Tuesday, February 26, 2013

എന്നാല്‍ അധ്യാപകരെ നമുക്ക് കോച്ചിംഗ് സെന്ററുകളില്‍ വാര്‍ത്തെടുക്കാം.



അധ്യാപകരുടെ യോഗ്യത സംബന്ധിച്ച് അടുത്ത കാലത്തായി ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകളുടെ ഭാഗമായി അധ്യാപകരുടെ യോഗ്യത വിലയിരുത്താന്‍ യോഗ്യതാപരീക്ഷകള്‍ നടത്തിയതോടെയാണ് ഈ ചര്‍ച്ചകള്‍ സജീവമാകാനുള്ള പ്രധാന കാരണം.കേന്ദ്രസര്‍ക്കാര്‍ നടത്തിയ സിടെറ്റും, സംസ്ഥാനത്ത് ആദ്യമായി നടത്തിയ കെടെറ്റ് പരീക്ഷയിലും കൂട്ടതോല്‍വിയാണ് സംഭവിച്ചത്.
പരീക്ഷകളിലെ വിജയശതമാനം മുന്‍നിറുത്തി ഇപ്പോള്‍ അധ്യാപക കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവരെല്ലാം യോഗ്യത കുറഞ്ഞവരാണെന്ന പൊതുധാരണ ശക്തിപ്പെടുത്തുംവിധമുള്ള വിലയിരുത്തലുകളും ലേഖനങ്ങളും ഇതിനകം നിരവധി കഴിഞ്ഞു.

അധ്യാപകരുടെ യോഗ്യത ,പരീക്ഷകളിലൂടെ മാത്രം തെളിയിക്കപ്പെടേണ്ടതാണെന്ന ധാരണയുടെയും വ്യവസ്ഥകള്‍ അങ്ങിനെയായതിന്റെയും ഫലമായി ചില അശുഭകരമായ അവസ്ഥകളിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്.

പുതിയതായി ഏര്‍പ്പെടുത്തിയ യോഗ്യതാപരീക്ഷകള്‍ വിലയിരുത്തുംമുമ്പ് കുറെക്കാലമായി തുടര്‍ന്ന്‌പോകുന്ന പിഎസ്‌സി പരീക്ഷകളുടെ പോരായ്മ കാരണം പല വിഷയങ്ങളിലും വേണ്ടത്ര പഠനം നടത്താത്ത അധ്യാപകരാണ് ജോലിയില്‍ എത്തുന്നത്. ഇത് വിദ്യാര്‍ഥികളുടെ പഠനത്തെ ദോഷകരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.പത്താംതരത്തിന് ശേഷം ചില വിഷയങ്ങളുമായി യാതൊരുബന്ധംപോലും ഇല്ലാത്ത നിരവധിപേരാണ് നിലവിലെ സംവിധാനം വഴി അധ്യാപകരായിത്തീരുന്നത്.

ഉദാഹരണമായി ഹൈസ്‌കൂള്‍ വിഭാഗം സോഷ്യല്‍ സയന്‍സ് വിഷയം പഠിപ്പിക്കാന്‍ ആ വിഷയവുമായി വേണ്ടത്ര പഠനം നടത്താത്തവരും ബന്ധമില്ലാത്തവരും ജോലിയില്‍ കയറിക്കൂടുന്ന പ്രവണത വ്യാപകമാകുകയാണ്.എച്ച്എസ്എ സോഷ്യല്‍ സ്റ്റഡീസ് പരീക്ഷക്ക് വേണ്ടി അപേക്ഷിക്കുന്നവരുടെ യോഗ്യതപരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

ചരിത്രം,ഭൂമിശാസ്ത്രം എന്നീ വിഷയങ്ങളാണ് പ്രധാനമായും സ്‌കൂളുകളിലെ സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍ ഉള്‍പ്പെടുന്നത്.നാമമാത്രമായ തോതില്‍ സാമ്പത്തിക ശാസ്ത്രം,രാഷ്ട്രമീമാസം,സമൂഹശാ
സ്ത്രം എന്നവയും ഉണ്ട്.ഇംഗ്ലീഷ് അധ്യാപകര്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിഎഡും പൂര്‍ത്തിയാക്കിയാണ് അധ്യാപകരായി പുറത്തിറങ്ങുന്നതെങ്കില്‍ സാമൂഹ്യശാസ്ത്ര വിഷയത്തില്‍ സ്ഥിതി ഇതല്ല .

ചരിത്രം,സാമ്പത്തികശാസ്ത്രം,ഭൂമിശാസ്ത്രം,രാഷ്ട്രമീമാസം,സമൂഹശാസ്ത്രം,കൊമേഴ്‌സ്,ഫിലോസഫി,മ്യൂസിക്,സൈക്കോളജി എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളില്‍ ബിരുദം പൂര്‍ത്തിയാക്കിയവരും ബിഎഡ് കോഴ്‌സും പൂര്‍ത്തിയാക്കുന്നതോടെ തുല്യയോഗ്യത നേടിവയവരായി പരിഗണിക്കപ്പെടുന്നതിന്റെ യുക്തി ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

കൊമേഴ്‌സ്,ഫിലോസഫി,മ്യൂസിക്,സൈക്കോളജി,ഭൂമിശാസ്ത്രം എന്നീ വിഷയങ്ങളില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് സ്‌കൂളുകളില്‍ പഠിപ്പിക്കാനുള്ള പ്രധാന ഭാഗമായ ഹിസറ്ററിയുമായി ബന്ധം കുറവാണ്. ചുരുക്കത്തില്‍ പത്താം തരം പഠനത്തിന് ശേഷം ഇത്തരം വിഷയങ്ങളുമായി ഒരു ബന്ധവുമില്ലാതിരിക്കുകയും പിന്നീട് ബിഎഡ് പരീക്ഷ വിജയിക്കാന്‍മാത്രം താത്കാലികമായി നടത്തുന്ന പഠനം മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.ഇപ്രകാരം പുറത്തിറങ്ങുന്നവരാണ് സര്‍ക്കാര്‍/എയിഡഡ് സ്‌കൂളുകളിലും അണ്‍എയിഡഡ് സ്‌കൂളുകളിലും സാമൂഹ്യശാസ്ത്രം പഠിപ്പിക്കുന്നത്.ബിഎഡ് കോഴ്‌സില്‍ പെഡഗോഗി എന്ന നൂറ് മാര്‍ക്കിന്റെ ഒരു വിഷയത്തില്‍ മാത്രമാണ് ഇവര്‍ക്ക് പല വിഷയങ്ങളുടെയും പ്രാഥമിക പാഠങ്ങളുമായി പഠനവിഷയമാക്കേണ്ടിവരുന്നുള്ളൂ.

അപ്പോള്‍ പിന്നെ ഇവര്‍ എങ്ങിനെയാണ് പിഎസ് സി പരീക്ഷ ജയിക്കുന്നതെന്ന ചോദ്യം സ്വാഭാവികമായും ഉയരും.ഇത്തരം വൈവിധ്യമാര്‍്ന്ന വിഷയങ്ങള്‍ ഉള്‍കൊള്ളുന്നതുകൊണ്ടുതന്നെ എച്ച്എസ്എ സാമൂഹ്യപാഠം പരീക്ഷക്കാണ് സംസ്ഥാനത്ത് ഏറ്റവുമധികം ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കാറുള്ളത്.പരീക്ഷക്ക് അപേക്ഷിക്കേണ്ടുന്ന സമയമാരംഭിച്ചാല്‍ ഈ പഠിതാക്കളുടെ കുത്തൊഴുക്കാണ് കോച്ചിംഗ് സെന്ററുകളില്‍. മിക്ക കോച്ചിംഗ് സെന്ററുകളിലും ഏറ്റവുമധികം ഉദ്യോഗാര്‍ഥികള്‍ പരിശീലനം നേടുന്നതും എച്ച്എസ്എ സാമൂഹ്യപാഠം പരീക്ഷാപരിശീലനത്തിനാണ്.

പിഎസ്‌സി മത്സരപരീക്ഷക്കുള്ള പഠനത്തിനാണ് ഇവിടെ പ്രാധാന്യം.വിശകലന ചോദ്യങ്ങള്‍ക്കോ മറ്റു ചോദ്യരൂപങ്ങള്‍ക്കോ ആഴത്തിലുള്ള പഠനത്തിനോ
ഇവിടെ പ്രസക്തിയില്ല.ഒബ്ജക്ടീവ് വിഭാഗത്തിലുള്ള ചോദ്യങ്ങള്‍ക്കുള്ള പഠനപരിശീലനമാണ് വളരെ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ഇത്തരം പരിശീലന സ്ഥാപനങ്ങളില്‍ നിന്ന് നല്‍കുന്നത്.ഇക്കാരണംകൊണ്ടുതന്നെ സാമൂഹ്യപാഠ വിഷയത്തിലെ പ്രധാന ഭാഗങ്ങളായ ചരിത്രവും ഭൂമിശാസ്ത്രവും പഠനം നടത്തി അധ്യാപക പരിശീലന കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവരല്ലാത്ത പലരും പിഎസ്‌സി പരീക്ഷയില്‍ കടന്നുകൂടുന്ന പ്രവണത വ്യാപകമാകുകയാണ്.
.ഇവിടെ പ്രസക്തമാകുന്ന ചോദ്യം ഇതാണ് . പിഎസ്‌സി പരീക്ഷക്ക് മാത്രമുള്ള പഠനം മാത്രം മതി വിദ്യാര്‍ഥികളെ പഠിപ്പിക്കാനെങ്കില്‍ എന്തിനാണ് ഐഛിക വിഷയങ്ങളില്‍ ബിരുദവും ബിഎഡും പൂര്‍ത്തിയാക്കുന്നത് ?പകരം കോച്ചിംഗ് സെന്ററുകളില്‍ മാത്രം പോയി പഠിച്ചാല്‍ പോരെ ?

അധ്യാപക യോഗ്യതാ പരീക്ഷയായി അടുത്ത കാലത്ത് ആരംഭിച്ച സിടെറ്റ്, കെടെറ്റ് പരീക്ഷകളിലും ഈ ഇരട്ടത്താപ്പ് വ്യക്തമാകും.സംസ്ഥാനത്ത് ആദ്യമായി നടത്തിയ കെടെറ്റ് പരീക്ഷയില്‍ ആകെ 8000 പേര്‍ മാത്രമാണ് വിജയിച്ചത്.ഇവരില്‍ ഭൂരിഭാഗവും കോച്ചിംഗ് സെന്ററുകളിലെ പരിശീനത്തിലൂടെയാണ് യോഗ്യതനേടിയത്.ഏറ്റവുമധികം മാര്‍ക്ക് നേടിയവരെ കുറിച്ച്് പത്രങ്ങളില്‍ വന്ന ചില വാര്‍ത്തകളില്‍ ഇക്കാര്യം ഇവര്‍ വ്യക്തമാക്കിയിരുന്നു.ബിഎഡ്,ടിടിസി സിലബസുകളെ അടിസ്ഥാനമാക്കിയല്ല ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയത് എന്ന ആക്ഷേപത്തിനും സര്‍ക്കാര്‍ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.കേന്ദ്രതലത്തില്‍ സിബിഎസ്ഇ നടത്തിയ സിടെറ്റ് പരീക്ഷയില്‍ ആകെ വിജയം ഒരു ശതമാനമാണുണ്ടായതെന്നും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.സര്‍ക്കാറുകളെ സംബന്ധിച്ചിടത്തോളം ഇത്തരം യോഗ്യതാപരീക്ഷകളില്‍ അധികപേരും വിജയിക്കാതിരിക്കുന്നതാണ് ആവശ്യം. പരാജയപ്പെടുന്നവരുടെ എണ്ണം വര്‍ദിക്കുന്നതിനാനുപാതികമായി കൂടുതല്‍ തവണ പരീക്ഷ എഴുതമ്പോഴെല്ലാം 500 രൂപവീതമെന്ന തോതിലാണ് ലഭിക്കുന്നതെന്ന സാമ്പത്തിക നേട്ടമെന്ന തന്ത്രം  ജനം തിരിച്ചറിഞ്ഞില്ലെന്ന് വിചാരിക്കുന്നത് മൗഢ്യമാണ്.അധ്യാപകരുടെ നേട്ടങ്ങള്‍ക്കെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക സംഘടനകള്‍ നിസംഗമായ മൗനമാണ് ഇക്കാര്യത്തില്‍ തുടരുന്നത്.

No comments:

Post a Comment