Friday, July 1, 2016

അധ്യാപകരേ... ഇവിടെയും അവസരങ്ങളുണ്ട്


2016 ജൂണ്‍ 16 ന് സിറാജ് - എഡിറ്റോറിയല്‍ പേജിലെ  ലേഖനം

ബിഎഡും പിജിയും പൂര്‍ത്തിയാക്കിയ ബിജു ഇന്ന് മലപ്പുറം ജില്ലയിലെ ഒരു സ്വകാര്യ സ്കൂളിലെ അധ്യാപകനാണ്.2010 ല്‍ ബിഎഡ് പൂര്‍ത്തിയാക്കിയെങ്കിലും സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപന ഒഴിവിലേക്ക് ഇതുവരെ പിഎസ് സി അപേക്ഷപോലും ക്ഷണിക്കാത്തതിനാല്‍ മത്സരമേറിയ പിഎസ് സി പരീക്ഷ എഴുതി ഒരു സര്‍ക്കാര്‍ സ്കൂളില്‍ ജോലിയില്‍ കയറാന്‍ അവന് സാധിച്ചിട്ടില്ല. എയിഡഡ് സ്കൂളില്‍ കയറണമെങ്കില്‍ ചുരുങ്ങിയത് 20 ലക്ഷം രൂപയെങ്കിലും കോഴകൊടുക്കണം.അതിന് നിര്‍വാഹമില്ലാത്ത ബിജു വര്‍ഷങ്ങളായി ഒരു സ്വകാര്യ അണ്‍എയിഡഡ് സ്കൂളിലെ അധ്യാപകനായി "സേവനം" ചെയ്യുകയാണ്.സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകര്‍ മാസം തോറും 30,000 രൂപമുതല്‍ ശംബളം കൈപ്പറ്റുമ്പോള്‍ ബിജുവിന് കിട്ടുന്നതാവട്ടെ കേവലം പതിനായിരംരൂപയില്‍ താഴെ മാത്രം. ബിജുവിനെപോലെ എത്രയോ പേര്‍ ഇങ്ങിനെ തുച്ഛമായ ശംബളത്തിന് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നു.ഈ യോഗ്യത വെച്ച് ഇതിനേക്കാള്‍ മികച്ച ശംബളം ലഭിക്കുമോ ? സംശയമില്ല.ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ ശംബളം നല്‍കുന്ന ഇന്ത്യന്‍ സ്കൂളുകള്‍പോലും മാസം തോറും 60,000 രൂപയോളം ശംബളം നല്‍കിവരുന്നുണ്ടെന്ന കാര്യം പലര്‍ക്കും അറിയുകയോ അത്തരം ജോലികള്‍ക്കുപോലും ശ്രമിക്കാതിരിക്കുകയോ ചെയ്യുകയാണ്.


4000 മുതല്‍ 8,000 ദിര്‍ഹം വരെ ശംബളം. നാട്ടിലെ 75,000 മുതല്‍ 1.50 ലക്ഷം രൂപവരെയോളം വരുമിത്. താമസിക്കാന്‍ ഫര്‍ണിഷ് ചെയ്ത ഫ്ലാറ്റ്, ശംബളത്തോടെയുള്ള വാര്‍ഷിക അവധി,വിമാന ടിക്കറ്റ് . മികച്ച അധ്യാപകര്‍ക്ക് വിദേശ രാജ്യങ്ങളിലെ വിവിധ സ്കൂളുകള്‍ നല്‍കുന്ന പാക്കേജ് ഇങ്ങിനെയൊക്കെയാണ്.വേണ്ടത് മതിയായ യോഗ്യതയും അധ്യാപന നൈപുണിയുമുള്ള ഉദ്യോഗാര്‍ഥികളെയാണ്. യൂറോപ്പിലെ ചില രാജ്യങ്ങളിലും ഹോങ്കോങ്ങിലും മിഡില്‍ ഈസ്റ്റിലെ മിക്ക രാജ്യങ്ങളിലും അധ്യാപകരെ തേടി മികച്ച അവസരങ്ങളാണുള്ളത്.
വര്‍ദ്ദിക്കുന്ന സ്കൂളുകള്‍
മിഡില്‍ ഈസ്റ്റിലെ ഖത്തറിലും യുഎഇയിലും സ്കൂളുകളുടെ എണ്ണത്തില്‍ വര്‍ധനവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.അടുത്ത വര്‍ഷം ദുബൈയില്‍ മാത്രം ഇരുപതോളം പുതിയ സ്കൂളുകളാണ് വരുന്നത്.അടുത്ത അധ്യയന വര്‍ഷം 15 മുതല്‍ 20എണ്ണംവരെ സ്കൂളുകള്‍ ദുബൈയില്‍ തുടങ്ങുമെന്ന് കെഎച്ച്ഡിഎ (നോളജ് ആന്‍റ് ഹ്യുമെന്‍ ഡിവലപ്മെന്‍റ് അതോറിറ്റി)തലവന്‍ ഡോ.അബ്ദുള്ള കറാം പ്രഖ്യാപിച്ചു.ഒരു വര്‍ഷത്തിനുള്ളില്‍ യുഎഇയില്‍ ഇത്രയും കൂടുതല്‍ സ്കൂളുകള്‍ക്ക് അനുമതി നല്‍കുന്നത് ഇതാദ്യമാണ് .
വിവിധ തരം കരിക്കുലം.
ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതലുള്ളത് ഇന്ത്യന്‍ സ്കൂളുകളുകളും ബ്രിട്ടീഷ്-അമേരിക്കന്‍ കരിക്കുലം പിന്തുടരുന്ന സ്കൂളുകളുമാണ്. ഇവിടങ്ങളിലാണ് കൂടുതല്‍ അധ്യാപന സാധ്യതകളുള്ളത്.ഇവയില്‍ ബ്രിട്ടീഷ് -അമേരിക്കന്‍ കരിക്കലും പിന്തുടരുന്ന സ്കൂളുകളുടെ എണ്ണമാണ് കൂടുതല്‍ വര്‍ദ്ദിച്ചുവരുന്നത്.
മാത്രമല്ല ഇത്തരം സ്കൂളുകളിലാണ് കൂടുതല്‍ ശംബളവും മറ്റ് ആനുകൂല്യങ്ങളും നല്‍കിവരുന്നത്.ഇവിടങ്ങളില്‍ ജോലി ചെയ്യുന്നവരാകട്ടെ യുകെയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്.ഇന്ത്യയില്‍ നിന്ന് മതിയായ യോഗ്യതയുള്ളവരുടെ കുറവാണ് ഇതിന് കാരണം.
ഇന്ത്യന്‍ കരിക്കുലം പിന്തുടരുന്ന സ്കൂളുകളില്‍ 90 ശതമാനവും സിബിഎസ്ഇ, സിബിഎസ്ഇ ഇന്‍റര്‍നാഷണല്‍ എന്നീ പാഠ്യപദ്ധതിയാണ് പിന്തുടരുന്നത്.പത്ത് ശതമാനത്തോളം കേരള സിലബസ് പിന്തുടരുന്നവയും ഉണ്ട്.
യുഎഇയിലെ മികച്ച നിലവാരമുള്ള പതിനാല് സ്കൂളുകളില്‍ പത്ത് സ്കൂളുകളും ബ്രിട്ടീഷ് കരിക്കുലംപിന്തുടരുന്നതാണെന്നാണ് കെഎച്ച്ഡിഎ കണ്ടെത്തിയിട്ടുള്ളത്.നിലവില്‍ 350 ലേറെ സ്വകാര്യ സ്കൂളുകളിലായി 4,70,000ത്തിലേറെ വിദ്യാര്‍ഥികളാണ് യുഎഇയിലെ സ്കൂളുകളില്‍ പഠിക്കുന്നത്.ഇതില്‍ 17 ശതമാനം ഇമാറാത്തി സ്കൂളുകളും 32 ശതമാനം ബ്രിട്ടീഷ് പാഠ്യപദ്ധതി അടിസ്ഥാനമാക്കിയുള്ള സ്കൂളുകളുമാണ്.


ആരെയാണ് സ്കൂളുകള്‍ക്ക് വേണ്ടത് ?
മികച്ച അധ്യാപകരെ കണ്ടെത്താനായി എഴുത്ത് പരീക്ഷകളും,അഭിമുഖങ്ങളും ഗ്രൂപ്പ് ഡിസ്കഷനും മാതൃക ക്ലാസെടുത്ത് നടത്തി പരിശോധിച്ച ശഷമാണ് മിക്ക സ്കൂളുകളും അധ്യാപകരെ നിയമിക്കുന്നത്.അമേരിക്കന്‍ കരിക്കുലത്തില്‍ രക്ഷിതാക്കളുടെ വിലയിരുത്തലും നിര്‍ണ്ണായകമാണ്.
അക്കാദമിക അറിവുകളോടൊപ്പം വിദ്യാര്‍ഥി കേന്ദ്രീകൃതമായി ക്ലാസെടുക്കാനുള്ള കഴിഴ്, ഭാഷാ പ്രാവിണ്യം,ഐടി സാധ്യതകളുടെ ഉപയോഗിച്ച് വളരെ സര്‍ഗാത്മകമായി ക്ലാസെടുക്കാനുള്ള കഴിവുള്ളവരെയാണ് മിക്ക സ്കൂളുകളും തിരഞ്ഞെടുക്കുന്നത്.
ഇതിനായി കേരളത്തില്‍ അധ്യാപക പരിശീലനം നേടിയവരാണെങ്കില്‍ ഭാഷാപ്രാവിണ്യം തെളിയിക്കുന്ന ഐഇഎല്‍ടിഎസ് യോഗ്യത കൂടി ഉണ്ടെങ്കില്‍ മികച്ച അവസരങ്ങള്‍ അവര്‍ക്ക് ലഭിക്കും.



ബ്രിട്ടീഷ് സ്കൂളുകളില്‍ ജോലി ചെയ്യാന്‍ ക്യൂടിഎസ് എന്ന കോഴ്സ് എന്ന അധ്യാപക പരിശീലന കോഴ്സും പിജിസിഇ,പിജിഡിഇ എന്നീങ്ങനെയുള്ള ബിരുദാനന്തരബിരുദ കോഴ്സുമാണ് പൂര്‍ത്തിയാക്കേണ്ടത്.ഇവയെല്ലാ
പരീക്ഷയും വിജയിച്ചിരിക്കണം.അമേരിക്കന്‍ സ്കളുകളില്‍ അമേരിക്കന്‍ രീതിയിലുള്ള ഭാഷാ നൈപുണിയുള്ളവരെയാണ് കൂടുതലും പരിഗണിക്കുന്നത്.



ഇന്ത്യയില്‍ നിന്ന് എംഎ ഇംഗ്ലീഷ്,ബിഎഡും ഐഇഎല്‍ടിഎസും പൂര്‍ത്തിയാക്കിയവര്‍ക്ക് ചില സ്കൂളുകളില്‍ ഇടം കിട്ടുന്നുണ്ടെങ്കിലും മറ്റ് വിഷയങ്ങളില്‍ യോഗ്യരായ ഉദ്യോഗാര്‍ഥികളില്ലെന്നതാണ് വാസ്തവംയുഎഇയിലെ മിക്ക തൊഴില്‍ മേഖലയിലും ഇന്ത്യക്കാരുടെ സ്വാധീനം വ്യാപകമാണെങ്കിലും ഇത്തരം സ്കൂളുകളില്‍ യൂറോപ്പ്,ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ളവരും കാനഡ,ഓസ്‌ട്രേലിയ,ന്യൂസിലാന്റ് എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ് കൂടുതല്‍ ജോലി ചെയ്യുന്നത്.
സര്‍ക്കാറുകള്‍ക്ക് എന്തു ചെയ്യാനാകും ?
നിലവില്‍ വിദേശ രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ മനസ്സിലാക്കി അനുയോജ്യരായ ഉദ്യോഗാര്‍ഥികളെ വാര്‍ത്തെടുക്കാനുള്ള സംവിധാനം കേരളത്തിലോ അയല്‍ സംസ്ഥാനങ്ങളിലോ സര്‍ക്കാര്‍ തലത്തില്‍ ഇല്ലാത്തത് മലയാളികളുള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. നമ്മുടെ അധ്യാപന പരിശീലനങ്ങളില്‍ വിദേശ രാജ്യങ്ങളിലെ സാധ്യത കൂടി പരിഗണിച്ചുള്ള കോഴ്സുകള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അതിനായുള്ള പരിശീലന പരിപാടികളും നടത്താന്‍ സര്‍ക്കാറുകള്‍ക്ക് സാധിക്കും.
സ്വകാര്യ മേഖലയിലും കേരളത്ത് ഇത്തരം കോഴ്സുകള്‍ പഠിപ്പിക്കകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളും കുറവാണ്.ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം നേടുന്നതിനുള്ള ഐഇഎല്‍ടിഎസ് കോഴ്സുകള്‍ മാത്രമാണ് സ്വകാര്യ സ്ഥാപനങ്ങള്‍പോലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.ഇതിനപ്പുറത്തേക്കും പഠനം വ്യാപിപ്പിക്കാനുള്ള സംവിധാനം ഉണ്ടാവണം.
ഏത് സമയത്താണ് ഇന്‍റര്‍വ്യൂ ?
ബ്രിട്ടീഷ് - അമേരിക്കന്‍ കരിക്കുലം പിന്തുടരുന്ന സ്കൂളുകളില്‍ ആഗസ്റ്റ് അവസാനത്തോടെ, സപ്തംബര്‍ ആദ്യവാരത്തിലാണ് ഒരു അക്കാദമിക് വര്‍ഷം ആരംഭിക്കുന്നത്. ഇതിലേക്കുള്ള അധ്യാപന നിയമന നടപടിക്രമങ്ങള്‍ ഏപ്രില്‍,മെയ് മാസങ്ങളിലാണ് നടക്കുന്നത്.
ഇന്ത്യന്‍ സ്കൂളുകളില്‍ മാര്‍ച്ചിലെ വാര്‍ഷിക പരീക്ഷ കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞയുടനെ അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നു. ഈ സമയത്ത് ഇവിടെ വേനല്‍ക്കാലം അല്ലാത്തതിനാല്‍ ഏപ്രില്‍ ആദ്യ വാരത്തോടെ ക്ലാസുകള്‍ ആരംഭിക്കുകയും ഇടവേളയിലായി ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ വേനലവധി നല്‍കുകയുമാണ് ചെയ്യാറുള്ളത്.കൂടാതെ ഡിസംബര്‍ മാസത്തില്‍ രണ്ടാഴ്ചയോളം ശിശിരകാല അവധിയും ഉണ്ടാവാറുണ്ട്.ജനുവരി, ഫ്രെബ്രുവരി മാസങ്ങളിലാണ് ഇന്ത്യന്‍ സ്കൂളുകളിലേക്കുള്ള അധ്യാപക നിയമന നടപടികള്‍ നടക്കാറുള്ളത്.

ജോലി കിട്ടാനുള്ള മാര്‍ഗമെന്താണ് ?
ആദ്യ ഉത്തരം ജോലിക്കുള്ള യോഗ്യത നേടുക എന്നത് തന്നെയാണ്. യോഗ്യത നേടിയാലും തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താന്‍ പത്ര മാധ്യങ്ങളിലെ പരസ്യങ്ങള്‍ ഒരു വലിയ അളവോളം സഹായകമാണ്.അതെസമയം രാജ്യത്തെ ദേശീയ പത്രങ്ങളില്‍ ഇന്ത്യന്‍ സ്കളുകളിലേക്കുള്ള അഭിമുഖങ്ങളുടെ പരസ്യങ്ങള്‍ അറിയിക്കാറുണ്ട്.എറണാംകുളം,കോഴിക്കോട്, ബംഗളൂരു,ഹൈദരാബാദ്,ഡെല്‍ഹി,മുമ്പൈ എന്നിവിടങ്ങളില്‍ ചില സ്ഥാപനങ്ങള്‍ അഭിമുഖം നടത്താറുണ്ട്.
ഏറ്റവും പ്രധാനം വ്യക്തി ബന്ധങ്ങള്‍ വഴിയുള്ള അറിവുകളുടെ പങ്കുവെക്കല്‍ തന്നെയാണ്.ഇതോടൊപ്പം സ്കൂളുകളുടെ വെബ്സൈറ്റുകള്‍ വഴി സിവി അയക്കുകയും സ്കൈപ്പ് വഴിയുള്ള ഓണ്‍ലൈന്‍ അഭിമുഖങ്ങളും സ്ഥാപനങ്ങള്‍ നടത്താറുണ്ട്.
അധികപേരും വിസിറ്റിംഗ് വിസയില്‍ വന്ന് ഓരോ സ്ഥാപനങ്ങള്‍ കയറിയിറങ്ങി സിവി നല്‍കിയും ജോലി സമ്പാദിക്കാറുണ്ട്.ഈ മാര്‍ഗം ചിലവേറിയതാണ് എന്ന കാര്യം ശ്രദ്ധിക്കുമല്ലോ.



ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി നോക്കും മുമ്പ്
ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി നോക്കാനാഗ്രഹിക്കുന്നവരാണെങ്കില്‍ ഏതാനും ചില രേഖകള്‍ ശരിയാക്കിയെടുത്താല്‍ ധാരാളം അധിക ചിലവില്‍ നിന്ന് രക്ഷപ്പെടാനാകും.ഇതില്‍ ഏറ്റവും പ്രധാനമാണ് സര്‍ട്ടിഫിക്കേറ്റ് അറ്റസ്റ്റേഷന്‍.കേരളത്തില്‍ നിന്ന് എസ്എസ്എല്‍സി,പ്ലസ്ടു,ബിരുദം,ബിരുദാനന്തര ബിരുദം,ബിഎഡ് തുടങ്ങി ഏതെല്ലാം യോഗ്യതകള്‍ പൂര്‍ത്തിയാക്കിയവരുണ്ടോ അവരല്ലാം സര്‍ട്ടിഫിക്കറ്റുകള്‍ നോര്‍ക്ക ( പ്രവാസികാര്യ വകുപ്പ് ) അറ്റസ്റ്റേഷന്‍ ചെയ്യേണ്ടതുണ്ട്. കൂടാതെ ഏത് രാജ്യത്തേക്കാണോ ജോലിചെയ്യാന്‍ ഉദ്ദേശിക്കുന്നത് , ആ രാജ്യത്തിന്‍റെ എംബസിയും സര്‍ട്ടിഫിക്കേറ്റ് അറ്റസ്റ്റേഷന്‍ ചെയ്യേണ്ടതുണ്ട്. കൂടുതല്‍ വിവരങ്ങള്‍ http://www.norkaroots.net/certificateattestation.aspx എന്ന വെബ്സൈറ്റ് ലിങ്കില്‍ നിന്നും ലഭ്യമാകും.
എസ്.എസ്.എല്‍.സി. മുതലുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും (ഇംപ്രൂവ്‌മെന്റ്,സപ്ലിമെന്ററി) ഉള്‍പ്പെടെ ഹാജരാക്കണം. എച്ച്.ആര്‍.ഡി. ചെയ്യാന്‍ 687 രൂപയും ഓരോ സര്‍ട്ടിഫിക്കറ്റിനും 75 രൂപയും അടയ്ക്കണം. കുവൈത്ത്, യു... എംബസി അറ്റസ്റ്റേഷന്‍ ചെയ്യാന്‍ നോര്‍ക്കയില്‍ സൗകര്യമുണ്ട്.ഓരോ സര്‍ട്ടഫിക്കറ്റിനും യു... 3750, കുവൈത്ത് 1250 എന്നിങ്ങനെ നല്‍കണം.എംബസി അറ്റസ്റ്റേഷന് ചില സ്വകാര്യ ട്രാവല്‍ ഏജന്‍സികളും ഈ സൗകര്യം നല്‍കിവരുന്നു.

ജോലി ലഭിച്ച ശേഷം

ഗള്‍ഫ് രാജ്യങ്ങളില്‍ അധ്യാപന ജോലി അംഗീകരിക്കപ്പെടണമെങ്കില്‍ ഏതാനും ചില രേഖകള്‍ ശരിയാക്കുക എന്ന കടമ്പ കൂടി പൂര്‍ത്തിയാക്കനുണ്ട്.രാജ്യത്ത് നിന്ന് പൂര്‍ത്തിയാക്കി ഹയര്‍സെക്കണ്ടറി,ബിരുദം,പ്രൊഫഷണല്‍ യോഗ്യത എന്നീ സര്‍ട്ടിഫിക്കേറ്റുകള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാഭ്യാസ യോഗ്യതയുമായി തുല്യതപ്പെട്ടതാണെന്ന സര്‍ട്ടിഫിക്കേറ്റ് അവിടങ്ങളിലെ വിദ്യാഭ്യാസ മന്ത്രാലയംകൂടി അംഗീകരിക്കേണ്ടതുണ്ട്. (ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ്). ഇതിനായി ബിരുദം മുതല്‍ മുകളിലേക്കുള്ള യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ശരിയായതാണോ ( ജെന്യൂനിറ്റി) എന്ന് പരിശോധിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രത്യേകം അപേക്ഷ നല്‍കേണ്ടതുണ്ട്. ഇവ പരിശോധിച്ച് ജെന്യൂയിന്‍ ആണെന്ന് സാക്ഷ്യപത്രം കിട്ടിയ ശേഷം യുഎഇയിലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സുലില്‍ അപക്ഷ സമര്‍പ്പിക്കണം.തുടര്‍ന്ന് ഇവിടെ നിന്നും സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നതോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത്.മാസങ്ങള്‍ നീളുന്ന പ്രക്രിയയാണെങ്കിലും അംഗീകാരം ലഭിക്കുന്നവര്‍ക്ക് മികച്ച സ്കൂളുകളില്‍ ജോലി കിട്ടാനും എളുപ്പമാകും.

No comments:

Post a Comment