Wednesday, June 26, 2013

വിവരാവകാശത്തെ ഭയക്കുന്നതിന്റെ പിന്നിലെന്ത്?

വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ പ്രമുഖ പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയ കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ ഉത്തരവിനെ വിപ്ലാവാത്മകം എന്നു വിശേഷിപ്പിച്ചാല്‍പോലും കുറഞ്ഞുപോകും.സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മാത്രമെ വിവരാവകാശ പരിധിയില്‍ വരാന്‍ പാടുള്ളൂവെന്ന ധാരണയായിരുന്നു ഇതെവരെയുണ്ടായിരുന്നത്.എന്നാല്‍ പ്രമുഖ രാഷ്ട്രീയ കക്ഷികളെ കൂടി ഉള്‍പ്പെടുത്തിയ നടപടി ജനാധിപത്യത്തില്‍ ശുഭപ്രതീക്ഷ പുലര്‍ത്തുന്നവരില്‍ എന്തുകൊണ്ടും സന്തോഷകരമുണ്ടാക്കുന്നതാണ്.

നിര്‍ഭാഗ്യകരമെന്ന് പറയട്ടേ....ഭരിക്കുന്ന സര്‍ക്കാറിന്റെ ഏത് നല്ലകാര്യങ്ങളില്‍പോലും ഇടങ്കോലിട്ട് അവതാളത്തിലാക്കുന്ന സ്വഭാവമുള്ള പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് അറിഞ്ഞതോടെ ഉത്തരവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
കേന്ദ്രസര്‍ക്കാര്‍ വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍്ക്കുകയാണെന്ന് ഇക്കാലംവരെ കുറ്റപ്പെടുത്തിയിരുന്ന സിപിഎം ആണ് ഇതിനെതിരെ ആദ്യം രംഗത്ത് വന്നതെന്ന് അറിയുമ്പോള്‍ ആ പാര്‍ട്ടിയുടെ പ്രത്യയ ശാസ്ത്രവും ആദര്‍ശങ്ങളുമെല്ലാം എവിടെയെത്തിയിരിക്കുന്നു എന്ന് ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്.സ്വാതന്ത്ര്യവും സോഷ്യലിസവും എല്ലാം വിഭാവനം ചെയ്യുന്ന ഒരു പാര്‍ട്ടി മനുഷ്യന്റെ അറിയാനുള്ള അവകാശത്തിനുമേല്‍പോലും കുതിര കയറുമ്പോള്‍ എന്താണ് പറയുക?.
എന്തിനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരാവകാശ നിമത്തെ ഭയക്കുന്നത്.കള്ളത്തരങ്ങള്‍ ചെയ്തവരാണ് ചോദ്യങ്ങളെ ഭയക്കുന്നത്.തങ്ങള്‍ ചെയ്തുകൂട്ടുന്ന ഓരോ കാര്യങ്ങളും പൊതു ജനങ്ങള്‍ അറിയാന്‍ പാടില്ലെന്ന് പറയുന്നതാണോ ജനാധിപത്യം?
ജനങ്ങളാണ് പാര്‍ട്ടിയും സര്‍ക്കാറുമെല്ലാം രൂപപ്പെടുത്തുന്നത്.ഒരു സര്‍ക്കാര്‍ എന്തൊക്കെ ചെയ്യുന്നുണ്ട് എന്ന് അറിയാന്‍ പൗരന് അവകാശമുണ്ടെങ്കില്‍ ആ പാര്‍ട്ടികളും എന്തൊക്കെ ചെയ്യുന്നുണ്ടെന്ന് അറിയുന്നതില്‍ എന്താണ് കുഴപ്പം.

സ്വതന്ത്ര ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായും അവകാശമായും ലഭിച്ച പ്രധാനഘടകമേതെന്ന് ചോദിച്ചാല്‍ നിസ്സംശയമായും വിവരാവകാശ നിയമത്തെ കുറിച്ച് പറയാം.ഭരണകാര്യങ്ങളില്‍, സുതാര്യതയും സര്‍ക്കാര്‍ ഉത്തരവാദിത്വവും പ്രോത്സാഹിപ്പിച്ച്, അഴിമതി നിയന്ത്രിക്കുകയെന്നതാണ് ഈ നിയമത്തിന്റെ പ്രധാന ഉദ്ദേശ്യം.ഇതുവഴി എത്രയെത്ര പ്രശ്‌നങ്ങള്‍ക്കാണ് ഈ നിയമം വഴി പരിഹരിക്കാന്‍ ആയത്.സാധാരണക്കാരന് ലഭിക്കേണ്ട അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്ന പ്രശ്‌നങ്ങളുടെ കാരണങ്ങള്‍ അറിഞ്ഞതുമുതല്‍ സുപ്രീംകോടതിക്ക് പോലും എണ്ണാന്‍ കഴിയാത്ത വിധംകോടികളുടെ അഴിമതി ഇടപാട് നടന്ന ടുജി സ്പ്കട്രം തുടങ്ങി ഈ നിയമത്തിന്റെ അന്തസത്ത വര്‍ദ്ദിച്ചുവരികയാണ്.ഒരു ഭാഗത്ത് ഈ നിയമത്തിന്റെ ചിറകരിഞ്ഞരിഞ്ഞ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന വസ്തുത നടമാടുമ്പോള്‍ മറുഭാഗത്ത് എത്രയൊക്കെ ഒളിച്ചുവെച്ചാലും ആ ഭൂതം പുറത്തുചാടുംപോലെ അഴിമതി കഥകള്‍ പുറത്തുവരിന്നു.2005ല്‍ നിലവില്‍ വന്ന വിവരവകാശ നിയമം അതിന്റെ താഴെത്തട്ടിലേക്ക് ഇപ്പോഴും പൂര്‍ണ്ണമായും എത്തിയിട്ടില്ല.ഇതിനിടെയാണ് പല തരത്തില്‍ ഇതിനെതിരെ വിവിധ ഭേദഗതികള്‍ സര്‍ക്കാര്‍ രൂപപ്പെടുത്തുന്നത്.

രാഷ്ട്രീയപാര്‍ട്ടികള്‍ സര്‍ക്കാര്‍ സംഘടനയോ സര്‍ക്കാര്‍ ഫണ്ട് പറ്റുന്ന സ്ഥാപനങ്ങളോ അല്ലെന്നും പൗരന്മാര്‍ സ്വമേധയാ ചേര്‍ന്ന് രൂപീകരിക്കുന്നതാണ് രാഷ്ട്രീയപാര്‍്ട്ടിയെന്നുമാണ് ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടാതിരിക്കാന്‍ കഴിഞ്ഞ ദിവസം ദേശാഭിമാനിയില്‍ പ്രകാശ് കാരാട്ട് എഴുതിയ ലേഖനത്തില്‍ പറയുന്ന പ്രധാന ന്യായം.
ജനങ്ങള്‍ രൂപീകരിക്കുന്നതാണ് സര്‍ക്കാര്‍.ജനങ്ങള്‍ തന്നെയാണ് അതിന് ഫണ്ട് നല്‍കു്ന്നതും.അല്ലാതെ മറ്റു വഴിലൂടെയല്ല ഫണ്ടുകള്‍ സര്‍ക്കാര്‍ സ്വരൂപിക്കുന്നത്.ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ജനങ്ങളോട് ഉത്തരം പറയണമെങ്കില്‍ ജനങ്ങള്‍ രൂപീകരിക്കുകയും,പിരിവ് നടത്തി പണം സ്വരൂപിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളും മറുപടി പറയണം.രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല ജനങ്ങളില്‍ നിന്ന് സഹയാം കിട്ടി പ്രവര്‍ത്തിക്കുന്ന മത സംഘടനങ്ങള്‍,സാസംകാരിക സംഘടനകള്‍ എല്ലാവരും മറുപടി പറയണം.അവരുടെ യോഗങ്ങള്‍,ചര്‍ച്ചകള്‍ എല്ലാം ജനങ്ങള്‍ അറിയട്ടേ.ഇനി ഇവ അറിയാന്‍ പാടില്ലെങ്കില്‍ മറ്റുള്ള എന്തെല്ലാം വിവരങ്ങള്‍ നല്‍കാം.അതൊന്നും ചിന്തിക്കും മുമ്പെ കയറെടുത്ത് ഇറങ്ങിത്തിരിച്ചതെന്തിന്?

എന്തായാലും വിവരാവകാശ കമ്മീഷന്റെ ഈ ഉത്തരവിനെതിരെ പ്രമുഖ പാര്‍ട്ടികളെല്ലാം ഒറ്റക്കെട്ടായി രംഗത്തിരിക്കുകയാണ്.അതിനിടെ  കമ്മീഷന്റെ ഈ ഉത്തരവ് വേഗം അട്ടിമറിക്കാനുള്ള സാധ്യതയേറെയാണ്.ഒറ്റക്കെട്ടാണെങ്കില്‍ ഉടനടി നിയമഭേദഗതി കൊണ്ടുവരാന്‍ സാധ്യതയുണ്ട്.അല്ലെങ്കില്‍ പൊതുവിവരാവകാശ ഓഫീസറെ നിയമിച്ച് ഇനി വിവരം നല്‍കാതെ കമ്മീഷന്റെ മുമ്പിലെത്തിയാല്‍ തത് സ്ഥാനത്ത് നിന്ന് പൊതുവിവരാവകാശ ഓഫീസര്‍ രാജിവെച്ചൊഴിഞ്ഞാല്‍ കമ്മീഷണര്‍ക്ക് ഒരു ശിക്ഷാ നടപടിയും എടുക്കാന്‍ കഴിയില്ലെന്ന പഴുതും ഇപ്പോള്‍ നിലനില്‍ക്കുയാണ്.ഇതൊന്നും മനസ്സിലാക്കാതെയാണ് എല്ലാ ചേരയും മൂര്ഖനും അണലിയും ഒന്നിച്ചു ഇളകിവശായിരിക്കുന്നത്.ഇവരെയെല്ലാം ഇത്രയധികം പേടിക്കുന്നുണ്ടെങ്കില്‍ അതിലെന്തോ വിഷബാധയുണ്ടെന്നൊരു തോന്നല്‍ ഇതുവഴി ജനങ്ങളിലുണ്ടായിട്ടുണ്ട്.ഇത്തരം അരക്ഷിത ബോധങ്ങളായിരിക്കാം മാവോയിസ്റ്റ് പോലുള്ള സംഘടനകള്‍ രൂപപ്പെടാന്‍ കാരണം.

No comments:

Post a Comment