Showing posts with label Expatriate Life. Show all posts
Showing posts with label Expatriate Life. Show all posts

Thursday, April 1, 2021

പ്രവാസികള്‍ക്ക് പഠിക്കണം, അവരുടെ കുട്ടികള്‍ക്കും.

പഠിക്കാന്‍ കഴിവും സമയവും താല്‍പ്പര്യവുമുണ്ടായിട്ടും പ്രവാസി ആയതിന്‍റെ പേരില്‍ അവസരമില്ലാതെ പോകുന്ന നിരവധിപേര്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ട്.എസ് എസ്എല്‍സി, പ്ലസ്ടു പഠനത്തിന് ശേഷം തുടര്‍ പഠനത്തിന് സാധിക്കാതെ പ്രവാസ ലോകത്തേക്ക് പറന്ന ആയിരക്കണക്കിനാളുകളാണ് അറബി നാടുകളിലുള്ളത്. പല രാജ്യാന്തര കമ്പനികളിലും അവര്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാല്‍ ചെറിയ ജോലികളാണ് ഇത്തരം കമ്പനികളില്‍ അവര്‍ക്ക് ലഭിക്കുന്നത്. സാങ്കേതിക, ഭരണ, ബിസിനസ് മേഖലയില്‍ രാജ്യാന്തര കമ്പനികളില്‍ ജോലി ചെയ്ത് പരിചയം നേടുന്ന ഈ ആയിരങ്ങള്‍ക്ക് മതിയായ അക്കാദമിക് യോഗ്യതയും സര്‍ട്ടിഫിക്കറ്റും ലഭിക്കുകയാണെങ്കില്‍ ജോലിയില്‍ സ്ഥാനക്കയറ്റവും  മികച്ച അവസരങ്ങളും ലഭിക്കുകയും ചെയ്യും. 

ജോലി ചെയ്യുന്ന കാലത്തു തന്നെ അവര്‍ക്ക്ഗള്‍ഫ് രാജ്യങ്ങളില്‍ വെച്ച് തുടര്‍ പഠനത്തിന് അവസരം ലഭിക്കുകയാണെങ്കില്‍ അതവരുടെ വിദ്യാഭ്യാസ യോഗ്യത ഉയര്‍ത്തുന്നതിനും സാധിക്കുമായിരുന്നു.ജോലി സമയം കഴിഞ്ഞുള്ള ഈവനിംഗ് ബാച്ചുകളായി കോഴ്സുകള്‍ തുടങ്ങുകയാണെങ്കില്‍ നിരവധിപേര്‍ക്ക് അത് സഹായകരമാകും.


നിലവില്‍ ചില സ്വകാര്യ സ്ഥാപനങ്ങളില്‍ ചുരുക്കം കോഴ്സുകള്‍ പഠിപ്പിക്കുന്നുണ്ടെങ്കിലും ഇവിടങ്ങളിലെ ഫീസ് ഘടന സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതിനുമപ്പുറമാണ്. കൂടാതെ ഇതില്‍ ഭൂരിപക്ഷവും നാട്ടിലെ സര്‍വകലാശാലകള്‍ക്ക് കീഴില്‍ വിദൂര വിദ്യാഭ്യാസ വിഭാഗത്തിലൂടെ രജിസ്റ്റര്‍ ചെയ്ത് പഠിക്കുന്നവയായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അംഗീകാരമോ തുല്യതാ സര്‍ട്ടിഫിക്കറ്റോ ലഭിക്കുകയില്ല. 

പ്രവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിന്‍റെ കാര്യവും മറിച്ചല്ല.പ്രവാസി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പ്ലസ്ടു വരെ പഠിക്കാന്‍ നിരവധി സ്കൂളുകള്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ട്.എന്നാല്‍ പ്ലസ് ടുവിന് ശേഷമുള്ള തുടര്‍ പഠനത്തിന് പ്രതിസന്ധികളേറെയാണ്.നാട്ടിലേതുപോലെ ഉപരിപഠനത്തിനുള്ള ധാരാളം കോളേജുകള്‍ ഗള്‍ഫ് രാജ്യങ്ങളിലില്ല.ഉള്ളവയില്‍ത്തന്നെ ഭൂരിപക്ഷവവും സ്വകാര്യ യൂനിവേഴ്സിറ്റികളോ കോളേജുകളോ ആണ്.ഇത്തരം കോളേജുകളിലാവട്ടെ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് നാട്ടിലെ കോളേജുകളെപ്പോലെ വിവിധങ്ങളായ വിഷയങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവസരവുമില്ല. ഉദാഹരണമായി പ്ലസ് ടു സയന്‍സ് പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് ഉപരിപഠനത്തിന് അവസരമില്ലാത്തതിനാല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ബികോം,ബിബിഎ പോലുള്ള കോഴ്സുകള്‍ക്ക് ചേരാന്‍ നിര്‍ബന്ധിതമാവുകയാണ് . കൂടാതെ ശരാശരി ഗള്‍ഫ് കുടുംബങ്ങളിലെ കുട്ടികള്‍ക്ക് താങ്ങാന്‍ സാധിക്കാത്ത ഫീസും നല്‍കണം.ഇക്കാരണങ്ങള്‍കൊണ്ടു തന്നെ രക്ഷിതാക്കള്‍ കുട്ടികളെ നാട്ടിലേക്ക് പറഞ്ഞയക്കാന്‍ നിര്‍ബന്ധിതതമാവുകയാണ്. രക്ഷിതാക്കള്‍ ഗള്‍ഫ് രാജ്യങ്ങളിലും കുട്ടികള്‍ നാട്ടിലുമാവുമ്പോഴുണ്ടാകുന്ന പ്രതിസന്ധികള്‍ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.


എന്താണ് ഇതിന് പരിഹാരം

  1. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോളേജുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സ്ഥാപിക്കുകയാണെങ്കില്‍ ഈ പ്രശ്നത്തില്‍ ഒരു പരിധിവരെ മറികടക്കാനാകും. സാധാരണക്കാര്‍ക്കു കൂടി തങ്ങാന്‍ കഴിയുന്ന ഫീസ് ഘടന നിശ്ചയിച്ച് ഓഫ് കാമ്പസ് സൗകര്യങ്ങള്‍ ഇവിടങ്ങളില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളുണ്ടാവണം.
  2. സര്‍ക്കാര്‍ തലത്തില്‍ കോളേജുകളും ഉപരിപഠന സൌകര്യങ്ങളും കുറവായതിനാല്‍ സര്‍വകലാശാലകള്‍ക്കു കീഴില്‍ പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത് പഠനം പൂര്‍ത്തിയാക്കിയ നൂറുകണക്കിനാളുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ പ്രതിസന്ധി നേരിടുകയാണ് . ഒരേ കോഴ്സില്‍ പഠനം നടത്തിയിട്ടും പ്രൈവറ്റ് രജിസ്ട്രേഷന്‍ ആയതിനാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍  തുല്യതാ സര്‍ട്ടിഫിക്കറ്റ്  ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് റെഗുലര്‍ പദവി നല്‍കാന്‍ സര്‍ക്കാര്‍ ഇടപെട്ട് ശ്രമമുണ്ടാവേണ്ടതുണ്ട്.
  3. ഐഐടികള്‍ക്കും ഐഒഇഎസുകള്‍ക്കും രാജ്യത്തിന് പുറത്ത് ഓഫ്ഷോര്‍ കാമ്പസുകള്‍ ആരംഭിക്കാന്‍ അടുത്തിടെ യുജിസി അംഗികാരം നല്‍കികൊണ്ട് നിയമം ഭേദഗതി ചെയ്തിട്ടുള്ളതിനാല്‍ ഈ അവസരം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാവണം.
  4. പ്രവാസ ജീവിതം തിരഞ്ഞെടുക്കുന്ന ആയിരക്കണക്കിനാളുകളാണ് ദിനംപ്രതി ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാനം കയറുന്നത്.ഗള്‍ഫിലെ തൊഴില്‍ സാഹചര്യം മനസ്സിലാക്കി അതിനാവശ്യമായ കോഴ്സുകള്‍ നാട്ടില്‍ ആരംഭിക്കുകയും പ്ലേസ്മെന്‍റിനുള്ള സംവിധാനം സര്‍ക്കാര്‍ തലത്തില്‍ വിപുലപ്പെടുത്തേണ്ടതുണ്ട്. 





Saturday, May 14, 2016

സൗദിയിലേക്ക് ഇനി എത്ര നാള്‍ ?


  കഴിഞ്ഞ മാസമാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഊദി അറേബ്യസന്ദര്‍ശിച്ചത്.ഇതെ മാസത്തിലാണ് വിദേശികളെ അകറ്റി പരമാവധി മേഖലകളില്‍ സ്വദേശി വത്ക്കരണം നടപ്പിലാക്കുന്ന നടപടികള്‍ക്ക് കര്‍ശനമായ വ്യവസ്ഥകളോടെസൗദിഅറേബ്യ തുടക്കം കുറിച്ചതുംവിരോധാഭാസമെന്ന് പറയാം.
പ്രവാസികളുടെ തൊഴില്‍സുരക്ഷഇരുരാജ്യങ്ങളെയും ബാധിക്കുന്ന രഹസ്യസ്വഭാവമുള്ള വിവരങ്ങളുടെ മാറ്റംസാങ്കേതികസഹകരണം,കരകൗശലനിര്‍മാണമേഖലയെ പോഷിപ്പിക്കുന്നതിനു പ്രേത്യക പദ്ധതിനിക്ഷേപം വര്‍ദ്ധിക്കുന്നതിനു പ്രേത്യകരൂപരേഖ തയാറാക്കല്‍ എന്നിവയാണ് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒപ്പിട്ട പ്രധാനകരാറുകള്‍ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് ഇന്ത്യയില്‍നിന്നു സഊദി അറേബ്യയില്‍ അവിദഗ്ദ്ധമേഖലയില്‍ തൊഴില്‍തേടിയെത്തുന്ന പ്രവാസികളുടെ തൊഴില്‍സുരക്ഷ ഉറപ്പുവരുത്തുന്നതായിരുന്നു.എന് അസ്ഥാനത്താക്കുന്ന വാര്‍ത്തകളാണ് വന്നു http://www.sirajlive.com/2016/05/09/235891.htmlകൊണ്ടിരിക്കുന്നത്.

സൗദിയില്‍ നിന്ന് ദിവസവും വരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല.ഓരോ ദിവസവും തൊഴില്‍ നഷ്ടപ്പെടുന്നവരുടെയും പിരിച്ചുവിടുന്നതിന്‍റെയും വാര്‍ത്തകളാണ് മിഡില്‍ഈസ്റ്റിലെ മാധ്യമങ്ങളില്‍സജീവമായിട്ടുള്ളത്.
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളെ കുറിച്ച് സൗദിയിലെ പ്രമുഖ പത്രപ്രവര്‍ത്തകനായ സാദ് അല്‍ ദോസരിയുടെ ഒരു പ്രസ്ഥാവന അറബ് ലോകത്ത് ഏറെ വിവാദമായത് കഴിഞ്ഞ ദിവസമാണ്. "ഈ വിദേശ തൊഴിലാളികളെല്ലാം അപകടകാരികളായ വൈറസുകളാണെന്നാണ് അല്‍ജസീറ ചനലിലെ മാധ്യമ പ്രവര്‍ത്തകനായ സാദ് അല്‍ ദോസരി സൗദി ഗസ്റ്റ് പത്രത്തിലെഴുതിയ കോളത്തില്‍ വിശേഷിപ്പിച്ചത്.സൗദി അറേബ്യയിലെ യുവതീ യുവാക്കള്‍ക്ക് കിട്ടേണ്ട ജോലികളെല്ലാം ഈ വിദേശ തൊഴിലാളികള്‍ വന്ന് കീഴടക്കുകയാണ്.ഇത് രാജ്യത്തെ ജനതയെ ദോഷകരമായി ബാധിക്കുകയാണെന്നും പ്രശ്നം മറികടക്കാന്‍ വേണ്ടത്ര നടപടികളൊന്നും ബന്ധപ്പെട്ടവര്‍ കൈകൊള്ളുന്നില്ലെന്നുമാണ് ലേഖനത്തില്‍ പറയുന്നു.സാദ് അല്‍ ദോസരി എഴുതിയ ലേഖനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അറബ് യുവാക്കളാണ് സോഷ്യല്‍ മീഡിയകളിലൂടെ ചര്‍ച്ച സജീവമാക്കിയത്.പരാമര്‍ശത്തെ അനുകൂലിച്ച് ഒരു വിഭാഗം ജനത രംഗത്തു വന്നപ്പോള്‍ വൈറസ് എന്ന പദപ്രയോഗത്തെ വിമര്‍ശിച്ച് ചില പത്രപ്രവര്‍ത്തകരും രംഗത്ത് വന്നെങ്കിലും വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളായി വന്ന് ഇവിടങ്ങളില്‍ തൊഴിലെടുക്കുന്ന ജനതയോടുള്ള അതൃപ്തി പല തോതില്‍ പ്രകടമാകുന്നു എന്ന് മനസ്സിലാക്കാന്‍ ചികഞ്ഞ് അന്വേഷിക്കേണ്ട ആവശ്യമില്ലാത്ത വിധം ചിത്രം വ്യക്തമാണ്.
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ സൗദി സര്‍ക്കാര്‍ കൊണ്ടുവന്ന നിരവധി നിയമങ്ങളും നിര്‍ദേശങ്ങളും പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്.ഉപകരണങ്ങളുടെയും അനുബന്ധ വസ്തുക്കളുടെയും വില്‍പനറിപയര്‍ എന്നീ  ജോലികള്‍  പൂര്‍ണമായും സ്വദേശികള്‍ക്കായി സൗദി സര്‍ക്കാര്‍ നിചപ്പെടുത്തിയിരിക്കുന്നു.നൂറു'ടെയുള്ളവര്‍ക് 50 ശതമാനം കുറക്കാനാണ് സൗദി തൊഴില്‍ മന്ത്രി ഡോ.മുഫ്‌റിജ് സഅദ് അല്‍ഹഖബാനി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്.


വിദഗ്ദ തൊഴില്‍ മേഖലയിലുള്‍പ്പെടുന്ന സ്കൂളുകളില്‍ വിദേശികളായ അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതിനും കര്‍ശന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്വിദേശിളായ അധ്യാപകരെ കുറച്ച് സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതു തന്നെയാണ് പ്രധാന ലക്ഷ്യം.ഇതിനായി വിദേശ അധ്യാപകര്‍ക്കായി പലവിധ പരീക്ഷകളും നടപടിക്രമങ്ങളും വ്യാപിപ്പിച്ചു കഴിഞ്ഞു.മറ്റൊരു ഗള്‍ഫ് രാഷ്ട്രമായ കുവൈത്തും അധ്യാപക മേഖലയില്‍ വിദേശികളെ ഒഴിവാക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.


കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ ഇന്ത്യക്കാരും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ തൊഴിലെടുക്കുന്നതെന്നാണ് കണക്ക്.സാമ്പത്തിക മാന്ദ്യം നേരിടാന്‍ തുടങ്ങിയതോടെ പലവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും ഇത് പ്രതികൂലമായി ബാധിച്ചു കഴിഞ്ഞുലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ബിന്‍ലാദിന്‍ ഗ്രൂപ്പ് ഇതിനകം 70,000ത്തിലേറെ തൊഴിലാളികളെ പിരിച്ചുവിട്ടെന്നാണ് കണക്ക്.
ഇതെഴുതുമ്പോള്‍ 77,000 പേരെ ഒരു മാസത്തിനിടെ പിരിച്ചുവിട്ടെന്നാണ് യുഎഇയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഖലീജ് ടൈംസ് സൗദി അറേബ്യയിലെ അല്‍വത്വന്‍ അറബ് ന്യൂസ് പത്രങ്ങളെ ഉദ്ദരിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രണ്ടു ലക്ഷത്തോളം പേര്‍ ജോലി ചെയ്യുന്ന ലോകത്തിലെ വലിയ കെട്ടിട നിര്‍മ്മാണ കമ്പനിയാണ് ബിന്‍ലാദിന്‍ ഗ്രൂപ്പ്.നാലുമാസമായി മുടങ്ങിക്കിടക്കുന്ന തങ്ങളുടെ ശംബളം നല്‍കാതെ തങ്ങളുടെ രാജ്യങ്ങളിലേക്ക് തിരിച്ചുപോകാനാകില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നു.സൗദി അറേബ്യക്കാരായ 17000ത്തോളം തൊഴിലാളികളോട് ജോലിയില്‍ നിന്ന് രാജിവെക്കാനോ അല്ലെങ്കില്‍ ശംബളത്തിനായി കാത്തിരിക്കാനോ ആവശ്യപ്പെട്ടതായ വാര്‍ത്തയും ഇതിനകം പുറത്തു വന്നിരിക്കുന്നു.


പ്രവാസികള്‍ക്ക് പരമാവധി സൗദിയില്‍ തങ്ങാനുള്ള വര്‍ഷം എട്ടാക്കി ചുരുക്കിയുള്ള നിര്‍ദേശം വേറെഅന്താരാഷ്ട്ര വിപണിയില്‍ എണ്ണവില താഴ്ന്നതോടെയാണ് മധ്യപൂര്‍വ ഏഷ്യയിലെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ കര്‍ശന നടപടികളിലേക്ക് നീങ്ങിയത്.സൗദി അറേബ്യയാണ് ഇക്കാര്യത്തില്‍ ഒരുപിടി മുന്നില്‍.
സ്വകാര്യ മേഖലയില്‍ പുതുതായി ആളെ നിയമിക്കുമ്പോള്‍ യോഗ്യരായ സൗദിക്കാരില്ലെങ്കില്‍ മാത്രമേ മറ്റു രാജ്യങ്ങളിലുള്ളവരെ പരിഗണിക്കാന്‍ പാടുള്ളൂവെന്ന ഹദഫിന്‍റെ (Human Resources Development Fund ) ഉത്തരവും കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പുറത്തുവന്നതാണ്.
ഇനിയും കേള്‍ക്കാനേറെയുണ്ട്ലെവി വാടക മുതല്‍ കര്‍ശന പരിശോധനയുടെയുമെല്ലാം വാര്‍ത്തകള്‍ മലയാളിക്കോ പ്രവാസത്തെ ആശ്രയിച്ച് മുന്നേറുന്ന രാജ്യത്തിനോ അത്ര ശുഭകരമല്ല എന്നതാണ് സത്യം.

പ്രവാസികളെ പ്രത്യേകിച്ചും ഇന്ത്യക്കാരെ ദോഷകരമായി ബാധിക്കാന്‍ പോകുന്ന ഈ നടപടികള്‍ കേള്‍ക്കുമ്പോള്‍ ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ നമുക്കാകുമോ?
1956ല്‍ കേരള സംസ്ഥാനം രൂപീകരിച്ച ശേഷം ഭൂപരിഷ്ക്കരണം കഴിഞ്ഞാല്‍ സമ്പദ് ഘടനയെ ഏറെ സ്വാധീനിച്ച ഘടകം ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കുള്ള കുടിയേറ്റമായിരുന്നു.ഗള്‍ഫ് രാജ്യങ്ങളില്‍ തന്നെ സൗദി അറേബ്യയിലേക്കായിരുന്നു അവയില്‍ കൂടുതലും നടന്നത്.പിന്നീട് ഇതര ഗള്‍ഫ് രാജ്യങ്ങളിലേക്കും പ്രയാണമാരംഭിച്ചും.കേരള സമ്പദ് വ്യവസ്ഥയെ പുതുക്കിപ്പണിതതിനും സൗദി അറേബ്യയില്‍ നിന്നൊഴുകിയ പണം നിര്‍ണ്ണമായകമായി പങ്കുവഹിച്ചിരുന്നു.ഒരു കാലത്ത് ഉംറ വിസയിലെത്തി അവിടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ രാപ്പകല്‍ ഭേദമന്യേ തൊഴിലെടുത്ത സമൂഹമാണ് പില്‍ക്കാലത്ത് ധനികരായി മാറിയവരില്‍ ഭൂരിഭാഗവും.എന്നാല്‍ കാലങ്ങള്‍ കഴിഞ്ഞ് 2016ലെത്തി നില്‍ക്കുമ്പോള്‍ കേരളീയരുടെ പ്രവാസ ജീവിതം പുതിയ മാറ്റത്തിന് തയ്യാറായിട്ടില്ല എന്നതല്ലേ സത്യം?


മാറുന്ന പ്രവാസം


തിരിച്ചുവരുന്ന പ്രവാസികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും അവരുടെ പുനരധിവാസത്തെ കുറിച്ച് കാര്യക്ഷമമായ രീതികളോ പദ്ധതികളോ ആവിഷ്ക്കരിക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.ഈ ഘട്ടത്തില്‍ മലയാളി പ്രവാസിയുടെ അടുത്ത സാധ്യത ഘട്ടം എന്തായിരിക്കും എന്ന ആലോചനക്ക് പ്രസക്തിയില്ലേ?പ്രതിസന്ധി ഘട്ടങ്ങളെ അഭിമൂഖീകരിക്കുമ്പോള്‍ അത് തരണം ചെയ്യാനാണല്ലോ മിക്കപേരും പ്രവാസ ജീവിതം നയിക്കുന്നത്.ജനിച്ച നാട്ടിലെ ജീവിത പ്രതിസന്ധി ദൈനംദിനം പ്രവാസികളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുമലയാളിയുടെ ദേശാന്തരഗമനത്തിനും ഈ പ്രതിസന്ധി തന്നെയായിരുന്നു കാരണം. 1930 കളിലെ ആഗോള സാമ്പത്തിക മാന്ദ്യമാണ് മലയാളികളുടെ കുടിയേറ്റത്തിന് തുടക്കം കുറിച്ചത്.


അന്ന് ശ്രീലങ്കബര്‍മമലേഷ്യ എന്നീ രാജ്യങ്ങളിലേക്കായിരുന്നു കൂടുതല്‍ കുടിയേറ്റം നടന്നത്.അവിടങ്ങളില്‍ കൂലിപ്പണിയെടുത്തും കച്ചവടങ്ങളിലൂടെയുമായിരുന്നു മലയാളി പ്രവാസിയായി മാറി.1940 കളില്‍ ബര്‍മയിലേക്കും ആസാമിലേക്കും വന്‍ തോതില്‍ ആളുകള്‍ കുടിയേറി.പിന്നീട് ബോംബെയിലേക്കും ചെന്നെയിലേക്കും കല്‍ക്കത്തയിലേക്കുമെല്ലാം വ്യാപിച്ചു.ഇതിനിടെ തെക്കന്‍ ജില്ലകളിലെ വിദ്യാസമ്പന്നരായ പലരും മലേഷ്യയിലേക്കും പാശ്ചാത്യന്‍ രാജ്യങ്ങളിലേക്കും കുടിയേറി.ഇവരില്‍ പലരും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു.എന്നാല്‍ കേരളത്തില്‍ നിന്നും വ്യാപകമായി അന്തരാഷ്ട്ര കുടിയേറ്റം നടന്നത് 1970കളിലായിരുന്നു.മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ എണ്ണ നിക്ഷേപങ്ങളുടെ സാധ്യതകള്‍ സൃഷ്ടിച്ച തൊഴിലവസരങ്ങളെ തുടര്‍ന്ന് മലയാളിയുടെ ഗള്‍ഫില്‍ പോകുക“ എന്ന ഒഴുക്കിനും തുടങ്ങി.


വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന മലബാര്‍ മേഖലയിലെ ജനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറിയപ്പോള്‍ വിദ്യാസമ്പന്നായിരുന്ന തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവര്‍ യൂറോപ്പിലും അമേരിക്കന്‍ ഐക്യ നാടുകളില്‍ തങ്ങളുടെ ജീവിതോപാധി കണ്ടെത്തുകയും അവരില്‍ ചിലര്‍ അവിടങ്ങളില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു.ചരിത്രപരമായി വിശകലനം ചെയ്യുമ്പോള്‍ മലയാളിയുടെ കുടിയേറ്റം ഇനി യൂറോപ്പിലേക്കും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലേക്കും വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.അക്കാരണം കൊണ്ടു തന്നെ പുതിയ പ്രതിസന്ധികളെ ഏതെങ്കിലും വിധേന മലയാളി തരണം ചെയ്യുമോ എന്ന് വരും വര്‍ഷങ്ങളില്‍ കാത്തിരുന്ന് കാണാം.


വിദ്യാഭ്യാസപരമായി പുരോഗതി പ്രാപിച്ചു എന്ന് അവകാശവാദമുണ്ടെങ്കിലും കേരളത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് പുതിയ പ്രവാസ മേഖലയില്‍ തൊഴില്‍ കണ്ടെത്തണമെങ്കിലും ഇനിയും സമൂല മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.പാശ്ചാത്യ രാജ്യങ്ങളിലെ തൊഴില്‍ സാധ്യത മനസ്സിലാക്കി
Canada - Map
അതിനുതകുന്ന കോഴ്സുകള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ കേരളത്തില്‍ കുറവാണ്
.ഇത്തരം കുറവുകള്‍ നികത്താനായെങ്കില്‍ മാത്രമേ ഇതര രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കേരളത്തിന് അനുകൂലമായി ഇനിമുതല്‍ ഭവിക്കുകയുള്ളൂ.ഉദാഹരണമായി കേരളത്തില്‍ നിന്ന് അധ്യാപക പരിശീലന കോഴ്സ് കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്യോഗാര്‍ഥിക്ക് യൂറോപ്പിലോ,അമേരിക്കയിലോ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകവൃത്തി നേടാന്‍ വലിയ വെല്ലുവിളിതന്നെയായി മാറും.ലോകത്തിലെ മാറ്റങ്ങള്‍ക്കനുസൃതമായ വിദ്യാഭ്യാസ പദ്ധതികള്‍ ഇനിയും വരേണ്ടതുണ്ട്.


കേരളത്തിലെ അവിദഗ്ദ തൊഴിലിടങ്ങളിലേക്ക് മലയാളിയുടെ തിരിച്ചുവരവ് സാധ്യമാകാത്ത കാലത്തോളം പ്രവാസികളുടെ തിരിച്ചുവരവ് വലിയ സാമ്പത്തിക പ്രസിസന്ധിയാണ് സൃഷ്ടിക്കാനൊരുങ്ങുന്നത്.കേരളത് 150 രൂപയില്‍ നിന്ന് 500 ന് മുകളിലേക്ക് എത്തിയ വര്‍ഷത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്.ഈ തോതിലുള്ള കൂലി വര്‍ദ്ദനവ് ഗള്‍ഫ് രാജ്യങ്ങളില്‍ ഉണ്ടായിട്ടില്ല.അവിദഗ്ദ മേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളിക്ക് ശരാശരി 1100 ദിര്‍ഹമോറിയാലോ മാത്രമാണ് ലഭിക്കുന്നത്.ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഒരു മാസം 19000 രൂപയോളം.അതായത് ദിവസം 650 രൂപ.ഈ കണക്കിന് പോകുമ്പോള്‍ എന്തുകൊണ്ടും നാട്ടിലെ തൊഴിലിടങ്ങളില്‍ തന്നെയാണ് മലയാളിക്ക് ഗുണം.വന്‍ തോതിലുള്ള വിമാന ചാര്‍ജും,താമസ-ഭക്ഷണ ചിലവുകളുംവിസയുടെ ചാര്‍ജുമൊക്കെയായി ലാഭമെന്ന് പറയാനില്ലാത്ത അവസ്ഥയാണുള്ളത്.അതിനാല്‍ അവിദഗ്ദ മേഖലയിലെ തൊഴില്‍ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള മനോഭാവം കേരളീയരില്‍ വളരേണ്ടതുണ്ട്.അതിനാവശ്യമായ ബോധവത്ക്കരണവും സജീവമാകേണ്ടതുണ്ട്വൈറ്റ് കോളര്‍ ജോലിക്ക് മാത്രം കിട്ടുന്ന സാമുഹ്യപദവി ഇല്ലാതായി മാറുമ്പോഴേ ഈ പ്രശ്നത്തിന് പരിഹാരമാകൂ.അതോടൊപ്പം തദ്ധേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ തന്നെ പ്രാദേശിക വികസന പദ്ധതികളും പ്രവാസികളെ ലക്ഷ്യംവെച്ച് ആരംഭിക്കേണ്ടതുണ്ട്.
Siraj Daily - published

Monday, April 4, 2016

പ്രവാസികളുടെ നോട്ട് മാത്രം മതിയോ?


മെയ് മാസത്തില്‍ കേരളത്തില്‍ മാത്രമല്ല തിരഞ്ഞെടുപ്പ് നടക്കുന്നത്. അങ്ങകലെ ഫിലിപ്പീനിലും ആ മാസത്തില്‍ തന്നെയാണ് തിരഞ്ഞെടുപ്പ്. ഗള്‍ഫില്‍ നിന്ന് വളരെ ന്യൂനപക്ഷം മലയാളികളെങ്കിലും വോട്ട് ചെയ്യാന്‍ നാട്ടിലേക്ക് പോകും. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ പോലെ അവര്‍ക്കായി ചിലപ്പോള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം പണമെടുത്ത് ഒരു വിമാനവും ചാര്‍ട്ടര്‍ ചെയ്യും. മാധ്യമങ്ങള്‍ അതു വലിയ സംഭവമാക്കി ആഘോഷിച്ചേക്കും. പലവിധ സാഹചര്യങ്ങളാല്‍ വിമാനം കയറിയ മലയാളികളുടെ തിരഞ്ഞെടുപ്പ് പങ്കാളിത്തം ഇങ്ങനെയൊക്കെയാണ്. തൊഴില്‍ തേടി സ്വന്തം നാട്ടില്‍ നിന്ന് മനുഷ്യരെ വിദേശങ്ങളിലേക്ക് പറഞ്ഞയച്ചതില്‍ പ്രതിസ്ഥാനത്ത് ആദ്യം വരുന്നത് ആ പ്രദേശത്തെ ഭരണകൂടം തന്നെയാണ്. അവരുടെ പോരായ്മയാണല്ലോ അവിടുത്തെ ജനതയെ തൊഴില്‍ തേടി മറ്റൊരു രാജ്യത്തേക്ക് പറഞ്ഞയച്ചത്. അങ്ങനെയെല്ലാമാണെങ്കിലും പ്രവാസ ലോകത്ത് കഴിയുന്നവര്‍ക്ക് ക്ഷേമകരമായ കാര്യങ്ങളൊന്നും ചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധിക്കുന്നില്ലെങ്കിലും ഗള്‍ഫിലെ വളരെ ചെറിയ ന്യൂനപക്ഷം എങ്ങനെയെങ്കിലും ടിക്കറ്റെടുത്ത് നാട്ടില്‍ വന്ന് വോട്ട് ചെയ്തുപോകും. കാരണം അവര്‍ ജനാധിപത്യത്തില്‍ അത്രയേറെ പ്രതീക്ഷവെച്ച് പുലര്‍ത്തുകയോ അതല്ലെങ്കില്‍ രാഷ്ട്രീയ കക്ഷിയോട് അന്തമായി ആഭിമുഖ്യം പുലര്‍ത്തുകയോ ചെയ്യുന്നു. മലയാളികള്‍ക്ക് പൊതുവെ ഫിലിപ്പീന്‍ ജനതയെ പുച്ഛമാണ്. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ അവര്‍ വീടുകളിലെയും മറ്റും ആഭ്യന്തര ജോലികളില്‍ ഇടപെടുന്നു എന്നതാണ് ഇതിന് പ്രധാനമായുള്ള കാരണം. മലയാളികളെ അപേക്ഷിച്ച് താരതമ്യേന ഉയരക്കുറവും അവര്‍ക്കുണ്ട്. അങ്ങനെയൊക്കെയാണെങ്കിലും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യക്ക് ഫിലിപ്പീന്‍സില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്. ഒരു സംസ്ഥാനത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ് കേരളത്തില്‍ നടക്കുമ്പോള്‍ അതില്‍ വോട്ട് ചെയ്യാന്‍ പോലും കഴിയാതെ ലക്ഷക്കണക്കിന് പ്രവാസികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്നത്. എന്നാല്‍ വളരെ അന്തസ്സായി തന്നെ ഫിലിപ്പീന്‍സുകാര്‍ ഗള്‍ഫില്‍ നിന്ന് വോട്ട് ചെയ്യും. മാസങ്ങള്‍ക്ക് മുമ്പേ തുടങ്ങിയ രജിസ്‌ട്രേഷന്‍ ക്യാമ്പുകളില്‍ കൂടിയാണ് അവര്‍ വോട്ട് രജിസ്റ്റര്‍ ചെയ്യുന്നത്. ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ മൊബൈല്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് വരെ സംഘടിപ്പിച്ചു. 2013ല്‍ എംബസി വഴിയായിരുന്നു വോട്ട് ചെയ്തിരുന്നതെങ്കിലും ഇത്തവണ അത് കൂടുതല്‍ പേര്‍ക്കെത്തിക്കാന്‍ ഓണ്‍ലൈന്‍ സമ്പ്രദായത്തിലേക്ക് മാറ്റിയാണ് ഫിലിപ്പീന്‍സ് ഇന്ത്യക്ക് പോലും മാതൃക കാണിക്കുന്നത്. നമുക്കിപ്പോഴും ഓണ്‍ലൈന്‍ വോട്ട് യാഥാര്‍ഥ്യമാക്കാനായിട്ടില്ല. 2014ലെ കണക്കനുസരിച്ച് 24 ലക്ഷം ജനങ്ങളാണ് പ്രവാസി മലയാളികള്‍. 2011ല്‍ ഇത് 22. 8 ലക്ഷമായിരുന്നു. ഓരോ വര്‍ഷവും പ്രവാസികളാകുന്ന ജനങ്ങളുടെ എണ്ണവും വര്‍ധിക്കുന്നു. കേരളീയരുടെ പ്രധാന കുടിയേറ്റ സ്ഥലം ഗള്‍ഫ് രാജ്യങ്ങളാണ്. സഊദി, യു എ ഇ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് മലയാളി ഏറെയും കുടിയേറിയിട്ടുള്ളത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പ്രവാസി അയക്കുന്ന നോട്ടില്‍ മാത്രമാണ് ഭരണകൂടത്തിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമെല്ലാം ഇപ്പോഴും കണ്ണുള്ളത്. അവരുടെ വോട്ടിനെ കുറിച്ചോ ആവശ്യമായ ക്ഷേമ പദ്ധതികളെ കുറിച്ചോ വിഷമങ്ങള്‍ പരിഹരിക്കുന്നതിനെ കുറിച്ചോ ഒന്നും കാര്യക്ഷമമായ ഇടപെടലുകള്‍ നടത്താന്‍ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. 

പ്രവാസികളും വികസനവും 

ഏറെ പുരോഗതി കൈവരിച്ച സംസ്ഥാനമാണ് കേരളം. അഞ്ചു വര്‍ഷം കുടുമ്പോഴുണ്ടാകുന്ന ഭരണമാറ്റമല്ല കാരണം, മറിച്ച് ഭൂപരിഷ്‌കരണവും പ്രവാസിപ്പണവുമാണ് അതിലേക്ക് വഴിവെച്ചത്. കേരളത്തിലെ സാധാരണക്കാര്‍ക്ക് ഒരു തുണ്ട് ഭൂമി ലഭിച്ചതാണ് ഭൂപരിഷ്‌കരണ നിയമത്തിലൂടെ സാധ്യമായതെങ്കില്‍ ആ ഭൂമിയില്‍ കാര്യമായി വല്ലതും ഉണ്ടായത് പ്രവാസിപ്പണം കൊണ്ടാണ്. മണലാരണ്യത്തിലെ മസറകളില്‍ ആടുകളെയും ഒട്ടകങ്ങളെയും മേയ്ച്ചു കിട്ടിയ ശമ്പളം മുതല്‍ വലിയ വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടെ പണം വരെ ഇക്കൂട്ടത്തിലുണ്ട്. ഗള്‍ഫിലെ മഹാഭൂരിപക്ഷം പ്രവാസികളും കൂലിവേലക്കാരും താഴ്ന്ന ശമ്പളത്തിന് ജോലി ചെയ്യുന്നവരുമാണ്. എങ്കിലും കിട്ടുന്ന തുച്ഛശമ്പളം മറുനാട്ടിലെ അടിപൊളി ജീവിതത്തിന് ചെലവാക്കാതെ അവര്‍ നാട്ടിലേക്ക് അയച്ചുകൊണ്ടേയിരിക്കുന്നു. കേരള സംസ്ഥാനം നിലവില്‍ വന്ന 1956 മുതല്‍ 1987വരെയുള്ള കാലഘട്ടത്തില്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായിരുന്നു. പ്രതിവര്‍ഷം 1.12 ശതമാനം വീതമായിരുന്നു വരുമാനം വളര്‍ന്നിരുന്നത്. 1987-2011 കാലത്ത് ഇത് 6. 7 ശതമാനമായി ഉയര്‍ന്നു. ഈ കാലയളവിലെ ഗള്‍ഫ് കുടിയേറ്റമായിരുന്നു ഇതിന് പ്രധാന കാരണം. തത്ഫലമായി ലക്ഷം കോടിയോളം രൂപ കേരളത്തിലേക്ക് എത്തിച്ചേരുന്ന അവസ്ഥ വന്നു. 2014ലെ കണക്ക് പ്രകാരം 71,142 കോടി രൂപയാണ് വിദേശപണമായി എത്തിയത്. ഇങ്ങനെയൊക്കെ പണമെത്തിയിട്ടും പ്രവാസികളെ ഒന്നാംകിട പൗരന്മാരായി കാണാനോ അയക്കുന്ന പണത്തെ കാര്യക്ഷമമായി വിനിയോഗിക്കാനോ വികസിത പദ്ധതികളില്‍ നിക്ഷേപിക്കാനോ സാധിക്കാതെപോയത് പ്രവാസികളുടെ പോരായ്മയല്ല. ഇവിടുത്തെ രാഷ്ട്രീയഭരണകൂട നേതൃത്വങ്ങളുടെ പോരായ്മ മാത്രമാണ്.

 എന്താണ് പ്രവാസിക്ക് വേണ്ടത്? 

എന്താണ് പ്രവാസികള്‍ക്ക് കേരളീയ ഭരണകൂടം ചെയ്തുതരേണ്ടത്? അതിന് എന്തെല്ലാം മാര്‍ഗങ്ങളാണ് ഭരണകൂടം സ്വീകരിക്കേണ്ടത്? ഇത് സംബന്ധിച്ച് ഇനിയും ക്രിയാത്മക ചിന്തകളുണ്ടാകേണ്ടതുണ്ട്. ആദ്യം വേണ്ടത് പ്രവാസി വോട്ട് തന്നെയാണ്. എങ്കില്‍ മാത്രമേ പ്രവാസിക്ക് തങ്ങളുടെ ശക്തിയും ശബ്ദവും തെളിയിക്കാന്‍ സാധിക്കുകയുളളൂ. വോട്ട് ചെയ്യാനുള്ള സംവിധാനം ഉണ്ടാകുന്നതോടെ ആ വോട്ടുകളെ പ്രതീക്ഷിച്ച് സ്വാഭാവികമായും പദ്ധതികളും വരും. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിനെങ്കിലും പ്രവാസി വോട്ടുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, അതുണ്ടായില്ല. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് അത് ഇനിയും നീളുന്നത്. വിദേശ രാജ്യങ്ങളിലുള്ള ഫിലിപ്പീന്‍സ് സഹോദരങ്ങള്‍ ഇ വോട്ടിംഗ് സംവിധാനം ഉപയോഗിച്ചാണ് വോട്ട് ചെയ്യുന്നത്. ഫ്രാന്‍സില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മാഹിയിലുള്ളവര്‍ ഇപ്പോഴും വോട്ട് ചെയ്യുന്നു. എന്തിനധികം ലോകത്തിലെ 114 രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് അന്യ രാജ്യങ്ങളില്‍ നിന്ന് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കിക്കൊടുക്കുന്നുണ്ട്. സാക്ഷരതയിലും വിവരസാങ്കേതിക മികവിലുമെല്ലാം വലിയ പുരോഗതി നേടിയ നമ്മുടെ നാട്ടില്‍ അതിനിപ്പോഴും നിര്‍ഭാഗ്യവശാല്‍ സംവിധാനമായിട്ടില്ല. ഇനി ഇ വോട്ടിംഗ് ആണ് ആര്‍ക്കെങ്കിലും വിശ്വാസ്യത കുറവ് തോന്നുന്നതെങ്കില്‍ പ്രോക്‌സി വോട്ടിംഗ്, തപാല്‍ വോട്ടിംഗ് സംവിധാനങ്ങളില്‍ ഏതെങ്കിലുമൊന്ന് അവലംബിക്കാമായിരുന്നിട്ടും അതൊന്നും ഉപയോഗപ്പെടുത്താത്തതിന് പിന്നിലും ചില രാഷ്ട്രീയ കളികളുണ്ട് എന്ന് ന്യായമായും സംശയിക്കാം. പ്രവാസി വോട്ട് വന്നാല്‍ ആ വോട്ട് ആര്‍ക്കാണ് കൂടുതല്‍ കിട്ടുക എന്നതിനെ ഭയക്കുന്നവരുമുണ്ടാകാം.

തിരഞ്ഞെടുപ്പിലെ പ്രവാസി സാന്നിധ്യം 

സിനിമയിലും നാടകത്തിലും തല കാണിച്ചവരെല്ലാം സ്ഥാനാര്‍ഥികളാകുന്ന തിരഞ്ഞെടുപ്പാണല്ലോ ഇത്. ജനങ്ങളുമായുള്ള ബന്ധം, അവരുടെ പ്രശ്‌നങ്ങളിലെ ഇടപെടല്‍ എന്നീ പരിഗണനവെച്ച് നോക്കുമ്പോള്‍ ഇവര്‍ സ്ഥാനാര്‍ഥികളാകാന്‍ എത്രത്തോളം യോഗ്യരാണ്? തോറ്റാലും താന്‍ ജനങ്ങള്‍ക്കൊപ്പം ഉണ്ടാകും എന്നൊക്കെ വീരവാദം മുഴക്കിയിരുന്ന സെലിബ്രിറ്റി താരങ്ങളെ പിന്നീട് ജനങ്ങള്‍ക്കിടയില്‍ കണ്ടിട്ടില്ല എന്നതാണ് മുന്‍കാല അനുഭവങ്ങള്‍. കേരളത്തിലെ നൂറു കണക്കിനാളുകള്‍ക്ക് ജോലി നല്‍കി, ജീവിക്കാന്‍ വകുപ്പുണ്ടാക്കിയ പ്രവാസി മലയാളികളെയും മികച്ച സംരഭകരെയും എന്തുകൊണ്ട് മത്സരിപ്പിച്ചുകൂടാ? മുന്നണികളുടെ സ്ഥാനാര്‍ഥി പരിഗണനാപ്പട്ടികയില്‍ പോലും പ്രവാസി മലയാളികളോ സംരഭകരോ ഇടംപിടിച്ചിട്ടില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. കിഴക്കമ്പലം പഞ്ചായത്ത് ഭരണം നേടാന്‍ ട്വന്റി 20 കൂട്ടായ്മ മുന്നോട്ട് കൊണ്ടുവന്ന വ്യവസായി കിറ്റക്‌സ് ഗ്രൂപ്പ് എം ഡി ബോബി എം ജേക്കബിന് സാധിച്ചിട്ടുണ്ട്. ഇത് ഒരു തുടക്കമാണ്. 

വരുംഭരണകൂടത്തോട് പറയുവാനുള്ളത് 

വോട്ടവകാശത്തിനെ പുറമെ ഒട്ടനവധി പ്രവാസി പ്രശ്‌നങ്ങളില്‍ ഭരണകൂടത്തിന് വേണ്ടത് ചെയ്യാനാകും. ഇന്ത്യയിലെ ഓട്ടോറിക്ഷകള്‍ മുതല്‍ തീവണ്ടിയുടെ കാര്യത്തില്‍ വരെ ഭരണകൂടത്തിന് നിയന്ത്രണമുണ്ട്. അവയുടെ ടിക്കറ്റ് ചാര്‍ജെല്ലാം ഭരണകൂട നിയമങ്ങള്‍ക്കനുസൃതമായിട്ടാണല്ലോ പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും പൊതുമേഖലാ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്കിലൂടെ പാവപ്പെട്ട പ്രവാസികളെ കൊള്ള ചെയ്യുന്ന കാര്യത്തില്‍ പരിഹാരമില്ല. വിദേശ വിമാന കമ്പനികളേക്കാള്‍ കൂടിയ തുകയാണ് ഇന്ത്യയുടെ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസുമെല്ലാം ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറെ ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്നതും കേരളത്തിലേക്കാണ്. പ്രത്യേകിച്ച് കോഴിക്കോട്ടേക്ക്. ഇക്കാര്യത്തില്‍ പുതിയ സര്‍ക്കാറെങ്കിലും ഇടപെട്ട് അന്യായമായ ടിക്കറ്റ് വില വര്‍ധന ഒഴിവാക്കുകയും നേരത്തെ പ്രഖ്യാപിച്ച എയര്‍ കേരള പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും വേണം. ഗള്‍ഫ് രാജ്യങ്ങളില്‍ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കാനുള്ള സംവിധാനം എത്രയും വേഗം ആരംഭിക്കേണ്ടിയിരിക്കുന്നു. ഇതിനായി പ്രത്യേക ഫണ്ട് മാറ്റിവെക്കണം. കേന്ദ്ര ബജറ്റിലോ സംസ്ഥാന ബജറ്റിലോ ഇക്കാര്യം പരാമര്‍ശ വിഷയം പോലുമല്ലെന്നത് പ്രവാസികളോടുള്ള അവജ്ഞയാണ് സൂചിപ്പിക്കുന്നത്. ഇന്‍കല്‍ മാതൃകയില്‍ കേരളത്തില്‍ പ്രവാസി സംരഭങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്. പ്രവാസികള്‍ക്ക് സംരഭങ്ങള്‍ തുടങ്ങാന്‍ പ്രത്യേക വായ്പാ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാവണം. ഓരോ പഞ്ചായത്ത് തോറുമുള്ള വിവിധ കൂട്ടായ്മകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സജീവമാണ്. ഇത്തരം കൂട്ടായ്മകളെ ഉപയോഗപ്പെടുത്തി പ്രാദേശികമായി തുടങ്ങാവുന്ന വ്യവസായ കാര്‍ഷിക പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ തുടക്കം കുറിക്കുകയാണെങ്കില്‍ വന്‍തോതിലുള്ള നിക്ഷേപം കേരളത്തിലുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. നിലവില്‍ ഭൂമി, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളില്‍ മാത്രമാണ് പ്രാദേശികമായുള്ള സഹകരണവും നിക്ഷേപങ്ങളും പുരോഗമിക്കുന്നത്. ഉത്പാദനപരമായ മേഖലയിലേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുമ്പോള്‍ മാത്രമേ വികസന സാധ്യതകള്‍ പുരോഗമിക്കുകയുള്ളൂ. അതിനായി മികച്ച സംരംഭ ആശയങ്ങളും പ്രായോഗിക നടപടികളും ആവിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പലരും ആധുനിക നിര്‍മാണത്തിലും യന്ത്രോപകരണ സംവിധാനങ്ങളിലുമെല്ലാം വൈധഗ്ദ്യം നേടിയവരാണ്. അത്തരക്കാരെ ഉപയോഗപ്പെടുത്തി നാട്ടിലെ വ്യവസായ രംഗത്തും മറ്റും തൊഴില്‍ നല്‍കാനുള്ള സംവിധാനവും ആലോചിക്കാവുന്നതാണ്. വിദ്യാഭ്യാസ മേഖലയിലും നിരവധി കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പ്രവാസികള്‍ക്ക് വേണ്ടി ചെയ്യാനാകും. ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ മേഖല കൃത്യമായി മനസ്സിലാക്കുകയും അവിടങ്ങളിലേക്ക് ആവശ്യമായ തൊഴിലാളികളെ വാര്‍ത്തെടുക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ സംസ്ഥാനത്ത് ആരംഭിക്കുകയും ചെയ്യേണ്ടതുണ്ട്. പലപ്പോഴും യൂറോപ്യന്‍ രാജ്യങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ ഇത്തരം ഉയര്‍ന്ന തൊഴിലുകളില്‍ വ്യാപരിക്കുമ്പോള്‍ വിദ്യാഭ്യാസ മേഖലയില്‍ ഏറെ പുരോഗതി പ്രാപിച്ചു എന്നവകാശപ്പെടുന്ന കേരളത്തിലെ ഉദ്യോഗാര്‍ഥികള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലേക്കാണ് തള്ളപ്പെടുന്നത്. അതോടൊപ്പം കേരളത്തില്‍ ഉന്നത പഠനം നടത്താന്‍ വരുന്ന പ്രവാസികളുടെ കുട്ടികള്‍ക്ക് അതിനായുള്ള അവസരം ഉണ്ടാകണം. അതിനായി ഓരോ സര്‍വകലാശാലയിലും പ്രവാസി ക്വോട്ട വര്‍ധിപ്പിക്കേണ്ടതുണ്ട്. പാവപ്പെട്ട പ്രവാസികളുടെ മക്കള്‍ക്ക് പ്രവേശം ലഭിക്കുന്ന വിധത്തില്‍ എന്‍ ആര്‍ ഐ ക്വോട്ട പരിഷ്‌ക്കരിക്കുകയും മെറിറ്റടിസ്ഥാനത്തില്‍ പ്രവേശ നടപടി കൈക്കൊള്ളാനുള്ള സംവിധാനം ഒരുക്കുകയും വേണം. പ്രവാസി പുനരധിവാസ പദ്ധതിയാണ് സര്‍ക്കാറുകള്‍ ഗൗരവമായി എടുക്കേണ്ട മറ്റൊരു കാര്യം. പ്രവാസികാര്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്കയുടെ ഇടപെടലിലും കാര്യമായ മാറ്റം ഉണ്ടാകേണ്ടതുണ്ട്. നോര്‍ക്കയിലേക്കുള്ള ജീവനക്കാരുടെ നിയമനം പോലും പ്രവാസികളെയാക്കണമെന്നതാണ് അതിലെ ഏറ്റവും പ്രധാന കാര്യം. വിവിധ ആവശ്യങ്ങള്‍ക്കായി നോര്‍ക്ക ഓഫീസുകളില്‍ സന്ദര്‍ശിക്കുന്ന പ്രവാസികള്‍ക്ക് മടുപ്പുളവാക്കുന്ന പ്രതികരണമാണ് പലപ്പോഴും ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. പ്രവാസികളില്‍ നിന്ന് മാത്രം അപേക്ഷ സ്വീകരിച്ച് പി എസ് സി മുഖേന പരീക്ഷ നടത്തി ഇവിടങ്ങളിലേക്കുള്ള നിയമനം നടക്കണം. പ്രവാസികള്‍ക്ക് വേണ്ടിയുള്ള സ്ഥാപനങ്ങള്‍ പ്രവാസികളായവര്‍ തന്നെ നിയന്ത്രിക്കട്ടെ. സര്‍ട്ടിഫിക്കേറ്റ് അറ്റസ്റ്റേഷന്‍ എന്നതുമാത്രമാണ് നോര്‍ക്ക പ്രധാനമായും ഇപ്പോള്‍ നടത്തിവരുന്നത്. ഇക്കാര്യത്തില്‍ തന്നെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നിരവധി നൂലാമാലകളുണ്ടാക്കി ഒന്നോ രണ്ടോ മാസത്തേക്ക് നാട്ടിലേക്ക് അവധിക്കുവരുന്ന പ്രവാസികളെ അഞ്ചോ പത്തോ തവണ വട്ടംകറക്കുന്ന രീതിയിലൂടെയാണല്ലോ ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്. എല്ലാ സര്‍ട്ടിഫിക്കറ്റ് പരിശോധനാ സംവിധാനവും നോര്‍ക്കയുടെ ഓരോ ഓഫീസിലും ഉണ്ടാകേണ്ടതുണ്ട്. ഇതിനുള്ള കാലതാമസം ഇതുവഴി ഒഴിവാക്കാനാകും. കൂടാതെ ഓരോ ജില്ലകള്‍ തോറും മുഴുവന്‍ ദിവസവും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഓഫീസുകളും അത്യാവശ്യമാണ്. നിലവില്‍ മലപ്പുറം, പാലക്കാട് ജില്ലകള്‍ക്ക് ഓഫീസുകളുണ്ടെങ്കിലും അവയെല്ലാം ദൈനംദിനം സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുള്ള സംവിധാനമില്ല. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്ന കോഴ്‌സുകളെല്ലാം നോര്‍ക്ക അറ്റസ്റ്റേഷന്‍ സംവിധാനമുള്ളതാകണമെന്ന കാര്യത്തിലും സര്‍ക്കാര്‍ ഇടപെടലുകള്‍ ആവശ്യമാണ്. കൂടാതെ നോര്‍ക്കയുടെ കീഴില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ചുരുങ്ങിയ ചെലവില്‍ പഠിക്കാനുള്ള സംവിധാനവുമുണ്ടാകണം. പ്രവാസി ആവശ്യങ്ങളുടെ ഒരു സാംപിള്‍ മാത്രമാണ് മുകളില്‍ സൂചിപ്പിച്ചത്. ഇനിയുമെത്രയോ ആവശ്യങ്ങള്‍ ഓരോ പ്രവാസിക്കും പറയാനുണ്ട്. ഓരോ ആവശ്യങ്ങളും നിറവേറണമെങ്കില്‍ ജനാധിപത്യ രാജ്യത്ത് ശബ്ദം വേണം. കേവല ശബ്ദം പോരാ, അവകാശങ്ങള്‍ നേടിയെടുക്കാന്‍ ആര്‍ജവമുള്ള കൂട്ടായ്മകള്‍ അത്യാവശ്യമാണ്. പ്രവാസികളുടെ സംഘടിത മുന്നേറ്റവും പ്രവാസി കുടുംബങ്ങള്‍ വോട്ട് ബേങ്കായി മാറുകയും അതിനത്യാവശ്യമാണ്. ജനിച്ച നാട്ടില്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതെ വരുമ്പോഴാണ് ഒരാള്‍ അന്യനാട്ടിലേക്ക് കുടിയേറുന്നത്. അവരെ നാട്ടില്‍ തന്നെ നിലനിര്‍ത്താനുള്ള സംവിധാനങ്ങള്‍, തൊഴിലവസരങ്ങള്‍ അതോടൊപ്പം കുടിയേറുന്നവര്‍ക്ക് വിദേശത്ത് മികച്ച ജീവിതാന്തരീക്ഷം ഉറപ്പാക്കാനുള്ള പദ്ധതികളെല്ലാം ആവിഷ്‌കരിക്കാന്‍ അവരുടെ ഭരണ സംവിധാനത്തിന് സാധിക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസവും സംതൃപ്തിയും നിലനിര്‍ത്താന്‍ സാധിക്കൂ.


2016 ഏപ്രില്‍ 1 ന് സിറാജ് പത്രത്തിന്‍റെ എഡിറ്റ് പേജില്‍ പ്രസിദ്ധീകരിച്ചത്.
● Read more ► http://www.sirajlive.com/2016/04/01/231142.html
© ‪#‎SirajDaily‬