
മാര്‍ച്ച്
നീ ഒരുപാട് മാറിയപോയി....ജീവിതത്തില്‍ സുഖ-ദുഖ സമ്രിശ സ്മൃതികളുണര്‍ത്തി നീ സമ്മാനിച്ച ഓര്‍മ്മകളില്‍ ഗതകാല സ്മരണകള്‍ കവിളില്‍ കണ്ണീര് സമ്മാനിക്കുന്നു.
വേര്‍പിരിയലോടെ വിരഹത്തിന്റെ തീവ്രാനുഭവങ്ങള്‍ എത്രപേര്‍ക്കാണ് നീ സമ്മാനിക്കുന്നത് ?.
ഹൈസ്കൂള്‍ ക്ലാസില്‍ പഠിക്കുമ്പോഴാണ് നിന്റെ വിരഹനൊമ്പരം ആദ്യമായി അനുഭവിച്ചുതുടങ്ങിയത്. പരീക്ഷകള്‍ അവസാനിച്ച് രണ്ടു മാസത്തെ വേനലവധിക്ക് സ്കൂള്‍ പൂട്ടുമ്പോള്‍ വീട്ടിലെത്താന്‍ ഓടിത്തിമിര്‍ക്കുന്നവരുടെ സംഘത്തിന്റെ മുമ്പില്‍ ആദ്യമെത്താന്‍ ഞാനുണ്ടായിരുന്നു. കാര്യമായ സൗദൃദങ്ങള്‍ നാമ്പെടുക്കാത്ത ആ കാലത്തില്‍ മനം നിറയെ വേനലവധിയിലെ കളികളാരവമായിരുന്നു. വീരാന്‍കുട്ടികാക്കാന്റെ പടിഞ്ഞാറെ പറമ്പില്‍ ആടുകളെ മേയ്ച്ച് കശുവണ്ടി മാവുകളിലൂടെയുള്ള തൊട്ടുകളി , കുട്ടിയുംകോലും, സാറ്റുകളി, വൈകുന്നരത്തോടെ സജീവമാകുന്ന ഫുട്ബോള്‍ മത്സരത്തില്‍ കുട്ടികളായതിനാല്‍ ഗോളി നില്ക്കല് തുടങ്ങി കളികളുടെ ഉത്സവമായിരുന്നു. മാവിന് കൊമ്പിലെ തൊട്ടുകളിക്കുമ്പോള്‍ കൊമ്പുകളില്‍ കാല് മടക്കി തലയും, ഉടലും താഴേക്ക് ചലിപ്പിക്കുന്ന ഭ്രമരം സിനിമയിലെ അണ്ണാറകണ്ണാവാ... എന്ന ദൃശ്യഗാനത്തേക്കാള്‍ അതിനു ഭംഗിയുണ്ടായിരുന്നോ...?
ഏപ്രില്‍ മാസത്തോടെ ചിതല് പുറ്റുകളിലും, മണ്മതിലുകളുടെ വിടവുകളിലും ചേക്കേറിയിരുന്ന തേനീച്ച കൂട്ടുകളില്‍ നിന്നും തേനെടുത്ത് നുണഞ്ഞതും 20 രൂപക്ക് കച്ചവടക്കാരന് കോമുകാക്കാക്ക് വിറ്റതുമെല്ലാം സമ്മാനിച്ച മാസമല്ലേ നീ..
തേനിച്ച പലകകള്‍ അടര്ത്തിയെടുക്കുമ്പോള് തേനിച്ചകള്‍ക്ക് നോവാതിരിക്കാന്‍ ഊതിയൂതി കാറ്റ്പോകാന്‍ നേരം ഇരു കണ്‍തടങ്ങള്‍ക്കും വേദനയുടെ ഓര്‍മ്മകള്‍ സമ്മാനിക്കാന്‍ കവിളുകളില്‍ തേനീച്ചകള്‍ ചുമ്പിക്കുന്നതോടെയാണ് ആ സീസണിലെ തേനെടുക്കല്‍ കളികള്‍ അവസാനിച്ചിരുന്നത്.
ഒമ്പതാം തരംത്തിലെ മാര്‍ച്ച് മാസം ..
ഓര്‍ക്കുമ്പോള്‍ ഇന്നും കണ്ണീര് തൂകാന്‍ വെമ്പുന്ന അനുഭവങ്ങള്‍ സമ്മാനിച്ചു. ആദ്യമായി പ്രേമാനുരാഗത്തിന്റെ നാമ്പുകള്‍ ജീവിത്തിലേക്ക് കോറിയിട്ട് ഒടുവില്‍ മാര്‍ച്ചിലെഴുതപ്പെട്ട ചില വരികളിലൂടെ വിരഹം സമ്മാനിച്ചപ്പോള്‍ നിന്നെ ഞാന്‍ വെറുത്ത് ശപിച്ചു. രണ്ടു മാസം കഴിഞ്ഞ് വീണ്ടു കാണാം എന്ന് അവസാനവാക്കോടെ പ്രേമലേഖനമെഴുതി കൊടുക്കുമ്പോള്‍ ഒന്നു കൂടി എഴുതി. Good bye "
ഗുഡ്ബൈയുടെ അര്‍ത്ഥം തെറ്റിദ്ധരിച്ച കാമുകി അതോടെ അനുരാഗം അവസാനിപ്പിച്ചപ്പോള്‍ നീ എന്റെ ഓര്‍മ്മകളില്‍ വെറുക്കപ്പെട്ട മാസമായി മാറി.
വില്യം വേര്‍ഡ്സ് വര്‍ത്ത് " മാര്‍ച്ചിലെഴുതപ്പെട്ട വരികള്‍ `എന്ന കവിതയില്‍ എഴുതി .
Sailing clouds in the blue sky,
lively fountains and the defeated snow
പരാജിതരെപ്പോലെ പിന്‍വാങ്ങിയ ശേഷം അനുരാഗത്തിന്റെ പടികള്‍ പിന്നീടു കയറിയിട്ടില്ല. പരീക്ഷകളും, പരീക്ഷണങ്ങളും നീ സമ്മാനിക്കുന്നു.
എങ്കിലും മാര്‍ച്ച്........ നിരവധി സൗഹൃദങ്ങളെ നീ വല്ലാതെ മിസ്സ് ചെയ്യുന്നു. സെന്റോഫുകള്‍ സംഘടിപ്പിച്ച് വിടപറയാനൊരുങ്ങുമ്പോള്‍ എന്നുമെന്നും ഓര്‍മ്മിക്കാന്‍ ഓരോരുത്തരും സമ്മാനിക്കുന്ന വിക്രിയകള്‍ നാണിപ്പിക്കാറില്ലേ...എല്ലാത്തിനും നീയാണ് ഉത്തരവാദി.
ഓട്ടോ ഗ്രാഫുകളില്‍ ഇടം പിടിക്കാന്‍ അവസരം കിട്ടിയ മറ്റൊരുമാസം വേറെയുണ്ടാകില്ല.
കവിതാ പുസ്തകങ്ങളില്‍ നിന്നും അല്ലാതെയും കടമെടുത്ത വരികളും, നമ്മുടെ സാഹിത്യ ഭാവനങ്ങളും കൂട്ടികലര്‍ത്തി സ്നേഹത്തിന്റെ ഭാഷകള്‍ ഓരോ ഓട്ടോ ഗ്രാഫിലും ഇടംപിടിച്ചു.
" മറാക്കാനും, മറക്കാതിരിക്കാനും അവകാശമുള്ള ഈ ലോകത്ത് മറക്കെരുതെന്ന് പറയാന്‍ എനിക്ക് അവകാശമില്ല...എങ്കിലം ഞാന്‍ നിന്നോട് ചോദിക്കുന്നു. നീയെന്നെ മറക്കുമോ....."
ഓട്ടോ ഗ്രാഫി വാങ്ങി ആദ്യം എഴുതാന്‍ അവസരം നല്‍കിയത് ആര്‍ക്കാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. അതിലെ ഏത് പേജിലാണ് അവളുടെ ഹൃദയത്തിലൂടെ വന്ന വാക്കുകള്‍ പതിഞ്ഞത്. ഇഷ്ടമില്ലാതിരുന്നതിനാല്‍ മറ്റൊരാളെകൊണ്ട് ഓട്ടോഗ്രാഫ് എഴുതിച്ചപ്പോഴെല്ലാം വിശ്വാസം കൈവിട്ടിരുന്നില്ല. ആരോ എനിക്ക് വേണ്ട് അവളുടെ പേരില്‍ ഓട്ടോഗ്രാഫ് എഴുതി പേര് വെച്ചുതന്നപ്പോള്‍ വിഢിയായി മാറിയെന്ന് ആരെങ്കിലും കരുതിയിരിക്കാം.
കോളേജിനെയും, സ്കൂളിനേയും വീടായി മാത്രം കരുതി അവിടെ വന്ന പോകുന്നവരെയെല്ലാം മക്കളെപോലെ സ്നേഹിച്ച് വിടപറയുമ്പോള്‍ അനുഭവിക്കുന്ന നൊമ്പരം അനുഭവിക്കാത്ത അധ്യാപക ജീവതമുണ്ടാകുമോ..? ക്ലാസ് മുറിയിലെ ശല്യക്കാരെന്ന് കരുതിയവര്‍ വിടപറായാന്‍ നേരം തെറ്റുകളേറ്റുപറഞ്ഞ്
യാത്ര പറയാന്‍ മധുരപലഹാരങ്ങളുമായെത്തുമ്പോള്‍
കണ്ണുകള്‍ നിറയുന്നതും, സ്നേഹം വാരിക്കോരി സമ്മാനിച്ചവര്‍ ഒരു വാക്കുപോലും ഉരിയാടാതെ പടിയിറങ്ങുമ്പോള്‍ നോവുന്നതുമായ ഓര്‍മ്മകള്‍..
എല്ലാത്തിനുമൊടുവില്‍ അധ്യാപന ജീവിതമവസാനിപ്പിച്ച് ഏകാന്തമായ ജീവിതം നയിക്കാനാകുമ്പോള്‍ മാര്‍ച്ച് നീ വല്ലാതെ നോവിപ്പിക്കുന്നു.
സാമ്പത്തിക വര്‍ഷാവസാനത്തിന്റെ ജോലി തിരക്കുകളാല്‍ രാത്രി-പകല്‍ ഭേദമന്യേ ജോലിയെടുത്തും, ഞായറാഴ്ചകളില്‍പോലും അവധി ലഭിക്കാത്തതിനാല്‍ മാലോകരെയെല്ലാം പ്രത്യേകിച്ച് മേലുദ്യോഗസ്ഥരെയെല്ലാം മനസ്സുകൊണ്ട് ചീത്ത വളിച്ച് മാര്‍ച്ച് വെറുക്കപ്പെട്ടവനായ മാസമായി മാര്‍ച്ച് മാറിയോ..?