ള കോഴ്സുകള്‍ക്ക് ചേരാന്‍ നിര്‍ബന്ധിതമാവുകയാണ് . കൂടാതെ ശരാശരി ഗള്‍ഫ് കുടുംബങ്ങളിലെ കുട്ടികള്‍ക്ക് താങ്ങാന്‍ സാധിക്കാത്ത ഫീസും നല്‍കണം.ഇക്കാരണങ്ങള്‍കൊണ്ടു തന്നെ രക്ഷിതാക്കള്‍ കുട്ടികളെ നാട്ടിലേക്ക് പറഞ്ഞയക്കാന്‍ നിര്‍ബന്ധിതതമാവുകയാണ്. രക്ഷിതാക്കള്‍ ഗള്‍ഫ് രാജ്യങ്ങളിലും കുട്ടികള്‍ നാട്ടിലുമാവുമ്പോഴുണ്ടാകുന്ന പ്രതിസന്ധികള്‍ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.


എന്താണ് ഇതിന് പരിഹാരം

  1. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോളേജുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സ്ഥാപിക്കുകയാണെങ്കില്‍ ഈ പ്രശ്നത്തില്‍ ഒരു പരിധിവരെ മറികടക്കാനാകും. സാധാരണക്കാര്‍ക്കു കൂടി തങ്ങാന്‍ കഴിയുന്ന ഫീസ് ഘടന നിശ്ചയിച്ച് ഓഫ് കാമ്പസ് സൗകര്യങ്ങള്‍ ഇവിടങ്ങളില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളുണ്ടാവണം.
  2. സര്‍ക്കാര്‍ തലത്തില്‍ കോളേജുകളും ഉപരിപഠന സൌകര്യങ്ങളും കുറവായതിനാല്‍ സര്‍വകലാശാലകള്‍ക്കു കീഴില്‍ പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത് പഠനം പൂര്‍ത്തിയാക്കിയ നൂറുകണക്കിനാളുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ പ്രതിസന്ധി നേരിടുകയാണ് . ഒരേ കോഴ്സില്‍ പഠനം നടത്തിയിട്ടും പ്രൈവറ്റ് രജിസ്ട്രേഷന്‍ ആയതിനാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍  തുല്യതാ സര്‍ട്ടിഫിക്കറ്റ്  ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് റെഗുലര്‍ പദവി നല്‍കാന്‍ സര്‍ക്കാര്‍ ഇടപെട്ട് ശ്രമമുണ്ടാവേണ്ടതുണ്ട്.
  3. ഐഐടികള്‍ക്കും ഐഒഇഎസുകള്‍ക്കും രാജ്യത്തിന് പുറത്ത് ഓഫ്ഷോര്‍ കാമ്പസുകള്‍ ആരംഭിക്കാന്‍ അടുത്തിടെ യുജിസി അംഗികാരം നല്‍കികൊണ്ട് നിയമം ഭേദഗതി ചെയ്തിട്ടുള്ളതിനാല്‍ ഈ അവസരം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാവണം.
  4. പ്രവാസ ജീവിതം തിരഞ്ഞെടുക്കുന്ന ആയിരക്കണക്കിനാളുകളാണ് ദിനംപ്രതി ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാനം കയറുന്നത്.ഗള്‍ഫിലെ തൊഴില്‍ സാഹചര്യം മനസ്സിലാക്കി അതിനാവശ്യമായ കോഴ്സുകള്‍ നാട്ടില്‍ ആരംഭിക്കുകയും പ്ലേസ്മെന്‍റിനുള്ള സംവിധാനം സര്‍ക്കാര്‍ തലത്തില്‍ വിപുലപ്പെടുത്തേണ്ടതുണ്ട്.