Wednesday, March 30, 2016

മാര്‍ച്ചിനോട് പറയാനുള്ളത്....



മാര്‍ച്ച്
നീ ഒരുപാട്‌ മാറിയപോയി....ജീവിതത്തില്‍ സുഖ-ദുഖ സമ്രിശ സ്‌മൃതികളുണര്‍ത്തി നീ സമ്മാനിച്ച ഓര്‍മ്മകളില്‍ ഗതകാല സ്‌മരണകള്‍ കവിളില്‍ കണ്ണീര്‍ സമ്മാനിക്കുന്നുവോ?വേര്‍പിരിയലോടെ വിരഹത്തിന്റെ തീവ്രാനുഭവങ്ങള്‍ എത്രപേര്‍ക്കാണ്‌ നീ സമ്മാനിക്കുന്നത്‌ ?.ഹൈസ്‌കൂള്‍ ക്ലാസില്‍ പഠിക്കുമ്പോഴാണ്‌ നിന്റെ വിരഹനൊമ്പരം ആദ്യമായി അനുഭവിച്ചുതുടങ്ങിയത്‌. പരീക്ഷകള്‍ അവസാനിച്ച്‌ രണ്ടു മാസത്തെ വേനലവധിക്ക്‌ സ്‌കൂള്‍ പൂട്ടുമ്പോള്‍ വീട്ടിലെത്താന്‍ ഓടിത്തിമിര്‍ക്കുന്നവരുടെ കൂട്ടത്തില്‍ ആദ്യമെത്താന്‍ ഞാനുണ്ടായിരുന്നു. കാര്യമായ സൗഹൃദങ്ങള്‍ നാമ്പെടുക്കാത്ത ആ കാലത്തില്‍ മനം നിറയെ വേനലവധിയിലെ കളികളാരവമായിരുന്നു. വീരാന്‍കുട്ടികാക്കാന്റെ വീടിന്‍റെ പടിഞ്ഞാര്‍ ഭാഗത്തുള്ള പറമ്പില്‍ ആടുകളെ മേയ്‌ക്കലായിരുന്നല്ലോ അന്നത്തെ പ്രധാന ജോലി

 തൊട്ടുകളി , കുട്ടിയുംകോലും, സാറ്റുകളി.. വൈകുന്നരത്തോടെ സജീവമാകുന്ന ഫുട്‌ബോള്‍ മത്സരം.ചെറിയ കുട്ടികളായതിനാല്‍ ഗോള്‍കീപ്പറായി നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍. എങ്കിലും മാര്‍ച്ച് കഴിയുന്നതോടെ കുട്ടികള്‍ക്ക് കളികളുടെ ഉത്സവമായിരുന്നു. മാവിന്‍ കൊമ്പിലെ തൊട്ടുകളിക്കുമ്പോള്‍ കൊമ്പുകളില്‍ കാലുകള്‍ കോര്‍ത്തിണക്കി തലയും, ഉടലും താഴേക്ക്‌ ചലിപ്പിക്കുന്ന ഒരു തരം കുരങ്ങുകളിക്ക് ഭ്രമരം സിനിമയിലെ അണ്ണാറകണ്ണാവാ... എന്ന ദൃശ്യഗാനത്തേക്കാള്‍ ഭംഗിയുണ്ടായിരുന്നിരിക്കാം...?

ചിതല്‍ പുറ്റുകളിലും, മണ്‍മതിലുകളുടെ വിടവുകളിലും ചേക്കേറിയിരുന്ന തേനീച്ച കൂട്ടുകളില്‍ നിന്നും തേനെടുത്ത്‌ നുണഞ്ഞതും 20 രൂപക്ക്‌ കച്ചവടക്കാരന്‍ കോമുകാക്കാക്ക്‌ വിറ്റതുമെല്ലാം സമ്മാനിച്ച മാസമല്ലേ മാര്‍ച്ച് .

തേനിച്ച പലകകള്‍ അടര്‍ത്തിയെടുക്കുമ്പോള്‍ തേനിച്ചകള്‍ക്ക്‌ നോവാതിരിക്കാന്‍ ഊതിയൂതി കാറ്റ്‌പോകാന്‍ നേരം ഇരു കണ്‍തടങ്ങള്‍ക്കും വേദനയുടെ ഓര്‍മ്മകള്‍ സമ്മാനിക്കാന്‍ തേനീച്ചകള്‍ വന്ന് ചുമ്പിക്കുന്നതോടെയാണ്‌ ആ സീസണിലെ തേനെടുക്കല്‍ കളികള്‍ അവസാനിച്ചിരുന്നത്‌.

ഒമ്പതാം തരംത്തിലെ മാര്‍ച്ച്‌ മാസം ..ഓര്‍ക്കുമ്പോള്‍ ഹൃദയത്തിലെവിടെയോ വേദനയുണ്ടോ..? ആദ്യമായി പ്രേമാനുരാഗത്തിന്റെ നാമ്പുകള്‍ ജീവിത്തിലേക്ക്‌ കോറിയിടുമ്പോഴേക്കും വില്ലനായി ആ മാര്‍ച്ച് മാസത്തിലെ ദിനങ്ങള്‍ കടന്നുവന്നു.
"ഇനി പരീക്ഷകളാണ്.അതോണ്ട് പിന്നീട് കാണാം.”
മാര്‍ച്ചിലെഴുതപ്പെട്ട ചില വരികളിലൂടെ വിരഹത്തിലേക്കുള്ള വിവരം സമ്മാനിച്ചപ്പോള്‍ നിന്നെ ഞാന്‍ വെറുത്ത്‌ ശപിച്ചു. രണ്ടു മാസം കഴിഞ്ഞ്‌ വീണ്ടു കാണാം എന്ന്‌ അവസാനവാക്കോടെ പ്രേമലേഖനമെഴുതി കൊടുക്കുമ്പോള്‍ ഒന്നു കൂടി എഴുതി. Good bye "ഗുഡ്‌ബൈയുടെ അര്‍ത്ഥം തെറ്റിദ്ധരിച്ച കാമുകി അതോടെ അനുരാഗം അവസാനിപ്പിച്ച് തിരിച്ചെഴുത്ത് തന്നതോടെ വിശദീകരിക്കാന്‍ അവസരമില്ലാതെ നീ എന്റെ ഓര്‍മ്മകളില്‍ വെറുക്കപ്പെട്ട മാസമായി മാറി.
"
മാര്‍ച്ചിലെഴുതപ്പെട്ട വരികള്‍ `എന്ന കവിതയില്‍ വില്യം വേര്‍ഡ്‌സ്‌ വര്‍ത്ത്‌ എഴുതി .Like an army defeated
The snow hath retreated,
And now doth fare ill
On the top of the bare hill

തുടങ്ങും മുമ്പെ മത്സരത്തില്‍ പരാജിയപ്പെട്ടവനെപ്പോലെ പിന്‍വാങ്ങിയ ശേഷം അനുരാഗത്തിന്റെ പടികള്‍ പിന്നീടു കയറിയിട്ടില്ല. പരീക്ഷകളും, പരീക്ഷണങ്ങളും നീ സമ്മാനിക്കുന്നു.

എങ്കിലും മാര്‍ച്ച്‌........
നിരവധി സൗഹൃദങ്ങളെ നീ വല്ലാതെ മിസ്സ്‌ ചെയ്യുന്നു. സെന്റോഫുകള്‍ സംഘടിപ്പിച്ച്‌ വിടപറയാനൊരുങ്ങുമ്പോള്‍ എന്നുമെന്നും ഓര്‍മ്മിക്കാന്‍ ഓരോരുത്തരും സമ്മാനിക്കുന്ന വിക്രിയകള്‍ നാണിപ്പിക്കാറില്ലേ...എല്ലാത്തിനും നീയാണ്‌ ഉത്തരവാദി.ഓട്ടോ ഗ്രാഫുകളില്‍ ഇടം പിടിക്കാന്‍ അവസരം കിട്ടിയ മറ്റൊരുമാസം വേറെയുണ്ടാകില്ല.കവിതാ പുസ്‌തകങ്ങളില്‍ നിന്നും അല്ലാതെയും കടമെടുത്ത വരികളും, നമ്മുടെ സാഹിത്യ ഭാവനങ്ങളും കൂട്ടികലര്‍ത്തി സ്‌നേഹത്തിന്റെ ഭാഷകള്‍ ഓരോ ഓട്ടോ ഗ്രാഫിലും ഇടംപിടിച്ചു.
"
മറക്കാനും, മറക്കാതിരിക്കാനും അവകാശമുള്ള ഈ ലോകത്ത്‌ മറക്കെരുതെന്ന്‌ പറയാന്‍ എനിക്ക്‌ അവകാശമില്ല...എങ്കിലം ഞാന്‍ നിന്നോട്‌ ചോദിക്കുന്നു. നീയെന്നെ മറക്കുമോ.....".ഓട്ടോ ഗ്രാഫി വാങ്ങി ആദ്യം എഴുതാന്‍ അവസരം നല്‍കിയത്‌ ആര്‍ക്കാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. അതിലെ ഏത്‌ പേജിലാണ്‌ അവളുടെ ഹൃദയത്തിലൂടെ വന്ന വാക്കുകള്‍ പതിഞ്ഞത്‌ ? ഓഹോ നടുപ്പേജില്‍ തന്നെയാണ്. സന്തോഷം.എഴുതുമ്പോള്‍ നടുപ്പേജില്‍ തന്നെ എഴുതണം.കാരണം പറിച്ചുപോകുമ്പോള്‍ ഒരുമിച്ചു തന്നെ പിരിഞ്ഞ് പോകുന്ന പേജുകളാണല്ലോ അവ.

ഇഷ്ടമില്ലാതിരുന്നതിനാല്‍ ആ ഓട്ടോഗ്രാഫില്‍ മറ്റൊരോ ആണ് എഴുതിയതെന്ന് പിന്നീടാണ് അറിഞ്ഞത്.ഓട്ടോഗ്രാഫ് എഴുതിച്ചപ്പോഴെല്ലാം വിശ്വാസം കൈവിട്ടിരുന്നില്ല. ആരോ എനിക്ക്‌ വേണ്ടി അവളുടെ പേരില്‍ ഓട്ടോഗ്രാഫ്‌ എഴുതി പേര്‌ വെച്ചുതന്നപ്പോള്‍ വിഢിയായി മാറിയ ആനന്ദം അവര്‍ക്ക് ലഭിച്ചിരിക്കാം.

പ്രവാസ ലോകത്തെ മാര്‍ച്ച് മാസം കൗമാര ബന്ധങ്ങളെ രാജ്യങ്ങള്‍ക്കപ്പുറത്തേക്കും ഒരുപക്ഷെ ലോകത്തിന്‍റെ ഏതെങ്കിലും ഭൂഖണ്ഡങ്ങളിലേക്കോ ആണ് കണ്ണിവേര്‍ക്കപ്പെടുന്നത്. ഏതൊക്കെയോ രാജ്യങ്ങളില്‍ നിന്ന് ഈ പ്രവാസ ഭൂമികയിലേക്ക് പറന്നുവന്നവര്‍, വിരസരമായ ഫ്ളാറ്റ് ജീവിതത്തില്‍ നിന്നിറങ്ങി രാജ്യങ്ങളുടെ അതിര്‍ഥികള്‍ വകവെക്കാതെ സ്കൂള്‍-കലാലയങ്ങളില്‍ നിന്ന് കോര്‍ത്തെടുത്ത സൗഹൃദ ബന്ധങ്ങളൊടെല്ലാം വിടപറയേണ്ട മാസമാണല്ലോ മാര്‍ച്ച്.നാട്ടിലെ സ്കൂളുകളിലും കോളേജുകളിലും അടുത്ത കാലത്തായി സജീവമായികൊണ്ടിരിക്കുന്ന പൂര്‍വ വിദ്യാര്‍ഥി സംഗമങ്ങള്‍പ്പോലും ഇവര്‍ക്ക് അന്യമാകുമോ?കോളേജിനെയും, സ്‌കൂളിനേയും വീടായി മാത്രം കരുതി അവിടെ വന്ന പോകുന്നവരെയെല്ലാം മക്കളെപോലെ സ്‌നേഹിച്ച്‌ വിടപറയുമ്പോള്‍ അനുഭവിക്കുന്ന നൊമ്പരം അനുഭവിക്കാത്ത അധ്യാപക ജീവതമുണ്ടാകുമോ..? ക്ലാസ്‌ മുറിയിലെ ശല്യക്കാരെന്ന്‌ കരുതിയവര്‍ വിടപറായാന്‍ നേരം തെറ്റുകളേറ്റുപറഞ്ഞ്‌ യാത്ര പറയാന്‍ മധുരപലഹാരങ്ങളുമായെത്തുമ്പോള്‍ കണ്ണുകള്‍ നിറയുന്നതും, സ്‌നേഹം വാരിക്കോരി സമ്മാനിച്ചവര്‍ ഒരു വാക്കുപോലും ഉരിയാടാതെ പടിയിറങ്ങുമ്പോള്‍ നോവുന്നതുമായ അധ്യാപക ഓര്‍മ്മകള്‍..
എല്ലാത്തിനുമൊടുവില്‍ അധ്യാപന ജീവിതമവസാനിപ്പിച്ച്‌ ഏകാന്തമായ ഒരു റിട്ടയര്‍മെന്‍റ് ജീവിതം നയിക്കാനാകുമ്പോള്‍ മാര്‍ച്ച്‌ , നീ വല്ലാതെ ഭീതിപ്പെടുത്തും.

സാമ്പത്തിക വര്‍ഷാവസാനത്തിന്റെ തലവേദനയായിട്ടാകും ചിലരെങ്കിലും മാര്‍ച്ചിനെ പരിഗണിക്കുക.ശീതീകരിച്ച ഓഫീസ് മുറികളിലും വിയര്‍ക്കുന്ന ജീവിതങ്ങളെ മാര്‍ച്ചില്‍ കാണാറുണ്ട്
ജോലി തിരക്കുകളാല്‍ രാത്രി-പകല്‍ ഭേദമന്യേ ജോലിയെടുത്തും, ഞായറാഴ്‌ചകളില്‍പോലും അവധി ലഭിക്കാത്തതിനാല്‍ മാലോകരെയെല്ലാം പ്രത്യേകിച്ച്‌ മേലുദ്യോഗസ്ഥരെയെല്ലാം മനസ്സുകൊണ്ട്‌ ചീത്ത വിളിച്ച്‌ വെറുക്കപ്പെട്ടവനായ മാസമായി മാര്‍ച്ച്‌ മാറിയോ ?

Wednesday, March 9, 2016

മനുഷ്യ മനസ്സിനെ മാരകഭൂമിയാക്കാതെ വെറുതെ വിടൂ.


എട്ട് വര്‍ഷം മുമ്പ്.
മാതൃഭൂമി വാരികയുടെ എഡിറ്റര്‍ സ്ഥാനത്തുള്ള കമല്‍ റാം സജീവ് പച്ചക്കുതിര മാസികയില്‍ ഒരു ലേഖനം എഴുതിയിരുന്നു.ന്യൂസ് ഡെസ്കിലെ കാവിയും ചുവപ്പും എന്നതായിരുന്നു തലക്കെട്ട്. അത് പിന്നീട് ആ പേരില്‍ പുസ്തകമായി.ഇന്ത്യന്‍ മാധ്യമ സ്ഥാപനങ്ങളിലെ സംഘ പരിവാര്‍ സബ് എഡിറ്റര്‍മാരും അവരുടെ കൃയകളും അതില്‍ വ്യക്തമാക്കിയിരുന്നു.മാത്രമല്ല , മാതൃഭൂമി പത്രത്തില്‍ വരെ സംഘ പരിവാര്‍ സബ് എഡിറ്റര്‍മാര്‍ ജോലിചെയ്യുകയും സംഘപരിപാവര്‍ അജണ്ടകള്‍ വാര്‍ത്തയായി വിളമ്പുന്നു എന്നതിലേക്കുള്ള ഒരു സൂചനയും അന്ന് അതേ പത്രത്തിന്‍റെ മാനേജ്മെന്‍റിന് കീഴിലുള്ള വാരികയുടെ എഡിറ്റര്‍ തുറന്നെഴുതാന്‍ ധൈര്യം കാണിച്ചിരുന്നു.
ഇന്ന് മാതൃഭൂമി പത്രത്തില്‍ കണ്ട പ്രവാചക നിന്ദയുടെ കാരണത്തിന്‍റെ പിന്നാമ്പുറം ഈ സംഘപരിവാര്‍ സബ് എഡിറ്റര്‍മാരുടെ പ്രവര്‍ത്തനമാണെന്ന് മനസ്സിലാക്കാന്‍ അധിക ബുദ്ധിയൊന്നും വേണ്ട.

അതെ കുറിച്ച് മുസ്ലിം പേരുള്ളവര്‍ പറഞ്ഞാലാണ് വര്‍ഗീയവാദമായി മാറുക.കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ജെ ദേവിക എന്ന കേരളത്തിലെ അറിയപ്പെടുന്ന സ്ത്രീവാദ എഴുത്തുകാരി , മാതൃഭൂമി പത്രം വരുത്തുന്നതും വായന നിറുത്തുന്നതും സംബന്ധിച്ച് എഴുതി. "സംഭവങ്ങളെക്കുറിച്ച് ഉത്തരവാദിത്വപൂർണ്ണമല്ലാത്ത വാർത്തകൾ കൊടുത്ത് മുസ്ലിംവിരുദ്ധത സൃഷ്ടിക്കല്‍ മാതൃഭൂമിയുടെ പണിയാണെ"ന്ന് ഈ ലേഖനത്തില്‍ ജെ ദേവിക കൃത്യമായി സൂചിപ്പിച്ചിരുന്നു.
(( മാതൃഭൂമി പത്രാധിപര്‍ക്കായി ജെ ദേവിക എഴുതിയ കത്തിലെ ചില വരികള്‍ ഇങ്ങിനെ...
ഹിന്ദുമതത്തിൻെറ പേരിൽ സാംസ്ക്കാരികഹിംസയ്ക്കും, പലപ്പോഴും കായികമായ ഹിംസയ്ക്കുതന്നെയും, കളമൊരുക്കുന്ന പ്രസ്ഥാനങ്ങൾക്ക് പ്രാധാന്യം നൽകുന്നതിലൂടെ അവയോട് പ്രത്യക്ഷസാമീപ്യം സ്ഥാപിക്കുന്ന രീതിയും, കേരളത്തിലെ മുസ്ലിംവിശ്വാസത്തെയും പ്രയോഗത്തെയും കുറിച്ച് അനാവശ്യമായ വിധിപ്രസ്താവങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പരോക്ഷതന്ത്രങ്ങളും പത്രത്തിൽ വളർന്നുവരുന്നതായിക്കാണുന്നു.))
ഇവിടെ മാതൃഭൂമി കൃത്യമായി ആസൂത്രണം ചെയ്ത പ്രവാചക നിന്ദയാണ് നടത്തിയിട്ടുള്ളത്.സോഷ്യല്‍ മീഡിയയില്‍ നിന്നെടുത്ത പ്രതികരണം ആകുമ്പോള്‍ അത് ഏത് സോഷ്യല്‍ മീഡിയയില്‍ നിന്നെടുത്തു എന്ന് വ്യക്തമല്ല.
എഴുതിയ ആളുടെ പേരില്ല.
സ്വാഭാവികമായും അത് മാതൃഭൂമിയുടെ ഒരു സബ് എഡിറ്റര്‍ ഒപ്പിച്ച പണി തന്നെയാണ് എന്ന് മനസ്സിലാക്കാം.പ്രൂഫ് റീഡറടക്കം അത് ഒരു വിഷയമാക്കാതെ പ്രസിലേക്ക് വിട്ടു.
ഇതിന്‍റെ ഭാഗമായിട്ടെന്നോണമാണ് മുസ്ലിം വിശ്വാസത്തെയും പ്രയോഗത്തെയും കുറിച്ച് വിവാദങ്ങള്‍ സൃഷ്ടിച്ച് പ്രചാരവും സംഘതാത്പ്പര്യവും സംരക്ഷിക്കാന്‍ എംഎന്‍ കാരശ്ശേരിയേയും ഹമീദ് ചേന്ദംഗല്ലൂരിനെയും ഖദീജ മുംതാസിനെയുമൊക്കെ ഉപയോഗിച്ച് മാതൃഭൂമി നടത്തിപ്പോരുന്നത് എന്ന് ഇവിടത്തെ മുസ്ലിം സമുദായത്തിന് തിരിച്ചറിയാം.നിര്‍ഭാഗ്യവശാല്‍ മതവിരുദ്ധമായ മതേതരത്വമാണ് ശരിയെന്ന പാശ്ചാത്യന്‍ ആധുനിക വാദത്തെയാണ് ഇവിടത്തെ ഇടതുപക്ഷത്തിലെ ചിലരും ഇവരെ മതേതരത്വത്തിന്‍റെ അപ്പോസ്തലന്മാരായി ഉയര്‍ത്തികൊണ്ടുവരാന്‍ ശ്രമിക്കുന്നത്.കെപി രാമനുണ്ണി അഭിപ്രായപ്പെട്ടത് പോലെ തങ്ങള്‍ പ്രഖ്യാപിക്കുന്ന യുക്തിക്കപ്പുറം ഒന്നുമില്ലെന്ന് വിചാരിക്കുന്നവര്‍ക്ക് പ്രവാചകന്മാരെയും മറ്റും അവഹേളിക്കുന്നതില്‍ തെറ്റുകാണാന്‍ പറ്റില്ലല്ലോ. ഏതൊരു അലവലാതിയെ അപമാനിച്ചാലും ഇന്ത്യന്‍ ഭരണഘടനപ്രകാരം കേസെടുക്കാന്‍ വകുപ്പുണ്ട്. എന്നാല്‍ കോടിക്കണക്കിന് മുസ്‌ലിംകള്‍ തങ്ങളുടെ മാതാപിതാക്കളേക്കാള്‍ സ്‌നേഹിക്കുന്ന നബി തിരുമേനിയെ അവഹേളിച്ചാല്‍ അത് ആവിഷ്‌ക്കാരസ്വാതന്ത്ര്യമായി ഉദാത്തവല്‍ക്കരിക്കാനാണ് ചിലര്‍ക്ക് താല്‍പര്യം.
നാളെ മുതല്‍ ഇടതുപക്ഷത്തെ ചിലരുടെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ ഉദാത്ത വല്‍ക്കരണ പോസ്റ്റുകള്‍ നമുക്ക് കാണാന്‍ സാധിക്കും.അത് ഒരു സമൂഹത്തിന്‍റെ നാശത്തിലേക്കുള്ള വളം വെച്ച് കൊടുക്കലായി മാറുകയാണ് ചെയ്യുക.
ഇത്തരത്തിലുള്ള കുറിപ്പുകള്‍കൊണ്ട് മാതൃഭൂമിയുടെ ഏതെങ്കിലും ഓഫീസിനോ ലേഖകനോ ഭീഷണി വന്നാല്‍ ആ പേരും പറഞ്ഞ് സിന്ധു സൂര്യകുമാറിന്റെ വിഷയത്തില്‍ ആര്‍ എസ് എസ് നേരിട്ട പ്രതിസന്ധിയെ തത്ക്കാലം രക്ഷിക്കാന്‍ സാധിക്കുമായിരിക്കും.തിരഞ്ഞെടുപ്പ് അജണ്ടകള്‍ വേറെയും.
ഖേദ പ്രകടനം നടത്തിയെന്ന രീതിയില്‍ ഓണ്‍ലൈനില്‍ മാതൃഭൂമി എഴുതിയത് ഇങ്ങിനെ-

"സാമൂഹികമാധ്യമങ്ങളിലും മറ്റും വന്ന പ്രതികരണങ്ങളില്‍ ചിലത് മാര്‍ച്ച് 9 കോഴിക്കോട് 'നഗരം' രണ്ടാം പേജിലെ ആപ്സ് ടോക് എന്ന പംക്തിയിലും മാര്‍ച്ച് 8 തൃശ്ശൂര്‍ 'നഗരം' മൂന്നാം പേജിലെ ഇടപെടല്‍ എന്ന പംക്തിയിലും മാത്രം പ്രസിദ്ധീകരിച്ചിരുന്നു. ആ പ്രതികരണങ്ങള്‍ വിശ്വാസികളെ വേദനിപ്പിച്ചതായി മനസ്സിലാക്കുന്നു. അവ പ്രസിദ്ധീകരിക്കാനിടയായതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.”

ഇവിടെയും രണ്ട് കാര്യം ശ്രദ്ധേയമാണ്. തൃശ്ശൂരിലെയും കോഴിക്കോടിലെയും പ്രാദേശിക പേജുകളില്‍ മാത്രമെ ഇത് നല്‍കിയിട്ടുള്ളൂ... അത്കൊണ്ട് അത്ര കാര്യമാക്കേണ്ടതില്ല എന്ന ആശ്വസത്തിന്‍റെ വചനമായിരിക്കും "മാത്രം" എന്ന വാക്ക് കൊണ്ട് എഡിറ്റര്‍ പറയാന്‍ ശ്രമിക്കുന്നത്.

മറ്റൊന്ന് വിശ്വാസികളെ വേദനിപ്പിച്ചതായി മനസ്സിലാക്കുന്നു എന്നതാണ്. വിശ്വാസികള്‍ക്ക് മാത്രമെ വേദനിപ്പിച്ചിട്ടുള്ളൂ.. ഞങ്ങള്‍ക്കൊരു ചുക്കും സംഭവിച്ചിട്ടില്ല എന്നര്‍ഥം.അല്ലാതെ ആരെയും വേദനിപ്പിക്കാത്ത എത്ര വാര്‍ത്തകളുണ്ടാകും ഓരോ ദിവസത്തെയും പത്രത്തില്‍.


ലോകത്ത്‌ നന്‍മമാത്രം ഉണ്ടാക്കിയ പ്രവാചകനെ കാര്‍ട്ടൂണ്‍ വരച്ചും മറ്റ് പോസ്റ്റുകളുമൊക്കെയായി മതവിശ്വാസികളെ വേദനിപ്പിക്കാതിരിക്കുക എന്നതാണ് ഒരു നല്ല സമൂഹം ചെയ്യേണ്ടത്. അതുപോലെ തന്നെ മതവും വേണ്ട, പ്രവാചകനും വേണ്ട, പരലോകവും വേണ്ട എന്ന്‌ വിചാരിക്കുന്നവര്‍ക്ക്‌ ആ വിശ്വാസവുമായി കഴിയാന്‍ സ്വാതന്ത്ര്യമുണ്ട്‌. ലോകത്ത്‌ ഒരുപാട്‌ നിരീശ്വരവാദ ഗ്രന്ഥകര്‍ത്താക്കളുണ്ടായിട്ടും അവരെ തെരഞ്ഞുപിടിച്ച്‌ മര്‍ദിക്കാന്‍ ആരും തുനിഞ്ഞിട്ടില്ല. ഓരോരുത്തര്‍ക്കും അവരവരുടെ മതമുണ്ട്.അത് ശരിയെന്ന് തോന്നുന്നത് കൊണ്ടാണ് അതുമായി കഴിഞ്ഞ് പോകുന്നത്. മാതൃഭൂമി പത്രമേ.... മാനേജ്മെന്‍റേ..
ഒരു റിക്വസ്റ്റ്.
മനുഷ്യ മനസ്സിനെ മാരകഭൂമിയാക്കാതെ വെറുതെ വിടൂ.

Tuesday, March 1, 2016

ജന്മ ദിനത്തിലെ അറിവിന്‍റെ യാത്രകള്‍.


ഇന്നാണത്രെ എന്‍റെ ജന്മ ദിനം.
ഒഴിവ് വന്നപ്പോള്‍ വാട്സപ്പ് എടുത്ത് നോക്കിയപ്പോഴാണ് കൂടെ ജോലി ചെയ്യുന്ന അധ്യാപകരിലൊരാള്‍ അയച്ച വാട്സപ്പ് സന്ദേശം ലഭിച്ചത്.
ഹാപ്പി ബെര്‍ത്ത് ഡെ ടു യൂ...
മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദി ഡേ.
പിന്നെ ചിരിക്കുന്ന ചില സ്മൈലികളും.

ജന്മദിനം അവരെ ഓര്‍മ്മിപ്പിച്ചത് ഫേസ്ബുക്ക് ആണെന്ന് അപ്പോള്‍ത്തന്നെ മനസ്സിലായി.
ഇവിടെ എന്ത് ജന്മദിനം? എന്താണെന്നറിയില്ല.പതിവില്‍ കവിഞ്ഞ ഒരു പ്രസന്നത മനസ്സിലുണ്ടായിരുന്നു.കുറച്ച് കഴിഞ്ഞപ്പോഴാണ് ആദ്യമായി ശരീഫ് കാരശ്ശേരിയുടെ ഫോണ്‍ .
സുഖാന്വേഷണങ്ങള്‍ക്ക് ശേഷം ഒരു ജോലി ഏല്‍പ്പിച്ചു.കോടോമ്പുഴ ബാവ മുസ്ലിയാരെ ഒന്ന് പോയി ഇന്‍റര്‍വ്യു ചെയ്യാനാകുമോ...?

സന്തോഷത്തോടെ അത് സ്വീകരിച്ചു.
ഇതുവരെ കണ്ടിട്ടില്ലെങ്കിലും കേട്ടറിഞ്ഞ് ഏറെ ഇഷ്ടപ്പെട്ട ഇസ്ലാമിക പണ്ഡിതനാണ് കോടമ്പുഴ ബാവ മുസ്ലിയാര്‍ എന്ന മുതഅംല്ലിങ്ങളുടെ കോടമ്പുഴ ഉസ്താദ്. അതുകൊണ്ടുതന്നെ വിക്കിപീഡിയയില്‍ ഒരു മാസത്തോളമായി ഉസ്താദിന്‍റെ ലേഖനവുമായി ബന്ധപ്പെട്ട തിരുത്തലുകളും സംവാദങ്ങളിലും സജീവമായി ഇടപ്പെട്ടിരുന്നു.
ഉസ്താദുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങളൊക്കെ ശേഖരിച്ച ശേഷം ചോദ്യങ്ങളൊക്കെ തയ്യാറാക്കി.സുഹൃത്ത് ജാബിറിന്‍റെ ലോറിയില്‍ അവനെന്നെ അലി രിസാലയുടെ ഫ്ലാറ്റിന് സമീപമുള്ള പള്ളിക്ക് സമീപം ഇറക്കി തന്നു.
മഗ് രിബ് നിസ്കാരമൊക്കെ കഴിഞ്ഞ് നാലാം തട്ടിലേക്ക് കയറിചെന്നപ്പോള്‍ രചനയുടെ തിരക്കില്‍ തന്നെയാണ് ഉസ്താദ്.പിന്നെ സൗമ്യനായി കടന്നുവന്നു.സംസാരം തുടങ്ങി... വിലപ്പെട്ട അരമണിക്കൂര്‍ മാത്രം ചിലവഴിച്ച് നിറുത്തി.വീണ്ടും ഉസ്താദ് ഗ്രന്ഥരചനയിലേക്ക് തന്നെ..

50 ലേറെ പഠന ഗ്രന്ഥങ്ങള്‍,കേരളത്തിലെ മദ്രസകള്‍, ദര്‍സുകള്‍, ദഅ് വ കോളേജുകളില്‍ എന്നിവിടങ്ങളില്‍ പാഠപുസ്തകമായും വിദേശ രാജ്യങ്ങളില്‍ അധികവായനക്കുമൊക്കെയായി പ്രശംസപിടിച്ചുപറ്റിയവ, ഇസ്ലാമിക വിഷയങ്ങളില്‍ അഗാധമായി ഗവേഷണം നടത്തി രാവന്തിയോളം ഗ്രന്ഥരചനകളിലും മതപ്രബോധന രംഗത്തെയും സജീവ സാനിധ്യം. കോടമ്പുഴ എന്നറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ  പ്രദേശം ഇന്നറിയപ്പെടുന്നത് പ്രമുഖനായ ഇസ്ലാമിക പണ്ഡിതന്‍റെ പേരിലാണ്.കോടമ്പുഴ ബാവ മുസ്ലിയാര്‍.

കേരളത്തില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന പണ്ഡിതരില്‍ പ്രശസ്തനാണ് ഇദ്ദേഹം.ജീവിതത്തിന്‍റെ നല്ലൊരു ഭാഗവും മതപരമായ ഗ്രന്ഥങ്ങളുടെ രചനകള്‍ക്ക് വേണ്ടി ചിലവഴിക്കുകയും അത് പരമാവധി പണ്ഡിതരിലേക്കും സാധാരണ ജനങ്ങളിലേക്കും എത്തിക്കുകയും ചെയ്യുന്ന ജീവിക്കുന്ന പണ്ഡിതനാണ് കോടമ്പുഴ ഉസ്താദ്.

ഖുര്‍ആന്‍ വ്യാഖ്യാനം,ഹദീസ് പഠനം,കര്‍മ്മശാസ്ത്രം,ഇസ്ലാമിലെ അധ്യാത്മികത,വിശ്വാസ ശാസ്ത്രം,ചരിത്രം,ജീവചരിത്രം,സാ,സംഭവ കഥ,പ്രശ്നോത്തരം,പഠനം,ലേഖന സമാഹാരം തുടങ്ങി 52 ഓളം ബൃഹത്തുമായ സംഭാവനകളാണ് ബാവ മുസ്ലിയാര്‍ ഇതിനകം രചിച്ചത്.
ലോക പ്രശസ്ത ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ ജലാലൈനിയുടെ സമഗ്രമായ വ്യാഖ്യാന ഗ്രന്ഥമെന്ന ലക്ഷ്യത്തോടെ തൈസീറുല്‍ ജലാലൈനി എന്ന ഗ്രന്ഥരചനയാണ് ഇപ്പോള്‍ നടന്നുവരുന്നത്.600 ലേറെ പേജുകള്‍ വരുന്ന ഈ ഗ്രന്ഥത്തിന്‍റെ അഞ്ചോളം വാള്യങ്ങള്‍ ഇതിനകം പുറത്തിറങ്ങി.കൂടാതെ ഹജ്ജ്-ഉംറ സിയാറത്ത് ചോദ്യോത്തരം എന്ന മലയാള ഗ്രന്ഥവും പണിപ്പുരയിലാണ്.
ഗ്രന്ഥരചനയൊടൊപ്പം തന്നെ അവ കൂടുതലാളുകളിലേക്ക് എത്തിക്കാനുള്ള ശ്രമവും കോടമ്പുഴ ബാവ മുസ്ലിയാര്‍ ചെയ്തുവരുന്നു.ഇതിന്‍റെ ഭാഗമായി രണ്ടു തവണകളിലായി 80 ലക്ഷത്തോളം രൂപയുടെ ഇസ്ലാമിക പഠന ഗ്രന്ഥങ്ങള്‍ കേരളത്തിലെ നിരവധി പണ്ഡിതന്മാര്‍ക്കായി സൗജന്യമായി വിതരണം ചെയ്തുകഴിഞ്ഞു.അവ കേരളത്തിലെ ദഅ് വ കോളേജുകളിലും ദര്‍സുകളിലും റഫറന്‍സ് ആയും ഉപയോഗിച്ചുവരുന്നു.അടുത്ത വര്‍ഷവും കൂടുതല്‍ ഗ്രന്ഥങ്ങള്‍ പണ്ഡിതന്മാര്‍ക്ക് എത്തിക്കാനുള്ള യത്നത്തിന്‍റെ ഭാഗമായി യുഎഇയില്‍ സന്ദര്‍ശനം നടത്തുകയാണ് കോടമ്പുഴ ബാവ മുസ്ലിയാര്‍.

യുഎഇ, ഈജിപ്ത്,ബാഗ്ദാദ് എന്നിവിടങ്ങളില്‍ നിന്നും ഗ്രന്ഥങ്ങള്‍ ഇതിനകം പ്രസിദ്ധിച്ചിട്ടുണ്ട്. അബുല്‍ ബഷര്‍ എന്ന ഗ്രന്ഥം ദുബൈ മതകാര്യ വകുപ്പാണ് പ്രസിദ്ധീകരിച്ചത്.കൂടാതെ സീറത്ത് സയ്യിദുല്‍ ബഷര്‍, അബുല്‍ ബഷര്‍, യാഇബുല്‍ ഗിന അടക്കമുള്ള കൃതികള്‍ ഈജിപ്തിലെ ദാറുല്‍ ബസാഇര്‍ പ്രസാധകരാണ് പ്രസിദ്ധീകരിച്ചത്.മറ്റ് വിദേശ രാജ്യങ്ങളിലേക്ക് ഗ്രന്ഥങ്ങള്‍ വ്യാപിപ്പിക്കാനുള്ള ശ്രമവും നടന്നുവരുന്നുണ്ട്.കഴിഞ്ഞ റബീഉല്‍ ആഖിര്‍ മാസത്തില്‍ ശൈഖ് ജീലാനിയെ കുറിച്ചുള്ള ഗ്രന്ഥം കേരളത്തിലെ 1500 ഓളം മതപണ്ഡിതനന്മാര്‍ക്കാണ് വിതരണം ചെയ്തിട്ടുണ്ട്.വരുന്ന റജബ് മാസത്തില്‍ ഇമാം ശാഫി()യെ കുറിച്ച് തയ്യാറാക്കിയ ഗ്രന്ഥം 5000 ത്തോളം പേര്‍ക്കാണ് വിതരണം ചെയ്യാനുദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.അടുത്തിടെ ഈജിപ്തില്‍ നടന്ന പരിപാടിയില്‍ ഈ ഗ്രന്ഥത്തിന്‍റെ പ്രകാശന കര്‍മ്മം നടന്നു.

കേരളത്തിലെ ആദ്യകാല ദഅ് വ കോളേജുകളിലൊന്നായ കോടമ്പുഴ ദാറുൽ മആരിഫ് ഇസലാമിക് സെൻററിന്‍റെ സ്ഥാപകന്‍ കൂടിയാണ് ബാവ മുസ്ലിയാര്‍. ദഅ്വ കോളേജിന് പുറമെ ഇസ്ലാമിക് വിമണ്‍സ് അക്കാദമി,ബോയ്സ് സെക്കണ്ടറി മദ്രസ,ഗേള്‍സ് സെക്കണ്ടറി മദ്രസ,മഹ്ളറ ജുമാ മസ്ജിദ്,ഖുത്ബ്ഖാന ആന്‍റ് റഫറന്‍സ് ലൈബ്രറി തുടങ്ങിയ സംരഭങ്ങളും നടന്നിവരുന്നു.

സഊദിയിലെ ഇസ്‌ലാമിക് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ഇമാം നവവി പുരസ്‌കാരം, ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദര്‍ ജീലാനി പുരസ്‌കാരം, മഅ്ദിന്‍ അക്കാദമിയുടെ ശൈഖ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ്, പി എം കെ ഫൈസി മെമ്മോറിയല്‍ അവാര്‍ഡ്, മര്‍കസ് മെറിറ്റ് അവാര്‍ഡ്, കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അവാര്‍ഡ്, മഖ്ദൂമിയ അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സഊദി അറേബ്യ, യു എ ഇ, ഖത്തര്‍, ഈജിപ്ത്, ഉസ്‌ബെക്കിസ്ഥാന്‍, ഇറാഖ് അടക്കം നിരവധി രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുകയും വിവിധ സമ്മേളനങ്ങളില്‍ അതിഥിയായി പ്രഭാഷണങ്ങളും പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

ഈ സംസാരമൊക്കെ കഴിഞ്ഞ് റാഷിദിയ്യയില്‍ ഒരു ദര്‍സില്‍ കൂടി പങ്കെടുക്കാന്‍ പോകുകയാണ് ഉസ്താദ്.പോകുന്ന വഴി സക്കരിയ്യ ഇര്‍ഫാനിയുടെ വീട്ടില്‍ കയറി.വിവിധ പലഹാരങ്ങളൊക്കെ നിരത്തി.ഉസ്താദിന് അതൊന്ന് രുചിച്ച് നോക്കാനെ താത്പ്പര്യമുള്ളൂ.സംഗതി നമ്മളെന്തായാലും അതും നോക്കി.ഇതിനിടെ ചിന്തോദ്വീപകമായ ചോദ്യങ്ങളും സംശയങ്ങളുമായി ഉസ്താദുമാര്‍ നിലത്തിരുന്ന് ചോദ്യങ്ങള്‍ ചോദിക്കുന്നു.ഉസ്താദ് ഗ്രന്ഥങ്ങളുടെ പേരോടെ സഹിതം ആധികാരകമായി അത് മറുപടി നല്‍കുന്നു.ഇസ്ലാമിക് ബാങ്കിംഗ്,കീമണി …. ഒട്ടനവധി ചോദ്യങ്ങള്‍.
വാഹനം പിന്നെ റാശിദിയ്യ സുന്നി സെന്‍ററില്‍.
അറിവിന്‍റെ പ്രധാന്യത്തെ കുറിച്ചും അവക്കായി മഹാരഥന്മാരായ പണ്ഡിതര്‍ നടത്തിയ യാത്രകളെ കുറിച്ചുമുള്ള വേറിട്ട ഒരു പ്രസംഗം .ശേഷം 50 ഓളം സംശയങ്ങള്‍ക്ക് സദസ്സിന് മറുപടിയും.പലതും ആദ്യമായി കേള്‍ക്കുകയായിരുന്നു ഞാന്‍.
മകള്‍ക്ക് സ്ത്രീധനം കൊടുത്ത ബാപ്പ ആണ്‍ കുട്ടികള്‍ക്കും അതുപോലെ നല്‍കേണ്ടതുണ്ടോ?
ഭര്‍ത്താവ് മരിച്ചാല്‍ നല്‍കിയ സ്ത്രീധനം തിരിച്ചു ചോദിക്കാമോ?
കീമണി വാങ്ങാമോ?
അങ്ങിനെ ഒട്ടനവധി ചോദ്യങ്ങള്‍. എല്ലാത്തിനും മറുപടി നല്‍കി ഉസ്താദ് ഷാര്‍ജയിലേക്ക്....അവിടെ നിന്ന് നാളെ ദുബൈ..പിന്നെ അബൂദാബി.അത് കഴിഞ്ഞ് ദാറുല്‍ മആരിഫ്..
അറിവിന്‍റെ ഓരോ യാത്രകള്‍.