Friday, March 10, 2017

ചിത്രങ്ങളിലെ സ്ത്രീ വിരുദ്ധത ; പലരും മൗനം പാലിക്കുന്നുണ്ടോ?

സ്ക്രീനില്‍ കാണുന്നത് പോലെ, അല്ലെങ്കില്‍ അതിലെ കഥാപാത്രത്തിന്‍റെ ജീവിതത്തിന് സമാനമായി ജീവിക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെയാണ് ഭൂരിഭാഗവും.നായകന്‍റെ വേഷം മുതല്‍ ഭാഷ വരെ ഈ അനുകരണീയത നമ്മളിലുണ്ടാകും. ഇന്ന് സ്ക്രീനില്‍ കാണുന്നതാണ് നാളെ നമ്മുടെ ഹെയര്‍ സ്റ്റൈല്‍. നമ്മുടെ വസ്ത്രം. നടത്തം, ഭക്ഷണം എന്തിന് സംസാരത്തിലെ രീതി വരെ ഇപ്രകാരം മാറുന്നു.

എങ്ങിനെ മോഷ്ടിക്കാമെന്നതിന്‍റെ വിവിധ തന്ത്രങ്ങള്‍ പറഞ്ഞു തരുന്ന "റോബിന്‍ഹുഡ് " മുതല്‍ "ധൂം" വരെ ഇക്കൂട്ടത്തിലുണ്ട്. ആസൂത്രിത കൊലപാതകത്തിന്‍െറ രൂപങ്ങള്‍ കാണിച്ച ദൃശ്യമാണല്ലോ അടുത്ത കാലത്ത് വളരെ ഹിറ്റ് ആയ മറ്റൊരു മലയാള ചലചിത്രം. പ്രണയിക്കാനും കൊലപാതകത്തിനും പ്രതികാരത്തിനും മദ്യപാനത്തിനും തുടങ്ങി പലതിനും ഇന്‍സ്പെയര്‍ ചെയ്യുന്ന എത്രയെത്ര സിനിമകള്‍.

കൂടാതെ ചലചിത്രങ്ങളില്‍ ഭൂരിഭാഗവും സ്ത്രീ വിരുദ്ധതയാണെന്ന കാര്യം ഇതിനിടെ ചര്‍ച്ച ചെയ്ത് കഴിഞ്ഞു. പക്ഷെ പൃഥിരാജ് ഒഴിച്ചുള്ള ഒരു നടനും ഇനി മേലാല്‍ സ്ത്രീയെ അവഹേളിക്കുന്ന ചലചിത്രങ്ങളില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന വസ്തുത അവിടെ അവശേഷിക്കുകയാണ്.ഉദാഹരണത്തിന് മാത്രം രണ്ട് സാംപിളുകള്‍ പ്രമുഖരായ രണ്ട് താരങ്ങളുടേതാണ് ചുവടെ.

മേലാല്‍ ഒരാണിന്‍റെയും മുഖത്തിന് നേരെ ഉയരില്ല നിന്‍റെയീ കയ്യ്. അതെനിക്കറിയാഞ്ഞിട്ടില്ല.നീയൊരു പെണ്ണാണ് . വെറും പെണ്ണ് - ദ കിംഗ് ( മമ്മൂട്ടി)

തുലാവര്‍ഷ രാത്രികളില്‍ ഒരു പുതപ്പിനടയില്‍ സ്നേഹിക്കാനും എന്‍റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും ഒടുവില്‍ ഒരു നാള്‍ വടിയായി തെക്കെപറമ്പിലെ പുളിയന്‍ മാവിന്‍റെ വിറകിന്നടിയില്‍ എരിഞ്ഞു തീരുമ്പോള്‍ നെഞ്ചു തല്ലിക്കരയാനും എനിക്കൊരു പെണ്ണ് വേണം - നരസിംഹത്തില്‍ (മോഹന്‍ലാല്‍.)

ഇങ്ങനെ മിക്ക സിനിമകളിലും കാണും, സ്ത്രീയെ ഒന്നുമല്ലാതാക്കി മാറ്റുന്ന ഡയലോഗുകളും സീനുകളും.അല്ലാത്ത സിനിമകള്‍ക്ക് ഇവിടെ മാര്‍ക്കറ്റില്ല.അവയില്‍ പലതും അവാര്‍ഡ് സിനിമകളെന്ന് മുദ്രകുത്തി ഇല്ലാതാകും.ആദാമിന്‍റെ മകന്‍ അബു പോലുള്ളവയെ ഇവിടെ മറക്കുന്നില്ല.

മനുഷ്യനെ മനുഷ്യനായി കാണുന്ന , ദാനത്തെ പ്രോത്സാഹിപ്പിക്കുന്ന,കരുണ തോന്നിപ്പിക്കുന്ന തുടങ്ങി നല്ലതെന്ന് ഇക്കാലം വരെ വാഴ്ത്തിപ്പോരുന്ന മഹിതമായ മൂല്യങ്ങള്‍ പകരുന്ന സിനിമകള്‍ എന്താണ് അധികം ഇറങ്ങാത്തത്.ആരാണ് അവയ്ക്ക് മാര്‍ക്കറ്റ് ഇല്ലാതാക്കിയത് ?


സിനിമ മാത്രമല്ല കഥയായാലും നോവല്‍ ആയാലും ഇതൊക്കെ തന്നെയല്ലേ സ്ഥിതി.ചിലപ്പോള്‍ നമ്മുടെ അനുഭവങ്ങളുമായി അവക്ക് സാമ്യം തോന്നുമ്പോള്‍ ആ കഥ, അല്ലെങ്കില്‍ സിനിമ വല്ലാതെ ഇഷ്ടപ്പെട്ടേക്കും.എന്നാല്‍ അപരനെ സൃഷ്ടിക്കുന്ന, ലൈംഗികതയെ ഉത്തേജിപ്പിക്കുന്ന രചനകള്‍ക്കെതിരെ എന്താ ആരും ശബ്ദിക്കാത്തത് ? അവ കൂടി ഈ വിമര്‍ശനത്തിന്‍റെ പരിധിയില്‍ വരേണ്ടതാണ്.

Wednesday, March 8, 2017

വനിതാദിന ചിന്തകള്‍

ഏതൊരു സ്ത്രീക്കും അറിയാമായിരിക്കും. തന്‍റെ മുന്നിലിരുന്ന് തന്നെ നോക്കുന്നവന്‍റെ മനസ്സിലെന്താണെന്ന് .
അവന്‍റെ നോട്ടത്തിന്‍റെ അര്‍ത്ഥമെന്താണ് ?
ഇതൊക്കെ മനസ്സിലാക്കാന്‍ പ്രകൃതി അവളെ പഠിപ്പിച്ചിരിക്കുന്നു.
ഇതൊന്നുമറിയാതെ കണ്‍കോണിലൂടെയോ കണ്ണിറുക്കിയോ ഒന്നും അവളെ ഒന്നും ബോധ്യപ്പെടുത്തേണ്ടതില്ല.അറിഞ്ഞിട്ടും അറിയാതെ അഭിനയിക്കുകയാണെന്ന് മാത്രം.

പലപ്പോഴും കണ്ടില്ല, കേട്ടില്ല എന്ന രീതിയില്‍ എല്ലാത്തിനും അവള്‍ മൗനം പാലിക്കുന്നു.
വാഴ വന്ന് വെയിലില്‍ വീണാലും മാനക്കേട് എന്ന പേരില്‍ കുറ്റം എപ്പോഴും വാഴക്ക് തന്നെ.
അല്ലെങ്കില്‍ എന്താണ് ഈ മാനക്കേട് ? അത് അവള്‍ക്ക് മാത്രം സംഭവിക്കുന്നതാകുന്നതിന്‍റെ രാഷ്ട്രീയം എന്താണ് ?

പെണ്ണേ.... നിന്‍റെ മാനത്തിന് ഒന്നും സംഭവിക്കില്ല.മാനമെന്നത് ശരീരത്തെ ആക്രമിക്കുമ്പോള്‍ നഷ്ടപ്പെടുന്ന ഒരു മണ്ണാങ്കട്ടയുമല്ലല്ലോ.അത് തിരിച്ചറിയുന്ന പുരുഷ സമൂഹവും ഇവിടെ വളര്‍ന്ന് വരുന്നില്ലേ ? തീര്‍ച്ചയായും ഉണ്ട്.

പേടിക്കണ്ട, എല്ലാവരും വേട്ടക്കാരല്ല ഡാ. എന്നാല്‍ വേട്ടക്കാരനോട് കുറെ സെന്‍റിമെന്‍സും പരിഗണനയും നല്‍കി ഇരയാകേണ്ടതുമല്ല.കാരണം ഇന്നല്ലെങ്കില്‍ നാളെ മറ്റൊരാള്‍ ആ മൗനം കാരണം ഇരയാക്കപ്പെട്ട്കൊണ്ടേയിരിക്കും.

സ്ത്രീകളോട് എങ്ങിനെ മാന്യമായി പെരുമാറുന്നുവോ എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഒരു സമൂഹത്തിന്‍റെ നില മനസ്സിലാക്കേണ്ടതെന്ന് പ്രവാചകന്‍ മുഹമ്മദ് നബി.

ഭാഷാപരമായ പ്രയോഗങ്ങളില്‍ നിന്ന് തന്നെ ആദ്യ മാറ്റം തുടങ്ങാം. ഭരിക്കേണ്ടവന്‍(ഭര്‍ത്താവ്) എന്ന വേര്‍തിരിവിന് പകരം കുര്‍ആനിലൊക്കെ ഉപയോഗിച്ചിട്ടുള്ള പദമായ ‘സൗജ്' അഥവ ഇണ എന്നതല്ലേ നമുക്ക് ഉപയോഗിക്കാന്‍ നല്ലത് ? അങ്ങിനെ ഉപയോഗിക്കുമ്പോള്‍ എന്തൊക്കെയോ മേലങ്കികള്‍ അഴിഞ്ഞുവീഴുന്നുണ്ടോ ?
ഉണ്ടെങ്കില്‍ അത് ആണധികാരം എന്ന പേരില്‍ ആരോ എടുത്തണിഞ്ഞ അര്‍ഹതയില്ലാത്ത മേലങ്കിയായിരിക്കും.



Wednesday, March 1, 2017

ജീവിത ചിന്തകള്‍

കാലം ഇനിയുമുരുളും.......
വിഷു വരും വർഷം വരും
തിരുവോണം വരും......
പിന്നേ ഓരോ തളിരിലും
പൂവരും കായ് വരും
അപ്പോൾ ആരെന്തും
എന്തെന്നും ആർക്കറിയാം.
ജന്മ ദിനമായിരുന്നുവെന്ന് ഫേസ്ബുക്ക് മെസെഞ്ചര്‍ വഴി ഓര്‍മ്മപ്പെടുത്തിയ Civic Chandran Chinnangath സാര്‍, Pb Anoop Anitha എന്ന അനൂപേട്ടന്‍, Hussain KP Pakara ഹുസൈന്‍ക , ശ്രീകുമാര്‍, Erfan Ebrahim Sait, Sajal Karikkan, ശ്രീമോള്‍,ശാഹിന്‍ ,ശബീര്‍,പ്രദീപ് , ഹഫീഫ് വിദ്യാര്‍ഥികളായ പ്രണവ്, സിന്‍സിമ,- നേരിട്ട് കണ്ടും കാണാതെയും പരിചയമുള്ളവര്‍... ബന്ധങ്ങളിങ്ങനെ തുന്നി ചേര്‍ക്കാന്‍ ശ്രമിക്കുന്ന നിങ്ങളുടെയെല്ലാം സന്ദേശങ്ങള്‍ ആഗ്രഹങ്ങള്‍ കേവലമൊരു ക്ലിക്കല്ല.3000 ത്തിലേറെ ഫ്രണ്ട്സുകളുടെ(?) കൂട്ടത്തില്‍ നിന്ന് ചിലര്‍ ഇങ്ങിനെ ചെയ്യുന്നത് ഓരോ മാനസിക വികാരമാണ്. അതുമാത്രമാണ് ജന്മദിനത്തില്‍ പങ്കുവെക്കുവാനുള്ളത്.
മാര്‍ച്ച് 1 തന്നെയാണോ ജന്മദിനം ? അന്ന് ഇതൊക്കെ കൃത്യമായി രേഖപ്പെടുത്താന്‍ ഉമ്മാക്കോ ഉപ്പാക്കോ അന്ന് സാധിച്ചിട്ടുണ്ടാവുമോ ? പിന്നീട് ജന്മദിനം ആഘോഷിക്കുമെന്നോ കേക്കു മുറിക്കുമെന്നോ, പുതു വസ്ത്രം അണിയുമെന്നോ എന്നൊക്കെ അന്ന് സ്വപ്നം കാണുവാനാകുമോ?
സത്യത്തില്‍ മാര്‍ച്ച് വരുന്നത് തന്നെ മടിയാണ്. ഒന്നാം തീയതി ഫേസ്ബുക്ക് ഇങ്ങിനെ ഓരോന്ന് കുത്തിപ്പൊക്കും.കഴി‍ഞ്ഞതിനെയും വരാന്‍പോകുന്നതിനെയും.. മറച്ചുവെക്കുന്നതൊക്കെ പബ്ലിക്കാവും..
അതോടെ നമ്മുടെ വയസ്സറിയും.വില കൂടുമ്പോള്‍ ഡിമാന്‍റ് കുറയുമെന്നാണ് സാമ്പത്തിക ശാസ്ത്രതത്വമെങ്കില്‍ വയസ്സ് കൂടുമ്പോള്‍ കരിയറില്‍ / ജീവിതത്തില്‍ ഡിമാന്‍റ് കുറയുകയല്ലേ സത്യത്തില്‍ ചെയ്യുക.മാത്രമല്ല അത് കുഴിയിലേക്കുള്ള ദൂരങ്ങള്‍ കുറക്കുകയാണെന്ന നെഗറ്റീവ് സ്റ്റേറ്റ്മെന്‍റ്സും ..


ജന്മദിനം ജീവിതത്തെ കുറിച്ച് കുറെ ചിന്തിപ്പിക്കുന്നത് കൂടിയാണ്.എനിക്കും പറയാനുള്ളത് .. ചിന്തിക്കാനുള്ളതൊക്കെ Muralee Thummarukudy ഒരു മാസം മുമ്പ് പറ‍ഞ്ഞു കഴിഞ്ഞു. അതിലെ ചില ഭാഗങ്ങള്‍ ഇങ്ങിനെയാണ്..
"നമ്മുടെ ജന്മം എന്നത് പ്രപഞ്ചത്തിലെ ഒരു ലോട്ടറിയാണ്. വെങ്ങോലയിൽ നാലാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള ശരാശരിക്കാരായ അച്ഛനമ്മമാരുടെ മകനായി പിറന്ന അതേസമയത്ത് തന്നെ അമേരിക്കയിൽ ശതകോടീശ്വരന്റെ മക്കളായും, ജർമ്മനിയിൽ നോബൽ സമ്മാനം കിട്ടിയവരുടെ മക്കളായും, സോമാലിയയിലെ മുക്കുവന്റെ മക്കളായുമൊക്കെ ആളുകൾ ജനിച്ചിട്ടുണ്ട്. ഇവരുടെ ഓരോരുത്തരുടെയും സ്റ്റാർട്ടിങ് കാപിറ്റൽ ഏറെ വ്യത്യസ്തമാണ്. എന്നാൽ ഇത് ആർജ്ജിക്കാൻ നമ്മൾ ഒന്നും ചെയ്തിട്ടുമില്ല.
അപ്പോൾ നമുക്കോരോരുത്തർക്കും കിട്ടിയ മൂലധനമുപയോഗിച്ച് നാം എങ്ങനെ മുന്നോട്ടു വന്നു എന്നതാണ് നാം നമ്മളെ അളക്കാൻ ഉപയോഗിക്കേണ്ട മാനദണ്ഡം, അല്ലാതെ നമ്മുടെ കയ്യിൽ എന്ത് നീക്കിയിരിപ്പുണ്ടെന്നത് മാത്രമല്ല.
ഇതാണ് ജീവിത വിജയം.നിങ്ങൾ എവിടെ ശ്രദ്ധ കൊടുക്കുന്നോ അത് പാളിയാൽ പിന്നെ നിങ്ങളുടെ ജീവിതം പിടിച്ചാൽ കിട്ടില്ല. അപ്പോഴാണ് മദ്യത്തിന്റെയും ആത്മീയഗുരുക്കന്മാരുടെ മാസ്മരികതയിലേക്കും നമ്മൾ എത്തിപ്പെടുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അതാണ് പരാജയം”.
അവസാനിപ്പിക്കുകയാണ്..
ഇതൊരു ഒഴുക്കാണ്.... ജീവിതമെന്ന ഒഴുക്ക്...
ഇതിലിങ്ങനെ ഒഴുകുകയാണ്.
എന്നോ എവിടെ നിന്നോ ഉത്ഭവിച്ച് മഹാസമുദ്രത്തില്‍ ലയിക്കുന്ന ഒഴുക്ക്..
വരാന്‍പോകുന്ന ചുഴികളെ കുറിച്ചോ... തഴുകാനിടയുള്ള പനിനീര്‍ പുഷ്പ്പങ്ങളെ കുറിച്ചോ ഇപ്പോള്‍ സ്വപ്നം കാണുന്നില്ല.
കഴിഞ്ഞ് പോന്ന കയങ്ങളെയും പാറക്കെട്ടുകളെ ഓര്‍ത്ത് സങ്കപ്പെടുന്നുമില്ല.ഇപ്പോള്‍ വര്‍ത്തമാനത്തില്‍ ജീവിക്കുന്നു.
ഈ വര്‍ത്തമാനകാലത്ത് ,ഒരുപാട് ചെയ്ത് തീര്‍ക്കുവാനുണ്ട് .
Only one life, a few brief years,
Each with its burdens, hopes, and fears;
Each with its clays I must fulfill,
living for self or in His will;
Only one life, ’twill soon be past,
Only what’s done for Christ will last. (C.T. Studd ന്‍റെ വരികള്‍)