Tuesday, February 26, 2013

എന്നാല്‍ അധ്യാപകരെ നമുക്ക് കോച്ചിംഗ് സെന്ററുകളില്‍ വാര്‍ത്തെടുക്കാം.അധ്യാപകരുടെ യോഗ്യത സംബന്ധിച്ച് അടുത്ത കാലത്തായി ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകളുടെ ഭാഗമായി അധ്യാപകരുടെ യോഗ്യത വിലയിരുത്താന്‍ യോഗ്യതാപരീക്ഷകള്‍ നടത്തിയതോടെയാണ് ഈ ചര്‍ച്ചകള്‍ സജീവമാകാനുള്ള പ്രധാന കാരണം.കേന്ദ്രസര്‍ക്കാര്‍ നടത്തിയ സിടെറ്റും, സംസ്ഥാനത്ത് ആദ്യമായി നടത്തിയ കെടെറ്റ് പരീക്ഷയിലും കൂട്ടതോല്‍വിയാണ് സംഭവിച്ചത്.
പരീക്ഷകളിലെ വിജയശതമാനം മുന്‍നിറുത്തി ഇപ്പോള്‍ അധ്യാപക കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവരെല്ലാം യോഗ്യത കുറഞ്ഞവരാണെന്ന പൊതുധാരണ ശക്തിപ്പെടുത്തുംവിധമുള്ള വിലയിരുത്തലുകളും ലേഖനങ്ങളും ഇതിനകം നിരവധി കഴിഞ്ഞു.

അധ്യാപകരുടെ യോഗ്യത ,പരീക്ഷകളിലൂടെ മാത്രം തെളിയിക്കപ്പെടേണ്ടതാണെന്ന ധാരണയുടെയും വ്യവസ്ഥകള്‍ അങ്ങിനെയായതിന്റെയും ഫലമായി ചില അശുഭകരമായ അവസ്ഥകളിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്.

പുതിയതായി ഏര്‍പ്പെടുത്തിയ യോഗ്യതാപരീക്ഷകള്‍ വിലയിരുത്തുംമുമ്പ് കുറെക്കാലമായി തുടര്‍ന്ന്‌പോകുന്ന പിഎസ്‌സി പരീക്ഷകളുടെ പോരായ്മ കാരണം പല വിഷയങ്ങളിലും വേണ്ടത്ര പഠനം നടത്താത്ത അധ്യാപകരാണ് ജോലിയില്‍ എത്തുന്നത്. ഇത് വിദ്യാര്‍ഥികളുടെ പഠനത്തെ ദോഷകരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.പത്താംതരത്തിന് ശേഷം ചില വിഷയങ്ങളുമായി യാതൊരുബന്ധംപോലും ഇല്ലാത്ത നിരവധിപേരാണ് നിലവിലെ സംവിധാനം വഴി അധ്യാപകരായിത്തീരുന്നത്.

ഉദാഹരണമായി ഹൈസ്‌കൂള്‍ വിഭാഗം സോഷ്യല്‍ സയന്‍സ് വിഷയം പഠിപ്പിക്കാന്‍ ആ വിഷയവുമായി വേണ്ടത്ര പഠനം നടത്താത്തവരും ബന്ധമില്ലാത്തവരും ജോലിയില്‍ കയറിക്കൂടുന്ന പ്രവണത വ്യാപകമാകുകയാണ്.എച്ച്എസ്എ സോഷ്യല്‍ സ്റ്റഡീസ് പരീക്ഷക്ക് വേണ്ടി അപേക്ഷിക്കുന്നവരുടെ യോഗ്യതപരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

ചരിത്രം,ഭൂമിശാസ്ത്രം എന്നീ വിഷയങ്ങളാണ് പ്രധാനമായും സ്‌കൂളുകളിലെ സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍ ഉള്‍പ്പെടുന്നത്.നാമമാത്രമായ തോതില്‍ സാമ്പത്തിക ശാസ്ത്രം,രാഷ്ട്രമീമാസം,സമൂഹശാ
സ്ത്രം എന്നവയും ഉണ്ട്.ഇംഗ്ലീഷ് അധ്യാപകര്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിഎഡും പൂര്‍ത്തിയാക്കിയാണ് അധ്യാപകരായി പുറത്തിറങ്ങുന്നതെങ്കില്‍ സാമൂഹ്യശാസ്ത്ര വിഷയത്തില്‍ സ്ഥിതി ഇതല്ല .

ചരിത്രം,സാമ്പത്തികശാസ്ത്രം,ഭൂമിശാസ്ത്രം,രാഷ്ട്രമീമാസം,സമൂഹശാസ്ത്രം,കൊമേഴ്‌സ്,ഫിലോസഫി,മ്യൂസിക്,സൈക്കോളജി എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളില്‍ ബിരുദം പൂര്‍ത്തിയാക്കിയവരും ബിഎഡ് കോഴ്‌സും പൂര്‍ത്തിയാക്കുന്നതോടെ തുല്യയോഗ്യത നേടിവയവരായി പരിഗണിക്കപ്പെടുന്നതിന്റെ യുക്തി ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

കൊമേഴ്‌സ്,ഫിലോസഫി,മ്യൂസിക്,സൈക്കോളജി,ഭൂമിശാസ്ത്രം എന്നീ വിഷയങ്ങളില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് സ്‌കൂളുകളില്‍ പഠിപ്പിക്കാനുള്ള പ്രധാന ഭാഗമായ ഹിസറ്ററിയുമായി ബന്ധം കുറവാണ്. ചുരുക്കത്തില്‍ പത്താം തരം പഠനത്തിന് ശേഷം ഇത്തരം വിഷയങ്ങളുമായി ഒരു ബന്ധവുമില്ലാതിരിക്കുകയും പിന്നീട് ബിഎഡ് പരീക്ഷ വിജയിക്കാന്‍മാത്രം താത്കാലികമായി നടത്തുന്ന പഠനം മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.ഇപ്രകാരം പുറത്തിറങ്ങുന്നവരാണ് സര്‍ക്കാര്‍/എയിഡഡ് സ്‌കൂളുകളിലും അണ്‍എയിഡഡ് സ്‌കൂളുകളിലും സാമൂഹ്യശാസ്ത്രം പഠിപ്പിക്കുന്നത്.ബിഎഡ് കോഴ്‌സില്‍ പെഡഗോഗി എന്ന നൂറ് മാര്‍ക്കിന്റെ ഒരു വിഷയത്തില്‍ മാത്രമാണ് ഇവര്‍ക്ക് പല വിഷയങ്ങളുടെയും പ്രാഥമിക പാഠങ്ങളുമായി പഠനവിഷയമാക്കേണ്ടിവരുന്നുള്ളൂ.

അപ്പോള്‍ പിന്നെ ഇവര്‍ എങ്ങിനെയാണ് പിഎസ് സി പരീക്ഷ ജയിക്കുന്നതെന്ന ചോദ്യം സ്വാഭാവികമായും ഉയരും.ഇത്തരം വൈവിധ്യമാര്‍്ന്ന വിഷയങ്ങള്‍ ഉള്‍കൊള്ളുന്നതുകൊണ്ടുതന്നെ എച്ച്എസ്എ സാമൂഹ്യപാഠം പരീക്ഷക്കാണ് സംസ്ഥാനത്ത് ഏറ്റവുമധികം ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കാറുള്ളത്.പരീക്ഷക്ക് അപേക്ഷിക്കേണ്ടുന്ന സമയമാരംഭിച്ചാല്‍ ഈ പഠിതാക്കളുടെ കുത്തൊഴുക്കാണ് കോച്ചിംഗ് സെന്ററുകളില്‍. മിക്ക കോച്ചിംഗ് സെന്ററുകളിലും ഏറ്റവുമധികം ഉദ്യോഗാര്‍ഥികള്‍ പരിശീലനം നേടുന്നതും എച്ച്എസ്എ സാമൂഹ്യപാഠം പരീക്ഷാപരിശീലനത്തിനാണ്.

പിഎസ്‌സി മത്സരപരീക്ഷക്കുള്ള പഠനത്തിനാണ് ഇവിടെ പ്രാധാന്യം.വിശകലന ചോദ്യങ്ങള്‍ക്കോ മറ്റു ചോദ്യരൂപങ്ങള്‍ക്കോ ആഴത്തിലുള്ള പഠനത്തിനോ
ഇവിടെ പ്രസക്തിയില്ല.ഒബ്ജക്ടീവ് വിഭാഗത്തിലുള്ള ചോദ്യങ്ങള്‍ക്കുള്ള പഠനപരിശീലനമാണ് വളരെ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ഇത്തരം പരിശീലന സ്ഥാപനങ്ങളില്‍ നിന്ന് നല്‍കുന്നത്.ഇക്കാരണംകൊണ്ടുതന്നെ സാമൂഹ്യപാഠ വിഷയത്തിലെ പ്രധാന ഭാഗങ്ങളായ ചരിത്രവും ഭൂമിശാസ്ത്രവും പഠനം നടത്തി അധ്യാപക പരിശീലന കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവരല്ലാത്ത പലരും പിഎസ്‌സി പരീക്ഷയില്‍ കടന്നുകൂടുന്ന പ്രവണത വ്യാപകമാകുകയാണ്.
.ഇവിടെ പ്രസക്തമാകുന്ന ചോദ്യം ഇതാണ് . പിഎസ്‌സി പരീക്ഷക്ക് മാത്രമുള്ള പഠനം മാത്രം മതി വിദ്യാര്‍ഥികളെ പഠിപ്പിക്കാനെങ്കില്‍ എന്തിനാണ് ഐഛിക വിഷയങ്ങളില്‍ ബിരുദവും ബിഎഡും പൂര്‍ത്തിയാക്കുന്നത് ?പകരം കോച്ചിംഗ് സെന്ററുകളില്‍ മാത്രം പോയി പഠിച്ചാല്‍ പോരെ ?

അധ്യാപക യോഗ്യതാ പരീക്ഷയായി അടുത്ത കാലത്ത് ആരംഭിച്ച സിടെറ്റ്, കെടെറ്റ് പരീക്ഷകളിലും ഈ ഇരട്ടത്താപ്പ് വ്യക്തമാകും.സംസ്ഥാനത്ത് ആദ്യമായി നടത്തിയ കെടെറ്റ് പരീക്ഷയില്‍ ആകെ 8000 പേര്‍ മാത്രമാണ് വിജയിച്ചത്.ഇവരില്‍ ഭൂരിഭാഗവും കോച്ചിംഗ് സെന്ററുകളിലെ പരിശീനത്തിലൂടെയാണ് യോഗ്യതനേടിയത്.ഏറ്റവുമധികം മാര്‍ക്ക് നേടിയവരെ കുറിച്ച്് പത്രങ്ങളില്‍ വന്ന ചില വാര്‍ത്തകളില്‍ ഇക്കാര്യം ഇവര്‍ വ്യക്തമാക്കിയിരുന്നു.ബിഎഡ്,ടിടിസി സിലബസുകളെ അടിസ്ഥാനമാക്കിയല്ല ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയത് എന്ന ആക്ഷേപത്തിനും സര്‍ക്കാര്‍ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.കേന്ദ്രതലത്തില്‍ സിബിഎസ്ഇ നടത്തിയ സിടെറ്റ് പരീക്ഷയില്‍ ആകെ വിജയം ഒരു ശതമാനമാണുണ്ടായതെന്നും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.സര്‍ക്കാറുകളെ സംബന്ധിച്ചിടത്തോളം ഇത്തരം യോഗ്യതാപരീക്ഷകളില്‍ അധികപേരും വിജയിക്കാതിരിക്കുന്നതാണ് ആവശ്യം. പരാജയപ്പെടുന്നവരുടെ എണ്ണം വര്‍ദിക്കുന്നതിനാനുപാതികമായി കൂടുതല്‍ തവണ പരീക്ഷ എഴുതമ്പോഴെല്ലാം 500 രൂപവീതമെന്ന തോതിലാണ് ലഭിക്കുന്നതെന്ന സാമ്പത്തിക നേട്ടമെന്ന തന്ത്രം  ജനം തിരിച്ചറിഞ്ഞില്ലെന്ന് വിചാരിക്കുന്നത് മൗഢ്യമാണ്.അധ്യാപകരുടെ നേട്ടങ്ങള്‍ക്കെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക സംഘടനകള്‍ നിസംഗമായ മൗനമാണ് ഇക്കാര്യത്തില്‍ തുടരുന്നത്.

Tuesday, February 5, 2013

രണ്ടു ചോദ്യങ്ങളും മറുപടികളും2012 ഡിസംബര്‍  മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രസ് അക്കാദമിയും മലപ്പുറം പ്രസ് ക്ലബും സംയുക്തമായി വിവരാവകാശ ശില്‍പ്പശാല സംഘടിപ്പിച്ചത്.
സംസ്ഥാന മുഖ്യവിവരാവകാശ കമ്മീഷണര്‍ എം.എന്‍. ഗുണവര്‍ധനന്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കന്നതറിഞ്ഞാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയത്.

വിവരാവകാശ നിയമത്തിന്റെ ചരിത്രംപറഞ്ഞ് ഒരുമണിക്കൂറോളം അദ്ദേഹം ഉദ്ഘാടന ഭാഷണം നിര്‍വഹിച്ചു.അങ്ങിനെയിരിക്കെയാണ് ഒരു ഇടവേള കിട്ടിയപ്പോള്‍ ബഹു എന്‍പി രാജേന്ദ്രന്‍ സാറോട് ഈ ക്ലാസ് ഒരു ഇന്ററാക്ടീവ് രൂപത്തിലാക്കിയാല്‍ നന്നായിരുന്നുവെന്ന് പറഞ്ഞത്.അതിന് അവസാനം അവസരമുണ്ടായിരിക്കുമെന്ന് ഉറപ്പുലഭിച്ചതോടെ ഏറെ സന്തോഷമായി.
 പ്രസംഗത്തിന് ശേഷം എനിക്ക് രണ്ടു ചോദ്യങ്ങള്‍ക്കുള്ള അവസരം ലഭിച്ചു. വിവരാവകാശ കമ്മീഷണറോട് ആയതിനാല്‍ കുറെയധികം ചോദ്യങ്ങളുണ്ടായിരുന്നെങ്കിലും രണ്ടെണ്ണം ചോദിക്കാനാണ് ആ സമയം ലഭിച്ചത്.

ചോദ്യം ഒന്ന്.
വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 18 പ്രകാരമുള്ള പരാതികളില്‍
തീര്‍പ്പുകല്‍പ്പിക്കാന്‍ കമ്മീഷന് അധികാരമുണ്ടെന്നിരിക്കെ അത്തരം
പരാതികളെ തിരച്ചയക്കുകയും അപേക്ഷകനോട് ഒന്നാം അപ്പീല്‍ നല്‍കണമെന്ന്
പറയുകയും ചെയ്യുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് ?


കമ്മീഷണര്‍ ഗുണവര്‍ദ്ദനന്റെ റുപടി:

നേരത്തെ കേരളത്തിലെ കമ്മീഷന്‍ സെക്ഷന്‍ 18 അനുസരിച്ചുള്ള കൊടുക്കുന്ന
അപേക്ഷകളില്‍ വിവരങ്ങള്‍ കൊടുക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
അടുത്ത കാലത്ത് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധി വരികയുണ്ടായി.ആ
വിധിയില്‍ സെക്ഷന്‍ 18 ഉം 19 ഉം കോടതി വിശകലനം ചെയ്തു.സെക്ഷന്‍ 19
അനുസരിച്ച് വിവരങ്ങള്‍ കൊടുക്കാന്‍ പറയാന്‍ കമ്മീഷന് അധികാരം
നല്‍കിയിട്ടുണ്ട്. അതുകൊണ്ട് സെക്ഷന്‍ 18 അനുസരിച്ച് വിവരങ്ങള്‍ നല്‍കാന്‍ പറയാന്‍ കമ്മീഷന്
അധികാരമില്ല എന്ന് സുപ്രീം കോടതി ക്ലാരിഫൈ ചെയ്തിട്ടുണ്ട്.

സുപ്രീം കോടതിയുടെ ഒരു ഓര്‍ഡര്‍ എന്നു പറഞ്ഞാല്‍ എല്ലാ അധികാരികളും ഇത് പാലിക്കാന്‍ ബാധ്യസ്ഥരാണ്.അതുപോലെ സെക്ഷന്‍ 18 പ്രകാരമുള്ള അപേക്ഷകള്‍ക്ക് വിവരം കൊടുക്കാന്‍
ഞങ്ങള്‍ ഉത്തരവ് കൊടുത്തുകൊണ്ടിരുന്നതാണ്.ഈ വിധിയുടെ സാംഗത്യത്തെ
കുറിച്ച് ഉന്നത നീതി പീഠങ്ങള്‍ പ്രതികരിക്കേണ്ട സംഗതിയാണ്.അതുകൊണ്ടാണ്
അപേക്ഷ വരുമ്പോള്‍ 18 അനുസരിച്ച് ആ അപേക്ഷയില്‍ അയാള്‍ കൂടുതല്‍
വിവരങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ നമ്മളത് മടക്കി അയക്കുകയും ഒന്നാം
അപ്പീല്‍ നല്‍കിയ ശേഷം വരാന്‍ പറയുകയും ചെയ്തു.

ഈയിടെ ഒരു ഹൈകോടതി വിധിയുണ്ടായി.ഒരു സെക്ഷന്‍ 18 പെറ്റീഷനില്‍ വിവരം കൊടുക്കാന്‍ നമുക്ക്
നിര്‍ദേശം കൊടുക്കാന്‍ സാധിക്കാത്തത് കൊണ്ട് സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഹിയറിംഗിന് എന്റെ മുമ്പില്‍ ഹാജരായപ്പോള്‍ അയാള്‍ അത് കൊടുക്കുമെന്ന് പറഞ്ഞതായിട്ട് ഞാന്‍ രേഖപ്പെടുത്തി.അതു തന്നെ ഹൈകോടതി ആ വിധിക്കെതിരാണ് ,അത് പരിശോധിക്കണം എന്ന് പറഞ്ഞ് ഒരു ഫയല്‍ എന്റെയടുക്കല്‍ വന്നു.അതിനാല്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അത് പുനഃപരിശോധിക്കണം.നമ്മള്‍ പരോക്ഷമായി കൊടുക്കാന്‍ പറഞ്ഞപോലെ
പരോക്ഷമായിട്ട് ഒരു നിര്‍ദേശം നല്‍കിയരൂപത്തില്‍ വന്നു.അത് കൊണ്ടാണ് സെക്ഷന്‍ 18 നില്‍ ഒന്നാം അപ്പീല്‍ അധികാരിക്ക് നല്‍കാതെ കമ്മീഷന്റെ അടുത്ത് നേരിട്ട് വരുന്ന കേസുകളില്‍ കൂടുതല്‍ വിവരങ്ങള്‍
ആവശ്യപ്പെട്ടാല്‍ നമുക്കത് സുപ്രീംകോടതിയുടെ വിധിയുടെ വൈലേഷനാകുമെന്നതാകുന്നത് കൊണ്ട് നമ്മളത് ഒന്നാം അപ്പീല്‍ നല്‍കാന്‍ അപേക്ഷകനെ ഉപദേശിക്കുകയാണ് ചെയ്യുന്നത്

ചോദ്യം രണ്ട്

വിവരാവകാശ കമ്മീഷന്റെ വിധികളില്‍ പലതിലും ഉദ്യോഗസ്ഥരെ താക്കീത്
ചെയ്യുന്നു എന്നതായി കാണപ്പെടുന്നു. എന്താണ് ഈ താക്കീത്‌കൊണ്ട് കമ്മീഷന്‍
ഉദ്ദേശിക്കുന്നത് ? വിവരാവകാശ നിയമത്തിലെ ഏത് പ്രൊവിഷന്‍ പ്രകാരമാണ്
കമ്മീഷന്‍ താക്കീത് ചെയ്യുന്നത് ?


മറുപടി:

വ്യക്തമായി പറയുകയാണെങ്കില്‍ ...അങ്ങിനെ താക്കീത് നല്‍കാനുള്ള
പ്രൊവിഷനൊന്നും ഇല്ല.കമ്മീഷന്‍ ആദ്യം 2006 ല്‍ നിലവില്‍ വന്നപ്പോള്‍
അന്ന് മുതല്‍ പല കമ്മീഷണര്‍മാരും അത് ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍
അടക്കം ഉദ്യോഗസ്ഥന്മാരെല്ലാം കൂടെ പരിചയമായിട്ട് വരുന്ന ഒരു.. ഒരു
...ഒരു ഗ്യാപ്പ് കണക്കിലെടുത്തുകൊണ്ട് താക്കിത് ചെയ്യുകയൊക്കെയുണ്ടായിരുന്നു.അത് സ്ട്രിക്ട് ആയിട്ട് പറഞ്ഞാല്‍ അതിന് അങ്ങിനെയൊരു പ്രൊവിഷനില്ല.താക്കിതിന് പ്രൊവിഷനില്ല.

===================
ഇപക്രാരമാണെങ്കില്‍ പ്രൊവിഷനൊന്നും ഇല്ലാതെ തോന്നിയപോലെ തീരുമാനം എടുക്കാന്‍ നിന്നാല്‍ വര്‍ഷങ്ങളോളം നിയമപോരാട്ടം നടത്തുന്ന വിവരാവകാശ പ്രവര്‍ത്തകര്‍ നിരാശരാകാനേ വഴിവെക്കൂ.
കടപ്പാട്
The Hindu
For News : Click here