Tuesday, June 22, 2010

കാറ്റില്‍പറത്തുന്ന ഹൈക്കോടതി വിധികള്‍

ഹൈക്കോടതിയിലെ വിധികള്‍ക്ക്‌ വലിയ പ്രാധാന്യം നല്‍കുന്നതില്‍ നമ്മുടെ മാധ്യമങ്ങള്‍ ജാഗരൂഗരാണ്‌. പൊതു സ്ഥലത്തെ തുപ്പല്‍ നിരോധനം മുതല്‍ പുകവലി നിരോധനംവരെ നിരവധി നിരോധനങ്ങള്‍. ഇവയെല്ലാം നടപ്പില്‍വരുത്തുന്നതില്‍ പലപ്പോഴും നമ്മുടെ നിയമപാലകര്‍ പരാജയപ്പെടുകയോ, ആ വഴി മറക്കുകയോ ആണ്‌ ചെയ്‌ത്‌കൊണ്ടിരിക്കുന്നത്‌. പറഞ്ഞുവന്നത്‌ ഹൈക്കോടതി പുറപ്പെടുവിച്ച വളരെ പ്രധാനപ്പെട്ട ഒരു ഉത്തരവിനെ നമ്മുടെ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ അധികാരികളും ഉദ്യോഗസ്ഥന്മാരും ചേര്‍ന്ന്‌ അട്ടിമറിക്കുന്നതെങ്ങിനെയത്‌ എന്നത്‌ സംബന്ധിച്ചാണ്‌.

സര്‍ക്കാര്‍-എയിഡഡ്‌ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന ഹൈക്കോടതിവിധി ഉദ്യോഗസ്ഥരുടെ അലംഭാവം കരാണം പ്രഖ്യാപനത്തിലൊതുങ്ങുകയാണ്‌. കേരളാ വിദ്യാഭ്യാസ നിയമത്തിലെ മിക്ക നിര്‍ദേശങ്ങളും പാലിക്കാതെയാണ്‌ നമ്മുടെ സാക്ഷരസുന്ദര കേരളത്തിലെ
നിരവധി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്‌. മിക്ക സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ക്കാനുപാതികമായി മൂത്രപ്പുര, കക്കൂസ്‌, കുടിവെള്ള സൗകര്യം, ക്ലാസ്‌ റൂം സൗകര്യമോ വേണ്ടത്രയില്ല.

സ്‌മാര്‍ട്ട്‌ ക്ലാസ്‌ റൂമെന്ന പേരില്‍ സര്‍ക്കാര്‍ വിവിധ നൂതനപദ്ധതികള്‍ ആരംഭിക്കുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ്‌ ഇവ പ്രവര്‍ത്തിക്കുന്നത്‌. കൂടാതെ മഴക്കാലത്ത്‌ ചോര്‍ന്നൊലിക്കുന്ന ക്ലാസ്‌ മുറികളിലിരുന്നും, ഒരു ബെഞ്ചില്‍ ആറും, ഏഴും കുട്ടികളെ ഇരുത്തിയും അധ്യയനം നടത്തുന്നതും നമ്മുടെ സ്‌കൂളിലെ നിത്യകാഴ്‌ചയാണല്ലോ..?

സര്‍ക്കാര്‍ സ്‌കൂളുകളെ അവഗണിച്ച്‌ അത്യാധുനിക സൗകര്യങ്ങളുള്ള സിബിഎസ്‌ഇ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ ചേര്‍ക്കുന്ന പ്രവണതയും വര്‍ദ്ദിച്ചുവരുന്നു. സാധാരണയായി ഒരു ക്ലാസില്‍ പരമാവധി 45 വിദ്യാര്‍ഥികളെ ഇരുത്താറുള്ളതെങ്കിലും ഭാഷാ ക്ലാസുകളില്‍ 120 ഓളം കുട്ടികളെ ഇരുത്തി പഠിപ്പിക്കുന്നതും പുതിയകാര്യമില്ലെങ്കിലും എന്നാണിതൊക്കെ ശരിയാകുക.

ഓരോ ജില്ലയിലെയും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ഡിഇഒ, എഇഒ, പഞ്ചായത്ത്‌ അധികൃതര്‍, അതത്‌ സ്‌കൂളിലെ പ്രധാനധ്യാപകര്‍ എന്നിവര്‍ക്കാണ്‌ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന്റെ ചുമതലയെങ്കിലും മാനേജ്‌മെന്റുകള്‍ തയ്യാറാകാത്തതിനാലും ഉദ്യോഗസ്ഥരുടെ അലംഭാവവുംമൂലം ഹൈക്കോടതി ഉത്തരവ്‌ കടലാസിലൊതുങ്ങുകയാണ്‌.

ഒന്നിലേറെ നിലകളുള്ള സ്‌കൂള്‍ കെട്ടിടങ്ങളില്‍ ,സിമന്റ്‌കൊണ്ട്‌ തേച്ചുറപ്പിക്കാത്തതും, വിദ്യാര്‍ഥികള്‍ക്ക്‌ ഇങ്ങാന്‍ കെട്ടിടത്തിന്റെ ഇരുഭാഗങ്ങളില്‍ കോണിസ്ഥാപിക്കാത്തതുമായ നിരവധി കെട്ടിടങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി എങ്ങിനെ പറയാതിരിക്കാനാകും.അപകട ഭീഷണി ഉയര്‍ത്തുന്ന കെട്ടിടങ്ങള്‍ ഉണ്ടായിട്ടും ഇതൊന്നും പരിശോധിക്കാതെ ചില മാനേജ്‌മെന്റുകളുടെയും, രാഷ്ട്രീയക്കാരുടെയും സ്വാധീനത്തിനുവഴങ്ങി വര്‍ഷേതോറും ഫിറ്റനസ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിവരുന്നതുമായ ഒരു ഉദ്യോഗസ്ഥവൃന്ദത്തെ പാടെ ആക്ഷേപിക്കുന്നതില്‍ കഴമ്പില്ലെങ്കിലും പറയേണ്ടത്‌ പറയാതിരിക്കാനെങ്ങനെ സാധിക്കും.

മലബാര്‍ മേഖലയില്‍ രണ്ടുവര്‍ഷത്തിനിടെ പുതുതായി അനുവദിച്ച പ്ലസ്‌ വണ്‍ സീറ്റുകള്‍ക്കാനുപാതികമായി പ്രത്യേക കെട്ടിട സൗകര്യമില്ലാത്തതിനാല്‍ നിരവധി സ്‌കൂളുകളില്‍ താത്‌ക്കാലിക കെട്ടിടത്തിലാണ്‌ ഇത്തരം ക്ലാസുകള്‍ നടത്തുന്നത്‌. മലപ്പുറം, പാലക്കാട്‌ , കോഴിക്കോട്‌ ജില്ലകളിലെ ചില പ്രമുഖ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ കലാപരിപാടികള്‍ നടത്തുന്ന സ്റ്റേജില്‍വെച്ചാണ്‌ ഇപ്പോഴും ക്ലാസുകള്‍ നടത്തിവരുന്നത്‌. സ്‌കൂളുകളിലെ ഷിഫ്‌റ്റ്‌ സമ്പ്രദായത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന്‌ ഈ അസൗകര്യമാണ്‌.

2009 മാര്‍ച്ച്‌ 16 ന്‌ വടക്കാഞ്ചേരി സ്വദേശി കെപി ജെയ്‌സണ്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ്‌ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യമൊരുക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട്‌ ഉത്തരവിട്ടത്‌്‌. എന്നാല്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്‌ 2009 മെയ്‌ 27നാണ്‌ വിവിധ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെത്തിയതെന്ന്‌ വിദ്യാഭ്യാസ ഡയറക്ടറില്‍ നിന്നും ടിപി മുജീബ്‌റഹിമാന്‌ പത്തിരിയാല്‍ എന്നയാള്‍ക്ക്‌ ലഭിച്ച വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നു. അതായത്‌ റിപ്പോര്‍ട്ട്‌ പോസ്‌റ്റ്‌ ഓഫീസുവഴി എത്തിച്ചേരാനുള്ള ഒരു കാലതാമസം....ശിവ..ശിവ....

റിപ്പോര്‍ട്ട്‌ വിവിധ ഓഫീസുകളിലെത്താന്‍ വൈകിയതിനുപിന്നിലും സ്വകാര്യ മാനേജ്‌മെന്റുകളാണെന്ന ആരോപണം ശക്തമാണ്‌. എന്നാല്‍ റിപ്പോര്‍ട്ടില്‍ നടപടി കൈകൊള്ളുന്നതില്‍ ഉദ്യോഗസ്ഥര്‍മാര്‍ക്ക്‌ സാധിക്കുന്നില്ലെന്ന മറുപടിയാണ്‌ വിവിധ ജില്ലാകേന്ദ്രങ്ങളില്‍ നിന്ന്‌ ഡിപിഐക്ക്‌ ലഭിച്ചത്‌.ഹൈക്കോടതിവിധിയനുസരിച്ച്‌ സ്വീകരിച്ച നടപടികളെ ആരാഞ്ഞുകൊണ്ട്‌ രാമനാട്ടുകര സ്വദേശി മനോജ്‌കേദാരം സമര്‍പ്പിച്ച വിവരാവകാശ അപേക്ഷക്ക്‌ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുഹമ്മദ്‌ ഹനീഷ്‌ ഒപ്പുവെച്ച മറുപടിയിലും ഡിഡിഇമാര്‍ കൃത്യമായ റിപ്പോര്‍ട്ട്‌ നല്‍കുന്നില്ലെന്ന മറുപടിയാണ്‌ നേരത്തെ ലഭിച്ചത്‌.

ഇതു സംബന്ധിച്ച്‌ മൂന്നുതവണ റിപ്പോര്‍ട്ട്‌ അയക്കാനായി മെമ്മോ അയച്ചിട്ടും മിക്ക ജില്ലാവിദ്യാഭ്യാസ ഓഫീസര്‍മാരും മാസങ്ങള്‍ കഴിഞ്ഞാണ്‌ മറുപടി നല്‍കിയത്‌. മൂന്നുമാസം കഴിഞ്ഞാണ്‌ മലപ്പുറം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ മറുപടി നല്‍കിയത്‌. അതെസമയം ജില്ലയിലെ വിവിധ സര്‍ക്കാര്‍-എയിഡഡ്‌ സ്‌കൂളുകള്‍ക്കായി എസ്‌എസ്‌എ പദ്ധതിപ്രകാരം അനുവദിച്ച ലക്ഷക്കണക്കിന്‌ രൂപയും പദ്ധതിപൂര്‍ത്തീകരണത്തിലെ അപാകതകാരണം നഷ്ടപ്പെടുകയാണുണ്ടായത്‌.

എന്തുകൊണ്ടാണിത്‌ ? സ്‌കൂള്‍ പ്രധാനധ്യാപകര്‍ക്ക്‌ അയച്ച കത്ത്‌ വേസ്റ്റ്‌ ആയി എന്നതല്ലാതെ ആരാണ്‌ നടപടിയെടുത്തത്‌ ? അല്ലെങ്കിലും മാനേജ്‌മെന്റുകളോട്‌ ചോദ്യംചെയ്യാന്‍ ആരുണ്ടിവിടെ ? 10 ഉം 15 ഉം ലക്ഷക്കണക്കിന്‌ രൂപവാങ്ങി അധ്യാപകരെ നിയമിക്കുന്ന മാനേജ്‌മെന്റുകള്‍ക്ക്‌ അതിന്റെ നൂറിലൊരംശം ചെവവഴിച്ച്‌ കുട്ടികള്‍ക്കാനുപാതികമായ മൂത്രപ്പുരയും, കക്കൂസ്‌, നല്ലകെട്ടിടങ്ങള്‍ സ്ഥാപിച്ചാലും ലാഭത്തിന്റെ കാര്യത്തില്‍ വലിയകുറവൊന്നും സംഭവിക്കില്ല .. പക്ഷെ ഇതൊക്കെ ആര്‌ അനുസരിക്കാന്‍...........? ഇവിടെ രണ്ടുതരത്തിലെ നീതി ഒരിക്കലും
ഈ ഘട്ടത്തില്‍ ബഹു ഹൈക്കോടതിയുടെ സത്യവാങ്ങ്‌മൂലം വിപ്ലവമാകുമെന്ന്‌ പ്രതീക്ഷിക്കാം .

1 comment:

  1. അല്ലെങ്കിലും ഹൈ കോടതി ഒരു സംഭവമാണല്ലോ... പിന്നെ നമ്മുടെ മാനേജ് മെന്റിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .............................
    അക്കുവിനു ആശംസകള്‍

    ReplyDelete