വീട്ടില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി നടന്ന കൊച്ചുകാര്യങ്ങളെ കുറിച്ച്
സംസാരിച്ചുകൊണ്ടിരിക്കവെയാണ് ഉമ്മ കഴിഞ്ഞ മാസം ജേഷ്ഠന്‍റെ വീട്ട് മുറ്റത്ത് കുരങ്ങന്‍
വന്നതിനെ കുറിച്ച് പറഞ്ഞത്. ഉച്ചക്ക് ഒരു രണ്ടരമണിയായിക്കാണും.എത്ര നിര്‍ബന്ധിച്ചാലും
ഉറങ്ങാന്‍ തയ്യാറാവാതെ മുറ്റത്തിറങ്ങിയ ഏട്ടന്‍റെ കൊച്ചുമോനാണ് അത് കണ്ടത്. വീട്ടുമുറ്റത്തെ
സീതപ്പഴ മരത്തിന് മുകളിലിതാ (ഞങ്ങളതിനെ ചക്കപ്പഴം എന്നാണ് വിളിക്കുക) ഒരു കൊച്ചുകുരങ്ങന്‍.
വീട്ടുകാരെ കണ്ടിട്ടും ആള്‍ക്ക് പോകാനുള്ള പ്ലാനില്ല.ഒടുവില്‍ വീട്ടുകാര്‍
ഇറങ്ങിവന്ന് ഒരു വിധത്തിലാണ് അവനെ കാട്ടിലേക്ക് പറഞ്ഞയച്ചത്.
ഇതിപ്പോള്‍ കുറച്ചായി മൃഗശാലയില്‍ മാത്രം കണ്ടുവന്നിരുന്ന പല വന്യമൃഗങ്ങളും
നാട്ടിന്‍പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങിയിട്ട്. ഏതാണ്ട് ആറ് വര്‍ഷം മുമ്പെ
മയിലുകള്‍ കാടിറങ്ങി വന്ന് വീട്ടിനടുത്തുള്ള തോട്ടത്തില്‍വരെയെത്തിയിട്ട്.ഇന്നിപ്പോള്‍
അതൊരു പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്.ചെറുവണ്ണൂരില്‍ നിന്നും കൊയിലാണ്ടിയിലേക്ക്
കയറ്റം കയറുമ്പോള്‍ പലപ്പോഴും ഏതെങ്കിലും കുറുക്കന്‍ നീയേതാടാ..എന്ന ഭാവത്തില്‍ റോഡിനെ കുറുകെ
മുറിച്ചുകടക്കാറുണ്ട്.കാട്ടുപന്നികളുടെ കാര്യം പിന്നെ പറയേണ്ടതില്ല.
രാത്രിസമയങ്ങളില്‍ ബൈക്കില്‍ സഞ്ചരിക്കവെ കാട്ടുപ്പന്നികളെയിടിച്ച് നാട്ടിലെ പലര്‍ക്കും
പരിക്കേറ്റിട്ടുണ്ട്. കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കാന്‍ തുടങ്ങിയിട്ട് പത്ത്
വര്‍ഷത്തോളമെങ്കിലും ആയിക്കാണും.എന്തിനധികം പലപ്പോഴും പരിസരത്തെ വീട്ടുകളില്‍
നിന്ന് മലമ്പാമ്പുകളെയും പിടികൂടിയിട്ടുണ്ട്.
എവിടെ നിന്നാണ് ഇവയൊക്കെ വരുന്നത് ? അവയുടെ എണ്ണം പെരുകിയതുകൊണ്ടാണോ ? അതോ കാട്ടില്‍ നിന്ന്
ഭക്ഷിക്കാനില്ലാത്തതുകൊണ്ട് നാട്ടിന്‍പുറത്തേക്ക് ഇറങ്ങിയതാണോ ؟
അതോ നമ്മുടെ ഈ നാടെല്ലാം വീണ്ടും കാടാവുകയാണോ ? ഒരുപിടി ചോദ്യങ്ങള്‍ അങ്ങിനെ
അവശേഷിക്കുമ്പോഴാണ് ജേക്കബ് എബ്രഹാം എഴുതിയ മനമേ പക്ഷിഗണങ്ങള്‍ ഉണര്‍ന്നിതാ
പാടുന്നു എന്ന ചെറുകഥ അതിനൊരു ഉത്തരം നല്‍കുന്നത്. ഇതെല്ലാം നാം പലപ്പോഴായി
കാണുന്നതാണെങ്കിലും കൃത്യമായ പ്രകൃതി നിരീക്ഷണത്തിലൂടെ അതെങ്ങിനെ ഒരു കഥയായി
രൂപപ്പെടുന്നു എന്ന് ഈ കഥ വായിക്കുമ്പോള്‍ മനസ്സിലാവും.