Sunday, September 4, 2011

രോഗം വരും മുമ്പ്‌

പ്രതികരണം

രോഗം വരും മുമ്പ്‌ രോഗം വരാതെ സൂക്ഷിക്കാനല്ലേ നോക്കേണ്ടത്‌.


ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം നേരിടുന്ന അഴിമതിയെന്ന അര്‍ബുദത്തിന്റെ വ്യാപനം അനുദിനം വ്യാപിക്കുകയും പ്രതിരോധിക്കാനെന്ന വ്യാജേന രോഗി മരണപ്പെട്ട ശേഷം ചില വ്യാജ മരുന്നുകള്‍ നല്‍കാനായി നിര്‍ബന്ധിക്കുംപോലെ ശ്രമവും നടക്കുകയാണ്‌.

രാജീവ്‌ ശങ്കരന്‍ അഭിപ്രായപ്പെട്ടത്‌പോലെ അഴിമതി നടന്നതിനേ ശേഷം കണ്ടെത്തി ശിക്ഷിക്കാനുള്ള സംവിധാനമാണോ വേണ്ടത്‌, അഴിമതി നിയന്ത്രിക്കാന്‍ സാധിക്കുന്ന സാഹചര്യമാണോ വേണ്ടത്‌ ? ഏറെ പ്രസ്‌ക്തമായ ഈ ചോദ്യത്തിന്റെ ചര്‍ച്ചകള്‍ ഇന്ത്യയില്‍ നടക്കുന്നില്ലെന്നതാണ്‌ ഏറെ ഖേദകരം.
അഴിമതി നടന്നതിന്‌ ശേഷം കണ്ടെത്തി ശിക്ഷിക്കാനുള്ള നിയമമാണ്‌ ലോക്‌പാല്‍. ഇക്കാരണംകൊണ്ടുതന്നെ അതിന്റെ പ്രസക്തി ചോദ്യംചെയ്യപ്പെടുന്ന സാഹചര്യമാണ്‌ ഇന്നുള്ളത്‌.
തെക്ക്‌ കേരളത്തില്‍ നിന്ന്‌ തുടങ്ങി ഇന്ദ്രപ്രസ്ഥം വരെ അഴമതിയില്‍ മുങ്ങികുളിച്ച ഒരു രാജ്യത്ത്‌ പ്രതികള്‍ ഉന്നതരും, രാഷ്ട്രീയ നേതാക്കളുമാകുമ്പോള്‍ സുഖവാസത്തോടെ കഴിയുന്നത്‌ നിസ്സഹായതയോടെ നോക്കി നില്‍ക്കാന്‍ മാത്രമെ അസംഘടിതമായ സിവില്‍ സമൂഹത്തിന്‌ സാധിക്കൂ.
ഇടമലയാര്‍ കേസില്‍ ഇന്ത്യയിലെ പരമോന്നത കോടതി പ്രതിയായി ശിക്ഷിക്കപ്പെട്ട ആര്‍ ബാലകൃഷ്‌ണപ്പിള്ളയെന്ന കോണ്‍ഗ്രസ്‌-എന്‍എസ്‌എസ്‌ നേതാവിനെ ഇവിടത്തെ ഭരണകൂടം എങ്ങിനെയാണ്‌ സംരക്ഷിച്ച്‌ സുഖത്തോടെ വസിപ്പിക്കുന്നതെന്നറിയാന്‍ തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മാത്രം പോയാല്‍ മതി.
ഓരോ നുണകള്‍ പറഞ്ഞ്‌ പലപ്പോഴായി പരോളില്‍ നിന്ന്‌ പുറത്തിറങ്ങി പഞ്ചനക്ഷത്ര ഹോട്ടലിലും, എന്‍എസ്‌എസ്‌ ആസ്ഥാനങ്ങളിലും കറങ്ങി നടന്ന്‌ തന്റെ മന്ത്രിപുത്രന്റെ സ്വാധീനമെല്ലാം പരമാവധി ഉപയോഗപ്പെടുത്തുന്നത്‌ കാണുമ്പോള്‍ നീതിന്യായ സംവിധാനത്തിലും, ഭരണകൂടത്തിലും വിശ്വാസം നഷ്ടപ്പെടുന്നതിനെ കുറ്റം പറയാനാകുമോ..? അവര്‍ക്ക്‌ നക്‌സെലെറ്റ്‌ സ്വഭാവമുള്ള പ്രസ്ഥാനങ്ങളിലേക്കും ആകര്‍ഷിക്കപ്പെടുന്നുണ്ടെങ്കിലും, അരാഷ്ട്രീയത വ്യാപകമാകുന്നുണ്ടെങ്കിലും അതിനുള്ള ഉത്തരവാദി ഇവിടത്തെ ഭരണകൂടം തന്നെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

അഴിമതി നടന്നുവെന്ന്‌ സുപ്രീംകോടതിപോലും വിധിച്ച പ്രതിയുടേത്‌ ഇതാണ്‌ സ്ഥിതിയെങ്കില്‍ പിന്നെയൊരു ലോക്‌പാല്‍ നിയമംകൊണ്ട്‌ എന്താണ്‌ പ്രസക്തി ?. ഇവിടെയുള്ള നിയമങ്ങളുടെ ചിറകരിയാന്‍ വ്യക്തമായി പഠിച്ചവരാണ്‌ ഭരണകൂടങ്ങള്‍.ഇക്കാരണംകൊണ്ടുതന്നെ അഴിമതിയിലേക്കുള്ള സാധ്യതകളെ ഇല്ലാതാക്കാനും, നിയന്ത്രിക്കാനും കഴിയുന്ന നിയമങ്ങള്‍ക്കാണ്‌ ഏറെ പ്രസക്തിയുള്ളത്‌.

2005ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവരാവകാശ നിയമത്തെ ഈ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്‌. ഇന്ത്യയൊട്ടാകെ ബാധിച്ച ഈ അഴിമതി വ്യാപനം തടയാന്‍ ഗ്രാസ്‌ റൂട്ട്‌ ലെവലില്‍ പ്രവര്‍ത്തനങ്ങളാരംഭിക്കണം. വിവിധ അഴിമതികളുടെ ചുരുളുകള്‍ നിവരാന്‍ തുടങ്ങിയതിനാലാവാം ഈ നിയമത്തിന്റെചിറകും അരിഞ്ഞുതുടങ്ങിയിരിക്കുന്നു.ഇതിനായി അഴിമതി തടയാന്‍ വിവരാവകാശ നിയമം എങ്ങിനെ ഉപയോഗപ്പെടുത്താമെന്നത്‌ സംബന്ധിച്ച്‌ സമൂഹത്തിന്‌ ബോധവല്‍ക്കരണം നടത്തണം.
കൂടാതെ ഉദ്യോഗസ്ഥതലത്തിലുള്ളവരില്‍ അഴിമതി നടക്കുന്നവര്‍ക്ക്‌ അത്‌ പുറത്തറിയിക്കാന്‍ സാധിക്കുന്നതും, നിയമപരിരക്ഷ ലഭിക്കുന്നതുമായ " വിസില്‍ ബ്ലവേഴ്‌സ്‌ " ബില്ലും ഇപ്പോഴും പാര്‍ലമെന്റില്‍ നടപ്പാകാതെ ഫയലിലുറങ്ങുകയാണ്‌. അന്നാഹസാരയുടെ സമരം വന്നതോടെ ഈ ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചകളും അവസാനിച്ചിരിക്കുന്നതിനാല്‍ ` വിസില്‍ ബ്ലവേഴ്‌സ്‌ ` ബില്ല്‌ നടപ്പാക്കാനുള്ള ശബ്ദവും ഉയരേണ്ടിയിരിക്കുന്നു.
സംസ്ഥാനത്ത്‌ നടപ്പാക്കാനുദ്ദേശിക്കുന്ന സേവന അവകാശ നിയമവും വലിയ സാധ്യതയുള്ളതാണെങ്കിലും അത്‌ നടപ്പിലാക്കുന്ന ഭരണകൂടം അഴിമതിക്ക്‌ നല്‍കുന്ന പിന്തുണ കാണുമ്പോള്‍ വലിയ പ്രതീക്ഷയില്ല. ചരിത്രത്തിന്റെ തനിയാവര്‍ത്തനമായിരിക്കാം അതിനു കാരണം.
അക്‌ബറലി ചാരങ്കാവ്‌
വണ്ടൂര്‍
മലപ്പുറം
9745582385
2009akku@gmail.com

No comments:

Post a Comment