Tuesday, January 8, 2019

ഇങ്ങിനെ പോയാല്‍ മുസ്ലിം പെണ്‍കുട്ടികള്ക്ക്‍ പഠിച്ചു മതിയാകും.

ഏത് വരെ പഠിച്ചു ?
പഠിത്തം കഴിഞ്ഞിട്ടില്ല.
ഞാന്‍ പ്ലസ് ടു കഴിഞ്ഞപ്പോള്‍ നിര്‍ത്തി.വീട്ടില്‍ ഞാന്‍ ഒറ്റ മോനാണേ..
അതോണ്ട്, പഠിത്തം നിര്‍ത്തണോ?
അതുകൊണ്ടല്ലാ…. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംമൂലം പഠിത്തം നിര്‍ത്തേണ്ടിവന്നതാണ്.
ങ്ങള് പ്ലസ് ടു ജയിച്ചിട്ടും നിര്‍ത്തിയതാ…?
ജയിച്ചിട്ടല്ല, തോറ്റോണ്ടാ നിര്‍ത്തിയത്.
മുജീബ് റഹ്മാന്‍...സോറി !.
അടുത്തിടെ മലയാളികണ്ട സുഡാനി ഫ്രം നൈജീരിയ ചിത്രത്തിലെ കോമഡി സീനായിട്ടാണ് നായകന്‍റെ ഈ പെണ്ണുകാണല്‍ ചടങ്ങ് കാണിക്കപ്പെടുന്നത്.
മലബാറിലെ മുസ്ലിം യുവാക്കളുടെ വിദ്യാഭ്യാസപരമായ പിന്നാക്ക അവസ്ഥ ഭാവിയില്‍ കോമഡിയായി മാറുന്നിടത്തേക്ക് തന്നെയാണ് പോകുന്നത്.പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് നിരന്തര പ്രധാന്യം നല്‍കിയപ്പോള്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസപരമായി മുന്നേറുകയും ആണ്‍കുട്ടികള്‍ വഴിയിലെപ്പോഴോ പിറകോട്ട് സഞ്ചരിക്കുന്നതുമായ സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.
കഴിഞ്ഞ വര്‍ഷം മലപ്പുറം ജില്ലയില്‍ 5700 പേര്‍ക്കാണ് പ്ലസ് ടുവില്‍ എപ്ലസ് ലഭിച്ചത്.അതില്‍ നാലായിരം പേരും പെണ്‍കുട്ടികളാണ്. ഡിഗ്രിക്ക് സര്‍ക്കാര്‍ സീറ്റ് കുറവുള്ള മലപ്പുറം പോലുള്ള സ്ഥലങ്ങളില്‍ അവിടത്തെ സര്‍ക്കാര്‍ കോളേജുകളില്‍ സ്വാഭാവികമായും പഠിക്കാന്‍ അവസരം കിട്ടുന്നത് പെണ്‍കുട്ടികള്‍ക്ക് മാത്രമാണ്.അതുകൊണ്ടാണ് ഫറൂഖ് പോലുള്ള കോഴിക്കോട്ടേ കോളേജില്‍ 80 ശതമാനവും പെണ്‍കുട്ടികളാവുന്നത്.ഇതെ സംബന്ധിച്ച് 2014 ല്‍ ദ ഹിന്ദുവില്‍ അബ്ദുലത്വീഫ് നഹ റിപ്പോര്‍ട്ട് ചെയ്തതോര്‍ക്കുന്നു.
ഇതിന്‍റെ ഫലമായി നേരിടുന്ന സാമൂഹികമായ പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നുണ്ട് പിഎസ് റംഷാദ് എഴുതിയ ലേഖനം.
പെണ്ണിന് ഉയര്‍ന്ന വിദ്യാഭ്യാസം, ആണിന് വിദ്യാഭ്യാസമില്ലായ്മ.
യോഗ്യതയുള്ള വരനെ കിട്ടാത്ത അവസ്ഥ.
വിദ്യാഭ്യാസമുള്ള പെണ്ണിനെ കെട്ടാന്‍ പേടി.
ജോലിയുള്ള പെണ്ണുമായി ഒരുമിച്ചുകൊണ്ടുപോകാന്‍ കഴിയാതെ പിരിയുന്ന ബന്ധങ്ങള്‍.
ഇതിന്‍റെ ഫലമായി പെണ്‍കുട്ടികളെ ഇനിയെന്തിന് കൂടുതല്‍ പഠിപ്പിക്കുന്നു എന്ന മാതാപിതാക്കളുടെ ആശങ്കകള്‍.
ഉന്നത പഠനം നടത്തിയിട്ടും ആ അറിവിനെ ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥ.
അങ്ങിനെ തുടങ്ങി നിരവധി പ്രശ്നങ്ങളെ സംബന്ധിച്ച് റംഷാദിന്‍റെ ലേഖനം പരാമര്‍ശിക്കുന്നത്.
https://www.samakalikamalayalam.com/…/മുസ്ലിം-ആണ്കുട്ടികള്ക…
പരിഹാര മാര്‍ഗങ്ങളെ കുറിച്ച് വിവിധ സംഘടനകള്‍ പലതും മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും ഇനിമുതലെങ്കിലും സര്‍ക്കാര്‍ കോളേജുകളില്‍ ആണ്‍കുട്ടികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നുതന്നെയാണ് എനിക്കും തോന്നുന്നത്.അല്ലാതെ പാരലല്‍ കോളേജിലോ ഡിസ്റ്റന്‍സ് എഡ്യുക്കേഷനോ പറഞ്ഞയച്ചതുകൊണ്ട് കാര്യമില്ല.അങ്ങിനെ കോഴ്സുകള്‍ ചെയ്തവരെല്ലാം വലിയ പ്രതിസന്ധി അനുഭവിക്കുന്നതാണ് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.


No comments:

Post a Comment