Monday, November 7, 2016

പുസ്തകമേളയുടെ രാവുകള്‍

സന്ധ്യവെയില്‍ അസ്തമിക്കാനൊരുങ്ങുന്നു.പുറത്തെങ്ങും അധികമാരെയും കണ്ടില്ല.സ്കൂള്‍ അസംബ്ലിയില്‍ നില്‍ക്കുന്ന കുട്ടികളുടെ അച്ചടക്കത്തോടെ നിരയായി കാറുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു. പ്രധാന കവാടത്തിലെത്തിയപ്പോഴേക്കും പുസ്തകങ്ങളുടെ നറുമണം.ലോകോത്തര ക്ലാസിക്കുകള്‍ മുതല്‍ കുട്ടികള്‍ക്കുള്ള ഏഞ്ചുവടി വരെ ഇക്കൂട്ടത്തിലുണ്ടാകും. ടോള്‍സ്റ്റോയിയും,മാര്‍ക്കേസും, കൊയ് ലോയും ,നെരുദയും... എഴുതിവെച്ച ആശയ കൂമ്പാരങ്ങളുടെ കലവറ പരന്ന് കിടക്കുന്നു.ഷാര്‍ജ പുസ്തകോത്സവം.പുസ്തകങ്ങളുടെ കാറ്റലോഗുകളും ഏതാനും അറബി പത്രങ്ങളും സൗജന്യമായി വിതരണത്തിനുണ്ട്.പ്രവേശന കവാടത്തിലെത്തിയപ്പോഴേക്കും തിരക്ക് അതിന്‍റെ ഉന്നതിയിലെത്തിയിരിക്കുന്നു.

അസ്സലാമു അലൈക്കും, കൈഫ ഹാല്‍..
സ്വാഗതമോതി ഇമാറാത്തി ഉദ്യോഗസ്ഥര്‍ ഏവരെയും സ്വാഗതം ചെയ്യുന്നുണ്ട്.അജ്മാനിലെ എല്ലാ ഭാഗങ്ങളിലെയും വീടുകളിലേക്കുള്ള പാചക വാതക സിലിണ്ടര്‍ വിതരണം ചെയ്യുന്ന ലോറി ഓടിച്ചുകൊണ്ടിരിക്കുന്ന ജാബിര്‍ ആണ് കൂടെയുള്ളത്.ഷാര്‍ജ പുസ്തകോത്സവത്തിന് പോകാന്‍ മാസങ്ങള്‍ക്ക് മുമ്പെ ആഗ്രഹം കാത്തുസൂക്ഷിക്കുകയാണ് അവന്‍.അതിനായി തലേ ദിവസം കൂടുതല്‍ സമയം ജോലി ചെയ്ത് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം വിശ്രമിക്കുന്നതിന് പകരം പുസ്തകോത്സവത്തില്‍ പങ്കെടുക്കാന്‍ കൂടെ വന്നതാണ്.

വായിക്കേണ്ട പുസ്തകങ്ങളെ കുറിച്ചും ,വാങ്ങേണ്ട പുസ്തകങ്ങളെ കുറിച്ചും അവന് കൃത്യമായ പ്ലാനുണ്ട്.ലോറിയില്‍ എപ്പോഴും ഒരു പുസ്തകമുണ്ടാകും.സിലിണ്ടറുകളുമായി കൂടെയുള്ളയാള്‍ വീടുകളില്‍ പോയി ഘടിപ്പിച്ചുവരുന്ന ഇടവേളകളിലാണ് അവന്‍റെ പുസ്തകം വായന.പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറക്കാന്‍ വാഹനങ്ങള്‍ എത്തുന്ന ഇടവേളകളില്‍ ഒന്നോ രണ്ടോ പേജ് വായിച്ച് തീര്‍ക്കുന്ന വായനപ്രിയരിലൊരാളാണ് സുഹൃത്ത് സാദിഖ്.
മലയാളത്തിലെ ശ്രദ്ധേയനായ ചെറുകഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്തുംകടവ് ഒരുനാള്‍ ഷാര്‍ജയിലെ കഫ്റ്റേരിയയില്‍ ചായ കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ചെറുപ്പക്കാരനായ സപ്ലെയര്‍ വന്ന് ലോഹ്യം കൂടി.
ഞാനും എഴുതാറുണ്ട്.ലജ്ജ കലര്‍ന്ന ചിരിയോടെ അയാള്‍ പറഞ്ഞു.കവിതകളെഴുതിയ ചുരുട്ടിയ ഒരു നോട്ട്ബുക്ക് ഏല്‍പ്പിച്ചു.ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുന്നതിന്‍റെ ജൈവസ്മരണ അയാളെ ബുദ്ധിമുട്ടിക്കുന്നു.പതിമൂന്ന് മണിക്കൂറാണ് ജോലി.തുച്ഛമായ ശംബളം.ആഴ്ചയില്‍ ആകെ കിട്ടുന്ന ഒരു ദിവസം വസ്ത്രം അലക്കാനും മുറിവൃത്തിയാക്കാനും വേണം.എന്നിട്ടും അക്ഷരങ്ങളിലൂടെ അയാള്‍ ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുന്നു.ഇത്തരത്തിലുള്ള വായനക്കാരും എഴുത്തുകാരും കോണ്‍ക്രീറ്റ് കാടുകള്‍ക്കുള്ളിലെവിടെയൊക്കെയോ ഉണ്ടെന്നാണ് എഴുത്തുകാരെയും പ്രസാധകരെയും സന്തോഷിപ്പിക്കുന്നത്.ഇത്തരത്തിലുള്ള അനവധി പേരെ പ്രവാസ ലോകത്ത് കാണാനാകും.അതുകൊണ്ടു തന്നെ ഷാര്‍ജ പുസ്തകമേള അവരുടെ കൂടി ഉത്സവമാണ്.കാണണമെന്ന് ആഗ്രഹിച്ചിട്ടും ജോലിത്തിരക്ക് കാരണം ഒരു തവണപോലും വരാനാവാതെ വര്‍ഷങ്ങളായി കഴിയുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്.അവരുടെ പ്രിയ എഴുത്തുകാരെ കാണാന്‍, അവരുടെ സംവാദം കേള്‍ക്കാന്‍ അവര്‍ക്കിനി എന്നാണ് സാധിക്കുക?

നവംബര്‍ മാസത്തില്‍ പുസ്തകമേള നടക്കുന്നതിന്‍റെ സന്തോഷത്തിലും ഗള്‍ഫ് വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും നവംബര്‍ തീരാനഷ്ടത്തിന്റെയും സങ്കടത്തിന്റെയും വ്യര്‍ത്ഥമാസമാണ്‌. മലയാളത്തെയും മലയാള ചെറുകഥയെയും സ്നേഹിക്കുന്ന ആര്‍ക്കും പ്രിയങ്കരനായിരുന്ന ടിവി കൊച്ചുബാവ ജീവിതത്തില്‍ നിന്ന് എക്സിറ്റായത് 1999ലെ നവംബര്‍മാസത്തിലായിരുന്നു.കാലത്തിനു മുന്‍പേ നടക്കുന്നവയായിരുന്നു അദ്ധേഹത്തിന്‍റെ കഥകള്‍.

ഷാര്‍ജ പുസ്തകോത്സവം കേവലം പുസ്തക കച്ചവടത്തിന്‍റെ വേദിയല്ല, എഴുത്തു സംവാദങ്ങള്‍,കാവ്യ സന്ധ്യകള്‍,പുസ്തക പ്രകാശനം, സാംസ്കാരിക പരിപാടികള്‍,കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള പാചകവിദ്യ,കുട്ടികള്‍ക്കുള്ള പ്രത്യേക പരിപാടികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഒട്ടനവധിയുണ്ട്.പത്ത് ദിവസത്തോളം നീണ്ടുനില്‍ക്കുന്ന പുസ്തകോത്സവത്തില്‍ പത്ത് ലക്ഷത്തിലേറെ ആളുകളാണ് കാണാനെത്തുന്നത്.കഴിഞ്ഞ വര്‍ഷത്തെ 34-ാമത് പുസ്തകോത്സവത്തില്‍ പന്ത്രണ്ട് ലക്ഷത്തിലധികം പേര്‍ കാണാനെത്തിയെന്നാണ് കണക്ക്.ഇത്തവണയും അക്കാര്യത്തില്‍ മാറ്റമുണ്ടാകാനിടയില്ല.

യുഎഇയില്‍ മലയാളികള്‍ ഒരുമിച്ചുകൂടുന്ന ഏറ്റവും വലിയ പരിപാടിയും ഷാര്‍ജ പുസ്തകോത്സവം തന്നെയാകും.പുതിയ സൗഹൃദം തീര്‍ക്കാനും പ്രവാസി കുട്ടികള്‍ക്ക് കൂടുതലാളുകളുമായി പരിചയപ്പെടാനും കുടുംബത്തോടൊപ്പം സാംസ്കാരിക പരിപാടികളില്‍ സൗജന്യമായി പങ്കെടുക്കാനുമെല്ലാം ഇതവസരം സൃഷ്ടിക്കുന്നു.അതും സൗജന്യമായി.

അറബ് ലോകത്തിന് മാത്രമല്ല, ലോകോത്തര പ്രസാധകര്‍ക്ക് മുമ്പില്‍ ഇന്ത്യന്‍ സാഹിത്യം പരിചയപ്പെടുത്തുന്നതിനും ഈ പുസ്തകമേള സഹായിച്ചിട്ടുണ്ട്.പുതിയ വായനാനുഭവം,
ലോക പുസ്തകങ്ങളും എഴുത്തുകാരെയും പരിചയപ്പെടാനുള്ള സുവര്‍ണ്ണാവസരം ഇങ്ങിനെ അക്ഷരലോകത്തിന്‍റെ പുതിയ വാതായനങ്ങള്‍ തുറക്കുകയാണ് ഈ മേള.പുസ്തകമേളയിലെ വലിയ പവലിയനുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

1982 ജനുവരി 18നാണ് ഈ പുസ്തകമേളക്ക് തുടക്കം കുറിച്ചത്.സാഹിത്യത്തേയും വായനയേയും ഏറെ പ്രിയംവെക്കുന്ന ഷാര്‍ജാ ഭരണാധികാരിയും യുഎഇ സുപ്രീംകൗണ്‍ിസില്‍ അംഗവുമായ ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയാണ് ഈ മേളക്ക് തുടക്കം കുറിച്ചത്.ആദ്യ മേളയില്‍ കേവലം ആറ് പ്രസാധകര്‍ മാത്രമായിരുന്നെങ്കില്‍ ഇന്നത് 1400 ല്‍ കൂടുതല്‍ പ്രസാധകരെത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്ത പുസ്തക മേളയായി മാറിയിരിക്കുന്നു.വായനയെയും എഴുത്തിനെയും ഇത്രമേല്‍ പ്രോത്സാഹിപ്പിക്കുന്ന വേറെ ഭരണാധികാരി ഇന്ന് ലോകത്ത് വേറെയുണ്ടോ എന്ന കാര്യം സംശയമാണ്.വായന പ്രോത്സാഹിപ്പിക്കാനായി ഒട്ടനവധി പദ്ധതികള്‍ ഇതിനകം ഷാര്‍ജയില്‍ നടപ്പിലാക്കിയിരിക്കുന്നു.ഈ വര്‍ഷം യുഎഇയുടെ വായന വര്‍ഷമായി ശൈഖ് ഖലീഫാ ബിന്‍ സാദിയ് അല്‍ നഹ് യാന്‍ തിരഞ്ഞെടുത്തിട്ടുമുണ്ട്.