
പുതിയ ശീതീകരിച്ച കുടകളുടെ വരവോടെ തൊപ്പികുടകള്‍ക്ക് ചരമഗീതം പാടുകയാണ് ആധുനിക ശീലകുടയുഗം. വര്‍ണ്ണപകിര്‍ട്ടാര്‍ന്നതും, നാനോ ശീലക്കുടകളെല്ലാം പിറവിയെടുക്കും മുമ്പ് പഴയകാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്ന തൊപ്പികുടകള്‍ ഇന്ന് പാടെ അന്യമാകുകയാണ്.
ഒരു കാലത്ത് അഭിമാനമായും, ഫാഷനായും തൊപ്പികുടകള്‍ ഉപയോഗിച്ചിരുന്നെങ്കിലും ഇന്ന് അപൂര്‍വ്വം ചില കര്‍ഷകരിലും, ഉത്സവപറമ്പുകളിലും, മഹാബലി ചിത്രങ്ങളിലുമാണ് ഈ കുടകള്‍ കണ്ടുവരുന്നത്. ആവശ്യക്കാര്‍ ഇല്ലാതായതോടെ തൊപ്പികുടകള്‍ നിര്‍മ്മിച്ചിരുന്നവരും ഈ തൊഴിലിടം വിട്ട് മറ്റുജോലികള്‍ ചെയ്യുകയാണിപ്പോള്‍.
അരീക്കസീയ കുടുമ്പത്തിലുള്‍പ്പെടുന്ന കുടപ്പനയുടെ വീതിയേറിയ ഓലകൊണ്ടാണ് സാധാരണയായി തൊപ്പികുടകള്‍ നിര്‍മ്മിക്കുന്നത്. കുടയുണ്ടാക്കാനായി ഈ പനയുടെ ഓലകള്‍ ഉപയോഗിച്ചതുകൊണ്ടാണ് ഈ വൃക്ഷത്തിന് കുടപ്പന എന്നപേര് ലഭിച്ചത്. കേരളത്തില്‍ ആദ്യകാലങ്ങളില്‍ എല്ലാവരും ഇതിന്റെ പട്ടകള്‍കൊണ്ടുണ്ടാക്കിയ കുടകളായിരുന്നു ഉപയോഗിച്ചിരുന്നത്.
മഴനനയ്യാതെ ജോലിചെയ്യാമെന്നതിനാല്‍ ഇന്ന് കാര്‍ഷിക മേഖലയില്‍ ജോലിചെയ്യുന്ന അപൂര്‍വ്വം കര്‍ഷകര്‍ മാത്രമാണ് തൊപ്പികുട ഉപയോഗിച്ചുവരുന്നത്. വില്‍പ്പനക്കാര്‍ വീടുകള്‍ കയറിയിറങ്ങി ഉപഭോക്താക്കളുടെ തലയുടെ വലുപ്പത്തിനനുസരിച്ച് തൊപ്പികുട നിര്‍മ്മിച്ചുകൊടുക്കുന്ന രീതിയായിരുന്നു നേരത്തയുണ്ടായിരുന്നത്. ചെലവ് കുറഞ്ഞ നിര്‍മ്മാണരീതിയായതിനാല്‍ ഇവയ്‌ക്കുള്ള വിലയും നന്നേകുറവാണ്. 70 മുതല്‍ 90 രൂപവരെ വിലക്കാണ് മലബാര്‍ മേഖലയില്‍ തൊപ്പികുടകള്‍ വില്‍പ്പന നടത്തിവരുന്നത് .
സിഎഫ്‌എല്‍ വിതരണം; വൈദ്യുതികമ്പനികള്‍ ലാഭംകൊയ്യുന്നു
വൈദ്യുതി ഓഫീസുകള്‍ക്കു കീഴില്‍ സിഎഫ്‌എല്‍ ബള്‍ബുകള്‍ വിതരണം ചെയ്യുന്നതിന്റെ മറവില്‍ ബള്‍ബു കമ്പനികള്‍ ലാഭംകൊയ്യുന്നതായി ആക്ഷേപം. നിലവിലെ ബള്‍ബുകളുടെ വിലവര്‍ദ്ദിപ്പിച്ചും, ഉത്‌പാദനം വര്‍ദ്ദിപ്പിച്ചുമാണ് ലാഭംകൊയ്യുന്നത്.
സാധാരണ ബള്‍ബുകള്‍ക്ക് പകരം സിഎഫ്‌എല്‍ (കോംപാക്ട് ഫ്‌ളൂറസന്റ്‌് വിളക്ക് ) വിതരണം ചെയ്യുന്നതിനാല്‍ സിഎഫ്‌എല്‍ ബള്‍ബുകള്‍ ഉപയോഗിക്കുന്ന കുടുമ്പങ്ങള്‍പോലും പുറമെ നിന്ന് സാധാരണ ബള്‍ബുകള്‍ വാങ്ങി കെഎസ്‌ഇബിയില്‍ നല്‍കി സിഎഫ്‌എല്‍ കൈപ്പറ്റുന്നുണ്ടെന്ന് കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ പറയുന്നു.
ഉത്‌പാദനം നിര്‍ത്തിവെച്ചിരുന്ന വിവിധ കമ്പനികളും ഇപ്പോള്‍ ബള്‍ബുകളുടെ ഉത്‌പാദനവുമായി മുന്നോട്ടുവന്നതും ശ്രദ്ധേയമാണ്. നേരത്തെ പത്ത് രൂപക്ക് വില്‍പ്പന നടത്തിയിരുന്ന വിവിധ കമ്പനികള്‍ അടുത്തകാലത്തായി പന്ത്രണ്ടുമുതല്‍ പതിനാല് രൂപവരെ വില ഈടാക്കിയാണ് വില്‍പ്പന നടത്തുന്നത്
ഓരോ കുടുമ്പത്തിനും രണ്ടു വീതം ബള്‍ബുകളാണ് വിതരണം ചെയ്‌തുവരുന്നത്. ഫിലിപ്പ്‌സ് എസന്‍ഷ്യല്‍ എന്ന സിഎഫ്‌എല്‍ ബള്‍ബുകളാണ് വിതരണം ചെയ്‌ത്വരുന്നത്.
ദാരിദ്ര രേഖക്ക് താഴെയുള്ള കുടുമ്പങ്ങള്‍ക്ക് സിഎഫ്‌എല്‍ വിതരണം ചെയ്യാനായിരുന്നു നേരത്തെ വൈദ്യുതിവകുപ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കേന്ദ്രവുമായി സഹകരിച്ച് കാര്‍ബണ്‍ ക്രെഡിറ്റ് സംവിധാനത്തിലാണിപ്പോള്‍ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും രണ്ടുവീതം സിഎഫ്‌എല്‍ വിതരണം ചെയ്‌തുവരുന്നത്. കേന്ദ്രസര്‍ക്കാറിനുകീഴിലുള്ള ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി എന്ന ഏജന്‍സിയുടെ സഹകരണത്തോടെയാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കിവരുന്നത്.
പൊതുവിപണിയില്‍ 130 രൂപ വിലയുള്ള സിഎഫ്‌എല്‍ കേവലം പതിനഞ്ച് രൂപ വില നിരക്കിലാണ് വിതരണംചെയ്‌ത്വരുന്നത്. സംസ്ഥാനത്തെ 75 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു 1.5 കോടി സിഎഫ്‌എല്ലുകളാണ് വിതരണം ചെയ്യുന്നത്. ഇതിലൂടെ വേനല്‍ക്കാലതത്‌് 150 മെഗാവാട്ട് വൈദ്യുതി ലാഭിക്കുകയാണ് ബോര്‍ഡിന്റെ ലക്ഷ്യം. ഇതിലൂടെ പ്രതിവര്‍ഷം 750കോടി രൂപയുടെ വൈദ്യുതി ലാഭിക്കാനാകുമെന്നാണ് ബോര്‍ഡിന്റെ പ്രതീക്ഷ.
അവസാന തവണ അടച്ച വെദ്യുതിബില്ലിന്റെ രശീതുമായാണ് ഉപഭോക്താക്കള്‍ സമീപിക്കേണ്ടത്. അതെസമയം സിഎഫ്‌എല്‍ വിതരണം കാരണം വൈദ്യുതി ഓഫീസുകളില്‍ വന്‍ജനത്തിരക്കാണിപ്പോള്‍. എന്നാല്‍ ഉപഭോക്താക്കളില്‍ നിന്ന് ശേഖരിക്കുന്ന സാധാരണ ബള്‍ബുകള്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ ഇതുവരെ യാതൊരു തീരുമാനവും കൈകൊണ്ടിട്ടില്ല. ഇതെ തുടര്‍ന്ന് ഇത്തരം ബള്‍ബുകളുടെ സൂക്ഷിപ്പ് വൈദ്യുതിവകുപ്പ് ജീവനക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുകയാണ്.
നിയമങ്ങളുടെ അപര്യാപ്‌തത ; സംസ്ഥാനത്ത് ഇ-മാലിന്യമയം
പരിസ്ഥിതിക്ക് ദോഷകരമാകുന്ന വയല്‍ നികത്തല്‍,പ്ലാസ്റ്റിക് ഉത്‌പന്നങ്ങള്‍ തുടങ്ങിയവക്കെതിരെ നിയമങ്ങളും ബോധവത്‌ക്കരണങ്ങളും സജീവമാകുമ്പോഴും ഭാവിയില്‍ ഏറെ പരിസ്ഥിതിക്ക് ദോഷംചെയ്യുന്ന ഇലക്‌ട്രോണിക് മാലിന്യത്തെ സംബന്ധിച്ച് യാതൊരു നടപടിയുമില്ലാതെ പോകുന്നു.ടെക്‌നോ പാര്‍ക്കിന്റെയും,സ്‌മാര്‍ട്ട് സിറ്റിയുടേയും വികസനത്തിലൂടെ ഐടി നിക്ഷേപം ലക്ഷ്യമിടുന്ന സംസ്ഥാനം ഇലക്‌ട്രോണിക് മാലിന്യത്തെ സംബന്ധിച്ച നിയമനിര്‍മ്മാണം പോലും ഇതുവരെ നടത്തിയിട്ടില്ല.
ഇലക്‌ട്രോണിക് മാലിന്യം ഉയര്‍ത്തുന്ന ഭീഷണി സംബന്ധിച്ചും, നിയമ പ്രാധാന്യത്തെ സംബന്ധിച്ചും സംസ്ഥാന ശുചിത്വ മിഷന്‍ 2 വര്‍ഷം മുമ്പ് മുഖ്യമന്ത്രിക്കു നല്‍കിയ കരട് റിപ്പോര്‍ട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല.
കമ്പ്യൂട്ടര്‍ മോണിറ്റര്‍,ടെലിവിഷന്‍, മൊബൈല്‍ഫോണ്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗശേഷമോ അല്ലാതെയോ ഉപേക്ഷിക്കുന്നത് മൂലമാണ് ഇ -മാലിന്യങ്ങള്‍ ഉണ്ടാകുന്നത്. മൊബൈല്‍ ഫോണ്‍ സാന്ദ്രത ഏറെയുള്ള സംസ്ഥാത്ത് ഗുരുതരമായ ഭവിഷത്ത് നേരിടേണ്ടിവരുമെന്ന് കേരളാ ഊര്‍ജസംരക്ഷണ അവാര്‍ഡ് ജേതാവുംകൊല്ലം യൂനുസ് എഞ്ചിനീയറിംഗ് കോളേജിലെ പ്രൊഫസറുമായ വി കെ ആദര്‍ശ് പറയുന്നു.
ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ അടങ്ങിയിരിക്കുന്ന വിഷ പദാര്‍ഥങ്ങള്‍ പരിസ്ഥിതി സംതുലനത്തെയും ആവാസ വ്യവസ്ഥയേയും പ്രതികൂലമായി ബാധിക്കുന്നവയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. രണ്ടുവര്‍ഷം മുമ്പ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇ -മാലിന്യത്തെ കുറിച്ച് പുറത്തുവിട്ട കരട് രേഖയില്‍ ഇന്ത്യയില്‍ 1.46 ലക്ഷം ടണ്‍ ഇ -മാലിന്യം പുറത്തുതള്ളുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.ഒരു സി ആര്‍ ട്ടി മോണിറ്ററില്‍ രണ്ട് കിലോക്രാം ലെഡ് അടങ്ങിയിരിക്കുന്നു.
കൂടാതെ കാഡ്‌മിയം,മെര്‍ക്കുറി,ക്രോമിയം,ബേരിയം,ലിഥിയം, സിലിക്കോണ്‍ , നിക്കല്‍,ആഴ്‌സെനിക് തുടങ്ങിയ ലോഹങ്ങളും ഉള്‍പ്പെടുന്നുണ്ട്. ഇവ കത്തിക്കുമ്പോള്‍ ഭൂമിയിലേക്ക് ചേരുന്നതുമൂലം ഭൂഗര്‍ ജലവിതാനത്തിന് ദോഷകരമായി ബാധിക്കും.കൂടാതെ അന്തരീക്ഷമലിനീകരണവും സൃഷ്‌ടിക്കുന്നു. ബാറ്ററിയിലും,പിക്‌ച്ചര്‍ ട്യൂബിലും വ്യാപകമായി അടങ്ങിയിരിക്കുന്ന ലെഡ് രക്തചംക്രമണത്തിനും,നാഡീവ്യൂഹത്തിനും ,കിഡ്‌നിക്കും ദോഷകരമായി ബാധിക്കുന്നതാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
ത്രീജി മൊബൈല്‍ ഫോണിന്റെ വ്യാപനത്തോടെ മറ്റു മൊബൈല്‍ ഫോണുകളുടെ ഒഴിവാക്കലും വന്‍പരിസ്ഥിതി നാശത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നിലവില്‍ കമ്പൂട്ടറിന്റെ ഭാഗങ്ങളോ അനുബന്ധ ഉകപരണങ്ങളോ കേടുവന്നാല്‍ നന്നാക്കിയെടുക്കുന്നത് വലിയ സാമ്പത്തിക ചെലവ് വരുന്നതിനാലും കുറഞ്ഞ വിലക്ക് കൂടുതല്‍ കാര്യശേഷിയുള്ള പുതിയ ഉപകരണം വിപണിയില്‍ ലഭ്യമായതിനാലും കേടുവന്ന ഉത്‌പന്നങ്ങള്‍ വേഗം ഉപേക്ഷിക്കുകയാണ്. കൂടാതെ ഫേഷനുകളുടെ വ്യതിയാനവും, കമ്പനികള്‍ തമ്മിലുള്ള മത്സരത്തിന്റെ ഫലമായും പഴയത് ഉപേക്ഷിക്കുന്ന പ്രവണത കൂടിവരികയാണ്. പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ടെലിവിഷനും, മൊബൈലുകള്‍ക്കും സംഭവിക്കുന്നത് അതിനുദാഹരണമാണ്.
നിലവില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഐടി പഠനത്തിനായി കൊണ്ടുവന്നതില്‍ തകരാറിലായ ആയിരക്കണക്കിന് കമ്പ്യൂട്ടറുകള്‍ എന്തുചെയ്യണമെന്ന ആശങ്കയിലാണ്. ഇവ ഹാര്‍ഡ് വെയര്‍ പഠനത്തിന് ഉപയോഗിക്കണമെന്നാണ് ഐടി@സ്‌കൂള്‍ നല്‍കുന്ന നിര്‍ദേശം. എന്നാല്‍ ഓരോവര്‍ഷം ഒഴിവാക്കപ്പെടുന്ന ഇത്രയധികം കംപ്യൂട്ടറുകള്‍ ഹാര്‍ഡ് വെയര്‍ പഠനത്തിനാവശ്യമില്ലെന്നും, പത്താംതരത്തില്‍ മാത്രമാണ് അല്‍പ്പമെങ്കിലും ഹാര്‍ഡ് വെയര്‍ പഠനം വരുന്നതെന്നും അധ്യാപകര്‍ പറയുന്നു.
തെക്കെ ഇന്ത്യയിലെ പ്രധാന ഐടി നഗരങ്ങളായ ബാഗ്ലൂരു, ഹൈദരാബാദ് , ചെന്നൈ തുടങ്ങിയ
നഗരങ്ങളില്‍ ഇ -മാലിന്യ സംസ്‌ക്കരണത്തിനുള്ള നടപടികളെടുക്കുമ്പോഴും ഐടി നിക്ഷേപത്തിലേക്ക് കുതിക്കുന്ന കേരളത്തില്‍ ഇതിനുള്ള നടപടികളായിട്ടില്ല.ഇപ്പോള്‍ ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം ഇ -മാലിന്യമായി തീരുമെന്നത് തീര്‍ച്ചയാണ്.ഇവ മനുഷ്യജീവിത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുന്ന ഇക്കാലത്ത് ഇവയെ കാര്യക്ഷമമായി ഉപയോഗിക്കുയും ഇ -മാലിന്യങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമാകാതെ സംസ്‌ക്കരിക്കാനുമുള്ള നടപടികളാണ് വേണ്ടത്. ഇതിന് സര്‍ക്കാറിന്റെയും ,സന്നദ്ധ സംഘടനകളുടെയും ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകളാണ് വേണ്ടത്.
No comments:
Post a Comment