Sunday, October 23, 2016

എഴുത്തുകാരന്‍റെ സാമൂഹ്യ പ്രതിബദ്ധത

അജ്മാന്‍ ലുലു മാളില്‍ ഡിസി ബുക്സ് റിഡേഴ്സ് വേള്‍ഡിന്‍റെ ഭാഗമായി അക്ഷരക്കൂട്ടത്തിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംവാദത്തിലെ പ്രസക്ത ഭാഗം ഫേസ് ബുക്ക് പോസ്റ്റ് രൂപത്തില്‍

സ്റ്റാറ്റസ്.
അക്ഷരക്കൂട്ടം സാഹിത്യ കൂട്ടായ്മ.
എന്തിനാണ് എഴുതുന്നത് ? എഴുത്തുകാരന് സാമൂഹ്യ പ്രതിബദ്ധത വേണോ ? എഴുത്തുകാര്‍ സ്വയമോ അല്ലെങ്കില്‍ കൂട്ടമായോ ഈ ചോദ്യം പലപ്പോഴും ചോദിച്ചിരിക്കും.ചിലര്‍ ഈ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി ലഭിക്കാത്തതിനാല്‍ പിറകോട്ട് പോകുന്നു.മറ്റു ചിലര്‍ മൂര്‍ച്ചയേറിയ വാക്കുകളായും ആശയമായും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് വരുന്നു.

പ്രവാസ എഴുത്തുകാരില്‍ ഗൃഹാതുരത്തത്തിന്‍റെ അതിപ്രസരം കാണപ്പെടുന്നു എന്നാണ് കാലങ്ങളായി ഗള്‍ഫില്‍ നിന്നുള്ള എഴുത്തുകാര്‍ നേരിടുന്ന പ്രധാന ആക്ഷേപം.2002 ന് ശേഷം സജീവമായ മലയാളം ഓണ്‍ലൈന്‍ ബ്ലോഗുകളിലും മറ്റും ഈവിധത്തിലുള്ള കുറിപ്പുകളും ലേഖനങ്ങളും കണ്ടിരുന്നെങ്കിലും സമകാലീന പ്രവാസ എഴുത്തുകാര്‍ എഴുത്തിനെ സാമൂഹ്യ വിമര്‍ശനമായോ നവീകരണത്തിനുള്ള മാര്‍ഗമായോ കാണുന്നുണ്ടെന്ന് ആശ്വാസിക്കാം.

കല കലക്ക് വേണ്ടിയെന്ന കാഴ്ചപാടില്‍ നിന്ന് കല കൊലക്ക് വേണ്ടിയായി മാറുന്ന സമകാലീന ഇന്ത്യന്‍ പശ്ചാത്തലത്തില്‍ എന്താണ് എഴുത്തുകാരരന്‍റെ സാമൂഹ്യ പ്രതിബദ്ധത ?

കമന്‍റ്സ്

റോയ് നെല്ലിക്കോട്
സമൂഹത്തെ മാറ്റി നിര്‍ത്തിയുള്ള എഴുത്ത് ഇന്ന് സാധ്യമല്ല.എഴുത്തുകാരനും സമൂഹവും തമ്മില്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു.ചെടി വളരാന്‍ നിരവധി അനുകൂല ഘടങ്ങള്‍ വേണം,വായുവും വെള്ളവും മണ്ണുമെല്ലാം അനുയോജ്യമായിരിക്കണം.ഇത്തരത്തിലുള്ള പരിതസ്ഥിതിയില്‍ എഴുത്തുകാരന് സമൂഹത്തെ പാടെ അവഗണിച്ചുള്ള പ്രതികരണം അനുയോജ്യമല്ല.സമൂഹ്യ വിമര്‍ശനം പോലും സേനഹത്തില്‍ അതിഷ്ഠിതമായിരിക്കണം. ഇന്ന് ചില എഴുത്തുകാര്‍ വിവാദങ്ങള്‍ മാത്രം ഉത്പാദിപ്പിക്കാന്‍ ശ്രമിക്കുകയാണ്.വിവാദങ്ങളിലൂടെ
തങ്ങളുടെ കൃതികളെ വില്‍ക്കപ്പെടാനുള്ള തന്ത്രമാണ് നടത്തുന്നത് .ഇത്തരം നീക്കങ്ങള്‍ സമൂഹത്തിന് ദോഷകരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

വള്ളിയോടന്‍
എനിക്ക് ഇതില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായമാണ് പ്രകടിപ്പിക്കാനുള്ളത്.സമൂഹത്തെ താലോലിച്ചും പുകഴ്ത്തിയും എഴുത്തുകാരന്‍ സാമൂഹ്യ പ്രതിബദ്ധത കാണിക്കേണ്ടതില്ല. ലോകത്തില്‍ പലവിധ വിപ്ലവങ്ങള്‍ക്ക് കാരണമായ പല കൃതികളും അക്കാലത്തെ സാമൂഹ്യ വ്യവസ്ഥിതിക്കെതിരായുള്ള ശബ്ദമായിട്ടായിരുന്നു പുറത്തിറങ്ങിയത്.മാക്സിംഗോര്‍ക്കിയുടെ അമ്മ എന്ന കൃതി ഇതിനുദാഹരണമാണ്. കാലങ്ങളായി തുടരുന്ന പ്രക്രിയ എന്ന നിലയില്‍ എഴുത്തിന്‍റെ സാൂഹ്യ പ്രതിബദ്ധത ചര്‍ച്ച ചെയ്യുന്നതിലെ പ്രസക്തി ഇല്ലാതാകുന്നില്ല.എഴുത്തുകാരെ കൊണ്ട് ഭരണകൂട തീരുമാനങ്ങളെ സ്വാധീനിക്കാനും സാധിച്ചിട്ടുണ്ട്.അടുത്തിടെ ഇന്ത്യന്‍ ഭരണകൂടത്തിന്‍റെ ഫാഷിസ്റ്റ് നീക്കത്തില്‍ പ്രതിഷേധിച്ച് പ്രമുഖ എഴുത്തുകാര്‍ തങ്ങളുടെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തിരികെ നല്‍കിയത് മാതൃകയാണ്. ഭരണ കൂട നിലപാടില്‍ മാറ്റമുണ്ടാകാന്‍ ഇത് കാരണമായിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ സന്തോഷ് എച്ചിക്കാനത്തിന്‍റെ "ബിരിയാണി" എന്ന കഥക്ക് വരെ സമൂദായത്തിന്‍റെ ഭാഗത്ത് നിന്ന് വന്‍ പ്രതിഷേധമാണ് ഉണ്ടായത്. എഴുത്തുകാരന്‍ സമൂഹത്തിന് സമാന്തരമായി സഞ്ചരിക്കണോ അതോ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് നില്‍ക്കണോ? എന്ന ചോദ്യമാണ് ഇവിടെ പ്രസക്തമായി വരുന്നത്.

സക്കരിയ്യ ഇര്‍ഫാനി

ബിരിയാണി എന്ന കഥ മുസ്ലിം സമുദായത്തിനെതിരായുള്ള കഥയായി ഇതുവരെ ഒരു മുസ്ലിം സംഘടനപോലും വിമര്‍ശിച്ചിട്ടില്ലെന്നും അത്തരം വിമര്‍ശനം ആദ്യമായി മുമ്പോട്ട് വെച്ചത് ഇടതുപക്ഷ എഴുത്തുകാരില്‍ ചിലരാണ്. ബിരിയാണി എന്ന കഥയെ കുറിച്ച് പോസിറ്റീവായ ചര്‍ച്ചകള്‍ തന്നെയാണ് മുസ്ലിം സംഘടനകള്‍ക്കിടയില്‍ നിന്നുണ്ടായിട്ടുള്ളത്. സമൂഹത്തിന് വഴികാട്ടിയായി എഴുത്തുകാര്‍ മാറണം.ഓരോ സമൂഹത്തിനും എന്താണോ വേണ്ടത് അതാവണം എഴുത്തുകാരനില്‍ നിന്ന് വരേണ്ടത്.ഇന്ത്യയില്‍ ഇപ്പോള്‍ വര്‍ദ്ദിച്ചുവരുന്ന അസഹിഷ്ണുതക്കെതിരെ എഴുത്തുകാര്‍ ഐക്യപ്പെടണം.ഭയത്തിന് പകരം പോസിറ്റീവായ എഴുത്തുകളാണുണ്ടാവേണ്ടത്.


ഹണി ഭാസ്കര്‍

എഴുത്തുകാരന്‍, എഴുത്തുകാരി സമൂഹത്തിന്‍റെ പൊതുസ്വത്താണെന്ന വാദത്തോട് യോജിക്കാനാവില്ല.അത് തികച്ചും വേറിട്ട് നില്‍ക്കേണ്ടതാണ്.കവി ചങ്ങബുഴയും അയ്യപ്പനും ജോണ്‍ എബ്രഹാമിന്‍റെയുമൊക്കെ വ്യക്തി ജീവിതം അത്ര തൃപ്തികരമായിരുന്നില്ല.
സാമൂഹ്യ പ്രതിബദ്ധതയെന്നത് എഴുത്തുകാര്‍ക്ക് മാത്രം ഉണ്ടാവേണ്ടതല്ല, സമൂഹത്തിന് തിരിച്ചും വേണം.വര്‍ഗീയമായ ചുറ്റുപാടില്‍ എഴുത്തുകാരന്‍റെ നിലപാട് സമൂഹത്തിന് ഗുണം ചെയ്യുന്നതാവണം.അടുത്തിടെ അന്യ സംസ്ഥാന തൊഴിലാളികളെ കുറിച്ച് കവയിത്രി സുഗതകുമാരി നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് അവരെ കൂട്ടമായി വ്യക്തിഹത്യ നടത്തുന്ന രൂപത്തില്‍ വിമര്‍ശിച്ചത് യോജിക്കാനാവില്ല.അവരുയര്‍ത്തിയ വിഷയം ചര്‍ച്ച ചെയ്യുന്നതിന് പകരം അവരുടെ രാഷ്ട്രീയം മാത്രം ചര്‍ച്ച ചെയ്യുന്ന പ്രവണത ശരിയായില്ലെന്ന അഭിപ്രായമാണ് എനിക്കുള്ളത്.

ഷഫീഖ് മണ്ണാര്‍ക്കാട്

എഴുത്തുകാര്‍ തങ്ങളുടെ വ്യക്തിരാഷ്ട്രീയമായ നിലപാടുകള്‍ എഴുത്തിലൂടെ പുറത്തേക്ക് വിടുമ്പോള്‍ ജനങ്ങള്‍ സ്വാഭാവികമായും രാഷ്ട്രീയപരമായ പ്രതികരണമറിയിച്ചേക്കും.എഴുത്തുകാരന്‍റെ ബൗദ്ധിക നിലവാരത്തോളം അത് ഉയര്‍ന്നോളണമെന്നില്ല.വാര്‍ത്തകളുടെ വസ്തുനിഷ്ഠത പരിശോധിക്കാതെ എംഎന്‍ കാരശ്ശേരിയെപ്പോലുള്ള ചിലര്‍ അടുത്തിടെ സൗദി അറേബ്യക്കെതിരെ ലൈഗീഗ അടിമകളാക്കുന്നുണ്ടെന്ന വ്യാജ വാര്‍ത്ത ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത് തന്‍റെ ഉള്ളിലെ രാഷ്ട്രീയമാണ് പെട്ടെന്ന് പോസ്റ്റിടാന്‍ പ്രചോദനമാകുത്.സ്വാഭാവികമായും ജനങ്ങള്‍ തങ്ങളുടെ രാഷ്ട്രീയം പ്രകടിപ്പിക്കുന്നതില്‍ ഖേദപ്പെടുന്നതില്‍ മാത്രം കാര്യമില്ല.

No comments:

Post a Comment