Showing posts with label Notes. Show all posts
Showing posts with label Notes. Show all posts

Saturday, February 10, 2018

മരണാനന്തര കുറിപ്പുകള്‍


സ്നേഹത്തിന്‍റെ നിറകുടമായിരുന്നു.
ആത്മാര്‍ത്ഥതയുള്ള വ്യക്തിത്വമായിരുന്നു.
ജനപക്ഷത്ത് നിന്ന മഹാമനീഷിയായിരുന്നു.
എന്തൊക്കെ പറഞ്ഞാലും ആളൊരു നല്ല മനുഷ്യനായിരുന്നു…..
ചിലതൊക്കെ കേട്ടും ,ചിലരെയൊക്കെ കണ്ടും തിരിച്ചുപറയാനാവാതെ അയാള്‍ തണുത്തപ്പെട്ടിയില്‍ കിടന്നു.പിറ്റെ ദിവസത്തെ പത്രമാധ്യങ്ങളില്‍ വരികള്‍ നിരന്നു.ഫേസ്ബുക്കില്‍ ഫോട്ടോയിട്ട് അയാളുമായുള്ള ബന്ധം തെളിയിക്കാന്‍ കിട്ടിയ ചിത്രങ്ങളൊക്കെ ഉപയോഗിച്ചു. അത്തരം പോസ്റ്റുകള്‍ വരുമ്പോഴാണ് ഇങ്ങിനെ ഒരാള്‍ ഇവിടെ ഉണ്ടായിരുന്നോ എന്ന് മറ്റുള്ളവര്‍ പോലും അറിയുക. അതുകൊണ്ടെന്ത് കാര്യം?
ഞാനും അയാളും തമ്മില്‍ മാങ്ങയായിരുന്നു നാളികേരമായിരുന്നു (തേങ്ങയെന്നും പറയാം) എന്നൊക്കെ തുടങ്ങി മെറ്റഫര്‍കൊണ്ടുള്ള പ്രയോഗങ്ങള്‍ വഴി തെളിവുകള്‍ നിരത്തും.
മരണപ്പെട്ടാല്‍ അങ്ങിനെയാണ്.
മരണ ശേഷം തിരിച്ചുവരില്ലെന്നതിനാല്‍
മാധ്യമങ്ങളില്‍ എഴുതാനും അനുശോനയോഗത്തില്‍ പറയാനും
നാം ഓരോരുത്തരും വാക്കുകള്‍ക്കും ഉപമകള്‍ക്കും വേണ്ടി വല്ലാതെ ബുദ്ധിമുട്ടും.
ജീവിച്ചിരുന്നപ്പോള്‍ തിരിഞ്ഞുപോലും നോക്കാത്തവര്‍,
കണ്ടാല്‍ സലാം ചൊല്ലാത്തവര്‍,
ഒന്ന് തിരിഞ്ഞു നോക്കാന്‍,
ഒരു വിരല്‍ അകലത്ത് വിളിക്കാന്‍ സൗകര്യമുണ്ടായിട്ടും ചെയ്യാന്‍ മടിച്ച്,
ഇങ്ങോട്ട് വിളിക്കട്ടേ എന്ന് ഉള്ളിലെ ഈഗോക്ക് വേണ്ടി കീഴടങ്ങി,
ഒരു പുഞ്ചിരി നല്‍കാന്‍ വിസമ്മതിച്ചവര്‍,
ഈഗോയുടെ അപ്പോസ്തലന്മാരായി നടന്നവര്‍,
തന്‍റെ ആശയം മാത്രമായിരുന്നു ശരിയെന്ന ധാരണയാല്‍ അകറ്റിനിറുത്തിയവര്‍,
കാലുപിടിക്കാന്‍ ചെന്നപ്പോഴൊക്കെ തട്ടിത്തെറിപ്പിച്ചവര്‍,
അങ്ങിനെയങ്ങിനെ…
എല്ലാവരും
അന്ന് അയാളെ കുറിച്ച് ഓര്‍ക്കും. നല്ലത് പറയും.
അതൊന്നും അറിയാന്‍ നിക്കാതെ
അയാള്‍ ആഴങ്ങളുടെ ഇരുട്ടില്‍
മരവിച്ചങ്ങനെ കിടക്കും.
രണ്ടു ദിവസം കഴിഞ്ഞ്
നമ്മള്‍ വീണ്ടും
നമ്മുടെ പഴയ
കപട വേഷമണിഞ്ഞ്
ജൈത്ര യാത്ര തുടരും.