Saturday, May 18, 2013

ബിസ്‌കറ്റ് ബാപ്പമാര്‍

വാക്കുകളെ ആറ്റികുറുക്കി പിശുക്കു ഉപയോഗിച്ചും നര്‍മത്തില്‍ ചാലിച്ചുമാണ് പലപ്പോഴും മിനികഥകളെന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന ചെറുകഥകളുടെ രചനാരീതി.കുറഞ്ഞ വാക്കുകളില്‍ വലിയ ബോംബുകള്‍ അനുവാചകഹൃദയങ്ങളില്‍ പൊട്ടിചീതറാന്‍ ഇവയ്ക്കു സാധിക്കാറുണ്ട്.

കഴിഞ്ഞ ലക്കം മാധ്യമം വാരികയില്‍ ഹമീദ് കുറുന്തൊടിയുടെ 'ബിസ്‌കറ്റ് ബാപ്പ',സുകേതുവിന്റെ 'കൂടം'തുടങ്ങിയ കഥകളെ ഇങ്ങിനെ വിശേഷിപ്പിക്കാനാണ് എനിക്ക് തോന്നുന്നത്.ശക്തമായ ഒരു രാഷ്ട്രീയ ഇടപെടലാണ് ബിസ്‌കറ്റ്ബാപ്പ എന്ന കഥ .മുസ്്‌ലിം നാമധാരിയാവുകയും ഒരു വയറും ബാറ്ററിയും അറബിഭാഷയിലെഴുതിയ എന്തെങ്കിലും കയ്യില്‍കൊണ്ടുനടക്കാന്‍പോലും പേടിക്കേണ്ട തുണ്ടെന്ന ചിലസൂചനകള്‍ ഈ കഥ നല്‍കുന്നുണ്ട്.കണ്ണൂരിന്റെ പ്രാന്തപ്രദേശമായ മാഹിയുടെ പശ്ചാത്തലത്തില്‍ ഈ കഥ അവതരിപ്പിക്കുമ്പോള്‍ തീര്‍ച്ചയായും അതിന് ഏറെ മാനങ്ങളുണ്ട്.
കേരളത്തില്‍ തീവ്രവാദത്തിന്റെ കേന്ദ്രമെന്ന തലത്തിലാണ് കണ്ണൂര്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.ഒരു പക്ഷെ തീവ്രവാദത്തിന്റെ പേരില്‍ മുദ്രകുത്തപ്പെടുകയും പിടിക്കപ്പെട്ടവരും ഏറെയുള്ളത് ഈ പ്രദേശത്തുള്ളവരായിരിക്കും.

താടിയുള്ളതിന്റെ പേരില്‍ തെരുവില്‍ അലഞ്ഞുനടക്കുകയായിരുന്ന വൃദ്ധനെ പിടിച്ച് തീവ്രവാദിയാക്കുകയും അതിനെ തുടര്‍ന്നുണ്ടായ പൊല്ലാപ്പുകളുമാണ് ശിഹാബുദ്ദീന്‍ പൊയ്തുംകടവിന്റെ മതഭ്രാന്തന്‍ എന്ന കഥയിലും പരാമര്‍ശിക്കുന്നത്.വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച മതഭ്രാന്തന്‍ എന്ന കഥയിലെ നായകന്‍ വാര്‍ദക്യമെത്തിയ തെരുവ് യാചകനായിരുന്നെങ്കില്‍ ഇന്നത് വിവാഹിതാനായ ബിസ്‌കറ്റ് ബാപ്പയിലേക്കെത്തിയതിന്റെ കഥയാണ് നമ്മോട് പറയുന്നത്.ബിസ്‌കറ്റ് വാങ്ങാന്‍ ഓര്‍മ്മിപ്പിച്ച് മകന്‍ അയച്ച എസ്എംഎസും മന്ത്ര തകിടുകളും ബാപ്പക്ക് പുലിവാലാകുകയാണ്.എന്നാല്‍ യുവാവായ ബാപ്പയാണെന്ന് കഥയില്‍ പറയുന്നുണ്ടെങ്കിലും കബിതയുടെ ചിത്രത്തിലെ ബാപ്പ അല്‍പം പ്രായംകൂടിയത് അനുചിതമായിപ്പോയി.

 അതെസമയം അവിവാഹിതരായ യുവ വിദ്യാര്‍ഥികളെ  പോലും തീവ്രവാദത്തിന്റെ പേരില്‍ പിടികൂടുന്ന അവസ്ഥവരെയെത്തി കാര്യങ്ങള്‍.മാസങ്ങള്‍ക്ക് മുമ്പ് ബാംഗളുരുവില്‍ നിരവധി വിദ്യാര്‍ഥികളെ ഇപ്രകാരം സംശയാസ്പദമായി പിടികൂടുകയും മാസങ്ങളോളം അജ്ഞാത കേന്ദ്രങ്ങളില്‍കൊണ്ടുപോയി ചോദ്യം ചെയ്യലും അരങ്ങേറിയിരുന്നു.വിദ്യാര്‍ഥികളില്‍ കണ്ടെത്തിയ ലാപ്‌ടോപ്പിലെ അറബിയിലുള്ള ഫയലുകളൊക്കെയാണ് പിടികൂടാനായി പോലീസ് കണ്ടെത്തിയ തെളിവുകള്‍.ഇങ്ങിനെപോയാല്‍ മദ്രസാപഠാപുസ്തകങ്ങള്‍ കയ്യിലേന്തിയ കുട്ടികളെകൂടി അന്തരാഷ്ട്ര ഭീകരവാദി പട്ടികയിലേക്ക് ഇടംനേടാന്‍ അധിക നാള്‍ വരേണ്ടിവരില്ല. ബിസ്‌കറ്റ് കുട്ടികള്‍ എന്ന പേരില്‍ അടുത്ത കഥകള്‍ വരാന്‍പോകുന്ന കാലത്തേക്ക് മുന്‍കൂറായി എഴുതിവെക്കാന്‍ കഥാകൃത്തുക്കള്‍ക്കും സ്‌കോപ്പുണ്ട്.

2 comments:

  1. ബിസ്കറ്റ് കുട്ടികളെ ഉണ്ടാക്കുന്ന വിധം.. ( വേഡ് വെരിഫിക്കേഷൻ ഇല്ലാതാക്കിയാൽ നന്നായിരുന്നു)

    ReplyDelete
  2. ഹമീദിൻറെ കഥകൾ വായിച്ചിട്ടില്ല, എന്നാലിപ്പോൾ ബിസ്കറ്റ്ബാപ്പയെ പരിചയപ്പെടുത്തോയത്തിനു നന്ദി എന്നാൽ സുകേതിവിന്റെ കഥകൾ വായിച്ചിട്ടുണ്ട്. സുന്ദരമായ കൊച്ചുകഥകൾ മനോഹരമായി കോറിയിടുവാൻ സുകേതുവിനു കഴിവുണ്ട്

    ReplyDelete