Wednesday, March 8, 2017

വനിതാദിന ചിന്തകള്‍

ഏതൊരു സ്ത്രീക്കും അറിയാമായിരിക്കും. തന്‍റെ മുന്നിലിരുന്ന് തന്നെ നോക്കുന്നവന്‍റെ മനസ്സിലെന്താണെന്ന് .
അവന്‍റെ നോട്ടത്തിന്‍റെ അര്‍ത്ഥമെന്താണ് ?
ഇതൊക്കെ മനസ്സിലാക്കാന്‍ പ്രകൃതി അവളെ പഠിപ്പിച്ചിരിക്കുന്നു.
ഇതൊന്നുമറിയാതെ കണ്‍കോണിലൂടെയോ കണ്ണിറുക്കിയോ ഒന്നും അവളെ ഒന്നും ബോധ്യപ്പെടുത്തേണ്ടതില്ല.അറിഞ്ഞിട്ടും അറിയാതെ അഭിനയിക്കുകയാണെന്ന് മാത്രം.

പലപ്പോഴും കണ്ടില്ല, കേട്ടില്ല എന്ന രീതിയില്‍ എല്ലാത്തിനും അവള്‍ മൗനം പാലിക്കുന്നു.
വാഴ വന്ന് വെയിലില്‍ വീണാലും മാനക്കേട് എന്ന പേരില്‍ കുറ്റം എപ്പോഴും വാഴക്ക് തന്നെ.
അല്ലെങ്കില്‍ എന്താണ് ഈ മാനക്കേട് ? അത് അവള്‍ക്ക് മാത്രം സംഭവിക്കുന്നതാകുന്നതിന്‍റെ രാഷ്ട്രീയം എന്താണ് ?

പെണ്ണേ.... നിന്‍റെ മാനത്തിന് ഒന്നും സംഭവിക്കില്ല.മാനമെന്നത് ശരീരത്തെ ആക്രമിക്കുമ്പോള്‍ നഷ്ടപ്പെടുന്ന ഒരു മണ്ണാങ്കട്ടയുമല്ലല്ലോ.അത് തിരിച്ചറിയുന്ന പുരുഷ സമൂഹവും ഇവിടെ വളര്‍ന്ന് വരുന്നില്ലേ ? തീര്‍ച്ചയായും ഉണ്ട്.

പേടിക്കണ്ട, എല്ലാവരും വേട്ടക്കാരല്ല ഡാ. എന്നാല്‍ വേട്ടക്കാരനോട് കുറെ സെന്‍റിമെന്‍സും പരിഗണനയും നല്‍കി ഇരയാകേണ്ടതുമല്ല.കാരണം ഇന്നല്ലെങ്കില്‍ നാളെ മറ്റൊരാള്‍ ആ മൗനം കാരണം ഇരയാക്കപ്പെട്ട്കൊണ്ടേയിരിക്കും.

സ്ത്രീകളോട് എങ്ങിനെ മാന്യമായി പെരുമാറുന്നുവോ എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഒരു സമൂഹത്തിന്‍റെ നില മനസ്സിലാക്കേണ്ടതെന്ന് പ്രവാചകന്‍ മുഹമ്മദ് നബി.

ഭാഷാപരമായ പ്രയോഗങ്ങളില്‍ നിന്ന് തന്നെ ആദ്യ മാറ്റം തുടങ്ങാം. ഭരിക്കേണ്ടവന്‍(ഭര്‍ത്താവ്) എന്ന വേര്‍തിരിവിന് പകരം കുര്‍ആനിലൊക്കെ ഉപയോഗിച്ചിട്ടുള്ള പദമായ ‘സൗജ്' അഥവ ഇണ എന്നതല്ലേ നമുക്ക് ഉപയോഗിക്കാന്‍ നല്ലത് ? അങ്ങിനെ ഉപയോഗിക്കുമ്പോള്‍ എന്തൊക്കെയോ മേലങ്കികള്‍ അഴിഞ്ഞുവീഴുന്നുണ്ടോ ?
ഉണ്ടെങ്കില്‍ അത് ആണധികാരം എന്ന പേരില്‍ ആരോ എടുത്തണിഞ്ഞ അര്‍ഹതയില്ലാത്ത മേലങ്കിയായിരിക്കും.



No comments:

Post a Comment