Showing posts with label Sirajdaily. Show all posts
Showing posts with label Sirajdaily. Show all posts

Saturday, March 23, 2019

ഇത് പാഠപുസ്തങ്ങളുടെ സവര്‍ണ്ണ കാലം



നമ്മള്‍ ധരിക്കുന്ന വസ്ത്രത്തിനു പോലും ഒരു ചരിത്രമുണ്ടെന്ന കാര്യ മറക്കാന്‍ എല്ലാം എളുപ്പമാണ്.എല്ലാ സമൂഹങ്ങളും ചില നിയമങ്ങള്‍ പാലിക്കുന്നുണ്ട്.ചിലത് വളരെ കര്‍ശനമായിരിക്കും.സ്ത്രീകളും കുട്ടികളും എങ്ങിനെ വസ്ത്രം ധരിക്കണം എന്നൊക്കെ നിഷ്കര്‍ഷയുണ്ട്.എന്‍സിഇആര്‍ടി സാമൂഹ്യ ശാസ്ത്ര പാഠപുസ്തത്തില്‍ നിന്നും അടുത്ത വര്‍ഷം നീക്കം ചെയ്യാന്‍ തീരുമാനിച്ച പാഠങ്ങളിലൊന്ന് ആരംഭിക്കുന്നത് ഇങ്ങിനെയാണ്.ഒമ്പാതാം തരം പാഠപുസ്തകത്തിലെ "വസ്ത്രധാരണം:ഒരു സാമൂഹ്യ ചരിത്രം" എന്നതും മറ്റു രണ്ടു പാഠങ്ങളുമാണ് നീക്കം ചെയ്യാന്‍ തീരുമാനമെടുത്തിട്ടുള്ളത്.

"വസ്ത്രധാരണം:ഒരു സാമൂഹ്യ ചരിത്രം" എന്ന പാഠഭാഗം ഒഴിവാക്കാനായി തിരഞ്ഞെടുത്ത എന്‍സിആര്‍ടിയുടെ നടപടി പതിവ് ഹിന്ദുത്വവത്ക്കരണത്തിന്‍റെ ഭാഗമാണെന്ന് ന്യായമായും സംശയിക്കാം. ഈ പാഠഭാഗത്തിലെ ജാതിസംഘര്‍ഷവും വസ്ത്രധാരണത്തിലെ മാറ്റവും എന്ന ഭാഗത്താണ് സവര്‍ണ ഹിന്ദുക്കള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാനില്ലാത്ത ചന്നാര്‍ ലഹളയെ കുറിച്ച് പരാമര്‍ശിക്കുന്നത്. അവര്‍ക്കിഷ്ടമില്ലാത്ത ചരിത്ര വസ്തുതകളാണവ.പ്രസ്തു ഭാഗം ആരംഭിക്കുന്നത് ഇങ്ങിനെയാണ്.

യൂറോപ്പില്‍ വസ്ത്രത്തിന്‍റെ ചെലവുചുരുക്കല്‍ കാര്യത്തില്‍ നിയന്ത്രണങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഇന്ത്യയില്‍ വസ്ത്രത്തിന്‍റെയും ഭക്ഷണത്തിന്‍റെയും കാര്യത്തില്‍‍ കര്‍ശനമായ സാമൂഹ്യ നിയമങ്ങളുണ്ടായിരുന്നു.ഇന്ത്യയിലെ ജാതിസബ്രദായം ഹിന്ദുമതത്തിലെ താഴ്ന്ന ജാതിയും ഉയര്‍ന്ന ജാതിയും എന്ത് ധരിക്കണം , എന്ത് ഭക്ഷിക്കണം തുടങ്ങിയ കാര്യത്തില്‍ കര്‍ശനമായ നിയമങ്ങളുണ്ടായിരുന്നു.ഈ നിയമങ്ങള്‍ക്കെതിരായുള്ള പ്രതികരണം സാമൂഹ്യ പ്രത്യാഘാതങ്ങളുണ്ടാക്കി.

1822 മെയ് മാസത്തില്‍ കേരളത്തിലെ തിരുവിതാംകൂറിലും പ്രവിശ്യാ ഭാഗങ്ങളിലും പൊതുസ്ഥലങ്ങളില്‍ വെച്ച് ചന്നാര്‍ വിഭാഗത്തിലെ സ്ത്രീകള്‍ക്കെതിരെ ഉയര്‍ന്ന ജാതിക്കാരുടെ ആക്രമണമുണ്ടായി.മാറിടം മറച്ച് മേല്‍മുണ്ട് വസ്ത്രം ധരിച്ചതിനെ തുടര്‍ന്നായിരുന്നു മേല്‍ജാതിക്കാരുടെ ആക്രമണമുണ്ടായത്.തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇത്തരം ആക്രമണങ്ങളുണ്ടായി.

നായര്‍ പ്രമാണിരുടെ കീഴില്‍ ജോലി ചെയ്യാന്‍ വേണ്ടി തെക്കെ തിരുവിതാംകൂറില്‍ നിന്ന് കുടിയേറിയ കള്ളുചെത്ത് തൊഴിലാളികളായിരുന്നു നാടാര്‍ എന്നറിയപ്പെട്ടിരുന്ന ശന്നാര്‍ വിഭാഗം. കീഴ്ജാതിയായി പരിഗണിക്കപ്പെട്ടിരുന്ന അവരെ കുട, ചെരുപ്പ്,സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയിരുന്നു. പുരുഷന്മാര്‍ക്ക് പുറമെ സ്ത്രീകളും മേല്‍മുണ്ട് ധരിക്കാന്‍ പാടില്ലായിരുന്നു. ഉയര്‍ന്ന ജാതിക്കാര്‍ നേരത്തെ അനുവര്‍ത്തിച്ചിരുന്ന രീതിയായതിനാല്‍ അത് പിന്തുടരാന്‍ വേണ്ടിയായിരുന്നത്രെ ഇപ്രകാരം ചെയ്തിരുന്നത്.


1820 ല്‍ ക്രൈസ്ത വ മിഷനറിമാരുടെ പ്രവര്‍ത്തന ഫലമായി മാറിടവും മേല്‍ ശരീര ഭാഗങ്ങളും മറക്കുന്നതിന്‍റെ ഭാഗമായി ബ്ലൗസുകളും വസ്ത്രങ്ങളും തയ്പ്പിച്ച് ധരിക്കാന്‍ തുടങ്ങിയതോടെയാണ് മേല്‍ജാതിക്കാരായ നായന്മാര്‍ പൊതുസ്ഥലത്ത് വെച്ച് സ്ത്രീകളുടെ മേല്‍വസ്ത്രം പറിച്ചെടുത്തും അക്രമം അഴിച്ചുവിടുകയും ചെയ്തത്.

ഇങ്ങിനെ തുടങ്ങി ചന്നാല്‍ ലഹളയെ കുറിച്ച് വിശദമായി തന്നെ ഈ പാഠഭാഗത്ത് ഉള്‍പ്പെടുത്തി പഠിപ്പിച്ചുവരികയായിരുന്നു ഇക്കാലംവരെ.

Wednesday, March 7, 2018

കുഞ്ചിരാമന്‍ കളിക്കുന്ന സിബിഎസ്ഇ


ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത് എന്നൊരു ചൊല്ല് മലയാളത്തില്‍ ഏറെ പരിചിതമാണ്.കൃത്യമായ ലക്ഷ്യത്തില്ലല്ലാതെ ചെയ്യുന്ന പ്രവൃ‍ത്തികകളെ വിമര്‍ശിക്കുന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ബോഡായ സിബിഎസ്ഇ.അധ്യയന വര്‍ഷത്തിന്‍റെ തുടക്കത്തില്‍ ഒന്ന് പറയുക, വര്‍ഷം അവസാനിക്കാനിരിക്കുമ്പോള്‍ നേരത്തെ പറഞ്ഞതെല്ലാം മാറ്റാന്‍ പറയുക, പിന്നീട് എന്ത് ചെയ്യണമെന്ന് വ്യക്തമായി പറയാതിരിക്കുക, ഇങ്ങിനെയൊക്കെയാണ് സിബിഎസ്ഇ ചില നേരങ്ങളില്‍ തീരുമാനമെടുക്കുന്നത്. അത് രാജ്യത്തും പുറത്തും പഠിക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ എങ്ങിനെ ബാധിക്കുന്നുവെന്നൊന്നും തലപ്പത്തിരിക്കുന്നവര്‍ക്ക് ആലോചിക്കേണ്ടതില്ല.കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ സിബിഎസ്ഇയുടെ സര്‍ക്കുലര്‍ അത്തരത്തിലുള്ളതാണ്.

സ്കൂളുകളില്‍ ഈ അധ്യയന വര്‍ഷം അവസാനിക്കാന്‍ ഇനി അവശേഷിക്കുന്നത് ദിവസങ്ങള്‍ മാത്രം.കൃത്യമായി പറഞ്ഞാല്‍ മാര്‍ച്ച് ആദ്യവാരത്തോടെ ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളില്‍ ഈ അധ്യയന വര്‍ഷത്തിന്‍റെ അവസാന കടമ്പയായി വാര്‍ഷിക പരീക്ഷ നടക്കാനിരിക്കുന്നു.
ബോധനം നടത്തിയ പാഠഭാഗങ്ങളെല്ലാം പുനരാവര്‍ത്തി വായിച്ച് കുട്ടികള്‍ പരീക്ഷക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്ന തിരിക്കിലാണിപ്പോള്‍.പരീക്ഷാ ചോദ്യപേപ്പറുകളും അനുബന്ധ സംവിധാനങ്ങളുമെല്ലാം തയ്യാറാക്കി അധ്യാപകരും തങ്ങളുടെ കര്‍ത്തവ്യം നിറവേറ്റുന്നു.

Thursday, February 1, 2018

പ്രൈവറ്റ് , ഡിസ്റ്റന്‍സ് സ്റ്റഡി ഇനി അത്ര ശുഭകരമല്ല


തുല്യതാ സര്‍ട്ടിഫിക്കറ്റിലെ പ്രശ്നംഇന്ത്യന്‍ സ്കൂളുകളിലെ അധ്യാപകര്‍ തൊഴില്‍ നഷ്ട ഭീതിയില്‍


 അക്ബറലി ചാരങ്കാവ്

അജ്മാന്‍: സര്‍ട്ടിഫിക്കറ്റുകളുടെ അംഗീകാരവുമായ ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് യുഎഇയിലെ വിവിധ എമിറേറ്റുകളിലായി നൂറുകണക്കിന് ഇന്ത്യയില്‍ നിന്നുള്ള അധ്യാപകര്‍ തൊഴില്‍നഷ്ട ഭീതിയില്‍.സ്വകാര്യ കോളേജുകളിലും വിദൂര വിദ്യാഭ്യാസ മാര്‍ഗത്തിലുമായി വിവിധ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ നിരവധി അധ്യാപകരാണ് തൊഴില്‍ ഭീഷണി നേരിടുന്നത്. യുഎഇ വിദ്യാഭ്യാസ വകുപ്പ് നിഷ്കര്‍ഷിക്കുന്ന വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തതാണ് ഇവരെ പ്രതിസന്ധിയിലാക്കിയിരിക്കുന്. ഇതെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിട്ടുവിടല്‍ നേരിടുകയാണ് നിരവധി അധ്യാപകര്‍.

നാട്ടിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദൂര വിദ്യാഭ്യാസ മാര്‍ഗത്തിലും ചേര്‍ന്ന് യൂനിവേഴ്സിറ്റിക്ക് കീഴില്‍ രജിസ്റ്റര്‍
ചെയ്താണ് നിരവധി പേര്‍ ബിരുദവും ബിരുദാനന്തര ബിരുദ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.ഇത്, എയിഡഡ് കോളേജുകളില്‍ പഠിച്ച് വിജയിക്കുന്നവര്‍ക്കും സര്‍വകലാശാലകള്‍ ഒരേ തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കിവന്നിരുന്നത്. സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചാല്‍ പഠന മാധ്യമമോ സ്ഥാപനമോ ഒന്നും രേഖപ്പെടുത്താത്തതിനാല്‍ നേരത്തെ ഇവക്ക് തുല്യപദവി ഇവക്ക് ലഭിച്ചിരുന്നു. എന്നാല്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍, വിദൂര വിദ്യാഭ്യാസ വിഭാഗം വഴി കോഴ്സുകള്‍ പൂര്‍ത്തിയാകുന്നവര്‍ക്ക് അടുത്ത കാലത്തായി വിദ്യാഭ്യാസ വകുപ്പ് തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല.

തുല്യതാ സര്‍ട്ടഫിക്കറ്റ് ലഭിക്കാതെ അധ്യാപകര്‍ക്ക് ജോലിചെയ്യാനുള്ള അനുമതിയും ലഭിക്കില്ല.ഇതാണ് നിരവധിപേരെ പ്രതിസന്ധിയിലാക്കിയിരിക്കുന്.അതെസമയം സര്‍ക്കാര്‍ കോളേജുകളില്‍ റെഗുലര്‍ ആയി പഠനം നടത്തിയവര്‍ക്ക്
ഇത് ബാധകമല്ല.

രാജ്യത്ത് നിന്ന് പൂര്‍ത്തിയാക്കി ഹയര്‍സെക്കന്ററി, ബിരുദം, പ്രൊഫഷനല്‍ യോഗ്യത എന്നീ സര്‍ട്ടിഫിക്കേറ്റുകള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാഭ്യാസ യോഗ്യതയുമായി തുല്യതപ്പെട്ടതാണെന്ന സര്‍ട്ടിഫിക്കേറ്റ് അവിടങ്ങളിലെ വിദ്യാഭ്യാസ മന്ത്രാലയം കൂടി അംഗീകരിക്കേണ്ടതുണ്ട്. (ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ്). ഇതിനായി ബിരുദം മുതല്‍ മുകളിലേക്കുള്ള യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ശരിയായതാണോ (ജെന്യൂനിറ്റി) എന്ന് പരിശോധിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രത്യേകം അപേക്ഷ നല്‍കണം. ഇവ പരിശോധിച്ച് ജെന്യൂയിന്‍ ആണെന്ന് സാക്ഷ്യപത്രം കിട്ടിയ ശേഷം യു എ ഇയിലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലില്‍ അപക്ഷ സമര്‍പ്പിക്കണം. തുടര്‍ന്ന് ഇവിടെ നിന്നും തുല്യത സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നതോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത്.
ഇപ്രകാരം ലഭിക്കുന്ന ജെന്യൂനിറ്റി സര്‍ട്ടിഫിക്കറ്റില്‍ മോഡ് ഓഫ് സ്റ്റഡി എന്ന ഭാഗത്ത് പ്രൈവറ്റ് രജിസ്ട്രേഷന്‍, ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ എന്നിങ്ങനെ രേഖപ്പെടുത്തിയത് ലഭിക്കുന്നവരാണ് തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയിലുള്ളത്.പലയിടത്തും ഇത്തരത്തിലുള്ള അധ്യാപകര്‍ക്ക് പിരിഞ്ഞുപോകാനുള്ള നോട്ടീസ് പിരീയഡ് നല്‍കിയിട്ടുണ്ട്. 

ഭാഗം - രണ്ട്

Saturday, April 1, 2017

എന്തെല്ലാം പരീക്ഷകള്‍ ? പരീക്ഷകള്‍ ?


‘പഴയ വിദ്യാഭ്യാസ രീതി, കുട്ടിയെ കരയിച്ചുപഠിപ്പിച്ചിരുന്ന രീതിയായിരുന്നുവെന്നും മനഃപാഠം പഠിക്കലാണ് കുട്ടിയെ കണ്ണീരണയിപ്പിച്ചിരുന്ന അധ്യാപന സമ്പ്രദായമെന്നുമാണ് പരക്കെ വിശ്വസിക്കപ്പെട്ടു പോരുന്നത്. എന്നാല്‍, ഈ വിശ്വാസത്തിന്റെ പല അടിസ്ഥാനങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അധ്യയനം കേവലം സുഖകരമായ അനുഭവമാണോ? വിജ്ഞാനാര്‍ജനത്തില്‍ ക്ലേശസഹനം ഒരു ഘടകമല്ലേ? ഇന്ന് ക്ലേശ സഹനമെല്ലാം ഒഴിവാക്കി, പഠിക്കലും പഠിപ്പിക്കലും ആകാവുന്നത്ര വിദ്യാലയങ്ങളില്‍ നിന്ന് അകറ്റിനിറുത്തിക്കൊണ്ടുവരുന്നുണ്ട്.’ സാഹിത്യകാരനും സാമൂഹ്യ നിരീക്ഷകനുമായിരുന്ന ഡോ. സുകുമാര്‍ അഴീക്കോട് പുതിയ വിദ്യാഭ്യാസ രീതിയെ നിരീക്ഷിച്ച് എഴുതിയ ലേഖനത്തിലെ പരാമര്‍ശമാണിത്.
ഇത്തവണത്തെ എസ് എസ് എല്‍ സി ഗണിത ശാസ്ത്ര പരീക്ഷ വീണ്ടും നടത്തിയല്ലോ. ചോദ്യ പേപ്പര്‍ കുട്ടികളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ തയ്യാറാക്കി, സമാനമായ ചോദ്യങ്ങള്‍ മലപ്പുറം ജില്ലയിലെ ഒരു സ്ഥാപനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ചോദ്യപേപ്പറില്‍ വന്നു എന്നീ പരാതികളുടെ അടിസ്ഥാനത്തിലാണ് വീണ്ടും പരീക്ഷ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. പരീക്ഷ കഴിഞ്ഞ ആദ്യത്തെ രണ്ടു ദിവസങ്ങളില്‍ ചോദ്യപേപ്പറിലെ ബുദ്ധിമുട്ടിനെ കുറിച്ചായിരുന്നു പരാതി. പിന്നീടുള്ള ദിവസങ്ങളിലാണ് ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന ആക്ഷേപം ഉയരുന്നത്. ആദ്യത്തെ പരാതിയെ ന്യായീകരിക്കാനുള്ള ശ്രമമാണോ രണ്ടാമത്തെ ചോര്‍ച്ചയെന്ന പരാതി എന്നത് ഇനി അന്വേഷണത്തിന് ശേഷമേ തിരിച്ചറിയാനാകൂ. എന്തായാലും ഗണിത ശാസ്ത്ര പരീക്ഷ വീണ്ടും എഴുതേണ്ടിവന്നു ഇത്തവണത്തെ എസ് എസ് എല്‍ സി വിദ്യാര്‍ഥികള്‍ക്ക്.
ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു എന്നാണ് വാര്‍ത്ത. ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി എന്നാണ് കേസ്. ഇത്തരം സാഹചര്യത്തില്‍ ഉയര്‍ന്ന് വരുന്ന ചില അക്കാദമിക ചോദ്യങ്ങളുണ്ട്. എന്താണ് ഈ പരീക്ഷാ ബുദ്ധിമുട്ടിക്കല്‍?

Sunday, March 26, 2017

മാര്‍ച്ച് പറയുന്നത്...

Siraj Sunday Page  26-3-17 ( UAE )


നീ ഒരുപാട്‌ മാറിയപോയി.
ജീവിതത്തില്‍ സുഖ-ദുഖ സമ്രിശ സ്‌മൃതികളുണര്‍ത്തി നീ സമ്മാനിച്ച ഓര്‍മ്മകളില്‍ ഗതകാല സ്‌മരണകള്‍ കവിളില്‍ കണ്ണീര്‍ സമ്മാനിക്കുന്നുവോ?വേര്‍പിരിയലോ?.


ഹൈസ്‌കൂള്‍ ക്ലാസില്‍ പഠിക്കുമ്പോഴാവും നിന്റെ വിരഹനൊമ്പരം ആദ്യമായി അനുഭവിച്ചുതുടങ്ങിയിട്ടുണ്ടാവുകവിദ്യാര്‍ഥികള്‍ക്ക് പരീക്ഷകളുടെ മാസം.വിദ്യാലയങ്ങളില്‍ ക്ലാസ് ആരംഭിക്കുന്ന ദിവസമേ.. അധ്യാപകര്‍ മാര്‍ച്ചിനെ കുറിച്ച് മുന്‍ധാരണയുണ്ടാക്കി തുടങ്ങും.മാര്‍ച്ചില്‍ നടക്കുന്ന വാര്‍ഷിക പരീക്ഷയില്‍ ശോഭിക്കണമെങ്കില്‍ ഇപ്പോഴേ പഠിച്ചു തുടങ്ങണമെന്ന്.


പരീക്ഷണങ്ങളായ പരീക്ഷകളെല്ലാം കഴിഞ്ഞ് രണ്ടു മാസത്തെ വേനലവധിക്ക്‌ സ്‌കൂള്‍ പൂട്ടുന്ന മാസം.വീട്ടിലെത്താന്‍ ഓടിത്തിമിര്‍ക്കുന്നവരുടെ കൂട്ടത്തില്‍ ആദ്യമെത്താന്‍ മത്സരിക്കുന്ന കുട്ടിക്കൂട്ടങ്ങള്‍.വേനലവധിയിലെ കളികളാരവമായിരിക്കണം ആ ഉത്സാഹത്തിന്‍റെ പിന്നില്‍.വീരാന്‍കുട്ടികാക്കാറ് ഭാഗത്തുള്ള പറമ്പാണല്ലോ അന്ന് കുട്ടിക്കൂട്ടങ്ങളുടെ കളിമൈതാനം.


തൊട്ടുകളി,കുട്ടിയുംകോലും,സാറ്..വൈകുന്നരത്തോടെ സജീവമാകുന്ന ഫുട്‌ബോള്‍ മത്സരം.ചെറിയ കുട്ടികളായതിനാല്‍ സന്യാസിയെപ്പോലെ ഗോള്‍കീപ്പറായി നില്‍ക്കാന്‍ മാത്രമേ അന്ന് അവസരം കിട്ടൂ.
കശുമാവിന്‍ കൊമ്പുകളില്‍ കയറിയും ചാടിയും കാലുകള്‍ മരങ്ങളുടെ ശിഖരങ്ങളില്‍ കോര്‍ത്ത് തലയും, ഉടലും താഴേക്ക്‌ തൂക്കിയിടുന്ന അഭ്യാസ പ്രകടനങ്ങള്‍..

ചിതല്‍ പുറ്റുകളിലും, മണ്‍മതിലുകളുടെ വിടവുകളിലും ചേക്കേറിയിരുന്ന തേനീച്ച കൂട്ടുകളില്‍ നിന്നും തേനെടുത്ത്‌ നുണഞ്ഞതും 20 രൂപക്ക്‌ കച്ചവടക്കാരന്‍ കോമുകാക്കാക്ക്‌ കച്ചവടം നടത്തി പണം കണ്ടെത്തുന്നതും മാര്‍ച്ചിലെ വേനലധിക്കാലത്താണ്.

തേനിച്ചപ്പലകകള്‍ അടര്‍ത്തിയെടുക്കുമ്പോള്‍ തേനിച്ചകള്‍ക്ക്‌ നോവാതിരിക്കാന്‍ ഊതിയൂതി കാറ്റ്‌പോകാന്‍ നേരം ഇരു കണ്‍തടങ്ങള്‍ക്കും വേദനയുടെ ഓര്‍മ്മകള്‍ സമ്മാനിക്കാന്‍ തേനീച്ചകള്‍ വന്ന് ചുമ്പിക്കുന്നതോടെയാണ്‌ ആ സീസണിലെ തേനെടുക്കല്‍ കളികളും സാഹസങ്ങളും അവസാനിച്ചിരുന്നത്‌.

കൗമാരത്തിലെത്തുമ്പോള്‍ ഹൃദയ വേദനകള്‍ സമ്മാനിക്കുന്ന മാര്‍ച്ച്‌. ഓര്‍ക്കുമ്പോള്‍ ഹൃദയത്തിലെവിടെയോ ചെറിയ

Sunday, January 29, 2017

തീപ്പൊരിച്ചിന്തകള്‍ പകര്‍ന്ന് തോമസ് എബ്രഹാം


അടുത്ത പിരീയഡ് എട്ടാം ക്ലാസില്‍.

ആരുപോകും എന്നതിനെ ചൊല്ലി സ്റ്റാഫ് മുറിയില്‍ ടീച്ചര്‍മാര്‍ക്കിടയില്‍ വെപ്രാളം.
കുട്ടികള്‍ക്ക് മാത്രമല്ല, അധ്യാപികമാര്‍ക്കും ആ ക്ലാസില്‍ പോകാന്‍ പേടി.കാരണം ,അവിടെയാണ് റഷീദ് ഇരിക്കുന്നത്. “കയ്യിലിരുപ്പുമൂലം ” ഏതോ സ്കൂളില്‍ നിന്നും ടിസി കൊടുത്തുവിട്ട പതിനെട്ടുകാരന്‍.കടപ്പുറത്തെ സന്തതി.പരുപരുത്ത ശബ്ദം,തടിച്ച ശരീരം,ചോര കണ്ണുകള്‍.മദ്യപിച്ചൊക്കെയാണ് അവന്‍ ചിലപ്പോള്‍ ക്ലാസിലേക്ക് വരുന്നത്.പിന്നെ എങ്ങിനെ പേടിക്കാതിരിക്കും?
വാര്‍ഷിക പരീക്ഷാഫലം വന്നു.റഷീദ് ഇത്തവണയും തോറ്റിരിക്കുന്നു.അന്ന് വൈകീട്ട് മദ്യപിച്ച് കൂട്ടുകാരനെയും കൂട്ടി അവന്‍ റ്റീച്ചറെ "ശരിക്കും" കാണാന്‍ ചെന്നു.റിസള്‍ട്ട് തിരുത്തിച്ച് അവന്‍ ഒമ്പതാം ക്ലാസിലേക്ക് പ്രവേശനം നേടി.ആഴ്ചയിലൊരിക്കല്‍ മാത്രം സ്കൂളിലേക്ക് വന്നാല്‍ മതി.വാര്‍ഷിക പരീക്ഷ എഴുതാനുള്ള സൗകര്യം ചെയ്തുകൊടുക്കാമെന്നായിരുന്നു കരാര്‍.വീണ്ടും തോല്‍വി.പ്രശ്നങ്ങളും.പലരുടെ അഭ്യര്‍ഥനയുടെ ഫലത്തില്‍ പത്താംക്ലാസിലെത്തി.പക്ഷെ ഹാജര്‍ രേഖപ്പെടുത്താന്‍ വന്നാലും അവന് ക്ലാസില്‍ പ്രവേശനം ഉണ്ടായിരുന്നില്ല.ലൈബ്രറിയിലായി.കയ്യിലുള്ള നോട്ട്പുസ്തകത്തില്‍ ഓരോ ചിത്രങ്ങള്‍ വരച്ചങ്ങിനെ ഇരിക്കും.അതിനിടയില്‍ അവന്‍ മനം തുറന്നു.
കടലിനുള്ളിലോട്ടുള്ള യാത്രകള്‍,വല വലിച്ചെടുക്കാന്‍ കടലില്‍ ചാടിയുള്ള സാഹസികത, പെരുമ്പാമ്പിന്‍റെ കൂടെ ഉറങ്ങിയത്, കൂട്ടമായുള്ള മദ്യപാനം...
ഒരുനാള്‍ തന്‍റെ വലിയ ആഗ്രഹം പറഞ്ഞു.
“സാര്‍ , എനിക്ക് ക്ലാസിലിരിക്കണം , പത്താം ക്ലാസ് പാസാവണം, സാര്‍ സമ്മതം വാങ്ങിത്തരുമോ...?
ഒടുവില്‍ പ്രവേശനം കിട്ടി.അവന് സ്വര്‍ഗം കിട്ടിയ സന്തോഷം.കുട്ടികളുടെ സഹകരണത്തോടുകൂടി അവന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു.അവനതിലേറെ ഇനി എന്ത് സന്തോഷം!.
പക്ഷെ കായിക മേളയുടെ അന്ന് ഞങ്ങളെ ഞെട്ടിച്ച് അവന്‍ 

Sunday, October 23, 2016

എഴുത്തുകാരന്‍റെ സാമൂഹ്യ പ്രതിബദ്ധത

അജ്മാന്‍ ലുലു മാളില്‍ ഡിസി ബുക്സ് റിഡേഴ്സ് വേള്‍ഡിന്‍റെ ഭാഗമായി അക്ഷരക്കൂട്ടത്തിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംവാദത്തിലെ പ്രസക്ത ഭാഗം ഫേസ് ബുക്ക് പോസ്റ്റ് രൂപത്തില്‍

സ്റ്റാറ്റസ്.
അക്ഷരക്കൂട്ടം സാഹിത്യ കൂട്ടായ്മ.
എന്തിനാണ് എഴുതുന്നത് ? എഴുത്തുകാരന് സാമൂഹ്യ പ്രതിബദ്ധത വേണോ ? എഴുത്തുകാര്‍ സ്വയമോ അല്ലെങ്കില്‍ കൂട്ടമായോ ഈ ചോദ്യം പലപ്പോഴും ചോദിച്ചിരിക്കും.ചിലര്‍ ഈ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി ലഭിക്കാത്തതിനാല്‍ പിറകോട്ട് പോകുന്നു.മറ്റു ചിലര്‍ മൂര്‍ച്ചയേറിയ വാക്കുകളായും ആശയമായും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് വരുന്നു.

പ്രവാസ എഴുത്തുകാരില്‍ ഗൃഹാതുരത്തത്തിന്‍റെ അതിപ്രസരം കാണപ്പെടുന്നു എന്നാണ് കാലങ്ങളായി ഗള്‍ഫില്‍ നിന്നുള്ള എഴുത്തുകാര്‍ നേരിടുന്ന പ്രധാന ആക്ഷേപം.2002 ന് ശേഷം സജീവമായ മലയാളം ഓണ്‍ലൈന്‍ ബ്ലോഗുകളിലും മറ്റും ഈവിധത്തിലുള്ള കുറിപ്പുകളും ലേഖനങ്ങളും കണ്ടിരുന്നെങ്കിലും സമകാലീന പ്രവാസ എഴുത്തുകാര്‍ എഴുത്തിനെ സാമൂഹ്യ വിമര്‍ശനമായോ നവീകരണത്തിനുള്ള മാര്‍ഗമായോ കാണുന്നുണ്ടെന്ന് ആശ്വാസിക്കാം.

കല കലക്ക് വേണ്ടിയെന്ന കാഴ്ചപാടില്‍ നിന്ന് കല കൊലക്ക് വേണ്ടിയായി മാറുന്ന സമകാലീന ഇന്ത്യന്‍ പശ്ചാത്തലത്തില്‍ എന്താണ് എഴുത്തുകാരരന്‍റെ സാമൂഹ്യ പ്രതിബദ്ധത ?

കമന്‍റ്സ്

റോയ് നെല്ലിക്കോട്
സമൂഹത്തെ മാറ്റി നിര്‍ത്തിയുള്ള എഴുത്ത് ഇന്ന് സാധ്യമല്ല.എഴുത്തുകാരനും സമൂഹവും തമ്മില്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു.ചെടി വളരാന്‍ നിരവധി അനുകൂല ഘടങ്ങള്‍ വേണം,വായുവും വെള്ളവും മണ്ണുമെല്ലാം അനുയോജ്യമായിരിക്കണം.ഇത്തരത്തിലുള്ള പരിതസ്ഥിതിയില്‍ എഴുത്തുകാരന് സമൂഹത്തെ പാടെ അവഗണിച്ചുള്ള പ്രതികരണം അനുയോജ്യമല്ല.സമൂഹ്യ വിമര്‍ശനം പോലും സേനഹത്തില്‍ അതിഷ്ഠിതമായിരിക്കണം. ഇന്ന് ചില എഴുത്തുകാര്‍ വിവാദങ്ങള്‍ മാത്രം ഉത്പാദിപ്പിക്കാന്‍ ശ്രമിക്കുകയാണ്.വിവാദങ്ങളിലൂടെ

Thursday, September 8, 2016

വീണ്ടെടുക്കാം അറബി മലയാളത്തെ

സിറാജ് ദിനപത്രത്തില്‍ 4-09-16ന് പ്രസിദ്ധീകരിച്ച ലേഖനം
ചെറ്റ, പുലയാടി തുടങ്ങി മലയാളത്തില്‍ തെറിയായി വിളിച്ചുപോരുന്ന നിരവധി പദങ്ങളുണ്ട്.വളരെ മോശകരമായ അവസ്ഥയെ സൂചിപ്പിക്കാനോ വ്യക്തിയെ മോശപ്പെട്ടവനായി ചിത്രീകരിക്കാനോ ഇന്നും ഇത്തരം പദങ്ങള്‍ ഉപയോഗിക്കുന്നവര്‍ കുറവല്ല.സത്യത്തില്‍ മേല്‍പരാമര്‍ശിക്കപ്പെട്ട പദങ്ങളെല്ലാം തെറിപ്പദങ്ങളാണോ ? അല്ലെന്നാണ് ഈ പദങ്ങള്‍ രൂപപ്പെട്ട് വന്ന
ചരിത്രം പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്.
പിന്നെ ഇവ എങ്ങിനെ തെറിയായി? ശക്തമായിരുന്ന ജാതീയതയുടെ മേല്‍ക്കോയ്മയായിരുന്നു എന്നതാണ് അതിനുള്ള ഉത്തരം.കേരളത്തിലെ സവര്‍ണ്ണ ജാതിക്കാര്‍ അവര്‍ണ്ണ ജാതിക്കാരെ പരിഹസിച്ചു വിളിച്ചതായിരുന്നു അവയില്‍ ഏറെയും. ചെറ്റ എന്ന വാക്ക് അങ്ങിനെയാണ് തെറിയായത്.താഴ്ന്ന ജാതിക്കാര്‍ താമസിക്കാന്‍ വേണ്ടി മണ്ണ് കുഴച്ച ചെളികൊണ്ടും ദിവസങ്ങളോളം വെള്ളത്തിലിട്ട് കുതിര്‍ത്തെടുത്ത ഓലകൊണ്ടും തയ്യാറാക്കിയ വീടുകളായിരുന്നു ചെറ്റക്കുടില്‍.
ഇത്തരം ചെറിയ കുടിലുകളായിരുന്നു സവര്‍ണ്ണര്‍ക്ക് വേണ്ടി തൊഴിലെടുത്തിരുന്ന കീഴ്ജാതിക്കാരന്‍ അന്തിയുറങ്ങിയിരുന്നത്.ഇത്തരത്തിലുള്ള ഒമ്പത് തെറികളും അവയുടെ ഉത്ഭവവും പരിശോധിക്കുന്ന മാഗസിന്‍ ആണ് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് അടുത്തിടെ പുറത്തിറക്കി വിശ്വവിഖ്യാത തെറികള്‍ എന്ന കൃതി. ജാതീയതയുടെ
മേല്‍ക്കോയ്മയുടെ ഫലമായി ചില പദങ്ങള്‍ മോശകരമായും മറ്റു ചില പദങ്ങള്‍ നല്ല മലയാളമായും പിന്നീട് വാഴ്ത്തപ്പെടുകയും അത് ഇന്നും ഉപയോഗിച്ചു വരുന്നു.ജാതീയമായ ഇത്തരം മേല്‍ക്കോയ്മയുടെയും ഇസ്ലാമിലെ തന്നെ മതപരിഷ്‌ക്കരണ വാദികളുടെയും ആസൂത്രിത നീക്കത്തിന്റെയും ഫലമായി അവഗണിക്കപ്പെട്ട മറ്റൊരു ഭാഷയാണ് അറബി മലയാളം എന്ന് വിളിക്കപ്പെടുന്ന മാപ്പിള മലയാളം.
 
മലയാള ഭാഷ രൂപപ്പെടുന്നതിന്റെ മുമ്പെ ഇവിടെ നിലനിന്നിരുന്ന ഭാഷയായിരുന്നു അറബി-മലയാളം.മൂന്നാം നൂറ്റാണ്ടോടുകൂടി തന്നെ ഈ ഭാഷ ഇവിടെ പ്രചാരമായിരുന്നു.അഥവാ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്ത് ഇസ്ലാം കേരളത്തില്‍ എത്തുന്നതിന് മുമ്പെ അറബികളുമായുള്ള വാണിജ്യ ബന്ധത്തിലൂടെ അറബികളുമായുള്ള ബന്ധം കേരളത്തിനുണ്ടായിരുന്നു.
 
അറബികള്‍ അന്ന് കേരളത്തില്‍ നിലവിലിരുന്ന സംസാര ഭാഷ ഉച്ചരിക്കാവന്‍
വേണ്ടി അറബിയില്‍ രൂപപ്പെടുത്തിയതാവാം ഈ ഭാഷ എന്നാണ് ഒരു അനുമാനം.അതെസമയം
ചില അറബി വാക്കുകള്‍ ഉച്ചരിക്കാന്‍ ഇവിടത്തെ പ്രാദേശിക ജനത ചില
മാറ്റങ്ങളോടെ രൂപപ്പെടുത്തിയതാവാം എന്നും സിടി സുനില്‍ ബാബുവിനെ
പോലുള്ളവര്‍ നിരീക്ഷിക്കുന്നു.

സംസ്‌കൃത മലയാളം രൂപപ്പെടുന്നതിന്റെ മുമ്പെ രൂപപ്പെട്ട ഭാഷയായിട്ടും
അറബിമലയാളത്തെ പിന്തള്ളി സംസ്‌കൃത മലയാളം പില്‍ക്കാലത്ത് മേല്‍ക്കോയ്മ
നേടിയതിന്റെ പിന്നില്‍ ജാതീയമായ സവര്‍ണ്ണ മേധാവിത്വം തന്നെയാണെന്ന്
സംശയിക്കേണ്ടവിധമാണ് ഇന്നും മലയാളത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന
സംസ്‌കൃത പദങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

Sunday, May 22, 2016

സവര്‍ണ്ണമാക്കിയ എഞ്ചിനീയറിംഗും കീഴാളമാക്കിയ ഹ്യൂമാനിറ്റീസും

ഞാനെത്ര പറഞ്ഞിട്ടും അവള്‍ അനുസരിക്കുന്നില്ല.ഇനി മാഷെങ്കിലും ഒന്ന് പറഞ്ഞ് മനസ്സിലാക്കൂ .. എസ്എസ്എല്‍സി ഫലം പുറത്തു വന്ന ശേഷം തുടര്‍ കോഴ്സുകളെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് മകളെ ബോധവത്ക്കരിക്കാനാണ് അധ്യാപകന്‍റെയടുത്തേക്ക് അയാള്‍ പോയത്.മകള്‍ ഡോക്ടറായിത്തീരാന്‍ ആഗ്രഹിക്കുന്ന രക്ഷിതാവിന് അവളെ പ്ലസ് ടുവിന് സയന്‍സ് ഗ്രൂപ്പില്‍ ചേര്‍ക്കാനാണ് ആഗ്രഹം.മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ മകള്‍ക്ക് സയന്‍സ് വിഷയങ്ങള്‍ പഠിക്കാന്‍ താത്പ്പര്യമില്ലതാനും.ചരിത്രവും ഇംഗ്ലീഷുമൊക്കെ ഉള്‍പ്പെടുന്ന ഹ്യൂമാനിറ്റീസ് കോഴ്സ് തിരഞ്ഞെടുക്കാനാണ് അവള്‍ക്ക് താല്‍പ്പര്യം. കോഴ്സ് തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ മകളുടെ താല്‍പ്പര്യവും കൂടി പരിഗണിക്കൂ എന്ന ഉപദേശത്തോടെയാണ് അധ്യാപകന്‍ ആ രക്ഷിതാവിനെ പറഞ്ഞയച്ചത്.

പത്ത് വര്‍ഷം മുമ്പുവരെ എസ്എസ്എല്‍സിക്കും പ്ലസ്ടുവിനുമൊക്കെ ശേഷം മക്കളുടെ തുടര്‍ പഠനത്തെ കുറിച്ച് പറഞ്ഞുകൊടുക്കാന്‍ സാധിച്ചിരുന്ന രക്ഷിതാക്കള്‍ കുറവായിരുന്നു.പ്രദേശത്തുള്ള ഏതെങ്കിലും വിദ്യാസമ്പന്നരായ വ്യക്തികളോട് ചോദിച്ചോ അല്ലെങ്കില്‍ കുട്ടിയുടെ കൂട്ടുകാര്‍ തെരഞ്ഞെടുക്കുന്ന കോഴ്സൊക്കെ പഠിക്കലായിരുന്നു സ്ഥിതി.ഇന്ന് അതല്ല സ്ഥിതി. എസ്എസ്എല്‍സി,പ്ലസ്ടു ഫലം പുറത്തു വരും മുമ്പെ മക്കളുടെ തുടര്‍ പഠനത്തെ കുറിച്ചുള്ള വിവരങ്ങളൊക്കെ അറിയാവുന്നവരും അതിനനുസരിച്ച് മക്കളെ പഠിക്കാനായക്കുന്നവരുമാണ് മിക്ക രക്ഷിതാക്കളും.വിദ്യാഭ്യാസപരമായി കൈവരിച്ച നേട്ടം തന്നെയാണ് കാരണം.യുകെജിയില്‍ പഠിക്കുന്ന കുട്ടിയുടെ സിലബസും പാഠ്യ രീതിയും മത്സരപരീക്ഷകളെ നേരിടാന്‍ പ്രാപ്തമാക്കുന്നതാണോയെന്ന് അന്വേഷിച്ച ശേഷം കുട്ടികളെ ചേര്‍ക്കുന്ന രക്ഷിതാക്കളുള്ള കാലത്താണ് ഇന്നത്തെ വിദ്യാഭ്യാസം മുന്നോട്ട് പോകുന്നത്. പ്രസവ ശേഷം കുഞ്ഞ് കൂടുതല്‍ ബുദ്ധിയുള്ളതായി വളരാന്‍ ഗര്‍ഭത്തിലിരിക്കുമ്പോള്‍ കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കുന്ന ഭാര്യമാരുള്ള കാലമാണിത്. കുട്ടിയെ സ്കൂളില്‍ ചേര്‍ക്കുന്നത് മുതല്‍ തങ്ങളുടെ ഒരു സ്വപ്നം കൂടി പരോക്ഷമായി അവനോ/ അവളോടൊപ്പം കയറ്റിവിടുന്നുണ്ട് പല രക്ഷിതാക്കളും.താങ്ങാനാവാത്ത പഠന ഭാരവും മാനസിക സംഘര്‍ഷങ്ങളും പങ്കുവെക്കാനാകാതെ വിങ്ങിപ്പൊട്ടുന്നു കുട്ടികളില്‍ ചിലര്‍.ആത്മഹത്യയിലേക്ക് വരെ ചിലരെ നയിക്കുന്നു.

അത്തരത്തിലുള്ള സംഘര്‍ഷം താങ്ങാനാകാതെ ജീവിതം പാതിവഴിയില്‍ ഹോമിച്ച കുട്ടിയാണ് കഴിഞ്ഞ മാസം അവസാനവാരം രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള കൃതി തൃപാടി.എഞ്ചിനീയറിംഗ് കോഴ്സിനുള്ള പ്രവേശന പരീക്ഷയില്‍ പരാജയപ്പെട്ടെന്ന് കരുതി അഞ്ചുനില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവിതം അവസാനിപ്പിക്കുകയായിരുന്നു അവള്‍. 100 മാര്‍ക്ക് കിട്ടിയാലും പ്രവേശന സാധ്യതയുണ്ടായിരിക്കെ അതറിയാതെ ജെഎഇ പരീക്ഷയില്‍ 144 മാര്‍ക്ക് നേടിയ കൃതി തൃപാടി ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
"ഞാന്‍ ഇങ്ങിനെയൊരു കൃത്യം ചെയ്യുമെന്ന് എനിക്ക് ചുറ്റുമുള്ളവരാരും വിശ്വസിക്കില്ല. അവരുടെ മുമ്പില്‍ എനിക്കൊരു പ്രശ്നവുണ്ടായിരുന്നില്ല.പക്ഷെ എന്‍റെ തലയിലെ ശബ്ദവും എന്നോടു തന്നെയുള്ള വെറുപ്പും ഭ്രാന്തുപിടിപ്പിക്കുകയാണ്.
എനിക്കിഷ്ടമില്ലാതിരുന്നിട്ടും ചെറുപ്പം മുതലേ നിങ്ങള്‍ കൗശലത്തോടെ എന്നെ സയന്‍സ് പഠിപ്പിക്കാന്‍ പ്രേരിപ്പിച്ചു.നിങ്ങളെ സന്തോഷിപ്പിക്കാനാണ് ഞാന്‍ സയന്‍സിന് ചേര്‍ന്നത്. അമ്മേ.. ഇംഗ്ലീഷിനോടും ചരിത്രത്തോടുമാണ് എനിക്കിപ്പോഴും താത്പ്പര്യം.ജീവിതം ഇരുളടയുമ്പോള്‍ അവ എന്നില്‍ ആവേശം നിറച്ചിരുന്നു.എനിക്കൊരു അഭ്യര്‍ത്ഥനയുണ്ട്.പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന എന്‍റെ അനിയത്തിയോടെങ്കിലും ഈ സമീപനം മാറ്റണം.അവള്‍ക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് പഠിക്കാന്‍ അവസരം നല്‍കണം” . അഞ്ചു പേജുള്ള തന്‍റെ ആത്മഹത്യ കുറിപ്പില്‍ അവള്‍ നേരിട്ട വിദ്യാഭ്യാസ പ്രശ്നങ്ങളെ കുറിച്ച് അമ്മക്കും സര്‍ക്കാറിനുമെതിരെ എഴുതി.

വിവിധ എന്‍ട്രന്‍സ് പരീക്ഷകള്‍ക്കായി വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്ന കോച്ചിംഗ് സെന്‍ററുകളുള്ള സ്ഥലമാണ് ജയ്പൂരില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയുള്ള കോട്ട എന്ന സ്ഥലം.വിവിധ സ്ഥാപനങ്ങളിലായി 35,000 കുട്ടികള്‍ ഇവിടെ പഠിക്കുന്നു. പരാജയ ഭീതിമൂലം ഈ വര്‍ഷം ഇവിടെ ആത്മഹത്യ ചെയ്ത അഞ്ചാമത്തെ വിദ്യാര്‍ഥിയായിരുന്നു കൃതി തൃപാടിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.പത്താംതരത്തിലെ നൂറ് ശതമാനം വിജയത്തിനായി ഒമ്പതാം ക്ലാസില്‍ തോല്‍പ്പിച്ചതിനെ തുടര്‍ന്നാണ് അരീക്കോട് നിസ്സ എന്ന പകിനാലുകാരിയായ വിദ്യാര്‍ഥിനി 2014 ല്‍ ജീവിതം കയറില്‍ അവസാനിപ്പിച്ചത്.

രാജസ്ഥാനിലായാലും കേരളത്തിലായാലും വിദ്യാര്‍ഥികളില്‍ രക്ഷിതാക്കളും വിദ്യാഭ്യാസ സ്ഥാപന മാനേജ്മെന്‍റുകളും സമൂഹവുമൊക്കെയായി വെച്ചുപുലര്‍ത്തിപോരുന്ന അധിക പ്രതീക്ഷകളും പ്രത്യാശകളും വിദ്യാര്‍ഥി മനസ്സിനെയാണ് നോവിക്കുന്നതെന്ന കാര്യം പലപ്പോളും തിരിച്ചറിയപ്പെടുന്നില്ല.

എഞ്ചിനീയറും ഡോക്ടറും മാത്രം മതിയോ നമുക്ക് ?

ജീവിതവിജയമെന്നത് എഞ്ചിനീയറിംഗോ,മെഡിസിനോ പ്രവേശനം നേടി ജോലി സമ്പാദിക്കലാണോ ?
ലോക പ്രശസ്ത ധനികരിലൊരാളായ മൈക്രോസോഫ്റ്റിന്‍റെ സ്ഥാപകന്‍ ഒരിക്കല്‍ പറഞ്ഞു.” പരീക്ഷകളില്‍ ചില വിഷയങ്ങളില്‍ ഞാന്‍ തോറ്റു.പക്ഷെ എന്‍റെ സുഹൃത്ത് എല്ലാ വിഷയത്തിലും വിജയിക്കുമായിരുന്നു.ഇപ്പോള്‍ അവന്‍ ലോകത്തിലെ പ്രശസ്തമായ ഒരു സ്ഥാപനത്തിലെ വലിയ ശംബളം വാങ്ങുന്ന എഞ്ചിനീയറാണ്.ഞാനാണ് ആ സ്ഥാപനത്തിന്‍റെ ഉടമസ്ഥന്‍". ബില്‍ഗേറ്റ്സിന്‍റെ വാക്കുകള്‍ക്ക് സമാനമായി പ്രശസ്തരായ, ജീവിതത്തില്‍ വിജയം കൈവരിച്ച പ്രമുഖരും അഭിപ്രായപ്പെട്ടിട്ടുണ്ട്. സമൂഹത്തില്‍ ഡോക്ടറെപ്പോലെത്തന്നെ പ്രധാന്യമുള്ളവനാണ് കര്‍ഷകനും തൊഴിലാളിയും വക്കീലുമെല്ലാം.എഞ്ചിനീയറിംഗും, മെഡിസിനും മാത്രമല്ലാത്ത എത്രയോ പുതിയ കോഴ്സുകളുടെ സാധ്യതകള്‍ ഈ ലോകത്തുണ്ട്. അവനവന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചായിരിക്കണം കോഴ്സുകള്‍ തിരഞ്ഞെടുക്കേണ്ടത്.കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ നോവലിസ്റ്റ് സുഭാഷ് ചന്ദ്രന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് രക്ഷിതാക്കളുടെ കണ്ണ് തുറപ്പിക്കുന്നതാണ്.

“ രണ്ടുവര്‍ഷം മുമ്പ് എന്‍റെ മകള്‍ പഠിച്ച കോണ്‍വെന്റ് സ്‌കൂളില്‍നിന്ന് ഏറ്റവും മുന്തിയ മാര്‍ക്കു നേടിയ കുട്ടികളില്‍ ഒരാളായി പുറത്തിറങ്ങിയ സേതുപാര്‍വതി- ഞങ്ങളുടെ പാറുക്കുട്ടി- പ്ലസ് ടു പരീക്ഷയിലും അതേ വിജയം ആവര്‍ത്തിച്ചു. പത്തുകഴിഞ്ഞയുടന്‍ ഭൂരിഭാഗം മലയാളിക്കുട്ടികളേയും പോലെ അവളും ബയോളജിയും മാത്തമാറ്റിക്സും മുഖ്യമായെടുത്താണ് പ്‌ളസ് ടുവിന് ചേര്‍ന്നത്. തന്റെ സുഹൃത്തുക്കളെപ്പോലെ പാറുവും നഗരത്തിലെ ഒരു മുന്തിയ കോച്ചിങ് സ്ഥാപനത്തില്‍ അര ലക്ഷത്തോളം രൂപ ഫീസടച്ച് എന്‍ട്രന്‍സ് പരിശീലനത്തിനായി ചേര്‍ന്നു. എന്‍ട്രന്‍സ് കോച്ചിങ്ങിനായി അതിരാവിലേ അഞ്ചുമണിക്ക് ഉറക്കപ്പിച്ചോടെ നഗരത്തിലേക്ക് പോകുന്ന കുഞ്ഞിനെ നോക്കി നില്‍ക്കുമ്പോള്‍ തീര്‍ച്ചയായും വേദനയല്ലാതെ അഭിമാനമൊന്നും എനിക്ക് തോന്നിയിട്ടില്ല.അഞ്ചെട്ടുമാസം കഴിഞ്ഞ് ഒരു ദിവസം കുട്ടി എന്നെ കെട്ടിപ്പിടിച്ച് ഒരു പൊട്ടിക്കരച്ചില്‍! ' അച്ഛാ, എനിക്ക് ഡോക്ടറും എഞ്ചിനീയറും ആകണ്ട!', അവള്‍ നന്നേ കുട്ടിക്കാലത്തു ചെയ്യാറുള്ളതുപോലെ ഏങ്ങിയേങ്ങി കരയുകയാണ്.ഞാനും ഭാര്യയും ഭയന്നു. കാരണം ചോദിച്ചപ്പോള്‍ സംഗതി ലഘുവാണ്. കൂടെ പഠിക്കുന്ന കുട്ടികളില്‍ ഒരാള്‍ പോലും പഠിക്കുന്ന കാര്യങ്ങളല്ലാതെ മറ്റൊന്നും വായിക്കുന്നില്ല! ബഷീറിനെയെന്നല്ല, വ്യാസനെപ്പോലും കേട്ടിട്ടില്ല! കേന്ദ്രസാഹിത്യ അക്കാദമി കിട്ടിയ അച്ഛനെക്കുറിച്ച് അഭിമാനത്തോടെ അറിയിച്ചപ്പോള്‍ ഏറ്റവും അറിവുള്ളവളെന്നു കരുതിയ കൂട്ടുകാരി ചോദിച്ചത്രെ- അച്ഛനെഴുതുന്നത് ഇംഗ്ലീഷിലാണോ എന്ന്! മുന്‍കൂറടച്ച പണം പോകുന്നതില്‍ എനിക്കു കുണ്ഠിതമുണ്ടായിരുന്നു. എങ്കിലും പരിശീലനത്തിനു ചേര്‍ന്ന ശേഷം തനിക്ക് പാഠപുസ്തകമല്ലാതെ മറ്റൊന്നും വായിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന അവളുടെ സങ്കടം എന്റേയും ഉളളില്‍ കൊണ്ടു. അങ്ങനെ അന്ന് എന്‍ട്രന്‍സ് കോച്ചിങ് എന്ന മാരണത്തില്‍നിന്ന് അവള്‍ സന്തോഷത്തോടെ രക്ഷപ്പെട്ടു.” അവസാനം ബിഎ ഇംഗ്ലീഷിന് ബാംഗളൂരിലെ ഒരു സ്ഥാപനത്തില്‍ പ്രവേശനം കിട്ടിയ വിശേഷം പങ്കുവെച്ചാണ് സുഭാഷ് ചന്ദന്‍ തന്‍റെ ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.


എഞ്ചിനീയറിംഗില്‍ തന്നെ പരമ്പരാഗതമായി തുടര്‍ന്ന് പോരുന്ന കോഴ്സുകള്‍ക്കാണ് ഇന്നും അധികപേരും ചേരുന്നത്.എന്നാല്‍ എത്രയോ പുതിയ കോഴ്സുകള്‍ ഇതിലുള്‍പ്പെടുന്നുണ്ട്.സേഫ്റ്റി ആന്‍റ് ഫയര്‍,ഷിപ്പ് ബില്‍ഡിംഗ്,മെക്കട്രോണിക്സ് അവയില്‍ ചിലതാണ്.കൂടുതല്‍ വൈവിധ്യങ്ങളുള്ള മറ്റൊരു വിഭാഗമാണ് പ്ലസ് ടുവിലെ ഹ്യൂമാനിറ്റീസ് കോഴ്സ്.പക്ഷെ ഈ കോഴ്സിനെ ഒരു മൂന്നാം കിട സ്ഥാനമേ പൊതുവെ നല്‍കിവരുന്നുള്ളു. പത്താം തരത്തിന് ശേഷമുള്ള വിദ്യാഭ്യാസത്തില്‍ ഇത്രയേറെ അവഗണിക്കപ്പെട്ട വേറെ വിഷയം ഉണ്ടോയെന്ന കാര്യത്തില്‍ സംശയമാണ്.ഹ്യൂമാനിറ്റീസ് ഒന്നും പഠിച്ചാല്‍ കാര്യമില്ല എന്നും വിവരം കുറഞ്ഞവരാണ് ഹ്യൂമാനിറ്റീസ് പഠിക്കുന്നതെന്ന പൊതുധാരണ വളര്‍ത്തിയെടുക്കാനും പലര്‍ക്കും സാധിച്ചു എന്നതാണ് ഇതിലെ ദാര്‍ഭാഗ്യകരമായ അവസ്ഥ. ഈ കോഴ്സിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതില്‍ സ്കൂളിലെ അധ്യാപകര്‍ വരെ പ്രതിസ്ഥാനത്താണ്.

പ്രീ ഡിഗ്രീ മാറി പ്ലസ് ടു വന്നസമയത്ത് സംഭവിച്ച ചില ആസൂത്രണ പാളിച്ചകളാണ് മാനവിക വിഷയങ്ങളുടെ ആകര്‍ഷീണയത ഇല്ലാതാക്കിയത്.പ്ലസ് ടു ആരംഭിക്കുന്ന കാലത്ത് ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ചു പ്രീ ഡിഗ്രീ, കോളേജുകളില്‍ നിന്ന് അവസാനം അടര്‍ത്തിമാറ്റിയത് കേരളത്തിലായിരുന്നു.1990കളില്‍ ആരംഭിച്ച ഡിലിങ്ക് പരിപാടി 1999ലാണ് അവസാനിച്ചത്.പത്ത് വര്‍ഷത്തോളം പ്ലസ്ടു കോഴ്സിന്‍റെ അക്കാദമിക രൂപത്തെ സംബന്ധിച്ച് ആലോചിക്കാനും ആസുത്രണം ചെയ്യാനും സമയം കിട്ടിയപ്പോള്‍ പ്രിഡിഗ്രിയിലെ ഒന്നും രണ്ടും ഗ്രൂപ്പുകള്‍ ചേര്‍ത്ത് സയന്‍സിനു ഒറ്റ ഗ്രൂപ്പാക്കിമാറ്റുകയായിരുന്നു.ഇതോടെയാണ് സയന്‍സ് ഗ്രൂപ്പിന് പ്ലസ്ടു കോഴ്സില്‍ പ്രാധാന്യം ഏറി വന്നത്.ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളുടെ അക്കാദമികമായ ആലോചനകള്‍ ഒന്നും തന്നെയുണ്ടായില്ല.എങ്കിലും 30 ഓളം വൈവിധ്യമാര്‍ന്ന വിഷയങ്ങളുള്‍കൊള്ളുന്ന കോഴ്സായി ഹ്യൂമാനിറ്റീസ് മാറി.നിര്‍ഭാഗ്യവശാല്‍ വൈവിധ്യമാര്‍ന്ന കോഴ്സുകള്‍ അനുവദിച്ചതില്‍ ജോലി നേടാനുള്ള അധ്യാപക പോസ്റ്റ് കണ്ടെത്തിയ അഴിമതിയും അരങ്ങേറി.ജോലി സാധ്യതള്‍ മനസ്സിലാക്കിയ ഉദ്യോഗാര്‍ഥികളില്‍ പലരും തമിഴ്നാട്ടിലെ സര്‍വകലാശാലകളില്‍ നിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെ ചില ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ പൂര്‍ത്തിയാക്കുകയും ഹയര്‍സെക്കണ്ടറിയില്‍ ജോലി നേടിയെടുക്കുകയും ചെയ്തതോടെ ഈ കോഴ്സിന്‍റെ നിലവാരത്തകര്‍ച്ചക്കും കാരണമായി.എങ്കിലും ഈ കോഴ്സിന്‍റെ നവസാധ്യതകളെ പരിചയപ്പെടുത്തുന്നത് ഈ അവസരത്തില്‍ നന്നായിരിക്കുമെന്ന് തോന്നുന്നു.


ഹ്യൂമാനിറ്റീസ് കോഴ്സ് - സാധ്യതകള്‍

ഹ്യൂമാനിറ്റീസ് കോഴ്സിന് വലിയ പ്രാധാന്യം നല്‍കാതിരുന്ന അവസ്ഥ മാറുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.തങ്ങളുടെ ഇഷ്ട വിഷയങ്ങളായി പഠിക്കാനാഗ്രഹിക്കുന്ന ഹ്യൂമാനിറ്റീസ് കോഴ്സ് നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ജീവിത വിജയത്തിന് സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കല,ഭാഷ,ഗവേഷണ പരമായ വൈവിധ്യമാര്‍ന്ന വിഭാഗങ്ങളാണ് ഈ കോഴ്സിലുള്‍പ്പെടുന്നത്.ചരിത്രം,രാഷ്ട്രമീമാംസ,തത്വചിന്ത,സാമ്പത്തികശാസ്ത്ര്,സാഹിത്യം തുടങ്ങിയവക്ക് പുറമെ 30 ഓളം കോമ്പിനേഷനുകള്‍ പ്ലസ് വണ്‍ കോഴ്സിലുണ്ട്.മാനവിക കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ പരമ്പരാഗതമായി തിരഞ്ഞെടുക്കുന്ന അധ്യാപനം, വക്കീല്‍ എന്നീ ജോലി സാധ്യതകള്‍ക്ക് പുറമെ ഭാവിയില്‍ നിരവധി സാധ്യതകളാണുള്ളത്.അവയില്‍ ചിലത് താഴെ പരിചയപ്പെടുത്തുന്നു.

1. സിവില്‍ സര്‍വീസ്
അഞ്ചു വര്‍ഷം നീണ്ടുനില്‍ക്കുന്ന ബിരുദാനന്തര കോഴ്സ് പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ഥിക്ക് ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്) ലേക്ക് പ്രവേശിക്കാനെളുപ്പമാണ്.വൈവിധ്യങ്ങളാര്‍ന്ന വിഷയങ്ങളിലെ അവഗാഹവും ഗണിതത്തിലും സ്റ്റാറ്റിസ്റ്റിക്കലിലുമുള്ള വിവരങ്ങളുമൊക്കെയായി തയ്യാറായാല്‍ സിവില്‍സര്‍വീസ് അഭിരൂചി പരീക്ഷ ( CSAT)അത്തരക്കാര്‍ക്ക് എളുപ്പമായിരിക്കും.

2. ബാങ്കിംഗ് മേഖല
മാനവിക വിഷയങ്ങളൊടൊപ്പം ചില മാനേജ്മെന്‍റ് സംബന്ധമായ കോഴ്സുകളും ചെയ്താല്‍ എത്തിപ്പെടാവുന്ന മേഖല തന്നെയാണിത്.

3.പത്രപ്രവര്‍ത്തനം
പത്രപ്രവര്‍ത്തന മേഖലയില്‍ താത്പ്പര്യമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന നല്ല കോഴ്സ് ഇതാണ്.ഉന്നതമായ ശ്രേണിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഇംഗ്ലീഷ് വിഷയത്തെ കേന്ദ്രീകരിക്കുകയാകും ഉചിതം.ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലും വെബ് അധിഷ്ഠിത മേഖലയിലും തൊഴിലവസരങ്ങള്‍ ഏറെയാണ്.
4. അന്താരാഷ്ട്ര സംഘടനകളില്‍
രാജ്യത്തും വിദേശ രാജ്യങ്ങളിലുമുള്ള വിവിധ പദ്ധതികളുടെ തലവന്മാരായി മാറാന്‍ സാധിക്കുന്ന കോഴ്സാണ് സാമൂഹ്യ ശാസ്ത്ര വിഷയത്തിലെ ഉപവിഭാഗമായ ഡിവലപ്മെന്‍റ് സ്റ്റഡീസ് തിരഞ്ഞെടുത്തവരെ കാത്തിരിക്കുന്നത്.കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ ചിലര്‍ അന്താരാഷ്ട്ര സംഘടനകളായ യൂനിസെഫ്, യുഎന്‍ഡിപി,ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ തുടങ്ങിയ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നു.


5.എന്‍ജിഒ മേഖല
സാമൂഹ്യപരമായ വിവിധ കാരണങ്ങളാല്‍ ജീവിക്കാന്‍ വരുമാനമോ, സംവിധാനമോ ഇല്ലാത്ത ജനങ്ങളെ സമൂഹത്തിന്‍റെ ഉന്നത ശ്രേണിയിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന സംഘടനകളാണ് എന്‍ജിഒകള്‍.