Monday, January 7, 2013

അധ്യാപക യോഗ്യതാപരീക്ഷയിലെ കാണാപ്പുറങ്ങള്‍

അധ്യാപക യോഗ്യതാപരീക്ഷയിലെ കാണാപ്പുറങ്ങള്‍
അടുത്ത കാലത്തായി നടന്ന അധ്യാപക യോഗ്യതാ പരീക്ഷകളും അവയുടെ
വിജയശതമാനത്തിലുള്ള വലിയ പരാജയവും മുന്‍ നിറുത്തി അധ്യാപകരെ
വിലകുറച്ചുള്ള നിരീക്ഷണം നടത്തുന്ന വാര്‍ത്തകളും എഡിറ്റോറിയല്‍
ലേഖനങ്ങളും പത്രമാധ്യമങ്ങളില്‍ കണ്ടു.

തീര്‍ച്ചയായും ആശങ്കയുളവാക്കുന്നതാണ് അധ്യാപക യോഗ്യതാ പരീക്ഷകളിലെ
കൂട്ടത്തോല്‍വി എന്ന കാര്യത്തില്‍ സംശയമുള്ളവരുണ്ടാകില്ല. ഭാവി തലമുറയെ
കരുപിടിപ്പേക്കേണ്ട ഭാരിച്ച ഉത്തരവാദിത്തമുള്ള അധ്യാപകരില്‍ ഭൂരിഭാഗവും
അവരുടെ യോഗ്യതാപരീക്ഷകളില്‍ തോറ്റുപോകുന്നവരാണെന്ന പുറത്തറിയുമ്പോള്‍
ഇത്രയേയുള്ളൂ അധ്യാപകരുടെ യോഗ്യതയെന്ന് ഏതൊരാള്‍ക്കും തോന്നും. ഇത് ഈ
പ്രശ്‌നത്തിന്റെ ഒരു വശം. ഈ വശമാണ് മാധ്യമങ്ങളില്‍ എഡിറ്റോറിയല്‍
ലേഖനങ്ങളായി അധികപേരും ഉന്നയിച്ചതും.
എന്നാല്‍ ഇതിന്റെ കാരണങ്ങള്‍തേടി അന്വേഷിക്കുമ്പോളാണ് മറ്റു ചില
വസ്തുതകള്‍ ഈ തോല്‍വിക്ക് പിന്നിലുണ്ടെന്ന് ബോധ്യമാകൂ.
വിവിധ ക്ലാസുകളിലേക്ക് അധ്യാപകരാന്‍ നടത്തുന്ന പരീക്ഷകളാണ് നെറ്റ്
(നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്), സെറ്റഅ (സ്റ്റേറ്റ് എലിജിബിലിറ്റി
ടെസ്റ്റ്) അവസാനം വന്ന ടെറ്റ്( കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ്)
എന്നിങ്ങനെയുള്ളവ.

വിവിധ അധ്യാപക പരിശീലന കോഴ്‌സുകള്‍ കഴിഞ്ഞ് അധ്യാപക ജോലിക്ക്
പ്രവേശിക്കേണ്ടവര്‍ ഈ യോഗ്യത പരീക്ഷ കൂടി ജയിക്കണം എന്നതാണ് കടമ്പ.
വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ചുവട് പിടിച്ചാണ് ടെറ്റ് അവസാനം നിലവില്‍
വന്നത്. ഇവിടെ പ്രസക്തമായ ചോദ്യം ഒരു യോഗ്യതാപരീക്ഷയിലൂടെ
തെളിയിക്കാവുന്ന ഒന്നാണോ അധ്യാപനത്തിന്റെ കഴിവ് എന്നതാണ് ? ധാരാണം
മനശാസ്ത്രജ്ഞരുടെ പേരുകളും ചില ചോദ്യോത്തരങ്ങളും പരീക്ഷകനെ
ആശയകുഴപ്പത്തിലാക്കുന്ന മറ്റു ഒപ്ഷനുകളും നല്‍കിയാണല്ലോ പിഎസ്‌സി
പരീക്ഷയെപ്പോലെ അധ്യാപക യോഗ്യതാപരീക്ഷകളിലും ചോദ്യങ്ങള്‍
വരുന്നത്.ഏഴാംതരവും,പത്താംതരവും വിജയിച്ച ആളുകളുടെ നിലവാരത്തിലേക്കെന്ന്
പറഞ്ഞ് പിഎസ് സി നടത്തുന്ന പരീക്ഷകളില്‍ ലക്ഷകണക്കിനാളുകളാണ്
പങ്കെടുക്കാറുള്ളത്. ഏഴാം ക്ലാസ് യോഗ്യതയുള്ളവര്‍ മുതല്‍
ബിരുദാനന്തരബിരുദമുള്ളവര്‍ വരെ ഈ പരീക്ഷകള്‍ എഴുതാറുമുണ്ട്.ശേഷം ഫലം
പുറത്തുവരുമ്പോളുണ്ടാകുന്ന വിജയശതമാനക്കുറവ് ആരും പരിഗണിക്കാറില്ല. ഇവിടെ
കേരളത്തില്‍ അധ്യാപക യോഗ്യതാപരീക്ഷകളിലെ തോല്‍വിമാത്രം ഹൈലേറ്റ് ചെയ്ത്
അധ്യാപകരെല്ലാം യോഗ്യതയില്ലാത്തവരാണെന്ന് വരുത്തി തീര്‍ക്കാനുള്ള
ആസൂത്രിത നീക്കമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സര്‍ക്കാറിന്റെ വീഴ്ചകള്‍ പരാമവധി മറച്ചുവെക്കാനുള്ള നീക്കങ്ങളുടെ
ഭാഗമായിമാത്രമെ ഇതിനെ കാണാനാകൂ. അധ്യാപക യോഗ്യതാപരീക്ഷകളായ സിടിഇടി
രണ്ടുവര്‍ഷം മുമ്പാണ് ആരംഭിച്ചത്. എന്നാല്‍ സിടിഇടി പരീക്ഷക്ക് പോലും
പരീക്ഷ എഴുതിയ ഉദ്യോഗാര്‍ഥിക്ക് ചോദ്യപേപ്പറുകള്‍ നല്‍കാറുണ്ട്.
ഇപ്രകാരം പരീക്ഷ എഴുതിയ ആള്‍ക്ക് ചോദ്യങ്ങള്‍ പരിശോധിക്കാനും
തെറ്റുണ്ടെങ്കില്‍ കണ്ടുപിടിക്കാനും അവസരം ലഭിക്കുന്നു. എന്നാല്‍ കേരള
സര്‍ക്കാര്‍ നടത്തുന്ന ടെറ്റ് പരീക്ഷാചോദ്യപേപ്പര്‍ എന്തുകൊണ്ടാണ് പരീക്ഷ
എഴുതിയവര്‍ക്ക് തിരിച്ചുകൊടുക്കാത്തതെന്ന ചോദ്യത്തിന് അധികൃതര്‍ ഇതുവരെ
ഉത്തരം പറഞ്ഞിട്ടില്ല.
ഈ വിഷയത്തില്‍ പ്രധാനമായും വന്ന ആക്ഷേപം പുതുതായി വരുന്ന അധ്യാപകര്‍
വേറൊരു ജോലിയും കിട്ടാത്തതിനാല്‍ ഈ മേഖലയിലേക്ക് വരുകയാണെന്നാണ്. ഇതില്‍
കഴമ്പില്ലാതില്ല.പഴയതൊക്കെ നല്ലതാകുകയും ഇപ്പോഴത്തേത് മോശകരമാകുമെന്നൊരു
വാദം ഇതില്‍ ഒളിഞ്ഞുകിടപ്പുണ്ട്. കഴിവ് പുതിയവര്‍ക്കു മാത്രം
നിര്‍ബന്ധമാണെന്ന് വാശിപിടിക്കരുത്. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ ഇടക്കിടക്ക് അധ്യാപകരുടെ യോഗ്യത പരിശോധിക്കുന്ന സംവിധാനം നിലവിലുണ്ട്. അത്തരമൊരു സംവിധാനം ഇന്ത്യയിലും വരേണ്ടതുണ്ട്. നിലവില്‍ ജോലി ചെയ്യുന്നവരുടെ യോഗ്യതയും ഒന്ന്  പരിശോധിക്കുന്നതില്‍ എന്താണ് തെറ്റ് ?.

നിലവില്‍ 20 ഉം 30 വര്‍ഷത്തെ സര്‍വീസുള്ള അധ്യാപകര്‍ക്ക് നെറ്റ്, സെറ്റ്,
ടെറ്റ് പരീക്ഷ കള്‍ ആവശ്യമില്ല.സര്‍ക്കാര്‍ ജോലി കിട്ടുന്നതുവരെയാണ്
പ്രയാസം ,കിട്ടി കഴിഞ്ഞാല്‍ പഠനമൊക്കെ നിലച്ചുപോകുന്ന സ്ഥിതിവിശേഷമാണ്
നിലവിലുള്ളത്. ഈയൊരു സാഹചര്യത്തില്‍ മേല്‍ സൂചിപ്പിച്ച പരീക്ഷകള്‍
സര്‍വീസിലുള്ളവര്‍ക്ക് കൂടി നടത്തുകയും അവരൊക്കെ പുതിയ അധ്യാപകരേക്കാള്‍
എത്ര യോഗ്യതയുള്ളവരാണെന്ന് തെളിയിച്ചാല്‍മാത്രമെ പുതുതായി വരുന്നവര്‍ക്ക്
വിവരം അല്ലെങ്കില്‍ കഴിവുകള്‍ കുറവാണ് എന്ന ഇത്തരം ആക്ഷേപം ശരിയാണെന്ന്
ബോധ്യപ്പെടുത്താനാകൂ. അല്ലാത്ത പക്ഷം അധ്യാപക യോഗ്യതാപരീക്ഷകള്‍ അധ്യാപക
പരിശീലനത്തിന് മുമ്പ് നടത്താന്‍ അധികൃതര്‍ തയ്യാറാകണം. എങ്കില്‍ അധ്യാപക
അഭിരുചിയുള്ള ആളുകള്‍ മാത്രം അധ്യാപക പരിശീലനം നേടുകയും അതുവഴി നല്ല
അധ്യാപകരെ വാര്‍ത്തെടുക്കാനും കഴിയുമല്ലോ. ലക്ഷങ്ങളുടെ ബിസിനസ് ആക്കി
മാറ്റിയ അധ്യാപക പരീശീലന രംഗത്തെ സ്വാശ്രയ സ്ഥാപനങ്ങളെ വളര്‍ച്ചയെ
സ്വാധീനിക്കുന്ന നടപടികള്‍ക്ക് ഈ സര്‍ക്കാര്‍ തുനിയുമോ എന്ന കാര്യത്തില്‍
ഒട്ടും പ്രതീക്ഷക്ക് വകയില്ല.


അധ്യാപക പരിശീലനം നേടിയവരുടെ മൂല്യതകര്‍ച്ച കുറ്റപ്പെടുത്താന്‍ എളുപ്പമാണ്. എന്നാല്‍ വാസ്തവത്തില്‍ ഈ വിദ്യാര്‍ഥികളുടെനിലവാരമില്ലായ്മകൊണ്ടല്ല അധ്യാപക യോഗ്യതാപരീക്ഷകളില്‍ പരാജയം സംഭവിക്കുന്നത്. അധ്യാപക പരിശീലന കോഴ്‌സുകളുടെ വാര്‍ഷിക പരീക്ഷയില്‍ ഫസ്റ്റ് ക്ലാസ് മുതല്‍  ഉന്നത മാര്‍ക്ക് നേടിയാണ് പലരും കോഴ്‌സ്
പുര്‍ത്തിയാക്കുന്നത്. എന്നാല്‍ ഇവര്‍ക്കെല്ലാവര്‍ക്കും അധ്യാപക യോഗ്യതാപരീക്ഷയില്‍ വിജയിക്കാന്‍ സാധിച്ചിട്ടില്ല്‌ല്ലോ.അപ്പോള്‍ പഠനം നടത്തുന്ന സിലബസിനോ അല്ലെങ്കില്‍ പരീക്ഷയുടെ സിലബസിനോ കാര്യമായ കുഴപ്പമുണ്ട്. 

ഇവിടെ പരീക്ഷയില്‍ വിജയിച്ചവരില്‍ അധികപേരും പ്രത്യേക
പരിശീലന ക്ലാസുകളില്‍ മാസങ്ങളോളം പരിശീലനം നേടിയവരാണ്.ഈ പരീക്ഷ
എഴുതിയത്‌കൊണ്ട് ജോലിയൊന്നും കിട്ടില്ലെന്ന് അറിയാവുന്നതിനാല്‍ അധികപേരും
വന്‍ പണം ചിലവഴിച്ച് പരിശീലന കോഴ്‌സുകളില്‍ ചേര്‍ന്നിട്ടില്ല.
എല്ലാവരെകൊണ്ടും അതിന് സാധിക്കുകയുമില്ല. അങ്ങിനെയാണെങ്കില്‍ ഈ
യോഗ്യതാപരീക്ഷ എഴുതുന്നതിന് പകരം വിവിധ പിഎസ് സി പരീക്ഷക്കുള്ള
പരിശീലനത്തില്‍ ചേരുന്നപ്രവണതയുണ്ടാകുമായിരുന്
നു.സര്‍ക്കാറിന്റെ ഇത്തരം
യോഗ്യതാ പരീക്ഷള്‍ ഏറ്റവും ഉപകാരപ്രദമായത് ഇവിടത്തെ വിവിധ പരീക്ഷകളുടെ
പരിശീലന സ്ഥാപനങ്ങള്‍ക്കും ഗൈഡ് പുസ്തക കമ്പനികള്‍ക്കുമാണ്.
പൂരം കഴിഞ്ഞ് വെടിപൊട്ടിക്കുകയെന്ന പഴഞ്ചൊല്ല്‌പോലെയാണ്
ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍ സമീപനം. അധ്യാപന പരിശീലനം
കഴിഞ്ഞിറക്കിയവര്‍ക്ക് യോഗ്യതയുണ്ടോ എന്ന് പരിശോധിക്കുന്നതിനേക്കാള്‍
നല്ലത് അധ്യാപക പരിശീലന കോഴ്‌സുകളിലേക്കുള്ള പ്രവേശനം
അഭിരുചിയുള്ളവര്‍ക്ക് മാത്രമാകലല്ലേ. ഇങ്ങിനെയാകുമ്പോള്‍
അഭിരുചിയില്ലാത്തവര്‍ കോഴ്‌സിന് ചേരേണ്ടതില്ല. ഇപ്രകാരമല്ലാതെ കോഴ്‌സ്
പൂര്‍ത്തിയാക്കുകയും അവര്‍ക്ക് സര്‍ക്കാര്‍ മേഖലയിലല്ലെങ്കില്‍
അണ്‍എയിഡഡ് മേഖലയില്‍ പരീക്ഷ എഴുതി യോഗ്യത നേടാതെയും അധ്യാപകരാകാം.
അതിന്റെ ദോഷവും കുട്ടികള്‍ക്ക് തന്നെയാണ്.

2 comments:

  1. Thanks to Mathrubhoomi .They had published this article

    ReplyDelete
  2. Congrats....

    The post is really thought provoking. Planned to share the link via. www.english4keralasyllabus.com but there is no sharing option attached with the post. Please enable it.

    ReplyDelete