Thursday, September 8, 2016

വീണ്ടെടുക്കാം അറബി മലയാളത്തെ

സിറാജ് ദിനപത്രത്തില്‍ 4-09-16ന് പ്രസിദ്ധീകരിച്ച ലേഖനം
ചെറ്റ, പുലയാടി തുടങ്ങി മലയാളത്തില്‍ തെറിയായി വിളിച്ചുപോരുന്ന നിരവധി പദങ്ങളുണ്ട്.വളരെ മോശകരമായ അവസ്ഥയെ സൂചിപ്പിക്കാനോ വ്യക്തിയെ മോശപ്പെട്ടവനായി ചിത്രീകരിക്കാനോ ഇന്നും ഇത്തരം പദങ്ങള്‍ ഉപയോഗിക്കുന്നവര്‍ കുറവല്ല.സത്യത്തില്‍ മേല്‍പരാമര്‍ശിക്കപ്പെട്ട പദങ്ങളെല്ലാം തെറിപ്പദങ്ങളാണോ ? അല്ലെന്നാണ് ഈ പദങ്ങള്‍ രൂപപ്പെട്ട് വന്ന
ചരിത്രം പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്.
പിന്നെ ഇവ എങ്ങിനെ തെറിയായി? ശക്തമായിരുന്ന ജാതീയതയുടെ മേല്‍ക്കോയ്മയായിരുന്നു എന്നതാണ് അതിനുള്ള ഉത്തരം.കേരളത്തിലെ സവര്‍ണ്ണ ജാതിക്കാര്‍ അവര്‍ണ്ണ ജാതിക്കാരെ പരിഹസിച്ചു വിളിച്ചതായിരുന്നു അവയില്‍ ഏറെയും. ചെറ്റ എന്ന വാക്ക് അങ്ങിനെയാണ് തെറിയായത്.താഴ്ന്ന ജാതിക്കാര്‍ താമസിക്കാന്‍ വേണ്ടി മണ്ണ് കുഴച്ച ചെളികൊണ്ടും ദിവസങ്ങളോളം വെള്ളത്തിലിട്ട് കുതിര്‍ത്തെടുത്ത ഓലകൊണ്ടും തയ്യാറാക്കിയ വീടുകളായിരുന്നു ചെറ്റക്കുടില്‍.
ഇത്തരം ചെറിയ കുടിലുകളായിരുന്നു സവര്‍ണ്ണര്‍ക്ക് വേണ്ടി തൊഴിലെടുത്തിരുന്ന കീഴ്ജാതിക്കാരന്‍ അന്തിയുറങ്ങിയിരുന്നത്.ഇത്തരത്തിലുള്ള ഒമ്പത് തെറികളും അവയുടെ ഉത്ഭവവും പരിശോധിക്കുന്ന മാഗസിന്‍ ആണ് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് അടുത്തിടെ പുറത്തിറക്കി വിശ്വവിഖ്യാത തെറികള്‍ എന്ന കൃതി. ജാതീയതയുടെ
മേല്‍ക്കോയ്മയുടെ ഫലമായി ചില പദങ്ങള്‍ മോശകരമായും മറ്റു ചില പദങ്ങള്‍ നല്ല മലയാളമായും പിന്നീട് വാഴ്ത്തപ്പെടുകയും അത് ഇന്നും ഉപയോഗിച്ചു വരുന്നു.ജാതീയമായ ഇത്തരം മേല്‍ക്കോയ്മയുടെയും ഇസ്ലാമിലെ തന്നെ മതപരിഷ്‌ക്കരണ വാദികളുടെയും ആസൂത്രിത നീക്കത്തിന്റെയും ഫലമായി അവഗണിക്കപ്പെട്ട മറ്റൊരു ഭാഷയാണ് അറബി മലയാളം എന്ന് വിളിക്കപ്പെടുന്ന മാപ്പിള മലയാളം.
 
മലയാള ഭാഷ രൂപപ്പെടുന്നതിന്റെ മുമ്പെ ഇവിടെ നിലനിന്നിരുന്ന ഭാഷയായിരുന്നു അറബി-മലയാളം.മൂന്നാം നൂറ്റാണ്ടോടുകൂടി തന്നെ ഈ ഭാഷ ഇവിടെ പ്രചാരമായിരുന്നു.അഥവാ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്ത് ഇസ്ലാം കേരളത്തില്‍ എത്തുന്നതിന് മുമ്പെ അറബികളുമായുള്ള വാണിജ്യ ബന്ധത്തിലൂടെ അറബികളുമായുള്ള ബന്ധം കേരളത്തിനുണ്ടായിരുന്നു.
 
അറബികള്‍ അന്ന് കേരളത്തില്‍ നിലവിലിരുന്ന സംസാര ഭാഷ ഉച്ചരിക്കാവന്‍
വേണ്ടി അറബിയില്‍ രൂപപ്പെടുത്തിയതാവാം ഈ ഭാഷ എന്നാണ് ഒരു അനുമാനം.അതെസമയം
ചില അറബി വാക്കുകള്‍ ഉച്ചരിക്കാന്‍ ഇവിടത്തെ പ്രാദേശിക ജനത ചില
മാറ്റങ്ങളോടെ രൂപപ്പെടുത്തിയതാവാം എന്നും സിടി സുനില്‍ ബാബുവിനെ
പോലുള്ളവര്‍ നിരീക്ഷിക്കുന്നു.

സംസ്‌കൃത മലയാളം രൂപപ്പെടുന്നതിന്റെ മുമ്പെ രൂപപ്പെട്ട ഭാഷയായിട്ടും
അറബിമലയാളത്തെ പിന്തള്ളി സംസ്‌കൃത മലയാളം പില്‍ക്കാലത്ത് മേല്‍ക്കോയ്മ
നേടിയതിന്റെ പിന്നില്‍ ജാതീയമായ സവര്‍ണ്ണ മേധാവിത്വം തന്നെയാണെന്ന്
സംശയിക്കേണ്ടവിധമാണ് ഇന്നും മലയാളത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന
സംസ്‌കൃത പദങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
അതുകൊണ്ടാവാം 'ബെയ്ക്ക' എന്ന
വാക്കിന് പകരം ഉണ്ണുക എന്ന പദം നമുക്ക് നിലവാരമുള്ളതായി
തോന്നുന്നത്.പയ്ക്കുക എന്നതിന് സ്റ്റാഡേഡ് പോരാ, എന്നാല്‍ വിശക്കുക എന്ന്
പറഞ്ഞാല്‍ എന്തൊക്കെയോ നിലവാരംകൂടുന്നതായി തോന്നുന്നത്.ഇപ്രകാരം സംസ്‌കൃത
പദങ്ങള്‍ കൂട്ടിക്കലര്‍ത്തിയുണ്ടാക്കിയ ഭാഷ നല്ലതായും മറ്റുള്ളവ
നിലവാരമില്ലാത്തവയായും പരിഗണിച്ചുപോരുന്ന നല്ലൊരുപക്ഷം ഇവിടെ
ജീവിക്കുന്നുണ്ട്.

സംസ്‌കൃത മലയാളത്തെ മലയാളമായി തന്നെ വ്യാഖ്യാനിക്കുമ്പോള്‍ അറബി
മലയാളത്തിന്റെ സ്ഥാനം വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ല എന്നത് ഈ ഭാഷ
നേരിടുന്ന അവഗണനയുടെ ഭാഗമാണ്.ഒരു ന്യൂനപക്ഷത്തിന്റെ ഭാഷയായിരുന്ന
സംസ്്കൃത വാക്കുകള്‍, മലയാള ഭാഷയിലേക്ക് ചേര്‍ത്തതുപോലെ എത്രയോ കാലം ഒരു
ജനത ഉപയോഗിച്ചിരുന്ന അറബി മലയാളത്തിലുള്ള വാക്കുകള്‍ മലയാളത്തില്‍
അകറ്റിനിര്‍ത്തപ്പെടുകയും ആ ഭാഷയെ രണ്ടാംകിടയായി പരിഗണിക്കുകയും
ചെയ്തു.നിലനിന്നതാവട്ടെ കേവല ന്യൂനപക്ഷമായ സവര്‍ണ്ണന്റെ ലോകത്തെ
മാത്രമാണ് ആ ഭാഷ പ്രതിനിധാനം ചെയ്തത്.എഴുത്തച്ഛന് മുമ്പെ അറബി മലയാള ലിപി
കേരളത്തില്‍ നിലനിന്നിരുന്നിട്ടും മലയാളത്തിനായി തിരൂര്‍ തുഞ്ചന്‍
പറമ്പില്‍ സ്ഥാപിതമായ മലയാളം സര്‍വകലാശാലയില്‍പോലും അറബി മലയാളത്തിന് ഇടം
കിട്ടിയിട്ടില്ല.പകരം സവര്‍ണ്ണന്റെ തമിഴ് കൂട്ടിക്കലര്‍ത്തിയ
'
പൊതുമലയാളം' മാത്രം പ്രാധാന്യം നേടിവരുന്നു.ബ്രിട്ടീഷുകാര്‍ പൊതു
സ്‌കൂളുകള്‍ കൊണ്ടുവന്നപ്പോള്‍ അവയിലേക്കായി പാഠപുസ്തകങ്ങള്‍
തയ്യാറാക്കാനായി ഏല്‍പ്പിച്ചത് സവര്‍ണ്ണ എഴുത്തുകാരെയായതിനാല്‍
സംസ്‌കൃതപദം കൊണ്ടുള്ള വേലിക്കെട്ട് തീര്‍ക്കുകയും തദ്ദേശീയമായി
നിലനിന്നിരുന്ന വാമൊഴി ഭാഷകളെ നിരാകരിക്കുകയുമായിരുന്നു.

ഒരു ഭാഷയിലെന്തിരിക്കുന്നു എന്ന് പലരും ചോദിച്ചേക്കാം.അത്ര ലളിതമായ ഒരു
കാര്യമല്ലത്.സംസ്‌കാരത്തിന്റെ ഒരു ഘടകമാണ് ഭാഷ.ഒരു ജനതയുടെ
ആവിഷ്‌ക്കാരമാണത്.ജനതയുടെ ചിന്തയെപ്പോലും സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്
ഭാഷ.ഒരു വിഭാഗം സമൂഹത്തില്‍ മേല്‍ക്കോയ്മ നേടിയതും മറ്റൊരു ഭാഗം
കീഴാളമായി പോയതിലും ഭാഷ വഹിച്ച പങ്കും ചെറുതല്ല.അതിന് സമകാലിക കാലത്ത്
മാത്രമല്ല ഭാവിയില്‍ പോലും വ്യക്തികളെ അടുപ്പിക്കാനും അകറ്റിനിര്‍ത്താനും
സാധിക്കും.
സവര്‍ണ്ണന്റെ ഭാഷാ മേല്‍ക്കോയ്മക്കുപുറമെ മുസ്ലിങ്ങളിലെ തന്നെ ചില
പരിഷ്‌ക്കരണ വാദികളും അറബി മലയാളത്തെ അകറ്റിനിര്‍ത്താന്‍ ബോധപൂര്‍വ്വമായ
ശ്രമം നടത്തി.അറബി മലയാളത്തില്‍ കണ്ടുകിട്ടിയതില്‍ ഏറെ പഴക്കം ചെന്നതായി
ഇതുവരെ കണ്ടെത്തിയിട്ടുള്ളത് മുഹ് യുദ്ദീന്‍ മാലയാണ്.എഴുത്തച്ഛന് മുമ്പ്
രചിക്കപ്പെട്ടതാണത്.അത്രമേല്‍ പഴക്കമുള്ള ഈ കൃതി മുസ്ലിം
വിശ്വാസത്തിനെതിരാണെന്നും അവ പാരായണം ചെയ്യരുതെന്നും ഇവിടെ
പ്രചരിപ്പിച്ചത് മുസ്ലിങ്ങളിലെ തന്നെ ചില പുരോഗമന വാദികളാണ്.ചരിത്രപരമായ
ഇത്തരം പഴയ കൃതികളെ അവഗണിച്ചാല്‍ മാത്രമേ തങ്ങളുടെ പുതിയ ആശയങ്ങള്‍ ഇവിടെ
പ്രചരിപ്പിക്കാനാകു എന്നതാണ് അതിനവരെ പ്രേരിപ്പിച്ചതെന്ന്
അനുമാനിക്കാം.പുതിയ ആദര്‍ശ വാദികള്‍ക്ക് വലിയ വെല്ലുവിളിയുയര്‍ത്തുന്ന
ഘടകമാണ് ചരിത്രവും ചരിത്ര കൃതികളും.ആ നിലക്കും അറബി മലയാള ഭാഷ
തഴയപ്പെട്ടു. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഭാഷ എന്ന നിലയില്‍ അറബി മലയാളത്തിന്റെ പൈതൃകത്തെ എങ്ങിനെ സംരക്ഷിക്കാം എന്നതാണ് ഇനി പ്രധാനം.അതിനായി നിരവധി കര്‍്മ്മ പരിപാടികള്‍ സര്‍ക്കാര്‍ തലത്തിലും അനൗദ്യോഗീക തലത്തിലും ആവിഷ്‌ക്കരിക്കേണ്ടതുണ്ട്.
ഐടിയുമായി സന്നിവേശിപ്പിക്കല്‍
ഒരു ഭാഷ നിലനിര്‍ത്താനും സംരക്ഷിക്കാനും ചെയ്യേണ്ടത് എന്തൊക്കെയാണ് ? പ്രസിദ്ധ ബ്രിട്ടീഷ് ഭാഷാ പണ്ഡിതനായ ഡേവിഡ് ക്രിസ്റ്റല്‍ ഇതിനായി മുന്നോട്ട് വെക്കുന്ന പ്രധാന നിര്‍ദേശങ്ങളിലൊന്ന്, ഭാഷയെ നവീന സാങ്കേതിക വിദ്യയുമായി സന്നിവേശിപ്പിക്കുക എന്നന്നതാണ്.ഇന്നത്തെ കാലത്തെ പ്രധാന സാങ്കേതിക വിദ്യ എന്ന നിലക്ക് വിവരസാങ്കേതിക വിദ്യയുമായി (ഐടിയുമായി) മറ്റേതൊരു ഭാഷക്ക് എന്നത് പോലെ അറബി മലയാളത്തെയും സന്നിവേശിപ്പിക്കാനാകണം.ഇന്റര്‍
നെറ്റിന്റെ വ്യാപനത്തോടെ മലയാള ഭാഷയുടെ കാര്യത്തിലും അപൂര്‍വ്വമായ വളര്‍ച്ചയാണുണ്ടായത്.ലോകത്തിലെ ഏത് കോണിലിരുന്നും മലയാള ഭാഷയെ ഒരു ക്ലിക്ക് അകലത്തില്‍ വായിക്കാനും പഠിക്കാനും എഴുതാനും പ്രസിദ്ധീകരിക്കാനുമൊക്കെ ഇന്ന് സംവിധാനമായി.അതിരുകള്‍ ഭേദിച്ച് ഭാഷയുടെ കൈമാറ്റം സാധ്യമായി എ്ന്നത് വലിയ നേട്ടം തന്നെയാണ്.എന്നാല്‍ അറബി മലയാളത്തിന്റെ സ്ഥിതി എന്താണ് ? ഇന്നും ചില ഗ്രന്ഥങ്ങളില്‍ മാത്രമായി അത് ചുരുങ്ങിപ്പോകുന്നു. ഐടിയുമായി
സന്നിവേശിപ്പിക്കാന്‍ അറബി മലയാളത്തിലെ ലിപിക്ക് വേണ്ടി ആദ്യമായി അക്ഷര രൂപങ്ങള്‍ (ഫോണ്ടുകള്‍) ഉണ്ടാക്കേണ്ടിയിരിക്കുന്നു.ഇന്റര്‍നെറ്റിലും മൊബൈല്‍ ഫോണുകളിലുമെല്ലാം പ്രവര്‍ത്തിക്കുന്ന യൂനിക്കോഡ് ഫോണ്ടുകളുടെ
നിര്‍മ്മാണം അതിനായി സാധ്യമാവേണ്ടിയിരിക്കുന്നു.ഇന്ന് മലയാളത്തില്‍ വിവിധങ്ങളായ പത്തിലേറെ അക്ഷര രൂപങ്ങളുണ്ട്.അതെസമയം അറബി മലയാളം കംപ്യൂട്ടറില്‍ എഴുതാനുള്ള ഒരു ഫോണ്ടുപോലും ഇല്ല.ഇതിനായി ലിപി
വക്താക്കളും സാങ്കേതിക വൈദഗദ്യമുള്ളവരും കലാകാരന്മാരും ചേര്‍ന്നുള്ള സംഘപ്രവര്‍ത്തനം നടക്കേണ്ടതുണ്ട്.സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചല്ല ഇന്ന് മലയാളത്തിന് യൂനിക്കോഡ് ഫോണ്ടുകളുണ്ടായിട്ടുള്ളത്.അവയെല്ലാം തന്നെ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനഫലമായുണ്ടാവയാണ്.സ്വതന്ത്ര മലയാളം കംപ്യൂട്ടിംഗ് എന്ന സംഘടന അവയില്‍ ഒരു ഉദാഹരണമാണ്.
നിലവില്‍ ഇന്റര്‍നെറ്റിലെ വിക്കിമീഡിയയുടെ അനുബന്ധ സംരഭമായ മലയാളം ഗ്രന്ഥശാലയില്‍ അറബി മലയാള സാഹിത്യ കൃതികള്‍ ല്യപ്യന്തര രൂപത്തില്‍ ചേര്‍ക്കുന്ന പദ്ധതിയുണ്ടെങ്കിലും അതിപ്പോഴും ശൈശവ ദശയിലാണ്.മുഹ് യുദ്ദീന്‍ മാല പൂര്‍ണ്ണമായി ചേര്‍ക്കാന്‍ സാധിച്ചെങ്കിലും നഫീസത്ത് മാല പോലുള്ള മാലപ്പാട്ടുകളെ പൂര്‍ണ്ണമായും ചേര്‍ക്കാന്‍ ഇതുവരെ
സാധിച്ചിട്ടില്ല.അറബി-മലയാളം അറിയുന്ന ആളുകളുടെ അഭാവമാണ് വിക്കി സംരഭങ്ങളിലെ പ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളി.അതെസമയം ഈ ഭാഷ അറിയുന്നവരിലേക്കാവട്ടെ വിക്കിമീഡിയ പോലുള്ള സംരഭങ്ങളെ കുറിച്ചും അവയിലേക്ക് കൃതികളെ സംഭാവന ചെയ്യുന്നതിനെ എന്നത് സംബന്ധിച്ചും ഇപ്പോഴും അജ്ഞത നിലനില്‍ക്കുന്നു എന്നതാണ് ഇതിനു കാരണം.ഈ വിടവ് കുറച്ചുകൊണ്ടുവരാന്‍ മത-ഭൗതിക വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും സാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
അക്കാദമി തലത്തിലുള്ള മുന്നേറ്റം
മലയാള ഭാഷക്ക് ഇന്ന് ക്ലാസിക്കല്‍ പദവിയുണ്ട്.തിരൂരില്‍ സര്‍വകലാശാലയുണ്ട്.ഭാഷയുടെ വളര്‍ച്ചക്കായി പദ്ധതികള്‍ പലതും
ആവിഷ്‌ക്കരിക്കുകയും ചെയ്യുന്നുണ്ട്.ഇന്നത്തെ മലയാള ഭാഷ രൂപപ്പെടുന്നതിന്റെ മുമ്പ് ഇവിടെ നിലനിന്നിരുന്ന മലയാളത്തെ  / അറബി മലയാളത്തെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.എങ്കില്‍ മാത്രമെ നമ്മുടെ ശ്രേഷ്ട ഭാഷ ജനാധിപത്യവത്ക്കരിക്കപ്പെടുകയുള്ളൂ.അറബി മലയാളത്തെ പഠന വിഷയമാക്കുന്ന പ്രത്യേക വിഭാഗങ്ങള്‍ മലയാള സര്‍വകലാശാലയില്‍ തുടങ്ങേണ്ടിയിരിക്കുന്നു.അറബി മലയാളത്തിലുള്ള കൃതികള്‍ പ്രചരിപ്പിക്കാനും സര്‍വകലാശാലക്ക് വേണമെങ്കില്‍ സാധിക്കും.ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചതിലൂടെ കിട്ടുന്ന പണത്തില്‍ നിന്ന് അല്‍പ്പം മാറ്റിവെച്ച് അറബി മലയാളത്തിലെ കൃതികളെ ല്യപ്യന്തരണം നടത്താവുന്നതാണ്.
നിലവിലെ സ്‌കൂള്‍ മലയാള പാഠപുസ്തകങ്ങളില്‍ അറബി മലയാളം കൂടി ഉള്‍പ്പെടുത്താനുള്ള സംവിധാനം ഉണ്ടാവേണ്ടതുണ്ട്.അറബി മലയാളത്തില്‍ രചിക്കപ്പെട്ട ഗാനങ്ങളോ കഥകളോ മറ്റു കൃതികളിലെ ഭാഗങ്ങളോ ഇത്തരത്തില്‍ മലയാള സാഹിത്യ പുസ്തകത്തില്‍ ചേര്‍ത്താല്‍ വളര്‍ന്ന് വരുന്ന തലമുറക്ക് ഈ ഭാഷയെ കുറിച്ചുള്ള ധാരണ വളര്‍ത്താന്‍ സഹായിക്കും.വിദ്യാഭ്യാസ വകുപ്പിനെ ഈ
വിഷയം ബോധ്യപ്പെടുത്താന്‍ സന്നദ്ധ സംഘടകള്‍ക്ക് സാധിക്കണം.
സ്‌കൂള്‍ കലോത്സവങ്ങളില്‍ സംസ്‌കൃത കലോത്സവവും അറബി കലോത്സവവും വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്നുണ്ട്.ആശ്വസിക്കാന്‍ വകയായി അറബി മലയാളത്തെ പ്രതിനിധീകരിച്ച് മാപ്പിളപ്പാട്ടുകള്‍ മാത്രമാണുള്ളത്.രചനാ മത്സരങ്ങള്‍, മാലപ്പാട്ട് മത്സരങ്ങള്‍, വായനാ മത്സരങ്ങളും ഈ ഗണത്തിലേക്ക് പരിഗണിക്കാവുന്നതാണ്.
അവലംബം
വിശ്വവിഖ്യാത തെറികള്‍ -മാഗസിന്‍
വിക്കിപീഡിയ
അറബി മലയാള സാഹിത്യ പഠനങ്ങള്‍- ടി മന്‍സൂറലി
ഡേവിഡ് ക്രിസ്റ്റല്‍-

No comments:

Post a Comment