Wednesday, March 22, 2017

ബുദ്ധിമുട്ടാണെങ്കില്‍‍ നിര്‍ത്തിക്കൂടേ...



എസ്.എസ്.എല്‍.സി. കണക്കുപരീക്ഷയുടെ ചോദ്യക്കടലാസ് വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ തയ്യാറാക്കി എന്നൊരു പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു എന്നാണ് പത്ര വാര്‍ത്ത. എന്താണ് ഈ ബുദ്ധിമുട്ടിക്കല്‍ ? ആരാണ് ഇതിനുത്തരവാദി ? എന്താണ് ഇതിനൊരു പരിഹാരം ?
പഠനം എന്നത് അത്ര എളുപ്പമുള്ള പരിപാടിയാണോ ? അല്ല.ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഇതൊക്കെ കുട്ടികള്‍ക്ക് അത്ര ഇഷ്ടകരമായ കാര്യവുമല്ല ( വാദത്തിന് വേണമെങ്കില്‍ നമുക്ക് പഠനം ഇഷ്ടമാണ് , മധുരമാണ് എന്നൊക്കെ തട്ടിവിടാം)
പഠനം മാത്രമല്ല, സ്കൂള്‍ എന്നത് തന്നെ കുട്ടിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടല്ലേ... രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെ ഇടക്കുള്ള ചില ഇടവേളകളൊഴിച്ചാല്‍ മരത്തില്‍ പണിത ബെഞ്ചില്‍ അങ്ങിനെ ഇരുത്തത്തോട് ഇരുത്തം. ഇനിയിപ്പോ കുഷ്യന്‍ ഉള്ള കസേരയായാല്‍ പോലും കുറച്ചു കഴിയുമ്പോള്‍ ബോറടിച്ചും പുറം വേദനിച്ചും ബുദ്ധിമുട്ടാവും. ചില ഭാഷാ ക്ലാസുകളിലാണെങ്കില്‍ കുട്ടികളുടെ എണ്ണം കൂടി വരുമ്പോള്‍ വാഗണ്‍ ട്രാജഡിക്ക് എളുപ്പമാകുന്ന ക്ലാസ് അന്തരീക്ഷമാവും.

സ്കൂളില്‍ പോവുക, യൂനിഫോം ധരിക്കുക, കളിച്ചും സംസാരിച്ചിരിക്കുന്നതിനും പകരം ക്ലാസില്‍ ശ്രദ്ധിച്ചിരിക്കുക, ക്ലാസിലെ പഠന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, അധ്യാപകര്‍ പഠിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അവക്ക് ഉത്തരം പറയുക എന്നതൊന്നും കുട്ടികള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങളല്ല.

ഈ പഠന പ്രവര്‍ത്തനം എന്നുപറയുമ്പോള്‍ പുതിയ രീതിയനുസരിച്ച് ഗ്രൂപ്പ് ചര്‍ച്ച, കുറിപ്പെഴുതുക, ചാര്‍ട്ട് തയ്യാറാക്കുക, സെമിനാര്‍, ചിലപ്പോള്‍ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുക ( വിരളമായി സംഭവിക്കുന്നത്) റോള്‍ പ്ലേ തുടങ്ങി പലവിധ രീതികളുണ്ട്. ഭൂരിഭാഗവും എത്രമാത്രം ബോറായിട്ടാണ് നടക്കുന്നതെന്ന് കുട്ടികളോട് ചോദിച്ചാല്‍ അവര്‍ കൃത്യമായി പറഞ്ഞു തരും.

ഒരു ദിവസം സ്കൂള്‍ ഇല്ല എന്നറിയുമ്പോഴും കുട്ടികളുടെ മുഖത്തെത്ര സന്തോഷമാണ്. അതിലേറെ സന്തോഷമായിരിക്കും അധ്യാപകര്‍ക്കും.( സാമാന്യവത്ക്കരിക്കുന്നില്ല) .

സ്കൂളിലേക്ക് പോകുന്ന പോലെയല്ല സ്കൂള്‍ വിട്ട് പോരുമ്പോഴത്തെ കുട്ടിയുടെ ഭാവം.പിന്നെ ഈ ലോകത്ത് പഠിക്കാതെ മുന്നേറാന്‍ കഴിയില്ലല്ലോ... അപ്പോള്‍ പിന്നെ ഇഷ്ടമില്ലെങ്കിലും പോയേ പറ്റൂ,,

ഇഷ്ടമായാലും ഇല്ലെങ്കിലും കുഞ്ഞുണ്ണി മാഷുടെ കവിത മുതല്‍ കെമിസ്ട്രിയിലെ പിരിയോഡിക് ടേബിളും ഗണിതത്തിലെ അള്‍ജിബ്രയുമൊക്കെ പഠിക്കേണ്ടി വരും. ഇഷ്ടമില്ലാത്ത കാര്യം ചെയ്യുമ്പോള്‍ അതൊക്കെ ബുദ്ധിമുട്ടായി തോന്നുകയും ചെയ്യും.
ആ കണക്കിന് കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നത് തന്നെ മനുഷ്യാവകാശ ലംഘനമാണെന്ന് പറയേണ്ടി വരും.

പരീക്ഷയൊക്കെ വരുമ്പോള്‍ നിരന്തരമായ വായനയും പരിശീലനങ്ങളുമെല്ലാം വേണ്ടിവരും. ഫെബ്രുവരി , മാര്‍ച്ച് മാസങ്ങളില്‍ രാത്രി വൈകിയും ഉറക്കൊഴിച്ചും കുട്ടികള്‍ വായിക്കുന്നു, എഴുതി പരീശീലിക്കുന്നു . പവര്‍കട്ട് ഒഴിവുണ്ടാകുന്ന മാസങ്ങള്‍. കുട്ടികളെ ബുദ്ധിമുട്ടിക്കുന്ന പരീക്ഷ നടത്തുകയെന്നത് തന്നെ മനുഷ്യാവകാശ ലംഘനമല്ലേ...?

ഇപ്പോഴിതാ.. കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിക്കുന്ന രൂപത്തില്‍ തയ്യാറാക്കി എന്നതാണ് പരാതി. കണക്ക് തന്നെ ബുദ്ധിമുട്ടാണ്. ഇനി ചോദ്യക്കടലാസ് കൂടി ബുദ്ധിമുട്ടാക്കല്‍ എന്തായിരിക്കും സ്ഥിതി ? ഇത് പരിഹരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം, ചോദ്യങ്ങള്‍ക്ക് നേരെ ഉത്തരവും കൊടുക്കുക എന്നതാണ്. ( ചോദ്യക്കടലാസ് തയ്യാറാക്കുമ്പോള്‍ എന്തായാലും ഉത്തര സൂചികയും തയ്യാറാക്കാറുണ്ടല്ലോ... അവ കൂടി വിതരണം ചെയ്യാം- അല്ലെങ്കില്‍ ഓരോ ചോദ്യത്തിന് നേരെ അവയുടെ ഉത്തരവും നല്‍കുക) വിദ്യാര്‍ഥി അവ ഉത്തരക്കടലാസിലേക്ക് പകര്‍ത്തിയെഴുതുന്ന രീതിയാണ് നാം കൊണ്ടു വരേണ്ടത്. കോപ്പി എഴുത്ത് പോലെ.
യുഎസ്എസ് , എല്‍എസ്എസ് പരീക്ഷയില്‍ തങ്ങളുടെ കുട്ടികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് കിട്ടാന്‍ പെന്‍സില്‍ കൊണ്ട് എഴുതിപ്പിച്ച ശേഷം അധ്യാപകര്‍ തന്നെ ഉത്തരമെഴുതി മുഴുവന്‍ ഉയര്‍ന്ന സ്കോര്‍ നേടിക്കൊടുത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടല്ലോ...


അവിടെയും മനുഷ്യാവകാശ ലംഘനം ഒഴിവാക്കാന്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മൂന്നി പേജില്‍ കവിയാതെ ഇത് അവസാനിപ്പിക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ എഴുതിയെഴുതി കുട്ടിയുടെ കൈ കുഴയും. അത് കുട്ടിയെ ബുദ്ധിമുട്ടിക്കലാണ്. ഈ പ്രശ്നം പരിഹരിക്കാനും ഒരു എളുപ്പ മാര്‍ഗമുണ്ട്. ഇതിനായി ഓരോ ക്ലാസ് മുറികളിലും ഓരോ ഫോട്ടോസ്റ്റാറ്റ് മെഷീന്‍ സ്ഥാപിച്ച് പകര്‍പ്പെടുക്കുകയോ മറ്റേതെങ്കിലും സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിക്കുന്നതില്‍ നിന്ന് ഒഴിവാക്കേണ്ടതാണ്.
മലയാള മനോരമ 21-3-17


മാത്രമല്ല, ഇത്തരം പരീക്ഷകള്‍ നടത്തുമ്പോള്‍ എന്താണ് അധ്യാപകരുടെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ ആരും മുഖവിലക്കെടുക്കാത്തത് ? ചോദ്യ പേപ്പര്‍ തയ്യാറാക്കും മുമ്പ് സിലബസ് പരിശോധിക്കണം, എത്രയോ ദിവസങ്ങള്‍ ചിലപ്പോള്‍ ഉറക്കമൊഴിച്ച് ബ്ലു പ്രിന്‍റ് തയ്യാറാക്കണം, വെയിറ്റേജ് നല്‍കണം, ചോദ്യക്കടലാസ് അച്ചടിക്കണം, അതിലെ തെറ്റ് തിരുത്തണം, മാര്‍ക്ക് കൂടിയോ കുറഞ്ഞോ പരിശോധിക്കണം, Average, Difficulty , Very difficulty എന്നിങ്ങനെ ബുദ്ധിമുട്ടിന്‍റെ നിലവാരം അളക്കണം, ചോദ്യ രൂപങ്ങളായ Objective type questions, Short answer, long answer എന്നിവക്ക് പുറമെ നോളജ് ലെവര്‍,കോപ്രിഹന്‍സീവ് ലെവല്‍,അപ്ലിക്കേഷന്‍ ലെവല്‍ എന്നിങ്ങനെ പാറ്റേണ്‍ പാലിച്ചോ എന്നൊക്കെ നോക്കണം അവസാനം ഉത്തര സൂചിക തയ്യാറാക്കണം അങ്ങിനെ എന്തെല്ലാം പണികള്‍. ഇതൊക്കെ കഴിഞ്ഞാലും സിലബസിലില്ലാത്തതും അക്ഷര പിശാചുകള്‍ കടന്നുകൂടുന്നതുമായ തെറ്റുകള്‍ വേറെയും.


ഇനി പട്ടാള ചിട്ടയില്‍ പരീക്ഷ നടത്തണം, ആരെയും സംസാരിക്കാന്‍ അനുവദിക്കാതെ, തിരിഞ്ഞും മറിഞ്ഞും നോക്കാന്‍ അനുവദിക്കാതെ , കുപ്പായ കീശയും പാന്‍റിന്‍റെ കീശയുമെല്ലാം തപ്പിവേണം ക്ലാസിലേക്ക് പ്രവേശിപ്പിക്കാന്‍. ഇതും ബുദ്ധിമുട്ടാണ്. സാങ്കേതിക വിദ്യ ഇത്രയും വ്യാപിച്ച സ്ഥിതിക്ക് computer tomography scanner സ്ഥാപിച്ച് ഈ ബുദ്ധിമുട്ടില്‍ നിന്ന് ഒഴിവാക്കണമെന്നാണ് എന്‍റെയൊരു ഇത്.


ധ്യാപകരുടെ ബുദ്ധിമുട്ട് ഇനിയും തുടരാം. വായിച്ച് ബോറടിച്ച് ബുദ്ധിമുട്ടിച്ചു എന്നൊരു പരാതി ആരും കൊടുക്കില്ലെന്ന് വിശ്വസിക്കട്ടേ...
പരീക്ഷ കഴിഞ്ഞ് ഉത്തരക്കടലാസുകള്‍ നേരാവണ്ണം പരിശോധിക്കാന്‍ മണിക്കൂറുകളോളം ഇരിക്കണം. "കയ്യെഴുത്ത് അത്രയും ഉഷാറായാല്‍" മൈക്രോ സ്കോപ്പില്ലാതെ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ മണിക്കൂറുകളോളം ഇരിക്കേണ്ടി വരും. പിന്നീട് അവയുടെ ടാബുലേഷന്‍ ജോലികള്‍, മാര്‍ക്ക് എന്‍ട്രി, റിസള്‍ട്ട് ഷീറ്റ് തയ്യാറാക്കല്‍ അങ്ങിനയങ്ങിനെ എന്തെല്ലാം ബുദ്ധിമുട്ടിക്കല്‍ ജോലികള്‍.

അതുകൊണ്ട് നമുക്ക് വെറുതെയിരിക്കാം. ആരെയും ബുദ്ധിമുട്ടിക്കാതെ അതിനേക്കാള്‍ ബുദ്ധിമുട്ടിപ്പിക്കാതെ ..
നമുക്ക് ഡീ സ്കൂളിംഗ് പ്രോത്സാഹിപ്പിക്കാം. അതല്ലേ നല്ലത് ? കൂട്ടത്തില്‍ ഒരു കാര്യം കൂടി മനുഷ്യാവകാശ ലംഘന പരാതി കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണം.
എത്രയോ ദിവസങ്ങള്‍ പഠിപ്പിച്ചിട്ടും വിദ്യാര്‍ഥി ഉത്തരമെഴുയില്ല എന്നത് കൂടി കുട്ടിക്കെതിരെ കൊടുക്കാന്‍ സന്‍മനസ്സ് കാണിക്കണം.
ഇനി അത് കൊടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് വേറെരു മനുഷ്യാവകാശ ലംഘന പരാതി വരുമോ...?



No comments:

Post a Comment