Wednesday, March 21, 2018

പരീക്ഷകളുയര്‍ത്തുന്ന ചോദ്യങ്ങള്‍


May I go to wash room
. മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരീക്ഷ നടന്നുകൊണ്ടിരിക്കെ രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് വിദ്യാര്‍ഥിയുടെ അനുവാദം ചോദിക്കല്‍.അധികം ആലോചിക്കേണ്ടി വന്നില്ല. പറ്റില്ലെന്ന് മറുപടി പറഞ്ഞു.വിസര്‍ജനത്തിന് ഗതിമുട്ടിയ ആ കുട്ടി പരീക്ഷാഹാളില്‍ തന്നെ കാര്യം സാധിച്ചു എന്നാണ് സുഹൃത്ത് പരീക്ഷാ ഹാളിലെ സ്വന്തം അനുഭവം പങ്കുവെച്ചത്.നമ്മുടെ സ്കൂളുകളിലെ പരീക്ഷകളും അവയുടെ നടത്തിപ്പ് രീതികളുടെയും ലക്ഷ്യത്തെ കുറിച്ചെല്ലാം വിലയിരിത്തുമ്പോള്‍ ഒട്ടനവധി സുഖകരമല്ലാത്ത കാര്യങ്ങള്‍ നമുക്ക് കാണാനാകും.മുകളില്‍ സൂചിപ്പിച്ച സംഭവത്തിലെ അധ്യാപകനെ പ്രതിസ്ഥാനത്ത് നിര്‍ത്തി ഈ വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാനാകില്ല.അദ്ദേഹത്തിന് ലഭിച്ച നിര്‍ദേശങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു എന്നതാണ് വാസ്തവം.അപ്പോള്‍ വ്യക്തിയേക്കാള്‍ സബ്രദായത്തിനാണ് കുഴപ്പമെന്നും പരിഹാരം വേണ്ടത് അവിടെയാണെന്നും മനസ്സിലാക്കാന്‍ സാധിക്കും.

പരീക്ഷ നടന്നുകൊണ്ടിരിക്കുമ്പോള്‍ യാതൊരു കാരണവശാലും ഒരു വിദ്യാര്‍ഥിയേയും പുറത്തേക്ക് അയക്കാതിരിക്കുക, തിന്നാനോ കുടിക്കാനോ ഉള്ള സാധനങ്ങള്‍ പരീക്ഷാ ഹാളിലേക്ക് അനുവദിക്കാതിരിക്കുക, അധ്യാപകന്‍ വിദ്യാര്‍ഥികളോട് സംസാരിക്കാതിരിക്കുക,സംശയം ചോദിക്കലും അവ നിവാരണവും ചെയ്യാതിരിക്കുക,അധ്യാപകന്‍ പരീക്ഷാ ഹാളില്‍ ഇരിക്കുകയോ പത്രം, പുസ്തകം,മൊബൈല്‍ ഫോണ്‍, ലാപ്ടോപ് തുടങ്ങിയ സാമഗ്രികള്‍ ഉപയോഗിക്കാതിരിക്കുക,വിദ്യാര്‍ഥികളെ നിരന്തരമായും വിജിലന്‍റായും നിരീക്ഷിക്കുക,വിദ്യാര്‍ഥികളുടെ ഇരിപ്പിടം പോക്കറ്റുകള്‍ പരിശോധിക്കുക തുടങ്ങി നിര്‍ദേശങ്ങളുടെ പട്ടിക തന്നെ പരീക്ഷ നടത്തുന്ന ഇന്‍വിജിലേറ്റര്‍ക്കായി നിരവധി സ്കൂളുകള്‍ നല്‍കുന്നത്. ശാസ്ത്രീയമായും കാര്യക്ഷമമായും പരീക്ഷ നടത്തുക എന്ന നല്ല ഉദ്ദേശ്യമേ സ്കൂളുകള്‍ക്ക് ഇതിന് പിന്നിലുള്ളൂ എന്നത് ശരിതന്നെ.

എഴുത്തു പരീക്ഷാ കേന്ദ്രീകൃതമായ ഒരു മൂല്യനിര്‍ണ്ണയ സബ്രദായമാണ് നമ്മുടെ സ്കൂളുകള്‍ വര്‍ഷങ്ങളായി പിന്തുടരുന്നത്. വിദ്യാര്‍ഥിയെ അടുത്ത ക്ലാസ് കയറ്റത്തിനും മത്സരത്തിലേക്കുമെല്ലാം മാനദണ്ഡമാക്കുന്നതും പരീക്ഷകളിലെ ഫലമാണ്.വാര്‍ഷിക-അര്‍ധ വാര്‍ഷിക പരീക്ഷകള്‍ക്ക് പുറമെ ആഴ്ചകളും മാസങ്ങളും തോറും നിരവധി പരീക്ഷകളാണ് നടക്കുന്നത്. സൈക്കിള്‍ ടെസ്റ്റ് എന്നാണ് ആഴ്ചതോറുമുള്ള പരീക്ഷകള്‍ക്ക് ചില വിദ്യാലയങ്ങളില്‍ പേരിട്ടിരിക്കുന്നത്.ചിലയിടത്ത് മാസം തോറുമാണ് പരീക്ഷകള്‍.
ചുരുക്കത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കാഠ്യന്യമേറിയ പരീക്ഷണമായി മാറുകയാണ് നമ്മുടെ പരീക്ഷകള്‍.ഇക്കാരണംകൊണ്ടുതന്നെ നമ്മുടെ പാഠനവും പ്രവര്‍ത്തനങ്ങളുമെല്ലാം പരീക്ഷാ കേന്ദ്രീകൃതമാണ്.പാഠപുസ്തകത്തിന് പുറത്തെ അധിക വിവരണത്തിലേക്കോ അധ്യാപകന്‍റെ അനുഭവ വിശദീകരണത്തിലൂടെ വിദ്യാര്‍ഥിയുടെ ചിന്തയുടെ പുതിയ തലത്തിലേക്ക് വികസിപ്പിക്കാനോ ഇവിടെ പ്രസക്തിയില്ല.അപ്രകാരം ക്ലാസ് മുന്നോട്ട് പോകുമ്പോള്‍ വിദ്യാര്‍ഥി നിഷ്കളങ്കമായി ചോദിക്കും.“സാര്‍ ഈ ഭാഗം പരീക്ഷക്ക് വരുമോ"?

സ്കൂളുകളുടെ ഉദ്ദേശ്യ ശുദ്ധി ഒരു വശത്ത് പരിഗണിക്കുമ്പോള്‍ തന്നെ അതെങ്ങിനെയാണ് വിദ്യാര്‍ഥികളുടെ ജൈവികവും ധാര്‍മ്മികവുമായ മൂല്യങ്ങളെ ബാധിക്കുന്നത് കാണാതിരുന്നുകൂടാ.
പരീക്ഷ ചുമതലക്കായി നിയോഗിക്കുന്ന അധ്യാപകരെ
ഇന്‍വിജിലേറ്റേസ് എന്നാണ് വിളിക്കുന്നത്.പരീക്ഷയോ മറ്റോ നടക്കുമ്പോള്‍ വിദ്യാര്‍ഥികളാരെങ്കിലും കോപ്പിയടിക്കുന്നുണ്ടോ , വഞ്ചന നടത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്ന ആള്‍ എന്നാണ് ഇംഗ്ലീഷില്‍ അതിന്‍റെ അര്‍ഥം.ആ അര്‍ഥത്തില്‍ പരീക്ഷ എഴുതുന്നവരില്‍ ഭൂരിഭാഗംപേരും വഞ്ചന നടത്തുന്നു എന്നൊരു ഒളിയമ്പ് അതിനകത്തില്ലേ? സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റത്തിന്‍റെ വിളനിലമാവേണ്ട വിദ്യാലയങ്ങളില്‍ കുട്ടികളെ വഞ്ചനയുടെ ,സംശയത്തിന്‍റെ കണ്ണുകളോടെയാണ് പരീക്ഷാഹാളില്‍ നില്‍ക്കുന്ന അധ്യാപകര്‍ അവരെ കാണുന്നത്.

പത്ത് വര്‍ഷത്തോളം പഠനം നടത്തിയ സ്കൂളില്‍ , നല്ല കുട്ടിയായിവളർന്ന കുട്ടിയെ പരീക്ഷാ ദിവസങ്ങളില്‍ കള്ളത്തരം ചെയ്യും എന്ന് അധ്യാപകന്‍ വിചാരിക്കുന്നതിൽപ്പരം മൂല്യച്യുതി മറ്റെന്താണ്`?കോപ്പിയടിച്ചായാലും ജയിച്ചേപറ്റൂ എന്ന ചിന്ത ഉൽപ്പാദിപ്പിക്കുന്ന പരീക്ഷാരീതിയും ഇതിന് കാരണമാവുന്നുമുണ്ട്.

കോപ്പിയടിക്കാതെ, മറ്റുള്ളവനോട് ചോദിക്കാതെ താനെന്താണോ പഠിച്ചത് അത് മാത്രം എഴുതി സത്യസന്ധമായി പരീക്ഷയെ നേരിടുന്ന മാതൃകാ വിദ്യാര്‍ഥികളല്ലേ നമുക്ക് വേണ്ടത്.അങ്ങിനെ ചെയ്യുന്ന സത്യസന്ധരായ വിദ്യാര്‍ഥികളെ മറന്നല്ല ഈ കുറിപ്പ്.പഠനത്തോട് സത്യസന്ധത പുലര്‍ത്തുന്ന വിദ്യാര്‍ഥികളുണ്ടാകുമ്പോള്‍ അവരെ സംശയത്തോടെ നിരീക്ഷിക്കാന്‍ ഒരു അധ്യാപകനെ പരീക്ഷാ ഹാളില്‍ ആവിശ്യമില്ല.

2015 മാര്‍ച്ചില്‍ ബീഹാറിലെ വൈശാലി ജില്ലയിലെ മഹ്നറിലെ ഒരു വിദ്യാലയത്തിന്‍റെ പുറത്ത് നാലും അഞ്ചു നിലകളുള്ള ചുമരുകളില്‍ സ്പെഡര്‍മാനെപ്പോലെ പറ്റിപ്പിടിച്ച് നില്‍ക്കുന്ന രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും ചിത്രം വിദേശ മാധ്യമങ്ങള്‍ക്ക് വരെ വാര്‍ത്തയായിരുന്നല്ലോ.അകത്ത് ക്ലാസ് മുറിയില്‍ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് പുസ്തകങ്ങളും ഗൈഡുകളുമൊക്കെയായി സഹായിക്കുകയായിരുന്നു അവര്‍.
..എസ്. നേടാനായി സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്ക് കോപ്പിയടിച്ച മലയാളി ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ പിടിയിലായ സംഭവങ്ങളെല്ലാം ഈ അവസരത്തില്‍ ചേര്‍ത്തുവായിക്കേണ്ടതാണ്.


അമേരിക്കയിലെ സ്റ്റഫോര്‍ഡ് സര്‍വകലാശാലയിലെ പല കോഴ്സുകളുടെയും പരീക്ഷ ഹാളിലെ രീതികള്‍ നമുക്ക് പുതുമയുള്ളതായി തോന്നും.ഇന്ത്യയിലെ പ്രശസ്തനായ കംപ്യൂട്ടര്‍ എത്തിക്കല്‍ ഹാക്കറായ അങ്കിത് ഫാദിയ തന്‍റെ സോഷ്യല്‍ എന്ന പുസ്തകത്തില്‍ ഇതെകുറിച്ച്
വിവരിക്കുന്നതിങ്ങനെ.

എഞ്ചിനീയറിംഗില്‍ ബിരുദമെടുക്കുന്നതിനാണ് ഞാന്‍ 2003 ല്‍ അമേരിക്കയിലെ പ്രശസ്തമായ സര്‍വകലാശാലയായ സ്റ്റഫോര്‍ഡില്‍ ചേര്‍ന്നത്.അര്‍ധ വാര്‍ഷിക പരീക്ഷയുടെ സമയത്തായിരുന്നു അത്.പരീക്ഷാ ഹാളില്‍ മേല്‍ നോട്ടത്തിനായി പ്രൊഫസര്‍മാരോ ഇന്‍വിജിലേറ്റര്‍മാരോ ഉണ്ടായിരുന്നില്ല.അതെന്നെ അത്ഭുതപ്പെടുത്തി.

ഒളി ക്യാമറകളോ മറ്റു റിക്കോഡിംഗ് ഉപകരണങ്ങളോ അവിടെ ഉണ്ടായിരുന്നില്ല.ഇന്ത്യയില്‍ വളര്‍ന്ന ഇതെന്നെ ഏറെ ആശ്ചര്യപ്പെടുത്തി.പരീക്ഷാ സമയത്ത് കുട്ടികള്‍ക്ക് അവരുടെ കൂട്ടുകാരുടെ കൂടെ ഇരിക്കാമായിരുന്നു,അധിക കുട്ടികള്‍ക്കും അവരുടെ പാഠപുസ്തകങ്ങലും നോട്ടുപുസ്തകങ്ങളും എന്തിനധികം ഇന്‍റര്‍നെറ്റ് കണക്ഷനുള്ള ഫോണുകളും എല്ലാവരുടെ പക്കലുമുണ്ടായിരുന്നു.കോപ്പിയടിക്കാനും വഞ്ചിക്കാനും ഏറെ അവസരങ്ങളുമുണ്ടായിരുന്നു ആ പരീക്ഷാ ഹാളില്‍.എന്നിട്ടും നാല് വര്‍ഷത്തോളമുള്ള എന്‍റെ പഠനകാലയളവില്‍ ഒന്നോ രണ്ടോ കോപ്പിയടിക്കല്‍ സംഭവങ്ങള്‍ മാത്രമാണ് അവിടെ ഉണ്ടായത്. ഭൂരിപക്ഷം പേരും അങ്ങിനെ ചെയ്യുന്നില്ല. തങ്ങളുടെ അക്കാദമിക പാഠ്യ വിഷയങ്ങളിലും മൂല്യനിര്‍ണ്ണയത്തിലും അനുവര്‍ത്തിക്കുന്ന മാന്യത, സത്യസന്ധത എടുത്തുപറയേണ്ടതാണ്.

ഒരു മിനുട്ട് നേരമെങ്കിലും പരീക്ഷാഹാളില്‍ ഇന്‍വിജിലേറ്ററില്ലെങ്കില്‍ എന്തായിരിക്കും നമ്മുടെ സ്കൂളുകളിലെ പരീക്ഷയുടെ അവസ്ഥ.എന്തുകൊണ്ടാണ് സത്യസന്ധതയെന്ന ധാര്‍മ്മിക മൂല്യങ്ങള്‍ നമ്മുടെ കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് നമുക്ക് കഴിയാതെ പോകുന്നത് ?

രണ്ടര, മൂന്ന് മണിക്കൂര്‍ നേരം നീണ്ടുനില്‍ക്കുന്ന പരീക്ഷാ സമയം എങ്ങിനെയാണ് അധ്യാപകരും കുട്ടികളും ചിലവഴിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? പാഠ്യവിഷയങ്ങളില്‍ ചില വിഷയങ്ങളുടെ പരീക്ഷകള്‍ നിഷ്കര്‍ഷിച്ച സമയത്തിന് മുമ്പെ പല വിദ്യാര്‍ഥികളും തീര്‍ക്കാറുണ്ട്. സ്കൂള്‍ തലത്തില്‍ അറബി, ഉറുദു,ഹിന്ദി തുടങ്ങിയ ഭാഷാ വിഷയങ്ങള്‍,ഐടി, മോറല്‍ സയന്‍സ്‍,ജികെ പോലുള്ളവ ഇതിനുദാഹരണമാണ്.

നന്നായി പഠനം നടത്തിയ വിദ്യാര്‍ഥികളാണെങ്കില്‍ ഒരു മണിക്കൂര്‍ കൊണ്ട് മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷകള്‍ എഴുതി തീര്‍ക്കാറുണ്ട്. നിര്‍ഭാഗ്യ വശാല്‍ പരീക്ഷ കഴിഞ്ഞാലും ഈ കുട്ടികള്‍ പരീക്ഷാഹാളില്‍ തന്നെ തങ്ങേണ്ടിവരികയാണ് ചെയ്യാറുള്ളത്.
ഒന്നര മണിക്കൂറിനകം ആ പരീക്ഷകള്‍ എഴുതി തീര്‍ന്നാലും അവരെ പുറത്തേക്ക് വിടാതെ മൂന്ന് മണിക്കൂര്‍ നേരം അനാവശ്യമായി പരീക്ഷാഹാളിലിരുത്തുന്ന രീതി മിക്ക സ്കൂളുകളിലും പതിവാണ്.ഫലത്തില്‍ സംഭവിക്കുന്നതെന്താണ്?.

വിദ്യാര്‍ഥിയുടെ സമയം അനാവശ്യമായി പാഴാകുന്നു. വെറുതെ ഇരിക്കുമ്പോള്‍ സംസാരിക്കാനോ ഉറങ്ങാനോ അവര്‍ക്ക് തോന്നിയേക്കാം.പക്ഷെ പരീക്ഷാമാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് എതിരായതിനാല്‍ അധ്യാപകര്‍ക്ക് അവരെ അടക്കിയൊതുക്കി മൂന്ന് മണിക്കൂര്‍ നേരം ഇരുത്തേണ്ടിവരുന്നു. ഇനി അധ്യാപകരുടെ കാര്യം നോക്കാം.മൂന്ന് മണിക്കൂര്‍ നേരം പരീക്ഷാഹാളില്‍ പോലീസ് ഓഫീസറെപ്പോലെ നടക്കലായിരിക്കും അവരുടെ ഡ്യൂട്ടി.ഇതിനിടെ ക്ലാസ് മുറിയില്‍ ഇരിക്കാന്‍ പാടില്ല.ആരെങ്കിലും ഇരിക്കുന്നുണ്ടോയെന്ന് നോക്കാന്‍ മേലധികാരികള്‍ മറ്റുചിലരെയും ചുമതലപ്പെടുത്തിയിട്ടുണ്ടാകും.ചിലപ്പോള്‍ പത്തോ പതിനഞ്ചോ മിനിട്ടു നേരം ചായകുടിക്കാനും വിശ്രമിക്കാനും അവസരം ലഭിച്ചേക്കാം.പരീക്ഷാഹാളില്‍ സമയം പാഴാക്കി നടക്കുകയല്ലാതെ ഈ സമയത്തെ ക്രിയാത്മാകമായി വിനിയോഗിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല.

പരീക്ഷ കഴിഞ്ഞ് ഉത്തരക്കടലാസുകള്‍ കൃത്യമായി വായിച്ച് മാര്‍ക്ക് കൊടുക്കുന്നിടത്തും അശാസ്ത്രീയത നിലനില്‍ക്കുന്നില്ലേ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം നടത്തുമ്പോള്‍ അധ്യാപകന്‍റെ മാനസികാവസ്ഥക്ക് അനുസരിച്ചായിരിക്കും പല കുട്ടികളുടെയും മാര്‍ക്ക്. തിരക്കുപിടിച്ചോ ഈ ജോലി ചെയ്ത് വേറെ എവിടേക്കെങ്കിലും പോകണമെന്നോ വിചാരിക്കുന്ന അധ്യാപകര്‍ക്ക് മുമ്പില്‍ നിറയെ എഴുതിപിടിപ്പിച്ച,കയ്യക്ഷരം വൃത്തിയില്ലാത്ത ഉത്തരക്കടലാസുകള്‍ വന്നാല്‍ എന്തായിരിക്കും സ്ഥിതി എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ആര്‍ട്സ് പോലുള്ള വിഷയങ്ങളില്‍ ഖണ്ഡികയായി വിദ്യാര്‍ഥികള്‍ പേപ്പര്‍ നിറയെ എഴുതുമ്പോള്‍ അവ പൂര്‍ണ്ണമായും വായിച്ചുനോക്കുകപോലും ചെയ്യാതെയാണ് നിരവധി പേര്‍ മൂല്യനിര്‍ണ്ണയം നടത്തുന്നതെന്നത് പരസ്യമായ രഹസ്യമല്ലേ? മൂല്യനിര്‍ണ്ണയം നടത്തുന്നയാളിന്‍റെ കണ്ണില്‍പ്പെടാന്‍ പോയിന്‍റുകള്‍ക്ക് അടിവരയിട്ടോ ഹൈലേറ്റ് ചെയ്തൊക്കെയാണ് വിദ്യാര്‍ഥികള്‍ ഈ പ്രശ്നത്തെ മറികടക്കുന്നത്.മുഴുവന്‍ പോയിന്‍റുകളുണ്ടെങ്കിലും കയ്യക്ഷരം മോശമായിപ്പോയാല്‍ അത്തരം വിദ്യാര്‍ഥികളുടെ മാര്‍ക്കിനെയും അത് ബാധിക്കുന്നു.
അല്ലാതെ മുഴുവന്‍ വായിച്ച് ഉത്തര സൂചികയിലെ പോയിന്‍റുകള്‍ നോക്കി കൃത്യമായി മാര്‍ക്ക് രേഖപ്പെടുത്തുമ്പോള്‍ സമയം ഏറെ ചിലവഴിക്കേണ്ടിവരുമ്പോള്‍ എളുപ്പത്തില്‍ ജോലി തീര്‍ക്കാന്‍ ഉദാരമായി മാര്‍ക്കുകള്‍ നല്‍കുകയോ തോന്നിയപോലെ മാര്‍ക്ക് വെട്ടിച്ചുരുക്കുകയോ ചെയ്യാനുള്ള സാധ്യത ഏറെയാണ്.മറ്റു പരീക്ഷകളില്‍ നിന്ന് വ്യത്യസ്തമായി വാര്‍ഷിക പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാത്തതിനാല്‍ അധ്യാപകന് അബദ്ധത്തില്‍ മാര്‍ക്ക് രേഖപ്പെടുത്താന്‍ മറന്നാലും അത് നഷ്ടം തന്നെ.മറ്റുപരീക്ഷകള്‍ക്ക് ശേഷമെല്ലാം ഉത്തരക്കടലാസ് കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്യുമ്പോള്‍ അവര്‍ക്കത് പരിശോധിക്കാനും മാര്‍ക്കുകള്‍ കൂട്ടിയതിലെ പാകപ്പിഴവുകള്‍ സൂചിപ്പിക്കാനും തിരുത്താനുമെല്ലാം അവസരമുണ്ട്.അതെസമയം ഭാവിയെ ബാധിക്കുന്ന വാര്‍ഷിക പരീക്ഷകളില്‍ അത്തരമവസരമില്ല.

മനപാഠമായി പഠിച്ചത് മാത്രം പരിശോധിക്കുന്ന നിലവിലുള്ള രീതികളില്‍ നിന്ന് കാതലായ മാറ്റം വരേണ്ടിയിരിക്കുന്നു.എത്രത്തോളം ഓര്‍മ്മശക്തിയുണ്ട് എന്നളക്കാനുള്ള മാര്‍ഗമായി പരീക്ഷകള്‍ മാറാതിരിക്കേണ്ടതുണ്ട്.അമേരിക്കന്‍ വിദ്യാഭ്യാസ മനശാസ്ത്രജ്ഞനായിരുന്ന ബെഞ്ചമിന്‍ സാമുവല്‍ ബ്ലൂം വേര്‍തിരിച്ച വിദ്യാഭ്യാസ ഉദ്ദേശ്യങ്ങളെ അടിസ്ഥാനമാക്കി ഓര്‍മ,പ്രയോഗം,വിശകലനം, ഉത്ഗ്രഥനം,സൃഷ്ടിക്കുക എന്നിങ്ങനെയുള്ള ഘടകങ്ങളായി (ബ്ലുംസ് ടാക്സോണമി)വിഭജിക്കുന്നുണ്ടെങ്കിലും എഴുത്തുപരീക്ഷയില്‍ പലപ്പോഴും ഈ ടാക്സോണമി പ്രകാരമുള്ള ഓര്‍മ്മ പരിശോധനയും വിശദീകരണവുമാണ് കൂടുതലും കാണാറുള്ളത്.
ടാക്സോണമിയിലെ മറ്റു ഉപവിഭാഗപ്രകാരമുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാത്തതും വിദ്യാര്‍ഥികളുടെ പഠനോദ്ദേശ്യത്തെ ടാക്സോണമിയിലേക്ക് മാത്രമാക്കി ചുരുക്കുന്നതിലൂടെയും വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യത്തെയും സാരമായി ബാധിക്കുന്നു.

നിരന്തര മൂല്യനിര്‍ണ്ണയ കാര്യത്തില്‍ കൂടുതല്‍ വര്‍ഗീകരണങ്ങള്‍ ഉള്‍പ്പെടുത്തുകയും സിസിഇക്ക് ആനുപാതികമായി മാര്‍ക്ക് നല്‍കുന്ന തരത്തിലും വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണ്ണയ രീതി പരിഷ്ക്കരിക്കേണ്ടതുണ്ട്. സ്കൂളുകള്‍ വിദ്യാര്‍ഥികള്‍ക്ക് യഥേഷ്ടം മാര്‍ക്ക് ദാനം ചെയ്യുന്ന രീതി ഇതിലൂടെ വരാന്‍ സാധ്യതയുണ്ടെങ്കിലും വൈവ പോലെയുള്ള രീതികളിലൂടെ പുറമെ നിന്നുള്ള അധ്യാപകരുടെ സഹായത്തോടെ ഇവ പരിശോധിക്കാനുള്ള സംവിധാനം വേണം.വിവിധ കാരണങ്ങളാല്‍ എഴുതാന്‍ കഴിയാത്തവര്‍ക്ക് ഈ വര്‍ഷം മുതല്‍ കംപ്യൂട്ടര്‍ ഉപയോഗിച്ച് പരീക്ഷ എഴുതാനുള്ള അവസരം സിബിഎസ്ഇ ആരംഭിച്ചത് സ്വാഗതാര്‍ഹമാണ്.സംസ്ഥാന ബോഡുകളും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടതുണ്ട്.
ഓര്‍മ്മ ശക്തി പരിശോധിക്കുന്നതിന് പകരം വിദ്യാര്‍ഥിയുടെ അപഗ്രഥനപരവും സൈദ്ധാന്തികമായ കഴിവുകളും അളക്കുന്ന രീതിയിലുള്ള ഒടിബിഎ (ഓപ്പണ്‍ ടെസ്റ്റ് ബെസ്‍ഡ് അസെസ്മെന്‍റ് )പരീക്ഷാ രീതികളും നമ്മുടെ മൂല്യനിര്‍ണ്ണയത്തിന്‍റെ ഭാഗമാവേണ്ടതുണ്ട്.

രീക്ഷയെന്നത് ചിലരെ തോല്‍പ്പിക്കാനും മറ്റു ചിലരെ ജയിപ്പിക്കാനുമുള്ള മാത്രം സംവിധാനമായി ചുരുങ്ങിപോകരുത്. പകരം ഓരോ പരീക്ഷയും ഓരോ കുട്ടിയുടെയും മികവ് കണ്ടെത്താനും അഭിരുചിതിരിച്ചറിയാനും സാധിക്കുന്നതാവണം.തോല്‍വിയായാലും ജയമായാലും തന്‍റെ അഭിരുചി മനസ്സിലാക്കി മുന്നേറാന്‍ അവനെ സഹായിക്കുന്നതാവണം പരീക്ഷകള്‍.അല്ലാതെ തോറ്റവർ എവിടെയോ പോയി മറയുന്ന അവസ്ഥയിലേക്ക് നയിക്കുന്നതാവരുത്.കുട്ടിക്കാലത്തെ സ്കൂള്‍ പരീക്ഷകളില്‍ തോറ്റവര്‍ പില്‍ക്കാലത്ത് ഉന്നതമായ പഠനം കാഴ്ചവെച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്.
വിജയിച്ചവര്‍ക്കും കൂടുതല് എപ്ലസ് നേടിയവര്‍ക്കും മെഡലുകളും സമ്മാനങ്ങളും അനുമോദനങ്ങളുമെല്ലാം നല്‍കാം.അതെസമയം തോറ്റവരെ മറക്കരുത്.അവരെ ഒഴിച്ചിടുകയല്ല വേണ്ടത്, ആശ്വസിപ്പിക്കാനും അവരെ വിജയിപ്പിക്കാന്‍, പോരായ്മകള്‍ പരിഹരിക്കാന്‍ എന്തെല്ലാം കര്‍മ്മ പദ്ധതികള്‍ ചെയ്യാന്‍ പറ്റും എന്നതും കൂട്ടത്തില്‍ ആലോചിക്കേണ്ടതാണ്.

No comments:

Post a Comment