Saturday, April 2, 2016

നികേഷ് ഇടതുപക്ഷ സ്ഥാനാര്‍ഥിയാകുമ്പോള്‍..

മാധ്യമ മേഖലയും ഒരു വ്യവസായം ആണ് .
രാഷ്ട്രീയ-മത-സാംസ്കാരിക ലക്ഷ്യങ്ങള്‍ക്ക് പുറമെ സാമ്പത്തികമായി ലാഭം ഉണ്ടാക്കുക എന്നത് ഏതൊരു വ്യവസായത്തെപ്പോലെ അതിന്‍റെയും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.( ലിറ്റില്‍ മാസികയെപ്പോലെ ചുരുക്കം ചില മാധ്യമ സ്ഥാപനങ്ങള്‍ക്ക് വലിയ സാമ്പത്തിക താല്‍പ്പര്യമില്ലെന്നത് ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ് ). അതുകൊണ്ടുതന്നെ ലാഭം വരുന്ന മാധ്യമ സ്ഥാപനങ്ങളില്‍ അതിന്റെ ധാര്‍മികതകളില്‍ വലിയ പ്രതീക്ഷവെച്ചു പുലര്‍ത്തുന്നത് ശരിയാണെന്ന് തോന്നുന്നില്ല. കാരണം ഈ ധാര്‍മ്മികത എന്നത് മാറികൊണ്ടേയിരിക്കും.ധാര്‍മ്മികതയില്‍, മൂല്യത്തില്‍ മാറ്റമുണ്ടാവരുതെന്നാണ് വലിയൊരുപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതെന്ന് വേറെക്കാര്യം.ജനങ്ങള്‍ സാധാരണ വ്യവസായങ്ങളെ കാണുംപോലെ മാധ്യമവ്യവസായത്തെ കാണാന്‍ തയ്യാറല്ല.

ആ ആഗ്രഹംകൊണ്ടാണ് വാര്‍ത്തകളിലൂടെ ലേഖകന്‍, അല്ലെങ്കില്‍ അവതാരകന്‍ തന്‍റെ രാഷ്ട്രീയ നിലപാടുകള്‍, കക്ഷിരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ വരികള്‍ക്കിടയിലൂടെയോ റിപ്പോര്‍ട്ടിംഗ് സമയത്തോ ചര്‍ച്ചയിലൂടെയോ അവതരിപ്പിക്കുമ്പോള്‍ നിഷ്പക്ഷതയെയും മാധ്യമ ധാര്‍മ്മികതയേയും കുറിച്ചുള്ള ആവലാതികളുണ്ടാകുന്നത്.

അപ്പോഴാണ് അവര്‍ ഇതുവരെ വലിയ മാധ്യമ ധാര്‍മ്മികത കണ്ടുപോന്നിരുന്ന വ്യക്തികള്‍ ഏതെങ്കിലും കക്ഷിരാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്ക് ചുവട് വെക്കുമ്പോള്‍ അതൃപ്തിയുണ്ടാവുന്നത്.അതിന്‍റെ ഭാഗമായാണ് അത്തരം മാധ്യമപ്രവര്‍ത്തകര്‍ നേരത്തെ ചെയ്ത വാര്‍ത്തകളിലെ നിഷ്പക്ഷതയെ സംശയിക്കുന്നത്. നികേഷ്കുമാറിന്‍റെയും എന്‍പി ചെക്കുട്ടിയേയും ഇതിലേക്ക് ഒരു ഉദാഹരണമായി മാത്രമെടുക്കാം.

നികേഷ് ഇടതുപക്ഷ അനുകൂല വാര്‍ത്തകളും എന്‍പി ചെക്കുട്ടി വലതുപക്ഷ അനുകൂല നിലപാടുകളും അവതരിപ്പിക്കുമ്പോള്‍ അതൃപ്തിയായി തോന്നുന്നത് വര്‍ഷങ്ങളായി അവരില്‍കാണുന്ന നിഷ്പക്ഷതയെ സംബന്ധിച്ച ധാരണയാണ്.അത് തിരിച്ചറിയാത്ത വിധത്തില്‍ കുറെക്കാലം കൊണ്ടുപോകാന്‍ നിഷ്പക്ഷമെന്ന പ്രചാരണത്തോടെ തുടങ്ങിയ അവരുടെ മാധ്യമങ്ങള്‍ക്ക് സാധിച്ചുവെന്നത് അവരുടെ പ്രഫഷണല്‍ തന്ത്രം മാത്രം.


No comments:

Post a Comment