Saturday, April 15, 2017

സ്നാപ്പില്‍ ഒതുങ്ങാത്ത ജീവിതംഭാവനാത്മകമായ ചിന്തകള്‍ ക്യാമറയിലേക്ക് തിരിക്കുമ്പോഴാണ് ഓര്‍മകള്‍ക്ക് മായ്ക്കാനാവാത്ത ചിത്രങ്ങളുണ്ടാകുന്നത്. കേരളത്തില്‍ ഇന്നിറങ്ങുന്ന മുപ്പതിലേറെ പ്രസിദ്ധീകരണങ്ങള്‍ക്ക് കവര്‍ ചിത്രമൊരുക്കുന്ന അജീബ് കൊമാച്ചി,
യുഎഇയിലെത്തിയപ്പോള്‍ നടത്തിയ സംഭാഷണം ഈ ലക്കം പ്രവാസി വായനയിലുണ്ട്.കഴിയുന്നവര്‍ വായിക്കുമല്ലോ....


പിഡിഎഫ് വായിക്കാന്‍

ഓര്‍ക്കുന്നുണ്ടോ ?
2003മെയ് 2.
മതേതര കേരളത്തിന്‍റെ ഹൃദയത്തില്‍ മുറിവേറ്റ മാറാട് കലാപം.ഹിന്ദുവും മുസല്‍മാനും തമ്മില്‍ മതത്തിന്‍റെ പേരില്‍ കൊലക്കത്തിയെടുത്ത കാലം.കാലങ്ങളായി സ്നേഹത്തിലും സൗഹാര്‍ദത്തോടെ കഴിഞ്ഞിരുന്ന അയല്‍വാസികള്‍ വര്‍ഗീയ കലാപത്തെ തുടര്‍ന്ന് പറിച്ചു നടപ്പെട്ട കാലം.കലാപം കഴിഞ്ഞ് തിരികെ വരുമ്പോള്‍ അവരെ സ്വീകരിക്കാന്‍ പഴയ അയല്‍വാസികളുണ്ടായിരുന്നില്ല.അവര്‍ എവിടെയും പോയിരുന്നില്ല.പക്ഷെ ഏറെ ദൂരം അകന്നിരുന്നു അവരുടെ മനസ്സ് .ആ ഒരവസ്ഥയെ ഒറ്റ ക്ലിക്കില്‍ കേരള ജനതയെ ചിന്തയുടെ പല ആംഗിളുകളിലേക്ക് വഴി തിരിച്ചുവിട്ടിട്ടുണ്ട് പ്രശസ്തനായ ഒരു ഫോട്ടോഗ്രാഫര്‍. അജീബ് കൊമാച്ചി.കേരളത്തില്‍ ഇറങ്ങുന്ന ഏതെങ്കിലും മാസിക വായിക്കുന്ന ഏതൊരാളും ഒരിക്കലെങ്കിലും വായിച്ചുപോയിട്ടുള്ള പേരായിരിക്കും അജീബ് കൊമാച്ചി . നിലവില്‍ പ്രസിദ്ധീകരിക്കുന്ന 30 ഓളം മാസികകള്‍ക്ക് കവര്‍ ചിത്രമൊരുക്കുന്ന തിരക്കേറിയ ഫ്രീലാന്‍സ് ഫോട്ടോജേണലിസ്റ്റാണ് അജീബ് കൊമാച്ചി.


മാനിഷാദ - 
കേവലം ധാരാളം ചിത്രങ്ങളെടുക്കുന്ന ഒരു സാധാരണ ഫോട്ടോഗ്രാഫര്‍ അല്ല അജീബ്.മാനവികതെ ഉയര്‍ത്തിപ്പിടിക്കുകയെന്ന കൃത്യമായ ലക്ഷ്യത്തോടെ സാമൂഹ്യ പ്രശ്നങ്ങളിലാണ് ലെന്‍സ് ഫോക്കസ് ചെയ്യുന്നതെന്ന് അജീബിന്‍റെ ജീവിതഫിലിം റോളുകള്‍ ഡിവലെപ്പ് ചെയ്യുമ്പോള്‍ നമുക്ക് മുമ്പില്‍ തെളിയും.


കോഴിക്കോട് ഫറൂഖ് ആണ് നാട് .കുടുംബപരമായി ഫോട്ടോഗ്രാഫര്‍ മേഖലയോട് ഒരു പശ്ചാത്തലവുമുണ്ടായിന്നില്ല. ഉപ്പ മരണപ്പെട്ടത്തോടെ 16-ാം വയസ്സിലെ ജീവിത ബാധ്യതകള്‍ ഒന്നിന് മുകളില്‍ ഓരോന്നായി വരാന്‍ തുടങ്ങി.പ്രീഡിഗ്രിക്ക് ഫറൂഖ് കോളേജില്‍ പഠിക്കുന്നതിനിടെയായിരുന്നു ഉപ്പയുടെ വിയോഗം.വീട്ടിലെ വലിയ കുട്ടി.ഏത് ജോലിക്കും തയ്യാറായി ഇറങ്ങി.ഉപ്പയുടെ സൗഹൃദ വലയത്തിലുണ്ടായിരുന്ന നിര്‍മ്മാണ കമ്പനിയില്‍ ജോലിക്ക് പോയി.വെല്‍ഡിംഗും ടര്‍ണിംഗും ഫാബ്രിക്കേഷനുമൊക്കെയായി ജോലി തുടങ്ങി.ഇതിനിടെ പൊളിടെക്കിനില്‍ കോഴ്സിന് ചേര്‍ന്നെങ്കിലും കഠിനമായ ജോലികാരണം കോഴ്സിന് തുടര്‍ന്ന് പോകാന്‍ സാധിച്ചില്ല.ഇതിനിടെ ചിത്രകലയുമായി ബന്ധപ്പെട്ട് യൂസുഫ് ചിത്രാലയയുടെ കൂടെ ജോലി.പഠനം മുഴുവനാക്കാന്‍ സാധിക്കാത്തതിന്‍റെ വെഷമം കിട്ടാവുന്ന സമയങ്ങളില്‍ വായനശാലകളില്‍ പോയിരുന്ന് വായിച്ച് തൃപ്തിപ്പെടുത്തി.

അങ്ങിനെയിരിക്കെയാണ് ആന്ധ്രയിലേക്ക് ജോലിതേടി പോയി.ബേക്കറി കമ്പനിയില്‍ ഡ്രൈവര്‍ കം സെയില്‍സ്മാനായി ജോലി.മൂന്ന് വര്‍ഷത്തോളം ആന്ധ്രാജീവിതം.അതുകഴിഞ്ഞ് ഏതൊരു മലബാറുകാരനെപ്പോലെ ഗള്‍ഫിലേക്ക് കുടിയേറ്റം. സൗദി അറേബ്യയിലെ ദമാമില്‍ വെല്‍ഡറായും സൂപ്പര്‍മാര്‍ക്കറ്റിലും സ്പ്രേപെയിന്‍റെ കമ്പനിയിലുമൊക്കെയായി മൂന്ന് വര്‍ഷം പലവിധ ജോലികള്‍.ഇതിനിടക്ക് ബോബൈയിലും ഫറൂഖിലുമൊക്കെയായി പലവിധ ജോലികളില്‍ മുഴുകി.ഫോട്ടോഗ്രാഫിയോടുള്ള ഇഷ്ടംമൂലം സ്റ്റുഡിയോ തുടങ്ങാന്‍ തീരുമാനിച്ചു.അവസാനം ഫറൂഖ് ചുങ്കത്ത് പന്ത്രണ്ടാമത്തെ ജോലിയായി സ്റ്റുഡിയോ ഫോട്ടോഗ്രഫിയും തുടങ്ങി.പേര് കൊമാച്ചി തന്നെ.ആളെമയക്കുന്ന സൗന്ദര്യം എന്നര്‍ഥം വരുന്ന ജപ്പാനി വാക്കുതന്നെ ഇതിനായി തിരഞ്ഞെടുത്തു.


പത്രപ്രവര്‍ത്തനമേഖലയിലേക്ക്

അജീബ് പകര്‍ത്തിയ ചിത്രങ്ങളില്‍ ചിലത്

സ്റ്റുഡിയോയിലേക്ക് ഫോട്ടോ എടുക്കാന്‍ ആളുകള്‍ വരാത്ത സമയങ്ങളില്‍ ക്യമറയുമായി കോഴിക്കോടിന്‍റെ പരിസരപ്രദേശങ്ങളിലെ അങ്ങാടികളിലേക്ക് ക്യാമറയുമായി ഇറങ്ങി.ധാരാളം ഫോട്ടോകളെടുത്തു.അവയെല്ലാം അക്കാലത്തെ പത്രങ്ങളുടെ പ്രാദേശിക ലേഖകള്‍ക്ക് വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമുള്ള വിഭവങ്ങളായി.ഗള്‍ഫിലേക്കും മറ്റും കൊടുത്തയക്കാനായി ആളുകള്‍ ഫോട്ടോയെടുക്കാന്‍ സ്റ്റുഡിയോയില്‍ വരുന്നതിന് പകരം അജീബ് ക്യാമറയുമായി അവരുടെ വീടുകളിലേക്ക് ചെന്ന് ഫോട്ടെയെടുത്ത്.അവയക്ക് സ്വാഭവികത അനുഭവപ്പെടുന്നതോടെ ഉപഭോക്താവിനും സന്തോഷം.കൂട്ടത്തില്‍ യാത്ര ചെയ്യാം.പോകുന്ന വഴിക്ക് കാണുന്ന പലവിധ ഫോട്ടോകളെമെടുക്കാം.അവ പത്രങ്ങള്‍ക്കും നല്‍കാം എന്ന താത്പ്പര്യവും ഇതിന് പിന്നിലുണ്ടായിരുന്നു.പതിയെ വിവിധ ആനുകാലികങ്ങളില്‍ നിന്നും ഫോട്ടോ തേടി വിളിവന്നു.അജീബിന്‍റെ ക്യാമറകളില്‍ പകര്‍ത്തിയ മനോരഹര ചിത്രങ്ങള്‍ അവയുടെ മുഖചിത്രങ്ങളായി വരാന്‍ തുടങ്ങി.


വര്‍ഷം രണ്ടായിരം.രാജ്യത്തെ നടുക്കിയ ഗുജറാത്ത് ഭൂകമ്പം.കോഴിക്കോട് പ്രസ് ക്ലബില്‍ നിന്ന് പത്രപ്രവര്‍ത്തനപരിശീലന കോഴ്സ് പൂര്‍ത്തിയാക്കിയ അബ്ബാസ് പനക്കല്‍,ഉമര്‍ മേല്‍മുറി,രേഷ്മ എന്ന ഗുജറാത്തി പെണ്‍കുട്ടിയും പത്രപ്രവര്‍ത്തനത്തിലേക്ക് ചുവട് വെക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഭൂകമ്പ ഭാതിതമായ ഗൂജറാത്തിലേക്ക് കൂടെ പോകാന്‍ ക്ഷണിച്ചത്. ജോലികള്‍ ധാരാളമുള്ള കാലം. ഫോട്ടോ എടുക്കാനായി കല്യാണ വീടുകളില്‍ നിന്ന് വീടുകളിലേക്കുള്ള ഓട്ടത്തിന്‍റെ കാലം.വസ്ത്രവും മറ്റ് സാധനസാമഗ്രികളുമൊക്കെ കൂടെയുള്ളവര്‍ ഓരോ സ്ഥലത്തേക്കും കൊണ്ടുതരുന്ന വിധത്തില്‍ തിരക്കുള്ള ജോലിക്കാലം.കൂടെ മാഗസിനുകളിലേക്കുള്ള ജോലികളും.കുറെ ഒഴിയാന്‍ ശ്രമിച്ചു നോക്കി.പുതിയ പത്രപ്രവര്‍ത്തകര്‍ക്കാണെങ്കില്‍ ഉപയോഗിക്കാന്‍ ഒരു ക്യാമറയും കിട്ടാത്ത കാലം.അവസാനം മൂന്ന് പത്രക്കാര്‍ മാത്രം ടിക്കറ്റെടുത്ത് ഗുജറാത്തിലേക്ക് യാത്രയാകുമ്പോള്‍ കോഴിക്കോട് നിന്ന് ചലിച്ചുതുടങ്ങിയ ട്രൈനിന്‍റെ ജനറല്‍ കമ്പാട്ട്മെന്‍റിലേക്ക് ചാടിക്കയറി ഗുജറാത്തിലേക്ക് യാത്രയായതായിരുന്നു അജീബിലെ ക്യാമറാമാനിലെ നിര്‍ണ്ണായക ക്ലിക്ക്.അതുവരെ പണമുണ്ടാക്കുകയെന്ന മുഖ്യലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചിരുന്ന ഒരു കൊമേഴ്സ്യല്‍ പത്രപ്രവര്‍ത്തകനില്‍ നിന്ന് ഒരു മാനവിക ഫോട്ടോജേണലിസ്റ്റിലേക്കുള്ള ചുവട് മാറ്റമായിരുന്നു അത്.
യാത്രകള്‍ ജീവിതത്തിലെ അമൂല്യ നിമിഷങ്ങളാണ്. നാടും കാടും കടലും കരയും ജീവിതങ്ങളും നേരില്‍ കാണാനുള്ള ഭാഗ്യം എല്ലാവര്‍ക്കും ലഭിച്ചേക്കില്ല. എന്നാല്‍, കാഴ്ചകളെ ചൂടോടെ ഒപ്പിയെടുത്ത ഒരു ഫോട്ടോ ജേണലിസ്റ്റ് ആ യാത്രയുടെ അനുഭൂതി പകര്‍ന്നുതരും, ഒട്ടും ചോര്‍ന്നുപോവാതെ.


ഗുജറാത്തിന്‍റെ നഗരപ്രദേശങ്ങളില്‍ ഭൂകമ്പം നാശംവിതച്ച ചിത്രങ്ങള്‍ മാത്രം അക്കാലത്ത് പുറത്ത് വന്നപ്പോള്‍ നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളുടെ ഉള്ളറകളിലേക്കായിരുന്നു സഞ്ചാരം.പലരും യാത്രയുടെ അപകടം സൂചിപ്പിച്ച് മാറ്റിനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും വകവെച്ചില്ല.ഗ്രാമങ്ങളിലേക്ക് ചെന്നപ്പോഴാണ് ഭീകരമായ പല അനുഭവങ്ങളും നേരിട്ട് കാണാനിടയായത്.ഫിറോസാബാദിലെത്തിയപ്പോള്‍ മുസ്ലിം ക്യാമ്പുകളില്‍ ഹിന്ദുക്കള്‍ക്ക് ഭക്ഷണമില്ല.24 മണിക്കൂറോളം ഭക്ഷണത്തിന് വേണ്ടി വരിനിന്നിട്ടും അവസാനം തന്‍റെ ഊഴം എത്തുമ്പോള്‍ മതത്തിന്‍റെ പേരില്‍ ഭക്ഷണം കിട്ടാതെ മാറ്റിനിര്‍ത്തപ്പെട്ടയാളുടെ ചിത്രം അങ്ങിനെയാണ് ക്യാമറയുടെ ഫ്രൈമില്‍ വരുന്നത്.മറ്റൊരു ക്യാമ്പില്‍ ചെന്നപ്പോള്‍ മനുഷ്യനെ മറക്കുന്ന ജാതീയതയുടെ അവഗണനകളുടെ കാഴ്ചകള്‍.പതിനഞ്ച് ദിവസത്തിലേറെ തകര്‍ന്നില്ലാതായ റോഡുകളിലൂടെ രണ്ടായിരം കിലോമീറ്റര്‍ ദൂരമുള്ള സഞ്ചാരം.ജീവനുണ്ടായിട്ടും രക്ഷിക്കാന്‍ സാധിക്കാതെ കെട്ടിടങ്ങളില്‍ കുുടുങ്ങിപ്പോയവരുടെ കാഴ്ചകള്‍, വീടുകള്‍ തകര്‍ന്ന് രക്തം വാര്‍ന്ന് മരിച്ചവര്‍..,മരിച്ച മനുഷ്യരെ കൂട്ടമായി കത്തിക്കുന്ന കാഴ്ചകള്‍, ധനികരും ദരിദ്രരുമെന്ന വ്യത്യാസമില്ലാതെ പ്രകൃതി ദുരന്തത്തിന്‍റെ ഇരകളായി മാറിയത്, ദുരന്തബാധിതരെ സഹായിക്കനെന്ന വ്യാജേനെ കേരളത്തില്‍ നിന്ന് പോലും ധാരാളം പണംപിരിച്ച് പഴകിയതും കീറിയതുമായ വസ്ത്രങ്ങള്‍ വിതരണം ചെയ്ത കാപട്യചിത്രങ്ങള്‍..
ദുരന്തത്തിന്‍റെ ചിത്രങ്ങള്‍ ഏറെയെടുക്കാന്‍ ആകെ അഞ്ച് റോള്‍ ഫിലിമുകളാണ് ഉണ്ടായിരുന്നത്.ജീവിച്ചിരിക്കുന്നവര്‍ക്ക് ഇനിയെന്ത് ചെയ്യാനാകും എന്നതാണ് കൂടെയുള്ള പത്രപ്രവര്‍ത്തകരുടെ പ്രധാന വിഷയവും. അവയെല്ലാം അക്കാലത്ത് സിറാജിലും മാധ്യമത്തിലും ഗൃഹ ലക്ഷ്മിയിലുമൊക്കെയായി വാര്‍ത്താപരമ്പരകളായി വന്നു.


എക്സിബിഷനുകള്‍.
പത്രങ്ങളിലും മാസികകളിലും ചിത്രത്തോട് കൂടിയ വാര്‍ത്തകളും വന്നിട്ടും ധാരാളം ഫോട്ടോകള്‍ ആളുകളിലെത്താതെ ബാക്കിയായി വന്നു.അങ്ങിനെയാണ് ഭാഷാപണ്ഡിതനും സാഹിത്യകാരനവുമായ എംഎന്‍ കാരശ്ശേരിയും പ്രശസ്ത ചെറുകഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംക്കടവും ഈ ഫോട്ടോകള്‍ ഉള്‍പ്പെടുത്തി എക്സിബിഷന്‍ നടത്താന്‍ പ്രേരിപ്പിച്ചത്.കോഴിക്കോട് ലളിതകലാ അക്കാദമിയില്‍ ആദ്യ പ്രദര്‍ശനം.എന്‍ ‍ഗോപാലകൃഷ്ണനായിരുന്നു ഉദ്ഘാടകന്‍.അഞ്ചു ദിവസത്തിനുള്ളില്‍ നൂറോളം പ്രദര്‍ശനങ്ങള്‍ക്ക് വേണ്ടി ആവശ്യക്കാര്‍ മുന്നോട്ട് വന്നു. ഗുജറാത്ത് ഭൂകമ്പത്തിന്‍റെ ആദ്യത്തെ ഫോട്ടോകളുടെ എക്സിബിഷനായിരുന്നു അത്.അധികവും സ്കൂളുകളിലാണ് നടത്തിയത്.ചാനലുകളും സോഷ്യല്‍ മീഡിയയും വ്യാപൃതമാകാതിരുന്ന ആ കാലത്ത് ഈ ഫോട്ടോ പ്രദര്‍ശനങ്ങള്‍ ഏറെ ജനപങ്കാളിത്തത്തോടെയാണ് സ്വീകരിക്കപ്പെട്ടത്.ഇതിനിടെ മാധ്യമം പത്രത്തില്‍ ഫോട്ടോഗ്രാഫറായി ജോലി.2003ല്‍ നഷ്ടബാല്യം എന്ന പ്രമേയത്തില്‍ മറ്റൊരു എക്സിബിഷനും നടത്തി.പല രീതിയില്‍ കേരളത്തിലും പുറത്തമുള്ള നിരവധി കുട്ടികളുടെ ബാല്യം നഷ്ടപ്പെട്ട് പോകുന്നതായിരുന്നു വിഷയം.ബോബേറില്‍ കാലുപോയ ഹസ്ന,എന്‍ഡോസള്‍ഫാനില്‍ ഇരയാക്കപ്പെട്ട കുട്ടികള്‍,അച്ഛന് എയിഡ്സ് രോഗം വന്നതിന് സ്കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട കുട്ടികള്‍,.. കോര്‍ത്തിണക്കിയ കരുണയില്ലാതെ പോകുന്ന കേരളീയ ജീവിതത്തിന്‍റെ ചിത്രങ്ങള്‍ തുറന്ന് വെക്കുന്നതായിരുന്നു നഷ്ടബാല്യം എന്ന എക്സിബിഷന്‍. കറുത്തവനെ എന്നും അകറ്റിനിര്‍ത്തപ്പെടുന്ന അവസ്ഥയെ കാക്കയുടെ ഫ്രെയിമിലൂട അവതരിപ്പിച്ച കാക്കത്തൊള്ളായിരത്തി ഒന്ന്, പെണ്‍നോവ്,ഗോഡ്സ് ഓണ്‍ കണ്‍ട്രി,ഫലസ്തീനി കുട്ടികളുടെ ജീവിതം കാണിച്ച ഒലിവ് ഇലയിലെ ഇളം ചോര അങ്ങിനെ തുടങ്ങി നാലായിരത്തോളം എക്സിബിഷനുകള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇതിനകം നടത്തിക്കഴിഞ്ഞു.


കുടുംബം
ഫോട്ടോഗ്രാഫി രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നത് പോലെയാണ് ഇപ്പോഴത്തെ അജീബിന്‍റെ കുടുംബം.മക്കളായ അഖില്‍ കൊമാച്ചിയും അഖിന്‍ കൊമാച്ചിയും ഫോട്ടോഗ്രാഫിയുടെ വഴിയെയാണ് സഞ്ചരിക്കുന്നത്.കൊച്ചുമകള്‍ അഖിയ താനിഷയും നന്നായി ചിത്രമെടുത്ത് വളരുകയാണ്.ചെറുപ്പം മുതലേ കാണുന്നത് കൊണ്ടാവാം, അവരും പിതാവിന്‍റെ വഴിയെ ക്യാമറക്കണ്ണിലൂടെ സഞ്ചരിച്ച് വരികയാണ്.

മരണത്തിനും ജീവിതത്തിനും ഇടക്കാണ് പലപ്പോഴും സാഹസിക ഫോട്ടോഗ്രാഫര്‍മാരുടെ ജീവിതം.ഫോട്ടോ പകര്‍ത്താന്‍ വേണ്ടി ശ്രമിക്കുമ്പോള്‍ അവര്‍ അവരുടെ ശരീരത്തെപോലും മറക്കുന്നു.ലാത്തി ചാര്‍ജ് നടക്കുമ്പോള്‍ അതിന്‍റെ തീവ്രതയാര്‍ന്ന ചിത്രം ലഭിക്കാനായിരിക്കും അക്കൂട്ടത്തിലേക്ക് ഓടിക്കയറാനാണ് ഫോട്ടോഗ്രാഫര്‍ ശ്രമിക്കുക. റെയില്‍വെ സ്റ്റേഷനിലോ മറ്റോ ബോംബ് വെച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ പോകുന്ന പോലീസ് സംഘത്തോടൊപ്പം അവ പകര്‍ത്താന്‍ ഫോട്ടോഗ്രാഫറും നീങ്ങുന്നു.

കുടുംബം


ഭൂകമ്പമോ മറ്റ് പ്രകൃതി ദുരന്തങ്ങളോ സംഭവിക്കുമ്പോള്‍ അവയില്‍ നിന്ന് ഓടിയകലാന്‍ ശ്രമിക്കുമ്പോള്‍ അതിലേക്ക് ചെന്നെത്തി അതിന്‍റെ തീവ്രതയാര്‍ന്ന ചിത്രം പകര്‍ത്താനായിരിക്കും ഫോട്ടോഗ്രാഫര്‍ ശ്രമിക്കുക.ഒരുപക്ഷെ ലേഖകന് മാറി നിന്ന് വിവരം ശേഖരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാം.എന്നാല്‍ ഫോട്ടോഗ്രാഫര്‍ക്ക് മാറിനിന്ന് വിലയിരുത്താനാവില്ല.

എന്നും വ്യത്യസ്തതകളിലേക്കാണ് ഒരു ഫോട്ടോ ജേണലിസ്റ്റിന്‍റെയും സഞ്ചാരം.ആ വ്യത്യസ്തത ഉള്‍ക്കൊള്ളാന്‍ എഡിറ്റര്‍ക്കും സാധിക്കുമ്പോഴേ പലതും പത്രമാധ്യങ്ങളില്‍ വെളിച്ചം കാണുകയുള്ളൂ.സെല്‍ഫികളുടെയും മൊബൈല്‍ ഫോട്ടോകളുടെയും പ്രസരിപ്പിന്‍റെ കാലത്ത് ഒരു ശരാശരി ഫോട്ടോഗ്രാഫറുടെ ജോലി ക്ലേശകരമാണെങ്കിലും പ്രതിഭകളെ അവസരങ്ങള്‍ തേടിയെത്തികൊണ്ടേയിരിക്കും.
സെക്കന്‍റുകളുടെ നേരിയ അംശങ്ങളിലാണ് പലതും സംഭവിക്കുന്നത്.അവിടെ നിതാന്ത ജാഗ്രതയോടെ, സൂക്ഷമമായ കണ്ണുകളോടെ ക്ഷമയോടെ കാത്തിരുന്ന് സര്‍ഗാത്മകമായി ക്യാമറ ചലിക്കുമ്പോഴാണ് ഒരു ക്യാമറാമാന് നല്ല ചിത്രങ്ങള്‍ കിട്ടുന്നത്.
ചില ചിത്രങ്ങള്‍ മനസ്സുകളെ പിടിച്ചിരുത്തും.ഓര്‍മ്മിക്കും,മറ്റു ചിലത് കാലങ്ങളോളം നമ്മെ വേദനിപ്പിക്കും.

No comments:

Post a Comment