Thursday, September 8, 2016

വീണ്ടെടുക്കാം അറബി മലയാളത്തെ

സിറാജ് ദിനപത്രത്തില്‍ 4-09-16ന് പ്രസിദ്ധീകരിച്ച ലേഖനം
ചെറ്റ, പുലയാടി തുടങ്ങി മലയാളത്തില്‍ തെറിയായി വിളിച്ചുപോരുന്ന നിരവധി പദങ്ങളുണ്ട്.വളരെ മോശകരമായ അവസ്ഥയെ സൂചിപ്പിക്കാനോ വ്യക്തിയെ മോശപ്പെട്ടവനായി ചിത്രീകരിക്കാനോ ഇന്നും ഇത്തരം പദങ്ങള്‍ ഉപയോഗിക്കുന്നവര്‍ കുറവല്ല.സത്യത്തില്‍ മേല്‍പരാമര്‍ശിക്കപ്പെട്ട പദങ്ങളെല്ലാം തെറിപ്പദങ്ങളാണോ ? അല്ലെന്നാണ് ഈ പദങ്ങള്‍ രൂപപ്പെട്ട് വന്ന
ചരിത്രം പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്.
പിന്നെ ഇവ എങ്ങിനെ തെറിയായി? ശക്തമായിരുന്ന ജാതീയതയുടെ മേല്‍ക്കോയ്മയായിരുന്നു എന്നതാണ് അതിനുള്ള ഉത്തരം.കേരളത്തിലെ സവര്‍ണ്ണ ജാതിക്കാര്‍ അവര്‍ണ്ണ ജാതിക്കാരെ പരിഹസിച്ചു വിളിച്ചതായിരുന്നു അവയില്‍ ഏറെയും. ചെറ്റ എന്ന വാക്ക് അങ്ങിനെയാണ് തെറിയായത്.താഴ്ന്ന ജാതിക്കാര്‍ താമസിക്കാന്‍ വേണ്ടി മണ്ണ് കുഴച്ച ചെളികൊണ്ടും ദിവസങ്ങളോളം വെള്ളത്തിലിട്ട് കുതിര്‍ത്തെടുത്ത ഓലകൊണ്ടും തയ്യാറാക്കിയ വീടുകളായിരുന്നു ചെറ്റക്കുടില്‍.
ഇത്തരം ചെറിയ കുടിലുകളായിരുന്നു സവര്‍ണ്ണര്‍ക്ക് വേണ്ടി തൊഴിലെടുത്തിരുന്ന കീഴ്ജാതിക്കാരന്‍ അന്തിയുറങ്ങിയിരുന്നത്.ഇത്തരത്തിലുള്ള ഒമ്പത് തെറികളും അവയുടെ ഉത്ഭവവും പരിശോധിക്കുന്ന മാഗസിന്‍ ആണ് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് അടുത്തിടെ പുറത്തിറക്കി വിശ്വവിഖ്യാത തെറികള്‍ എന്ന കൃതി. ജാതീയതയുടെ
മേല്‍ക്കോയ്മയുടെ ഫലമായി ചില പദങ്ങള്‍ മോശകരമായും മറ്റു ചില പദങ്ങള്‍ നല്ല മലയാളമായും പിന്നീട് വാഴ്ത്തപ്പെടുകയും അത് ഇന്നും ഉപയോഗിച്ചു വരുന്നു.ജാതീയമായ ഇത്തരം മേല്‍ക്കോയ്മയുടെയും ഇസ്ലാമിലെ തന്നെ മതപരിഷ്‌ക്കരണ വാദികളുടെയും ആസൂത്രിത നീക്കത്തിന്റെയും ഫലമായി അവഗണിക്കപ്പെട്ട മറ്റൊരു ഭാഷയാണ് അറബി മലയാളം എന്ന് വിളിക്കപ്പെടുന്ന മാപ്പിള മലയാളം.
 
മലയാള ഭാഷ രൂപപ്പെടുന്നതിന്റെ മുമ്പെ ഇവിടെ നിലനിന്നിരുന്ന ഭാഷയായിരുന്നു അറബി-മലയാളം.മൂന്നാം നൂറ്റാണ്ടോടുകൂടി തന്നെ ഈ ഭാഷ ഇവിടെ പ്രചാരമായിരുന്നു.അഥവാ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്ത് ഇസ്ലാം കേരളത്തില്‍ എത്തുന്നതിന് മുമ്പെ അറബികളുമായുള്ള വാണിജ്യ ബന്ധത്തിലൂടെ അറബികളുമായുള്ള ബന്ധം കേരളത്തിനുണ്ടായിരുന്നു.
 
അറബികള്‍ അന്ന് കേരളത്തില്‍ നിലവിലിരുന്ന സംസാര ഭാഷ ഉച്ചരിക്കാവന്‍
വേണ്ടി അറബിയില്‍ രൂപപ്പെടുത്തിയതാവാം ഈ ഭാഷ എന്നാണ് ഒരു അനുമാനം.അതെസമയം
ചില അറബി വാക്കുകള്‍ ഉച്ചരിക്കാന്‍ ഇവിടത്തെ പ്രാദേശിക ജനത ചില
മാറ്റങ്ങളോടെ രൂപപ്പെടുത്തിയതാവാം എന്നും സിടി സുനില്‍ ബാബുവിനെ
പോലുള്ളവര്‍ നിരീക്ഷിക്കുന്നു.

സംസ്‌കൃത മലയാളം രൂപപ്പെടുന്നതിന്റെ മുമ്പെ രൂപപ്പെട്ട ഭാഷയായിട്ടും
അറബിമലയാളത്തെ പിന്തള്ളി സംസ്‌കൃത മലയാളം പില്‍ക്കാലത്ത് മേല്‍ക്കോയ്മ
നേടിയതിന്റെ പിന്നില്‍ ജാതീയമായ സവര്‍ണ്ണ മേധാവിത്വം തന്നെയാണെന്ന്
സംശയിക്കേണ്ടവിധമാണ് ഇന്നും മലയാളത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന
സംസ്‌കൃത പദങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.