Thursday, July 15, 2010

സുതാര്യകേരളം പോസ്‌റ്റ്‌മാന്‍ ജോലി ചെയ്യുകയാണോ ...?



തലക്കെട്ടായി ഉന്നയിച്ച ചോദ്യം ഉയര്‍ന്നുപൊങ്ങാന്‍ തുടങ്ങിയിട്ട്‌ കാലങ്ങളേറെയായി. അടുത്തിടെയായി എന്റെ വിവരാവകാശ സുഹൃത്തുക്കളുംസ സാധാരണക്കാരായ പരാതിക്കാരും ഈ ചോദ്യം വ്യാപകമായി ചോദിച്ചുതുടങ്ങിയിരിക്കുന്നു.



ജനകീയ പ്രശ്‌നങ്ങള്‍ നേരിട്ടവതരിപ്പിക്കാന്‍ മുഖ്യമന്ത്രി അധ്യക്ഷനായി പ്രവര്‍ത്തിക്കുന്ന സുതാര്യകേരളത്തില്‍ നല്‍കുന്ന പരാതികളില്‍ നടപടി കൈകൊള്ളുന്നതില്‍ വ്യാപക അപാകതകളുള്ളതായി ആക്ഷേപം. അടുത്തകാലത്തായി പരാതി നല്‍കിയ വിവിധ പരാതികളില്‍ സുതാര്യകേരളം സ്വീകരിച്ച നടപടികള്‍ ഫലപ്രദമല്ലെന്നതാണ്‌ ആക്ഷേപത്തിന്‌ കാരണം.
പരാതി നല്‍കിയാല്‍ പ്രസ്‌തുത പരാതി വകുപ്പുതല അന്വേഷണങ്ങള്‍ക്കായി അയച്ചുകൊടുക്കുക മാത്രമാണ്‌ സുതാര്യകേരളം വകുപ്പ്‌ ചെയ്‌തുവരുന്നത്‌. ഒരാഴ്‌ചക്കുള്ളില്‍ അടിയന്തിര റിപ്പോര്‍ട്ട്‌ നല്‍കണമെന്നും ആവശ്യപ്പെടുന്നു. എന്നാല്‍ ഈ നിര്‍ദേശം എല്ലാ കത്തുകളിലും നേരത്തെ പ്രിന്റ്‌ ചെയ്‌തതിനാല്‍ പ്രഹസനമാകുകയാണ്‌.
എന്നാല്‍ വിവിധ വകുപ്പുകള്‍ മാസങ്ങള്‍ കഴിഞ്ഞാണ്‌ റിപ്പോര്‍ട്ട്‌ തിരികെ നല്‍കുന്നത്‌. ചില വകുപ്പുകള്‍ റിപ്പോര്‍ട്ട്‌ നല്‍കുന്നുമില്ല. നല്‍കാത്ത വകുപ്പിനോട്‌ കാരണമന്വേഷണങ്ങളും നടക്കുന്നില്ലെന്ന്‌ വിവിധ സംഭവങ്ങള്‍ തെളിയിക്കുന്നു.
മലപ്പുറം ജില്ലയില്‍ ലീഗല്‍മെട്രോളജി വകുപ്പ്‌ അനധികൃതമായി ഓട്ടോറിക്ഷ തൊഴിലാളികളില്‍ നിന്ന്‌ ഫെയര്‍മീറ്റര്‍ കുടിശ്ശിക പിരിച്ചെടുത്തത്‌ സംബന്ധിച്ച്‌ നല്‍കിയ പരാതിയില്‍ എട്ട്‌ മാസം കഴിഞ്ഞ ശേഷമാണ്‌ അന്വേഷണം പൂര്‍ത്തിയാക്കിയത്‌. എന്നാല്‍ റിപ്പോര്‍ട്ട്‌ സര്‍ക്കാറിന്‌ ഇതുവരെ സമര്‍പ്പിച്ചിട്ടുമില്ല. എന്നാല്‍ എട്ട്‌ മാസം മുമ്പ്‌ സുതാര്യകേരളത്തില്‍ നിന്ന്‌ സംസ്ഥാന ലീഗല്‍മെട്രോളജി വകുപ്പിന്‌ കൈമാറിയ കത്തില്‍ ഒരാഴ്‌ചക്കുള്ളില്‍ അടിയന്തിര റിപ്പോര്‍ട്ട്‌ നല്‍കാനാണ്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌. എന്നാല്‍ കത്ത്‌ നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതു സംബന്ധിച്ച യാതൊരു അന്വേഷണവും സുതാര്യകേരളത്തിന്റെ ഓഫീസ്‌ അന്വേഷിച്ചില്ലെന്നത്‌ ഈ വകുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്‌.

സുതാര്യ കേരളത്തിന്‌ റിപ്പോര്‍ട്ട്‌ ലഭിക്കുന്ന റിപ്പോര്‍ട്ടുകളില്‍ മാത്രമാണ്‌ പലപ്പോഴും നടപടി കൈകൊള്ളാറുള്ളത്‌. ഇത്തരത്തിലുള്ളത്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദൂരദര്‍ശനുമായി യോജിച്ച്‌ നടത്തുന്ന ടെലിവിഷന്‍ പരിപാടിയില്‍ അവതരിപ്പിക്കുകയും നടപടിക്കായി നിര്‍ദേശിക്കുമെന്നല്ലാതെ വീഴ്‌ചവരുത്തിയവര്‍ക്കുള്ള ശിക്ഷ നല്‍കുന്ന രീതിയോ നിലവിലില്ല.
മലപ്പുറത്തെ ആര്‍ട്ട്‌ ഗ്യാലറി തുറക്കാത്തത്‌ സംബന്ധിച്ച്‌ ദയാനന്ദന്‍ എന്നയാള്‍ സുതാര്യകേരളത്തില്‍ പരാതിപ്പെട്ടപ്പോള്‍ ജില്ലാകലക്ട്രേറ്റിലെ വിവരങ്ങള്‍ അയച്ചുകൊടുക്കുക മാത്രമാണ്‌ ഈ വകുപ്പ്‌ ചെയ്‌തത്‌. കൂടാതെ കോട്ടക്കലിലെ മാലിനീകരണ പ്രശ്‌നത്തെ കുറിച്ച്‌ കളം രാജനും, ജില്ലയിലെ ഓട്ടോറിക്ഷകളില്‍ ഫെയര്‍മീറ്റര്‍ സ്ഥാപിക്കാത്തതു സംബന്ധിച്ച്‌ കെ ഷാജി നല്‍കിയ പരാതിയിലും നടപടിയെടുക്കുന്നതിന്‌ പകരം വിവിധ വകുപ്പുകളിലെ റിപ്പോര്‍ട്ട്‌ സുതാര്യകേരളത്തിന്റെ കത്തിനോടൊപ്പം അയക്കുകയാണ്‌ ചെയ്‌തതെന്ന്‌ പരാതിക്കാര്‍ പറയുന്നു. അതെ സമയം ദൂരദര്‍ശനില്‍ നടന്നുവരുന്ന പ്രോഗ്രാമിലും നടപടിയെടുക്കാനായി ഉദ്യോഗസ്ഥനോട്‌ നിര്‍ദേശിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. എന്നാല്‍ ഇത്‌ പിന്നീട്‌ പരിഹരിച്ചോ എന്നുള്ള അന്വേഷണവും നടത്താറില്ല.

ഇതെ തുടര്‍ന്ന്‌ സുതാര്യകേരളത്തില്‍ പരാതി നല്‍കാന്‍ മടിക്കുകയാണ്‌ പലരും.സാധാരണക്കാരന്‌ ഏറ്റവും ഫലപ്രദമെന്ന രീതിയിലുള്ള പ്രചാരണപരിപാടികളാണ്‌ ദൂരദര്‍ശനില്‍ വിവിധ പ്രോഗ്രാമുകളുടെ ഇടവേളകളിലായി നല്‍കിവരുന്നത്‌. എന്നാല്‍ ലക്ഷങ്ങള്‍ നല്‍കി പരസ്യം നല്‍കി വകുപ്പിനെ പ്രശസ്‌തമാക്കുമ്പോഴും പരാതികളില്‍ തപാല്‍ക്കാരന്റെ ജോലിക്കുസമാനമാണ്‌ ഈ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെന്നത്‌ ശരിവെക്കുകയാണ്‌. സാധാരണക്കാരന്റെ നികുതിപണം ചെലവഴിച്ച്‌ പോസ്‌റ്റ്‌മാന്റെ ജോലിചെയ്യാനാണ്‌ ഈ സമിതിയെങ്കില്‍ ഇതിനെ നിലനിര്‍ത്തുന്നതിന്‌ പകരം പിരിച്ചുവിട്ടുകൂടെ......

Tuesday, June 22, 2010

കാറ്റില്‍പറത്തുന്ന ഹൈക്കോടതി വിധികള്‍

ഹൈക്കോടതിയിലെ വിധികള്‍ക്ക്‌ വലിയ പ്രാധാന്യം നല്‍കുന്നതില്‍ നമ്മുടെ മാധ്യമങ്ങള്‍ ജാഗരൂഗരാണ്‌. പൊതു സ്ഥലത്തെ തുപ്പല്‍ നിരോധനം മുതല്‍ പുകവലി നിരോധനംവരെ നിരവധി നിരോധനങ്ങള്‍. ഇവയെല്ലാം നടപ്പില്‍വരുത്തുന്നതില്‍ പലപ്പോഴും നമ്മുടെ നിയമപാലകര്‍ പരാജയപ്പെടുകയോ, ആ വഴി മറക്കുകയോ ആണ്‌ ചെയ്‌ത്‌കൊണ്ടിരിക്കുന്നത്‌. പറഞ്ഞുവന്നത്‌ ഹൈക്കോടതി പുറപ്പെടുവിച്ച വളരെ പ്രധാനപ്പെട്ട ഒരു ഉത്തരവിനെ നമ്മുടെ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ അധികാരികളും ഉദ്യോഗസ്ഥന്മാരും ചേര്‍ന്ന്‌ അട്ടിമറിക്കുന്നതെങ്ങിനെയത്‌ എന്നത്‌ സംബന്ധിച്ചാണ്‌.

സര്‍ക്കാര്‍-എയിഡഡ്‌ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന ഹൈക്കോടതിവിധി ഉദ്യോഗസ്ഥരുടെ അലംഭാവം കരാണം പ്രഖ്യാപനത്തിലൊതുങ്ങുകയാണ്‌. കേരളാ വിദ്യാഭ്യാസ നിയമത്തിലെ മിക്ക നിര്‍ദേശങ്ങളും പാലിക്കാതെയാണ്‌ നമ്മുടെ സാക്ഷരസുന്ദര കേരളത്തിലെ
നിരവധി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്‌. മിക്ക സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ക്കാനുപാതികമായി മൂത്രപ്പുര, കക്കൂസ്‌, കുടിവെള്ള സൗകര്യം, ക്ലാസ്‌ റൂം സൗകര്യമോ വേണ്ടത്രയില്ല.

സ്‌മാര്‍ട്ട്‌ ക്ലാസ്‌ റൂമെന്ന പേരില്‍ സര്‍ക്കാര്‍ വിവിധ നൂതനപദ്ധതികള്‍ ആരംഭിക്കുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ്‌ ഇവ പ്രവര്‍ത്തിക്കുന്നത്‌. കൂടാതെ മഴക്കാലത്ത്‌ ചോര്‍ന്നൊലിക്കുന്ന ക്ലാസ്‌ മുറികളിലിരുന്നും, ഒരു ബെഞ്ചില്‍ ആറും, ഏഴും കുട്ടികളെ ഇരുത്തിയും അധ്യയനം നടത്തുന്നതും നമ്മുടെ സ്‌കൂളിലെ നിത്യകാഴ്‌ചയാണല്ലോ..?

സര്‍ക്കാര്‍ സ്‌കൂളുകളെ അവഗണിച്ച്‌ അത്യാധുനിക സൗകര്യങ്ങളുള്ള സിബിഎസ്‌ഇ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ ചേര്‍ക്കുന്ന പ്രവണതയും വര്‍ദ്ദിച്ചുവരുന്നു. സാധാരണയായി ഒരു ക്ലാസില്‍ പരമാവധി 45 വിദ്യാര്‍ഥികളെ ഇരുത്താറുള്ളതെങ്കിലും ഭാഷാ ക്ലാസുകളില്‍ 120 ഓളം കുട്ടികളെ ഇരുത്തി പഠിപ്പിക്കുന്നതും പുതിയകാര്യമില്ലെങ്കിലും എന്നാണിതൊക്കെ ശരിയാകുക.

ഓരോ ജില്ലയിലെയും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ഡിഇഒ, എഇഒ, പഞ്ചായത്ത്‌ അധികൃതര്‍, അതത്‌ സ്‌കൂളിലെ പ്രധാനധ്യാപകര്‍ എന്നിവര്‍ക്കാണ്‌ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന്റെ ചുമതലയെങ്കിലും മാനേജ്‌മെന്റുകള്‍ തയ്യാറാകാത്തതിനാലും ഉദ്യോഗസ്ഥരുടെ അലംഭാവവുംമൂലം ഹൈക്കോടതി ഉത്തരവ്‌ കടലാസിലൊതുങ്ങുകയാണ്‌.

ഒന്നിലേറെ നിലകളുള്ള സ്‌കൂള്‍ കെട്ടിടങ്ങളില്‍ ,സിമന്റ്‌കൊണ്ട്‌ തേച്ചുറപ്പിക്കാത്തതും, വിദ്യാര്‍ഥികള്‍ക്ക്‌ ഇങ്ങാന്‍ കെട്ടിടത്തിന്റെ ഇരുഭാഗങ്ങളില്‍ കോണിസ്ഥാപിക്കാത്തതുമായ നിരവധി കെട്ടിടങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി എങ്ങിനെ പറയാതിരിക്കാനാകും.അപകട ഭീഷണി ഉയര്‍ത്തുന്ന കെട്ടിടങ്ങള്‍ ഉണ്ടായിട്ടും ഇതൊന്നും പരിശോധിക്കാതെ ചില മാനേജ്‌മെന്റുകളുടെയും, രാഷ്ട്രീയക്കാരുടെയും സ്വാധീനത്തിനുവഴങ്ങി വര്‍ഷേതോറും ഫിറ്റനസ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിവരുന്നതുമായ ഒരു ഉദ്യോഗസ്ഥവൃന്ദത്തെ പാടെ ആക്ഷേപിക്കുന്നതില്‍ കഴമ്പില്ലെങ്കിലും പറയേണ്ടത്‌ പറയാതിരിക്കാനെങ്ങനെ സാധിക്കും.

മലബാര്‍ മേഖലയില്‍ രണ്ടുവര്‍ഷത്തിനിടെ പുതുതായി അനുവദിച്ച പ്ലസ്‌ വണ്‍ സീറ്റുകള്‍ക്കാനുപാതികമായി പ്രത്യേക കെട്ടിട സൗകര്യമില്ലാത്തതിനാല്‍ നിരവധി സ്‌കൂളുകളില്‍ താത്‌ക്കാലിക കെട്ടിടത്തിലാണ്‌ ഇത്തരം ക്ലാസുകള്‍ നടത്തുന്നത്‌. മലപ്പുറം, പാലക്കാട്‌ , കോഴിക്കോട്‌ ജില്ലകളിലെ ചില പ്രമുഖ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ കലാപരിപാടികള്‍ നടത്തുന്ന സ്റ്റേജില്‍വെച്ചാണ്‌ ഇപ്പോഴും ക്ലാസുകള്‍ നടത്തിവരുന്നത്‌. സ്‌കൂളുകളിലെ ഷിഫ്‌റ്റ്‌ സമ്പ്രദായത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന്‌ ഈ അസൗകര്യമാണ്‌.

2009 മാര്‍ച്ച്‌ 16 ന്‌ വടക്കാഞ്ചേരി സ്വദേശി കെപി ജെയ്‌സണ്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ്‌ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യമൊരുക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട്‌ ഉത്തരവിട്ടത്‌്‌. എന്നാല്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്‌ 2009 മെയ്‌ 27നാണ്‌ വിവിധ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെത്തിയതെന്ന്‌ വിദ്യാഭ്യാസ ഡയറക്ടറില്‍ നിന്നും ടിപി മുജീബ്‌റഹിമാന്‌ പത്തിരിയാല്‍ എന്നയാള്‍ക്ക്‌ ലഭിച്ച വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നു. അതായത്‌ റിപ്പോര്‍ട്ട്‌ പോസ്‌റ്റ്‌ ഓഫീസുവഴി എത്തിച്ചേരാനുള്ള ഒരു കാലതാമസം....ശിവ..ശിവ....

റിപ്പോര്‍ട്ട്‌ വിവിധ ഓഫീസുകളിലെത്താന്‍ വൈകിയതിനുപിന്നിലും സ്വകാര്യ മാനേജ്‌മെന്റുകളാണെന്ന ആരോപണം ശക്തമാണ്‌. എന്നാല്‍ റിപ്പോര്‍ട്ടില്‍ നടപടി കൈകൊള്ളുന്നതില്‍ ഉദ്യോഗസ്ഥര്‍മാര്‍ക്ക്‌ സാധിക്കുന്നില്ലെന്ന മറുപടിയാണ്‌ വിവിധ ജില്ലാകേന്ദ്രങ്ങളില്‍ നിന്ന്‌ ഡിപിഐക്ക്‌ ലഭിച്ചത്‌.ഹൈക്കോടതിവിധിയനുസരിച്ച്‌ സ്വീകരിച്ച നടപടികളെ ആരാഞ്ഞുകൊണ്ട്‌ രാമനാട്ടുകര സ്വദേശി മനോജ്‌കേദാരം സമര്‍പ്പിച്ച വിവരാവകാശ അപേക്ഷക്ക്‌ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുഹമ്മദ്‌ ഹനീഷ്‌ ഒപ്പുവെച്ച മറുപടിയിലും ഡിഡിഇമാര്‍ കൃത്യമായ റിപ്പോര്‍ട്ട്‌ നല്‍കുന്നില്ലെന്ന മറുപടിയാണ്‌ നേരത്തെ ലഭിച്ചത്‌.

ഇതു സംബന്ധിച്ച്‌ മൂന്നുതവണ റിപ്പോര്‍ട്ട്‌ അയക്കാനായി മെമ്മോ അയച്ചിട്ടും മിക്ക ജില്ലാവിദ്യാഭ്യാസ ഓഫീസര്‍മാരും മാസങ്ങള്‍ കഴിഞ്ഞാണ്‌ മറുപടി നല്‍കിയത്‌. മൂന്നുമാസം കഴിഞ്ഞാണ്‌ മലപ്പുറം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ മറുപടി നല്‍കിയത്‌. അതെസമയം ജില്ലയിലെ വിവിധ സര്‍ക്കാര്‍-എയിഡഡ്‌ സ്‌കൂളുകള്‍ക്കായി എസ്‌എസ്‌എ പദ്ധതിപ്രകാരം അനുവദിച്ച ലക്ഷക്കണക്കിന്‌ രൂപയും പദ്ധതിപൂര്‍ത്തീകരണത്തിലെ അപാകതകാരണം നഷ്ടപ്പെടുകയാണുണ്ടായത്‌.

എന്തുകൊണ്ടാണിത്‌ ? സ്‌കൂള്‍ പ്രധാനധ്യാപകര്‍ക്ക്‌ അയച്ച കത്ത്‌ വേസ്റ്റ്‌ ആയി എന്നതല്ലാതെ ആരാണ്‌ നടപടിയെടുത്തത്‌ ? അല്ലെങ്കിലും മാനേജ്‌മെന്റുകളോട്‌ ചോദ്യംചെയ്യാന്‍ ആരുണ്ടിവിടെ ? 10 ഉം 15 ഉം ലക്ഷക്കണക്കിന്‌ രൂപവാങ്ങി അധ്യാപകരെ നിയമിക്കുന്ന മാനേജ്‌മെന്റുകള്‍ക്ക്‌ അതിന്റെ നൂറിലൊരംശം ചെവവഴിച്ച്‌ കുട്ടികള്‍ക്കാനുപാതികമായ മൂത്രപ്പുരയും, കക്കൂസ്‌, നല്ലകെട്ടിടങ്ങള്‍ സ്ഥാപിച്ചാലും ലാഭത്തിന്റെ കാര്യത്തില്‍ വലിയകുറവൊന്നും സംഭവിക്കില്ല .. പക്ഷെ ഇതൊക്കെ ആര്‌ അനുസരിക്കാന്‍...........? ഇവിടെ രണ്ടുതരത്തിലെ നീതി ഒരിക്കലും
ഈ ഘട്ടത്തില്‍ ബഹു ഹൈക്കോടതിയുടെ സത്യവാങ്ങ്‌മൂലം വിപ്ലവമാകുമെന്ന്‌ പ്രതീക്ഷിക്കാം .

Wednesday, May 5, 2010

മലബാറെന്താ കേരളത്തിലല്ലേ.....

എസ്‌ എസ്‌ എല്‍ സി ഫലം പുറത്തുവന്നു. ഇത്തവണയും കോരന്‌ കഞ്ഞി കുമ്പിളില്‍ തന്നെയെന്നപോലെ മലബാറിന്റെ വിദ്യാഭ്യാസ പ്രശ്‌നം പരിഹരിക്കാന്‍ പുതിയതായുള്ള സീറ്റുകളുടെ പ്രഖ്യാപനവുമില്ല. മുസ്‌്‌ലിം മതവിശ്വാസികള്‍ കൂടുതലുള്ള മലബാര്‍ ജില്ലകളില്‍ വര്‍ഷങ്ങളോളമായി പത്താംതരത്തിന്‌ ശേഷം ഉപരിപഠന സൗകര്യമില്ലാതെ വിഷമിക്കുകയാണ്‌ മലബാറിലെ ആയിരക്കണക്കിന്‌ വിദ്യാര്‍ഥികള്‍. പ്രത്യേകിച്ച്‌ മലപ്പുറം ജില്ലയില്‍...പച്ചയും,ചുവപ്പും, മൂവര്‍ണ്ണക്കൊടിയുമെല്ലാം വിദ്യാഭ്യാസം ഭരിച്ചിട്ടും ഈ പ്രശ്‌നത്തിന്‌ ശാശ്വത പരിഹാരം കണ്ടെത്താനായിട്ടില്ല.
അതെ സമയം തെക്കന്‍ ജില്ലകളില്‍ ആയിരക്കണക്കിന്‌ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. ഏത്‌ മാര്‍ക്കില്ലാത്ത കുട്ടിക്കും പ്ലസ്വണ്ണിന്‌ സയന്‍സോ, കൊമേഴ്‌സോ പഠിക്കാം.ഹ്യൂമാനിറ്റീസിന്‌ എത്ര പരിഗണന കിട്ടുന്നു എന്നത്‌ പരിശോധിക്കേണ്ട കാര്യമാണ്‌.
എന്നാലും നമ്മുടെ വിദ്യാഭ്യാസ മന്ത്രിയുടെ വര്‍ത്തമാനത്തില്‍ മലബാറിലെ പ്രശ്‌നം അങ്ങ്‌ ഉദിച്ചു കാണുന്നില്ല.എസ്‌എസ്‌എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിന്‌ യോഗ്യത നേടിയ എല്ലാവര്‍ക്കും ഉപരിപഠന സൗകര്യമുണ്ടെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്‌താവന ആവര്‍ത്തിക്കുമ്പോഴും ഉപരിപഠന സീറ്റിന്റെ കാര്യത്തില്‍ കടുത്തആശങ്കയിലാണ്‌ മലബാറിലെ ആയിരക്കണക്കിന്‌ വിദ്യാര്‍ഥികള്‍. മലപ്പുറം ജില്ലയുടെ കാര്യം തന്നെയെടുക്കാം. 71113 വിദ്യാര്‍ഥികളാണ്‌ മലപ്പുറം ജില്ലയില്‍ നിന്നും ഇത്തവണ പരീക്ഷ എഴുതിയത്‌. ഇവരില്‍ 61805 പേര്‍ ഉപരിപഠനത്തിന്‌ അര്‍ഹത നേടിയെങ്കിലും 8,534
വിദ്യാര്‍ഥികള്‍ക്ക്‌ പ്ലസ്‌വണ്‍ പ്രവേശനത്തിന്‌ സീറ്റില്ലാത്ത അവസ്ഥയാണുള്ളത്‌.
വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍,പോളിടെക്‌നിക്‌, ഐടിസി, ഐടിഐ എന്നീ സ്ഥാപനങ്ങളിലായി ജില്ലയില്‍ ആകെ 53,271 സീറ്റ്‌ മാത്രമാണുള്ളത്‌.

ഇനി മേഖലയില്‍ നിലവിലുള്ള പ്ലസ്‌ വണ്‍ പഠനത്തിന്റെ അവസ്ഥ നോക്കാം .
മിക്ക സ്‌കൂളുകളിലും പരമ്പരാഗത പ്ലസ്‌ടുകോഴ്‌സുകളാണ്‌ ഇപ്പോഴും തുടരുന്നത്‌. വിഷയങ്ങളെ ഹ്യൂമാനിറ്റീസ്‌, കൊമേഴ്‌സ്‌, സയന്‍സ്‌ എന്നിങ്ങനെ വിഭജിക്കുന്നുണ്ടെങ്കിലും ഇവയിലെ ഉപവിഭാഗങ്ങളില്‍ മിക്ക കോഴ്‌സുകളും മേഖലയില്‍ പഠിപ്പിക്കപ്പെടുന്നില്ല. ജോലി സാധ്യതയുള്ള നിരവധി കോഴ്‌സുകള്‍ പഠിക്കാന്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക്‌ കഴിയാറില്ല.ഹ്യൂമാനിറ്റീസ്‌ വിഷയത്തില്‍ 32 കോംപിഷേനുള്ള കാര്യം അധികമാര്‍ക്കും അറിവില്ല.ഇക്കണോമിക്‌സ്‌, ഹിസ്‌റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്‌ എന്നിവയോടൊപ്പം നാലാംവിഷയമായി സോഷ്യോളജി,ജ്യോഗ്രഫി,ജിയോളജി എന്നീ വിഷയങ്ങളാണ്‌ ജില്ലയിലെ മിക്ക പ്ലസ്‌വണ്‍ ക്ലാസിലും കോംപിനേഷനായുള്ളത്‌.സോഷ്യോളജി, സോഷ്യല്‍വര്‍ക്ക്‌, സൈക്കോളജി, സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ ഉള്‍പ്പെടുന്ന കോംപിനേഷന്‍ ജില്ലയിലെ മൂന്ന്‌ കേന്ദ്രങ്ങളില്‍ മാത്രമാണുള്ളത്‌.ഇക്കണോമിക്‌സ്‌, പൊളിറ്റിക്കല്‍ സയന്‍സ്‌,ഇക്കണോമിക്‌സ്‌ എന്നിവയോടൊപ്പം സ്റ്റാറ്റാറ്റിക്‌സും പഠിപ്പിക്കുന്ന മൂന്ന്‌ കേന്ദ്രങ്ങളാണുള്ളത്‌.ഇനി ഗാന്ധിയന്‍ പഠനം,സംഗീതം, തത്വശാസ്‌ത്രം,ആന്ത്രപോളജി എന്നിങ്ങനെയുള്ള വിഷയങ്ങള്‍ പഠിക്കണമെങ്കില്‍ അവര്‍ക്ക്‌ ജില്ല വിടുകയല്ലാതെ മറ്റുമാര്‍ഗമില്ല.ജോലി സാധ്യത ഏറെയുള്ള ജേര്‍ണലിസം,സോഷ്യല്‍ വര്‍ക്ക്‌, കമ്മ്യൂണിക്കറ്റീവ്‌ ഇംഗ്ലീഷ്‌, കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീവിഷയങ്ങള്‍ ഉള്‍പ്പെടുന്ന അപൂര്‍വ്വ ശ്രേണിയും ഹ്യൂമാനിറ്റീസ്‌ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും പഠിക്കാന്‍ മറ്റുജില്ലകളിലേക്ക്‌ പോകണം.

32 കോംപിനേഷനുള്ള ഹ്യൂമാനിറ്റീസ്‌ ഗ്രൂപ്പിലെ 19 വിഭാഗങ്ങള്‍ ജില്ലയിലൊരിടത്തും പഠിപ്പിക്കപ്പെടുന്നില്ല. ശേഷിയുള്ള പതിമൂന്നില്‍ മിക്കതും വിരലിലെണ്ണാവുന്നവ മാത്രമെ ഉള്ളൂ.
ഇനി സയന്‍സ്‌ ഗ്രൂപ്പിന്റെയും സ്ഥിതി വിഭിന്നമല്ല.ഈ ്‌ഗ്രൂപ്പില്‍ ആകെ ഒമ്പത്‌ കോംപിനേഷനാണുള്ളത്‌. ഇതില്‍ കണക്ക്‌, ഫിസിക്‌സ്‌,കെമിസ്‌ട്രി, ബയോളജി ഉള്‍പ്പെടുന്ന കോഴ്‌സ്‌ ആണ്‌ മിക്ക സ്‌കൂളുകളിലും ഉള്ളത്‌.മറ്റുകോംപിനേഷന്‍ കോഴ്‌സുകള്‍ പഠിക്കണമെങ്കിലും മറ്റു ജില്ലകളെ ആശ്രയിക്കണം. കംപ്യൂട്ടര്‍ സയന്‍സും,ജിയോളജിയും ഉള്‍പ്പെടുന്ന സയന്‍സ്‌ വിഭാഗം പൊന്നാനി എംഇഎസ്‌ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മാത്രമാണുള്ളത്‌. ഫിസിക്‌സ്‌,കെമിസ്‌ട്രി വിഷയങ്ങളോടൊപ്പം കണക്ക്‌-ഹോംസയന്‍സ്‌, ജിയോളജി-കണക്ക്‌, ഇലക്ട്രോണിക്‌സ്‌-കണക്ക്‌, ബയോളജി-സൈക്കോളജി, സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌-കണക്ക്‌ തുടങ്ങിയ കോംപിനേഷനില്‍ ഇതുവരെ ഒരു സ്ഥാപനത്തിലും പഠിക്കാന്‍ കോഴ്‌സ്‌ നിലവിലില്ല.

കൊമേഴ്‌സ്‌ ഗ്രൂപ്പില്‍ മാത്രമാണ്‌ അല്‍പ്പംപോലും കോംപിനേഷനുള്ളത്‌. അധിക സാമ്പത്തിക ബാധ്യത വരുംമെന്ന കാരണം പറഞ്ഞ്‌ പുതിയ കോഴ്‌സുകള്‍ അനുവദിക്കാന്‍ വിവിധ സര്‍ക്കാറുകള്‍ തയ്യാറാകാത്തതിനാല്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക്‌ ജോലിസാധ്യതയുള്ള നിരവധി മികച്ച കോഴ്‌സുകളില്‍ പഠനം നടത്താനോ, തങ്ങളുടെ അഭിരുചിക്കനുസരിച്ച്‌ പഠനം നടത്താനോ സാധിക്കാതെ പോകുന്നു.
സീറ്റ്‌ ലഭിക്കാത്തവരെല്ലാം സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളെ തന്നെ ആശ്രയിക്കേണ്ടിവരും. ഇവിടങ്ങളില്‍ നിന്ന്‌ ട്യൂഷന്‍ നല്‍കി ഓപ്പണ്‍സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്‌തുവേണം പരീക്ഷ എഴുതാന്‍. എന്നാല്‍ ദുരിതമനുഭവിക്കുന്നവനെ വീണ്ടും പ്രയാസത്തിലാക്കുന്ന നടപടികളാണ്‌ ഓപ്പണ്‍സ്‌കൂള്‍ അധികൃതരില്‍ നിന്നുണ്ടാകുന്നത്‌.

കയ്യിട്ടുവാരാന്‍ ഓപ്പണ്‍ സ്‌കൂള്‍

മുന്‍ വര്‍ഷങ്ങളില്‍ ആയിരക്കണക്കിനു സീറ്റുകള്‍ തെക്കന്‍ ജില്ലകളില്‍ ഒഴിഞ്ഞു കിടന്നപ്പോഴെല്ലാം മുക്കാല്‍ ലക്ഷത്തോളം വിദ്യാര്‍ഥികളാണ്‌ സംസ്ഥാന ഓപ്പണ്‍ സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്‌ത്‌ പരീക്ഷ എഴിതിയത്‌. എന്നാല്‍ രജിസ്‌ട്രേഷന്‍ മുതല്‍ പരീക്ഷാ ഫീസിന്റെ കാര്യത്തില്‍വരെ കടുത്ത വിവേചനവും ഇവര്‍ നേരിടേണ്ടിവരുന്നു

ഓപ്പണ്‍ സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ പരീക്ഷ എഴുതാനുള്ള സൗകര്യമുണ്ടാകും എന്നാണ്‌ പ്രധാന കാര്യം. പാഠ പുസ്‌തകത്തിന്‌ അപേക്ഷ നല്‍കി പണമടച്ചിട്ടുണ്ടെങ്കില്‍ പരീക്ഷയുടെ ഒരാഴ്‌ചമുമ്പ്‌ ഭാഗ്യമുണ്ടെങ്കില്‍ പുസ്‌തകം ലഭിക്കും എന്നാണ്‌ കഴ്‌ഞ്ഞവര്‍ഷം വരെയുള്ള അനുഭവം.കിട്ടിയാല്‍കിട്ടി..പോയാല്‍പോയി എന്ന ഒരുതരം കറക്കികുത്തി കളിപോലെ...

റഗുലര്‍ വിദ്യാര്‍ഥികള്‍ക്ക്‌ അപേക്ഷാ ഫോമിന്‌ നല്‍കുമ്പോള്‍ പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ നടത്തിയ വിദ്യാര്‍ഥികള്‍ 50 രൂപ നല്‍കണം. 2006 വരെ ഇത്‌ നൂറ്‌ രൂപയായിരുന്നു.ഇപ്രകാരം 450 രൂപവരെ സമാന്തര സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന്‌ ഈടാക്കുമ്പോള്‍ റഗുലര്‍ വിദ്യാര്‍ഥി 230 രൂപ നല്‍കിയാല്‍ മതി.ഇത്തരത്തില്‍ ഉയര്‍ന്ന രജിസ്‌ട്രേഷന്‍ ഈടാക്കിയതിലൂടെ 21കോടി രൂപയുടെ ലാഭമാണ്‌ ഓപ്പണ്‍ സ്‌കൂള്‍ സമ്പാദിച്ചു കൂട്ടിയത്‌. 2008 വരെയുള്ള കാലയളവില്‍ 42,63,40601 രൂപ വരവ്‌ ലഭിച്ചപ്പോള്‍ 21,71,48375 രൂപയാണ്‌ ചെലവ്‌ വന്നത്‌.ലാഭമായി കിട്ടിയത്‌ 20,91,92226 രൂപ.വിവരാവകാശ നിയമ പ്രകാരം ലഭിച്ച കണക്കുകളാണിത്‌.
4രൂപ36പൈസ പ്രിന്റിംഗ്‌ ചെലവുള്ള അപേക്ഷഫോമിന്‌ 100 രൂപ വീതമാണ്‌ പ്രൈവറ്റ്‌ വിദ്യാര്‍ഥികളില്‍ നിന്ന്‌ ഈടാക്കുന്നത്‌.

ലാഭം വേണമെങ്കില്‍ എത്രയും നേടിക്കോളാം ; ആനുകൂല്യം ചോദിക്കരുത്‌


കള്ള്‌ ചെത്ത്‌ തൊഴിലാളിക്കുവരെ പെന്‍ഷന്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാറാണ്‌ നമ്മെ ഭരിക്കുന്നത്‌. എന്നാല്‍ പാരല്‍കോളേജില്‍ പഠിപ്പിക്കുന്ന ഒരു അധ്യാപകന്‌ പെന്‍ഷനോ, വിദ്യാര്‍ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പോ ഒന്നും തന്നെ നല്‍കാന്‍ ഇവിടെ ആരും തയ്യാറല്ല.ഈ വിദ്യാര്‍ഥികളുടെ സര്‍ഗപരമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍പോലും അവസരമില്ല. ഇനി പാരല്‍കോളേജ്‌ സംസ്ഥാന കമ്മിറ്റിയെങ്ങാനും ഒരു മത്സരം സംഘടിപ്പിച്ചാല്‍ പോലും അതിന്റെ ഉദ്‌്‌ഘാടനം നിര്‍വഹിക്കാന്‍പോലും ക്ഷണിച്ചിട്ടു വരാത്ത മന്ത്രിമാരുണ്ട്‌. അവഗണനകളുടെ കഥകള്‍ അങ്ങനെ നീണ്ടുപോകുന്നു.

വിദ്യാഭ്യാസ-സാംസ്‌ക്കാരിക -സാമൂഹിക മേഖലയില്‍ സ്‌തുതിര്‍ഹമായ പങ്കുവഹിച്ച സ്ഥാപനങ്ങളാണ്‌ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ . പ്രത്യേകിച്ച്‌ മലബാര്‍ മേഖലയില്‍. മലബാറിനെ കുറിച്ച അധികം പരിചയപ്പെടുത്തേണ്ട കാര്യമില്ല.സര്ക്കാര്സ്കൂളുകളില് സീററുകള് വര്ദ്ധിപ്പിച്ചുകൊണ്ടും പുതിയ കോഴ്സുകള് ഏര്പ്പെടുത്തിക്കൊണ്ടും പഠനനിലവാരം മെച്ചപ്പെടുത്തിക്കൊണ്ടും മററുമാവണം ഈ പ്രദേശങ്ങളുടെ വിദ്യാഭ്യാസപുരോഗതി ഉറപ്പിക്കുവാന്.

മത സൗഹാര്‍ദത്തിന്റെയും, സാസ്‌ക്കാരിക പൈതൃകത്തിന്റെയും ഈറ്റില്ലമായ ഇവിടെയാണ്‌ വാരിയന്‍കുന്നനും,ആലി മുസ്‌്‌ലിയാരും,മാധവന്‍നായരും രാജ്യത്തിനുവേണ്ടി പടപൊരുതിയത്‌. അത്തരമൊരു ദേശത്തെ പിറകോട്ടുവിലിക്കുന്ന ഏത്‌ പിന്തിരിപ്പന്‍ ഗൂഢ ശക്തികളുണ്ടെങ്കില്‍ അതിനെതിരെ ഒറ്റകെട്ടായി നെഞ്ചുറപ്പോടെ കര്‍മ്മ രംഗത്തിറങ്ങാന്‍ നാം സന്നദ്ധരാകണം.