Wednesday, June 22, 2016

വാരിയെല്ലിന് വേണ്ടിയുള്ള അന്വേഷണംഈ പോസ്റ്റ്കൊണ്ട് എന്താ പ്രയോജനം ? നോമ്പുതുറക്കാന്‍ പോയപ്പോള്‍ സ്വയം ചോദിച്ചു.അപ്പോള്‍ കിട്ടിയ ഉത്തരം ഇങ്ങിനെയാണ്.
1.ഇതൊരു ഇസ്ലാമിക പെണ്ണുകാണലിനെ ഒരു ആണ് എങ്ങിനെ നോക്കിക്കാണുന്നു എന്ന് പെണ്ണിന് മനസ്സിലാക്കാം
2. കെട്ടി നിറുത്തിയ ജലാശയത്തെ തുറന്നിടുമ്പോള്‍ ഒരു ഡാമിനുണ്ടാകുന്ന ആശ്വാസമുണ്ടാകാം


ഫെബ്രുവരിയിലെ ആ സന്ധ്യയില്‍ കണ്ട പെണ്‍കുട്ടി പിന്നെപ്പോഴാണ് മനസ്സിലേക്ക് വന്നതെന്ന് കൃത്യമായി ഓര്‍മ്മയില്ല.അല്ലെങ്കിലും എല്ലാം പ്ലാന്‍ ചെയ്തല്ലല്ലോ വരിക. സ്വാഭാവികമായി സംഭവിക്കുന്നതാണതൊക്കെ.
ഒരു കാര്യം ഉറപ്പാണ്. ഇന്ന് ധരിക്കുംപോലെ പര്‍ദ്ധയല്ല ആ കുട്ടിയന്ന് ധരിച്ചിരുന്നത് എന്ന് മാത്രം അറിയാം.

പിന്നീടെപ്പോഴോ വി.പി. ഒടി റൂമില്‍ ഡ്യൂട്ടി തന്നപ്പോള്‍ അവിടെ ചില പുതിയ ടീച്ചേഴ്സിനെ കണ്ടു.അവിടെ വെച്ചാണ് സീനത്ത് മിസിനെ പരിചയപ്പെടുന്നത്.എന്‍റെ കൂട്ടുകാരന്‍റെ കൂടെ സ്കൂളില്‍ ജോലി ചെയ്ത മിസ് ആണവര്‍.കൂടാതെ എന്‍റെ നാട്ടില്‍ നിന്ന് 22 കി.മി ദൂരം അടുത്തുമാണ്. ആയിടക്കാണ് ഒരു പര്‍ദ്ധയിട്ട കുട്ടിയെ കാണുന്നത്.അന്ന് കുടുംബസംഗമത്തില്‍ കണ്ട അതെ കുട്ടി.

പര്‍ദ്ധയാണ് വേഷം.ചില പരിഷ്ക്കാരി പെണ്ണുങ്ങളെപ്പോലെ മോഡല്‍ പര്‍ദ്ധയൊന്നുമല്ല.ഒരു സാധാരണത്വം. കാണാനും സുന്ദരി.പ്രേമം സിനിമയിലെ സായ് പല്ലവിയെപ്പോലെ മുഖത്ത് കുറച്ച് മുഖക്കുരുക്കളുണ്ടെന്ന് തോന്നുന്നു. എന്നാലും കുഴപ്പമില്ല. ചിരിയ്‌ക്കുമ്പോള്‍ നുണക്കുഴി വിരിയുന്നുണ്ടോ? സൂക്ഷിച്ച് ഇതുവരെ നോക്കിയിട്ടില്ല.
തുമ്പിയെപിടിക്കാന്‍ പോകുന്ന കുട്ടിയുടെ നടത്തം.

പക്ഷെ മുഖത്തേക്കൊന്നും നോക്കില്ല.
അങ്ങിനെയൊരാള്‍ അവിടെ വന്നോ എന്ന് പോലും ഭാവിക്കാതെ നടന്നുപോകുന്നവള്‍.
പിന്നെ പിന്നെ
ഫോട്ടോ കോപ്പി എടുക്കാന്‍ വരുമ്പോഴൊക്കെ അവിടെ ഈ ഉമ്മച്ചികുട്ടിയുണ്ടാകാറുണ്ട്.
പക്ഷെ മുഖത്തേക്കൊന്നും നോക്കില്ല.
അങ്ങിനെയൊരാള്‍ അവിടെ വന്നോ എന്ന് പോലും ഭാവിക്കാതെ നടന്നുപോകുന്നവള്‍.
കുറെ മാസം മനസ്സിന്‍റെ ഒരു കോണിലൊതുക്കിയിരുന്നു.
പോട്ടെ..ന്ന് വെച്ചു.വീട്ടില്‍ തകൃതിയായി ആലോചന തുടങ്ങി.
ഉമ്മയോട്പറഞ്ഞു.
വരുമ്പോള്‍ പെണ്ണിനെ ഞാന്‍ ഇവിടെ നിന്ന് കൊണ്ടുവരാമെന്നും തട്ടിവിട്ടു😜
ഒടുവില്‍ കൂട്ടുകാരന്‍ നൗഫലിനോട് പറഞ്ഞു..
നൗഫലേ... ആലോചന ഇവിടെ നിന്നാക്കിയാലോ എന്ന്..
അവന്‍ ഒറ്റയടിക്ക് വേണ്ടെന്ന് പറഞ്ഞു.

അത് വല്ലാത്ത ഒരു വാക്കായിരുന്നു.
ഗള്‍ഫില്‍ വളര്‍ന്ന കുട്ടിക്ക് , നമ്മുടെ നാടും മണ്ണൊന്നും പറ്റില്ല.
അവര്‍ വെറും കുബ്ബൂസ് കുട്ടികളാകും.
പിന്നെ ഗള്‍ഫ് സ്കൂളിലൊക്കെ പഠിച്ചതല്ലേ...
നിനക്കത് ശര്യാകോന്ന് തോന്നുന്നില്ല.
നമുക്ക് വേറെ നോക്കാംന്ന്..അങ്ങിനെ അത് പടച്ചോന് വിട്ടു.
അല്ലാഹുവേ...
ഹൈറ് പ്രദാനം ചെയ്യണേ...അത് ശര്യാകില്ലെങ്കില്‍ പെട്ടെന്ന് ഒന്ന് ഒഴിവാക്കിത്തരണേ...യെന്ന്.

ക്ഷെ ദൈവം കൂടുതലെന്നെ പരീക്ഷിക്കാന്‍ തുടങ്ങി.
അതില്‍ പിന്നെയാണ് കൂടുതലായി കാണാ‍ന്‍ തുടങ്ങിയത്.
അതില്‍ പിന്നെയാണ് നിന്‍റെ പേരറിയാമായിട്ടും ഒരു കൊളുത്തെറിഞ്ഞത്പെട്ടെന്നാണ് നിന്‍റെ മുന്നിലേക്ക് കോണിയിറങ്ങി വന്നത്.

"സാറെന്തിനാ എന്‍റെ പേര് ചോദിച്ചത്"

എന്‍റള്ളോ... ആകെ ഉള്ളിലൊരു കാളല്‍.

ചുമ്മായെന്ന് പറഞ്ഞ്... ഒരു പോക്ക് പോയിട്ടുണ്ട് 😀ഇതിനിടെ ശഅബാന്‍ 15 ന് ഞാനൊരു സുന്നത്ത് നോമ്പെടുത്തു.
നീ നാളെ നോമ്പെടുക്കിന്നില്ലേയെന്ന് ഉമ്മാ ചോദിച്ചപ്പോള്‍ എടുത്തതാ...

അതെ കുറിച്ച് ശരീഫ് സാറും ഞാനും സ്റ്റാഫ് റൂമില്‍ ചില സംവാദങ്ങള്‍ നടന്നു
അദ്ദേഹം ഹദീസ് കൊണ്ടും ഖുര്‍ആന്‍ കൊണ്ടൊക്കെ വാദിച്ചു.
ഞാനെന്‍റെ കേവലം നാവുകൊണ്ടും വാദിച്ചു.

അദ്ദേഹത്തിന് തോന്നി, ഞാനൊരു കടുത്ത സുന്നി ആദര്‍ശ വാദിയാണെന്ന്.അതവിടെ അവസാനിച്ചതാ..
അതിനിടക്കാണ് നൗഫലിനോട് ആയിശയുടെ കാര്യം പറഞ്ഞത്.

ചെക്ക് ഔട്ട് അടിക്കാന്‍ വന്നപ്പോ അവനും നോക്കിയിട്ട് പറഞ്ഞു.
സംഗതി കിട്ടിയാ ലോട്ടറിയാകുമെന്ന്..ഇതിങ്ങിനെ വിട്ടാ ശരിയാവില്ലെന്ന് പറഞ്ഞ അവന്‍ ശരീഫ് സാറെ കൂട്ടി, ചര്‍ച്ചകള്‍ സജീവമാക്കി.
നമുക്കൊരു കാര്യം ചെയ്യാം..
ഇസ്ലാമിക രീതിയില്‍ തന്നെ നീങ്ങാമെന്ന്.
അങ്ങിനെ നമ്പര്‍ കിട്ടണം. അങ്ങിനെ നമ്പറൊക്കെ സംഘടിപ്പിച്ച ശരീഫ് സാര്‍ ഉപ്പയെ കണ്ടു.എന്നെ പരിചയപ്പെടുത്തുന്ന കൂട്ടത്തില്‍ എന്‍റെ കുറെ മദ്ഹ് (?)അവര്‍ പറഞ്ഞോയെന്ന് എനിക്ക് സംശയമുണ്ട്.അതാണ് അടിയായതും
കൂട്ടത്തില്‍ ഞാന്‍ സുന്നികളുടെ പത്രത്തില്‍ അടുത്തിടെ എഴുതിയ രണ്ട് ലേഖനമൊക്കെ അവര്‍ തട്ടിവിട്ടെന്ന് തോന്നുന്നു.

പത്രം അത്, സുന്നി-എപി വിഭാഗത്തിന്‍റെ സിറാജ് പത്രമായിരുന്നു.

അ സാറിന് കുറച്ചൊക്കെ അറിയാമെന്നാണ് എനിക്ക് തോന്നുന്നത്.
ഞാന്‍ പറഞ്ഞിട്ടില്ല.
എന്തോ , എനിക്ക് പറയാന്‍ പറ്റിയ ആളാണെന്ന് തോന്നിയില്ല.ശരീഫ് സാറുടെ അടുത്ത സഹൃത്തായത് കൊണ്ട് മൂപ്പര്‍ ഒന്ന് സൂചിപ്പിച്ചെന്ന് തോന്നുന്നു.
എന്തായി അക്ബറേ.. കാര്യങ്ങള്‍ ? ഒരിക്കല്‍ ചോദിച്ചു.
ഒന്നുമായില്ല സാര്‍ ..എന്താവാനാ..? എന്ന ഒഴുക്കന്‍ മറുപടിയാണ് ഞാന്‍ നല്‍കിയത്.അവള്‍ മിടുക്കി കുട്ടിയാണെന്നൊക്കെ മൂപ്പര്‍ അതിനിടെ പറയേം ചെയ്തു.
മിടുക്കി കുട്ടി (അല്ലാഹുഅഴ് ലം?)
എല്ലാവരും പൊക്കി പൊക്കി കരിനാക്ക് തട്ടിയാല്‍ ഞാന്‍ ഉത്തരവാദിയല്ല ( പിന്നെ കരിനാക്ക് ഇസ്ലാമികമാണോ എന്നതിലേക്ക് ഇപ്പോള്‍ ചര്‍ച്ചകൊണ്ടുപോകരുത്)
മാധ്യമത്തിന്‍റെ വെളിച്ചത്തിലും വിദ്യയിലുമൊക്കെ ലേഖനം വന്ന മദ്ഹ് ശരീഫ് സാര്‍ പറഞ്ഞോ ആവോ? ചിലപ്പോള്‍ അത് വര്‍ക്കൗട്ടായേനേ...
മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് പ്രബോധനത്തിലെഴുതിയാല്‍ മതിയായിരുന്നുവെന്ന് പിന്നെ തോന്നി.
ദൈവത്തിന്‍റെ ഓരോ വികൃതികള്‍ !

ശഅബാന്‍ 15ന്‍റെ നോമ്പിനെ കുറിച്ച് ശരീഫ് സാര്‍ ചോദിച്ചു.
ഇന്ന് നോമ്പെടുക്കല്‍ സുന്നത്തുണ്ടോ?
ഉണ്ടെന്നാണ് ഉമ്മ പറഞ്ഞ് കേട്ടിട്ടുള്ളത്.
അങ്ങിനെ കേട്ടാപോരാ... തെളിവുണ്ടോ?
ന്‍റെ മാഷേ... നിക്കതൊന്നും അറിയില്ല. ഇനി നോമ്പെടുത്താല്‍ കൂലിയില്ലെങ്കില്‍ ശഅബാന്‍ 15ന്‍റെ പ്രതിഫലം മൈനസ് ചെയ്ത് വ്യാഴാഴ്ച നോമ്പെടുത്തതിന്‍റെ കൂലി തന്നാ മതിയെന്ന് ഞാന്‍ ദൈവത്തോട് പറഞ്ഞോളാം എന്ന് മറുപടി നല്‍കുകയും ചെയ്തു.
തമാശയായി പറഞ്ഞതാണെങ്കിലും ഞാന്‍ സുന്നി ആദര്‍ശം പറയാണെന്ന് സാര്‍ക്ക് ചൊടിച്ചുകാണും.
അതിന്‍റെ അനുരണനം അദ്ദേഹം ഉപ്പയോട് പറഞ്ഞിട്ടുണ്ട്.
"ആള് സുന്നിയാണ്. കൊറച്ച് സ്ട്രോങ് ആണെന്നാണ് തോന്നുന്നത്.”
മദ്ഹുകള്‍ക്കിടയില്‍ സംഗതി പാളിപ്പോകാന്‍ ഇതുപോലുള്ള ഒരോ സ്റ്റേറ്റുമെന്‍റുകള്‍ മതിയായിക്കാണും.
അവര്‍ അന്ന് എത്രത്തോളം സംസാരിച്ചെന്നൊന്നും അറിയില്ല.തൊട്ടടുത്ത ദിവസം ഷൈഖ് പള്ളിയുടെ സമീപത്തെ പാര്‍ക്കിലിരുന്ന് സാറന്മാര്‍ നടന്ന സംഭവമൊക്കെ എന്നെ അറിയിച്ചു.

നല്ലൊരു മനുഷ്യനാണ് അദ്ദേഹം. വട്ടത്തില്‍ ബുള്‍ഗാന്‍ താടിയൊക്കെയുള്ള ഒരു സാത്വികന്‍"
മാശാഅല്ലാഹ്.. നമ്മുടെ മനോമുകുരത്തില്‍ ഭാവി അമ്മോശന്‍റെ ചിത്രം തെളിഞ്ഞോ ?

നാല് പെണ്‍കുട്ടികളാണ് മൂപ്പര്‍ക്ക്.
ഇവളാണ് ചെറുത്. നല്ല കുട്ടിയാണ്.എസില്‍ നിന്ന് എന്തൊക്കെയോ ക്യാപ്റ്റന്‍ സ്ഥാനത്തൊക്കെ എത്തിയിട്ടുണ്ട്. നല്ലോം പഠിക്കും.
മൂന്ന് പെണ്‍കുട്ടികളെ കെട്ടിച്ചയച്ചു.അവരില്‍ ഒന്നോ രണ്ടോ ആളുകള്‍ ഇവിടെയുണ്ട്. വീട്ടിലേക്ക് ക്ഷണിച്ചു. മോളവിടെയില്ലെന്നും ദുബൈയിലെ ഏട്ടത്തിയുടെ അടുത്തേക്ക് പോയതാണെന്നുമൊക്കെ പറഞ്ഞു.

കുുടുംബം ?
സാധാരണ കുടുംബമാണ്.നിന്‍റെ കുടുംബം വെച്ച് നോക്കുമ്പോ പറ്റുകയൊക്കെ ചെയ്യും.
പക്ഷെ വേറെ പ്രശ്നമുണ്ട്. അവര്‍ കടുത്ത ജമാഅത്ത് ആശയക്കാരാ.. അത് നിന്‍റെ കുടുംബത്തിന് പറ്റോന്ന് തോന്നുന്നില്ല.നിങ്ങളൊക്കെ സുന്നികളല്ലേ..

അതല്ലാത്ത വേറെ എന്തെങ്കിലും പ്രശ്നമുണ്ടോ?

വേറെ പ്രശ്നങ്ങളൊന്നുമില്ല. അവള്‍ക്ക് പഠിക്കണമെന്നാണ് ആഗ്രഹം.നാച്യുറോപതി ആണെന്ന് തോന്നുന്നു കോഴ്സിന്‍റെ പേര്. എന്തോ ഹിന്ദുമതവുമായി അതിന് ബന്ധമുണ്ടെന്നൊക്കെ തോന്നുന്നു.
നമ്മളെ കാര്യമൊക്കെ നിങ്ങള്‍ പറഞ്ഞില്ലേ ?
അതെ, നിന്‍റെ കാര്യമൊക്കെ പറഞ്ഞിട്ടുണ്ട്.ഇനി നീയാണ് തീരുമാനിക്കേണ്ടത്.അവര്‍ അത്രവലിയ ഡിമാന്‍റുകളുള്ളവരൊന്നുമല്ല.മൂപ്പര്‍ പത്ത് ,നാല്‍പ്പത് കൊല്ലമായി ഇവിടെ പള്ളിയില്‍. കുട്ടികളൊക്കെ വളര്‍ന്നത് ഇവിടെയാണ്.
എന്തായാലും നിന്നെ ഒന്ന് കാണണം എന്ന് പറഞ്ഞിട്ടുണ്ട്. എന്നാ പോകേണ്ടത്.?

മാഷേ.. ഞാനൊന്ന് ഉമ്മയോട് സംസാരിക്കട്ടേ..

അമ്മിഞ്ഞപ്പാലിന്‍റെ മണമാണ് ഉമ്മയുടെ ഓര്‍മ്മക്കെന്ന് സാദിഖ് എഴുതിയിട്ടുണ്ട്.വൈക്കം മുഹമ്മദ് ബഷീര്‍ കുറച്ചൂടെ തീവ്രമായി അമ്മയെന്ന കഥയെഴുതി.
രാത്രി മൂന്ന്‌ മണി കഴിഞ്ഞിരുന്നു.
ഞാന്‍ വീടിന്റെ മുറ്റത്ത്‌ ചെന്നപ്പോള്‍ ``ആരാത്‌'' എന്ന്‌ എന്റെ മാതാവ്‌ ചോദിച്ചു. ഞാന്‍ വരാന്തയില്‍ കയറി. അമ്മ വിളക്കു കൊളുത്തി. ഒന്നും സംഭവിച്ചിട്ടില്ലാത്ത മാതിരി എന്നോട്‌ ചോദിച്ചു:
നീ വല്ലതും കഴിച്ചോ മകനെ?
ഞാന്‍ ഒന്നും പറഞ്ഞില്ല. ഞാന്‍ ആകെ വിങ്ങിപ്പൊട്ടി. ലോകമെല്ലാം ഉറങ്ങിക്കിടക്കുകയാണ്‌. എന്റെ മാതാവ്‌ മാത്രം ഉറക്കമിളച്ചിരിക്കുന്നു. വെള്ളവും കിണ്ടിയും കൊണ്ടുവെച്ചിട്ട്‌, മാതാവ്‌ എന്നോട്‌ കൈകാലുകള്‍ കഴുകാന്‍ പറഞ്ഞു. എന്നിട്ട്‌ ചോറുമ്പാത്രം നീക്കിവച്ചു തന്നു.
വേറൊന്നും ചോദിച്ചില്ല.
എനിക്കല്‍ഭുതം തോന്നി. ഞാന്‍ ഇന്നുവരുമെന്ന്‌ ഉമ്മ എങ്ങിനെയറിഞ്ഞു" (ബഷീര്‍ സമ്പൂര്‍ണ കൃതികള്‍ പേജ്‌: 311, 312 )

ചെറുപ്പത്തിലെ ഉപ്പ മരണപ്പെട്ട ഈ അനാഥബാലന് അന്നുമിന്നും ആശ്രയം ഉമ്മമാത്രമാണ്.ആറ് ആണ്‍ കുട്ടികളില്‍ ആറാമനായി എനിക്ക് ജന്മം നല്‍കിയവര്‍.എന്തും തുറന്ന് പറയാം. പ്രവാസലോകത്തേക്ക് യാത്ര തിരിക്കുമ്പോള്‍ സാധനങ്ങളെല്ലാം ഒതുക്കിവെച്ചത് ഉമ്മയാണ്. പെട്ടിപൂട്ടുമ്പോള്‍ അതില്‍ ഉമ്മയുടെ കണ്ണീരും എന്‍റെ സങ്കടങ്ങളുമുണ്ടായിരുന്നു.

എന്റെ സ്വപ്നത്തില്‍ എവിടെയും ഗള്‍ഫ് ഉണ്ടായിരുന്നില്ല.
""പൊന്നും മുതലും പണ്ടോം പണോം പങ്കാസും
ഫോറിന്‍ തുണികള്‍ അണിഞ്ഞുള്ള പത്രാസും
നാലുപേര്‍ കാണെ നടക്കുന്ന നാമൂസും
നാട്ടിലേറ്റം വല്യൊരു വീടിന്റെ അന്തസ്സും''
ഗള്‍ഫില്‍ പോയി സമ്പാദിക്കണമെന്ന് ഒരിക്കലും ആശിച്ചില്ല.മാത്രമല്ല അതിനെ നിരുത്സാഹപ്പെടുത്തായിരുന്നു ചെയ്തിരുന്നത്.അടുത്തിടെ ഗള്‍ഫിലെ ജോലി സാധ്യതകളെ കുറിച്ചെ എഴുതിയ ലേഖനം അച്ചടിച്ചുവന്നപ്പോള്‍ സുഹൃത്ത് സാദിഖ് എന്‍റെ ഇരട്ടത്താപ്പിനെ ഫേസ്ബുക്കില്‍ പൊളിച്ചടുക്കിയതാണ്.


ഇവിടെ നിന്നുള്ള ഓരോ വാര്‍ത്തകളും പിന്നെ ഉമ്മയോടല്ലാതെ ആരോട് പങ്കുവെക്കാന്‍.നാട്ടിലെനിക്ക് പെണ്ണ് നോക്കി തളര്‍ന്നവര്‍. പണ്ടൊരു കുട്ടി സ്കൂളില്‍ നിന്നും ഐസ് വാങ്ങാന്‍പോയ കഥപോലെ അത് സര്‍ക്കിള്‍ ചെയ്ത്കൊണ്ടേയിരുന്നു.ഉപ്പയുടെ സ്വത്തായി എനിക്ക് കിട്ടിയ തറവാട് വീടും പുരയിടത്തു നിന്നും ഉമ്മാക്ക് മാറിത്താമസിക്കാന്‍ ഇഷ്ടമുണ്ടായിരുന്നില്ല.പഴയകാലത്തെ പ്രസിദ്ധമായ തറവാട് ആയതുകൊണ്ടാകും അതിന് പുത്തംപുരയെന്നൊക്കെ പേരുകിട്ടിയത്.ആ പുത്തന്‍പുരയുടെ മാളികമുകളിലിരുന്ന് കിളിവാതിലിലൂടെ കണ്ട ആകാശത്തിലൂടെയാണ് ഞാന്‍ ലോകത്തെ വീക്ഷിക്കാന്‍ തുടങ്ങിയത്.

പക്ഷെ പുത്തന്‍പുര മോഡേണ്‍ പെണ്‍കുട്ടികള്‍ക്ക് പഴഞ്ചന്‍ പുരയായിരുന്നു.മാളികയും ഉമ്മറക്കോലായയും ചെറിയറയും വലിയറയും കോണിപ്പടിയുമൊക്കെയായി അതിന്‍റെ പ്രാചീനത പെണ്‍കുട്ടികളുടെ വീട്ടുകാര്‍ക്ക് അരോചകമായിട്ടാവും.അവസാനം ഞാന്‍ തീരുമാനിച്ചു.നമുക്ക് പുതിയ വീട് പണിയാം ഉമ്മാ...
ഇവിടെ അഞ്ചെണ്ണം കെട്ടിക്കൊണ്ടുവന്നത് ഈ വീട്ടിലേക്കാ.. ഇനി നിന്‍റേതും ഇതിലേക്ക് മതി.അതിന് പറ്റുന്ന കുട്ട്യാളൊക്കെ പോരേ മോനേ നിനക്ക് ?

മൗനമല്ലാതെ വേറെ ഉത്തരമെനിക്കില്ല.
പെണ്ണ് കണ്ട് വന്ന് അന്വേഷിക്കുമ്പോള്‍ വീടിന്‍റെ പോരായ്മ പറഞ്ഞ് പെണ്‍കുട്ട്യാളുടെ ഉപ്പമാരും ബന്ധുക്കളും ഉമ്മ വിളമ്പിയ ചായയും കഴിച്ച് തിരിച്ചുവിളിക്കാമെന്ന വെറുംവാക്ക് പറഞ്ഞ് സൈക്കിളില്‍ നിന്ന് വീണവര്‍ ചിരിക്കുന്ന ഒരു ചിരിപാസാക്കി പടിയിറങ്ങിപ്പോകുമ്പോള്‍ നെഞ്ചിന്‍റെ ഇടത്തെകോണിലനുഭവപ്പെടുന്ന ഒരു വിങ്ങലുണ്ടാകും.അത് എത്രയോ കണ്ട് വലിയപാറയുടെ വിചനതയില്‍ ഒറ്റക്കിരുന്നവനാണ് ഈയുള്ളവന്‍.

അപ്പോള്‍ ദൈവം തിരിച്ചു ചോദിക്കും .
"ഇതൊക്കെയൊരു പ്രശ്നമാണോടോ "
ഹേയ്, ഒരിക്കലുമല്ല, "നിങ്ങള്‍ നിങ്ങളുടെ താഴേക്കിടയിലുള്ളവരിലേക്ക് നോക്കുക" – അപ്പോള്‍ ഈ ഖുര്‍ആന്‍ വാക്യം ആശ്വാസം തരും.പ്രായം 30 കഴിഞ്ഞിട്ടും കെട്ടിക്കൊണ്ടുപോകാന്‍ കഴിയാത്ത അയല്‍പ്പക്കത്തെ ഹസീനയുടെ ജസീലയുടെയുമൊക്കെ അവസ്ഥവെച്ച് താരതമ്യം ചെയ്ത് നോക്കുമ്പോള്‍ ഒരു 26 കഴിഞ്ഞ യുവാവിന്‍റെ ടെന്‍ഷനിവിടെ എന്ത് പ്രസക്തി? എല്ലാത്തിനും അതിന്‍റെദായ സമയമുണ്ട് ദാസാ.... എന്ന നാടോടിക്കാറ്റിലെ മോഹന്‍ലാലിന്‍റെ പ്രസിദ്ധമായ ആ ഡയലോഗുമടിച്ച് , ശഹബാസ് അമന്‍റെ രണ്ട് ഗസലുകളും കേട്ട് വീണ്ടും പഴയമൂഡിലേക്ക് വരും. പറഞ്ഞ് പറഞ്ഞാണ് ഉമ്മയെ സമ്മതിപ്പിച്ച് .ഗള്‍ഫിലേക്ക് സുഹൃത്തിന്‍റെ ക്ഷണപ്രകാരം സ്കൂളിലേക്ക് വന്നത്. ഉമ്മ പറഞ്ഞു. ഏറെ ചിന്തിച്ച് ചെയ്യേണ്ട രണ്ടു കാര്യങ്ങളുണ്ട് നിനക്ക്.
ഒന്ന് ഒരു പെണ്ണ് വേണം, മറ്റൊന്ന് വീട്.
ഇതുരണ്ടും ജീവിതത്തില്‍ ഒന്നേയുള്ളൂ...

ഹോ. എന്താ ഫിലോസഫി !
അതില്‍ ഏറെ നാളത്തെ ചിന്തക്കൊടുവില്‍ രണ്ടാമത്തെ കാര്യം കുറെ മുന്നേറി-വീടിന്‍റെ പ്ലാനായി,പൊളിക്കലായി.തറയായി,ബെല്‍റ്റായി. ഇനി മുകളിലേക്ക്. ഇനി അതിലേക്ക് ഒരാളെ വേണം.ജീവിതത്തിന്‍റെ ഫൗണ്ടേഷനായി, ബെല്‍റ്റായി,മേല്‍ക്കൂരയായി ഒരു ദീനീ ചൈതന്യമുള്ള കുട്ടി. പണ്ടെന്നോ നഷ്ടപ്പെട്ട വാരിയെല്ല് കിട്ടുന്നതോടെ അത് ജീവിതത്തിന്‍റെ പൂര്‍ണ്ണതയിലേക്കുള്ള സഞ്ചാരമാകും.

ഹോ.. ഉമ്മയെ കുറിച്ചെഴുതി കുറെയായി.ബോറഡിച്ചോ എന്നറിയില്ല.ഏത് ഭാഗം എഡിറ്റ് ചെയ്താലും ഇതിങ്ങനെ കിടക്കട്ടേ...

ഉമ്മാ..
ഇവിടെയൊരു കുട്ടിയുണ്ട്. മലപ്പുറത്ത് നിന്ന് വീണ്ടും തെക്കോട്ട് പോകണം.
നല്ല ദീനിയാണെന്നൊക്കെ തോന്നുന്നു. ചുഴ്ന്ന് നോക്കാന്‍ ചക്കയൊന്നുമല്ലല്ലോ..
അവര്‍ ജമാഅത്തെ ഇസ്ലാമിയായതോണ്ട് നമ്മളെ പറ്റാത്ത പ്രശ്നണ്ടാവും.ന്നാലും നോക്കുന്നുണ്ടുട്ടോ...
"ഉം. കിട്ടിയാ നമ്മുടെ എളേമ്മാക്കൊരു കൂട്ടാകും .മുജാഹിദായി മാറിയ ഉമ്മയുടെ അനിയത്തിയെ ഉദ്ദേശിച്ച് പറഞ്ഞു.എട്ടന്‍ സലാമിന്‍റെ ഭാര്യക്ക് ജമാഅത്തിലേക്ക് ഒരു കൂട്ടുമാവും . എന്നെ ഒന്നുമാക്കാതിരുന്നാല്‍ മതി" .

ഇനിയുള്ള ജീവിതത്തിലെ സ്വപ്നങ്ങളിലൊന്ന് ഉമ്മയോടും ജീവിതപാതിയോടുമൊപ്പം മസ്ജിദുല്‍ ഹറമിന്‍റെ ചാരത്തുള്ള ഒരു ജീവിതമാണ്.അവരോടൊപ്പമുള്ള ഒരു ഉംറ. സഅ് യും ത്വവാഫും സന്ദര്‍ശനങ്ങളുമെല്ലാം അവരോടൊപ്പം. അവര്‍ക്കെന്ത് സന്തോഷമായിരിക്കും !
നേരത്തെ ഉമ്മയോടൊപ്പം അതിന് സാധിച്ചത് ജീവിതത്തിലെ മഹാഭാഗ്യമായി കരുതുന്നു.അതെ കുറിച്ച് എഴുതാതെ സ്വകാര്യമായി തന്നെ നിര്‍ത്തുന്നു.എന്തിന് നല്ലകാര്യങ്ങള്‍ വിളിച്ചുപറയണം?

ഏട്ടന്മാരോട് നേരിട്ട് ചോദിക്കാനുള്ള ഒരു നാണം കാരണം ഉമ്മയുടെ ഏട്ടത്തിയുടെ മകന്‍ മാനുവിനോടും ചോദിച്ചു. എന്താ ചെയ്യണ്ടേ... ഇവിടെ നിന്നാക്കണോ ?
ഞാന്‍ നിന്നോട് എത്ര തവണ പറഞ്ഞതാ.. അവിടെ നല്ല ഫാമിലിയുണ്ടാകും. പറ്റോങ്കി അതാകും ഹൈറ്.ന്നാ ഇങ്ങക്കവിടെ കുറച്ച്കാലമെങ്കിലും കഴിയാം.ജോലിക്ക് പറഞ്ഞയക്കണമെങ്കില്‍ പറഞ്ഞയക്കേം ചെയ്യാം. ഏട്ടന്‍മാരോട് പറയുന്ന കാര്യം ഞാനേറ്റുെ"

നാട്ടിലെ കാരണവരായ സുഹൃത്തും മാധ്യമം പത്രത്തിന്‍റെ വണ്ടൂരിലെ ലേഖകനായി കൂടെ പ്രവര്‍ത്തിച്ച ജമാഅത്തെ ഇസ്ലാമിക്കാരനും ഇപ്പോഴത്തെ റിപ്പോര്‍ട്ടറുമായ നാസര്‍ക്കയെ വിളിച്ച് ചോദിച്ചു.
ജമാഅത്തുകാര്‍ ഇത്ര കര്‍ക്കശക്കാരാണോ ? നമ്മുടെ അനുഭവത്തിലെ ജമാഅത്തുകാരൊന്നും അങ്ങിനയല്ല, വിവാഹക്കാര്യത്തിലൊക്കെ എന്താ നിലപാട് ?

എന്താ ഇതിനൊക്കെ മറുപടി പറയാ.ആരാ ഇതൊക്കെ ക്രിയേറ്റ് ചെയ്തത്.? ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായമല്ലേ.. അതൊന്നും ഉള്‍കൊള്ളാനാകാത്തതല്ലേ നമ്മുടെ സമുദായത്തിലെ ഏറ്റവും വലിയ പോരായ്മ.എനിക്കതില്‍ ഒരു വിഷയോം തോന്നുന്നില്ല.നിനക്കറിയില്ലേ.. എന്‍റെ പെണ്ണുങ്ങള്‍ മുജാഹിദ് ഫാമിലീന്നാണ്.എനിക്കിതുവരെ അതൊരു പ്രശ്നമായി തോന്നിയിട്ടില്ല.

നാസര്‍ക്കയുടെ മറുപടിയും പോസിറ്റീവ് തന്നെ..

ഒരു കാര്യംകൂടി ചെയ്യാം.എനിക്കേറെ ഇഷ്ടമുള്ള ശൈഖ് മുഹമ്മദ് കാരക്കുന്നിന്‍റെ "ഇസ്ലാമും മനുഷ്യബന്ധങ്ങളും " എന്ന പ്രസംഗമൊന്ന് കേട്ടുനോക്കിയത്.അവിടെയും പ്രശ്നം കണ്ടില്ല.

അവനും കൂടി സപ്പോര്‍ട്ട് ആയതോടെ ഇസ്തിഹാറത്തിന്‍റെ നിസ്കാരവും നിര്‍വഹിച്ചു.
we can proceed it, if they will.
ഇവിടെ നിന്ന് പരിചയപ്പെട്ട ഒരു ഉസ്താദിനോട് ചോദിച്ചു.ജമാഅത്തെ ഇസ്ലാമിക്കാര്‍ നിക്കാഹ് ചെയ്ത് തന്നാല്‍ ശരിയാകില്ലേ..?
അതിനൊന്നും കൊഴപ്പമില്ല.
സംഗതി ഉസ്താദേ.. ആകെ ആശയ കുഴപ്പത്തിലാണ് .
നടക്കോന്ന് തോന്നണില്ല.
ഇതൊരു പ്രശ്നമായി എനിക്ക് തോന്നിയതിപ്പോഴാണ്. വേറെ എന്തെല്ലാം തടസ്സങ്ങളുണ്ട്. അതൊക്കെ പെട്ടെന്ന് ഉള്‍കൊള്ളാനാകും. കുടുംബം കുഫ് വ് ഒക്കാത്ത അവസ്ഥ, കുടുംബത്തിന്‍റെ സല്‍പ്പേര്, സാമ്പത്തിക നില,ചെറുക്കന്‍റെ സ്വഭാവം,ജോലി,വീട്ടിലെ അംഗങ്ങള്‍,വഴി ദൂരം etc..
പക്ഷെ അതൊന്നും ചര്‍ച്ചക്ക്പോലും വരാതെ ഏതോ ഒരു മതസംഘടനാ പ്രശ്നങ്ങള്‍ മാനുഷിക ബന്ധങ്ങളെ ഇത്രമാത്രം സ്വാധീനിക്കോ എന്നായിരുന്നു ചിന്ത.
വലിയ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നിട്ടും ഇസ്‌ലാമിക ലോകത്ത്, വൈജ്ഞാനികമായ നിരവധി സംഭാവനകള്‍ നല്‍കിയ മഹാരഥന്മാരായ മദ്ഹബിന്റെ പ്രധാന ഇമാമുകളായി അറിയപ്പെടുന്ന ഇമാം അബൂഹനീഫ(), ഇമാം മാലിക്(), ഇമാം ശാഫിഈ(), ഇമാം അഹ്മദ്ബ്‌നു ഹമ്പല്‍() എന്നിവര്‍ പക്ഷെ, തങ്ങളുടെ അഭിപ്രായങ്ങളെ ഒരു മദ്ഹബായി പ്രഖ്യാപിച്ച് സമൂഹത്തെ ഏല്‍പിച്ച് പോയവരല്ല എന്നൊക്കെയായിയിരുന്നു ഞാന്‍ ചിന്തിച്ചത്.


നീ ഒരു കാര്യം ചെയ്യ്. സുറത്തുല്‍ ഫത് ഹ് ഓതി പ്രാര്‍ഥിച്ച് നോക്ക്.


ഒരു കാര്യം ശ്രദ്ധേയമാണ്.പ്രാര്‍ഥനക്ക് ഏറെ ഭക്തി കിട്ടാന്‍ ഒരു പെണ്ണ് മനസ്സില്‍ കേറിയാല്‍ മതിയെന്ന് ശൈഖ് പള്ളിയുടെ മൂലക്കിരുന്ന് പ്രാര്‍ഥിച്ചപ്പോള്‍ എനിക്ക് മനസ്സിലായി. ഇപ്പോള്‍ പ്രാര്‍ഥിക്കുമ്പോള്‍ ചിന്തകള്‍ ഒബാമയിലേക്കോ, സ്പൈന്‍ സന്ദര്‍ശിക്കണമെന്ന ആഗ്രഹമോ , നാട്ടിലേ തോട്ടിലേക്കോ എങ്ങും പോകില്ല.

യുഎയിലെ പള്ളികളില്‍ നാട്ടിലെ പള്ളിയേക്കാള്‍ ഭക്തി കൂടുതല്‍ കിട്ടും.അതോണ്ടാകും കരയുന്ന മനസ്സുകളുടെ കണ്ണുനീരും സ്രവങ്ങളുമൊക്കെ ഒപ്പിയെടുക്കാന്‍ ടിഷു പേപ്പറുകള്‍ വ്യാപകമായി മുന്നിലുള്ളത്.
അങ്ങിനെയാണ് ശരീഫ് സാര്‍ പറഞ്ഞതനുസരിച്ച് നൗഫലിന്‍റെ കൂടെ ഒരു ബുധനാഴ്ച രാത്രി ടാക്സി വിളിച്ച് ഗോള്‍ഡ് സൂക്കിനടുത്തേക്കുള്ള പള്ളിയിലേക്ക് വണ്ടികയറിയത്. സ്കൂളിലെ മാഷുടെ ജാഡയൊന്നും വേണ്ട.കാലിച്ചെരുപ്പ്, ഇന്‍സൈഡ് ചെയ്യാത്ത നോര്‍മല്‍ വെള്ള ഷര്‍ട്ട്, കറുത്ത പാന്‍റ്. മൊത്തത്തില്‍ ഒരു സാധാരണ നാടന്‍ ലുക്ക് . അതില്‍ കിട്ടുന്നത് മതി.ഇന്‍സൈഡും ഷൂസും ബെല്‍റ്റും ടൈയും കോട്ടും ബോഡി സ്പ്രേയുമൊക്കെ ഒരു ജോലിയുടെ ജാഡകളുണ്ടാക്കാന്‍ വേണ്ടിവരും.ഇതിന് അത് വേണ്ടല്ലോ.

രാത്രി 9.30ന് പള്ളിമുറ്റത്തെത്തുമ്പോള്‍ അറബിയെപ്പോലെ തോന്നിക്കുന്ന ഒരാള്‍ ഇറങ്ങിപ്പോരാന്‍ ചെരിപ്പിടുകയാണ്.
സലാം ചൊല്ലി കൈപിടിക്കുമ്പോള്‍ ആ കൈകള്‍ക്ക് നനുത്ത എസിയുടെ കൂള്‍.
അകത്തേ പള്ളിക്കിരിക്കാം.

കുറെ മാസത്തിന് ശേഷം വീണ്ടും ഒരു പെണ്ണ് കാണിക്കല്‍ ( സോറി ആണു കാണിക്കല്‍ ചടങ്ങ് ) നടക്കുകയാണ്. പണ്ടൊക്കെ പെണ്ണുകാണിക്കലായിരുന്നു പരിപാടി.ഇപ്പോള്‍ പെണ്ണിനെ കാണും മുമ്പ് ആണിനെ പലവിധ ഇന്‍റര്‍വ്യു ചെയ്യും. കാലം കോലം മാറുകയെന്ന് പറഞ്ഞാല്‍ ഇതല്ലാതെ മറ്റെന്താണ്. കേരളത്തിലിപ്പോള്‍ ആണുങ്ങളുടെ എണ്ണം കൂടുതലാണത്രേ.. പെണ്‍കുട്ടികള്‍ കുറവായതിനാല്‍ , ഇക്കണോമിക്സിന്‍റെ ബേസിക് തിയറി അനുസരിച്ച് സപ്ലെ കുറയുമ്പോള്‍ ഡിമാന്‍റ് കൂടും.എന്നാലും ഇത്രേ ബോറ് പരിപാടി വേറെയില്ല. പുതിയാപ്ല ചെക്കനാകുമ്പോള്‍ ആകെ ജഗപൊക സംസാരം പറ്റില്ലല്ലോ... അതുകൊണ്ട് കൊറവായി അധികം സംസാരിക്കാതിരുന്നു. ഇഫ്തിറാഷിന്‍റെ ഇരുത്തം.ശരീഫ് സാറും നൗഫല്‍ സാറും കാര്യങ്ങള്‍ പറഞ്ഞു.
മൂളല്‍ മാത്രമായിരുന്നു എന്‍റെ പ്രധാന പരിപാടി.കുടുംബത്തെ കുറിച്ച് പരിചയപ്പെടുത്തി തുടങ്ങാമെന്നൊക്കെയായിരുന്നു എന്‍റെ പ്ലാന്‍.. പക്ഷെ കാര്യങ്ങളൊക്കെ വീണ്ടും ജമാഅത്ത്-സുന്നി വിഷയങ്ങള്‍ തന്നെ.
എനിക്ക് ദേഷ്യം വന്നു. എങ്ങിനെ വരാതിരിക്കും ?
എങ്കിലും മിണ്ടാതെ അത് പിടിച്ചു നിന്നു.പിന്നെന്തൊക്കെയോ വിരസമായി മറുപടി പറഞ്ഞു. First impression is the best impression. But ഇവിടെ എന്നെ കുറിച്ചുള്ള ഇംപ്രഷന്‍ ആദ്യമേ നഗറ്റീവാണ്. ഇനി അതൊന്നും തിരുത്താന്‍ എനിക്കുദ്ദേശ്യമില്ല.

ഞങ്ങള്‍ ജമാഅത്തെ ഇസ്ലാമിക്കാരാണ്. കേരളത്തില്‍ ജമാഅത്തെ ഇസ്ലാമി കെട്ടിപ്പടുത്തതില്‍ ഏറെ പങ്കുവഹിച്ചവരാണ് ഞങ്ങളുടെ കുടുംബം.മാധ്യമം എഡിറ്റര്‍ ഒ അബ്ദുറഹിമാന്‍റെ ….... ആരെയോ ആണ് ഞാന്‍ വിവാഹം ചെയ്തത്. ഇപ്പോ കെട്ടിച്ചയച്ചവരൊക്കെ ജമാഅത്തുമായി സഹകരിക്കുന്നവരാണ്.

ഭയങ്കര പ്രശ്നമാണിത്.എന്‍റെ എളാപ്പയെ കൊല്ലാന്‍ നോക്കിയ സംഭവമൊക്കെ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. എളാപ്പാക്ക് ഗള്‍ഫിലേക്ക് പോകാന്‍ നേരം, ….......... ബന്ധു ഒരു കുവപ്പൊടി നല്‍കിയത്രെ. സംശയം തോന്നിയപ്പോള്‍ ആ കുവപ്പൊടിയില്‍ നിന്നല്‍പ്പം പൂച്ചക്കിട്ട് കൊടുത്തത്രേ.. അത് കുറച്ച് കഴിഞ്ഞ് ചത്തുപോയത്രേ.

ഇന്നാലില്ലാഹ്.. !
സംഗതി പ്ലിംഗായി എന്ന് ഞാനുറപ്പിച്ചു.കാലിന്‍റെ തുടയില്‍ ശക്തമായി ഇടി കിട്ടിയാല്‍ ഉണ്ടാകുന്ന ചിരിയും കരച്ചിലും ഒരുമിച്ചു വന്ന അവസ്ഥ.പിന്നെ സംസാരം മുഴുവന്‍ ശരീഫ് സാറും ഉപ്പച്ചിയുമായിരുന്നു. അവര്‍ ഏതോ കമാല്‍ പാഷയെ കുറിച്ചും ചേകനൂര്‍ മൗലവിയെ കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു.

ഇത് വായിക്കുമ്പോള്‍ നിങ്ങള്‍ കോട്ടുവായിട്ട് കള്‍സര്‍ സ്ക്രോള്‍ ചെയ്യുംപോലെ ബോറഡിച്ച് ഞാനും . ഏതായലും ഞാന്‍ കുടുംബക്കാരോടൊന്ന് സംസാരിക്കട്ടെ... എന്നിട്ട് വിളിക്കാം..
അവസാനം ഫ്രീയായി ഒരു ഉപദേശവും കിട്ടി.
നിങ്ങള്‍ വായിക്കേം എഴുതേം ചെയ്യുമ്പോ, ജമാഅത്തെ ഇസ്ലാമിയെ കുറിച്ചൊക്കെ വായിക്കീന്ന്...

ഇന്‍ശാഅല്ലാഹ്.സലാംചൊല്ലി കൈനല്‍കി പിരിയും നേരം എന്‍റെ നടത്തത്തിന് നല്ല വേഗതയുണ്ടായിരുന്നു. തൊണ്ട വരണ്ടതിനാല്‍ കറാമയിലെ ജ്യൂസ് കടയില്‍ നിന്ന് 3 അവ്ക്കാഡും കുടിച്ച് ടേബിള്‍ ചര്‍ച്ചകള്‍ തുടങ്ങി.

എന്ത് തോന്നുന്നു അക്ബര്‍ ?

90% നടക്കൂല. എങ്കിലും അതൊന്ന് സംസാരിക്കാന്‍ സാധിച്ചല്ലോ.. വല്യ സമാധാനം.
സാധരണഗതിയില്‍ + ആണെങ്കില്‍ തൊട്ടടുത്ത ദിവസം ഉപ്പച്ചി തിരിച്ചുവിളിക്കുമായിരുന്നു.പക്ഷെ അതുണ്ടായില്ല. എങ്കിലും അത് നടക്കണമെന്ന അതിയായ ആഗ്രഹം കാരണം മനസ്സില്‍ വെറുചെ ശുഭപ്രതീക്ഷിച്ചവെച്ചു.
ചിലപ്പോ ശരീഫ് സാറുടെ നമ്പര്‍, അദ്ദേഹം സേവ് ചെയ്യാത്തോണ്ടാവും വിളിക്കാത്തത് .

ഇനി അവര്‍ വിളിക്കാതെ നമ്മള്‍ ഇടപെടേണ്ട അക്ബര്‍. നമ്മളെന്തിനാ ഇങ്ങിനെ അഭിമാനം പണയം വെക്കുന്നതെന്ന് നൗഫല്‍.
എടാ.. നിങ്ങള്‍ക്കൊക്കെ അത് പറയാം.നോവുന്നത് നിങ്ങള്‍ക്കല്ലല്ലോ..

നീ പറേണെ കേട്ടാ തോന്നും ലോകത്ത് വേറെ പെണ്ണില്ലെന്ന്, അവള് പോട്ടെടാ.. ഞാനന്നേ പറഞ്ഞതല്ലേ.. അത് നിനക്ക് നടക്കൂലെന്ന്.
ശരീഫ് സാറുടെ വാട്സപ്പ് മെസേജിന് കാത്തിരുന്ന് കാത്തിരുന്ന് മടുത്തു.സീനത്ത് മിസിനെ ഒന്നൂടെ ബുദ്ധിമുട്ടിച്ചു.
നിങ്ങളെങ്കിലും ഒന്ന് ചോദിക്ക്.!

അവള്‍ മറുപടി തന്നു. എന്നോട് ഉപ്പ ഒന്നും പറഞ്ഞിട്ടില്ല.ഉമ്മ ഏട്ടനോട് പറയുന്നത് കേട്ടു.എനിക്കിപ്പോ പഠിക്കണം, കല്ല്യാണത്തെ കുറിച്ചൊന്നും ആലോചിക്കുന്നില്ല.അല്ലാതെ എനിക്ക് മൂപ്പരോട് വിരോധമുണ്ടായിട്ടല്ല.

അപ്പോ അഞ്ച് മാസത്തോളമായി ഞാന്‍ മനസ്സില്‍ കൊണ്ടു നടന്ന, യുഎഇ ലൈഫിനെ മനോഹരമാക്കിയ സ്വപ്നങ്ങളുടെ , ജീവിത പ്രതീക്ഷകളുടെ ആ ചാപ്റ്റര്‍ ഇനി ക്ലോസ് ചെയ്യണം.

ബന്ധുക്കള്‍ ശത്രുക്കല്‍ സിനിമയില്‍ യേശുദാസ് ആലപിച്ച ഗാനം ആശ്വാസമായി വന്നു.
കാണുന്ന സ്വപ്നങ്ങള്‍ എല്ലാം ഫലിച്ചാല്‍
കാലത്തിന്‍ കല്‍പ്പനക്കെന്ത് മൂല്യം …

എന്നാ ഇനി അവളോട് പറഞ്ഞ് അവസാനിപ്പിക്കാം.പക്ഷെ എങ്ങിനെ പറയും.കോറിഡോറില്‍ പ‍ഞ്ച് ചെയ്യാന്‍ വരുമ്പോള്‍ കാണുന്ന ഒരു മിന്നിമായം മാത്രമേ ഉള്ളൂ.. കൂടെ തുറിച്ച് നോക്കുന്ന രണ്ടു കുട്ടികളും. പിന്നെന്‍റെ ധൈര്യമില്ലായ്മയും സഹപ്രവര്‍ത്തകരുടെ നിരീക്ഷണവും.

സീ മിസ് അയച്ച സ്ക്രീന്‍ ഷോട്ടില്‍ നിന്ന് നമ്പറെടുക്കാം.

ആയിടക്കാണ് ഫോട്ടോകോപ്പിയെടുക്കാന്‍ വേണ്ടി വന്നപ്പോള്‍ coincidence പോലെ കൃത്യസമയത്ത് ഓഫീസ് മുറിയില്‍ നിന്നും അവളുടെ വരവും.

സംസാരിക്കണോ ?
വേണ്ട..
ഇപ്പോ സംസാരിച്ചില്ലെങ്കില്‍ പിന്നെ..
ഫോട്ടോകോപ്പി മെഷീനിന്‍റെയടുത്ത് ചെന്നപ്പോ വലിയ തിരക്ക്.തിരിഞ്ഞ് നോക്കുമ്പോ കാണാനുമില്ല.
ഛെ... പോയോ .. ചാന്‍സ് മിസായി.
കോറിഡോറിലേക്ക് വന്നു. ഹോ.. കിളി അവിടെത്തന്നെയുണ്ട്.വൈറ്റ് ചെയ്യാണ്.അപ്പോഴാണ് ക്ലാസിലെ നാസറിന്‍രെ ഉമ്മയും യോഗ ടീച്ചറുമായ ആ സ്ത്രീ മകന്‍റെ പഠന കാര്യം അന്വേഷിക്കുന്നത്.
ബെസ്റ്റ് ടൈം. എന്തൊക്കെ പറഞ്ഞെന്ന് ഒരു ഐഡിയയുമില്ല.

ഹൃദയമിടിക്കുന്നുണ്ടോ ?
ഏതോ പാട്ടിലെ വരികള്‍ മൂളി രണ്ട് കോറിഡോര്‍ നടത്തത്തിലൂടെ സാഹചര്യസമ്മദര്‍ദ്ധത്തെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് നമ്മുടെ കഥാനായിക പുറത്തേക്ക വരുന്നത്.
പടച്ചോനേ........ കാക്കണേ...

എന്തുണ്ടായി...... വിശേഷങ്ങള്‍?
ഞാന്‍ ഉപ്പയെ കണ്ട കാര്യം  മിസ് പറഞ്ഞില്ലേ..?

ഉം.
നാണത്തോടെ, അല്‍പ്പം വിളറിയ ഭാവത്തോടെ കഥാനായികയുടെ മറുപടി.
ഉപ്പ ഒന്നും പറഞ്ഞിട്ടില്ല

അപ്പോ , ആ ഡിസ്കഷന്‍ എന്നാ ക്ലോസ് ചെയ്യാലേ..
പുഞ്ചിരിച്ച് നടന്നുനീങ്ങി നമ്മുടെ കഥാനായിക.ശശിയായി ഞാനും.

അല്ലാഹുവേ..
ഇതൊന്ന് വേഗം ഒഴിവാക്കി സ്വസ്ഥമാക്കണേ..
ഇനി കാണാതിരിക്കാം. എന്നാ പതിയെ പോയ്ക്കോളും. പക്ഷെ തൊട്ടടുത്ത ദിവസവും മുന്നിലേക്ക് തന്നെ ഞാന്‍ വന്നുചാടി.
എങ്ങിനെപോയാലും നിന്‍റെ മുന്നിലേക്ക് തന്നെയാണല്ലോ വന്നു ചാടുന്നത്.
അവള്‍ തുമ്പിയെ പിടിക്കാനെന്ന വണ്ണം മെല്ലെ നടന്നു നീങ്ങി.
…..................

ഇനിയും വിട്ടുപോയ ഭാഗങ്ങളുണ്ട്. ഇതു തന്നെ ഒരു നോവലായി.
ജീവിതത്തില്‍ ഇത്രയും ദീര്‍ഘമായി എഴുതുന്ന കുറിപ്പ്.

വഹാബു ഷുക്കൂറുംഒക്കെ അതിലുള്‍പ്പെടേണ്ടതാണ്.അതൊക്കെ പിന്നെയെപ്പോഴെങ്കിലും

No comments:

Post a Comment