Friday, January 21, 2011

ബൂലോകത്തെ ഇ-ഭാഷ



സാങ്കേതിക വിദ്യയുടെ പുരോഗതി മനുഷ്യന്റെ സമസ്‌ത മേഖലകളിലും മാറ്റം വരുത്തിയിരിക്കുന്നു. പുരാതന മനുഷ്യന്‍ കല്ലുകള്‍ ഉപയോഗിച്ച്‌ അവന്റെ ജീവിതം നയിക്കുന്നതിന്‌ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട കാലം മുതല്‍ക്കെ കലാപരമായ പ്രവര്‍ത്തനങ്ങളും കല്ലുകള്‍ ഉപയോഗിച്ചാണ്‌ നടത്തിയിരുന്നത്‌. പിന്നീട്‌ ചെമ്പ്‌, വെങ്കലം, ഇരുമ്പ്‌ ലോഹങ്ങള്‍ തുടങ്ങി സാങ്കേതികപരമായി ഏറെ പുരോഗതി പ്രപിച്ചതിനനുസരിച്ച്‌ മറ്റെല്ലാരംഗത്തേയും പോലെ കലാ രംഗത്തും മാറ്റം പ്രകടമായി.

ജീവികള്‍ക്ക്‌ ആശയം കൈമാറാനുള്ള മാധ്യമമമായി ഭാഷ രൂപംപ്രാപിച്ചതോടെ ഓരോ വിഭാഗവും പ്രത്യേകം രേഖപ്പെടുത്തല്‍ ശൈലി രൂപപ്പെടുത്തിതുടങ്ങി. ഭാഷയെ ഒരു കൂട്ടം ചിഹ്നങ്ങളോ,പ്രതീകങ്ങളോ ഉപയോഗിച്ച്‌ രേഖപ്പെടുത്തുന്നതാണ്‌ എഴുത്ത്‌. താളിയോലകളില്‍ നിന്ന്‌ കടലാസിേേലക്കും പിന്നീട്‌ കീബോര്‍ഡിലേക്കും വികാസം പ്രാപിച്ചിരിക്കുന്നു. കീബോര്‍ഡ്‌ എഴുത്തിലൂടെയുള്ള ഭാഷ രീതിക്ക്‌ പ്രത്യേക പേര്‌ അടുത്തകാലം പരാമര്‍ശിക്കപ്പെട്ടിരുന്നില്ലെങ്കിലും രണ്ടായിരമാണ്ടോടെ ലോകംമുഴുക്കെ ഇന്റര്‍നെറ്റിന്റെ വളര്‍ച്ച തൊരിതപ്പെട്ടതോടെ ഇന്റര്‍നെറ്റില്‍ ഉപയോഗിക്കുന്ന ഭാഷയെ ഇ-ഭാഷ എന്ന പേരില്‍ വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഇ-ഭാഷ ബ്ലോഗിലൂടെ


ഇ-ഭാഷ ഏറെ അറിയപ്പെടുന്നതും വികസിച്ചതും ബ്ലോഗുകള്‍ എന്ന്‌ വിളിക്കപ്പെടുന്ന സ്വതന്ത്ര മാധ്യമങ്ങളിലുടെയാണ്‌.ഇന്റര്‍നെറ്റിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റുകളുകളായ ഫേസ്‌ബുക്ക്‌, ട്വിറ്റര്‍, ഓര്‍കുട്ട്‌ തുടങ്ങിയവയുടെ പങ്കും ചെറുതല്ല. സ്വതന്ത്രമായി ആശയങ്ങള്‍ ആര്‍ക്കും എപ്പോഴും ലോകത്തിന്‌ മുമ്പില്‍ പ്രദര്‍ശിപ്പിക്കാനുള്ള മാധ്യമങ്ങളാണ്‌ ബ്ലോഗുകള്‍. തങ്ങളുടെ സൃഷ്ടികള്‍ വെളിച്ചം കാണാന്‍ പത്രാധിപര്‍ക്ക്‌ അയച്ചുകൊടുക്കാത്ത എഴുത്തുകാര്‍ വിരളമായിരിക്കും. പലപ്പോഴും അയച്ചതിലേറെ വേഗത്തില്‍ തിരിച്ചുവന്ന അനുഭവമുള്ളവരും ഏറെ. മലയാള സാഹിത്യത്തിലെ കുലപതിയായിരുന്ന ബേപ്പൂര്‍ സുല്‍ത്താനുപോലും ഈ അനുഭവമുണ്ടായിരുന്നു. എന്നാല്‍ വിവരസാങ്കേതിക വിദ്യ ഏറെ വികാസം പ്രാപിച്ച ഇക്കാലത്ത്‌ ഇത്തരത്തിലുള്ള നൂലമാലകളെയെല്ലാം അപ്രസക്തമാക്കിയിരിക്കുന്നു ബ്ലോഗുകള്‍. ബ്ലോഗുകളുടെ ലോകത്തെ ബൂലോകം എന്നാണിപ്പോള്‍ വിളിച്ചുവരുന്നത്‌.

ബ്ലോഗിന്റെ സാധ്യതകള്‍


പരമ്പരാതഗത മാധ്യമങ്ങളായ അച്ചടിമാധ്യമം, റേഡിയോ, ടെലിവിഷന്‍ തുടങ്ങിയവക്കൊന്നും ഇല്ലാത്ത നിരവധി സവിശേഷതകള്‍ ബ്ലോഗ്‌ എന്ന മാധ്യമത്തിനുണ്ട്‌. ഇന്റര്‍നെറ്റിലൂടെ പരന്നുകിടക്കുന്നതായതിനാല്‍ മറ്റുമധ്യമങ്ങളേക്കാള്‍ ഇതിന്റെ പരിധി വളരെ കൂടുതലാണ്‌. അച്ചടി മാധ്യമങ്ങള്‍ക്ക്‌ വീഡിയോ, ശബ്ദം എന്നീരുപത്തിലുള്ള സന്ദേശങ്ങള്‍ വീതിക്കാന്‍ കഴിയില്ലല്ലോ.എന്നാല്‍ ബ്ലോഗ്‌ ഇവയെല്ലാം പണചിലവില്ലാതെ പ്രേക്ഷകരുടെ മുമ്പിലെത്തിക്കുന്നു. ഇന്റര്‍നെറ്റിലെ പ്രധാന വെബ്‌ സൈറ്റുകളായ ഗൂഗിള്‍, വേര്‍ഡ്‌ പ്രസ്‌ തുടങ്ങിയവര്‍ സൗജന്യമായി ബ്ലോഗ്‌ സേവനം നല്‍കുന്നവരാണ്‌.

മാധ്യമങ്ങളെ പണം കൊടുത്തുവാങ്ങേണ്ട സ്ഥിതിവിശേഷവും ഇവിടെയില്ല. സൗജന്യമായിട്ടാണ്‌ ഓരോരുത്തരും തങ്ങളുടെ സൃഷ്ടികള്‍ പ്രകാശനം ചെയ്യുന്നത്‌.കൂടാതെ സ്ഥല പരിമിതിയും പ്രശ്‌നമല്ല. എത്ര വിശമായി വേണമെങ്കിലും ബ്ലോഗെഴുത്ത്‌ നടത്താം.
കൃതിയെ സംബന്ധിച്ച്‌ വായനക്കാരന്‌ ഉടനടി തന്റെ അഭിപ്രായം ബ്ലോഗറെ അറിയിക്കാമെന്നതാണ്‌ ബ്ലോഗിന്റെ എടുത്തുപറയേണ്ട മറ്റൊരു മേന്മ.(ബ്ലോഗ്‌ ചെയ്യുന്നവരെ ബ്ലോഗര്‍ എന്നാണ്‌ വിളിക്കാറുള്ളത്‌). പലപ്പോഴും വായനക്കാരനില്‍ നിന്ന്‌ ലഭിക്കുന്ന വിലയിരുത്തലാണ്‌ ഏത്‌ എഴുത്തുകാരനും ആഗ്രഹിക്കുന്നതും . കൂടാതെ തന്റെ എഴുത്ത്‌ മെച്ചപ്പെടുത്തുന്നതിനും അത്‌ സഹായിക്കുന്നു. പലപ്പോഴും മികച്ച വായനക്കാരന്റെ എഴുത്ത്‌ ലേഖനത്തേക്കാള്‍ മികച്ചതാകുയും അത്‌ വിശാലമായ ചര്‍ച്ചയായി ഉയര്‍ന്നുവരാറുണ്ടെന്നത്‌ ബ്ലോഗിങ്ങിന്റെ പ്രത്യേകതയാണ്‌. വായനക്കാരന്റെ പ്രതികരണം പ്രസിദ്ധീകരിക്കാന്‍ ബ്ലോഗര്‍ക്കാണ്‌ അവകാശമെങ്കിലും ആ അവകാശം നിഷേധിക്കപ്പെട്ടാല്‍ മറ്റൊരു ബ്ലോഗ്‌ നിര്‍മ്മിച്ച്‌ നിങ്ങള്‍ക്ക്‌ പറയാനുള്ളത്‌ പറയുകയും ചെയ്യാമെന്നതാണ്‌ വസ്‌തുത. അതായത്‌ നിങ്ങള്‍ അയക്കുന്ന ഒരു അഭിപ്രായം(കമന്റ്‌) പ്രസിദ്ധീകരിക്കാതെ വന്നാല്‍ മറ്റൊരു പ്രസിദ്ധീകരണം അതിനായി ആരംഭിക്കുന്നപോലെയാണിത്‌. ഇനി അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ വ്യക്തിയെ തിരിച്ചറിയാതെ അനോണിയായും കമന്റിടുന്നവരുണ്ട്‌ ഇക്കൂട്ടത്തില്‍.

മലയാളം ബൂലോകം

2001 മുതല്‍ക്കാണ്‌ മലയാളത്തില്‍ ബ്ലോഗുകള്‍ സജീവമാകാന്‍ തുടങ്ങിയത്‌. കമ്പ്യൂട്ടറില്‍ ഉപയോഗിക്കാനുള്ള മലയാളം യൂണീക്കോഡ്‌ അക്ഷര രൂപത്തിന്റെ (ഫോണ്ടുകള്‍) വരവോടെയാണ്‌ മലയാളം ബ്ലോഗുകള്‍ സജീവമാകുന്നത്‌. മലയാളം ബ്ലോഗുകളുടെ വരവ്‌ വിവിധ സാമൂഹ്യ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്‌. മുസ്‌തഫക്കൊരു പുസ്‌തകം എന്ന മൈനാ ഉമൈബാന്റെ ബ്ലോഗ്‌ ലേഖനത്തിലൂടെ നിരവധി ബ്ലോഗര്‍മാര്‍ തങ്ങളാല്‍ ആവും വിധം പുസ്‌തകം സംഘടിപ്പിച്ചു നല്‍കിയത്‌ വിരല്‍തുമ്പിലൂടെ അന്യദേശങ്ങളില്‍ നിന്നാണ്‌.
കൂടാതെ നിരവധി ബ്ലോഗ്‌ കൂട്ടായ്‌മകളും ഇന്ന്‌ നിലവിലുണ്ട്‌. ദുബായ്‌, തൊടുപുഴ, എറണാംകുളം ബാഗളൂരു, ചെറായ്‌ തുടങ്ങിയ പ്രദേശങ്ങളില്‍ ഇതിനകം ബ്ലോഗ്‌ കൂട്ടായ്‌മകള്‍ നടന്നിട്ടുണ്ട്‌. കൂടാതെ ബ്ലോഗര്‍മാരിലൂടെ മികച്ച സൗഹൃദം സ്ഥാപിച്ചവരും ഏറെയുണ്ട്‌.
തിരുവനന്തപുരത്തെ ചന്ദ്രകുമാര്‍ എന്ന ബ്ലോഗര്‍ (അന്തരിച്ചു ) തന്റെ വിവരാവകാശ പോരാട്ടങ്ങള്‍ ഉപഭോക്താവ്‌ എന്ന ബ്ലോഗിലൂടെ പുറം ലോകത്തെത്തിച്ചപ്പോള്‍ കര്‍ഷകര്‍ക്കുള്ള വിവിധ അറിവുകള്‍ പകര്‍ന്ന്‌ ശ്രദ്ധേയനാകുകയാണ്‌ കേരളാഫാര്‍മര്‍ എന്ന ബ്ലോഗര്‍. സാഹിത്യാസ്വാദനത്തിന്റെ സമ്പദ്‌ വ്യവസ്ഥയെ തകിടം മറിക്കാനും ബ്ലോഗുകള്‍ക്ക്‌ സാധിച്ചു. നേര്‍രേഖീയമായിട്ടുള്ള വായന സംസ്‌ക്കാരം തന്നെ ബ്ലോഗുകളിലെ ലിങ്കുകളിലൂടെ മാറികൊണ്ടിരിക്കകുയാണ്‌. അച്ചടി പ്രസിദ്ദീകരണങ്ങള്‍ എഴുത്തുകാരന്റെ ഏകസ്വരമായ കാഴ്‌ചപാടിനെ അവതിരിപ്പിക്കുമ്പോള്‍ വായനക്കാരന്‌ കൂടുതല്‍ പ്രധാന്യത്തോടെ ഇടപെടാന്‍ ഈ മാര്‍ഗത്തിലൂടെ സാധിക്കുന്നു.


മലയാളം ബ്ലോഗുകളുടെ വരവോടെ വായനക്കാരുടെയും എഴുത്തുകാരുടെയും എണ്ണത്തില്‍ വന്‍വര്‍ദനവാണ്‌ ഉണ്ടായിട്ടുള്ള്‌ത്‌. മലയാളം ബ്ലോഗെഴുത്തില്‍ സ്വദേശത്തുള്ളവരേക്കാള്‍ വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ ഒരിപിടി മുന്നിലാണ്‌.

ആശയ പ്രകാശനത്തിന്റെ എല്ലാവിധ കുത്തകകള്‍ ഒഴിവാക്കുന്ന ബ്ലോഗുകള്‍ സ്വതന്ത്രമായി അറിവുകളെ പങ്കുവെക്കുക എന്ന മഹത്തായ ഒരു തത്വമാണ്‌ പരോക്ഷമായി നിര്‍വഹിക്കുന്നത്‌.

1 comment:

  1. പഠനാര്‍ഹമായ കുറിപ്പാണ് ......വരും വര്‍ഷങ്ങള്‍ ഇ-ഭാഷയുടെതാണ് ,ഇ-വായന സര്‍വ്വ വ്യാപകമാകും തീര്‍ച്ച..

    ReplyDelete