Tuesday, February 5, 2013

രണ്ടു ചോദ്യങ്ങളും മറുപടികളും



2012 ഡിസംബര്‍  മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രസ് അക്കാദമിയും മലപ്പുറം പ്രസ് ക്ലബും സംയുക്തമായി വിവരാവകാശ ശില്‍പ്പശാല സംഘടിപ്പിച്ചത്.
സംസ്ഥാന മുഖ്യവിവരാവകാശ കമ്മീഷണര്‍ എം.എന്‍. ഗുണവര്‍ധനന്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കന്നതറിഞ്ഞാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയത്.

വിവരാവകാശ നിയമത്തിന്റെ ചരിത്രംപറഞ്ഞ് ഒരുമണിക്കൂറോളം അദ്ദേഹം ഉദ്ഘാടന ഭാഷണം നിര്‍വഹിച്ചു.അങ്ങിനെയിരിക്കെയാണ് ഒരു ഇടവേള കിട്ടിയപ്പോള്‍ ബഹു എന്‍പി രാജേന്ദ്രന്‍ സാറോട് ഈ ക്ലാസ് ഒരു ഇന്ററാക്ടീവ് രൂപത്തിലാക്കിയാല്‍ നന്നായിരുന്നുവെന്ന് പറഞ്ഞത്.അതിന് അവസാനം അവസരമുണ്ടായിരിക്കുമെന്ന് ഉറപ്പുലഭിച്ചതോടെ ഏറെ സന്തോഷമായി.
 പ്രസംഗത്തിന് ശേഷം എനിക്ക് രണ്ടു ചോദ്യങ്ങള്‍ക്കുള്ള അവസരം ലഭിച്ചു. വിവരാവകാശ കമ്മീഷണറോട് ആയതിനാല്‍ കുറെയധികം ചോദ്യങ്ങളുണ്ടായിരുന്നെങ്കിലും രണ്ടെണ്ണം ചോദിക്കാനാണ് ആ സമയം ലഭിച്ചത്.

ചോദ്യം ഒന്ന്.
വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 18 പ്രകാരമുള്ള പരാതികളില്‍
തീര്‍പ്പുകല്‍പ്പിക്കാന്‍ കമ്മീഷന് അധികാരമുണ്ടെന്നിരിക്കെ അത്തരം
പരാതികളെ തിരച്ചയക്കുകയും അപേക്ഷകനോട് ഒന്നാം അപ്പീല്‍ നല്‍കണമെന്ന്
പറയുകയും ചെയ്യുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് ?


കമ്മീഷണര്‍ ഗുണവര്‍ദ്ദനന്റെ റുപടി:

നേരത്തെ കേരളത്തിലെ കമ്മീഷന്‍ സെക്ഷന്‍ 18 അനുസരിച്ചുള്ള കൊടുക്കുന്ന
അപേക്ഷകളില്‍ വിവരങ്ങള്‍ കൊടുക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
അടുത്ത കാലത്ത് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധി വരികയുണ്ടായി.ആ
വിധിയില്‍ സെക്ഷന്‍ 18 ഉം 19 ഉം കോടതി വിശകലനം ചെയ്തു.സെക്ഷന്‍ 19
അനുസരിച്ച് വിവരങ്ങള്‍ കൊടുക്കാന്‍ പറയാന്‍ കമ്മീഷന് അധികാരം
നല്‍കിയിട്ടുണ്ട്. അതുകൊണ്ട് സെക്ഷന്‍ 18 അനുസരിച്ച് വിവരങ്ങള്‍ നല്‍കാന്‍ പറയാന്‍ കമ്മീഷന്
അധികാരമില്ല എന്ന് സുപ്രീം കോടതി ക്ലാരിഫൈ ചെയ്തിട്ടുണ്ട്.

സുപ്രീം കോടതിയുടെ ഒരു ഓര്‍ഡര്‍ എന്നു പറഞ്ഞാല്‍ എല്ലാ അധികാരികളും ഇത് പാലിക്കാന്‍ ബാധ്യസ്ഥരാണ്.അതുപോലെ സെക്ഷന്‍ 18 പ്രകാരമുള്ള അപേക്ഷകള്‍ക്ക് വിവരം കൊടുക്കാന്‍
ഞങ്ങള്‍ ഉത്തരവ് കൊടുത്തുകൊണ്ടിരുന്നതാണ്.ഈ വിധിയുടെ സാംഗത്യത്തെ
കുറിച്ച് ഉന്നത നീതി പീഠങ്ങള്‍ പ്രതികരിക്കേണ്ട സംഗതിയാണ്.അതുകൊണ്ടാണ്
അപേക്ഷ വരുമ്പോള്‍ 18 അനുസരിച്ച് ആ അപേക്ഷയില്‍ അയാള്‍ കൂടുതല്‍
വിവരങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ നമ്മളത് മടക്കി അയക്കുകയും ഒന്നാം
അപ്പീല്‍ നല്‍കിയ ശേഷം വരാന്‍ പറയുകയും ചെയ്തു.

ഈയിടെ ഒരു ഹൈകോടതി വിധിയുണ്ടായി.ഒരു സെക്ഷന്‍ 18 പെറ്റീഷനില്‍ വിവരം കൊടുക്കാന്‍ നമുക്ക്
നിര്‍ദേശം കൊടുക്കാന്‍ സാധിക്കാത്തത് കൊണ്ട് സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഹിയറിംഗിന് എന്റെ മുമ്പില്‍ ഹാജരായപ്പോള്‍ അയാള്‍ അത് കൊടുക്കുമെന്ന് പറഞ്ഞതായിട്ട് ഞാന്‍ രേഖപ്പെടുത്തി.അതു തന്നെ ഹൈകോടതി ആ വിധിക്കെതിരാണ് ,അത് പരിശോധിക്കണം എന്ന് പറഞ്ഞ് ഒരു ഫയല്‍ എന്റെയടുക്കല്‍ വന്നു.അതിനാല്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അത് പുനഃപരിശോധിക്കണം.നമ്മള്‍ പരോക്ഷമായി കൊടുക്കാന്‍ പറഞ്ഞപോലെ
പരോക്ഷമായിട്ട് ഒരു നിര്‍ദേശം നല്‍കിയരൂപത്തില്‍ വന്നു.അത് കൊണ്ടാണ് സെക്ഷന്‍ 18 നില്‍ ഒന്നാം അപ്പീല്‍ അധികാരിക്ക് നല്‍കാതെ കമ്മീഷന്റെ അടുത്ത് നേരിട്ട് വരുന്ന കേസുകളില്‍ കൂടുതല്‍ വിവരങ്ങള്‍
ആവശ്യപ്പെട്ടാല്‍ നമുക്കത് സുപ്രീംകോടതിയുടെ വിധിയുടെ വൈലേഷനാകുമെന്നതാകുന്നത് കൊണ്ട് നമ്മളത് ഒന്നാം അപ്പീല്‍ നല്‍കാന്‍ അപേക്ഷകനെ ഉപദേശിക്കുകയാണ് ചെയ്യുന്നത്

ചോദ്യം രണ്ട്

വിവരാവകാശ കമ്മീഷന്റെ വിധികളില്‍ പലതിലും ഉദ്യോഗസ്ഥരെ താക്കീത്
ചെയ്യുന്നു എന്നതായി കാണപ്പെടുന്നു. എന്താണ് ഈ താക്കീത്‌കൊണ്ട് കമ്മീഷന്‍
ഉദ്ദേശിക്കുന്നത് ? വിവരാവകാശ നിയമത്തിലെ ഏത് പ്രൊവിഷന്‍ പ്രകാരമാണ്
കമ്മീഷന്‍ താക്കീത് ചെയ്യുന്നത് ?


മറുപടി:

വ്യക്തമായി പറയുകയാണെങ്കില്‍ ...അങ്ങിനെ താക്കീത് നല്‍കാനുള്ള
പ്രൊവിഷനൊന്നും ഇല്ല.കമ്മീഷന്‍ ആദ്യം 2006 ല്‍ നിലവില്‍ വന്നപ്പോള്‍
അന്ന് മുതല്‍ പല കമ്മീഷണര്‍മാരും അത് ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍
അടക്കം ഉദ്യോഗസ്ഥന്മാരെല്ലാം കൂടെ പരിചയമായിട്ട് വരുന്ന ഒരു.. ഒരു
...ഒരു ഗ്യാപ്പ് കണക്കിലെടുത്തുകൊണ്ട് താക്കിത് ചെയ്യുകയൊക്കെയുണ്ടായിരുന്നു.അത് സ്ട്രിക്ട് ആയിട്ട് പറഞ്ഞാല്‍ അതിന് അങ്ങിനെയൊരു പ്രൊവിഷനില്ല.താക്കിതിന് പ്രൊവിഷനില്ല.

===================
ഇപക്രാരമാണെങ്കില്‍ പ്രൊവിഷനൊന്നും ഇല്ലാതെ തോന്നിയപോലെ തീരുമാനം എടുക്കാന്‍ നിന്നാല്‍ വര്‍ഷങ്ങളോളം നിയമപോരാട്ടം നടത്തുന്ന വിവരാവകാശ പ്രവര്‍ത്തകര്‍ നിരാശരാകാനേ വഴിവെക്കൂ.
കടപ്പാട്
The Hindu
For News : Click here

Tuesday, January 15, 2013

ജീവനില്ലാത്ത പ്രസ്ഥാനങ്ങള്‍ നമുക്കെന്തിന് ?

ജീവനില്ലാത്ത പ്രസ്ഥാനങ്ങള്‍ നമുക്കെന്തിന് ?


സ്വകാര്യ മേഖലയിലെ സിബിഎസ്ഇ,ഐസിഎസ്ഇ, അണ്‍ എയിഡഡ് സ്‌കൂളുകളിലെ
അധ്യാപകരുടെ സേവന വേതന വ്യവസ്ഥകളുടെ ദയനീയമായ സ്ഥിതി വിശേഷങ്ങളെ കുറിച്ച്
ചര്‍്ച്ചകള്‍ സജീവമായിരുന്നിട്ടും ഇതൊന്നുമറിയാത്തതായി നടിക്കുകയാണ്
ഇവിടത്തെ യുവജന പ്രസ്ഥാനങ്ങള്‍ .

കള്ളുചെത്തുകാരനും ബീഡി തുറുപ്പുകാരനുമൊക്കെ സംഘടനയും ക്ഷേമ ബോര്‍ഡുകളും
ഉള്ള നാടാണ് നമ്മുടെ സംസ്ഥാനം. നിര്‍ഭാഗ്യവശാല്‍ ഈ സംസ്ഥാനത്തെ സാക്ഷര
പ്രബുദ്ധരാക്കുന്നതില്‍ അതുല്യമായ ഒരു സ്ഥാനം സ്വകാര്യമേഖലയിലെ
അധ്യാപകര്‍ക്കും അവകാശപ്പെട്ടതായിട്ടും ഇവര്‍ ഇന്നും
ചൂഷണത്തിനടിനപ്പെടുന്ന സ്ഥിതിവിശേഷമാണെന്നത് ദൗര്‍ഭാഗ്യകരമാണ്.


 മത-സാമൂദായിക ശക്തികളാണ് ഈ മേഖല നിയന്ത്രിക്കുന്നത് എന്നതിനാലാകണം ഇവിടെ
ബഹുജന പ്രസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ മൗനമവലമ്പിക്കുകയാണ്
ചെയ്യുന്നത്.ഡിവൈഎഫ്‌ഐ,എവൈഎഫ്‌
ഐ, യൂത്ത്‌കോണ്‍ഗ്രസ്,സോളിഡാരിറ്റി തുടങ്ങി
നമ്മുടെ നാട്ടില്‍ ശബ്ദമുയര്‍ത്തുന്ന രാഷ്ട്രീയ സംഘടനകള്‍, തൊഴിലാളി
സംഘടനകള്‍,മത സഘടനകള്‍, എന്‍ജിഒകള്‍, അധ്യാപക സംഘടനകള്‍ തുടങ്ങിയ
സംഘടനകളാരും ഇതെ കുറിച്ച് നിശബ്ദത പാലിക്കുന്നത് ഒരു സമൂഹത്തോട്
ചെയ്യുന്ന കൊടുംവഞ്ചനയാണ്.

സമുദായ വോട്ട് എന്ന ഒറ്റക്കാരണം മുന്‍നിറുത്തി ഇവര്‍ നിശ്ബ്ദത
തുടരുമ്പോള്‍ എന്തിനാണ് നമുക്ക് ഇത്തരം സംഘടനകളും പ്രസ്ഥാനങ്ങളുമെന്ന്
സ്വാഭാവികമായും ചുരുങ്ങിയ പക്ഷം ഈ മേഖലയിലുള്ളവരെങ്കിലും തിരിച്ചു
ചോദിച്ചാല്‍ അതിനെ അരാഷ്ട്രീയ വാദമെന്നോ മതവിരുദ്ധമെന്നോ പറയാനാകില്ല.ഈ
മേഖലയിലെ അധ്യാപകര്‍ അസംഘടിതരാണ് എന്ന ഒറ്റക്കാരണമാണ് ഇവര്‍ ചൂഷണം
ചെയ്യപ്പെടാനുള്ള കാരണം. ഇവര്‍ സംഘടിക്കേണ്ട സമയം
അതിക്രമിച്ചിരിക്കുന്നു.നിര്‍ഭാഗ്യവശാല്‍ സംഘടിക്കുമ്പോഴേക്കും ഇവരുടെ
ജോലി നഷ്ടപ്പെടുമോ എന്ന ഭീതിയാകണം ഇവരെ പ്രതികരണമില്ലാതാക്കി
മാറ്റുന്നതിനുള്ള പ്രധാന ഹേതു.

തുല്യ ജോലിക്ക് ന്യായമായ കൂലിയെന്ന തത്വമാണ് ഈ മേഖലയില്‍
നിഷേധിക്കപ്പെടുന്നത്.എന്നാല്‍ യഥാര്‍ത്ഥ ശംബള പട്ടികയും സര്‍ക്കാറിനെ
പറ്റിക്കാനുള്ള ശംബളപ്പട്ടികയും സൂക്ഷിച്ച്  രക്ഷപ്പെടുകയാണ് സ്‌കൂള്‍
മാനേജ്‌മെന്റുകള്‍.

ശംബളം മാത്രമല്ല ഈ മേഖലയിലെ പ്രശ്‌നം.ഈ മേഖലയിലെ അധ്യാപകര്‍ നേരിടുന്ന
സാമൂഹ്യവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണേണ്ടതുണ്ട്. ചില
സ്‌കൂളുകളില്‍ അധ്യാപകര്‍ക്ക് രാവിലെ മുതല്‍ വൈകീട്ട് ക്ലാസ് കഴിയും വരെ
ഇരിക്കാന്‍പോലും പറ്റാത്ത നിയമങ്ങളാണ് പ്രിന്‍സിപ്പല്‍മാര്‍
ഉണ്ടാക്കിവെച്ചിട്ടുള്ളത്. ഇവരെ മോണിട്ടര്‍ ചെയ്യാന്‍ ചില അധ്യാപകരെയും
ചുമതലപ്പെടുത്തുകയും ഏതെങ്കിലും ടീച്ചര്‍ ഇരുന്നാല്‍ അക്കാര്യം
മൈക്കിലൂടെ വിളിച്ചുപറയുന്നത് ചില സ്‌കൂളുകളിലുണ്ടെന്നത് പരസ്യമായ
രഹസ്യമാണ്. വീടുകളിലെത്തിയാല്‍പോലും അല്‍പ്പം പോലും വിശ്രമിക്കാനാകാതെ
രക്ഷിതാക്കളുടെ ഫോണ്‍ വിളികള്‍ക്ക് മറുപടി പറയുക, നോട്ടു പുസ്തകങ്ങള്‍
പരിശോധിക്കുക, ബോധന സാമഗ്രികളുണ്ടാക്കുക തുടങ്ങി ഇവരുടെ ജോലിഭാരം
ഇരട്ടിയാണ്. ഇതൊക്കെ പറഞ്ഞാല്‍ തങ്ങളുടെ സ്ഥാപനത്തെ തകര്‍ക്കാനുള്ള
ആസൂത്രിത നീക്കമാണെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ അധികനാള്‍ ആര്‍ക്കും
സാധിക്കുമെന്ന് തോന്നുന്നില്ല.

ഇത്രയൊക്കെയായിട്ടും ആരുമെന്താണ് അധികം പരാതി പറയാത്തത് എന്നാണ് പലരും
ചോദിക്കാറുള്ളത്. ജോലി നഷ്ടപ്പെടുമോയെന്ന ഭീതി തന്നെയാണെന്നാണ് അതിന്
മറുപടി. മിക്ക സ്‌കൂളുകളിലും സ്ത്രീകളായ അധ്യാപികമാരെയാണ്
മാനേജ്‌മെന്റുകള്‍ കൂടുതല്‍ നിയമിക്കുന്നത്. കുറഞ്ഞ ശംബളം
കൊടുക്കാമെന്നതും ചുഷണം ചെയ്താലും പ്രതികരണം കുറവാണെന്നുമുള്ള ധാരണ
മാനേജ്‌മെന്റുകള്‍ക്ക് പിന്‍ബലം നല്‍കുന്നുണ്ടാകാം.

ഇവിടെ മറ്റൊരു കാര്യം കൂടി പ്രസക്തമാണ്. നഴ്‌സുമാരുടെ സമരം നടന്നപ്പോഴാണ്
ആ സ്ഥാപനങ്ങള്‍ നടത്തുന്ന മതപ്രസ്ഥാനങ്ങളുടെ വിചിത്രമായ പ്രസ്താവനകള്‍
കേട്ടത്. മത സംഘടനകളുടെ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കമാണെന്ന് വരെ
പ്രചരിപ്പിക്കപ്പെട്ടു.എന്നാല്‍ അതിനുമെത്രയോ
പ്രത്യാഘതമുണ്ടാക്കുന്നതാകും അണ്‍ എയിഡഡ് മേഖലയില്‍ 'മുല്ലപ്പൂ
വിപ്ലവം'വന്നാലുണ്ടാകുന്നത്.

കൂടാതെ സാമൂഹ്യവും ചൂഷണത്തിനുമെതിരെയും സ്‌നേഹം, സാഹോദര്യം, സമത്വമൊക്കെ
വിളംബരം ചെയ്യുന്ന മത ആശയങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയും അത്
പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണ് മത സംഘടനകള്‍ . എന്നാല്‍ സര്‍ക്കാര്‍
പ്രതിബാധിക്കുന്ന ശംബളം കൊടുക്കാതിരിക്കാന്‍ വ്യാജ
രേഖകളുണ്ടാക്കുന്നതിന്റെ മതപരമായ വിധിയെന്താണ് ? ഭരണകൂടത്തെ ചതിക്കുക
എന്നത് ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് യോജിച്ചതാണോ ? ഇതൊക്കെ
പരലോകത്ത് ചോദ്യം ചെയ്യപ്പെടാത്ത കാര്യങ്ങളാണോ ? ഇതിനൊക്കെ
പൊതുസമൂഹത്തോട് മറുപടി പറയാതെ ഈ ലോകത്ത് രക്ഷടാന്‍ കഴിഞ്ഞേക്കാം.എന്നാല്‍
അത്തരം അനീതികളോട് പൊറുക്കപ്പെടാത്ത തെറ്റുകളായിത്തന്നെ ചരിത്രത്തില്‍
അവശേഷിക്കുമെന്ന് ഇത്തരം ആളുകള്‍ ഓര്‍ത്താല്‍ നന്ന്.


Thursday, January 10, 2013

യോഗ്യത പരീക്ഷകള്‍ സര്‍ക്കാറിന് പണമുണ്ടാക്കാനുള്ള മാര്‍ഗമോ ?


അധ്യാപക യോഗ്യത നിര്‍ണ്ണയപരീക്ഷയെ പേരില്‍ ഓരോ വര്‍ഷവും വരുന്ന പരീക്ഷകള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ദുരിതമാണുണ്ടാക്കുന്നത്. ടിടിസിയും ബിഎഡും കഴിഞ്ഞ് പുറത്തിറങ്ങിയവര്‍ക്ക് വീണ്ടും അധ്യാപക യോഗ്യതയുണ്ടോ എ് പരിശോധിക്കാന്‍ പരീക്ഷ നടത്തുകയാണെങ്കില്‍. പിന്നെ എന്തിനാണ് ബിഎഡും , ടിടിസി കോഴ്‌സുകള്‍ ആളുകള്‍ പഠിക്കുന്നത് ?.

യോഗ്യതയുള്ള അധ്യാപകരെ സര്‍വീസിലേക്ക് തിരഞ്ഞെടുക്കലാണ് സര്‍ക്കാര്‍ ഈ പരീക്ഷകളിലൂടെ ഉദ്ദേശിക്കുതെങ്കില്‍ ഇത്തരം പരീക്ഷകള്‍ പഠനം പൂര്‍ത്തിയാക്കിയിറങ്ങിയ ശേഷമായിരുന്നില്ല സര്‍ക്കാര്‍ നടത്തേണ്ടിയിരുന്നത്. നിരവധി വര്‍ഷങ്ങള്‍ക്ക് മുമ്പ് അധ്യാപക പരിശീലന കോഴ്‌സ് പൂര്‍ത്തിയാക്കി സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളില്‍ പ്രവേശനം കിട്ടാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് ഇപ്പോള്‍ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് നടത്തിയാല്‍ ഈ ഉദ്യോഗാര്‍ഥികളെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിച്ച അധ്യാപക സിദ്ധാന്തങ്ങളും മറ്റും ഓര്‍മയുണ്ടാകണമെന്നതിന് എന്താണ് ഉറപ്പ്.

ഇവിടെയാണ് ഈ യോഗ്യത പരീക്ഷകള്‍ക്കായി പ്രത്യേക കോഴ്‌സുകള്‍ നടത്തു സ്ഥാപനങ്ങളുടെ സാമ്പത്തിക താല്‍പര്യത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണം ഉയരുന്നത്. അതെസമയം ഈ നിരവധി വര്‍ഷങ്ങള്‍ക്കിടയില്‍ പിഎസ് സി വഴി യോഗ്യത നേടി സര്‍വീസിലെത്തിയവരും എയിഡഡ് സ്‌കൂള്‍ മേഖലയില്‍ പണം നല്‍കി അധ്യാപക ജോലി നേടിയെടുത്തവരും ഏറെയുണ്ട് എന്നാല്‍ ഇവര്‍ക്ക് അധ്യാപക യോഗ്യത പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് തയ്യാറാകാത്തത്. അങ്ങിനെ പരീക്ഷ നടത്തിയാല്‍ ഇപ്പോള്‍ എയിഡഡ് മേഖലയില്‍ ജോലിചെയ്യുന്ന എത്രപേര്‍ പിന്നീട് സര്‍വീസിലുണ്ടാകുമെന്ന് കണ്ടറിയുകതന്നെ വേണം. ഇക്കാരണം കൊണ്ടുതന്നെ സാമൂഹ്യ അനീതിയാണ് ഈ യോഗ്യതാ പരീക്ഷകളില്‍ പ്രകടമാകുന്നത്.

അധ്യാപക പരിശീലന കോഴ്‌സുകളുടെ പ്രവേശനത്തിന് മുമ്പ് ഈ യോഗ്യത പരീക്ഷ നടത്തി യോഗ്യതയുള്ളവരെ മാത്രം പ്രവേശിപ്പിക്കുകയാണെങ്കില്‍ അതായിരിക്കും സര്‍ക്കാര്‍ ലക്ഷ്യസാക്ഷാത്കാരത്തിന് ഏറെ ഉപകാരപ്പെടുക. കൂടാതെ യോഗ്യതയില്ലാത്തവര്‍ വെറുതെ പണം ചിലവഴിച്ച് ഈ കോഴ്‌സുകള്‍ക്ക് ചേരുകയെന്ന അനാരോഗ്യകരമായ പ്രവണതയും ഇതുവഴി ഒഴിവാക്കാമല്ലോ..



രണ്ടാമതായി മറ്റൊരു മാര്‍ഗവും സര്‍ക്കാറിന് സ്വീകരിക്കാവുതാണ്.അധ്യാപക പരിശീലനങ്ങളുടെ  പഠനകാലയളവിന്റെ അവസാനത്തിലോ  വാര്‍ഷിക പരീക്ഷയിലോ ഈ വിഷയവും ഉള്‍പ്പെടുത്തി പരീക്ഷ നടത്താനും സര്‍ക്കാറിന് കഴിയുമല്ലോ.

ടെറ്റ് പരീക്ഷ എഴുതുന്നത്‌കൊണ്ട് ജോലി കിട്ടുന്നത് എയിഡഡ് മേഖലയില്‍ പണം നല്‍കി ഈ വര്‍ഷം ജോലിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് മാത്രമാണ്. പിഎസ് സി വഴിയുള്ള അധ്യാപക പ്രവേശനം അടുത്തൊും നടക്കാനും പോകുന്നില്ല. അതുകൊണ്ടുതന്നെ ഈ പ്രവേശന പരീക്ഷ ജയിക്കേണ്ടത് എയിഡഡ് സ്‌കൂളുകളില്‍ ഈ വര്‍ഷം ചേര്‍ന്നവരെ മാത്രമാണ് ആകുലതപ്പെടുത്തുന്നത്. മറ്റുള്ളവര്‍ക്ക് പിഎസ്‌സി പരീക്ഷകൂടി വിജയിക്കണമല്ലോ. എയിഡഡ് മേഖലയെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടമുള്ളപ്പോള്‍ ഈ മേഖലയിലെ അധ്യാപകരെ സംരക്ഷിക്കാന്‍ യോഗ്യതപരീക്ഷയില്‍ സര്‍ക്കാര്‍ മറിമായം കാണിക്കുമോയൊെക്കെ പരീക്ഷ കഴിഞ്ഞ ശേഷം അറിയാം.

അധ്യാപക നിയമനപ്രക്രിയയില്‍ ദേശീയമായി നിശ്ചിത നിലവാരം ഉറപ്പാക്കാനും ഗുണനിലവാരമുള്ള അധ്യാപനം ഉറപ്പാക്കുകയെ ലക്ഷ്യവുമായി നാഷനല്‍ കൗസില്‍ ഫോര്‍ ടീച്ചര്‍ എജ്യൂ ക്കേഷന്‍ (എന്‍സിടിഇ) പുറപ്പെടുവിച്ച മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ടെറ്റ് നടത്താന്‍പോകുന്നത്. വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകളുടെ ഭാഗമായി കേരള സാഹചര്യത്തി. ക്ലാസ് തരം തിരിക്കല്‍പോലുള്ള പ്രക്രിയയും മറ്റും ഇനിയും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ല.അഞ്ചാം ക്ലാസ് യുപിയിലും എട്ടാം ക്ലാസ് ഹൈസ്‌കുളിലുമാണ് ഇപ്പോഴുമുള്ളത്. എന്നാല്‍ യോഗ്യത പരീക്ഷയിലെ അധ്യാപകരെ തരം തിരിച്ചിട്ടുള്ളത് വിദ്യാഭ്യാസ അവകാശ നിയമത്തിലെ ഓരോ ക്ലാസിലെയും കുട്ടികളെ പഠിപ്പിക്കാനുള്ള അധ്യാപകയോഗ്യതപ്രകാരമാണ്. ഇരിക്കും മുമ്പ് കാല്‍നീട്ടുന്നത്‌പോലെ...


ഓരോ പുതിയ യോഗ്യത പരീക്ഷകള്‍ക്ക് പിിലും ചില സാമ്പത്തിക താല്‍പ്പര്യം സര്‍ക്കാറിനും ചില സ്ഥാപനങ്ങള്‍ക്കുമുണ്ട്. എന്നതൊഴിച്ചാല്‍ മേല്‍പറഞ്ഞ പരീക്ഷകള്‍ അശാസ്ത്രീയമാണ്.


വിവിധ യോഗ്യത പരീക്ഷകള്‍ക്കായി വിദ്യാര്‍ഥികളില്‍ നിന്നും ഉദ്യോഗാര്‍ഥികളില്‍ നിന്നും വന്‍ തോതില്‍ പണം ഈടാക്കുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. ഇതിനെതിരെ ശബ്ദിക്കേണ്ട വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളും മൗനം അവലമ്പിക്കുകയാണ്.

പരീക്ഷ നടത്താനും റിസള്‍ള്‍ട്ടും സര്‍ട്ടിഫിക്കറ്റും നടത്താനുള്ള ചിലവുകള്‍ക്കപ്പുറം സര്‍ക്കാറിനും വിവിധ കോഴ്‌സുകളുടെ പരീശീലനം സംഘടിപ്പിച്ച് സാമ്പത്തിക ലാഭമുണ്ടാക്കാനുള്ള നടപടികളായി മത്സരപരീക്ഷകള്‍ മാറുകയാണോ ?
ഈ വര്‍ഷം മുതല്‍. ആരംഭിക്കുന്ന ടെറ്റ് (കെടെറ്റ് ) പരീക്ഷക്ക് അപേക്ഷകനില്‍. നിന്ന് 500 രൂപയാണ് സര്‍ക്കാര്‍ ഈടാക്കുന്നത്.


ഇത്തവണ സെറ്റ് പരീക്ഷാഫീസ് കുത്തനെ കൂട്ടുകയുംചെയ്തു. ജനറല്‍. വിഭാഗത്തിന് 750 രൂപയും എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗത്തിന് 350 രൂപയുമാണ് ഫീസ്. കഴിഞ്ഞവര്‍ഷം ജനറല്‍ വിഭാഗത്തിന് 500 രൂപയും മറ്റുവിഭാഗങ്ങള്‍ക്ക് 250 രൂപയുമായിരുന്നു.
2011 സപ്തംബറില്‍. നടന്ന സെറ്റ് പരീക്ഷയില്‍. 1, 89, 58, 500 രൂപ എല്‍..ബി.എസ് സെന്ററിന് കിട്ടിയിരുന്നുവെന്നത് വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന കണക്കാണ്. ഈ വര്‍ഷം അത് രണ്ടുകോടിക്ക് മുകളിലാവും.എന്തിന്റെ അടിസ്ഥാനത്തിലാണെ് ഇത്തരത്തില്‍  സര്‍ക്കാര്‍ ഫീസ് വര്‍ദിപ്പിക്കുന്നതെ്്ന്ന്്് മനസ്സിലാകുന്നില്ല. 35276 പേര്‍ എഴുതിയ കഴിഞ്ഞ വര്‍ഷത്തെ സെറ്റ് പരീക്ഷയില്‍ കേവലം 2850  പേരാണ് വിജയികളായത്. ഇങ്ങിനെയൊക്കെ കഷ്ടപ്പെട്ട് പരീക്ഷ എഴുതിയവരില്‍ ഭൂരിപക്ഷം വിദ്യാര്‍ഥികളെയും തോല്‍പ്പിക്കുന്നത് വീണ്ടും ഫീസ് പിരിക്കാനാനല്ലാതെ മറ്റെന്തിനാണ് ? സര്‍ക്കാറിന് സാമ്പത്തികമായി പിഴിയാനുള്ള ആളുകളാണോ വിദ്യാര്‍ഥികള്‍ ?

രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ച സിടിഇടി പരീക്ഷയുടേതും ഫലം സമാനമായിരുന്നു. പരീക്ഷ നടത്താനെത്തിയവര്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദേശപോലും സര്‍ക്കാര്‍ നല്‍കുകയുണ്ടായില്ല.ആരൊക്കെ ഏതൊക്കെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതണം എതുപോലും അറിയാത്തതിനാലും മതിയായ സമയം കിട്ടാത്ത പ്രശ്‌നമെല്ലാം അന്നുതന്നെ മാധ്യമങ്ങളില്‍ വാര്‍ത്തയായതാണ്. നെഗറ്റീവ് മാര്‍ക്ക് കിട്ടില്ല എന്ന ഉറപ്പിന്മേല്‍  സമയം കിട്ടാത്തതിനാല്‍ ഒഎംആര്‍ ഷീറ്റിലെ എല്ലാ ബബഌകള്‍ക്ക് നിറംകൊടുത്താണ് പലരും പരീക്ഷാ ഹാളില്‍ നിന്നിറങ്ങിയത്. വലിയതോതില്‍ ഫീസ് വാങ്ങി നടത്തിയ പരീക്ഷയാണ് ഇതെന്നോര്‍ക്കണം. ഫലം വപ്പോള്‍ 25 ശതമാനംപോലും വിജയം കേരളത്തില്‍ നിന്നുണ്ടായില്ല.

എന്തിനാണ് ഈ പരീക്ഷകള്‍ക്കെല്ലാം ഇത്രവലിയ അപേക്ഷ ഫീസ് ഈടാക്കുന്നത് ?ബന്ധപ്പെട്ടവര്‍ ഇതിന് മറുപടിപറയാത്തിടത്തോളം കാലം ഈ ചോദ്യം അവശേഷിക്കുകതന്നെ ചെയ്യും.പിഎസ്‌സി പരീക്ഷയുടേത് പോലെ ചോദ്യപേപ്പറും ഉത്തരമെഴുതാനുള്ള ഒഎംആര്‍ ഷീറ്റുമാണ് മിക്ക പരീക്ഷകളിലും വിതരണം ചെയ്യാറുള്ളത്. കൂടാതെ പരീക്ഷ എഴുതി ജയിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കണം. ഇതിനും അനുബന്ധ നടപടികള്‍ക്കുമായി ഇത്രയും ഫീസ് വാങ്ങേണ്ടതുണ്ടോ ?അതോ പണം സമ്പാദിക്കാനുള്ള മാര്‍ഗമാണോ സര്‍ക്കാറിന് ഇത്തരം പരീക്ഷകള്‍.