Tuesday, March 1, 2016

ജന്മ ദിനത്തിലെ അറിവിന്‍റെ യാത്രകള്‍.


ഇന്നാണത്രെ എന്‍റെ ജന്മ ദിനം.
ഒഴിവ് വന്നപ്പോള്‍ വാട്സപ്പ് എടുത്ത് നോക്കിയപ്പോഴാണ് കൂടെ ജോലി ചെയ്യുന്ന അധ്യാപകരിലൊരാള്‍ അയച്ച വാട്സപ്പ് സന്ദേശം ലഭിച്ചത്.
ഹാപ്പി ബെര്‍ത്ത് ഡെ ടു യൂ...
മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദി ഡേ.
പിന്നെ ചിരിക്കുന്ന ചില സ്മൈലികളും.

ജന്മദിനം അവരെ ഓര്‍മ്മിപ്പിച്ചത് ഫേസ്ബുക്ക് ആണെന്ന് അപ്പോള്‍ത്തന്നെ മനസ്സിലായി.
ഇവിടെ എന്ത് ജന്മദിനം? എന്താണെന്നറിയില്ല.പതിവില്‍ കവിഞ്ഞ ഒരു പ്രസന്നത മനസ്സിലുണ്ടായിരുന്നു.കുറച്ച് കഴിഞ്ഞപ്പോഴാണ് ആദ്യമായി ശരീഫ് കാരശ്ശേരിയുടെ ഫോണ്‍ .
സുഖാന്വേഷണങ്ങള്‍ക്ക് ശേഷം ഒരു ജോലി ഏല്‍പ്പിച്ചു.കോടോമ്പുഴ ബാവ മുസ്ലിയാരെ ഒന്ന് പോയി ഇന്‍റര്‍വ്യു ചെയ്യാനാകുമോ...?

സന്തോഷത്തോടെ അത് സ്വീകരിച്ചു.
ഇതുവരെ കണ്ടിട്ടില്ലെങ്കിലും കേട്ടറിഞ്ഞ് ഏറെ ഇഷ്ടപ്പെട്ട ഇസ്ലാമിക പണ്ഡിതനാണ് കോടമ്പുഴ ബാവ മുസ്ലിയാര്‍ എന്ന മുതഅംല്ലിങ്ങളുടെ കോടമ്പുഴ ഉസ്താദ്. അതുകൊണ്ടുതന്നെ വിക്കിപീഡിയയില്‍ ഒരു മാസത്തോളമായി ഉസ്താദിന്‍റെ ലേഖനവുമായി ബന്ധപ്പെട്ട തിരുത്തലുകളും സംവാദങ്ങളിലും സജീവമായി ഇടപ്പെട്ടിരുന്നു.
ഉസ്താദുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങളൊക്കെ ശേഖരിച്ച ശേഷം ചോദ്യങ്ങളൊക്കെ തയ്യാറാക്കി.സുഹൃത്ത് ജാബിറിന്‍റെ ലോറിയില്‍ അവനെന്നെ അലി രിസാലയുടെ ഫ്ലാറ്റിന് സമീപമുള്ള പള്ളിക്ക് സമീപം ഇറക്കി തന്നു.
മഗ് രിബ് നിസ്കാരമൊക്കെ കഴിഞ്ഞ് നാലാം തട്ടിലേക്ക് കയറിചെന്നപ്പോള്‍ രചനയുടെ തിരക്കില്‍ തന്നെയാണ് ഉസ്താദ്.പിന്നെ സൗമ്യനായി കടന്നുവന്നു.സംസാരം തുടങ്ങി... വിലപ്പെട്ട അരമണിക്കൂര്‍ മാത്രം ചിലവഴിച്ച് നിറുത്തി.വീണ്ടും ഉസ്താദ് ഗ്രന്ഥരചനയിലേക്ക് തന്നെ..

50 ലേറെ പഠന ഗ്രന്ഥങ്ങള്‍,കേരളത്തിലെ മദ്രസകള്‍, ദര്‍സുകള്‍, ദഅ് വ കോളേജുകളില്‍ എന്നിവിടങ്ങളില്‍ പാഠപുസ്തകമായും വിദേശ രാജ്യങ്ങളില്‍ അധികവായനക്കുമൊക്കെയായി പ്രശംസപിടിച്ചുപറ്റിയവ, ഇസ്ലാമിക വിഷയങ്ങളില്‍ അഗാധമായി ഗവേഷണം നടത്തി രാവന്തിയോളം ഗ്രന്ഥരചനകളിലും മതപ്രബോധന രംഗത്തെയും സജീവ സാനിധ്യം. കോടമ്പുഴ എന്നറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ  പ്രദേശം ഇന്നറിയപ്പെടുന്നത് പ്രമുഖനായ ഇസ്ലാമിക പണ്ഡിതന്‍റെ പേരിലാണ്.കോടമ്പുഴ ബാവ മുസ്ലിയാര്‍.

കേരളത്തില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന പണ്ഡിതരില്‍ പ്രശസ്തനാണ് ഇദ്ദേഹം.ജീവിതത്തിന്‍റെ നല്ലൊരു ഭാഗവും മതപരമായ ഗ്രന്ഥങ്ങളുടെ രചനകള്‍ക്ക് വേണ്ടി ചിലവഴിക്കുകയും അത് പരമാവധി പണ്ഡിതരിലേക്കും സാധാരണ ജനങ്ങളിലേക്കും എത്തിക്കുകയും ചെയ്യുന്ന ജീവിക്കുന്ന പണ്ഡിതനാണ് കോടമ്പുഴ ഉസ്താദ്.

ഖുര്‍ആന്‍ വ്യാഖ്യാനം,ഹദീസ് പഠനം,കര്‍മ്മശാസ്ത്രം,ഇസ്ലാമിലെ അധ്യാത്മികത,വിശ്വാസ ശാസ്ത്രം,ചരിത്രം,ജീവചരിത്രം,സാ,സംഭവ കഥ,പ്രശ്നോത്തരം,പഠനം,ലേഖന സമാഹാരം തുടങ്ങി 52 ഓളം ബൃഹത്തുമായ സംഭാവനകളാണ് ബാവ മുസ്ലിയാര്‍ ഇതിനകം രചിച്ചത്.
ലോക പ്രശസ്ത ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ ജലാലൈനിയുടെ സമഗ്രമായ വ്യാഖ്യാന ഗ്രന്ഥമെന്ന ലക്ഷ്യത്തോടെ തൈസീറുല്‍ ജലാലൈനി എന്ന ഗ്രന്ഥരചനയാണ് ഇപ്പോള്‍ നടന്നുവരുന്നത്.600 ലേറെ പേജുകള്‍ വരുന്ന ഈ ഗ്രന്ഥത്തിന്‍റെ അഞ്ചോളം വാള്യങ്ങള്‍ ഇതിനകം പുറത്തിറങ്ങി.കൂടാതെ ഹജ്ജ്-ഉംറ സിയാറത്ത് ചോദ്യോത്തരം എന്ന മലയാള ഗ്രന്ഥവും പണിപ്പുരയിലാണ്.
ഗ്രന്ഥരചനയൊടൊപ്പം തന്നെ അവ കൂടുതലാളുകളിലേക്ക് എത്തിക്കാനുള്ള ശ്രമവും കോടമ്പുഴ ബാവ മുസ്ലിയാര്‍ ചെയ്തുവരുന്നു.ഇതിന്‍റെ ഭാഗമായി രണ്ടു തവണകളിലായി 80 ലക്ഷത്തോളം രൂപയുടെ ഇസ്ലാമിക പഠന ഗ്രന്ഥങ്ങള്‍ കേരളത്തിലെ നിരവധി പണ്ഡിതന്മാര്‍ക്കായി സൗജന്യമായി വിതരണം ചെയ്തുകഴിഞ്ഞു.അവ കേരളത്തിലെ ദഅ് വ കോളേജുകളിലും ദര്‍സുകളിലും റഫറന്‍സ് ആയും ഉപയോഗിച്ചുവരുന്നു.അടുത്ത വര്‍ഷവും കൂടുതല്‍ ഗ്രന്ഥങ്ങള്‍ പണ്ഡിതന്മാര്‍ക്ക് എത്തിക്കാനുള്ള യത്നത്തിന്‍റെ ഭാഗമായി യുഎഇയില്‍ സന്ദര്‍ശനം നടത്തുകയാണ് കോടമ്പുഴ ബാവ മുസ്ലിയാര്‍.

യുഎഇ, ഈജിപ്ത്,ബാഗ്ദാദ് എന്നിവിടങ്ങളില്‍ നിന്നും ഗ്രന്ഥങ്ങള്‍ ഇതിനകം പ്രസിദ്ധിച്ചിട്ടുണ്ട്. അബുല്‍ ബഷര്‍ എന്ന ഗ്രന്ഥം ദുബൈ മതകാര്യ വകുപ്പാണ് പ്രസിദ്ധീകരിച്ചത്.കൂടാതെ സീറത്ത് സയ്യിദുല്‍ ബഷര്‍, അബുല്‍ ബഷര്‍, യാഇബുല്‍ ഗിന അടക്കമുള്ള കൃതികള്‍ ഈജിപ്തിലെ ദാറുല്‍ ബസാഇര്‍ പ്രസാധകരാണ് പ്രസിദ്ധീകരിച്ചത്.മറ്റ് വിദേശ രാജ്യങ്ങളിലേക്ക് ഗ്രന്ഥങ്ങള്‍ വ്യാപിപ്പിക്കാനുള്ള ശ്രമവും നടന്നുവരുന്നുണ്ട്.കഴിഞ്ഞ റബീഉല്‍ ആഖിര്‍ മാസത്തില്‍ ശൈഖ് ജീലാനിയെ കുറിച്ചുള്ള ഗ്രന്ഥം കേരളത്തിലെ 1500 ഓളം മതപണ്ഡിതനന്മാര്‍ക്കാണ് വിതരണം ചെയ്തിട്ടുണ്ട്.വരുന്ന റജബ് മാസത്തില്‍ ഇമാം ശാഫി()യെ കുറിച്ച് തയ്യാറാക്കിയ ഗ്രന്ഥം 5000 ത്തോളം പേര്‍ക്കാണ് വിതരണം ചെയ്യാനുദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.അടുത്തിടെ ഈജിപ്തില്‍ നടന്ന പരിപാടിയില്‍ ഈ ഗ്രന്ഥത്തിന്‍റെ പ്രകാശന കര്‍മ്മം നടന്നു.

കേരളത്തിലെ ആദ്യകാല ദഅ് വ കോളേജുകളിലൊന്നായ കോടമ്പുഴ ദാറുൽ മആരിഫ് ഇസലാമിക് സെൻററിന്‍റെ സ്ഥാപകന്‍ കൂടിയാണ് ബാവ മുസ്ലിയാര്‍. ദഅ്വ കോളേജിന് പുറമെ ഇസ്ലാമിക് വിമണ്‍സ് അക്കാദമി,ബോയ്സ് സെക്കണ്ടറി മദ്രസ,ഗേള്‍സ് സെക്കണ്ടറി മദ്രസ,മഹ്ളറ ജുമാ മസ്ജിദ്,ഖുത്ബ്ഖാന ആന്‍റ് റഫറന്‍സ് ലൈബ്രറി തുടങ്ങിയ സംരഭങ്ങളും നടന്നിവരുന്നു.

സഊദിയിലെ ഇസ്‌ലാമിക് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ഇമാം നവവി പുരസ്‌കാരം, ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദര്‍ ജീലാനി പുരസ്‌കാരം, മഅ്ദിന്‍ അക്കാദമിയുടെ ശൈഖ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ്, പി എം കെ ഫൈസി മെമ്മോറിയല്‍ അവാര്‍ഡ്, മര്‍കസ് മെറിറ്റ് അവാര്‍ഡ്, കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അവാര്‍ഡ്, മഖ്ദൂമിയ അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സഊദി അറേബ്യ, യു എ ഇ, ഖത്തര്‍, ഈജിപ്ത്, ഉസ്‌ബെക്കിസ്ഥാന്‍, ഇറാഖ് അടക്കം നിരവധി രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുകയും വിവിധ സമ്മേളനങ്ങളില്‍ അതിഥിയായി പ്രഭാഷണങ്ങളും പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

ഈ സംസാരമൊക്കെ കഴിഞ്ഞ് റാഷിദിയ്യയില്‍ ഒരു ദര്‍സില്‍ കൂടി പങ്കെടുക്കാന്‍ പോകുകയാണ് ഉസ്താദ്.പോകുന്ന വഴി സക്കരിയ്യ ഇര്‍ഫാനിയുടെ വീട്ടില്‍ കയറി.വിവിധ പലഹാരങ്ങളൊക്കെ നിരത്തി.ഉസ്താദിന് അതൊന്ന് രുചിച്ച് നോക്കാനെ താത്പ്പര്യമുള്ളൂ.സംഗതി നമ്മളെന്തായാലും അതും നോക്കി.ഇതിനിടെ ചിന്തോദ്വീപകമായ ചോദ്യങ്ങളും സംശയങ്ങളുമായി ഉസ്താദുമാര്‍ നിലത്തിരുന്ന് ചോദ്യങ്ങള്‍ ചോദിക്കുന്നു.ഉസ്താദ് ഗ്രന്ഥങ്ങളുടെ പേരോടെ സഹിതം ആധികാരകമായി അത് മറുപടി നല്‍കുന്നു.ഇസ്ലാമിക് ബാങ്കിംഗ്,കീമണി …. ഒട്ടനവധി ചോദ്യങ്ങള്‍.
വാഹനം പിന്നെ റാശിദിയ്യ സുന്നി സെന്‍ററില്‍.
അറിവിന്‍റെ പ്രധാന്യത്തെ കുറിച്ചും അവക്കായി മഹാരഥന്മാരായ പണ്ഡിതര്‍ നടത്തിയ യാത്രകളെ കുറിച്ചുമുള്ള വേറിട്ട ഒരു പ്രസംഗം .ശേഷം 50 ഓളം സംശയങ്ങള്‍ക്ക് സദസ്സിന് മറുപടിയും.പലതും ആദ്യമായി കേള്‍ക്കുകയായിരുന്നു ഞാന്‍.
മകള്‍ക്ക് സ്ത്രീധനം കൊടുത്ത ബാപ്പ ആണ്‍ കുട്ടികള്‍ക്കും അതുപോലെ നല്‍കേണ്ടതുണ്ടോ?
ഭര്‍ത്താവ് മരിച്ചാല്‍ നല്‍കിയ സ്ത്രീധനം തിരിച്ചു ചോദിക്കാമോ?
കീമണി വാങ്ങാമോ?
അങ്ങിനെ ഒട്ടനവധി ചോദ്യങ്ങള്‍. എല്ലാത്തിനും മറുപടി നല്‍കി ഉസ്താദ് ഷാര്‍ജയിലേക്ക്....അവിടെ നിന്ന് നാളെ ദുബൈ..പിന്നെ അബൂദാബി.അത് കഴിഞ്ഞ് ദാറുല്‍ മആരിഫ്..
അറിവിന്‍റെ ഓരോ യാത്രകള്‍.




No comments:

Post a Comment