Monday, August 19, 2013

രാജന്‍ മാഷുടെ വിചിത്ര ശില്‍പ്പങ്ങള്‍


 ഒരു തെറ്റ് മാത്രമാണ് രാജന്‍ മാസ്റ്റര്‍ പറ്റിയത്.
കലാ പഠനം ക്ലാസില്‍ മാത്രം ഒതുക്കി നിര്‍ത്തേണ്ടതല്ലെന്നായിരുന്നു എന്നതായിരുന്നു ആ തെറ്റ്.

കടലാസുകളിലെ ചിത്രങ്ങളെ അദ്ദേഹം ശില്‍പ്പങ്ങളാക്കിമാറ്റാന്‍
തുടങ്ങി.ചിത്ര കലയോടൊപ്പം ശില്‍പ്പ കലയിലേക്ക് കൂടി തന്റെ സര്‍ഗാത്മക
കഴിവുകളെ വികസിപ്പിച്ചു.

മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് എളങ്കൂര്‍ ചാരങ്കാവ് പിഎംഎസ്എ
ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ചിത്രകലാ അധ്യാപകനാണ് രാജന്‍ മാഷ്.
സ്‌കൂളിനടുത്ത് താമസിച്ചിരുന്ന മുറിയോട് ചേര്‍ന്ന് ആദ്യമാദ്യം ഓരോ
മുയലുകളും ചെറിയ ജീവികളും വളര്‍ന്നുവന്നു.ചിത്രകലയില്‍ നല്ല അഭിരുചിയുള്ള
കുട്ടികളും ഇവിടെ വന്ന് ശില്‍പ്പ വിദ്യകളുടെ പരിശീലനങ്ങള്‍ക്ക് തുടക്കം
കുറിച്ചു.അവധി ദിവസങ്ങളെല്ലാം കുട്ടികള്‍ ചിത്രകലയും ശില്‍പ്പ കലയിലും
പരിശീലനം തേടാന്‍ മാഷുടെ സമീപമെത്തി.പതിയെ വരുന്നവരുടെ എണ്ണവും
വര്‍ദ്ദിച്ചു.ആരില്‍ നിന്നും ഒന്നും വാങ്ങിയില്ല.

വരുന്ന കുട്ടികള്‍ക്കെല്ലാം പരിശീലനം നടത്താന്‍ മാത്രം സ്ഥലസൗകര്യം ഇവിടെ
ഉണ്ടായിരുന്നില്ല.അങ്ങനെയിരിക്കെയാണ് താമസ സ്ഥലത്തോട് ചേര്‍ന്നുള്ള
സ്ഥലത്ത് ഒരു ചെറിയ പാര്‍ക്ക് മാഷ് തുടങ്ങുന്നത്.കാടുമൂടി
കിടക്കുകയായിരുന്ന പറമ്പില്‍ പാര്‍ക്ക് തുടങ്ങാന്‍ സൗജന്യ
പാട്ടത്തിനായിരുന്ന സമീപപ്രദേശമായ കുട്ടശ്ശേരിയിലെ ഒരു സ്വകാര്യവ്യക്തി
പാട്ടത്തിന് ഭൂമി രാജന്‍മാഷ്‌ക്ക് നല്‍കിയത്.

ക്ലാസ് മുറിയുടെ ചുമരുകളില്‍ മാത്രം ഒതുങ്ങേണ്ടതല്ല കലാപഠനം എന്ന
തോന്നലില്‍ നിന്നാണ് മാഷ് ചിത്രകലാ പഠനത്തിനും ശില്‍പ്പ
നിര്‍മ്മാണത്തിനുമായി പാര്‍ക്കൊരുക്കിയത്.സര്‍ഗ ചിത്ര എന്നായിരുന്നു
പേര്.

യാദൃശ്ചികമായിട്ടായിരുന്നു രാജന്‍ മാഷ് ശില്‍പ്പകലയിലേക്കെത്തിയത്.
തലശ്ശേരി ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയില്‍ നിന്ന് ചിത്ര കല പഠിച്ച്
ജോലിയില്‍ പ്രവേശിച്ചെങ്കിലും ശില്‍പ്പ കലയെ കുറിച്ച്
ചിന്തിച്ചിരുന്നില്ല.

ഒരിക്കല്‍ കുറ്റിയാടിയിലെ വീട്ടില്‍വെച്ച് സിമന്റും കമ്പിയും ഉപയോഗിച്ച്
പുലിയുടെ ശില്‍പ്പമുണ്ടാക്കാന്‍ ശ്രമിച്ചു.അത് വിജയിക്കുകയും
ചെയ്തു.അങ്ങിനെയാണ് 2003 ല്‍ ശില്‍പ്പങ്ങളുടെ
പാര്‍ക്കിലേക്കെത്തിച്ചത്.കൂടെ സഹായിക്കാ ജെമിനി എന്ന ശില്‍പ്പിയോടൊപ്പം
തന്റെ ശിഷ്യന്മാരായ വേണുദാസന്‍,ബാബുരാജന്‍,കൃഷ്ണന്‍ എ്ന്നിവരും മാഷെ
സഹായിച്ചു.

വര്‍ഷം 2003.

പാര്‍ക്കില്‍ പതിയെ ശില്‍പ്പങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
കാട്ടിലെ മാനുകളെ കണ്ട് വഴിയെ പോകുന്നവരെല്ലാം പാര്‍ക്കിലേക്ക് തിരിച്ചു.
പവേശന കവാടത്തില്‍ നിര്‍മ്മിച്ച നായയെ കണ്ട ചിലര്‍ പേടിച്ച്
പിന്തിരിഞ്ഞു.ദിനോസറിനെ കൂടി നിര്‍മ്മിച്ചതോടെ സമീപ പ്രദേശങ്ങളില്‍
നിന്നും വിദൂര സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ വന്നുപോയി.
പിന്നീട് തവളകളും താറാവുകളും തുടങ്ങി വലിയ കുളം വരെ കുഴിച്ചു. ജീവന്‍
തുടിക്കുന്ന ശില്‍പ്പങ്ങള്‍ കണ്ട് വന്നവരെല്ലാം സന്തോഷമറിയിച്ച്
തിരിച്ചുപോകുന്നത് രാജന്‍മാഷ് ആനന്ദത്തോടെ നോക്കിനിന്നു.
നിങ്ങളുടെ നാട്ടില്‍ പാര്‍ക്കുണ്ടോ..?എന്നാല്‍ ഞങ്ങളുടെ നാട്ടില്‍
പാര്‍ക്ക് വരെയുണ്ടെന്ന് നാട്ടുകാരും വീ്മ്പു പറഞ്ഞു.
എന്നാല്‍ ആ സന്തോഷത്തിന് ഒരു വര്‍ഷത്തെ ആയുസ് മാത്രമെ
ഉണ്ടായിരുന്നുള്ളൂ.സ്ഥലത്തിന്റെ ഉടമ ഒരുനാള്‍ മരമപ്പെട്ടു.മക്കള്‍ സ്ഥലം
ഓഹരിവെച്ചതോടെ മാഷ്‌ക്ക് പെട്ടെന്ന് പാര്‍ക്ക് അവസാനിപ്പിക്കേണ്ടിവന്നു.

ലക്ഷങ്ങള്‍ ചെലവഴിച്ച് താനുണ്ടാക്കിയ ശില്‍പ്പങ്ങള്‍ ഇനി എന്തു ചെയ്യും?
ജെസിബി കൊണ്ടുവന്ന് ശില്‍പ്പങ്ങള്‍
പിഴുതെടുക്കേണ്ടിവന്നു.ഹൃദയഭേദകമായിരുന്നൂ ആ കാഴ്ച.രാജന്‍ മാഷുടെ നെഞ്ച്
പിടയ്ക്കാതിരിക്കുമോ?

ലോറിയില്‍ കയറ്റി സ്വന്തം വീടായ കുറ്റിയാടിയിലേക്ക് കൊണ്ടുപോയി.ലോറിയില്‍
കൊണ്ടുപോകാന്‍ കഴിയാത്ത ദിനോസറും വാര്‍ദക്യമെത്തിയ സ്ത്രീയേയും
പുള്ളിമാനെയും മറ്റു ചില ശില്‍പ്പങ്ങളും സ്‌കൂളിലേക്ക് മാറ്റി.
കുട്ടികള്‍ക്ക് പരിശീലനം നല്‍കാനുള്ള ഇടം എന്നതിനോടൊപ്പം താനുണ്ടാക്കിയ
ശില്‍പ്പങ്ങള്‍ കണ്ട് താല്‍പ്പര്യമുള്ള ആര്‍ക്കെങ്കിലും നിര്‍മ്മിച്ചു
നല്‍കാനും രാജന്‍ മാഷ്് ആഗ്രഹിച്ചിരുന്നു.അപ്പോഴേക്കും പാര്‍ക്ക്
മാറ്റേണ്ടി വന്നതോടെ മാഷ് കടക്കെണിയിലായി.ലോണുകള്‍ തിരിച്ചടക്കാന്‍
സ്‌കൂള്‍ ശംബളം മതിയാകാതെ വന്നു.

കൂടെ ജോലി ചെയ്തിരുന്ന ശിഷ്യന്മാര്‍ മറ്റു ജോലികള്‍ അന്വേഷിച്ച്
പോയി.ഇതിനിടെ ചില ജോലികള്‍ മാഷെ തേടിയെത്തി.കണ്ണൂര്‍ വിസ്മയ പാര്‍ക്ക്
ആരംഭിച്ചപ്പോള്‍ അവിടത്തെ ശില്‍പ്പനിര്‍മ്മാണ ജോലികള്‍ മാഷ്‌ക്ക്
ലഭിച്ചു.വിസ്മയ പാര്‍ക്കിലെ പ്രവേശന കവാടം മുതല്‍ കാണികളെ ഏറെ
ആകര്‍ഷിക്കുന്ന ഭീമന്‍ ദിനോസര്‍ വരെ മാഷുടെയും ശിഷ്യരുടെയും കരവിരുതില്‍
വിരിഞ്ഞതാണ്.പിന്നീട് കോഴിക്കോട്ട് ടൂറിസം വകുപ്പിന്റെ ഒരു ജോലിയും
മാഷാണ് ചെയ്തത്.

പക്ഷെ സര്‍ക്കാര്‍ നടപടികളിലെ നൂലാമാലകള്‍ കഴിഞ്ഞ് ഫണ്ട് പാസ്സായി
വന്നതോടെ വര്‍ഷം രണ്ട് കഴിഞ്ഞിരുന്നു.തുക ലഭിച്ചപ്പോഴേക്കും
വായ്പയെടുത്തിരുന്ന പണത്തിന്റെ പലിശ അടച്ചു തീര്‍ത്തപ്പോഴേക്കും
സ്വന്തമായി എടുക്കാന്‍ ഒന്നുമുണ്ടാകാതെ വന്നു.

സാമ്പത്തിക ബാധ്യത ഒന്നുകൂടി ഇരട്ടിയാക്കും വിധത്തില്‍ ഇതിനിടെ
വീടുപണിയുടെ പലിശയും വര്‍ദിച്ച്് മാഷുടെ തലക്ക് മുകളില്‍ വാളുപോലെ
നില്‍ക്കുകയാണിപ്പോഴും.

വര്‍ഷം പത്ത് കഴിഞ്ഞു.
അറ്റകുറ്റപണി നടത്താത്തതിനാലും സംരക്ഷിക്കാനും ആരുമില്ലാതെ മഴയും വെയിലും
കൊണ്ട് നശിക്കുന്ന ശില്‍പ്പങ്ങളെയാണ് ഒരിറ്റു കണ്ണുനീരോടെ മാഷെ സ്‌കുള്‍
കാവാടത്തില്‍ സ്വാഗതം ചെയ്യുന്നത്.ആരോടും ഒന്നും പറയാതെയും ഉള്ളിലെ
നോവുകളെ മറച്ചുവെച്ചും കുട്ടികളുമായി സഹവസിച്ച് മാഷ് ദിനങ്ങള്‍
തള്ളിനീക്കുന്നു.

ഇപ്പോള്‍ മാഷ് അല്‍പ്പം ആശ്വാസത്തിലാണ്.
സ്‌കൂളിലെ ശില്‍പ്പങ്ങള്‍ സംരക്ഷിക്കാനുള്ള ഒരുക്കങ്ങളായിരിക്കുന്നു.
സ്‌കൂള്‍ മാനേജര്‍ പട്ട്‌ലകത്ത് മനയ്ക്കല്‍ നീലകണ്ഠന്‍ നമ്പൂതിരിയാണ്
ശില്‍പ്പങ്ങള്‍ സംരക്ഷിക്കാന്‍ സഹായിക്കാമെന്നേറ്റത്.പഴയ കാല ശിഷ്യനും
ശില്‍പ്പിയുമായ വേണുദാസനാണ് ഇപ്പോള്‍ ഈ ശില്‍പ്പങ്ങള്‍ക്ക് പുനര്‍ ജീവന്‍
നല്‍കുന്നത്. നശിച്ചുപോയെന്ന് കരുതിയ ശില്‍പ്പങ്ങള്‍ വീണ്ടും
ഉയിര്‍ത്തെഴ്‌നേല്‍ക്കുന്നു.ഉറങ്ങി കിടന്ന മാനിന്റെയും ദിനോസറിന്റെയും
ശില്‍പ്പം ഉയിര്‍്‌ത്തെഴുനേറ്റ് തുടങ്ങി. അപ്പോഴും ഒന്നു നിവരാകാത്ത ഈ
അധ്യാപകന്‍ തന്റെ കടങ്ങള്‍ തീര്‍ക്കാന്‍ വീടുവില്‍ക്കാനൊരുങ്ങുകയാണ്
രാജന്‍ മാഷ്.

2 comments:

  1. mashude kazhivukal ennu uyarnu thane varum......

    ReplyDelete
  2. മാഷ് നമുടെ സ്കൂൾ താനെ ഒരു അഭിമാനം....എന്നാൽ നമുടെ നാട്ടുകാർക്ക്‌ . മാഷുടെ ഭാഗ്യദോഷം എന്തോ ഇങ്ങനെയൊക്കെ വന്നത് ...എന്തായാല്ലും മാഷുടെ കഴിവുകൾ ഇനിയും നമുക്ക് കിട്ടുമാറവട്ടെ ......

    ReplyDelete