Wednesday, December 21, 2016

മുജാഹിദ് ഐക്യം -സുന്നികള്‍ക്കെതിരോ ?

അവ്യക്തമായ എന്തൊക്കെ ലക്ഷ്യത്തിന്‍റെ പേരിലായാലും കേരളത്തിലെമുജാഹിദ് വിഭാഗങ്ങള്‍ക്കിടയിലുണ്ടായ ഐക്യം കേരളീയ മുസ്ലിംങ്ങള്‍ക്ക് മാതൃകയാണ്.സംഘടനാ സങ്കുചിത ചിന്താഗതിയുടെ പേരില്‍ അനൈക്യപ്പെട്ട എത്രയോ കുടുംബങ്ങളും മഹല്ലുകളും നാടുമൊക്കെ ഇതുവഴി ഐക്യപ്പെടാന്‍ കളമൊരുക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.എല്ലാ മുസ്ലിം മത വിശ്വാസികളും സ്വര്‍ഗത്തെ മുന്നില്‍ കണ്ടാണ് പ്രവര്‍ത്തിക്കുന്നത്. നരഗം ആരും ആഗ്രഹിക്കുകയോ അതിന് വേണ്ടി ആളെക്കൂട്ടി പ്രവര്‍ത്തിക്കുയോ ചെയ്യുകയില്ലെന്നത് ഏതൊരാള്‍ക്കും അറിയാമല്ലോ.പിന്നെ ആപേക്ഷികമായ ശരികളുടെ പേരില്‍, രാഷ്ട്രീയ സ്വാര്‍ഥ താല്‍പ്പര്യങ്ങളുടെ പേരില്‍ എത്രയോ ഗ്രൂപ്പുകളായി മതസംഘടനകള്‍ പ്രത്യേകിച്ചും വിദ്യാസമ്പന്നരായ കേരളത്തിലെ ഇസ്ലാമിക സംഘടനകളും വിഭജിക്കുകയാണുണ്ടായത്

പലപ്പോഴും ഇത്തരം വിഭാഗീയതക്ക് അണികളെ നിരത്താന്‍ ആദര്‍ശപരമായ ചില ചെറിയ സുഷിരങ്ങള്‍ കണ്ടെത്തി വലിയതായി ഊതിവീര്‍പ്പിക്കുകയാണുണ്ടായത്.ഫലമോ, തമ്മില്‍ കണ്ടാല്‍ മിണ്ടാതെയായി,കുടുംബ ബന്ധങ്ങളെ ശിഥിലമാക്കി, എത്രയോ ഇണകളെ ഇക്കാരണത്താല്‍ വിവാഹമോചനം നടത്തി, മഹല്ലുകളില്‍ കലാപമായി,നാടുകളില്‍ സംഘര്‍ഷമായി, രാഷ്ട്രീ പ്രശ്നമൊക്കെയായി അര്‍ബുദമായി പടരുന്നു.

രാഷ്ട്രീപരമായി എത്രയോ വിഭാഗീതയുണ്ടെങ്കിലും അവയെല്ലാം തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ശക്തമാകുകയും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വ്യക്തിബന്ധങ്ങള്‍ നിലനിന്ന് പോരുകയും ചെയ്യും.ഒറ്റപ്പെട്ട സംഭവങ്ങള്‍ അപവാദമാണെന്ന കാര്യം മറച്ചുവെക്കുന്നില്ല.പക്ഷെ അതിനെ സാമാന്യവത്ക്കരിക്കാനാകില്ല.രാഷ്ട്രീയ പാര്‍ട്ടി വിഭാഗീയതയുടെ പേരില്‍ മരണപ്പെട്ടവന്‍റെ വീട് സന്ദര്‍ശിക്കാതിരിക്കുകയോ കുടുംബങ്ങള്‍ തമ്മില്‍ അകല്‍ച്ച പാലിക്കുകയോ മകളെയോ മകനെയോ എതിര്‍ പാര്‍ട്ടിയിലുള്ളവര്‍ക്ക് വിവാഹ ബന്ധം നടത്താതിരിക്കുകയോ ഒന്നും നമുക്കിടയില്‍ പതിവില്ലല്ലോ.

നിര്‍ഭാഗ്യ വശാല്‍ കേരളത്തിലെ മുസ്ലിം മതസംഘടനാ വിഭാഗീതയുടെ പേരില്‍ വിവാഹ ബന്ധങ്ങളും കുടുംബ ബന്ധങ്ങളും മഹല്ല് വിലക്കും എന്തിന് കൊലപാതകങ്ങള്‍ വരെ നടമാടിയിട്ടുണ്ട്.ഇപ്പോഴും ധാരാളം കേസുകളും പാരവെപ്പുമൊക്കെ സജീവമായി നടക്കുന്നുമുണ്ട്. ലക്ഷ്യം മറന്ന് അശുഭകരമായ മാര്‍ഗങ്ങളിലൂടെയാണ് പലരും വ്യാപരിക്കുന്നത്.

എന്നാണിനിതിനൊക്കെ ഒരു മാറ്റം വരിക? കേരളത്തിലെ മുജാഹിദുകള്‍ക്കിടയില്‍ ആദര്‍ശപരവും സംഘടനാപരവുമായ വിഭാഗീയതയാണുണ്ടായിരുന്നതെങ്കില്‍ കേരളീയ മുസ്ലിങ്ങളിലെ ബഹുഭൂരിപക്ഷം വരുന്ന സുന്നികള്‍ക്കിടയില്‍ ആദര്‍ശപരമായ പ്രശ്നമില്ലാതെയാണ് മൂന്നോ നാലോ ഗ്രൂപ്പുകളായി വിഘടിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്.ഓരോ ഗ്രൂപ്പിനും ഓരോ പള്ളി, മദ്രസ്സ,സ്ഥാപനങ്ങള്‍ എന്നിങ്ങനെ അവ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.പിന്നീട് മദ്ഹബ് സംബന്ധമായി പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള മസ്അലകളെ, ആദര്‍ശപരമായ പ്രശ്നങ്ങളാക്കി അവതരിപ്പിക്കുകയാണുണ്ടായത്.മറ്റു ഗ്രൂപ്പുകളെ താഴ്ത്തി കെട്ടുന്നതിന് വേണ്ടി എത്രയോ സ്റ്റേജുകള്‍ , സഭ്യമല്ലാത്ത വാക്കുകളുള്ള പ്രസംഗങ്ങള്‍ എല്ലാം തുടരുന്നു.

കഴിഞ്ഞ സംഭവങ്ങള്‍ മറന്ന് യോജിപ്പിലെത്താനാണ് ഇസ്ലാം ജനതയെ പഠിപ്പിക്കുന്നത്.അതാണ് മുമ്പിലുള്ള മാതൃകയും.മദീനയില്‍ ജീവിച്ചിരുന്ന ഔസ്, ഖസ്റജ് എന്ന രണ്ട് ഗോത്രങ്ങള്‍ വളരെ സൗഹൃദത്തിലും സഹകരണത്തിലുമായിരുന്നു കുറെക്കാലം കഴിഞ്ഞിരുന്നത്.നിര്‍ഭാഗ്യ വശാല്‍ പിന്നീട് അവരുടെ ഐക്യം തകര്‍ന്നു പോയി. നിരന്തരമായ ഏറ്റുമുട്ടലുകള്‍ അവര്‍ക്കിടയിലുണ്ടായി.സ്പര്‍ദ്ദയും 120 വര്‍ഷം ദീര്‍ഘിച്ച യുദ്ധമൊക്കെ അവര്‍ക്കിടയിലുണ്ടായിരുന്നു.എന്നാല്‍ ഇസ്ലാമിക സന്ദേശം അവരിലേക്കെത്തിയതോടെ നൂറ്റാണ്ടുകളായി അവര്‍ക്കിടയില്‍ നിലനിന്നിരുന്ന ഭിന്നതകള്‍ അവസാനിക്കുകയും ഐക്യപ്പെടുകയും ചെയ്തു.ഇതെ കുറിച്ച് ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നത് ഇങ്ങിനെ.

'
നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്‌. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്‍റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ അഗ്നികുണ്ഡത്തിന്‍റെ വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി.' (3:103)


അതെസമയം കേരളത്തിലെ മുജാഹിദ് ഐക്യം സുന്നികള്‍ക്കെതിരാകുമോ എന്ന ആശങ്ക സുന്നി വിഭാഗങ്ങള്‍ക്ക് ഉണ്ടാകാതിരിക്കില്ല.കോഴിക്കോട് നടന്ന മുജാഹിദ് ഐക്യ സമ്മേളത്തില്‍ പ്രസംഗിച്ച പ്രസംഗകരില്‍ പലരും പരോക്ഷമായി അത് തന്നെയാണ് വ്യക്തമാക്കിയത്.സുന്നി ആശയങ്ങള്‍ക്കെതിരെ നമുക്ക് ഒത്തൊരുമിച്ച് പോരാടാമെന്നും ജമാഅത്തെ ഇസ്ലാമിയുടെ കള്ളത്തരത്തെ പുറത്താക്കണമെന്നൊക്കെയുള്ള ആഹ്വാനമാണ് ചില പ്രഭാഷകരെങ്കിലും കോഴിക്കോട് സമ്മേളത്തില്‍ സൂചിപ്പിച്ചത്.അതായത് സംഘടനാ സങ്കുചിതത്വം കേരളീയ മുസ്ലിങ്ങള്‍ക്കിടയില്‍ കുറയാന്‍ പോകുന്നില്ല എന്നൊരു അപകടകരമായ സൂചനയും അതില്‍ ഒളിഞ്ഞു കിടപ്പുണ്ട്. മുസ്ലിം ഐക്യമാണ് ഈ കാലം ആവശ്യപ്പെടുന്നതെങ്കിലും ഇപ്പോഴും ആ തരത്തിലുള്ള ഒരു സ്വപ്നത്തെ കുറിച്ച് ചിന്തിക്കാനും അതിനായി പ്രവര്‍ത്തിക്കാനും സമുദായ സംഘടനകള്‍ തുടങ്ങിയിട്ടില്ല എന്നതാണ് ദുഖകരമായ സത്യം.

No comments:

Post a Comment