Wednesday, May 23, 2012

ഹൃദയങ്ങള്‍ക്കുള്ളിലെ ഉത്സവങ്ങള്‍.........


രണ്ടു മാസസത്തെ വേനവധിയില്‍ ഏറെ സന്തോഷംതോന്നുന്നത് മെയ്മാസത്തിലാണ്. മെയ് മാസത്തിലെ മിക്കവാറും രണ്ടാം വാരത്തിലാണ് ശാസ്തവങ്ങോട്ടുപുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം അരങ്ങേറുക.
കുട്ടിക്കാലത്തെ ഉത്സവപറമ്പിന്റെ ഓര്‍മ്മ ചീറ്റിയടിച്ച മഴ കൊണ്ട ജാലകംപോലെയാണ്. അന്ന് ഉപ്പയുണ്ടായിരുന്നു. ഉപ്പയുടെ കൈവിരല്‍ പിടിച്ച് രാത്രി ഉത്സവത്തിന് പോയതും എന്തോ ഒരു മാജിക് കണ്ടതായുമുള്ള ഓര്‍മ്മമാത്രം. താലപ്പൊലിപറമ്പിലെ ആല്‍മരത്തിന്റെ എതിര്‍വശത്തായിരുന്നു അന്ന് മാജിക്കും നാടകവും അരങ്ങേറിയ സ്‌േേറ്റജുണ്ടായിരുന്നത്.


അന്നൊക്കെ താലപ്പൊലിയുടെ രണ്ടാഴ്ച മുമ്പെ വീടിന്റെ മൂന്ന് മീറ്റര്‍മാത്രം അകലെയുള്ള കുഞ്ഞന്‍ കാളകളെ കെട്ടുമായിരുന്നു. അവയ്ക്കുള്ളില്‍ വെക്കാനുള്ള വൈക്കോല്‍ വീട്ടില്‍ നിന്നാണ് പലപ്പോഴും കൊണ്ടുപോയിരുന്നത്.ആ കാളയുമായി പ്രത്യേക താളത്തില്‍ ചെണ്ടകൊട്ടി കുഞ്ഞന്‍ വീട്ടില്‍ വന്നിരുന്നതും പണവും നെല്ലും കൊടുത്തതും പഴയ ഓര്‍മ്മകള്‍. പിന്നീടെപ്പോഴോ കുഞ്ഞന്‍ മരിച്ചു.


അന്ന് കാളയുമായി പോകുന്ന കുഞ്ഞന്‍ പാടി
കാല്‍പ്പണത്തിനും
നാഴി നെല്ലിനും
കുഞ്ഞന്റെ കാള കളിക്കൂലാ.......

കാല്‍പ്പണത്തിനും
നാഴി നെല്ലിനും
കുഞ്ഞന്റെ കാള കളിക്കൂലാ.......
ടിന്‍ട്ര...ടിന്‍ട്ര...ട്രിന്‍ട്രക്കണ
ടിന്‍ട്ര...ടിന്‍ട്ര...ടിന്‍ട്രാാ........

താലപ്പൊലിയുടെ താലേന്നാളാണ് വലിയ കാളയെ ഉണ്ടാക്കല്‍. കാവിനോട് ചേര്‍ന്നാണ് ഉണ്ടാക്കാറുള്ളത്. താലപ്പൊലി ദിവസം അതിനെയും വഹിച്ച് കാളക്കണ്ടത്തിലേക്കുള്ള യാത്രയുണ്ട്. എന്തോ അവകാശത്തിന്റേയോ അഹങ്കാരത്തിന്റെയോ ഭാഗമായിട്ടാകാം ഒരു ഗമയോടെത്തന്നെയാണ് അതിന്റെ കൂടെ നടന്നിരുന്നത്. പിറകില്‍ പ്രദേശത്തെ മുസ്്‌ലിം താത്താന്മാരും ഉമ്മമാരുമെല്ലാം അനുഗമിക്കാറുണ്ട്. കാളക്കണ്ടത്തിന്റെ ഒരകുചേര്‍ന്നാണ് അവര്‍ ഈ കാഴ്ചകളൊക്കെ കാണാറുള്ളത്. പിന്നെ പിന്നെ പതിയെ ആ പോക്ക് നിലച്ചു എന്നുവേണം പറയാന്‍.


വിഷു കഴിഞ്ഞാലുടനെ താലപ്പൊലിപറമ്പിലും അമ്പല വഴികളിലും ഉയര്‍ന്ന് നില്‍ക്കുന്ന കൊടിമരങ്ങള്‍ താലപ്പൊലി ഉത്സവത്തിന്റെ സൂചകമായിരുന്നു. കലണ്ടറില്‍ വട്ടമിട്ട് വെച്ചിരിക്കുന്ന ചൊവ്വാഴ്ചയിലേക്കുള്ള ദൂരം കാത്തിരുന്ന് മുഴുമിപ്പിക്കുന്നതെങ്ങിനെയെന്ന് പറയാന്‍ നിസ്സഹായനാണ് ഈയുള്ളവന്‍.

പറയനും, കണക്കനും, ചെറുമനും തുടങ്ങി നായര്‍ക്കും നമ്പൂരിക്കുമെല്ലാം തുല്യപ്രാധാന്യം ഈ ഉത്സവത്തില്‍ കിട്ടിയിരുന്നു. മധ്യകാല കേരളത്തിലെ സവര്‍ണ്ണര്‍ക്കെതിരെ കീഴാളര്‍ക്ക് കിട്ടിയ അപൂര്‍വം സ്വാതന്ത്ര്യ ദിനങ്ങളായിരുന്നു ഉത്സവത്തിന്റെ ദിനങ്ങള്‍. അന്ന് അവര്‍ണ്ണര്‍ക്ക് സവര്‍ണ്ണര്‍ക്കെതിരെ തെറിവിളിക്കാം. അതിനായി പ്രത്യേക  കാളക്കണ്ടംതന്നെ ക്ഷേത്രത്തിലേക്ക് പോകുംവഴിയുണ്ട്.ക്ഷേത്രത്തിലേക്ക് പോകും വഴിയുള്ളത് മനപൂര്‍വ്വമാകാം. ഇന്നും ആ കാളക്കണ്ടത്തില്‍ ഉത്സവ സമയം പച്ചത്തെറികള്‍ ഉയര്‍ന്ന് കേള്‍ക്കാം.
താലപ്പൊലിക്ക് മഴപെയ്യുമെന്ന് ചിലര്‍ ഐതിഹ്യമായി വിശ്വസിക്കുന്നു. ഏതായാലും കാളക്കണ്ടത്തില്‍ പണ്ടൊക്കെ നല്ല ചെളിയായിരുന്നു. ആര്‍ക്കും അടിച്ചു തീര്‍ക്കാനുള്ള വേദിയാണ് കാളക്കണ്ടം. മധ്യകാല കേരളത്തില്‍ നിന്നിരുന്ന അങ്കത്തിന് സമാനമായിട്ടാണ് ഈ അടി. ഏത് പകയും കാളക്കണ്ടത്തില്‍ തല്ലിത്തീര്‍്ക്കുക എന്നതാണ് തീരുമാനം. ഇവിടെ പോലീസ് ഇടപെടല്‍ അന്നുണ്ടായിരുന്നില്ല. കാലത്തിന്റെ മാറ്റത്തിന്റെ കുത്തൊഴുക്കില്‍ ഇന്ന് ഇവ അന്യമായിത്തുടങ്ങി.
താലപ്പൊലിയുടെ രണ്ടു ദിവസം മുമ്പാണ് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള കശുവണ്ടിത്തോട്ടമായ തലാരക്കുന്നില്‍ 'തോട്ടമൊഴിക്കല്‍'നടക്കുക. കശുവണ്ടിത്തോട്ടം ലേലം വിളിച്ചെടുത്തവര്‍ ഒഴിഞ്ഞ്‌പോകുന്ന സമയമാണത്. തോട്ടമൊഴിക്കല്‍ അറിയുന്നതോടെ കുട്ടികളെല്ലാവരും ആ മല കയറി നിരങ്ങും. പച്ചയണ്ടിയും മറ്റും പൊട്ടിച്ചെടുത്ത് പരമാവധി പണമുണ്ടാക്കാനുള്ള ശ്രമങ്ങളാണത്.

 ഒരുക്കികൂട്ടി വല്ലവിധേനയും വില്‍ക്കാനായി ചെന്നാല്‍ പത്ത് രൂപയില്‍ കൂടുതല്‍ കിട്ടിയതായി ഓര്‍മ്മയില്ല. 


ഒരുവര്‍ഷത്തിനിടെ പലപ്പോഴായി കിട്ടിയ തുട്ടുകള്‍ മണ്‍കലംപോലെയുള്ള തൊണ്ടിലാക്കി വെച്ചത് വീടിന്റെ പിറകില്‍പോയി പൊട്ടിക്കുന്നത് താലപ്പൊലിയുടെ തലേനാളാണ്. താലപ്പൊലിയോളം പ്രതീക്ഷകളുണ്ടെങ്കിലും പലപ്പോഴും അവയൊക്കെ അമിട്ട്‌പോലെ പൊട്ടുമെന്നത് മറ്റൊരു യാഥാര്‍ഥ്യം.

താലപ്പൊലിയുടെ തലേന്ന് ആന വരുമ്പോള്‍ അതിനെ അമ്പലത്തിലേക്ക് എത്തിക്കുവരെ അനുഗമിക്കും. ഉപ്പയുള്ള കാലത്ത് രാമന്‍നായരുടെ പാട്ടിന് ആനവരുമായിരുന്നു. ആന വരുന്നതിന്റെ ശബ്ദം കേട്ട് പുറത്തിറങ്ങി ഓടുമ്പോള്‍ അതിന്റെ പിണ്ഡം വാരാന്‍ ഞങ്ങള്‍ കുട്ടികള്‍ മത്സരിച്ചിരുന്നു. കറിവേപ്പിലക്കും തെങ്ങിനും അത് നല്ല വളമായിരുന്നു. ഇന്ന് സങ്കല്‍പ്പിക്കാനാകുമോ..? രാമന്‍നായരുടെ പാട്ടിന് വരുന്ന ആനയെ തളച്ചിരുന്നത് തറവാട്ടിലെ വലിയ പ്ലാവിലായിരുന്നു. മുണ്ടത്തോട്ടിലായിരുന്നു അതിനെ കുളിപ്പിച്ചിരുന്നത്. ആ ആനകളുടെ പേരുകളൊക്കെ ഇപ്പോള്‍ മറന്നുപോയി.

കറങ്ങിനടത്തമാണ് ഉത്സവ ദിനത്തിലെ പ്രധാന പരിപാടി.കൂടെ സുഹൃത്തുക്കളും. കൊണ്ടോട്ടിമുഠായി എന്നറിയപ്പെടുന്ന ശര്‍ക്കര ജിലേബി കഴിക്കല്‍, ഐസ്, ഐസ്‌ക്രീം, ലൈം, തുടങ്ങിയവക്ക് പുറമെ കാറുകള്‍, ജീപ്പുകള്‍ തുടങ്ങിയ കളിക്കോപ്പുകള്‍ വാങ്ങുന്ന കാലം. കൂട്ടുകാരില്‍ ചിലര്‍ ഈ കളിക്കോപ്പുകള്‍ പൊക്കുന്നതില്‍ (മോഷ്ടിക്കുന്നതില്‍ )അഗ്രഗണ്യന്മാരായിരുന്നു. വിറച്ചു വിറച്ച് ഒരു പീപ്പി പൊക്കി ഞാനും അന്ന് കള്ളനായി.

പൊരിയും നുറുക്കും വില്‍ക്കുന്നവര്‍.അലുവ വില്‍പ്പനയോടൊപ്പം ചക്കര ജിലേബി ചൂടോടെ പൊരിച്ചെടുക്കുന്നവര്‍ മോരുംവെള്ളം വില്‍ക്കുന്നവര്‍ വേറെ. ഇവരുടെ വായ അടയണമെങ്കില്‍ താലപ്പൊലി കഴിയണം.ദാമാറ്റി, ദാമാറ്റി, ........തുടങ്ങി ചില പതിവ് മുദ്രാവാക്യങ്ങളുണ്ട്.ഇവയൊക്കെയുണ്ടെങ്കിലും ക്ഷേത്രംവകയായി ആലിന്‍ചുവട്ടില്‍ സൗജന്യമായി മോരുംവെള്ളംഉത്സവങ്ങള്‍ എന്നും മനസ്സില്‍ ആനന്ദം പകരുന്നതാണ്. ജാതിമത ഭേദമന്യേ എല്ലാവരും പങ്കെടുത്ത് ഒരു നാടിന്റെ ഐക്യത്തിന്റെ സംസ്‌കാരം വിളിച്ചോതുന്നതില്‍ ഉത്സവങ്ങള്‍ക്ക് പങ്കുണ്ട്.എന്തോ കാലങ്ങള്‍ കഴിയുംതോറും ഉത്സവങ്ങളുടെ നിറം മങ്ങുകയോണോ , അതോ ഉത്സവങ്ങളുടെ പുതുമ നഷ്ടപെടുകയാണോയെന്നറിയില്ല.


2016 മെയ് 9 ന് രാത്രി 11 ന് യുഎഇയില്‍ നിന്ന് എഴുതിയത് കൂടി ഇവിടെ ചേര്‍ക്കുന്നു.


പാതിരാവായി.
ശരീരത്തെ കിടത്തിയുറക്കാന്‍ ശ്രമിച്ചിട്ടും മനസ്സ് പിണങ്ങിപ്പോകുകയാണ്.
പൂരപ്പറമ്പിലും കാളക്കണ്ടത്തിലും ആലിന്‍ചുവട്ടിലുമൊക്കെയായി കറങ്ങിനടക്കുകയാണവന്‍.
എല്ലാത്തവണ കൂട്ടുകാരുണ്ടാവാറുണ്ട്.രണ്ടു വര്‍ഷമായി ഏകനായി മനസ്സ് മാത്രമേ സഞ്ചരിക്കൂന്നുള്ളൂ..
തിങ്കളാഴ്ച.
പൂരത്തിന്‍റെ തലേ നാള്‍.
എഴുതണമെന്ന് നിനച്ചതേയല്ല.

കീറിയതിനാല്‍ ആരോ റോഡിലുപേക്ഷിച്ച 10 രൂപ നോട്ട് കൊണ്ട് പൂരം ആഘോഷിക്കാന്‍ പോയി.വാങ്ങാനാഗ്രഹിച്ച ചൂടുള്ള ജിലേബി വാങ്ങും മുമ്പ് ചേരീപറമ്പിലെ കുഞ്ഞാപ്പുവോട് ചോദിച്ചു.
"കുഞ്ഞാപ്പോ... ഈ പൈസ എടുക്കുമോ?”
കൂളായി കുഞ്ഞാപ്പുു പറഞ്ഞു, നീ വേറെ കൊണ്ടുവാടാ...
ചൂളിപ്പോയ നേരം ..വലിഞ്ഞു നടന്നു.
പെട്രോ മാക്സിന്‍റെ ചുറ്റും ഇയ്യാം പാറ്റകളെപ്പോലെ കൂടിയിരുന്ന് അവുത്ത് പത്ത്,പുറത്ത് പത്ത് ,.. പറയുന്ന ചേട്ടന്മാരെ കാണാന്‍ കൂടി നില്‍ക്കുന്ന കാണികള്‍ക്കുള്ളിലേക്ക് വലിഞ്ഞുകേറി കുറെ നോക്കി.ഒന്നും മനസ്സിലാകുന്നില്ല.

പോലീസ്.... പെട്ടെന്ന് ആരോ വിളിക്കുന്നു.പെട്രോമാക്സ് കെട്ടു, ഇരുട്ടിലൂടെ ചിതറിയോട്ടം ,
ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്നത് പൂതപ്പറമ്പിന് തെക്ക് ഭാഗത്തുള്ള കമുങ്ങിന്‍ തോട്ടത്തില്‍..
പിന്നെ,മെല്ലെ മെല്ലെ കാളക്കണ്ടത്തിലേക്കുള്ള വഴിയിലൂടെ..
പോലീസൊക്കെ പോയിരിക്കുന്നു.
ഹായ്... ഓംലെറ്റിന്‍റെ മണം മൂക്കില്‍ വന്നടിക്കുന്നു.
ഒരു സിംഗിളെങ്കിലും കിട്ടിയിരുന്നെങ്കില്‍
ഈ പത്ത് രൂപ ചിലവാക്കാനാകുമോ ?

മെഴുകി തിരി വട്ടത്തിന് ചുറ്റും ആളുകള്‍ കൂടുന്നു.
പത്ത് വെച്ചാല്‍ ഇരുപത്, ഇരുപത് വെച്ചാ നാപ്പത്,
നാപ്പത് വെച്ചാ അമ്പത്, അമ്പത് വെച്ചാ നൂറ്,നൂറ് വെച്ചാ ആയിരം...
വെയ് രാജ വൈ....വെയ് രാജ വൈ....
എന്താ വേഗത,കൈകടുപ്പം,
വെക്കണോ,,, വേണോ..?
വേണ്ട.
വെച്ചാലോ ?വേണ്ടെന്നേ..
ചുറ്റും നോക്കി. കുടുമ്പക്കാരോ കൂട്ടുകാരാരെങ്കിലുമുണ്ടോ?
ഇല്ല,
മൂന്ന് ശീട്ടുകള്‍.. ഒന്നാമത്തേതില്‍ തന്നെയാണ് രാജാവ്. ഉറപ്പ്. ഇതെങ്ങാനും കിട്ടിയാല്‍ 20 .
ഹൗ, ജിലേബി, പൊരി,ഓംലെറ്റ്..
"വെച്ചോ...കിട്ടുമെടാ. ധൈര്യമായി വെക്ക്”
ആരോ പിന്നില്‍ നിന്ന് പറഞ്ഞതും (മുച്ചീട്ടുകാരന്‍റെ ആളാണെന്ന് പിന്നെയാണ് മനസ്സിലായത്. ) ആ പഴകിയ കീറ നോട്ട് കീശയില്‍ നിന്നും കയ്യിലൂടെ ഒന്നാം ചീട്ടിലേക്ക്...
എടുക്കട്ടെ...
എടുത്തു.
സംഗതി പാളി.കൂട്ടത്തില്‍ നിന്ന് ഊളിയിട്ട് ഞാനും.
ആരെങ്കിലും കണ്ടോ.. ഉണ്ടാവില്ല.
തലയുയര്‍ത്തുമ്പോള്‍ മുന്നിലതാ.. . ജേഷ്ഠന്‍ !
ഇരുട്ടത്ത് വീട്ടിലേക്ക് …
ജിലേബി, പൊരി, ഓംലെറ്റ്..
കണ്ണില്‍ ഇരുട്ട്.


No comments:

Post a Comment