Sunday, September 2, 2012

ഓണപ്പതിപ്പുകള്‍ പതിപ്പുകള്‍ -2012

ഓരോ ഓണ നാളിലും അല്‍പ്പമെങ്കിലും ഭേദപ്പെട്ട വായനാനുഭവം നല്‍കുന്ന വാര്‍ഷിക പതിപ്പുകള്‍ ഇറങ്ങുന്നത് ഏറെ സന്തോഷം നല്‍കുന്നു. ഓണത്തിന് ലഭിക്കുന്ന അവധികളില്‍ ഇവ കൂടെയുണ്ടല്ലോ എന്ന സന്തോഷമുണ്ട്.
നല്ല ഒരുപിടി കഥകള്‍, അഭിമുഖങ്ങള്‍, യാത്രാനുഭവങ്ങള്‍ അങ്ങനയങ്ങിനെ....

വാരികകളുടെ വായന കുറവാണെങ്കിലും വാര്‍ഷിക പതിപ്പുകള്‍ നല്ലതോതില്‍ വിറ്റുപോകുന്നുണ്ടെന്നാണ് തോന്നുന്നത്.
'കഥയുടെ കഥ'മുഖ്യ പ്രമേയമാക്കി പുറത്തിറക്കിയ മാതൃഭൂമി വാര്‍ഷിക പതിപ്പിന് നല്ലഡിമാന്റാണ് മലപ്പുറം ജില്ലയിലെന്നു തോന്നുന്നു. മൂന്ന് അങ്ങാടികളിടെ പുസ്തക വില്‍പ്പനശാലകളില്‍ കയറിയിറങ്ങിയിട്ടും കിട്ടിയില്ല. വിറ്റു തീര്‍ന്നുവെന്നാണ് അരീക്കോട്, വണ്ടൂര്‍, മഞ്ചേരി എന്നിവിടങ്ങളിലെ കച്ചവടക്കാര്‍ പറഞ്ഞത്. ഇനി തേടിവരുമ്പോള്‍ വായിക്കാം.

'മനോരമയെങ്കില്‍ മനോരമ ' അധിക പ്രതീക്ഷക്ക് വകയില്ലാതെയാണ് മലയാള മനോരമയുടെ വാര്‍ഷിക പതിപ്പ് വാങ്ങിയത്. മൂന്ന് പുസ്തകങ്ങളായുള്ള വാര്‍ഷിക പതിപ്പില്‍പോലും അവരുടെ കൃത്യമായ രാഷ്ട്രീയ നിലപാടും ഇടതുപക്ഷ സ്‌നേഹിച്ചുകൊല്ലലും മാറ്റിവെച്ചിട്ടില്ല. കവര്‍ ചിത്രങ്ങളില്‍ മൂന്നാംപുസ്തകത്തിലെ വിഎസിന്റെ ഫോട്ടോ മാറ്റിവെച്ചാല്‍ രണ്ടും മാംസളഭംഗിയുള്ള നായികമാരു ഫോട്ടോകളാണ്. വാര്‍ഷികപതിപ്പാണെന്ന് പറഞ്ഞ് ഗമയോടെ ഒരാളെ കാണിക്കാന്‍പോലും കൊള്ളാത്ത വിധം. ചട്ടയേത് ,പേജ് ഏത് എന്ന് മനസ്സിലാകാത്ത വിധം പരസ്യങ്ങള്‍ കീഴടക്കിയതിനെ കുറിച്ച് ഒന്നും പറയുവാനില്ല. പരസ്യങ്ങളില്‍ മനോരമയേക്കാള്‍ ഭേദം മാധ്യമമാണ്. മനോരമയില്‍ അടിവസ്ത്രങ്ങളുടെയും ദീര്‍ഘസമയ സംതൃപ്തിയുടെയും പരസ്യങ്ങള്‍ നിറയുമ്പോള്‍ ബാങ്കുകളുടെയും ട്രാവല്‍സുകളുടെയും പരസ്യങ്ങള്‍ ഉള്‍കൊള്ളിച്ചതിനാല്‍ വീടിന്റെ ഉമ്മറത്തൊക്കെ പരസ്യമാക്കിവെക്കാം. മനോരമ വായിച്ചു കഴിഞ്ഞാല്‍ കവറില്‍ നിന്നിറക്കാറില്ല.

കവറില്‍ പത്മനാഭന്റെ പഴയ ഫോട്ടോ ആണെങ്കിലും മാധ്യമവും വര്‍ത്തമാനം, ചന്ദ്രികയുമൊക്കെ നീതിപുലര്‍ത്തി. ബാംഗളൂരുവിലൊക്കെ ഒരു പുസ്തകം വാങ്ങുംമുമ്പ് അതെടുത്ത് അല്‍പ്പം മറിച്ചുനോക്കാനും വായിക്കാനുമൊക്കെ ഉപഭോക്താവിന് അവകാശം ലഭിക്കാറുണ്ട്. കൊള്ളാവുന്നതാണെങ്കില്‍ വാങ്ങിയാല്‍ മതി. പക്ഷെ ഇവിടെ ഇതുപറ്റില്ല. അധികം മറിച്ചുനോക്കിയാല്‍ നിനക്ക് വേണേങ്കിലെടുത്തോ എന്ന് കച്ചവടക്കാരന്‍ പറഞ്ഞേക്കും. ഇത്തരത്തില്‍ ആരെങ്കിലും പേജുകളെങ്ങാനും മറി്ച്ചുനോക്കി പരസ്യവും ഉള്ളടക്കത്തെ സംബന്ധിച്ചുള്ള ധാരണയെങ്ങാനും ഉപഭോക്താവിന് കിട്ടുമോ എന്ന് ഭയന്നതുകൊണ്ടാണെന്നൊന്നും അറിയില്ല. കവറിലടച്ചാണ് വില്‍പ്പനക്ക് വെക്കാറുള്ളത്. (പ്ലാസ്റ്റിക് നിരോധനം: 30 മൈക്രോണിന് താഴെയാണോ പത്രങ്ങളുടെ കവറുകള്‍ വരാറുള്ളത് എന്നൊന്നും ചോദിക്കരുത് )

മലയാളമനോരമ വാര്‍ഷിക പതിപ്പില്‍ ഒരു മാതൃഭൂമി ടച്ച് വരുത്താന്‍ ചില ഭാഗങ്ങളിലൊക്കെ ശ്രമിച്ചെന്ന് തോന്നുന്നുണ്ട്. കെപി രാമനുണ്ണിയുടെ കഥയും ചിത്രവും പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ബീച്ച്‌ഹോട്ടല്‍ ചിത്രങ്ങളും ആനന്ദിന്റെ 'രുചി' തുടങ്ങിയവയുടെയെല്ലാം അനുബന്ധമായി ചേര്‍ത്ത ശരീര കോലങ്ങള്‍ മാതൃഭൂയിലെ ശരീഫിന്റെ ടിപ്പിക്കല്‍ ശൈലിയെ അനുകരിച്ചത്‌പോലുണ്ട്. എംടിയുടെ അനുഭവം, ശിഹാബുദ്ദീന്‍ പൊയ്തുംകടവ്, എന്‍ പ്രഭാകരന്‍, ടി പത്മനാഭന്‍ എന്നിവരുടെ കഥകള്‍ ഇഷ്ടമായി.

മാധ്യമത്തിലും മനോരമയിലെയും അഭിമുഖങ്ങള്‍ ഫഹദ് ഫാസില്‍, അഞ്ജലി മേനോന്‍ സമാനമായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നു. വിഎസിന്റെ അഭിമുഖം നടത്തുന്നതിന്റെ ചേതോവികാരമൊക്കെ മനോരമയുടെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തിയാല്‍ മതി.
കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന്  കാര്യമായ വ്യത്യസം മാധ്യമം വാര്‍ഷിക പതിപ്പിലുണ്ടെന്ന് തോന്നുന്നില്ല. ടി പത്മനാഭന്റെ കഥയുണ്ടെങ്കില്‍ ആദ്യ ഭാഗത്തു തന്നെ അതുണ്ടാകും. ഇത്തവണയും തഥൈവ.

No comments:

Post a Comment